
As per Watson –
‘സര്‍.. ഷേര്‍ലോക്ക് ഹോംസ് മരിച്ചതായി ഒരു റൂമര്‍ പരക്കുന്നുണ്ട്…കൊലപാതകം ആണെന്നാണ് ഫസ്റ്റ് റിപ്പോര്‍ട്ട് ” ഇന്‍സ്പെക്ടര്‍ സരൂഫ് ആണത് ആദ്യം പറഞ്ഞത്..
എനിക്ക് ഹോംസ് മായുള്ള അടുപ്പം/സൗഹൃദം മനസ്സിലാക്കിയത് കൊണ്ടാവണം സരൂഫ്‌ന്റെ വാക്കുകളില്‍ ഒരു പരതല്‍!!
ആദ്യം മുഖത്ത് വന്ന നടുക്കവും, ഷോക്കും പുറത്തേക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു…
“എന്താണ്..എവിടെയാണ് സംഭവം നടന്നത്..”
“സര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ..”
“സരൂഫ് പോയിരുന്നോ..സംഭവ സ്ഥലത്ത് ??..എന്താണ് ആദ്യ സൂചനകള്‍ ”
‘സര്‍ നമ്മുടെ ടീം അവിടെ എത്തിയിട്ടുണ്ട്…അവര്‍ evidence കലക്റ്റ് ചെയ്യുന്നു…ഞാന്‍ പോകുന്ന വഴി കയറി എന്നേയുള്ളൂ…ACP പറഞ്ഞു, സാറിനെ വിവരമറിയിക്കാന്‍…നിങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നല്ലോ ”
“ഉം …ശരി ഞാന്‍ ഉടനെ വരാം…”
ഹോംസിന്റെ വീട്ടിലെക്ക് പോകുന്ന വഴി, ഞാന്‍ ഓര്‍ത്തു…അദ്ദേഹത്തെ കണ്ടിട്ട് കുറച്ച് നാള്‍ ആയിരിക്കുന്നു…ഏകദേശം ഒരാഴ്ചയോളം…സുഹൃത്ത് എന്ന് മറ്റുള്ളവര്‍ പറയുമെങ്കിലും അദ്ദേഹം എന്റെ സുഹൃത്ത് ആയിരുന്നില്ല…സിറ്റി പോലീസ് കമ്മീഷണര്‍ക്ക്, പ്രഗത്ഭനായ ഒരു പ്രൈവറ്റ് detective
നോടുള്ളതില്‍ കവിഞ്ഞുള്ള അടുപ്പമോ മറ്റോ ഒന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല..
ഹോംസിനെ ആരാധിക്കുന്ന അനേകം പോലീസ് ഉദ്ദ്യോഗസ്ഥരില്‍ ഒരാള്‍…
അല്ലെങ്കില്‍ തന്നെ challenging ആയ കേസുകളൊന്നും തന്നെ ഈ ചെറിയ നഗരത്തില്‍ ഉണ്ടാവാറില്ല…ഒരു വജ്ര വ്യാപാരിയുടെ കൊലപാതകം ആയിരുന്നു ഹോംസ് ഞങ്ങളെ സഹായിച്ച കോളിളക്കം സൃഷ്ടിച്ച ഒരു കേസ്..അതാണെങ്കില്‍ തന്നെ മാസങ്ങള്‍ക്ക് മുന്‍പാണ് താനും..ഹോസ് നെ സംബന്ധിച്ചിടത്തോളം
അതൊരു നിസ്സാര കേസ് ആയിരുന്നു…!!!
ഇവിടെ കേസുകള്‍ക്ക് പഞ്ഞമാണെന്നും മറ്റെവിടെക്കെങ്കിലും പറിച്ച് നട്ടില്ലെങ്കില്‍ ബുദ്ധിമുട്ടാവുമെന്നും ഹോംസ് ഇടക്ക് തമാശ പറയാറുണ്ട്…
ഞങ്ങള്‍ തമ്മില്‍ ചില വാരാന്ത്യങ്ങളില്‍ കാണാറുണ്ട്…കേസ് സംബന്ധി അല്ലാത്ത ചില കോമണ്‍ ടോപ്പിക്സ് ഞങ്ങള്‍ക്കിടയില്‍ ഉണ്ട്…സിനിമ.
ലോക സിനിമയിലെ ക്ലാസിക്കുകകളെ കുറിച്ച് ഹോംസ് എത്ര വേണമെങ്കിലും വാതോരാതെ സംസാരിക്കും…വഴക്ക് പിടിക്കും !!!
തന്റെ ഏക ആര്‍ഭാടമായ ഡിവിഡി പ്ലേയറും, എല്‍.സി.ഡി ടിവിയും, ഒറ്റ മുറി വീട്ടിലെ ഷെല്‍ഫുകളില്‍ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളും, ലോക സിനിമ ഡിവിഡികളുമായി ഒറ്റപ്പെട്ട ജീവിതത്തിനിടയിലേക്ക്,
തന്‍സീര്‍ ന്റെ കളക്ഷനില്‍ നിന്നും തിരഞ്ഞെടുത്ത ഏതെന്കിലും വിദേശ സിനിമാ ഡിവിഡിയുമായിട്ടാവും ഞാന്‍ മിക്കവാറും അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലാരു…മിക്കവയും അയാള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടാവും ഞാന്‍ കൊണ്ട് ചെല്ലുന്നതിനു മുന്‍പേ തന്നെ…ഇയാള്‍ക്ക് ഈ സിനിമകള്‍ എല്ലാം മുന്‍പേ
കൊടുത്തിരുന്നോ എന്ന് തന്‍സീര്‍നോട് ഞാന്‍ എപ്പോഴും കളിയായി ചോദിക്കും…
“സര്‍..ഒരാഴ്ചയായി അദ്ദേഹത്തെ പുറത്തെക്കൊന്നും കാണാറില്ല എന്ന് അയല്‍വാസികള്‍ പറഞ്ഞു..” – സരൂഫ് ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തി..
“ഉം..” ശരിയാവും കഴിഞ്ഞ ശനിയാഴ്ച ആണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്…ഞാന്‍ ചെല്ലുമ്പോള്‍ മാര്‍ക്കേസിന്റെ “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാള്‍…പതിനഞ്ചാമത്തെ പ്രാവിശ്യം ആണ് അത് വായിക്കുന്നത് എന്ന് അയാള്‍ പറഞ്ഞു…
നല്ല ഉറക്കം വരുന്നു കമ്മീഷണര്‍-നോവലിന്റെ effect ആവും, മറ്റൊന്നും പറയാനില്ലെങ്കില്‍ നമുക്ക് പിന്നെ കാണാം..എന്ന് പറഞ്ഞു അയാള്‍ എന്നെ ഒഴിവാക്കി…
ഏകാന്ത വാസവും, നീണ്ട വായനകളും, ചിലപ്പോള്‍ കുറെ നാളുകള്‍ അയാള്‍ ഉറങ്ങാറില്ല..ചിലപ്പോള്‍ ദിവസങ്ങളോളം അയാള്‍ ഉറങ്ങും…, ,നീണ്ട ധ്യാനം, ഇതെല്ലാം കൂടി അയാളെ സാധാരാണ മനുഷ്യര്‍ക്കില്ലാത്ത പല കഴിവുകളും ഉള്ള ഒരാള്‍ ആയി മാറ്റിയിരിക്കുന്നുവോ എന്ന് ഞാന്‍ സംശയിച്ചു
തുടങ്ങിയിരുന്നു…
പാടശേഖരം പിന്നിട്ടു..ചെറിയ വളവു തിരിഞ്ഞു കാര്‍ ഹോസ് താമസ്സിച്ചിരുന്ന വീടിന്റെ മുറ്റത്ത് എത്തി..ചുവപ്പ് നിറമുള്ള ചെമ്പകപൂക്കള്‍ ഉതിര്‍ന്നു കിടക്കുന്നു മുറ്റം നിറയെ…കിണറിന്നരികിലെ ചുവന്ന പൂക്കള്‍ വിരിയുന്ന അരളിച്ചെടിക്കു ചുറ്റും മഞ്ഞ വെയിലില്‍ ചിത്രശലഭങ്ങള്‍ വട്ടമിട്ടു പറക്കുന്നു….
പോലീസ്‌കാരെ കണ്ടിട്ടാവണം ചുരുക്കം ചില നാട്ടുകാര്‍ കൂടിയിട്ടുണ്ട് അവിടവിടെയായി…ആരും ഇത് വരെ മുറി തുറന്നു നോക്കിയിട്ടില്ല…ജനലിലൂടെ നോക്കിയാല്‍ ഹോംസ് കിടക്കുന്നത് കാണാം അകത്ത്…
ദ്രവിച്ചു തുടങ്ങിയ പടിവാതില്‍ തള്ളി തുറന്നു സരൂഫ് അകത്ത് കടന്നു..
“സാര്‍ ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് ടീം ഇപ്പോള്‍ വരും ” സരൂഫ് പറഞ്ഞു..
മാറാല പിടിച്ച പുസ്തക ഷെല്‍ഫുകള്‍ക്ക് നടുവില്‍ ഒരു ചാരു കസേരയില്‍ ഹോംസ് നീണ്ടു നിവര്‍ന്നു കിടക്കുന്നു…കയ്യില്‍ പാതി തുറന്നു വെച്ച “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍”
” ആരെയും അകത്തേക്ക് കടത്തി വിടേണ്ട ” – ഞാന്‍ പറഞ്ഞു..
——————————————————————————————–
As per Holmes

നീണ്ട ഒരു ഉറക്കം ആയിരുന്നു ….എത്ര ദിവസങ്ങള്‍ എന്നറിയില്ല….ഉച്ച വെയില്‍ ജനാലപടിയില്‍ തട്ടി ചിതറി മുഖത്തടിച്ച് പലകുറി ഉണര്‍ത്താന്‍ ശ്രമിച്ചത് പോലും അറിയാതെ ഉറങ്ങി…
ഉറക്കത്തില്‍ നിന്നും തെല്ല് ഉണര്‍ന്നു പെട്ടെന്നങ്ങ് നടന്നു തുടങ്ങി…തെരുവുകളില്‍ ആരവങ്ങള്‍ ഒടുങ്ങിയിരുന്നില്ല….ചുറ്റും ഒരു കനത്ത സ്വപ്നത്ത്തിലെന്ന പോലെ മുഖങ്ങള്‍ മിന്നി മറഞ്ഞു…
പ്രത്യേകിച്ച് വികാരങ്ങള്‍ ഒന്നുമില്ലാത്തെ മുഖങ്ങള്‍…നിഴലുപോലെ ചില മുഖങ്ങള്‍ പിന്തുടര്‍ന്നു…അവര്‍ക്കെന്തോ അറിയേണ്ടിയിരുന്നു എന്നില്‍ നിന്ന്…പക്ഷെ എനിക്കവരെ എത്ര മാത്രം സഹായിക്കാന്‍ കഴിയുമെന്നറിയില്ലായിരുന്നു…അവരെ സഹായിക്കേണ്ടത് എന്റെ കടമ ആയിരിക്കുന്നു..കാരണം അവര്‍ വിളിച്ച്
വരുത്തിയിട്ട് ആണല്ലോ ഞാന്‍ ഇവിടെ എത്തുന്നത്..!!!
പതുക്കെ തെരുവുകള്‍ പിന്നിട്ടു…നീണ്ട പിരിയന്‍ ഗോവണികള്‍ ഉള്ള പഴയ കെട്ടിടം ലക്ഷ്യമാക്കി വേഗം നടന്നു..ഇരുളിന്റെ തണുത്ത കാറ്റ് എന്റെ ഓവര്‍കൊട്ടും നീളന്‍ തൊപ്പിയും തഴുകി കടന്നു പോകുന്നുണ്ടായിരുന്നു…ഞാന്‍ വേഗം നടക്കുകയാണ്…
പിരിയന്‍ ഗോവണി ചുവട്ടില്‍ എന്നേയും കാത്ത് അയാള്‍ നില്‍ക്കുന്നുണ്ടായിരുന്നു…
“ഹോംസ് സഹായിക്കണം…ഇത്തവണ ഇത്തിരി കുഴപ്പം പിടിച്ച കേസ് ആണ്..”
ഗോവണി കയറുമ്പോള്‍ ഒതുങ്ങി നിന്ന യുവതിയെ അഭിവാദ്യം ചെയ്തു അയാള്‍ വീണ്ടും പടികള്‍ കയറി തുടങ്ങി…അവളുടെ മുഖത്തും ഒരു ഭാവവും ഇല്ല വിളറി വെളുത്ത മുഖം…പടികള്‍ കയറി പോകുന്നതിനിടെ ഞാന്‍ അവളെ ശ്രദ്ധിച്ചു..അവള്‍ താഴെ നിന്നും എന്നെ ഉറ്റു നോക്കി നില്‍ക്കുകയാണ്…
‘പ്രീമിയര്‍ സ്വല്‍പ്പം ദേഷ്യത്തിലാണ് ഹോംസ്..താങ്കള്‍ കഴിഞ്ഞ തവണ കേസ് തെളിയിക്കാന്‍ കൂടുതല്‍ സമയം എടുത്തു എന്നാണു അദ്ദേഹത്തിന്റെ പക്ഷം…ഒരു പാടു പേര്‍ കാത്തിരിക്കുന്നുണ്ട് കേസുകളുമായി…താങ്കള്‍ക്ക് മാത്രം തെളിയിക്കാനാവുന്നവ…”- അയാള്‍ പറഞ്ഞു..
ഞങ്ങള്‍ പിരിയന്‍ ഗോവണിയിലെ ഒരു പാടു സ്റ്റെപ്പുകള്‍ കയറി ഒടുവില്‍ ഒരു ഹാളില്‍ എത്തിപ്പെട്ടു…ഹോളിന്റെ അങ്ങേ തലക്കല്‍ പ്രീമിയരിന്റെ ചെയര്‍ ആണ്…
“ഹോംസ് ഞാന്‍ താങ്കളെ കാത്തിരിക്കുക ആയിരുന്നു…ഞങ്ങളുടെ ഈ ലോകം താങ്കളോട് കടപ്പെട്ടിരിക്കുന്നു..എങ്കിലും താങ്കള്‍ ഞങ്ങളുടെ കേസ്സുകള്‍ക്ക് കൂടുതല്‍ സമയം കണ്ടത്തി ചിലവഴിക്കണം..ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തി ഇല്ല…താങ്കള്‍ക്കെ ഞങ്ങളെ സഹായിക്കാന്‍ കഴിയൂ…”
പ്രീമിയര്‍ പറഞ്ഞു , വിളറി വെളുത്ത മുഖത്ത് നിന്നും ദേഷ്യം വേര്‍തിരിച്ചെടുക്കാന്‍ എനിക്കായില്ല…അയാള്‍ ഹോളിന്റെ മറു വശത്തേക്ക് നോക്കി…ഒരു പാടു പേര്‍ വിളറി വെളുത്ത മുഖമുള്ളവര്‍ കേസ്സ് കെട്ടുകളുമായി കാത്തു നില്‍ക്കുന്നു…
അല്ലെങ്കിലും മരിച്ചവരുടെ ഈ ലോകത്ത് എല്ലാവര്ക്കും വിളറി വെളുത്ത മുഖങ്ങള്‍ ആണല്ലോ..!!!
“ഹോംസ് നിങ്ങള്‍ക്കറിയാമല്ലോ..എന്ത് ഉത്തരവാദിത്തപ്പെട്ട പണിയാണ് നമ്മുടേത് എന്ന്…ഈ വന്നിരിക്കുന്നവര്‍ക്ക് എല്ലാം അറിയേണ്ടത് ഒരൊറ്റ ഉത്തരമാണ്..എങ്ങിനെ തങ്ങള്‍ കൊല്ലപ്പെട്ടു എന്ന്..അതറിയുന്നവര്‍ ഓരോരുത്തരായി ഇവിടം വിട്ടു മറ്റൊരു ലോകത്തേക്ക് മുക്തി നേടി പോകും…അതാണ് നമ്മുടെ
ഗ്രൌണ്ട് റൂള്‍..അതിനിപ്പോള്‍ ഇവിടെ ഞങ്ങളെ സഹായിക്കാന്‍ താങ്കള്‍ക്കെ കഴിയൂ…”
‘അറിയാം..പ്രീമിയര്‍..എനിക്ക് സഹായിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ…”- ഞാന്‍ പറഞ്ഞു..
“നിങ്ങള്‍ക്ക് നന്ദി ഹോംസ്…നിങ്ങളുടെ ഇന്നത്തെ കേസ് ഇതാണ്..സാവിത്രി വയസ്സ് ഇരുപത്തി എട്ടു…നിങ്ങളുടെ നഗരത്തില്‍ തന്നെ നടന്ന സംഭവം…ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്തിനു കൊല്ലപ്പെട്ടു എന്ന്…കൊല്ലം അഞ്ചാറു കഴിഞ്ഞു..അതു കൊണ്ട് തെളിവുകള്‍ തരാന്‍
എനിക്കുമാവില്ല..സാവിത്രിക്കും…നിങ്ങള്‍ കണ്ടു കാണും അവളെ ..കുറച്ചു മുന്‍പ് അവള്‍ ഇവിടെ നിന്നും താഴേക്ക് പോയതെ ഉള്ളൂ…”
“ഹും..കണ്ടിരുന്നു…” -ഞാന്‍ പറഞ്ഞു.
‘ഇതില്‍ തമാശ എന്താണെന്ന് വെച്ചാല്‍..കൊന്നവന്‍ പിന്നീട് കൊല്ലപ്പെട്ടു…ഇവിടുണ്ട്..ആ കൂട്ടത്തിനിടയില്‍ എവിടെയോ..അവനും ഓര്‍മ്മയില്ല..എന്തിനായിരുന്നു ആ കൊലപാതകം എന്ന്…അവനാവട്ടെ സ്വന്തം മരണത്തിന്റെ കാരണം തിരഞ്ഞു ഇവിടെ കയറി ഇറങ്ങുന്നു..നിങ്ങള്‍ക്കുള്ള പത്താമത്തെ കേസ് അതാണ്
ഹോംസ്
..” ഉറക്കെ ചിരിച്ചു കൊണ്ട് പ്രീമിയര്‍ പറഞ്ഞു…
‘ഞാന്‍ ശ്രമിക്കാം പ്രീമിയര്‍..രണ്ടു കേസും ഒരുമിച്ച് അന്വേക്ഷിച്ചാല്‍ ഒരു പക്ഷെ ഉത്തരം കിട്ടിയേക്കാം..”- ഞാന്‍ പറഞ്ഞു..
“ശരി ഹോംസ്…പക്ഷെ നിങ്ങള്‍ പെട്ടെന്ന് കണ്ടു പിടിച്ച് തരണം…നിങ്ങളെപോലുള്ള ഒരാള്‍ക്ക്- മരണ ലോകത്തിനപ്പുറവും ഇപ്പുറവും സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് പ്രത്യേകിച്ചും ഇത് നിസാരമല്ലേ..!!”
“പുകഴ്ത്തലുകള്‍ക്ക് നന്ദി പ്രീമിയര്‍…ഞാന്‍ ശ്രമിക്കാം അത്രയെ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയൂ..”
“ശ്രമിക്കൂ ഹോംസ്..പെട്ടെന്നാവണം…ഈ ലോകത്ത് എന്റെ ജോലിയുടെ പ്രഷര്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്ന് വിശ്വസിക്കുന്നു…അതു കൊണ്ട് നിര്‍ബദ്ധമായും നിങ്ങള്‍ ഏറ്റെടുക്കുന്ന കേസ്സുകള്‍ പെട്ടെന്ന് തീര്‍ക്കണം …” പ്രീമയര്‍ വിളറിയ മുഖം വിറപ്പിച്ച് പറഞ്ഞു..
“പ്രീമിയര്‍..ഞാന്‍ ശ്രമിക്കാം …എനിക്കുറങ്ങാന്‍ സമയമായ്…”ഞാന്‍ പറഞ്ഞു..
—————————————————————————————————
As per watson
ഹോംസിന്റെ വീടിന്റെ ചുറ്റുപാടും ഞങ്ങള്‍ തിരഞ്ഞു…ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങള്‍ അവിടെ കാണുന്നുണ്ടായിരുന്നില്ല…ഞാന്‍ പുറത്ത് കൂട്ടിയിട്ടിരിക്കുന്ന പഴയ കടലാസുകളില്‍ ചിലത് ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് സരൂഫ് ഓടി വന്നത്…
“സാര്‍..ഞങ്ങള്‍ക്കു സംശയം തോന്നി..അദ്ദേഹത്തിന്റെ ഞരമ്പുകള്‍ ഒന്നു കൂടി ശ്രമിച്ചു നോക്കി, ഡോക്ടര്‍..അത്ഭുതം ..അയാള്‍ക്ക് ജീവനുണ്ട്..”
ഞാന്‍ മുറിയിലേക്ക് കടന്നു ചെന്ന്..ഹോംസ് ഒരു ഉറക്കച്ചവാടോടെ ചോദിച്ചു..
‘ഹാ…കമ്മീഷണര്‍..നിങ്ങളും ഉണ്ടായിരുന്നോ…എന്താണ് പ്രശ്നം..”
“ഞങ്ങള്‍ സംശയിച്ചു ഹോംസ്..യഥാര്‍ത്തത്തില്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നു…”
“യെസ് ..കമ്മീഷണര്‍..ഒന്നുറങ്ങിപോയി..”
“അതെ..കുറച്ച് ദിവസം നീണ്ട ഉറക്കം..മരിച്ച പോലെ..” ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഹ ഹ ഹ…അല്ലെങ്കിലും നീണ്ട ഉറക്കങ്ങളെല്ലാം ചെറു മരണങ്ങള്‍ ആണല്ലോ..അല്ലെ കമ്മീഷണര്‍..”
‘ശരിയാണ്…ഞാന്‍ ഇറങ്ങട്ടെ ഹോംസ്…കണ്ടു കഴിഞ്ഞെങ്കില്‍ ആ ഡിവിഡി ഞാന്‍ എടുക്കുന്നു..”-ഞാന്‍ പറഞ്ഞു.
“എടുത്തോളൂ ഹോംസ്..ശരി…ഹേയ്..ഒന്നു നില്‍ക്കൂ..പറയാന്‍ മറന്നൂ..ഒരു സഹായം വേണം..ഒരു പേര്‍സണല്‍ കേസ് ആണ്…സാവിത്രി…മരണം നടന്നിട്ട് അഞ്ചു വര്ഷം ആയി..കൊന്നവന്‍ ശെല്‍വരാജ്..കഴിഞ്ഞ വര്ഷം പോലീസ് പിടിക്കുന്നതിനു മുന്‍പേ അവനും പോയി…കൊലപാതക രഹസ്യം ആര്‍ക്കും
അറിയില്ല ഇപ്പോള്‍..നമുക്ക് കണ്ടു പിടിക്കണം..താങ്കളുടെ ഇന്‍സ്പെക്ടറോടു പറഞ്ഞു ഫയലുകള്‍ ഒന്നു എടുത്തു തരാമോ…” ഹോംസ് പകുതി ചാരിയ വാതില്‍ അടക്കുന്നതിനു മുന്‍പേ പറഞ്ഞു..
“ചെയ്യാം ഹോംസ്”
‘നന്ദി കമ്മീഷണര്‍…യൂ നോ സംതിംഗ്..യു ആര്‍ മൈ റിയല്‍ വാട്സന്‍..ഹ ഹ ഹ..”
——————————————————————————————-