3 – മരണങ്ങളുടെ പ്രോഗ്രാമിംഗ്


തുടക്കം ()
{

പശ്ചാത്തലം_തുടക്കം = തോട്ടുമുക്കം; /*- അനുബന്ധം വിവരണം :- കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമം..തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഭൂരിപക്ഷവും */
പശ്ചാത്തലം_ഇടയില്‍ = {മുക്കം, കെ.എസ്.ആര്‍.ടി.സി ബസ്, ബാംഗ്ലൂര്‍, മെഡിക്കല്‍കോളേജ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍};
പശ്ചാത്തലം അവസാനം = തോട്ടുമുക്കം;

/* കഥാ ഗതി ചുരുക്കത്തില്‍ */

മുന്നൊരുക്കം_കൊലപാതകങ്ങളുടെ_സൂചനകള്‍ ();
ബസ്_പുറപ്പെടുന്നു ();
ഇടയില്‍_ആളുകള്‍_കയറുന്നു ();
ചെറിയൊരു_ഫ്ലാഷ്ബാക്ക് ();
സംഘര്‍ഷം();
കൊലപാതകം ();
മരണങ്ങള്‍();
അവസാനഭാഗം ();
വീണ്ടുമൊരു_ഫ്ലാഷ്ബാക്ക് ();
ഒടുക്കം ();

}

മുന്നൊരുക്കം_കൊലപാതകങ്ങളുടെ_സൂചനകള്‍()
{

/* മൂന്നു മരണങ്ങള്‍ */

പുലര്‍ച്ചെ 4:45 – മലയോര ഗ്രാമമായ തോട്ടുമുക്കം കളരിക്കല്‍ പരേതനായ തോമസ്സിന്റെ ഭാര്യ അന്നമ്മ (വയസ്സ് 72) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു (മോഷണം ശ്രമം = നഷ്ടമായ പത്ത് പവന്റെ മാല, സംശയം= നിലവില്‍ ആരും ഇല്ല, പുറം ലോകം അറിഞ്ഞത് = വെളുപ്പിന് ഏഴു മണിക്ക് പതിവ് ചായക്ക് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി പുതുശേരിയില്‍ തോമാച്ചന്‍ വന്നതിനു ശേഷം )

6:30 – കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം, മാവൂര്‍ റോഡില്‍. കൊല്ലപ്പെട്ടത്‌ ബാംഗ്ലൂര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ സെബാസ്റ്റ്യന്‍ (വയസ്സ് മുപ്പത്തിരണ്ട്),

കൊല ചെയ്യപ്പെട്ട ഇടം = എടക്കാട്ട്‌പറമ്പ്‌ – തോട്ടുമുക്കം–കോഴിക്കോട് കെ.എസ്.ആര്‍.ടി.സി മിനി ബസ്സില്‍;

കൊല ചെയ്തത് = അജ്ഞാതര്‍ ;

8:45 റെയില്‍വെ സ്റ്റേഷന്‍ കോഴിക്കോട്, കൊല്ലപ്പെട്ടത്‌ : ബംഗ്ലാദേശി എന്ന് സംശയിക്കുന്ന ഒരു അന്യ സംസ്ഥാന തൊഴിലാളി…ഓടിതുടങ്ങിയ ട്രെയിനില്‍ പിടിച്ച് കയറാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്‌ഫോമില്‍ വീണു മരണം!!

കൂടുതല്‍_വിവരങ്ങള്‍ = അറിവായിട്ടില്ല ;

}

ബസ്_പുറപ്പെടുന്നു ()
{

നെനക്ക് രാവിലെ നേര്‍ത്തെ എണീറ്റ് ശീലോം ഇല്ല്യാ അല്ലെ ഗോപ്യെ ..നെന്റെ അച്ഛന്‍ സുധാരെട്ടന്റെ കൂടെ പോവുമ്പോ, മൂപ്പര് നാലണിയാവുമ്പോ എണീറ്റ് പല്ലും തേച്ച് , കിട്ടണ വെള്ളത്തില് കുളിച്ച് നാലര ഒക്കെ ആവുംപോയെക്ക് റെഡിയാവും… ചെലപ്പോ ചെറിയ ഒരു സ്റൌവില്‍ കട്ടന്‍ ചായയൊക്കെ ഇണ്ടാക്കും..

ഇമ്മക്ക് അത്രക്കൊന്നും ടൈം എടുക്കണ ശീലംല്ല്യ – വണ്ടിയെടുക്കണേനു പത്ത് മിനിറ്റു മുന്‍പേ ഒന്ന് കുലുക്കുഴിഞ്ഞു തുപ്പി യൂണിഫോം ഇട്ടു നമ്മള് ഇരിക്കാന്‍ പോന്ന സീറ്റ് ക്ലീന്‍ ആക്കി വെക്കും. അത് മതി.

ഡ്രൈവര്‍ എന്തീത്തിനെ പല്ല് തെയ്ക്കണേ..അതൊക്കെ കണ്ടക്ടര്‍ ചെയ്താപ്പോരെ..കണ്ടക്ടര്‍ക്കല്ലേ വായ്‌നാറ്റം പ്രശ്നാവൂ..ഡ്രൈവര്‍ എന്തിനാ ഈ പുലച്ചക്കത്തെ ട്രിപ്പിനോക്കെ പല്ലും തേച്ച് കുളിച്ച് പോവുന്നെ..എനിക്ക് അതൊക്കെ ചെയ്യാന്‍ ഡിപ്പോയില്‍ എത്തണം.. മൂപ്പര് ബേജാറാക്കും..ഭാസ്കരാ ഇഞ്ഞേ ആ മാവിന്റിലെടുത്ത് ഒന്ന് ഒരെച്ചെട്ടെങ്കിലും ഒന്ന് വണ്ടീ കേറീ നീ ..എപ്പയും പറയും..
നല്ല മനുഷ്യേനായീനി..

പണ്ട് ഞാള് മാനന്തവാടി ഡിപ്പോല് ഒപ്പം ഡ്യൂട്ടിലുണ്ടായിനി .. ഒരു തിരുനെല്ലി – കോഴിക്കോട് ഫാസ്റ്റില്..പോലച്ചക്ക് അഞ്ചു മണീന്റെ ട്രിപ്പ്‌….. ..റണ്ണിംഗ് ടൈം കുറവാ.. അതോണ്ട് ഞാന്‍ ചെലപ്പോ ചവിട്ടി പിടിക്കും ..ചൊരം ഇറങ്ങുമ്പോ മൂപ്പര് ഗിയര്‍ ബോക്സ്‌ന്റെ മോളില് വന്നിരിക്കും..നെനക്ക് ഉറക്കം വരുന്നുണ്ടോ ഭാസ്കരാ എന്നൊക്കെ ചോദിച്ച്…

മൂപ്പരെ കൂടി ഡ്യൂട്ടിക്ക് പോകലന്നെ ഒരു രസാണ്..ഏടെ പോയാലും തോനെ ചെങ്ങായിമാര് കാണും..എന്തായാലും മൂപ്പര് ഭയങ്കര ജോളിയാ..

ഇന്ഷാ അള്ളാ !! ..ഇപ്പൊ സുധാരെട്ടന്റെ മോന്റെ കൂടി..

ഞ്ഞി റെഡി ആയോ ഗോപ്യെ..അഞ്ചെ കാലിനാ ട്രിപ്പ്‌ ..ഇമ്മള് അഞ്ചെ കാലിനു തന്നെ എടുക്കും, വിളക്ക് പറമ്പില്‍ മയ്മ്മാക്കെന്റെ ചായപ്പീട്യേന്ന്‍ ഒരു കട്ടന്‍..പത്ത് മിനിറ്റ് വെയ്ടിംഗ്..ചായേം കടീം കോയിക്കോട് ഡിപ്പോയിലെത്തീട്ട് …

ആളുള്ള റൂട്ടാണോ ഭാസ്കരേട്ടാ …

ഏടുന്നു മോനെ…ബല്ല്യെ കളക്ഷന്‍ ഒന്നും ഇല്ല്യ …ഒന്നോ രണ്ടോ സ്ഥിരം ടിക്കറ്റ്‌ ഉണ്ടാവും. പഴേ എം.എല്‍. .എ ഇട്ട വണ്ടിയാ..അതോണ്ട് ഇപ്പയും ഓടുന്നു..പിന്നെ, രാവിലത്തെ ട്രിപ്പായോണ്ട് കോളേജില് (മെഡിക്കല്‍ കോളേജില് )പോണ ചെലര് ഉണ്ടാവും. എട്ടു മണിക്ക് വിസിറ്റിംഗ് ടൈം കഴിയൂല്ലോ..ഇമ്മള് ഫസ്റ്റ് ട്രിപ്പ്‌ കോളേജ്‌ വഴിയാ..തിരിച്ച് സിവില് വഴിയും..

ന്നാ എടുക്കല്ലേ ഗോപ്യെ..ടൈം ആയി ചായ കുടിക്യാന്‍.. .. ..

മുത്തപ്പാ…കാത്തോണേ …

എന്റെ ആദ്യ ട്രിപ്പാണ് .. ഈ മലയോര ഗ്രാമത്തില്‍ നിന്നും പുറത്തെക്കുള്ള ആദ്യ KSRTC മിനി ബസ്സിലെ കണ്ടകടര്‍ ആയുള്ള ഫസ്റ്റ് ട്രിപ്പ്‌…

ഭഗവതി …

അച്ഛനും കണ്ടക്ടര്‍ ആയിരുന്നു..ഡ്യൂട്ടിയില്‍ ഉള്ളപ്പോ അറ്റാക്ക് വന്നാണ് മരിച്ചത്‌.. , രണ്ടു വര്ഷം മുന്‍പ്‌ . അത് കൊണ്ട് ആശ്രിത നിയമനം കിട്ടി..

ഭാസ്കരേട്ടാ..അടുത്ത സ്റേജ് മാറുന്നത് എവിടെയാ…

അടുത്ത സ്റേജ് എടക്കാട്ട്‌പറമ്പ്‌ …പിന്നെ തോട്ടുമുക്കം, പാറത്തോട് (ആയിനിടക്ക് ഒരു സ്റ്റേജ് ഉണ്ട് .. എന്തോ ഒരു വളവ്), മുക്കം വരെ വേറെ വണ്ടി ഒന്നും ണ്ടാവില്ല. മുക്കത്തുന്നു അഞ്ചെ നാപ്പത്തിരണ്ടിന് പോണം..അഞ്ചെ നാപ്പത്തന്ചിനു ചെറുവാടി ബ്രദേര്‍സ് ഉണ്ട്..ഓരും കോളേജ്‌ വഴിയാ..സമയം തെറ്റിയാല്‍ സുയിപ്പാക്കും നായിക്കള്…

ന്നാ മയ്മാക്കെന്റെ ചായപ്പീട്യ…ഇറങ്ങ്യാണീ..ഒരു കട്ടനടിച്ചിട്ടു പോകാം..മയ്മാക്കാ..സലാംണ്ട് ..രണ്ടു കട്ടന്‍ …എനിക്കൊരു ബന്‍.. നെനെക്ക്ന്തെന്കിലും വേണേല്‍ ബാങ്ങി കയിച്ച്ചോ. ഇനീപ്പോ ഡിപ്പോലെത്തീട്ടെ നാസ്ത കയിക്കൂ…

}

ഇടയില്‍_ആളുകള്‍_കയറുന്നു ()
{

ല്ല..ഇതേതാ പുതിയാള്..

ഇത് ഇമ്മളെ പുതിയ കണ്ടക്ടര്‍ …

മോയ്മാക്കാ…ന്റെ പയേ ഒരു കമ്പനിക്കാരന്റെ മോനാ..മൂപ്പര് മരിച്ചപ്പോ ഇബ്നു ആ പണി കിട്ടി.

അത് തരക്കേടില്ല..എന്തേ പേര്..ഇങ്ങളെ ജാത്യാ ഭാസ്കരാ..

അതന്നെ…ഓന്റെ പേര് സുരേഷ് ഗോപി. ഞാള് ഗോപീന്ന്‍ വിളിക്കും..

അള്ളോ..സുരേഷ് ഗോപി..കേട്ടാ ഒരു സില്മാ നടന്റെ പേര് പോലുണ്ട്..ഏട്യാ ദേശം..

കൊയിലാണ്ടി ..

അത് നന്നായിക്കിനു..ന്നാ..ഇങ്ങള് ചായ ബേഗം കുടിച്ച് ഗ്ലാസോയുവാക്കി തന്ന്യാണീ ..ഞമ്മക്കും പോരണം കോളേജിലേക്ക്..

എന്താ പരിപാടി..

ഇമ്മളെ ഓളെ അനിയത്തീന്റെ പെണ്ണിനെ പ്രസവിക്കാന്‍ കെടത്തീക്കണി..ഇന്നിപ്പോ സംഗതി നടക്കുംന്നാ ഡോക്ടര്‍ പറഞ്ഞെ..അയിന് മുന്‍പ്‌ ആടെ എത്തണം..ഓലുക്ക് പൈസക്കാവിശ്യം വരും..പ്രസവല്ലേ..

ന്നാ പോവല്ലേ ഇക്കാ..ഗോപ്യെ ആ ഡബിള്‍ അടിച്ചോ…

നനുത്ത കോടമഞ്ഞിന്റെ തുള്ളികള്‍ക്കിടയിലൂടെ, ബസ്സിന്റെ അരണ്ട വെളിച്ചം, വകഞ്ഞു മാറ്റി മുന്നോട്ട് ഓടുകയാണ്…അടുത്തുള്ള റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഹെഡ്‌ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ റബ്ബര്‍ മരത്തില്‍ വേദനയുണ്ടാക്കാതെ വരകള്‍ വരഞ്ഞു പാലരുവികള്‍ ചുവടെ ഘടിപ്പിച്ച ചിരട്ടകളിലെക്ക് വീഴ്ത്തുന്നു..കുടിയേറ്റ മേഖലയുടെ സാമ്പത്തിക അടിത്തറക്ക്..

ദൂരെ എവിടെയോ പൂത്ത കാപ്പിപൂവിന്റെ മണം തണുത്ത കാറ്റിന്റെ ചിറകിലേറി ഉള്ളിലേക്ക് അടിച്ചിറങ്ങുന്നു..മലയോര ഗ്രാമങ്ങളില്‍ നിന്നും അതിരാവിലെ ഉള്ള ട്രിപ്പുകള്‍ അച്ചന് പ്രിയപ്പെട്ടതായത് എന്ത് കൊണ്ടാണെന്ന് ഇപ്പൊ കൂടുതല്‍ മനസ്സിലാവുന്നുണ്ട്..

മുന്‍പ്‌ അച്ചന്‍ തിരുനെല്ലിയില്‍ ആയിരുന്നപ്പോ ഒരിക്കല്‍ പോയിരുന്നു..അച്ചന് ഏറെ ഇഷ്ടമുള്ള ആ അഞ്ചു മണിയുടെ ട്രിപ്പിന്റെ സുഖം അറിയാന്‍…. ഇന്നും ചില സ്വപ്നങ്ങളില്‍ അന്നത്തെ ആ യാത്ര കയറി വരും..കൊതിപ്പിക്കും…

KSRTC മിനി ബസ്സിന്റെ പിന്നിലെ കണ്ടക്ടര്‍ സീറ്റില്‍ തണുത്ത കാറ്റടിച് ഇരുന്നു ഒരു ഉറക്കത്തിലേക്ക് മയങ്ങി വീഴുവാന്‍ തുടങ്ങുമ്പോഴാണ് ഒരു യാത്രക്കാരന് കയറുവാനായി ബസ്‌ നിറുത്തിയത് ..

പോട്ടെ റൈറ്റ്‌… … ഇങ്ങളെങ്ങോട്ടാ മയ്മാക്കാ ഈ രാവിലെ…

ആ തോമാച്ചാ, ഒന്ന് കോളേജില്‍ പോണം…

ഈ പ്രായത്തിലോ..

ആ കോളേജ്‌ അല്ല..മെഡിക്കല്‍ കോളേജ്‌ ..ഞീ വെട്ടാന്‍ പോവാ..

ഗോപ്യെ..ഇത് നമ്മടെ സ്ഥിരം കൈ നീട്ടക്കാരാനാ…പുതുശ്ശേരി തോമാച്ചന്‍…. തോട്ടുമുക്കത്ത്‌ റബര്‍ മരം ടാപ്പ് ചെയ്യാന്‍ പോകുന്ന സ്ഥിരം യാത്രക്കാരന്‍ .. ഇവന്‍ ഡേയ്ലി കാണും..അതോണ്ട് ഇന്ന് പൈസ കിട്ടീല്ലെന്കിലും സാരല്ല..ഇമ്മക്ക് നാളെ വാങ്ങാം..ഗോപ്യെ ഇതെന്താ ബെല്ലടിച്ചേ..

ഒരാള് ഓടി വരുന്നുണ്ട് ഭാസ്കരേട്ടാ…

ഒരാള്‍ കൂടി ഓടിവന്നു ബസ്സില്‍ കയറി..

ആ റെഡി വിട്ടോ ..

അയാള്‍ ഏകദേശം മുപ്പത്‌ മുപ്പത്തിരണ്ടു വയസ് കാണും …ജീന്‍സും റൌണ്ട് നെക് ടീ ഷര്‍ട്ടും വേഷം..കയ്യില്‍ ഒരു ബാക്ക്പാക്‌ ബാഗ് ഉണ്ട്..

ഒരു കോഴിക്കോട്…ഇത് ഏഴരക്കുള്ള ബാംഗ്ലൂര്‍ ബസ്‌ പോകുന്നതിനു മുന്‍പ്‌ എത്തില്ലെ…സ്റ്റാന്‍ഡില്‍ ??

എത്തും..ഏഴു മണിയാവുംപോ എത്തും ..

ok..

അയാള്‍ തൊട്ടു മുന്നിലെ സീറ്റില്‍ ഇരുന്നു..പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു…

മമ്മാ…ഗുഡ്‌ മോര്‍ണിംഗ്..എഴുനേറ്റോ…ഞാന്‍ ബസ്സില്‍ കയറി…ഉവ്വ..കിട്ടി..ഇവിടുന്നൊരു ബസ്സുണ്ട് അഞ്ച് മണിക്ക്..മമ്മയുടെ നാടൊക്കെ മാറി …മമ്മയുടെ അപ്പച്ചന്റെ വീട്ടില്‍ കിടന്നു ഇന്നലെ രാത്രി…അവിടെ ഇപ്പൊ മമ്മേടെ ആങ്ങളയുടെ കുടുംബമാ താമസം..പുള്ളീടെ മകന്‍ വന്നു, വഴി വരെ ബസ്‌ കയറ്റി വിടാന്‍.. … !!! ഇന്നലെ കറങ്ങി നടന്നു വന്നപ്പോ ഒരു പാടു ലേറ്റ് ആയി .. അതാ മമ്മയെ വിളിക്കാതിരുന്നത്…ഉം … എല്ലായിടത്തും പോയി… എല്ലാവരെയും കണ്ടു, എല്ലാവരോടും ചോദിച്ചു മമ്മയെ പറ്റി..അധികം പേര്‍ ഓര്‍ക്കുന്നില്ല പഴയ സംഭവങ്ങള്‍ ഒന്നും..പിന്നെ, ഞാന്‍ അതൊന്നും ഓര്‍മ്മിപ്പിക്കാന്‍ നിന്നില്ല…

പോയി മമ്മാ..പള്ളീല്‍ പോയി. അപ്പച്ചന്റെ കല്ലറയില്‍ പോയി മെഴുക്തിരി കത്തിച്ചു…കുറെ നേരം നിന്ന് അവിടെ..അവിടെ ആകെ, മമ്മ പറഞ്ഞ പോലെ അപ്പച്ചന്റെ സാന്നിധ്യം ഉള്ളത് പോലെ തോന്നി..പുള്ളി നാടുവിട്ടു പോയതൊക്കെ ചിലര്‍ക്ക ഓര്‍മ്മയുണ്ട്..കുറെ കാലം കഴിഞ്ഞു തിരിച്ചു വന്നതും, പിന്നെ അസുഖം വന്നു മരിച്ചതും എല്ലാം എല്ലാവര്ക്കും അറിയാം..മമ്മയെ പറ്റി ആരും ഒന്നും ചോദിച്ചില്ല ..മന:പൂര്‍വ്വം ആവാം…ഉവ്വ് മമ്മാ ഞാന്‍ എല്ലാം ക്യാമറയില്‍ എടുത്തിട്ടുണ്ട്.. മമ്മയുടെ ജീവിതത്തില്‍ ഒരു കാലം വരെ നിറഞ്ഞു നിന്ന എല്ലാ സ്ഥലങ്ങളും എന്റെ ഹാന്‍ഡി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്…മമ്മ പറഞ്ഞ ആ പുഴയോക്കെ ഇപ്പൊ വറ്റി..അധികം വെള്ളമോന്നും ഇല്ല…അവിടെ ആ പുഴയുടെ സൈഡില്‍ പോയിരുന്നപ്പോ എനിക്ക് മമ്മ പറഞ്ഞ ആ സീന്‍ ഓര്‍മ്മ വന്നു..പഴയ സിനിമകളിലൊക്കെ കാണുന്ന പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍… !!! മലവെള്ളപാച്ചിലില്‍ നിറഞ്ഞു പൊന്തിയ പുഴ നിങ്ങള്‍ രണ്ടു പേരും നീന്തി കടന്നതും പുറകെ ഒരു ഗ്രാമം മുഴുവന്‍ നിങ്ങളെ പിടിക്കാന്‍ കയ്യില്‍ തീപന്തങ്ങളുമായി ഓടി വരുന്നതും ഒക്കെ..ഹ ഹ ..ഇല്ല തീ പന്തങ്ങളും, ഒരു ഗ്രാമം മുഴുവനും പുറകെ വന്നതും ഒന്നും മമ്മ പറഞ്ഞ കഥയില്‍ ഇല്ലാ..അത് ഞാന്‍ എന്റെ ഇമാജിനെഷനില്‍ കണ്ടതാ..അന്ന് മമ്മ സഭാവസ്ത്രത്തില്‍ ആയിരുന്നു അല്ലെ…ഏതോ ആവിശ്യത്തിന് മഠത്തില്‍ നിന്നും വീട്ടില്‍ വന്ന മമ്മ പഴയ കാമുകനായ അപ്പച്ചന്റെ കൂടെ രാത്രിക്ക് രാത്രി നാടു വിട്ടു..ആരെങ്കിലും സഹിക്കുമോ..അതിന്റെ ദേഷ്യമൊക്കെ എല്ലാവര്ക്കും കാണും…ങാ..എന്നാലും അപ്പച്ചന്റെ ധൈര്യം..പുള്ളി ആ പഴയ കമ്യൂണിസ്റ്റ്‌ കാരന്റെ ഗട്ട്സ് കാണിച്ചു.. മമ്മ ഞാന്‍ പിന്നെ വിളിക്കാം..ബസ്സില്‍ അല്ലെ..റെയിന്‍ച് കട്ടാവുന്നു…

ബസ്‌ പിന്നെയും കുറെ വളവുകളും തിരിവുകളും കയറ്റങ്ങളും താണ്ടി മുന്നോട്ട് പോയ്‌കൊണ്ടിരിന്നു. ഇടക്കിടെ ചില സ്റ്റോപ്പുകളില്‍ നിന്നും ആളുകള്‍ കയറുന്നുണ്ട്. ഇപ്പോള്‍ ഏറെക്കുറെ ഒരു പത്ത്‌ പേരുണ്ടാവും ബസ്സില്‍. ..

പിന്നെയും ഫോണ്‍ ശബ്ദിച്ചു ..

മമ്മ ..ഞാന്‍ പറഞ്ഞില്ലേ ബസില്‍ ആണ് റെയിഞ്ച്‌ ഉണ്ടാവില്ല എന്ന്…ഞാന്‍ വൈകുന്നേരം ആവുമ്പോഴേക്കും എത്തും അവിടെ..എന്നിട്ട് നാളെ രാവിലെ തന്നെ വരാം മമ്മയുടെ അടുത്ത്‌.. …ടെന്‍ഷന്‍ വേണ്ട..വിശേഷങ്ങള്‍ എല്ലാം വിശദമായി പറയാം..

അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ബസ്സിന്റെ ജനല്‍ കമ്പിയില്‍ പതുക്കെ തല തിരിച്ചു വെച്ച് ചെറു മയക്കത്തിലേക്ക് വഴുതി വീണു..

തല പുറത്തിട്ട് കിടക്കെണ്ടാട്ടോ …

– കണ്ടക്ടര്‍ ആണ് …ഹോ ..ഉറങ്ങി പോയത്‌ അറിഞ്ഞില്ല..ഇപ്പോള്‍ ബസ്‌ മുക്കം എത്തിയിട്ടുണ്ട്…ബസ്സില്‍ തിരക്ക്‌ കൂടി വരുന്നു. മിക്കവരും സ്ഥിരം യാത്രക്കാരോ അല്ലെങ്കില്‍ മെഡിക്കല്‍ കോളെജിലേക്ക് ഉള്ള രോഗികളോ ആവും.

}

ചെറിയൊരു_ഫ്ലാഷ്ബാക്ക് ()
{

സെബ ..സെബാസ്റ്റ്യന്‍ ജോസഫ്‌ എന്ന് മുഴുവന്‍ പേര്…സ്വദേശം – ആ അങ്ങിനെ പ്രത്യേകിച്ചൊരു സ്വദേശം ഒന്നും ഇല്ല. ഇപ്പൊ ഒറ്റയാന്‍… , ബാംഗ്ലൂരില്‍ സോഫ്ടവയര്‍ എന്‍ജിനീയര്‍ ആണ്.. അപ്പനും അമ്മയും ഒക്കെ അമേരിക്കയില്‍. പെങ്ങള്‍ പണ്ടേ അവിടെ ആണ്.. നാടെന്ന് പറയാന്‍ കോട്ടയത്ത്‌ ചിങ്ങവനത്ത് ഒരു പതിനഞ്ചു സെന്റ്‌ സ്ഥലം ഉണ്ട്..ആരും നോക്കാനില്ലാതെ കാടു പിടിച്ച് കിടപ്പുണ്ട്..ഇടക്കിടെയുള്ള ചെറു യാത്രകളില്‍ ആ വഴി കടന്നു പോയാല്‍ പോലും ഞാന്‍ ആ സ്ഥലത്തേക്ക് പോവാറില്ല.

ജോലിയുടെ ഭാഗമായുള്ള ചെറു വിദേശയാത്രകള്‍ ഇടക്കിടെ ഉണ്ടാവും..ഓരോ ദ്വീപിലും, അപരിചിതരുടെ ഇടയില്‍, തനിയെ ജീവിച്ച് മടുക്കുംപോഴാവും, മാസത്തില്‍ ഒരിക്കലെങ്കിലും പതിവ് തെറ്റിക്കാതെ ബാംഗ്ലൂര്‍ സര്‍ജാപുര റോഡിലെ കര്മാലാരാം വൃദ്ധ സദനത്തില്‍ ഒരു നിത്യ സന്ദര്‍ശകനായി ഞാന്‍ ചെല്ലുന്നത്..ഒരു ക്രിസ്തുമസ് ആഘോഷിക്കാനായി-കൂട്ടുകാരോടൊപ്പം. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട ഒരു പാടു അമ്മമാര്‍ക്ക്‌ ഒപ്പം പാട്ട് പാടിയും കരോള്‍ ഗാനങ്ങള്‍ പാടിയും, ക്രിസ്തുമസ് പാപ്പാ മാരായും ഞങ്ങള്‍ അവരെ സന്തോഷിപ്പിച്ചു..അതോ അവര്‍ ഞങ്ങളെ തിരിച്ചോ.. അവിടെ വെച്ച് ആണ് ഞാന്‍ ആദ്യമായി മമ്മയെ കാണുന്നത്. ഞങ്ങള്‍ ഒരുക്കിയ ക്രിസ്തുമസ് സദ്യക്കൊടുവില്‍ ഞങ്ങള്‍ക്ക്‌ സമ്മാനമായി ചിത്രപണികള്‍ തുന്നിയ കൈലേസുകളില്‍, ജീവിതത്തില്‍ ഞാന്‍ അല്ല ഞങ്ങള്‍ എല്ലാവരും ഇന്നോളം കഴിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും രുചിയുള്ള കേക്ക് വിളമ്പിയത്…

നന്ദി പറഞ്ഞും, വീണ്ടും കാണാം എന്ന വാക്ക് കൊടുത്തും പലരും പിരിഞ്ഞിട്ടും ഞാന്‍ അവിടെ നിന്ന്…ആ കേക്ക് ഉണ്ടാക്കിയ അന്തേവാസിയെ കാണാന്‍. . !!!

ഞാന്‍ ആവിശ്യപ്പെട്ടതനുസരിച്ചു , വീല്‍ ചെയറില്‍ മമ്മ എന്നെ തേടിയെത്തി..ഞങ്ങള്‍ സംസാരിച്ചു..കേക്ക് നന്നായിരുന്നു എന്ന് ഞാന്‍ പറഞ്ഞു..കേക്കിന്റെ രുചി കൂട്ടുകള്‍ മാത്രമല്ല..കേക്ക് ഒരുക്കിയ കൈലേസുകളിലെ ചിത്ര പണികളുടെ ഐഡിയയും തന്റെതാണെന്ന് ആ എണ്പതു വയസ്സ് കാരി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…ഒരു ചെറിയ ഹഗ്ഗില്‍ എന്റെ നന്ദി ഒതുക്കി ഞാന്‍ അന്ന് വിട പറഞ്ഞിറങ്ങി..

എന്തോ, ആ അമ്മയെ വീണ്ടും കാണണം എന്ന ആഗ്രഹം കൊണ്ടാവും ഞാന്‍ ആ വൃദ്ധ സദനത്തിലെ പതിവ് കാരന്‍ ആയതു .. ഞങ്ങള്‍ തമ്മില്‍ ഇടക്കിടെ കാണും..സംസാരിക്കും..മദര്‍ സുപ്പീരിയര്‍ പറഞ്ഞത്‌ ..ആ അമ്മയുടെ പേര് പത്മലക്ഷ്മി എന്നാണെന്നും, കേരളത്തിലെ ഒരു പഴയ നായര്‍ കുടുംബത്തില്‍ നിന്നും ഡ്രൈവറോടൊപ്പം നാട് വിട്ടു ബാംഗ്ലൂരില്‍ സ്ഥിര താമസം ആക്കിയതാനെന്നും..പിന്നീട് ഭര്‍ത്താവ്‌ മരിച്ചപ്പോള്‍ , ഏതോ സ്കൂളില്‍ തുന്നല്‍ ടീച്ചര്‍ ആയി ജോലി ചെയ്തിരുന്നുവെന്നും..മക്കളോ അനന്തരവകാശികളോ ഇല്ലാതിരുന്നതിനാല്‍ വാര്‍ദ്ധക്യം ആവുന്നതിനു മുന്‍പേ ഇവിടെ എത്തിയതാണെന്നും..

ഞാന്‍ മമ്മയോടു കാര്യങ്ങള്‍ എല്ലാം ചോദിച്ചപ്പോള്‍ ഒരു ചെറിയ കള്ള ചിരിക്കൊടുവില്‍ അവര്‍ പറഞ്ഞു..മദര്‍ സുപ്പീരിയര്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന്..താന്‍ ഒരു കന്യാസ്ത്രീ ആയിരുണെന്നും…നാട്ടില്‍ നിന്നും പഴയ കാമുകന്റെ കൂടെ നാട് വിട്ടു ബാംഗ്ലൂരില്‍ എത്തിയതാണെന്നും..വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍, നാട്ടിലെ സ്ഥലം വിറ്റ് വരാന്‍ പോയ ഭര്‍ത്താവ്‌ പിന്നീട് മടങ്ങി വന്നില്ല എന്നും..അദ്ദേഹം അവിടെ വെച്ച് മലമ്പനി ബാധിച്ച് മരിച്ചു എന്നും അവര്‍ പറഞ്ഞു.

പിന്നെ, ജീവിക്കാനുള്ള , പിടിച്ചു നില്‍ക്കാനുള്ള നെട്ടോട്ടത്തില്‍ നേര്സ്‌ ആയും തുന്നല്‍ ടീച്ചര്‍ ആയും ഒക്കെ ജോലി നോക്കി .. ഒടുവില്‍ ഈ എണ്‍പതാം വയസ്സില്‍ ആരാരും തുണയില്ലാതെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ വൃദ്ധ സദനത്തില്‍ മരണം കാത്തു കഴിയുന്നതും അവര്‍ പറഞ്ഞു..

വീല്‍ ചെയറില്‍ കൈ ചലിപ്പിച്ച് തന്റെ മുറിയിലേക്ക്‌ പോകുന്നതിനു മുന്‍പ്‌ അവര്‍ പറഞ്ഞു..

‘ഒരാഗ്രഹം ഉണ്ട്..എല്ലാ മനുഷ്യരെയും പോലെ..പിറന്നു വീണ മണ്ണില്‍ പോയി മരിക്കണം എന്ന്..എനിക്ക് ആരും ഇല്ല ഇവിടെ..നിനക്കൊന്നു പോയി വരാമോ എന്റെ നാട്ടില്‍.. എന്നെ അവിടേക്ക്‌ കൊണ്ട് പോകാമോ…ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട..”

മമ്മയുടെ ആ ആഗ്രഹ സാഫല്യത്തിന് വേണ്ടിയാണ് ഞാന്‍ ഈ നാട്ടിലേക്ക്‌ വന്നത്..അടുത്ത വീക്കെന്‍ഡില്‍ മമ്മയെ കൂടി കൊണ്ട് വരണം.അതിനു വേണ്ടിയാണ് ഈ യാത്ര…
}

സംഘര്‍ഷം()
{

ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി – ഒരു ബഹളം. തൊട്ടു മുന്നിലെ യാത്രക്കാര്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നവനുമായി ഒരു കശപിശ …

}

കൊലപാതകം ()
{

സമയം ഒന്‍പതു മണി

കോഴിക്കോട് റെയിവേ സ്റേഷന്‍ പ്ലാറ്റ്‌ ഫോമിലെ ടെലിവിഷനില്‍ നിന്നും ആ വാര്‍ത്ത സ്റേഷന്‍ പരിസരത്തേക്ക് ഒഴുകിയിറങ്ങി..കേട്ടവര്‍ കേട്ടവര്‍ സ്റെഷനിലും പരിസര പ്രദേശങ്ങളിലും തടിച്ചു കൂടി. വാര്‍ത്ത പ്രദര്‍ശിപ്പിച്ച ടിവിക്കു മുന്നില്‍ ഒരാള്‍കൂട്ടം രൂപപ്പെട്ടു..കുറെ പേര്‍ സംഭവം നടന്ന പ്ലാറ്റ്‌ഫോമില്‍ തടിച്ചു കൂടി..

” സനീഷ്‌, കുറച്ചു സമയം മുന്‍പ് ..ട്രെയിനില്‍ നിന്നും വീണു കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളി ഒരു ബംഗ്ലാദേശി പൌരന്‍ ആണെന്ന് സ്ഥിരീകരിച്ചു..അയാളുടെ ബാഗില്‍ നിന്നും മാരക സ്ഫോടക ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു..കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല…അയാളുടെ കൂട്ടാളി പോലീസ്‌ പിടിയില്‍ ആയിട്ടുണ്ടെന്ന് സൂചന ഉണ്ട്..പോലീസ്‌ ഒന്നും വെളിപ്പെടുത്തുന്നില്ല സനീഷ്‌… എങ്കിലും സംഭവം കണ്ട ദൃക്‌സാക്ഷികള്‍ പറയുന്നത് വെച്ച് നോക്കിയാല്‍, എട്ടു മുക്കാലോടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍, പ്ലാറ്റ്‌ഫോം വിടുന്നതിനു മുന്‍പ്‌ ഓടി വന്നു കയറിയ രണ്ടു അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് വീണു മരിച്ചയാള്‍.. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല..എങ്കിലും ഇയാള്‍ അന:ധികൃത്മായി സംസ്ഥാനത്ത്‌ താമസിച്ച് വരുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം..ഏതായാലും അത്യുഗ്ര സ്ഫോടക വസ്തുക്കളുമായി ബംഗ്ലാദേശി പൌരന്മാര്‍ റെയില്‍വേ സ്റ്റേഷനില്‍ കടന്നെതെന്തിനു ..അതിനെങ്ങിനെ കഴിഞ്ഞു, എന്തെങ്കിലും അട്ടിമറി സാധ്യതകള്‍ ഉണ്ടായിരുന്നോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നതിനൊപ്പം റെയില്‍വേ യാത്രക്കാര്‍ക്ക്‌ നല്‍കുന്ന സുരക്ഷയില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിക്കുന്നു എന്ന വസ്തുതയിലെക്കാനു ഇത് വിരല്‍ ചൂണ്ടുന്നത്…സനീഷ്‌..”

” നന്ദി രഹനാസ്..കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ തീവ്രവാദി എന്ന് സംശയിക്കപ്പെടുന്ന ബംഗ്ലാദേശി പൌരന്‍ അതി മാരക സ്ഫോടക വസ്തുക്കളുമായി കൊല്ലപ്പെട്ടു..കൂടുതല്‍ വിശദാംശങ്ങള്‍ ശേഷം ബുള്ളറ്റിനില്‍ …മറ്റൊരു വാര്ത്തയിലെക്ക് പോകേണ്ടതുണ്ട്…സംസ്ഥാനത്ത്‌ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി കോഴിക്കോട് നിന്നും മറ്റൊരു കൊലപാതക വാര്‍ത്ത വന്നിട്ടുണ്ട്…ബസ്സില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ്‌ ഒരു യുവാവ്‌ കൊല്ലപ്പെട്ടു..ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം..മെഡിക്കല്‍ കോളേജ്‌ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്..”

}

മരണങ്ങള്‍()
{

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം…

സമയം ഒന്‍പതര ..

ഭാസ്കരേട്ടാ..ഇവിടെ സിഗരറ്റ്‌ വലിക്കരുതെന്നു പറഞ്ഞു ആ പോലീസ്‌ കാരന്‍..

ഹും..മനുഷ്യന്‍ ഇവിടെ ഇടങ്ങേറായി നിക്കുമ്പോഴാ ഓന്റെ ഒരു ഉപദേശം…കാക്കിക്ക്‌ കാക്കികള്‍ തന്നെ വെല തരുന്നില്ല..ഗോപ്യെ ..അല്ല കുഞ്ഞിമോനെ..മ്മക്ക് എപ്പളാ പോകാന്‍ പറ്റ്വാ…

അതിപ്പോ കമ്മിഷണര്‍ വന്നിട്ട് പോകാം എന്നാണ് എസ്.ഐ പറഞ്ഞത്‌…

അയാളെപ്പോളാ കെട്ടിയെടുക്കാ..ഞ്ഞി ബരീ മ്മക്കൊരു ചായ കുടിച്ചിട്ടു ബരാം..

എനിക്കൊന്നും വേണ്ട ഭാസ്കരേട്ടാ..വിശപ്പ് തോന്നുന്നില്ല…ആ ചങ്ങായീന്റെ മുഖം …എന്തിനാ പടചോനെ ഇങ്ങള്‍ മ്മടെ ബസ്സില്‍ തന്നെ ഈ കൊലപാതകം നടത്തിയത്‌..

ന്റെ പറച്ചില്‍ കേട്ടാ തോന്നും മൂപ്പരാ ആ ചങ്ങായീനെ കൊന്നതെന്ന്..ഞ്ഞി പോര് മോനെ..ല്ല മോയ്മാക്കാ..ഇങ്ങള് പോയില്ലേ..

പോയില്ല ഭാസ്കരാ..ഇതെന്താവും എന്നറിഞ്ഞിട്ട് പോകാം..

ചായ കുടിക്കാന്‍ പോരുന്നോ ഇങ്ങള്‍…. … അള്ളോ ദാ കമ്മീഷണര്‍ വന്നു…ന്നാ പിന്നെ പോകാം..

സോറി ഇന്നിപ്പോ ഇത് രാവിലെ രണ്ടാമത്തെ കേസാണ് സിറ്റിയില്‍..

കേട്ടില്ലേ റെയില്‍വേ സ്റേഷനില്‍ ഒരുത്തന്‍ ബോംബുമായി വന്നെന്നു..ആ കേസും നമ്മടെ തലയില്‍ ആയി…പോലീസായില്ലേ …ആ പറ ഇവിടെ എന്താ സംഭവം..ആരാ കണ്ടക്ടര്‍..

ഞാനാണ് സാര്‍..

ഉം..പറഞ്ഞോ ..

സാര്‍.. മെഡിക്കല്‍ കോളേജ്‌ സ്റ്റോപ്പില്‍ നിന്നും വണ്ടി വിട്ടതിനു ശേഷമാണ് സംഭവം.. മരിച്ച ആള്‍ എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ആയിരുന്നു ഇരുന്നത്…മൂപ്പരെ തൊട്ട സീറ്റില്‍ കണ്ട്രോള്‍ റൂംലെ ഒരു പി.സി സോമേട്ടന്‍.. .. ആ സീറ്റിന്റെ മുന്നത്തെ സീറ്റില്‍.. രണ്ടു ബംഗാളികള്‍ ആയിരുന്നു..അവര്‍ പാറത്തോട് നിന്ന് കയറിയതാ…ചങ്ങായി മാര് ഭയങ്കര ബേജാറില്‍ ആയിരുന്നു കയറിയപ്പോ തൊട്ടു…പാന്‍ പരാഗ് വായിലിട്ടു പുറത്തേക്ക് തുപ്പും.. ഞാന്‍ പല പ്രാവിശ്യം പറഞ്ഞു അങ്ങിനെ ചെയ്യരുതെന്ന്..ഓര്‍ കേട്ടില്ല…കുന്ദമംഗലം എത്തിയപ്പോഴാ സോമേട്ടന്‍ കയറിയത്…ചെക്കന്മാര്‍ പുറത്തേക്ക്‌ തുപ്പിയത് ഈ മരിച്ച ആളുടെ ദേഹത്ത്‌ വീണു..സോമേട്ടന്‍ ചങ്ങായി മാര്‍ക്കിട്ടു അപ്പൊ തന്നെ ഒന്ന് കൊടുത്തു..നായിക്കള്‍ പണിയെടുക്കാന്‍ വന്നിട്ട് ഇമ്മക്ക് പണിണ്ടാക്കുവാണോ എന്ന് ചോദിച്ച്..അപ്പൊ തുടങ്ങിയ അടിയാണ്…കോളേജ് എത്തിയപ്പോ..അത് കൂടി. പെട്ടെന്നോരുത്തന്‍ ബാഗ് തുറന്നു പാറ പൊട്ടിക്കുന്ന ഒരു കൂടം എടുത്തു ഒറ്റ അടിയായിരുന്നു സോമേട്ടന്റെ നെഞ്ചു നോക്കി…മാറി കൊണ്ടത്..മരിച്ച്ചയാള്‍ക്കും…ഇതാണ് സംഭവിച്ചത്…പെട്ടെന്ന്‍ ആയ കൊണ്ട് നമ്മക്ക് ഒന്നും ചെയ്യാനും കൂടി പറ്റിയില്ല..പഹയന്മാര് അപ്പൊ തന്നെ ഇറങ്ങി ഓടി കളഞ്ഞു..

}

അവസാനഭാഗം ()
{

തോട്ടുമുക്കം ഫൊറോനാ ചര്‍ച്ചിലെ സെമിത്തേരിയില്‍ നിന്നും ജനം പുറത്തെക്കൊഴുകി ..അന്നാമ്മ ചേടത്തിയുടെ അന്ത്യ കൂദാശ കര്‍മ്മങ്ങള്‍ കഴിഞ്ഞു ജനം പല വഴിക്ക് പിരിഞ്ഞു..അന്ന് രാവിലെ മുതല്‍ പെയ്ത കനത്ത മഴയിലും, തലേന്ന് രാത്രി മലമ്പ്രദേശങ്ങളില്‍ പെയ്ത പേമാരിയിലും ഉരുള്‍പൊട്ടലുകളിലും, ചെറുപുഴയും, ഇട തോടുകളും നിറഞ്ഞോഴുകി. പതിനഞ്ചു വര്‍ഷത്തിനു ശേഷം പെയ്ത ആ മഹാ പേമാരിയില്‍ ജമുനാ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത്‌ മഴ പ്രസവിച്ച മലവെള്ളപാച്ചില്‍ പാഞ്ഞു…

പുല്ലാശ്ശേരി ചാക്കോ ചേട്ടന്റെ പല ചരക്കു കടയിലെ ഉപ്പ് പെട്ടിക്ക് മുകളില്‍ ഇരുന്നു ചിലര്‍ സംഭവങ്ങളുടെ പോസ്റ്റ്‌ മാര്‍ട്ടം നടത്തി…

പനംപ്ലാവിലും, കൂനൂര്‍കണ്ടിയിലും, മൈസൂര്‍മലയിലും ഉണ്ടായ ഉരുള്‍പോട്ടലുകളെകാള്‍ ജനം സംസാരിച്ചത്‌ അന്നാമ്മ ചേടത്തിയുടെ കൊലപാതക വാര്‍ത്ത ആയിരുന്നു..

കനത്ത മഴയിലൂടെ കടന്നു പോയ പോലീസ്‌ ജീപ്പിനുള്ളില്‍ വികാര രഹിതമായ മുഖവുമായി ഇരുന്ന പ്രതി അന്‍സാരിയുടെ ചിത്രം അവര്‍ ചര്‍ച്ച ചെയ്തു. മഴ പെയ്തു വഴികളെല്ലാം പുഴകളായതു കൊണ്ട് നടത്തിയായിരുന്നു അന്‍സാരിയെ തെളിവെടുപ്പിനായി കൊണ്ട് വന്നത്..

}

വീണ്ടുമൊരു_ഫ്ലാഷ്ബാക്ക് ()
{

അന്‍സാരി..പശ്ചിമ ബംഗാളിലെ വിദൂര ഗ്രാമങ്ങളില്‍ ഒന്നില്‍… കുറെ വയറുകളുടെ വിശപ്പോടുക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ വന്നത്…

കേരളത്തില്‍ കണ്ടു വരുന്ന..കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളില്‍ കീറിയ ബാഗും ഞായറാഴ്ച ചന്തകളില്‍ നിന്നും വാങ്ങി കൂട്ടിയ ഇറുകിയ ടീ ഷര്‍ട്ടും പാന്റ്സും ഒക്കെ ഇട്ട്… ഇടി കൂട്ടി വന്നിറങ്ങുന്ന രൂപമായിരിക്കും നിങ്ങളുടെ മനസ്സില്‍ ആദ്യം വരിക അല്ലെ..കയ്യിലെ വില കുറഞ്ഞ മൊബൈല്‍ ഫോണുകളിലെ പാട്ടുകളിലും, ഇക്കിളി പ്പെടുത്തുന്ന വീഡിയോ ക്ലിപ്പിംഗ്സുകളുമായി, കുളിക്കാത്തവര്‍ എന്ന് നിങ്ങള്‍ പരിഹസിക്കുന്ന ഒരു സമാന്തര ലോകത്ത് ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളില്‍ ഒരുവന്‍..

ഞങ്ങള്‍ വരുന്ന സ്ഥലങ്ങള്‍ ഏതായാലും നിങ്ങള്‍ക്ക്‌ ഞങ്ങള്‍ ബംഗാളികള്‍ ആണ്..അഥവാ ഇനി മുസ്ലീം നാമധാരികള്‍ ആണെങ്കില്‍ ബംഗ്ലാദേശികളും…

ഇവിടുത്തെ ഹോട്ടലുകളിലും, ബസ്സുകളിലും, ക്വാറികളിലും, ഞായറാഴ്ച ചന്തകളിലെ ആള്‍ക്കൂട്ടത്തിലും ഞങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ മൂക്ക് പൊത്തി പോവാറുള്ളത് കാണാറുണ്ട്..

ഇവിടെ ഒരു പാറമടയില്‍ ജോലിക്കായി രണ്ടു മാസം മുന്‍പാണ് ഞാന്‍ വന്നത്…നാട്ടില്‍ നിന്നും ഒരു സുഹൃത്ത്‌ വഴി ഏജന്റ് കൊണ്ട് വരികയായിരുന്നു..ഞാന്‍ വരുമ്പോള്‍ എന്റെ ഭാര്യ ഏഴുമാസം ഗര്‍ഭം ചുമക്കുന്നു…

നാല് ദിവസം മുന്‍പ്‌ അവള്‍ പ്രസവിച്ചു…കുഞ്ഞിനെ ഒന്ന് കാണാന്‍ പോകാനുള്ള കൊതികൊണ്ട്, കയ്യില്‍ പണം ഇല്ലാത്തത്‌ കൊണ്ട് ചെയ്തതാണ്…

ഹുസൈന്‍ ആണ് പറഞ്ഞത്‌… കൊന്നിട്ടനെന്കിലും പൈസ ഉണ്ടാക്കി പോകാം നാട്ടിലെക്കെന്നു..

അങ്ങിനെ ആണ്..പാറ മടയില്‍ നിന്നും അടിച്ചു മാറ്റിയ ആയുധങ്ങളും, പാറ പൊട്ടിക്കുന്ന വെടി കോപ്പുകളുമായി ഇറങ്ങി തിരിച്ചത്..മോഷണ ശ്രമത്തിനിടെയാണ് ആ പ്രായം ചെന്ന സ്ത്രീ മരിച്ചത്‌… വെളുപ്പിന് നാലരക്ക്…ഒറ്റക്കായിരുന്നു അവരുടെ താമസം. പറമ്പില്‍ എന്തോ വീണ ശബ്ദം കേട്ട് പുറത്തിറങ്ങിയ അവരെ കഴുത്ത് ഞെരിച്ച് കൊന്നത് ഹുസൈന്‍ ആയിരുന്നു.. പിന്നെ, കയ്യില്‍ കിട്ടിയത്‌ വാരിയെടുത്ത് ഒരോട്ടം. ആദ്യം വന്ന ബസ്സില്‍ കയറി.

ടെന്‍ഷന്‍ ആയിരുന്നു മനസ്സ്‌ നിറയെ..ആദ്യമായാണ്‌ ഒരു കുറ്റകൃത്യം ചെയ്യുന്നത്…പക്ഷെ ഹുസൈന്‍ ഉറച്ച മനസ്സുമായി തുണ നിന്ന്..

എന്റെ മകള്‍.. .. അവളെ കാണാന്‍ വേണ്ടിയാണല്ലോ എന്നോര്‍ത്ത് സമാധാനിപ്പിച്ചു….മനസ്സിന് ധൈര്യം കിട്ടാന്‍ ഞങ്ങള്‍ യാത്രയിലുടന്നീളം പാന്‍ പരാഗ് ചവച്ചു കൊണ്ടിരുന്നു..മറ്റേതോ ലോകത്ത്‌ ആയത് കൊണ്ടാവണം മറ്റുള്ള യാത്രക്കാര്‍ ബഹളം വെച്ചിട്ടും ഞങ്ങള്‍ പാന്‍ പരാഗ് ചവച്ചു തുപ്പി കൊണ്ടിരുന്നത്…അല്ലെങ്കില്‍ വെപ്രാളത്തില്‍ പറഞ്ഞ ഭാഷകള്‍ മനസ്സിലായില്ല….

ഒടുവില്‍ ആരോ പോലീസ്‌ പോലീസ്‌ എന്നൊക്കെ പറഞ്ഞു ഞങ്ങളെ എഴുന്നേല്‍പ്പിച്ച് ഉപദ്രവിക്കാന്‍ തുടങ്ങി..ഒന്നും മന്സസ്സിലായില്ല..ഹുസൈന്‍ ആണ് കയ്യിലെ ബാഗില്‍ നിന്നും കൂടമെടുത്ത് വീശിയത്‌..

രക്ഷപ്പെട്ടോടി…പല വഴികളിലൂടെ…പല തെരുവുകളിലൂടെ….ഒടുവില്‍ ട്രെയിന്‍ വിട്ടു പോവുന്നതിനു മുന്‍പാണ് സ്റ്റേഷനില്‍ എത്തിയത്‌..നീ കയറിക്കോ എന്ന് പറഞ്ഞു ഹുസൈന്‍ എന്നെ തള്ളി വിട്ടു..ഞാന്‍ എങ്ങിനെയോ പിടിച്ചു കയറി..പക്ഷെ..ഹുസൈന്‍ അവനു കഴിഞ്ഞില്ല…

എന്റെ മകള്‍. അവളെ എപ്പോ കാണാന്‍ പറ്റും..മറ്റൊന്നും എനിക്കറിയില്ല….

}

ഒടുക്കം ()
{

ചുവപ്പ് വരയന്‍ ഷര്‍ട്ടും, വിശപ്പും ക്ഷീണവും കൊണ്ട് കുഴിഞ്ഞ കണ്ണുകളുമായി.. അന്‍സാരി പോലീസ്‌ ജീപ്പിനുള്ളില്‍ തളര്‍ന്നിരുന്നു….എങ്ങോട്ട് എന്നറിയാത്ത അടുത്ത യാത്രയിലെക്ക്…

സന്ധ്യയോടെയാണ് മെഡിക്കല്‍ കോളേജ്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്നും കെ.എസ്‌.ആര്‍ടിസി മിനി ബസ്‌ വിട്ടു കിട്ടിയത്‌.. . ബസ്‌ കയറ്റം കയറി .. ഡിപ്പോ ലക്ഷ്യമാക്കി യാത്ര തിരിച്ചു !!

ഒന്നുകൂടി വായിക്കാന്‍ = തുടക്കം ();

}

/* പ്രോഗ്രാമിംഗ് ഭാഷകളില്‍ ഒരു പ്രോഗ്രാം അല്ലെങ്കില്‍ കൃത്യം തുടങ്ങി അവസാനിക്കുന്നതിനെ കുറിക്കുന്ന അടയാളം : { } */
/* പ്രോഗ്രാമിംഗ് ഭാഷകളില്‍ അനുബന്ധ വിവരങ്ങള്‍ അഥവാ കമന്റ്സ് രേഖപ്പെടുത്താനുപയോഗിക്കുന്ന അടയാളം : ? /*– –*/ : {} */

അനുബന്ധം:

———————————————————–

നാല് വര്‍ഷമായി മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു കഥ..മറ്റൊന്നും എഴുതാന്‍ സമ്മതിക്കാതെ എന്നെ പിടിച്ച് കെട്ടിയ ഒന്ന്.. പലകുറി പല രീതിയില്‍ എഴുതി നോക്കി ..ഒടുവില്‍ !!!

{//പ്രോഗ്രാമിംഗ് ഭാഷകളില്‍ ഒരു പ്രോഗ്രാം അല്ലെങ്കില്‍ കൃത്യം തുടങ്ങി അവസാനിക്കുന്നതിനെ  കുറിക്കുന്ന അടയാളം : {}

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )