ടോക്യൊ ഡയറീസ് 


കുറച്ചു മാസങ്ങളായി എസ്.കെ പൊറ്റക്കാടിന്റെ പ്രസിദ്ധമായ ചില യാത്രാ കുറിപ്പുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ.
അതിനിടയിൽ ആണൂ ഉദയ സൂര്യന്റെ നാട് ആയ ജപ്പാനിലേക്കു ഒരു വിസയും ട്രിപ്പും തരപ്പെട്ടത്.

മഹാനായ സാഹിത്യകാരൻ എസ്.കെയുടെ ജപ്പാൻ സഞ്ചാര ലേഖനങ്ങൾ ഞാൻ മുൻപു വായിച്ചവയാണു. അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി ജോലി പരമായ കാരണങ്ങളാൽ ആണു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് !!! ഒരു സഞ്ചാരിയുടെ എക്സൈറ്റ്മെന്റൊ, പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കാനുള്ള ആവേശമോ ഒന്നും തന്നെ ഒരു വർക് വിസക്കാരന്റെ യാത്രാ കുറിപ്പുകളിൽ നിന്നും തരപ്പെടില്ല എന്ന മുന്നറിയിപ്പോടെ തുടങ്ങട്ടെ..

നൂറു കണക്കിനു വർഷങ്ങൾ മുൻപ് വരെ, സൂര്യൻ ഉദിക്കുന്നത് തങ്ങളുടെ നാട്ടിൽ ആണ് എന്ന വിശ്വാസക്കാരായിരുന്നത്രെ ജപ്പാനിലെ ചക്രവർത്തിമാർ.
ആ വിശ്വാസത്തിൽ നിന്നാണു ഉദയ സൂര്യൻ എന്നർത്ഥം വരുന്ന നിഹോൺ/നിപ്പോൺ എന്ന പേരു ഈ രാജ്യത്തിനു അവർ നൽകിയത്.
ഭൂമിയുടെ കിടപ്പു വശം വെച്ചു നോക്കിയാൽ ഏറ്റവും കിഴക്കായി, സൂര്യ രശ്മികൾ ആദ്യം എത്തുന്ന പ്രദേശങ്ങളിൽ ജപ്പാൻ ഉണ്ടു താനും.

ഇന്ത്യയെക്കാൾ മൂന്നര മണിക്കൂർ മുൻപെ സഞ്ചരിക്കുന്നു ജപ്പാനിലെ ഘടികാരങ്ങൾ.

പസിഫിക് സമുദ്രത്തിലെ ആറായിരത്തോളം ദ്വീപ് സമൂഹങ്ങൾ ചേർന്നതാണ് ജപ്പാൻ. ഇത്രയും ദ്വീപുകളിൽ ജനവാസ യോഗ്യമായിട്ടുള്ളത് വിരലിൽ എണ്ണാവുന്നവ മാത്രമാണു. അതിൽ തന്നെ വെറും നാലു ദ്വീപുകളിൽ ആണു ജപ്പാനിലെ 97% ജന സംഖ്യയും വസിക്കുന്നത്. ലോക ജനസംഖ്യയിൽ പത്താമിടമാണു ജപ്പാനു.

ലോകത്തിലെ വൻ നഗരങ്ങളിൽ ഒന്നാം സ്ഥാനം ആണു ജപ്പാന്റെ തലസ്ഥാനവും പ്രാധാന നഗരവും ആയ ടോക്യൊക്ക്. ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനം. ”

കൂടുതൽ വിവരങ്ങൾക്കായി ഗൂഗിൾ, വിക്കിപീഡിയ എന്നിവ സന്ദർശിക്കുക”

2012 നവംബർ 4 നു ആണു ടോക്യൊയിലെ ഇന്റർ നാഷണൽ എയർപോർട്ട് ആയ നരിറ്റ എയർപ്പോർട്ടിൽ ഞാൻ കാലു കുത്തുന്നത്.

വളരെ സുഗമമായ ഇമിഗ്രേഷൻ പ്രൊസസുകൾക്കൊടുവിൽ ഇമിഗ്രേഷൻ ഓഫീസർ എനിക്ക് ആവിശ്യമായ ARC അഥവാ ഏലിയൻ രജിസ്റ്റ്രേഷൻ കാർഡ് ലാമിനേറ്റ് ചെയ്തു തന്നു.

എത്ര കാലത്തേക്കാണു താങ്കൾ ഇവിടേ, അദ്ദേഹം ചോദിച്ചു.
ഒരു മാസം – ഞാൻ മറുപടി കൊടുത്തു.
ഒരു മാസമോ, താങ്കൾക്ക് മൂന്നു വർഷത്തേക്കുള്ള വിസ അനുവദിച്ചിട്ടുണ്ട്.- ഒഫീസർ മൊഴിഞ്ഞു.

അയാൾക്ക് ഒരു നന്ദി പാസാക്കി

ഞാൻ, എന്റെ ബാഗേജ് കളക്റ്റ് ചെയാനായി ബാഗേജ് ചെയിനിനു അടുത്തേക്ക് നീങ്ങി.

എന്റെ പക്കൽ വെറും 5000 യെൻ മാത്രമെ കറൻസി ആയി ഉള്ളൂ…നാട്ടിൽ നിന്നും അത്രയെ കറൻസി ആയി കിട്ടിയുള്ളൂ..ബാക്കി തുക ട്രാവലേർസ് കാർഡിൽ ആണു.

എല്ലായിടത്തും ഒരു പക്ഷെ കാർഡ് എടുക്കണം എന്നില്ല. ഒരു സിറ്റി ബാങ്ക് ഏ.ടി.എം തപ്പി കണ്ടു പിടിച്ചു കുറച്ച് പണം ആദ്യമേ എടുത്തു വെച്ചു.
ഇനി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് ഒരു ബസ് പിടിക്കണം.

ടാക്സി റേറ്റ് നാട്ടിൽ നിന്നേ തിരക്കി വച്ചിരുന്നു. 30000 യെൻ ആവും ഞാൻ താമസിക്കേണ്ട ഹോട്ടലിലേക്കുള്ള ടാക്സി കൂലി.
ട്രെയിൻ ആണു കുറഞ്ഞ നിരക്കും എളുപ്പവും, പക്ഷെ വലിയ ബാഗുകൾ കൂടെ ഉള്ള സ്ഥിതിക്ക് ബസ് ആണു സൗകര്യം.

ഫ്ലൈറ്റിൽ വെച്ചു പരിചയപ്പെട്ട ഒരു പൂനെക്കാരന്റെ സഹായത്തോടെ ബസ് കൗണ്ടർ കണ്ടു പിടിച്ചു.

ഒരു പാടു ഇന്ത്യക്കാര്‍ ബിസിനസ് ആവിശ്യങ്ങള്‍ക്കും മറ്റുമായി ജപ്പാനില്‍ എത്താറുണ്ട്…പോരാത്തതിന്..അമേരിക്കയുടെ പസിഫിക് തീരങ്ങളിലെക്കുള്ള വിമാനങ്ങളുടെ ഒരു ഹബ് കൂടിയാണ് നരീറ്റ എയര്‍ പോര്‍ട്ട്‌ !!

പോവേണ്ട സ്ഥലം ഹോട്ടൽ ബുക്കിംഗ് റെസിപ്റ്റ് എടുത്തു കാണിച്ച് കൊടുത്തപ്പോൾ കൗണ്ടറിലെ ജാപ്പനീസ് പെൺകൊടിക്കു മനസ്സിലായി.
അവിടെ വരെ ബസ് പോകില്ല. അടുത്തുള്ള ടോക്യോ പ്രിൻസ് ഹോട്ടൽ വരെ പോകുന്ന ഒരു ബസിനുള്ള ടിക്കറ്റ് അവൾ പ്രിന്റ് ചെയ്തു തന്നു.
അവിടെ നിന്നും ടാക്സി വിളിച്ച് പോകാവുന്ന ദൂരമേ ഉള്ളൂ. 3000 യെൻ ബസ് ചാർജായി നൽകി, ബസ് വരുന്ന 10 നംബർ പ്ലാറ്റ്ഫോമിൽ പോയി നിന്നു.

പറഞ്ഞ സമയത്ത് തന്നെ ബസ് വന്നു.

ഒന്നര മണിക്കൂറിൽ ഏറെ ഉണ്ടായിരുന്നു ബസ് യാത്ര. ബസിന്റെ സ്റ്റൊപ്പുകൾ ടോക്യോയിലെ പ്രമുഖ ഹോട്ടലുകൾ ആണു.
ബസ്സിൽ വെച്ചു പരിചയപ്പെട്ട സിംഗപ്പൂർ കാരനോടു നേരത്തെ തന്നെ ചട്ടം കെട്ടി വെച്ചിരുന്നു പ്രിൻസ് ഹോട്ടൽ എത്തുംബോൾ അറിയിക്കാൻ.

പഞ്ചാബിൽ നിന്നും വർഷങ്ങൾക്ക് മുൻപെ സിംഗപ്പൂർ കുടിയേറിപാർത്ത ഇന്ത്യൻ വംശജൻ ആണ് അദ്ദേഹത്തിന്റെ മുത്തഛൻ.
ഒന്നു രണ്ടു തവണ ഡൽഹിയിലും കേരളത്തിലും ഒക്കെ വന്നിട്ടുണ്ട് കക്ഷി.

ടോക്യൊ പ്രിൻസ് ഹോട്ടലിൽ ബസ് ഇറങ്ങി, ടാക്സി പിടിച്ച് ഹോട്ടലിൽ എത്തി, സമയം രാത്രി 9:30. 14 ആം നിലയിൽ ആണു റൂം.
റൂം ആക്സസ് സ്മാർട്ട് കാർഡ് തന്നിട്ട് ഫ്രണ്ട് ഡെസ്കിലെ ജപ്പാൻകാരി ഇംഗ്ലീഷ് പോലെ ഏതൊ ഒരു ഭാഷയിൽ എന്തൊക്കെയൊ പറഞ്ഞൂ..

വലിയ ബാഗുകളുമായ് ലിഫ്റ്റിൽ കയറി. 14 ആം ഫ്ലോർനു നേരേയുള്ള ബട്ടൺ അമർത്തി. ലിഫ്റ്റ് നീങ്ങുന്നതായി തോന്നുന്നില്ല.
ജപ്പാനിൽ ഫ്ലോർ നംബേർസ് തുടങ്ങുന്നത് ഒന്നിൽ ആണു. ലിഫ്റ്റ് ഒന്നിൽ തന്നെ നിൽക്കുന്നു. എന്താണു സംഭവിക്കുന്നത് എന്നൊരു പിടിയും ഇല്ല.
രണ്ട് നിമിഷം വാതിൽ തുറന്നു. ഒരു അമേരിക്കൻ കപ്പീൾസ് ലിഫ്റ്റിൽ കയറി. എന്റെ പരിഭ്രമം കണ്ടിട്ടാവണം അവർ ചിരിച്ചു.

മദാമ്മ അവരുടെ സ്മാർട്ട് കാർഡ് ലിഫ്റ്റിലെ കാർഡ് റീഡറോട് ചേർത്തു വെച്ചു.

എന്നിട്ട് അവർക്കു പോകേണ്ട ഫ്ലോർ നംബർ അമർത്തി. എന്നിട്ടു എന്നോട് പറഞ്ഞു പേടിക്കണ്ട, ഞങ്ങൾക്കും ആദ്യം ഈ ടെക്നിക് പിടി കിട്ടിയിരുന്നില്ല..

എനിക്ക് പോവേണ്ടിയിരുന്ന 14 ഫ്ലോർ അവർ അമർത്തി. ലിഫ്റ്റ് മുകളിലേക്ക് കുതിച്ചു.

ഒരു ദിവസം 7000 യെൻ വരുന്ന ഒരു മുറി ആയിരുന്നു എനിക്ക് വേണ്ടി ബുക് ചെയ്തിരുന്നത്.

സ്മാർട്ട് കാർഡ്, കാർഡ് ഹോൾഡറിൽ തിരുകി, മുറിയിലെ ലൈറ്റുകൾ തെളിഞ്ഞു.

ഒരു ബെഡും, ടിവിയും മറ്റും ഉള്ള ഒരു ടേബിൾ ഇവയൊക്കെ ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.

എന്റെ ബാഗ് കൂടി വെച്ചാൽ, കഷ്ടിച്ച് എനിക്കവിടെ നിന്നു തിരിയാം.
ഞാൻ ജനലിന്റെ അടുത്തു ചെന്നു കർട്ടൻ നീക്കി. ചൂറ്റും വൻ കെട്ടിടങ്ങൾ. അവിടിവിടെയായി നുറുങ്ങു വെളിച്ചങ്ങൾ. താഴെ, 14 നിലകൾക്ക് താഴെ, സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ മയങ്ങുന്ന തെരുവുകൾ.
ഇവിടെ ഈ കിളിക്കൂട്ടിൽ ആണു ഞാൻ എന്റെ അടുത്ത മുപ്പതോളം ദിവസങ്ങൾ തള്ളി നീക്കേണ്ടത്…
നമ്മുടെ പല ശീലങ്ങൾക്കും വെല്ലു വിളിയുണ്ടാവുന്നത് നമ്മൾ നമ്മുടെ സ്വന്തം നാട്ടിൽ നിന്നും മാറി താമസിക്കേണ്ടിവരുംബോഴാണല്ലൊ.
വീട്ടിലെ വിളിപ്പുറത്തുള്ള സൗകര്യങ്ങൾക്കിടയിൽ നിന്നും ആദ്യമായി ഹോസ്റ്റലിൽ താമസ്സിക്കാൻ തുടങ്ങിയപ്പോൾ എന്റെ പതിവു ശീലങ്ങൾ ഒരു പാടു കൊത്തിപറിച്ചിരുന്നു.

പതിനാറാം വയസ്സിൽ ഹോസ്റ്റലിൽ താമസം തുടങ്ങിയ ഞാൻ പിന്നീട് അക്കഡമിക് കാര്യങ്ങളാലും ജോലി കാര്യങ്ങളാലും
വീടു വിട്ടു നിൽക്കൽ കൂടിയതിനാൽ പിന്നീട്, തികച്ച് ഒരു രണ്ടാഴച തുടർച്ചയായി ഇതു വരെ എന്റെ സ്വന്തം വീട്ടിൽ കഴിഞ്ഞിട്ടില്ല എന്നതു വിരോധാഭാസം.
ആദ്യമായി വിദേശത്ത് പോയപ്പോൾ ശീലങ്ങൾക്ക് ഏറ്റ വെല്ലുവിളി ടോയ്/ലെറ്റ് ഉപയോഗം ആയിരുന്നു.
ആദ്യ യാത്രയിൽ പാരീസ് എയർപോർട്ട്-ല് വെച്ച് ടോയ് ലെറ്റിൽ, ഉപയോഗിക്കേണ്ടത് പേപ്പർ ആണു എന്ന തിരിച്ചറിവ് നൽകിയ ഷോക്ക്,
പിന്നീടുള്ള യാത്രകളിൽ ഒരു മിനറൽ വാട്ടർ ബോട്ടിലൊ, ഡിസ്പ്പോസിബിൾ ഗ്ലാസോ കൂടെ കരുതുക എന്ന മറ്റൊരു ശീലത്തിനു വഴിമാറിയിരുന്നു-

ജപ്പാനിലെ കക്കൂസുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഒരു ബട്ടൺ അമർത്തേണ്ട ആവിശ്യമേയുള്ളൂ, ക്ലോസറ്റിൽ ബിൽറ്റ് ഇൻ ആയ ഒരു ഷവർ, പലപ്പോഴും ടോയ് ലെറ്റ് പേപ്പറിന്റെയും, ഒളിപ്പിച്ച് കടത്തേണ്ടി വരുന്ന ഒഴിഞ്ഞ മിനറൽ വാട്ടർ കുപ്പികളുടേയും ആവിശ്യത്തിൽ നിന്നും നമ്മെ രക്ഷിക്കും. എങ്കിലും സൂക്ഷിച്ച് ഉപയോഗിക്കുക!! 😉

***********************************************************************
ടൊക്യോ, ലോകത്തിലെ വലിയ മെട്രൊ സിറ്റിയും, ടെക്നോളജി, ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ അഗ്രഗണ്യരും ഒക്കെ ആയിരിക്കാം എങ്കിലും ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും ഇംഗ്ലീഷ് നല്ല വശമില്ല.
എന്നാലും ജാപ്പനീസ് അറിയാതെ നമുക്ക് ജീവിക്കാം, ഒരു പരിധി വരെ. സബ് വേ, മെട്രൊ സ്റ്റേഷനുകളിലും, നിരത്തു വക്കിലെ മാപ്പുകളിലും എല്ലാം അവർ ഇംഗ്ലീഷ് ഉപയോഗിച്ചിട്ടുണ്ടാവും.
പക്ഷെ, കോട്ടും, ടൈയും ഒക്കെയായി പോകുന്ന ആരെയെങ്കിലും കണ്ട് വഴി ചോദിക്കാം എന്നു കരുതിയാൽ കുഴങ്ങി.
കക്ഷിക്ക് മിക്കവാറും ഇംഗ്ലീഷ് വശമുണ്ടാവില്ല. പക്ഷെ അവർ നമ്മളെ നിരാശരാക്കില്ല. എങ്ങിനെയെങ്കിലും അവർ നമ്മളെ എത്തിക്കെണ്ടിടത്ത് എത്തിരിച്ചിരിക്കും.
പല പ്രാവിശ്യവും, കയ്യിലെ ഐ.ഫോണിലെ മാപ്പ് നോക്കി, എനിക്ക് പോവേണ്ടിടത്ത് എത്തിച്ചിട്ടുണ്ട് അവർ. “സോറി, ഇതെവ്വീടെയാണെന്നറിയില്ലല്ലൊ..
വേറേ ആരോടെങ്കിലും ചോദിക്കാമോ എന്നീ വകയിലുള്ള ഒഴി കഴിവുകളൊന്നും അവരിൽ നിന്നും ഉണ്ടാവില്ല. എത്രയോ തവണ എനിക്ക് പോവേണ്ടിടം വരെ കൂടെ വന്നിട്ടുണ്ട് ചിലർ വഴി തെറ്റിപോയി സഹായം ചോദിച്ചപ്പൊഴൊക്കെയും.
എങ്കിലും ഒരു മുൻ കരുതൽ എന്ന നിലയിൽ എപ്പൊഴും പോവേണ്ടിടം അടയാളപ്പെടുത്തിയ ഒരു ജാപ്പനീസ് മാപ്പ് കൈയിൽ വക്കുന്നത് ഉപകാരപ്പെടും.
അല്ലെങ്കിൽ മുറി ഇംഗ്ലീഷുമായി മൽപ്പിടുത്തം നടത്തുന്ന ചിലരെ എങ്കിലും സഹായത്തിനു കിട്ടും.
പക്ഷെ നിങ്ങൾ ഒരു ആൻഡ്രോയിഡ് ടാബ്ലെറ്റിലെ വേർഡ് പ്രെഡിക്ഷൻ കീ ബോർഡ് പോലെ അവർക്കെപ്പൊഴും വാക്കുകൾ സജസ്റ്റ് ചെയ്തു കൊണ്ടേയിരിക്കണം.
അവർ ഉദ്ദേശിക്കുന്ന വാക്ക് കിട്ടിയാൽ രക്ഷപ്പെട്ടു, എത്തേണ്ടിടത്ത് എത്താം.

ടോക്യോ നഗരത്തിന്റെ പ്രത്യേകത, പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണു. തലങ്ങും വിലങ്ങും ഓടുന്ന മെട്രൊ, സബ്, റെയിൽ, ബസ് നെറ്റ് വർക്കുകൾ, കൃത്യ നിഷ്ടയുടെ കാര്യത്തിൽ വേൾഡ് ക്ലാസ് ആണു.
പല നിറത്തിലുള്ള ലൈനുകൾ ആണു സബ് വേയൂടെ പ്രത്യേകത.
ഒരു സ്റ്റേഷനിൽ തന്നെ പല നിലകളിലായി പല റെയിൽ ലൈനുകൾ പോകുന്നുണ്ടാവാം. ചിലപ്പോൾ ആ സ്റ്റേഷനുകളുടെ മുകളിലെ നിലകളിൽ ഷോപ്പിംഗ് മാളുകളോ, ഓഫീസുകളൊ ആവാം.
ചുരുക്കി പറഞ്ഞാൽ, അംബര ചുംബികളായ പല കെട്ടിടങ്ങൾക്കും അടിയിൽ, ഉറുംബിൻ കോളനികൾ പോലെ പല നിലകളിൽ നീങ്ങുന്ന മെട്രൊ ട്രെയിനുകൾ കാണാം.
ഓഫീസ് സമയങ്ങളിൽ മിക്കവാറും ഈ ട്രെയിനുകൾ നിറഞ്ഞു കവിയും. ഒരു മാർച് പാസ്റ്റിൽ എന്നവണ്ണം ജനക്കൂട്ടം ഒരെ തരം കോട്ടും സ്യൂട്ടും ടൈ ഉം ഒക്കെയായി ഒരേ പോലെ നീങ്ങുന്ന കാഴ്ച പതിവാണു.
ട്രെയിൻ നീങ്ങുംബോഴുള്ള ശബ്ദങ്ങളോ, അനൗൺസ് മെന്റ് ശബ്ദമൊ ഇല്ലെങ്കിൽ പരി പൂർണ്ണ നിശബ്ദം ആണു ട്രെയിൻ കോച്ചുകൾ.
തല കുംബിട്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ അതാണു പതിവു മെട്രൊ ട്രെയിൻ കാഴ്ചകളിൽ ഞാൻ കാണാറു…
അവർ ചിലപ്പോൾ ഉറങ്ങുകയാവാം, ചിലപ്പോൾ ലേറ്റസ്റ്റ് വീഡിയോ ഗയിമുകളിലാവാം, ചിലപ്പോൽ കോമിക് പുസ്തകങ്ങളിൽ തല പൂഴ്ത്തി വെച്ചതാവാം. മിക്കവാറും പേർ ഐ ഫോണിലും, ഐ പാഡിലും, ടാബ്ലെ റ്റുകളിലും വ്യാപൃതരായിരിക്കുകയാവാം…
ലോകത്തിലെ ലേറ്റസ്റ്റ് ഫാഷനുകൾ മിന്നി മറിയുന്നത് ടോക്യോ തെരുവുകളിൽ ആണു. പാരീസിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള ഫാഷനുകൾ ടോക്യൊ യുവത്വ്വത്തിന്റെ ഹരം ആണു..

നമ്മുടെ നാട്ടിലെ സേവ് പേപ്പർ, സേവ് ട്രീ തുടങ്ങിയ കോലാഹലങ്ങൾ ഒന്നും ജപ്പാൻ കാരെ ബാധിച്ചിട്ടില്ല എന്നു തോന്നുന്നു.
ഏത് ബിസിനസ് മീറ്റിംഗിനു പോയാലും അവർ പത്തും ഇരുപതു പേജുകൾ വരുന്ന പവർ പോയിന്റ് സ്ലൈഡുകൾ നാലും അഞ്ചും കോപ്പിയും ആയിട്ടെ വരൂ. എന്നിട്ട് അതു പരസ്പരം കൈമാറും.

മീറ്റിംഗിനു മുൻപ് പരസ്പരം പരിചയപ്പെടുത്തൽ ആണു രസകരം. ഓരൊരുത്തരായി വന്നു വിസിറ്റിംഗ് കാർഡ് തന്ന് നിങ്ങളെ വണങ്ങും. തിരിച്ച് കൊടുക്കാൻ ഒരു വിസിറ്റിംഗ് കാർഡ് കൈയിൽ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ മാനം രക്ഷിക്കും.
ജപ്പാൻ കാർ പൊതുവെ ഡാറ്റകളിൽ വിശ്വ്വസിച്ച് ജീവിക്കുന്നവർ ആണു. വസ്തുതകളുടെ പിൻ ബലമില്ലാതെ നിങ്ങൾക്കവരെ വിശ്വ്വസിപ്പിക്കാൻ സാധ്യമല്ല.
തങ്ങളുടെ ചരിത്രത്തിൽ നിന്നും മാറി നടക്കാൻ അവർക്കാവില്ല. അതൊരുപരിധിവരെ അവരെ ദോഷകരമായി ബാധിക്കുന്നുണ്ട് താനും.
പാനസോണിക്, സോണി തുടങ്ങിയ ജാപ്പനീസ് സ്ഥാപനങ്ങൾക്ക് അതു കൊണ്ട് തന്നെയാണു കാലത്തിനൊത്ത് തങ്ങളുടെ രീതികളിൽ മാറ്റം വരുത്താൻ കഴിയാത്തതും സാംസങ്ങ്,ആപ്പിൾ തുടങ്ങിയവർ ഉയർത്തുന്ന വെല്ലു വിളികൾക്ക് മുന്നിൽ പകച്ചു നിൽക്കേണ്ടി വരുന്നതും.
ജാപ്പനീസ് സമൂഹം അഭിമുഖീകരിക്കാൻ പോകുന്ന വലിയ വെല്ലുവിളി പുതിയ ജനറേഷനിൽ ഉണ്ടാവുന്ന എണ്ണക്കുറവ് തന്നെയാണൂ.
കുട്ടികളുടെ സ്കൂൾ/കോളേജ് ഫീസുകളിലെ ചിലവ് പേടിച്ച് ആവണം ഇവിടെ കുട്ടികളുടെ എണ്ണത്തിൽ വൻ കൂറവാണു അനുഭവപ്പെടൂന്നത് എന്ന് പറഞ്ഞു കേൾക്കുന്നു.

പല തലമുറകളുടെ പേരും താവഴികളും ചരിത്രവും എല്ലാം കൃത്യമായ രേഖകളാക്കി സൂക്ഷിച്ച് വെച്ചിരിക്കുന്ന ഒരു സമൂഹത്തിനു, ഭാവി തലമുറയിലെ എണ്ണത്തില്‍ വരുന്ന കുറവ്‌ ഭീക്ഷണി തന്നെയാണ് താനും..
******************************************************************************
ലോകത്തിലെ എല്ലാ ഫുഡ് ചെയിനുകളും ടോക്യ്യൊവിൽ കാണാം. മക് ഡൊണാൾഡ്, കെ.ഏഫ്.സി, ബർഗർകിംഗ്, സ്റ്റാർ ബക്സ്, സബ് വേ തുടങ്ങി എല്ലാ ബ്രാൻഡുകളും ഇവിടെ പ്രസിദ്ധമാണു.
കൂടാതെ ലോകത്തിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള രുചികളും ഇവിടെ കിട്ടും. പല രുചികൾ ട്രൈ ചെയ്യുന്ന കാര്യത്തിൽ ടോക്യൊകാർക്ക് ഒരു മടിയും ഇല്ല എന്നു തോന്നുന്നു.
റഷ്യൻ, ടർക്കിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, തായ്, ഇന്തോനേഷ്യ, അമേരിക്കൻ, ആഫ്രിക്കൻ, ചൈനീസ് തുടങ്ങി ഇന്ത്യൻ-നേപ്പാളീസ് രുചികൾ വരെ ഇവിടെ പ്രസിദ്ധം ആണു.
ഇന്ത്യൻ ഹോട്ടലുകളിൽ ഒരു കാലത്ത്, മഹാരാജ, ബോംബെ ഹോട്ടൽ, ടാജ്, മോട്ടി തുടങ്ങി ചുരുക്കം ചില ബ്രാൻഡുകളെ ഉണ്ടായിരുന്നുള്ളൂ. ഇന്നു ഏതു തെരുവിലും നമുക്കൊരു ഇന്ത്യൻ ഹോട്ടൽ കാണാം.
മിക്കവാറും ഇന്ത്യൻ ഹോട്ടലുകളിലേയും വിഭവം നാൻ – കറി സെറ്റ് ആവും. അല്ലാതെ മസാല ദോശ, ബിരിയാണി തുടങ്ങിയവ കിട്ടുന്ന അക്കാസക്കയിലെ മോട്ടി/ടാജ് പോലുള്ള ചുരുക്കം ചില ഹോട്ടലുകളും ഉണ്ട്.
ജപ്പാനിൽ വന്നിട്ട് ജാപ്പനീസ് രുചി ഭേദങ്ങൾ കൈവെയ്ക്കാതെ മടങ്ങുന്നത് മോശമല്ലെ. വന്ന് ആദ്യ ആഴ്ചയിൽ തന്നെ ലോക പ്രസിദ്ധമായ ജാപ്പനീസ് വിഭവം/പാചകരീതി സുഷി ട്രൈ ചെയ്തു.
മത്സ്യം, സീ ഫുഡ് ഇവ ജാപനീസ് രുചികളുടെ ഭാഗം ആണൂ. അധികം വേവിക്കാത്ത മീൻ ജാപ്പനീസ് ചോറിനുള്ളിൽ വെച്ച് തരുന്ന ഒരു തരം വിഭവം ആണു സുഷി. ചില തരം സുഷികളിൽ അവർ വാസബി എന്നൊരു സാധനം വെയ്ക്കും. അതൊരു അനുഭവം തന്നെ ആണു..കൂടുതൽ വിവരിക്കുന്നില്ല !!!!!

**********************************************************************************
ജപ്പാൻ മറ്റൊരു തരത്തിലും ലോക പ്രസിദ്ധമാണല്ലൊ. സുനാമി, ഭൂകംബം. ഇവയെല്ലാം ജപ്പാനിൽ പതിവാണു. 4.9 മാഗ്നിറ്റ്യൂഡിൽ ഒരു ഭൂമികുലുക്കം അനുഭവിക്കാനുള്ള യോഗം ഈയുള്ളവനും ലഭിച്ചു.
ഹോട്ടൽ ലോബിയിൽ ഇരിക്കുകയായിരുന്നത് കൊണ്ട് അധികം പേടിച്ചില്ല.
സ്ഥിരം ഡിന്നർ കഴിക്കുന്ന ഇന്ത്യൻ റേസ്റ്ററൊന്റിലെ മലയാളം അറിയുന്ന ബംഗാളി കുശിനിക്കാരൻ(ടിയാന്‍ നല്ല പച്ച മലയാളം പറയും..കുറെ കാലം ഗള്‍ഫിലും അതിനു മുന്‍പ്‌ കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഹോട്ടലിലെ ഷെഫ്‌ ഉം ആയിരുന്നു കക്ഷി …) പറഞ്ഞത് പോലെ, ഇടക്കിടക്ക് ഭൂകംബം ഉണ്ടായില്ലെങ്കിൽ ആണത്രെ ജപ്പാൻ കാർ കൂടുതൽ പേടിക്കുക..!!!!
*********************************************************************************
പറയാൻ മറന്നൂ…ആദ്യ ആഴചയിലെ പൊരുത്തകേടുകൾക്കൊടുവിൽ ഞാൻ ആദ്യം താമസിച്ചിരുന്ന ഹോട്ടൽ വിട്ടിരുന്നു.
പിന്നീടുള്ള ആഴ്ചകൾ, അകാസക്ക എന്ന സ്ഥലത്തുള്ള ടോക്യോ വീക് ലി മാൻഷൻ ആയിരുന്നു എന്റെ വാസ സ്ഥലം. ഹോട്ടലിനെക്കാൾ കുറച്ചു കൂടി വലിയ റൂം.
ലോബിയിൽ ഇരുന്നാൽ ലോകത്തിലെ എല്ലാ ദേശക്കാരെയും കാണാം. ഇന്ത്യക്കാർ, ചൈനീസ്, കൊറിയൻ,അമേരിക്കൻ, ഫ്രഞ്ച്, റഷ്യൻ സുന്ദരികളും അവരുടെ പണിയില്ലാത്ത ബോയ് ഫ്രൻഡ്സും, ആഫ്രിക്കൻസും എല്ലാം ഹോട്ടൽ ലോബിയിൽ ചുറ്റി പറ്റിനിന്നു സ്മാർട്ട് ഫോണിലും, ടാബ് ലെറ്റിലും, ലാപ് ടോപ്പിലും സ്കൈപ്പിലൂടെ തങ്ങളൂടെ പ്രിയപ്പെട്ടവരോട് പല ഭാഷകളിൽ സംസാരിക്കുന്നത് ഒരു കാഴ്ച ആണു.
ചിലർ ഒന്നൊ രണ്ടൊ ദിവസത്തേക്ക് നഗരം ചുറ്റാൻ വരുന്ന സഞ്ചാരികൾ, ചിലർ ആഴ്ചകൾ നീളുന്ന ബിസിനസ് വിസിറ്റുകൾക്ക് വരുന്നവർ, ചില ജർമ്മൻ/റഷ്യൻ ടി.വി/സിനിമ ഷൂട്ടിംഗ് ക്രൂവിനെ കണ്ടു ഇടക്കെപ്പൊഴൊ.
*********************************************************************************

നിങ്ങൾ ഒരു വിനോദ സഞ്ചാരി അല്ലെങ്കിൽ, ഓരോ യാത്രകളും ഓരോ തുരുത്തുകളിലേക്കാണു. മറ്റാരും ഇല്ലാത്ത, നിങ്ങൾ മാത്രമുള്ള ഒരു തുരുത്തിൽ ഒറ്റക്കുള്ള വാസം.
യ്യൂട്യൂബും, ഫേസ്ബുക്കും, സ്കൈപ്പും ഒക്കെയുള്ള ഇന്ന് അത് അത്രക്ക് ബോർ അടിപ്പിക്കില്ല.

രണ്ട് വയസുകാരി എന്റെ മകൾ നന്ദക്ക്, അച്ചൻ ഇപ്പൊ ലാപ്ടോപ്പിൽ എവിടെയോ ആണു. ഒരു സ്കൈപ് ലോഗിനിൽ ഉറക്കചടവുമായി വിശേഷങ്ങൾ പങ്കു വെക്കാൻ പറ്റുവോളം അടുത്തെവിടെയോ.
തിരികെ പോകാൻ അധികം നാളുകൾ ബാക്കിയില്ല. എത്രയും പെട്ടെന്നു വീട്ടിൽ എത്താൻ കൊതിയാവുന്നു.!!

*********************************************************************************

2 Comments Add yours

  1. Remesh N പറയുക:

    🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )