AUDIO VERSION – ഇവിടെ (രേണു ശ്രീവത്സൻ ശബ്ദം നൽകിയത് )
ഒരിക്കൽ ഒരു പൂപ്പാടത്തിന്റെ നടുവിലൂടെ ഒരു മഞ്ഞ പൂച്ച എങ്ങോട്ടോ നടന്നു പോകുകയായിരുന്നു. നിറയെ പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു പൂപ്പാടം. മഞ്ഞ ജമന്തികളും, ചുവപ്പ് റോസാപ്പൂക്കളും, വലിയ ഇതളുകളുള്ള സൂര്യകാന്തി പൂക്കളും ഒക്കെ പൂത്തു നിൽക്കുന്ന ഒരു പൂപ്പാടം. ഒരു തണുത്ത കാറ്റ് വീശിയാൽ സുഗന്ധം ആകെ നിറയും അവിടെ. ആ മനോഹര പാടത്തിനു നടുവിലൂടെ മഴ വരുന്നതിനു മുൻപെ എവിടെയോ എത്താൻ വേണ്ടി സ്വൽപ്പം വേഗത്തിൽ നടക്കുകയായിരുന്ന മഞ്ഞ പൂച്ചക്ക് മുന്നിലേക്ക് പെട്ടെന്നായിരുന്നു ഒരു വെള്ളക്കടുവ പ്രത്യ്ക്ഷപ്പെട്ടത്.
മഞ്ഞപൂച്ച ഞെട്ടി വിറച്ച് പിന്നോട്ടു മാറി
വെള്ളക്കടുവ മുരടനക്കി മുന്നോട്ടു വന്നു ..എന്നിട്ടു ഉറക്കെ ഗർജ്ജിച്ചു
മഞ്ഞ പൂച്ച പേടിച്ചു പറഞ്ഞു “അയ്യൊ എന്നെ ഒന്നും ചെയ്യല്ലെ..”
വെള്ളക്കടുവ ചിരിച്ചു ” ഇല്ല..ഒന്നും ചെയ്യില്ല, നിന്നെ ഞാൻ തിന്നുകയെബ് ഉള്ളൂ..കുറെകാലമായി ഒരു പൂച്ചയെ തിന്നിട്ട്..അതും ഒരു മഞ്ഞ പൂച്ചയെ..” കടുവ ചിരിച്ചു.
“അയ്യൊ, ഇന്ന് എന്നെ തിന്നരുതെ, ഞാൻ ഒരു അത്യാവിശ കാര്യവുമായീ പോകുകയാണു”-മഞ്ഞ പൂച്ച കരഞ്ഞു കൊണ്ടു പറഞ്ഞു.
“എന്ത് അത്യാവിശം..എന്റെ വിശപ്പാണു എനിക്ക് പ്രധാനം..അതു കൊണ്ടിതാ നിന്നെ ഞാൻ തിന്നാൻ പോകുന്നു”
മഞ്ഞ പൂച്ച കരച്ചിൽ നിറുത്താതെ കടുവയുടെ കാലു പിടിച്ചു..” അല്ലയോ വെള്ളക്കടുവെ, താങ്കളുടെ നിറം പോലെ മനസ്സും ശുദ്ധം ആണെന്നു കരുതെട്ടെ..ഈ വയലിന്റെ അക്കരയുള്ള ഒരു കുഞ്ഞു മോൾക്ക് പറഞ്ഞു കൊടുക്കാനായി ദൂരെയുള്ള അവളുടെ മുത്തശ്ശിയമ്മ തന്ന ഒരു കഥയുമായി പോകുകയാണു ഈ ഞാൻ. കഥ കേൾക്കാതെ ആ കുഞ്ഞിമോൾ ഉറങ്ങില്ല..അതു കൊണ്ട് ഇപ്പൊ എന്നെ പോകാൻ അനുവധിക്കു..ഞാൻ പോയി കഥ പറഞ്ഞു കൊടുത്തിട്ടു തിരികെ വരാം നിനക്ക് ഭക്ഷണമാകാൻ”
“പറ്റില്ല..” സ്വൽപ്പം ആലോചിച്ചിട്ടു കടുവ പറഞ്ഞു..”അല്ലെങ്കിൽ വേണ്ട നിന്നെ എനിക്ക് വിശ്വാസം ഇല്ല..നീ തിരിച്ചു വന്നില്ലെങ്കിലോ , അതു കൊണ്ട് ഒരു കാര്യം ചെയ്യു..കഥ എനിക്ക് പറഞ്ഞു താ, ഞാൻ പോയി പറഞ്ഞു കൊടുത്തോളാം കുഞ്ഞിമോൾക്ക്, പിന്നെ കഥ എനിക്ക് ഇഷ്ടമായാൽ നിന്നെ ഞാൻ വെറുതെ വിടുകയും ചെയ്യാം ”
മഞ്ഞ പൂച്ച കഥ പറയാൻ തുടങ്ങി!!!
അപ്പോൾ പാടത്ത് നിന്നും പറന്നു വന്ന ഒരു ഓറഞ്ചു ചിത്രശലഭം വെള്ളക്കടുവയുടെ വാലിൽ വന്നിരുന്നു
മഞ്ഞ പൂച്ച കഥ തുടങ്ങി
പണ്ടു പണ്ടു ഒരു രാജ്യത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു!! അതി സുന്ദരിയായ ഒരു രാജകുമാരി! ചെറുപ്പം മുതൽക്കെ രാജകുമാരിയുടെ മാന്ത്രിക വിദ്യകൾ രാജ്യത്ത് പ്രസിദ്ധമായിരുന്നു. രാജകുമാരി മന്ത്രവടി ചുഴറ്റി അത്ഭുതകങ്ങൾ കാണിക്കുമായിരുന്നു. ചിലപ്പോൾ രാജകൊട്ടാരത്തിലെ പൂന്തോട്ടം നിറയെ ചിത്രശലഭങ്ങൾ നിറക്കുമായിരുന്നു അവൾ..ചിലപ്പോൾ മന്ത്രം ചൊല്ലി നേർത്ത ചിറകുകൾ വീശുന്ന മാലാഖമാരെ ഒരുക്കും അവൾ…മാലാഖമാർ ചിറകടിച്ച് അവൾക്ക് ചുറ്റും പാട്ടുകൾ പാടും..നൃത്തം ചെയ്യും.
അങ്ങിനെ, എന്തിനേറെ പറയുന്നു, രാജകുമാരിയുടെ പ്രശസ്തി നാനാ ദിക്കിലും എത്തി.
രാജകുമാരിയെക്കുറിച്ചുള്ള വാർത്തകൾ, ദൂരെ കാടിന്റെ നടുക്ക് കൊട്ടാരം കെട്ടി താമസിക്കുന്ന രാക്ഷസന്റെ കാതിലും എത്തി. അവൻ അവന്റെ കറുത്ത കുതിരപ്പുറത്തേറി കൊട്ടാരം ലക്ഷ്യമാക്കി കുതിച്ചു. രാജകുമാരിയുടെ മുന്നിലെത്തി,എന്നിട്ട് സ്വയം ഭീമകാര രൂപം സ്വീകരിച്ചു !! എന്നിട്ടവൻ രാജകുമാരിയോടു കൽപ്പിച്ചു..നീയല്ലെ മന്ത്രവിദ്യകൾ കാണിക്കുന്ന കുഞ്ഞു രാജകുമാരി. എവിടെ നിന്റെ മാജിക്..ഒരണ്ണം എന്നെയും കാണിക്കു!
നിന്നെ പോലുള്ള ദുഷ്ടന്മാരെ കാണിക്കാനുള്ളതല്ല എന്റെ മാജിക്, അത് പാവങ്ങളെ രസിപ്പിക്കാനുള്ളതാണു!!
ആ മറുപടി രാക്ഷസനു ഇഷ്ടമായില്ല..അവൻ മന്ത്രശക്തിയാൽ രാജകുമാരിയെ അന്ധയാക്കി..എന്നിട്ട് ദൂരെ കൊടും കാടിനു നടുവിലെ പാറക്കെട്ടിനു മുകളിലുള്ള തന്റെ കോട്ടക്കുള്ളിലെ ഒരു ഗുഹക്കുള്ളിൽ അവളെ തടവറയിലിട്ടു..
കാലങ്ങൾ കഴിഞ്ഞു…രാജകുമാരി എന്നും ആ ഗുഹക്കുള്ളിലിരുന്നു പാട്ടു പാടും..നല്ല മനോഹരമായ ഗാനം
പക്ഷെ എന്തു ചെയ്യാൻ കൊടുംകാടിനു നടുവിലുള്ള ഗുഹയിൽ നിന്നും അവളെ രക്ഷിക്കാൻ ആരും വന്നില്ല..
അങ്ങിനെ ഒരു ദിവസം, ഒരു രാജകുമാരൻ, കാടിനടുത്തുള്ള ഗ്രാമത്തിലൂടെ എങ്ങോട്ടൊ പോവുകയായിരുന്നു..ദാഹം തീർക്കാനായി കാട്ടരുവിയിൽ ഇറങ്ങി മുഖം കഴുകുമ്പൊഴാണു അവൻ ഒരു മനോഹരഗാനം കേട്ടത്..ആ പാട്ടിന്റെ പുറകെ അവൻ പതുക്കെ കോട്ടക്കരികിൽ എത്തി ചേർന്നു.
നമ്മുടെ രാജകുമാരിയുടെ പാട്ടായിരുന്നു!! രാജകുമാരൻ പതിയെ പാട്ടിനു പിന്നാലെ ആ കോട്ടയിലേക്ക് കയറാൻ ശ്രമിച്ചു!
പെട്ടെന്നു, രാക്ഷസൻ അവന്റെ മുന്നിൽ വന്നു അവനെ തടഞ്ഞു.
നീ എങ്ങോട്ടാണീ അതിക്രമിച്ചു കയറുന്നത്
അല്ല ഒരു പാട്ടു കേട്ടു..അതെവിടുന്നാണെന്നു നോക്കി വന്നതാ
പാട്ടൊ ഞാനൊന്നും കേട്ടില്ലല്ലൊ..
ദേ കേട്ടില്ലെ, എന്തു മനോഹരമായ ഗാനം..സ്വപ്നത്തിൽ ഇടക്ക് കേൾക്കാറുള്ളതു പോലേ..
ഓ, അതോ, അത് ഞാൻ വളർത്തുന്ന ഒരു പഞ്ചവർണ്ണ കിളിയുണ്ട്..അവൾ പാടുന്നതാ..അത്ര മനോഹരം ഒന്നും അല്ല..നീ ആദ്യമായി കേൾക്കുന്നത് കൊണ്ടു തോന്നുന്നതാ..
-രാക്ഷസൻ പറഞ്ഞു.
പക്ഷെ, എന്തൊ, വളരെ മനോഹരമായവൾ പാടുന്നുണ്ട്..ഞാനൊന്ന് കണ്ടോട്ടെ, ആ പഞ്ചവർണ്ണകിളിയെ..
ഞാൻ മന്ത്രം ജപിച്ച് ഭസ്മമാക്കെണ്ടെങ്കിൽ, ഓടിക്കൊ ഇപ്പൊ..-രാക്ഷസൻ ഗർജ്ജിച്ചു.
രാജകുമാരൻ തന്റെ കുതിരപ്പുറത്ത് കയറി ജീവനും കൊണ്ടു രക്ഷപ്പെട്ടു!
ഇതൊന്നും അറിയാതെ രാജകുമാരി പാട്ടു തുടർന്നു കൊണ്ടെയിരുന്നു!!
പതിയെ രാക്ഷസന്റെ കൂർക്കം വലി അവിടെങ്ങും നിറഞ്ഞു!! കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന രാജകുമാരൻ പുറത്ത് വന്നു..എന്നിട്ട് അവൻ ആ പാട്ടിന്റെ നൂലിഴകളിൽ പിടിച്ച് ആ കോട്ടക്കുള്ളിലേക്ക് പതുക്കെ കയറി ചെന്നു..ഗുഹക്കുള്ളിലെ തടവറയിൽ നിന്നു രാജകുമാരിയെ രക്ഷപെടുത്തി തന്റെ കുതിരപ്പുറത്ത് കയറി അതിവേഗം പാഞ്ഞു പോയി..
ദൂരെ നദിക്കരയിൽ എത്തിയപ്പോൾ അവൻ കുതിരയെ നിറുത്തി
രാജകുമാരി പുറത്തിറങ്ങി..നദിയിൽ നിന്നും ഒരു തുടം വെള്ളം കോരി മുഖം കഴുകി!
അത്ഭുതം എന്നു പറയട്ടെ, രാജകുമാരിക്ക് നഷ്ടപ്പെട്ട കാഴ്ച തിരികെ കിട്ടി..ഒപ്പം മന്ത്രശക്തിയും…
അപ്പൊഴെക്കും, രാക്ഷസൻ ഉറക്കെമെഴുന്നേറ്റിരുന്നു..അവൻ രാജകുമാരിയേയും രാജകുമാരനേയും തടഞ്ഞു..എന്തൊ മന്ത്രം ചൊല്ലി അവരെ ശിലയാക്കാൻ ഒരുങ്ങും മുൻപെ..രാജകുമാരി കണ്ണടച്ച് ഒരു മന്ത്രം ചൊല്ലി…
രാക്ഷസൻ ഒരു ഓറഞ്ച് ചിത്രശലഭം ആയി മാറി എങ്ങോട്ടൊ പറന്നു പോയി..രാജകുമാരനും രാജകുമാരിയും ഒരുമിച്ചു കുറേ കുറെനാൾ ജീവിച്ചു…
മഞ്ഞ പൂച്ച കഥ പറഞ്ഞു തീർന്നതും , വെള്ളക്കടുവ വാലൊന്നനക്കി..അവന്റെ വാലിൽ ഇരുന്ന് കഥ കേട്ടിരുന്ന ഓറഞ്ച് ചിത്രശലഭം പറന്നുയർന്ന് അവന്റെ മുഖത്ത് വന്നിരുന്നു..കടുവ പുഞ്ചിരിച്ചു..
“കൊള്ളാം നല്ല കഥ..എനിക്ക് ഒരുപാട് ഇഷ്ടമായി..എന്റെ മനസ്സു നിറഞ്ഞു..വരു നമുക്ക് കുഞ്ഞു മോളുടെ അരികിൽ ചെന്ന് ഈ കഥ പറഞ്ഞു കൊടുക്കാം..അവൾക്ക് ഇഷ്ടമാവും..”
അങ്ങിനെ അവർ മൂന്നു പേരും കൂടി , പാടം മുറിച്ചു കടന്ന്, കുഞ്ഞു മോളുടെ വീട്ടിൽ ചെന്നു കഥ പറഞ്ഞു കൊടുത്തു..
മുത്തിശ്ശിയമ്മ മഞ്ഞ പൂച്ചയുടെ കയ്യിൽ കൊടുത്തുവിട്ട ആ കഥ കേട്ട് അവൾ നന്നായി ഉറങ്ങി…
†***”””””””””””””””””””***********
Nallla eshttapettu
Thank you !