ഗോലിസോഡാ സില്‍മ കമ്പനി !!


SCENE -1

മൂന്നു മുറി വാടക കെട്ടിടത്തിന്‍റെ നീണ്ട വരാന്തയില്‍ അവര്‍ ഇരുന്നു…മുറ്റത്ത് മഴ തിമര്‍ത്തു പെയ്തു ഒരു തടാകം പോലെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു..അവര്‍ ഓരോരോ കടലാസ് വഞ്ചികള്‍ വരാന്തയില്‍ നിന്നും മഴ തീര്‍ത്ത തടാകത്തിലേക്ക് ആദ്യമായി വള്ളം നീറ്റില്‍ ഇറക്കുന്ന തുഴക്കാരുടെ ആഹ്ലാദത്തോടെ തള്ളിയിറക്കി…പായല്‍ പിടിച്ച ഓട്ടിന്‍ പാളിയിലൂടെ തുടര്‍ന്നു വീഴുന്ന മഴ ചാലുകള്‍ കെട്ടിക്കിടക്കുന്ന തടാകത്തില്‍ ഓളങ്ങള്‍ ഒരുക്കി…വെള്ളത്തിലകപ്പെട്ട ഒരു കൂനന്‍ ഉറമ്പ് കര തേടി നീന്തി…അവള്‍ മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന്..ഒരു തുളസിയില നീട്ടി ഉറുമ്പിനെ പതിയെ എടുത്ത് അവള്‍ ഉണ്ടാക്കിയ വഞ്ചിയില്‍ കയറ്റി…

അത് കണ്ടു അവന്‍ ചിരിച്ചു…പിന്നെ, ഒരു പാട്ടിലേക്ക് അവരിരുവരും വഴുതി വീണു…

“ഇലഞ്ഞി പൂമര ചോട്ടില്‍ കാറ്റേറ്റ് നില്‍ക്കുമ്പോള്‍..പൂങ്കുയില്‍ വന്നിരുന്നൊരു ചില്ലയുലഞ്ഞതും..
പൂക്കളൊരു മാരിയായ് മണ്ണിലേക്കിറ്റവേ ..എന്‍ കരളിലൊരു കവിതയായ് ഓര്‍മ്മകളുയരുന്നു…”

പാട്ടിലൂടെ അവര്‍ വേനലവധിക്കാലമെന്നോണം തൊടിയില്‍, മരച്ചുവട്ടില്‍, പുഴയരികില്‍ കൂട്ടുകരോടൊപ്പം ഓടി കളിച്ചു..

പാട്ടിനോടുവില്‍ ഒരു മറവു തിരിഞ്ഞു പോവുന്ന അംബാസിഡര്‍ കാറിന്റെ പിന്‍ സീറ്റിലെ ജനാലക്കരികില്‍ ഇരുന്നു..അവന്‍ കൈ വീശി…കയ്യില്‍ ചേര്‍ത്തു വെച്ച കടലാസ് തോണികളില്‍ മുറുകെ പിടിച്ച് അവള്‍ തിരികെ കൈ വീശി….

SCENE 2

തീയേറ്ററില്‍ വെളിച്ചം തെളിഞ്ഞു..ഇന്റര്‍വെല്‍ ആണ്…ഞാന്‍ ഷിന്റോയെ നോക്കി…അവന്‍ സിനിമയില്‍ നിറഞ്ഞു നിന്ന് എന്നെ നോക്കി തലയാട്ടി..അതിശയത്തോടെ…പിന്നെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി തെളിച്ചു..
ഇന്റര്‍വെലിനു പുറത്തെക്കിറങ്ങുന്ന ആള്‍ തിരക്കിനിടയിലൂടെ ഞങ്ങള്‍ രണ്ടു പേരും പുറത്തേക്കിറങ്ങി…മേല്‍ക്കൂരയില്ലാത്ത മൂത്ര പുരയ്ക്കുള്ളില്‍ മലിനമായ ഓട്ടപ്പാത്തിയിലൂടെ മൂത്രം ഒഴിക്കുമ്പോള്‍ ഇടവേള വരെ കണ്ട സിനിമ ആയിരുന്നു ഞങ്ങളുടെ മനസ്സില്‍ !!

SCENE 3

NARRATION BEGINS

ചില കഥകള്‍ അങ്ങിനെയാണ്…

വെള്ളി ചിറകും നീല നീളന്‍ വാലുമുള്ള തുമ്പികളെ പോലെ…താഴ്ന്നു, നമ്മുടെ കൈവിരല്‍ തുമ്പെത്തുവോളം കൊതിപ്പിച്ചു കുഞ്ഞു ചിറക്‌ ചലിപ്പിച്ച് അങ്ങിനെ നില്‍ക്കും…നമ്മള്‍ തൊട്ടു തോട്ടില്ലാ എന്നാവുമ്പോള്‍ പെട്ടെന്ന് പിടിതരാതെ ഒരു പറക്കലാണ്…ഒരു സ്വപ്നത്തിന്റെ ആഴമില്ലാത്തഅല്പ്പവിരാമങ്ങളിലാവും ചില കഥാ തന്തുക്കള്‍ നമ്മളെ തേടി വരിക…ഇതു വരെ കേട്ടിട്ടില്ലാത്ത ഈണങ്ങളുടെ, വരികളുടെ മധുരത്തോടെ അത് മനസ്സില്‍ തുളുമ്പി നില്‍ക്കും…ഒന്ന് കണ്ണ് ചിമ്മി ഉണരുമ്പോഴേക്കും, മറവിയുടെ മഹാതിരകളില്‍ പെട്ട് മറഞ്ഞിട്ടുണ്ടാവും അവ…

എണ്‍പതുകളുടെ അവസാന / തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങള്‍ ..!!!

ഒരു പാടു തുമ്പികള്‍ പാറി നടന്നിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചിരുന്നു സ്കൂള്‍ വിടുന്നതിനു മുന്‍പുള്ള ആ ഡ്രില്‍ പിരീഡ്…തുമ്പികള്‍ എന്ന് പറയുമ്പോള്‍പല തരത്തിലുള്ളവ..ഞാന്‍ മുന്‍പ്‌ പറഞ്ഞ പിടി തരാത്ത തുമ്പികളെ ഞങ്ങള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ തുമ്പികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്…പിന്നെ ചിലടൈപ്പ്‌ ഉണ്ട്…ഉരുണ്ടു, തിളങ്ങുന്ന തലയും നേരിയ ഓറഞ്ച് ചിറകുമുള്ള ഹെലികോപ്റ്റര്‍തുമ്പികള്‍…

തൊട്ടടുത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ മരുന്ന്(കീടനാശിനി)തളിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ കണ്ട ഏതോ കക്ഷി ഇട്ടതാണ് ആ പേര്…ഹെലികോപ്ടറിനെ പോലെ…വായുവില്‍ ചിറകടിച്ച് നില്‍ക്കാന്‍ മിടുക്കരാണ് ഹെലികോപ്ടര്‍ തുമ്പികള്‍…

പത്ത് ദിവസം ഓടിയാല്‍ പത്ത് ദിവസം ട്രിപ്പ്‌ മുടക്കുന്ന നാലുകണ്ടി സൂപ്പര്‍ഫാസ്റ്റ്‌ എന്ന ഒറ്റ ബസ്‌ ആയിരുന്നു സ്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ക്ക് ആശ്രയം…ട്രിപ്പ്മുടക്കങ്ങള്‍ പതിവായതോടെ സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള ട്രിപ്പുകള്‍ നടരാജ മോട്ടോര്‍സ് ഏറ്റെടുത്തു. ഒരു പാടു നടന്ന വഴികള്‍ ഞങ്ങളെ എന്നും കാത്തിരിക്കും !! വെള്ളാരംകല്ലുകള്‍ നിറഞ്ഞ പുഴകളും…ചിത്രശലഭങ്ങള്‍ ഉറക്കം തൂങ്ങികിടക്കുന്ന ആറ്റുവഞ്ചികള്‍ ഏറെയുള്ള പുഴയോരങ്ങളും…മണ്‍വരമ്പുകളും,ഒറ്റയടിപാതകളും…തൊട്ടാവാടിയും, മുള്ളിന്‍കായും, പേരറിയാത്ത ഒരു പാടു കിളികളും കൂട്ടു പോരുന്ന നടത്തങ്ങള്‍…അതിനിടയില്‍ വഴിപിരിയുന്നതിനു മുന്‍പേ പറഞ്ഞു തീര്‍ക്കുന്ന കഥകളും…മിക്കവയും ആയിടത്ത് കാണാന്‍ കഴിഞ്ഞ സിനിമകളുടെ കഥകള്‍ ആവും…ആവനാഴിയില്‍മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചു കുന്നിന്‍ ചെരിവുകളിലൂടെ ഓടുമ്പോഴായിരുന്നു കാര്‍ലോസ് ആ വെടി പൊട്ടിച്ചത്‌..!!

നമുക്കും സിനിമഎടുത്താലോ…സ്റ്റണ്ട് ഉള്ള സിനിമ…ഇന്ദ്രജാലം സിനിമ കണ്ടതിനു ശേഷം അവന്‍ സ്വയം ഇട്ട വിളിപ്പേര്‍ ആയിരുന്നു കാര്‍ലോസ്…!!

സമ്മര്‍ വെക്കേഷനുകളില്‍ പേരാമ്പ്ര സംഘത്തിലും, മേഘയിലും കളിക്കുന്ന സിനിമകള്‍ അമ്മാവനോടൊപ്പം പോയി കണ്ടു ഒരു തരം സിനിമാഭ്രമംബാധിച്ചിരുന്ന എനിക്ക് മറ്റാരെക്കാളും ആ ഐഡിയ ഇഷ്ടമായി…

അതിപ്പോ കാര്‍ലോസ് …നമ്മള്‍ എങ്ങിനാ സിനിമ എടുക്കുക…അതിനു കഥ വേണ്ടേ…അഫിനയിക്കാന്‍ ആളോള് വേണ്ടേ..സിനിമ എങ്ങിനാപിടിക്കുവാന്ന്‍ അറിയണ്ടേ…സിനിമ കണ്ടിട്ടുല്ലതല്ലാതെ ആരേലും സിനിമ പിടിക്കുന്നത് കണ്ടിട്ടുണ്ടോ…സുബൈര്‍ ചോദിച്ചു…

ഞാന്‍ ചുറ്റും നോക്കി…ഇല്ലാ ആരും ഇല്ല ഒരുത്തരം കൊടുക്കുവാന്‍…പിന്നെ, സ്വയം മുഴുവന്‍ കോൻഫിഡൻസും സംഭരിച്ച് കൊണ്ട് പറഞ്ഞു…ഞാന്‍കണ്ടിട്ടുണ്ട് സിനിമ പിടിക്കുന്നത്…പോരാത്തതിന് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട് !!

ഗുണ്ട്.

ഞങ്ങളുടെ സംസാരം മുഴുവനും ശ്രദ്ധിക്കാതെ മാറി നിന്നു ചോറ്റു പാത്ര അടപ്പില്‍ തോട്ടില്‍ നിന്നും അരിച്ച് കയറ്റിയ നെറ്റിയില്‍ പൊട്ട് ഉള്ള കുഞ്ഞു മീന്‍കൂട്ടത്തിനെ തോട്ടിലേക്ക് തിരികെ ഒഴുക്കി ഷിന്റോ മാനുവല്‍ ഉറക്കെ പറഞ്ഞു..

ഗുണ്ടാണ് ..ഇവന്‍ ഗുണ്ടിന്റെ ആശാനാണ്…പണ്ട് ഇവന്‍ ഇത് പോലെ ഒരു ഗുണ്ടടിച്ചത് ഓര്‍മ്മയില്ലേ..എന്തായിരുന്നു അത്…ഇവന്റെ വീട്ടില്‍ കുട്ടി കുതിര ഉണ്ടെന്നു…എന്നും രാവിലെ ഇവന്‍ അതിന്റെ പുറത്ത്‌ സവാരി നടത്താറുണ്ട് എന്ന്…പിന്നെ, ഞാന്‍ പോയി നോക്കിയല്ലേ മനസ്സിലാക്കിയത്‌ ഇവന്റെ വീട്ടില്‍ കുതിര പോയിട്ട് ഒരു പശുകിടാവ് പോലുമില്ല എന്ന്…ആകെയുള്ള ഒരു ആട്, കഴിഞ്ഞ മഴയ്ക്ക് കഴുത്തില്‍ കുരുക്ക് വീണു ചത്തും പോയി…അത് പോലൊരുഗുണ്ടാ ഇത്…ഒരു ചിനിമക്കാരന്‍ ..!!

ഷിന്റോ ഇത് ഗുണ്ടല്ലടാ…സത്യമാ….

സത്യമാണെങ്കില്‍ നീ മാതാവിനെ പിടിച്ച് ആണയിട്ട് പറ…

അതിനു ഞാന്‍ ഹിന്ദുവല്ലേ…കൃഷ്ണനെ പിടിച്ച് ആണയിടാം…ഇത് സത്യം…

മതി..എപ്പോഴാ നീ സിനിമേല്‍ അഭിനയിച്ചത്..

രണ്ടു വര്‍ഷം മുമ്പേ…ഞങ്ങള്‍ അച്ഛന്റെ സ്കൂളീന്നു ടൂര്‍ പോയില്ലേ ഊട്ടിക്ക്‌ ..ആപ്പേ അവിടെ ഷൂട്ടിംഗ് ഉണ്ടാരുന്നു…ഏതോ തമിഴ്‌ പടത്തിന്റെ..ഒരു പാട്ട് സീന്‍ആണെന്നാ തോന്നുന്നേ…ഭാഗ്യരാജ് നായികക്ക് ഒരു പൂവ്‌ എറിഞ്ഞു കൊടുക്കുമ്പോള്‍ അത് നിലത്ത് വീഴും..അതെടുത്ത്‌ നായികക്ക് കൊടുക്കുന്ന ഒരു കുട്ടിയില്ലേ..അത്…ഞാനാ..

ങാ…ഞങ്ങള്‍ കണ്ടില്ല…നീ കണ്ടോ..

ഇല്ല..തമിഴ്‌ പടം കാണാന്‍ വീട്ടി സമ്മതിക്കില്ല..അത് കൊണ്ട് ആ സീന്‍ വന്നോ എന്നറിയില്ല…

ഏതാ പടം..

ആവോ…പക്ഷെ ഒരു കാര്യം എനിക്കറിയാം..സിനിമ എടുക്കണേല്‍ ക്യാമറ വേണം…
ക്യാമറ ഇപ്പൊ എവിടുന്നു ഒപ്പിക്കും…എടാ ഷിന്റോ നിന്റപ്പന്‍ സ്റ്റുഡിയോയില്‍ അല്ലെ..അപ്പനോട് ചോദിച്ചാ കാര്യം നടക്കുമോ…
അപ്പന്‍ ചന്തിക്കിട്ട് നല്ല അടി വെച്ച് തരും..ഒന്നാലോചിച്ചിട്ടു അവന്‍ പറഞ്ഞു…ക്യാമറ കിട്ടില്ല..ഞാന്‍ രണ്ടു ലെന്‍സ്‌ അടിച്ചു മാറ്റിവെച്ചിട്ടുണ്ട്..അതെടുത്ത് വരാം…

അപ്പൊ ക്യാമറ റെഡി…ഇനി കഥ വേണ്ടേ…

നമ്മടെ ക്ലാസിലെ ശോഭന ഇല്ലേ..അവളുടെ കയ്യില്‍ നല്ലൊരു കഥയുണ്ട്..ഇന്നാളു സാഹിത്യ സമാജത്തിന് ജോസാര്‍ വായിച്ച് കേള്‍പ്പിചില്ലേ അവളെഴുതിയ കഥ…മറ്റേ…പുഴെടെ സൈഡില്‍ ഇരുന്നു ഒരു പെണ്‍കുട്ടി കരയുന്നതും…അവളുടെ കണ്ണീര്‍ പുഴയില്‍ വീഴുമ്പോള്‍ പൂക്കളാവുന്നതും…ആപൂക്കള്‍ തിരഞ്ഞു തിരഞ്ഞു ഒടുവില്‍ ഒരു രാജകുമാരന്‍ അവളെ തേടി എത്തുന്നതും ഒക്കെയുള്ള ഒരു കഥ…സാറ് പറയുകേം ചെയ്തു..മനസ്സില്‍സങ്കടമുള്ളവര്‍ക്കാണ് നല്ല കഥഎഴുതാന്‍ കഴിയുക എന്ന്..ഒറ്റ ശ്വാസത്തില്‍ അലക്സ്‌ പറഞ്ഞു നിറുത്തി..

നമുക്കെന്തിനാ കഥ..ഇന്നാള് സ്കൂളീന്നു കൊണ്ട് പോയി കാണിച്ച സിനിമയില്ലേ..ആഫ്രിക്കന്‍ സഫാരി..അതിലെവിടാ കഥ…നമുക്ക്‌ കഥ വേണ്ട…നമുക്ക്‌വൈകുന്നേരത്തെ തുമ്പി പിടുത്തം സിനിമയാക്കിയാല്‍ മതി..അതാവുമ്പോ കഥയും വേണ്ട…ശോഭനേടെ കഥയൊക്കെ സിനിമയാക്കണേല്‍ ഭയങ്കര ചിലവാ…ജോസ്‌ സാര്‍ അവളെ പുകഴ്ത്തി പറഞ്ഞത്‌ അന്നെ സുഖിക്കാത്ത ഞാന്‍ ആ കുശുമ്പ് മറച്ചു വെക്കാതെ വെളിപ്പെടുത്തി..!!

അപ്പൊ കഥ വേണ്ട…ക്യാമറ റെഡി…ഇനി നായിക വേണ്ടേ…ചോദിച്ചത് ടോജോ എന്ന കാര്‍ലോസ് ..

എടാ ..നമുക്ക്‌ ജെസിയെ നായിക ആക്കിയാലോ..അവക്കാണേല്‍ നിന്നെ ഇഷ്ടോം ഉണ്ട്..- അലക്സ്‌ ചോദിച്ചു
ഏതു ജെസി…ആ കറമ്പിയോ…-ഞാന്‍..
അതെന്നാടാ സിനിമേല് വെളുത്ത പെണ്ണുങ്ങളെ നായിക ആവാന്‍ പാടുള്ലോ..നിന്റെ സിനിമയാ എന്ന് പറഞ്ഞാന്‍ അവള്‍ ഫ്രീ ആയി അഫിനയിക്കും..ഈഷിന്റോ തന്നെ നിനക്ക് തരാനാ എന്ന് പറഞ്ഞു അവളുടെ വീട്ടീന്നു എത്ര പ്രാവിശ്യം അവളെക്കൊണ്ട് ശീമനെല്ലിക്കയും, ചാമ്പക്കയും, റോസ് ആപ്പിളും ഒക്കെ കൊണ്ട്വരീച്ചിട്ടുണ്ട്…അവള്‍ അഫിനയിക്കും എടാ..

ഛീ..എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി…

ശരി നമുക്ക്‌ നായിക വേണ്ട…എപ്പോഴാ നമ്മള്‍ സിനിമ പിടിക്കുന്നെ…ഷിന്റോ തിരക്ക് കൂട്ടി..
നാളെ .. – ഞാന്‍ പറഞ്ഞു…
ശരി ഞാന്‍ നാളെ ലെന്‍സ്‌ കൊണ്ട് വരാം…സുബൈര്‍ നീ നാളെ ഒരു വെളുത്ത തുണി കൊണ്ട് വരണം…

അതെന്തിനാ..

സിനിമ കാണിക്കണ്ടേ…തീയേറ്ററില്‍ കണ്ടിട്ടില്ലേ..വെളുത്ത തുണീല്‍ അല്ലെ സിനിമ കാണിക്കുന്നേ….

അപ്പൊ നമ്മുടെ സില്‍മേടെ പേരെന്താ…പടം പിടിക്കുന്ന കമ്പനീടെ പേരെന്താ…സുബൈര്‍ ചോദിച്ചു..

സില്‍മ അല്ലേടാ ..സിനിമ – ഞാന്‍ പറഞ്ഞു..

എന്തായാലും പേര് വേണ്ടേ…

ഗോലി സോഡാ സില്‍മാ കമ്പനി – എങ്ങിനെ ഉണ്ട് സുബൈര്‍ വലിയ ചിരിയോടെ അനൌണ്സ് ചെയ്തു..വര്‍ക്കി ചേട്ടന്റെ കടയില്‍ നിന്നും അമ്പതു പൈസക്ക് വാങ്ങിയ കറുത്ത പുളിയച്ചാര്‍ പ്ലാസ്റ്റിക്ക് കവര്‍ സഹിതം നോട്ടി നുണഞ്ഞു അവന്‍ പറഞ്ഞു…!!

കൊള്ളാം അത് മതി..എല്ലാവരും കൂടി പറഞ്ഞു…!!

അന്ന് ഞങ്ങള്‍ പിരിഞ്ഞു…ആ രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും ഒരേ സ്വപ്‌നങ്ങള്‍ മാറി മാറി കണ്ടു…എല്ലാം സിനിമയായിരുന്നു….!!!

SCENE 4

കാറ്റില്‍ ഒഴുകി വരുന്ന ഇല വന്നു മടിയില്‍ വീണു..പുഴയില്‍ വീണു കിടക്കുന്ന ആറ്റു വഞ്ചി ചെടിയില്‍ നിന്നും…മഞ്ഞയും, ഓറഞ്ചും, നീലയും നിറങ്ങളില്‍ ചിത്രശലഭങ്ങള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നു…റബര്‍ മരങ്ങള്‍ക്കിടയില്‍ വീണുകിടക്കുന്ന കരിയിലകളില്‍ കിടന്നു മുകളിലേക്ക് നോക്കുമ്പോള്‍ തലപ്പുകല്‍ക്കിടയിലൂടെ സൂര്യപ്രകാശം താഴേക്ക് വീണു..കയ്യിലെ വെള്ള കടലാസിലേക്ക് ലെന്‍സിലൂടെ റബ്ബര്‍ മരത്തലപ്പുകള്‍ പ്രതിബിംബങ്ങള്‍ തീര്‍ത്തു…!!മന്ദ താളത്തില്‍ , ചിലങ്കയുടെ ശബ്ദം നേര്‍ത്ത്‌ നേര്‍ത്തു വനവീടിനു ചുറ്റും …ചിലങ്കയിട്ട്‌ ആരോ നടക്കുന്നത് പോലെ…വിയര്‍പ്പ് ഉരുകിയപ്പോള്‍ ഞാന്‍ ഞെട്ടി എഴുന്നേറ്റു .. സ്വപ്നം മുറിഞ്ഞെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല…കാലന്‍ കോഴി കൂവുന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കാം..ഇക്കരെ കാലന്‍ കോഴി കൂവിയാല്‍ അക്കരെ മരണം ഉറപ്പ് എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത് ..!!!

SCENE 5

പിറ്റേന്ന്..സ്കൂളിനടുത്തുള്ള..കുളത്തില്‍ ഒരു ശവം പൊങ്ങി…കുടിയന്‍ ഗോപാലന്റെ …തലേന്ന് രാത്രി കുടിച്ച് ലക്കു കെട്ടു വഴി തെറ്റി കുളത്തില്‍ വീഴുകയായിരുന്നു…സുഭാഷിന്റെ അച്ചന്‍ ആയിരുന്നു..

കുടി മൂത്ത് , അരിശം കയറി..ഗോപാലന്‍ തന്നെ തീയിട്ട വീടിന്റെ പാതി വെന്ത കഴുക്കോലുകള്‍ മാത്രം അവശേഷിച്ച വീടിന്റെ തിണ്ണയിൽ  വെച്ച ശവശരീരം കണ്ടു, സുഭാഷിനെ ആശ്വസിപ്പിച്ച് എല്ലാവരും വരി വരിയായി സ്കൂളില്‍ തിരിച്ചെത്തി !!

SCENE 6

ഉച്ചയൂണിനു ശേഷം മൂത്രപ്പുരയില്‍ സന്ധിച്ചപ്പോള്‍ ഞങ്ങള്‍ അവരവരുടെ റോളുകള്‍ പറഞ്ഞുറപ്പിച്ചു…ഷിന്റോ ക്യാമറമാന്‍..ഞാന്‍ സംവിധായകന്‍..ഏറ്റവുംദൂരേക്ക്‌ മൂത്രം ഒഴിക്കുന്നയാള്‍ നായകനും…സുബൈര്‍ വിജയിച്ചു…നായകന്‍ ആയി.

പിന്നീട് നടന്ന പിരിയീട്കളില്‍ ഒന്നും ഞങ്ങള്‍ ക്ലാസ്സില്‍ മനസ്സ് കൊണ്ട് ഇരുന്നില്ല….ഡ്രില്‍ പിരിയഡ് വേഗം ആവാന്‍ ഓരോരുത്തരും പ്രാര്‍ഥിച്ചു…പി.ടി സാര്‍അന്ന് ലീവായത്‌ കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്‌ ചെയ്യാം…

SCENE 7

തുമ്പികള്‍ ഇളം വെയിലിനോടോപ്പം പറന്നിറങ്ങി…ഞങ്ങളുടെ ക്ലാസ് മുറിയുടെ നേരെ മുന്നില്‍ ആണ് ഗ്രൌണ്ട്… ദ്രവിച്ചു തുടങ്ങിയ… തടികൊണ്ടുള്ള ജനലുകള്‍ എല്ലാം അടച്ചിട്ട് ക്ലാസ്‌മുറിയില്‍ ഇരുട്ട് വരുത്തുവാന്‍ ആദ്യമേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു….അത് ആദ്യം ചെയ്തു…ക്ലാസിലെ പെണ്കുട്ടികളെയും, ചില ആണ്‍കുട്ടികളെയും ആദ്യമേ തന്നെ ചട്ടം കെട്ടിയിരുന്നു പ്രേക്ഷകര്‍ ആവാന്‍…അവര്‍ അക്ഷമയോടെ ഇരുന്നു…

ക്ലാസ്‌ മുറിയുടെ വാതില്‍ അടച്ചു…ജനാലയുടെ വിടവില്‍ ഷിന്റോ ലെന്‍സ്‌ ചേര്‍ത്ത് വെച്ചു….ഒരു ലെന്‍സ്‌ വെക്കാന്‍ പാകത്തില്‍ വട്ടമുള്ള ആ വിടവ്‌കണ്ടു പിടിച്ച അവന്റെ സാമര്‍ഥ്യത്തെ ഞാന്‍ മനസ്സ് കൊണ്ട് പുകഴ്ത്തി…

അലക്സ്‌ വെള്ളത്തുണിയുമായി എതിര്‍ വശത്തുള്ള ചുമരില്‍ പോയി നിന്ന്…സുബൈര്‍ “അഫിനയിക്കാന്‍” തയ്യാറായി പുറത്തെ വരാന്തയില്‍ നിന്ന്…പരി പൂര്‍ണ്ണനിശബ്ദത….എല്ലാവരും വെള്ള സ്ക്രീനിലെക്കും

എന്റെ ചുണ്ടിലെക്കും അക്ഷമയോടെ നോക്കി നില്‍ക്കുന്നു….

ഊട്ടിയില്‍ കണ്ട ഷൂട്ടിംഗിന്റെ അനുഭവ ഓര്‍മ്മയില്‍ ഞാന്‍ അലറി…ആക്ഷന്‍…..

സുബൈര്‍ വരാന്തയിലൂടെ നടന്നു….

ഞങ്ങള്‍ എല്ലാവരും സ്ക്രീനിലേക്ക് നോക്കി…

മഴവില്ലിന്റെ നിറത്തില്‍ ഒരു മങ്ങല്‍ മാത്രം…ഒന്നും വ്യക്തമല്ല…ഷിന്റോ ലെന്‍സ്‌ അഡ്ജസ്റ്റ്‌ ചെയ്തു…കുറച്ച് മാറ്റി പിടിച്ചു…മങ്ങല്‍ മാറുന്നില്ല….അവന്‍ അലക്സിനെ തുണിയുമായി അടുത്തേക്ക് വരാന്‍ വിളിച്ചു…
ഒരു ആരവത്തിന്റെ കൈയ്യടിയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു….ദൃശ്യങ്ങള്‍ വ്യക്തമാവുന്നുണ്ട്…ഒരു ചെറിയ ചതുരത്തിന്റെ ഫ്രെയിമില്‍ ഞങ്ങള്‍ക്ക്‌ കാണാം ചിലനിഴലനക്കങ്ങള്‍….സുബൈര്‍ നടക്കുന്നുണ്ട്…മഴവില്‍ നിറങ്ങള്‍ അരികുകളില്‍ പറ്റി പിടിച്ചിരിക്കുന്നു…

പെട്ടെന്ന്‍ എല്ലാവരും ചിരിച്ചു…സുബൈര്‍ നടക്കുന്നത് തല കുത്തനെ ആണ്…
പ്രശനം ആയല്ലോ…എനിക്ക് ടെന്‍ഷന്‍ കയറി..

ഷിന്റോ മാത്രം ഒന്നും പറഞ്ഞില്ല…അവന്‍ ചെറിയ ഒരു ചിരിയോടെ പോക്കറ്റില്‍ നിന്നും മറ്റൊരു ലെന്‍സ്‌ എടുത്തു…കൈനോട്ടക്കാരുടെ പക്കല്‍ കണ്ടു വരുന്നത് പോലത്തെ നീളന്‍ പിടിയുള്ള ഒരു ലെന്‍സ്‌…തനിക്ക്‌ ഒരു റോളും ചെയ്യാനില്ലാത്ത വിഷമത്തില്‍ മാറി നിന്നിരുന്ന കാർലോസിനെ വിളിച്ച് അവന്‍ ആ ലെന്‍സ്‌ കൈമാറി..ഞങ്ങളുടെ അസിസ്റന്റ് ക്യാമറാ മാന്‍…എനിക്ക് ഷിന്റോയോട് ബഹുമാനം വര്‍ദ്ധിച്ചു…അവന്‍ കാർലോസിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു…ഞാന്‍സുബൈര്‍നോട് നടക്കാന്‍ പറഞ്ഞു…സുബൈര്‍ ഡാന്‍സ്‌ കളിച്ചു…

എല്ലാവരും ആകാംഷയോടെ സ്ക്രീനിലേക്ക് നോക്കി….കാണാം ഇപ്പൊ ഞങ്ങള്‍ക്ക്‌ വ്യക്തമായി കാണാം…മഴവില്‍ വര്‍ണ്ണത്തില്‍ ചെറു ഫ്രെയിമിനുള്ളില്‍ ഡാന്‍സ്‌ കളിക്കുന്ന സുബൈര്‍…എല്ലാവരും കയ്യടിച്ചു…!!

പെട്ടെന്ന്‍ റോസ്മേരി ചോദിച്ചു…

ഈ പടത്തില്‍ പാട്ടില്ലേ…

ഉണ്ട് പാട്ടുണ്ട്..ഞാന്‍ പറഞ്ഞു..സാഹിത്യ സമാജത്തിലെ സ്ഥിരം പാട്ടുകാരന്‍ ജോസഫിനെ ഞാന്‍ വിളിച്ചു..ഒരു പാട്ട് പാടാന്‍ പറഞ്ഞു, തിരശീലക്കടുത്തെക്ക് ചേര്‍ത്ത് നിര്‍ത്തി…അവന്‍ തിരശീലയോടു ചേര്‍ന്ന് നിന്ന് മുരടനക്കി…പതിവ് ഗാനം പാടാന്‍ തയ്യാറെടുത്തു…ഷിന്റോ അഭിമാനത്തോടെ എന്നെ നോക്കുന്നത് ഇടം കണ്ണിട്ടു ഞാന്‍ ശ്രദ്ധിച്ചു…

ജോസഫ്‌ പാടി തുടങ്ങി..

കൂത്തമ്പലത്തില്‍ വെച്ചോ…കുറുമൊഴി കുന്നില്‍ വെച്ചോ..
കുപ്പി വള ചിരിച്ചുടഞ്ഞു…നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞു..
കുളപ്പുര കല്ലില്‍ വെച്ചോ…ഊട്ടുപുരക്കുള്ളില്‍ വെച്ചോ..
അരമണി നാണം മറന്നു….നിന്റ അരമണി നാണം മറന്നു…
———————————-
——————————-
വരികളുടെ അര്‍ഥം അറിയാതെ അവന്‍ പാടി തകര്‍ക്കുകയാണ്…

സുബൈര്‍ ഡാന്‍സ്‌ നിറുത്തിയിട്ടില്ല….ഞാനും ഷിന്റോയും ആദ്യ സിനിമ വിജയിച്ച സന്തോഷത്തില്‍ പരസ്പരം അഭിമാനത്തോടെ നോക്കി..എല്ലാവരുംകയ്യടിച്ചു….ഞങ്ങളുടെ സിനിമക്കോ, ജോസഫിന്റെ പാട്ടിനോ എന്നറിയാതെ അഭിമാനം പടര്‍ന്നിരുന്നു ഞങ്ങളുടെ മുഖത്ത്‌….

സൂര്യന്‍ തീക്ഷ്ണതയോടെ കുന്നിന്‍ ചെരുവിലെക്ക് ഒന്ന് ഇടറി…ഒരു കൂട്ടം അഗ്നിചാപങ്ങള്‍..ലെന്സുകളില്‍ തട്ടി ഊര്ജമേറി തിരശീലയിലേക്ക്‌പടര്‍ന്നു…തീ പിടിച്ചത്‌ ലെന്‍സിനോ തുണിക്കോ എന്നറിയാതെ…ഷിന്റോയും ടോജോയും ഒരേ സമയം ലെന്‍സുകള്‍ താഴെയിട്ടു…മഴവില്‍ തുണ്ടുകളായി അവസിമിന്റ് പരുക്കന്‍ ഇട്ട തറയില്‍ വീണുടഞ്ഞു…

SCENE 8

NARRATION

കറുത്ത കാറില്‍ ..കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് മോഹന്‍ലാല്‍ …പിന്നാലെ പോലീസ് ഉണ്ട്…ഒരു വളവില്‍ വെച്ച് പോലീസ് ജീപ്പ് മോഹന്‍ലാലിന്റെ കാറിനെ വളഞ്ഞിട്ട് പിടിക്കുന്നു…ഭയങ്കര നിശ്ശബ്ദത…പോലീസായി മമ്മൂട്ടി…ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ ..വന്നു…കാറിന്റെ സൈഡ് കണ്ണാടിയില്‍ ലാത്തി കൊണ്ട് തട്ടി…മോഹന്‍ലാല്‍ പതുക്കെ കണ്ണാടി താഴ്ത്തി…മമ്മൂട്ടി പറഞ്ഞു..നിങ്ങള്‍ ആരാണ്…എങ്ങോട്ട് പോകുന്നു..എന്താ കാറില്‍…

മോഹന്‍ലാല്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു-“കുറെ ചോദ്യങ്ങള്‍ ഉണ്ടല്ലോ ഇന്‍സ്പെക്ടര്‍…, ഞാന്‍ ഒരു പാവം കള്ളക്കെടുത്തുകാരന്‍..കാറില്‍ കുറച്ച് ബിസ്ക്കറ്റ്…എന്താ വണ്ടി പരിശോധിക്കണോ..”
മമ്മൂട്ടി ചിരിച്ചു കാണിച്ചിട്ട് പറഞ്ഞു – “വേണ്ട സോറി..പൊയ്കോളൂ..”
മോഹന്‍ ലാല്‍ കാറോടിച്ച് ദൂരേക്ക് പോയി…
അപ്പൊ സ്ക്രീനില്‍ ഇങ്ങനെ എഴുതി വെരുകയാ – കഥ തിരക്കഥ സംവിധാനം ജോസഫ് !! – പറഞ്ഞു നിര്‍ത്തി ജോസഫ്

സംവിധാനം നീയല്ല..ഞാനാ…- ഞാന്‍ തിരുത്തി.

നിര്‍മ്മാണം…ഗോലിസോഡാ സിലിമാ കമ്പനി – സുബൈര്‍ – സുബൈര്‍ കൂട്ടി ചേര്‍ത്തു ഞങ്ങള്‍ എല്ലാവരും ചിരിച്ചു…

അപ്പോഴും ഞങ്ങളുടെ(എന്റെ, ഷിന്റോയുടെ, സുബൈറിന്റെ, അലക്സിന്റെ, ടോജോയുടെ )കണ്ണുകളില്‍ അഭിമാനം പൂത്തു നില്‍ക്കുന്നത്‌ ഒരു സ്ലോമോഷന്‍ ഷോട്ട് പോലെ ..എനിക്ക് കാണാമായിരുന്നു……

END

അനുബന്ധം :

ഏകദേശം ഇരുപത്- ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു കാഴ്ച ആണ്..സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള കൂട്ടം ചേര്‍ന്ന നടപ്പിനിടയില്‍ .. ഒരു ചെറിയ പുഴ ഇറങ്ങികയറി പതിവ് വഴിയില്‍ നിന്നും വ്യത്യസ്തമായ റൂട്ടില്‍ ആണ് അന്നത്തെ മടക്ക യാത്ര…ചുണ്ടത്തും പോയില്‍ – പനംപിലാവ് വഴി എടക്കാട്ട് പറമ്പില്‍ എത്തും പിന്നെ അവിടെ നിന്നും കുന്നിറങ്ങി കുറച്ച് നടന്നാല്‍ വീടായി-ഓര്‍മ്മ ശരിയാണെങ്കില്‍ ഒറ്റയടി പാതകളും, തോട്ട് വക്കുകളും, റബ്ബര്‍ / തെങ്ങ് / കവുങ്ങിന്‍ തോപ്പുകളും, പുരയിടങ്ങളും, വല്ലപ്പോഴും ജീപ്പ് കടന്നു പോകുന്ന നാട്ടു വഴികളും ഒക്കെയായി നാലഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ കാണും ദൂരം-, എന്നാലും കൂടെ നടക്കാന്‍ ഒരു പാടു കൂട്ടുകാര്‍ ഉള്ളത് കൊണ്ട് ആ റൂട്ട് ആയിരുന്നു എനിക്കിഷ്ടം. സ്കൂളിനു- (ഗവ യു പി സ്കൂള്‍ ചുണ്ടത്ത് പൊയില്‍ )  കുറച്ചധികം അല്ലാതെയുള്ള ചെറിയ തോടു മുറിച്ച് കടക്കുംപോഴായിരുന്നു വിസ്മയിപ്പിച്ചു കൊണ്ടുള്ള ആ കാഴ്ച.  പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന ആറ്റു വഞ്ചി ചെടിയില്‍ (കുട്ടികളെ വിരട്ടാന്‍ മാസ്റ്റര്‍മാര്‍ക്ക് ഇഷ്ടം ആറ്റു വഞ്ചിയുടെ വടിയാണ്..ക്ലാസ് ലീഡര്‍ന്റെ ഡ്യൂട്ടിയാണ് വടി വെട്ടി കൊണ്ട് വെക്കുക എന്നത്..ഒരു പക്ഷെ ആറ്റു വഞ്ചി വടി ഒടിക്കാന്‍ കൂടിയാവണം അന്നാ വഴി തിരഞ്ഞെടുത്തത്….) നിന്ന് പൊടുന്നനെ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ കൂട്ടമായി പറന്നുയരുന്നു..പല നിറങ്ങളില്‍ ഉള്ളവ…മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന ചിറകുള്ളവ,  നീലയും – കറുപ്പും ചേര്‍ന്ന ചിറകുള്ളവ..എത്രയെന്നറിയില്ല..മഞ്ഞ വെയിലില്‍, പുഴയോരത്ത് അവയോന്നോന്നോന്നായി ഉറക്കം തൂങ്ങി കിടന്ന ആ ചെടിയുടെ തണ്ടില്‍ നിന്നും പറന്നുയരുന്നു…ഓ ..എന്ത് മനോഹരം..അവസാനത്തെ ചിത്രശലഭവും പറന്നു മറയുന്നത് വരെ ആ കാഴ്ച നോക്കി നിന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു കുട്ടിയാവും..!!! പിന്നീട് പലതവണ സ്വപ്നങ്ങളില്‍ , പകലുറക്കങ്ങലുടെ ഭ്രമിപ്പിക്കുന്ന ഇടവേളകളില്‍ ആ കാഴ്ച റിപ്പീറ്റ് മോഡില്‍ വന്നു കൊതിപ്പിച്ചിട്ടുണ്ട് !!! ഏത് ചായാഗ്രാഹകന് കഴിയും ആ രംഗം പുന:സൃഷ്ടിക്കാന്‍ – അറിയില്ല..!! അന്ന് ആ യാത്രയില്‍ കൂട്ടുണ്ടായിരുന്നവര്‍ ഇന്ന് പലയിടങ്ങളില്‍…ഓര്‍ക്കുന്നുണ്ടാവുമോ അവരീ കാഴ്ച – അറിയില്ല..!!!

വായിലെപ്പോഴും അരി കൊറിച്ച് കൊണ്ട് നടക്കുന്ന ഒരു വൈദ്യര്‍ ഉണ്ടായിരുന്നു നാട്ടില്‍. ആരോടും ഉരിയാടാതെ അരിയും കൊറിച്ച്, മുഖം കൂര്‍പ്പിച്ച് നടന്നു വരുന്ന അയാളെ എനിക്കെപ്പോഴും പേടി ആയിരുന്നു…വീട്ടില്‍ നിന്നും കുറച്ചകലെ കിണറടപ്പ് എന്ന ഗ്രാമത്തില്‍ ആയിരുന്നു റേഷന്‍ കട. വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന തോമാച്ചന്‍ ചേട്ടന്റെ കൂടെ പുഴ ഇറങ്ങി, കശുമാവിന്‍ തോട്ടങ്ങള്‍ പിന്നിട്ടു സിനിമാ കഥകളും പറഞ്ഞു നടന്നു പോകുംപോഴാവും വളവു തിരിഞ്ഞു വൈദ്യര്‍ പെട്ടെന്ന്‍ മുന്നിലെത്തുക.

ഇന്നും ചില സ്വപ്നങ്ങളില്‍ അദ്ദേഹം ഓര്‍ക്കാപ്പുറത്ത് കടന്നു വരുമ്പോള്‍ ശരീരം വിയര്‍ക്കും…!!!

ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും, ഇല വീണു വഴി മറഞ്ഞു പോയ കശുമാവിന്‍ തോട്ടങ്ങളും, തവിട്ടു നിറത്തിലുള്ള കായകള്‍ പമ്പരമാക്കി ഓടി കളിച്ച റബ്ബര്‍ മരങ്ങള്‍ വരിയോത്ത കുന്നിന്‍ ചെരുവുകളും എല്ലാം വന്നും പോയും കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ക്ക് ഇടയില്‍ ആണ് ഈ കഥ മനസ്സിലേക്ക് വരുന്നത്..നടന്ന സംഭവമാണോ എന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല, ഒരു പക്ഷെ വര്‍ഷങ്ങളായി മനസ്സ് സൃഷ്ടിച്ച സ്വപ്നവും ആവാം..എന്തായാലും സുഹൃത്തുക്കളെ, ഈ കഥ പലകുറി തിരുത്തി, തിരുത്തി, മനസ്സിലും, പേപ്പറിലും, നോട്പാഡിലും ആയി എഴുതാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി..ഓരോ തവണ എഴുതുമ്പോഴും വലുതാവുന്നുണ്ട് കഥ (ഇനിയും എഴുതാത്ത ഒരുപാടു ഉപകഥകൾ ഉൾപ്പെടെ )!!

ഒരിക്കല്‍ ഞാന്‍ ഇത് സിനിമയാക്കും – ഇന്‍ഷാ   അള്ളാ- പതേര്‍ പാഞ്ചാലി പോലെ, ചില്‍ട്രന്‍ ഓഫ് ഹെവന്‍ പോലെ, സിനിമാപാരടെസ്സോ പോലെ, വിവാ ക്യൂബ പോലെ – ഒരു റിയലിസ്റിക് സിനിമ. അതി മോഹം ആണോ എന്നറിയില്ല..എന്നാലും എത്ര വര്‍ഷമെടുത്താലും,  കാലം എത്ര മാറിയാലും, സിനിമ എന്ന സങ്കല്പം തന്നെ ലോകത്ത് നിന്ന് ഇല്ലാതായാതാലും, ഈ സിനിമ സംഭവിച്ചിരിക്കും !!!

കുടുംബത്തിനും, ജോലിക്കും ചിലവഴിക്കുന്ന സമയത്തില്‍ നിന്നും ഒരു തരി പോലും എടുത്ത് മാറ്റാതെ സ്വന്തമായി കട്ടെടുക്കുന്ന സമയം ഉപയോഗിച്ചാണ് എഴുതാറുള്ളത്..!! അത് പോലെ തന്നെയാവണം  ഇത് വായിക്കുന്നവരുടെ സമയവും.  വായിക്കൂ അഭിപ്രായം അറിയിക്കു. ലൈക്കിനോ, കമന്റിനോ വേണ്ടി അല്ല..നമ്മള്‍ എഴുതിയത് ആര്‍ക്കെങ്കിലും കണക്റ്റ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. എഴുതുന്ന ആളിന്റെ ആത്മ സംതൃപ്തിക്ക് വേണ്ടിയാണെങ്കില്‍ ഒരിക്കലും എഴുതേണ്ട ആവിശ്യമില്ല..കാരണം – എഴുതി വെക്കുന്നതിലും ഭംഗിയായി മനസ്സില്‍ തെളിയാറുണ്ട് ഓരോ കഥകളും 🙂
സോ, വായിക്കൂ – ഇഷ്ടമായാലും ഇല്ലെങ്കിലും മെസേജ് ചെയ്യൂ !! വിഷ് യു ഹാപ്പി ഡേയ്സ് !!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )