തൊണ്ണൂറുകളുടെ ഒരു മധ്യവേനൽ പകൽ…ആകാശം തുളച്ചൊരു വെടിയൊച്ച…ചിലർ കേട്ടു..ചിലർക്ക് കേട്ടത് പോലെ തോന്നി..ചിലർ കേട്ടതേ ഇല്ല…
രണ്ടു മലകൾക്ക് ഇടയിലെ ചെരുവിലായിരുന്നു വീട് ഇരുന്നത്..അത് കൊണ്ട് തന്നെ വീട്ടുകാർക്കും അയൽവാസികൾക്കും ഏതു മലമുകളിൽ നിന്നാണ് വെടിയൊച്ച മുഴങ്ങിയത് എന്ന് തിട്ടമില്ലായിരുന്നു…
പുലിചാടിയകുളത്തിൽ കുഞ്ഞേട്ടൻ, കിഴക്കേ മലയുടെ മുകളിലെ തന്റെ പുരയിടത്തിൽ പശുവിനെ തീറ്റിക്കുക ആയിരുന്നു..കള്ളി മുണ്ട് മടക്കി കുത്തി, തലയിലെ വിയർപ്പ് മണം നിറഞ്ഞ ചുമന്ന തോർത്ത് മുറുക്കി കെട്ടി, താഴെ റബർ പ്ലാറ്റ്ഫോമിൽ പുല്ല് അരിയുകയായിരുന്ന സ്വപത്നി കുഞ്ഞെലിയെ കൂവി വിളിച്ച് ചോദിച്ചു..
“എടി കൂവേ, നീ കേട്ടായിരുന്നൊടി ഒരു വെടി പൊട്ടുന്ന ഒച്ച..”
കേൾവിക്ക് അല്പ്പം പിന്നോക്കാവസ്ഥയിൽ ആയ കുഞ്ഞേലി മുരടനക്കുക മാത്രം ചെയ്തു..ചെന വരാത്ത പശുവിനെ കുറിച്ച് ഓർത്ത് മനസ്സിൽ വേവലാതി കൂട്ടി…
കൂഴച്ചക്ക കുരുവടർന്ന് വീണു ചീഞ്ഞളിഞ്ഞ മണം മുറ്റി നില്ക്കുന്ന റബർ പ്ലാറ്റ്ഫോമുകൾക്കിടയിലൂടെയുള്ള കുത്തൻ ഇറക്കങ്ങളിലൂടെ ഓടി, പശുവിനെയും തെളിച്ച് കുഞ്ഞേട്ടൻ താഴെ മാസ്റ്റരുടെ വീട്ടിലേക്ക് ഓടി കയറി..
“മാഷെ, ടീച്ചറെ…കേട്ടാരുന്നൊ ഒരു വെടിയൊച്ച”
ചുണ്ട് മൂടിക്കിടന്ന മീശ കത്രിക കൊണ്ട് വെട്ടിയൊതുക്കി കൊണ്ടിരുന്ന മാസ്റർ കത്രിക താഴെയിട്ട് അടുക്കള ഭാഗത്ത് നിന്ന് എത്തി നോക്കി ചോദിച്ചു
“എന്നതാ..കുഞ്ഞേട്ടാ..”
“വെടിയൊച്ച കേട്ടാരുന്നോന്നു..”
“വെടിയൊച്ചയൊ…??” മാസ്റർ അത്ഭുതപ്പെട്ടു..
അടുക്കളയിൽ നിന്നും പാത്രം കീഴെയിട്ട് ടീച്ചർ ഒച്ച വെച്ചു…
“ഞാൻ കേട്ടു…എന്തോ പൊട്ടുന്ന പോലൊരു ശബ്ദം…”
“അവക്കല്ലെങ്കിലും കേൾവി കുറച്ചു കൂടുതലാ…അത് കൊണ്ട് കമ്പ്ലീറ്റ് ആയി വിശ്വസിക്കണ്ട “
മാസ്റർ ശബ്ദം കനപ്പിച്ച് പറഞ്ഞു…
അനാവിശ്യമായ ഒരു വഴക്കിനു വഴി മരുന്നിടാൻ താത്പര്യം ഇല്ലാത്തത് കൊണ്ട്…തന്റെ കൊന്പൻ മീശ വിറപ്പിച്ച് കുഞ്ഞേട്ടൻ നില്കാതെ ഓടി…
കാട മാത്യുവിന്റെ പുരയിടം ഒഴിഞ്ഞു കിടന്നത് കൊണ്ട് ആരും കേള്ക്കാൻ സാധ്യത ഇല്ല…മുരിക്കൻ ഹാജ്യാരുടെ തെങ്ങിൻ തോട്ടവും, ആട്ടിൻ കാഷ്ടം മണക്കുന്ന തൊഴുത്തും ഓടി കടന്നു..അയാള് സുജനപാലിന്റെ വീട്ടു മുറ്റത്തെക്ക് ഓടി കയറി…
സുജനപാൽ എന്തോ വെപ്രാളത്തിൽ ആയിരുന്നു…കുറച്ച് മാസം മുന്പ് ഒറ്റപാലത്ത് നിന്നും വന്നു വീടും സ്ഥലവും വാങ്ങി താമസിക്കുന്ന സുജനപാലിനെ കുഞ്ഞേട്ടനും വലിയ അടുപ്പം ഇല്ലാരുന്നു…പൊതുവെ കർഷകർ മാത്രം (മാസ്റ്റരും പറഞ്ഞു വരുന്പോൾ ഒരു കർഷകൻ ആണ് ) താമസിക്കുന്ന ആ മല നാട്ടിലെ കർഷകൻ അല്ലാത്ത, പ്രത്യേകിച്ചൊരു തൊഴിൽ ഇല്ലാത്ത ഒരാളായി സുജനപാലെ ഉണ്ടായിരുന്നുള്ളൂ..!!
സുജനപാലിന്റെ നില്പ്പും ഭാവവും എന്തോ കുഞ്ഞേട്ടന് അത്രക്കങ്ങു ദഹിച്ചില്ല…സുജനപാൽ ചിരിച്ചില്ല..വെപ്രാളം ദീര്ഘിപ്പിച്ചൊരു നോട്ടമെറിഞ്ഞു ആഗമനൊദ്യേശ്ശം ആരാഞ്ഞു..
“ഓ..ഒരു വെടി ..”- കുഞ്ഞേട്ടൻ മുഴുമിപ്പിച്ചില്ല..
“വെടിയൊ..അതിനു ഇവിടെവിടാ പൂരം..” സുജനപാൽ ഗൌരവം വിടാതെ ചോദിച്ചു..
തലയിൽ കെട്ടിയ തോർത്ത് അഴിച്ച് മുഖം തുടച്ച്, അതൊന്നു കുടഞ്ഞു വീണ്ടും തലയിൽ കെട്ടി കുഞ്ഞേട്ടൻ പടിയിറങ്ങി..സ്വയം പിറു പിറുത്തു..
“അല്ലേലും അവനിച്ചിരി ദുരൂഹത കൂടുതലാ..”
സംഭവം മാസ്റ്റരുടെ അഞ്ചേക്കർ പുരയിടത്തിലെ കുന്നിൻ മുകളിൽ, റബർ തോട്ടത്തിനു മുകളിൽ, പതിനഞ്ച് സെന്ററിൽ ചരിഞ്ഞു സ്ഥിതി ചെയ്യുന്ന കശുമാവിൻ തോട്ടത്തിൽ നിന്നായിരുന്നു വെടി ശബ്ദം കേട്ടത് എന്നത് സത്യം ആണ്..
പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാതിരുന്ന..വരുമാനത്തിനു ഇടവ് ഇല്ലാത്ത സുജന പാലിനെയും കുടുംബത്തെയും ആയിരുന്നു കുഞ്ഞെട്ടനു സംശയം..മാസ്ടർക്ക് വെടിയൊച്ച ഒന്നും കേൾക്കാത്തത് കൊണ്ട് അങ്ങിനെ ഒരു സംഭവം ഉണ്ടായതായി ഉറപ്പിച്ച് പറയാനും കഴിയുന്നുണ്ടായിരുന്നില്ല…
വിഗ്രഹ മോഷ്ടാക്കളെ പിടി കൂടാൻ വന്ന പോലീസ്കാരാണ് വെടി വെച്ചത് എന്ന് ഒരു കഥ പുറത്തിറങ്ങി..മാസ്റ്റരുടെ കശുമാവിൻ തോട്ടത്തിൽ വെച്ച് സുജനപാലിന്റെ വീട്ടിൽ രഹസ്യമായി ഒളിപ്പിച്ച് വെച്ച വിഗ്രഹം കൈമാറുന്പോൾ പോലീസ് പിടികൂടുകയായിരുന്നു എന്ന് വാർത്ത പ്രചരിച്ചു..അങ്ങിനെ ആണെങ്കിൽ തന്റെ സ്റെഷനിൽ എങ്കിലും മിനിമം കേസ് റിപ്പൊർട്ട് ചെയ്യപ്പെടും എന്ന് റൈറ്റർ കേശവൻ കഷണ്ടി തടവി ബോധിപ്പിച്ചു..
അതല്ല..സുജനപാലിനു ചില നക്സലറ്റ് ഗ്രൂപ്പുകളുമായി ബന്ധം ഉണ്ടെന്നും..ആന്ധ്രാ പോലീസ് സ്പെഷ്യൽ സ്ക്വാഡമായുള്ള ഏറ്റു മുട്ടലിൽ സുജനപാലിന്റെ വീട്ടില് രഹസ്യമായി ഒളിച്ച് താമസിക്കുകയായിരുന്ന പ്രവർത്തകരെ കാട്ടിൽ ഒളിപ്പിക്കുന്നതിനിടെ പോലീസ് കണ്ടു പിടിച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയായിരുന്നു എന്നൊരു തിയറി ഉരുത്തിരിഞ്ഞു..
സുജനപാലിന്റെ പതിനെട്ട് വയസ്സുകാരി മകളുടെ കാമുകനെ കശുമാവിൻ തോട്ടത്തിൽ വെച്ച് യാദൃശ്ചികമായി കണ്ട സുജനപാൽ തന്റെ നാടൻ തോക്ക് വെച്ച് ഷൂട്ട് ചെയ്തതാണെന്നും ചില കഥകൾ പുറത്തിറങ്ങി..
************************************************
ബെന്നി കൊഴുവനാൽ തന്റെ കരിമ്പൻ ബുള്ളറ്റ് ഓടിച്ച് മാസ്റ്റരുടെ വീടിന്റെ മുറ്റത്ത് എത്തി..മുറ്റത്ത് ഒത്ത നടുക്കായി നിൽക്കുന്ന മാവിന്റെ തണലിൽ ബുള്ളറ്റ് സ്റ്റാൻഡിൽ കയറ്റി വെച്ചു..തന്റെ മെലിഞ്ഞ ഉടൽ വാഹനത്തിൽ നിന്നും ഇറക്കി..വായിൽ നിറഞ്ഞു തുളുമ്പി നിന്ന മുറുക്കാൻ മുറ്റത്തിന്റെ താഴെയുള്ള ചേമ്പിലയിലേക്ക് ആഞ്ഞു തുപ്പി..
വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറിയപ്പോൾ സൃഷ്ടിക്കപ്പെട്ട ഇടക്കിടെ അമിട്ട് പൊട്ടുന്നത് പോലെയുള്ള ശബ്ദം കേട്ടത് കൊണ്ടാവണം മാസ്റ്റർ ഇറയത്ത് തന്നെ നിൽപ്പുണ്ടായിരുന്നു..
“മാഷെ ഈ മാവൊക്കെ ഒരു സൈഡിൽ മാറ്റി വെക്കാൻ മേലേ..ഇതിപ്പോ ഒരു ജീപ്പ് വല്ലോം കയറി വന്നാൽ തിരിക്കണേ താഴെ വരെ പോണല്ലോ..നടുക്ക് നിക്കുവാ ഒരു നീക്ക് പോക്കില്ലാതെ..കായ്ക്കുന്നത് വല്ലോം ആണെങ്ക്ളിൽ വേണ്ടില്ലാർന്നു..” ബെന്നി പകുതി മാസ്റ്റരോടും പകുതി ആത്മഗതവുമായി പറഞ്ഞു..
“ബെന്നി എന്താ പ്രത്യേകിച്ച് “
“അതെ മാഷെ, ഇവിടെങ്ങാണ്ട് വെടി പൊട്ടണ ശബ്ദം കെട്ടെന്ന് അങ്ങാടീലൊരു ന്യൂസ് കേട്ടു..വന്നു നോക്കാല്ലോന്നു കരുതി കേറിയതാ..എവിടാ കേട്ടെ സംഗതി “
“അതാ മലേല് കപ്പിലുമാവിന്റെ തോട്ടത്തിൽ എവിടെയോ ആണെന്നാ കേട്ടത്..”
“ഉവ്വോ..എന്നാ ഒന്ന് പോയി നോക്കണല്ലോ മാഷെ..അതങ്ങ് നിസ്സാരമാക്കണ്ട..ഞാനൊന്ന് കേറി നോക്കീച്ചും വരാം..എന്നാ “
ബെന്നി, പുകപ്പുരക്ക് സൈഡിലുള്ള ചെറു വഴിയിലൂടെ മുകളിലേക്ക് നടന്നു..പച്ച നിറത്തിൽ തങ്ങിഫ നിന്നിരുന്ന കൊക്കോ ഇലകൾ വകഞ്ഞു മാറ്റി..റബർ കരിയില വീണു വഴി മറഞ്ഞ പ്ലാറ്റ്ഫോമുകൾക്ക് ഇടയിലൂടെ അയാള് കുന്നു കയറി കശുമാവിൻ തോട്ടത്തിൽ എത്തി..
തോളിൽ ഒരു തോര്ത്തുമായി പിന്നാലെ വന്ന, മാസ്ററെ നോക്കി, കിതപ്പണച്ച് പറഞ്ഞു..
“എന്നാ കേറ്റമാ മാഷെ..അടപ്പൂരി..”
കശുമാവിൻ തോട്ടത്തിന്റെ നടുക്കുള്ള പുല്ല് വകഞ്ഞു മാറ്റി നിലത്തിരുന്നു..എന്നിട്ട് മണ്ണിൽ കൈ കൊണ്ട് കുഴിയുണ്ടാക്കി..ഒരു വിരൽ മണ്ണ് വാരി മണത്തു നോക്കി പിന്നെ ഒരു നുള്ള് എടുത്ത് ചവച്ചു..
“വെടി മരുന്നിന്റെ ചുവയാണല്ലൊ മാഷെ…സംഭവം പുലിവാല് കേസാണ് ..ഇവിടൊക്കെ വെടി മരുന്ന് മണക്കുന്നും ഉണ്ട്..”
മാസ്റർ ഒന്നും മിണ്ടിയില്ല…
ബെന്നി ഒന്ന് രണ്ടു ചുവടുകൾ മാറി നിന്നു..എന്തൊക്കെയോ കണക്കു കൂട്ടി…മുകളിലേക്ക് നോക്കി..കൈ എത്തുന്ന ദൂരത്ത് ചാഞ്ഞു നിന്നിരുന്ന ഒരു ചില്ലയിൽ നിന്നും ചുവന്ന ഒരു കശുമാമ്പഴം പറിച്ചെടുത്തു..
മുന്നോട്ട് ആഞ്ഞു നിന്ന് കറ ഉടുപ്പിൽ ആവാതെ കൈ നീട്ടിപിടിച്ച് പഴം ഉറുമ്പി നീരു വലിച്ചെടുത്തു…
“ആ വെടിമരുന്നിന്റെ ചുവ വായീന്ന് പോണില്ല മാഷെ..”
ബെന്നി ഷെർലൊക് ഹോംസ് ആരാധകൻ ആണ്..ലൈബ്രറിയിൽ നിന്നും കിട്ടാവുന്നത്ര ഷെർലൊക് ചരിതങ്ങൾ വായിച്ച് സ്വയം ഒരു കുറ്റാന്വേക്ഷകൻ ആയാണ് നടപ്പും ഭാവവും..സിബിഐയിൽ കയറണം എന്നായിരുന്നു ആഗ്രഹം..പാരലൽ കോളേജിലെ ബിരുദ പഠനം പൂർത്തിയായ നാൾ സിബിഐ സെലക്ഷന് വേണ്ടി ദില്ലിക്ക് വണ്ടി കയറിയ ബെന്നി തിരികെ വന്നത് നിരാശ്ശനായാണ്.
വേണ്ട നെഞ്ചളവിൽ ഒരിഞ്ച് കുറഞ്ഞത് കൊണ്ട് തട്ടിപ്പോയി എന്ന് നാട്ടുകാരോടും സ്വന്തം മനസ്സാക്ഷിയൊടും പറഞ്ഞു വിശ്വസിപ്പിച്ച് അയാള് ഇഛാഭംഗം ഒതുക്കി…
പിന്നെ, സ്വയം സിഐഡി ചമഞ്ഞു ചെറിയ അന്വേഷണങ്ങൾ നടത്തി കോമാളിയായി ജീവിക്കുന്നു…
ബെന്നി മറ്റൊരിടം കുഴിച്ചു നോക്കി..
“ഉണ്ടയൊന്നും കാണാനില്ല മാഷെ..ഏതായാലും ഞാൻ ഒന്നൂടെ വരാം..തത്കാലം ഈ ഭാഗത്തേക്ക് ഒന്നും ആരെയും കുറച്ച് കാലത്തേക്ക് കടത്തി വിടണ്ട..പറ്റിയാൽ ഞാൻ കുറച്ച് ടേപ്പ് ഒക്കെയായി വന്നു ഇവിടെ ഒക്കെ ഒന്ന് വളഞ്ഞു വെക്കാം…ക്രൈം നടന്ന ഏരിയ അല്ലെ..തെളിവ് നഷ്ടപ്പെടരുത്..ഇവിടെ അണ്ടി പെറുക്കു പാട്ടത്തിനു കൊടുത്തെക്കുവാണോ മാഷെ..”
“അതെ..”
“എന്നാ കിട്ടി..”
“മൂവായിരം..”
“അത് പോയീന്നു കൂട്ടിക്കോ..അവന്മാരെ തത്കാലം ഈ സംഭവം എന്നാന്ന് കണ്ടു പിടിക്കാതെ ഈ പറമ്പിൽ കേറ്റാതെ നോക്കണം..”
“എന്റെ ബെന്നി..നീ എന്റെ കഞ്ഞി കുടി മുട്ടിക്കും..”
“പിന്നെ, ഈ മൂവായിരം ഉലുവാ കിട്ടീട്ടാ..ഒന്ന് പോ സാറേ..ഞങ്ങടെ ടാക്സ് നിങ്ങക്ക് ശമ്പളമായി തരുന്നില്ലേ സര്ക്കാര്..അത് മതി..”
മാസ്റർ ഒന്നും മിണ്ടിയില്ല..
“ഞാനേ ആ പ്രൈം സസ്പെക്റ്റ് സുജനപാലിനെ ഒന്നും ഇന്റരോഗെറ്റ് ചെയ്യട്ടെ..സുജനപാൽ..അവന്റെ പേര് തന്നെ ഒരു വശപിശകാ..”
ബെന്നി കരിയില നിറഞ്ഞ പ്ലാറ്റ് ഫോമിലൂടെ താഴെക്കിറങ്ങി സുജനപാലിന്റെ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് എടുത്തു ..!!
ആ നാട്ടിലെ എല്ലാ വീടുകളെയും പോലെ സുജന പാലിന്റെയും വീട് നടവഴിയിൽ നിന്നും കുറച്ച് ഉയരത്തിൽ ആണ്..താഴെ റോഡിൽ ബുള്ളറ്റ് സ്റ്റാന്ഡിൽ കയറ്റി നിർത്തി ബെന്നി ഒരു കാൽ പാദം മാത്രമുള്ള കരിങ്കൽ സ്റ്റെപ്പിൽ ചവിട്ടി കയറി മുറ്റത്ത് എത്തി..
ഇടതു വശത്തെ കടലാസ് റോസ് ചെടിയുടെ അരികിലുള്ള പട്ടിക്കൂട്ടിൽ നിന്നും സുജനപാലിന്റെ കറുത്ത ആൽസെഷൻ കുരച്ച് കൊണ്ടേയിരുന്നു..
ബെന്നി ചുറ്റുമൊന്നു കണ്ണോടിച്ച് തിണ്ണയിൽ കയറി ഇരുന്നു..
പട്ടി കുര നിർത്തുന്നതെയില്ല..
പ്രതീക്ഷിക്കാത്ത അതിഥിയുടെ വരവ് അത്ര ആസ്വദിക്കാതെ സുജനപാൽ മുഖം കൂർപ്പിച്ച് വരാന്തയിലേക്ക് വന്നു…എന്നിട്ട് ഉറക്കെ രണ്ടു മൂന്നു തവണ ആജ്ഞാ സ്വരത്തിൽ വിളിച്ചു..
“ടിപ്പു..ടിപ്പു…”
നായ കുര തുടർന്നു കൊണ്ടേയിരുന്നു..
ബെന്നി മുരടനക്കി..
“നല്ല അനുസരണയുള്ള പട്ടിയാ കണ്ടില്ലേ..പേര് വിളിച്ചിട്ടും പട്ടി കുര നിർത്തുന്നില്ല..”
സുജനപാൽ സ്വരം കടുപ്പിച്ചു..
“ടിപ്പു എന്റെ മോനാ…”
മകൻ വെളിയിലേക്ക് വന്നു..
സുജനപാൽ സ്വരത്തിലെ കടുപ്പം മാറാതെ മകനോട് പറഞ്ഞു..
“നീ അപ്പൂനു ചോറ് കൊടുത്തോ…എത്ര പ്രാവിശ്യം പറഞ്ഞു രാവിലെ കൊടുക്കാൻ..”
അയാള് മകനെ കൈ വീശി ഒന്ന് അടിക്കാൻ ഓങ്ങി..
ബെന്നി ആരും കേള്ക്കാതെ ആത്മഗതം ചെയ്തു..
“പട്ടിക്കിടണ്ട പേര് പയ്യനും, പയ്യന്റെ പേര് പട്ടിക്കും “
സുജനപാൽ ഉച്ചത്തിൽ ബെന്നിയൊട് ചോദിച്ചു..
“എന്താ വന്നത്..”
“ഞാൻ ബെന്നി കൊഴുവനാൽ..ഒരു ഇൻവെസ്റ്റിഗേഷൻ ഭാഗമായി വന്നതാ..”
“എന്തിനു..”
“ഇവിടെ അടുത്ത് ഒരു വെടിവെയ്പ്പുമായി ബന്ധപ്പെട്ട് നിങ്ങളെയാണു ഞങ്ങൾക്ക് സംശയം…”
സുജനപാൽ ഒന്നും ആലോചിക്കാതെ, ബെന്നിയുടെ മുഖം നോക്കി ഒന്ന് ആഞ്ഞു വീശി…ബെന്നിയുടെ മുഖം കൊടുങ്കാറ്റിൽ ഉലയുന്ന കമുകിൻ തലപ്പ് പോലെ ആടിയുലഞ്ഞു…
അയാള് ഒന്നും മിണ്ടിയില്ല…വരാന്തയിൽ നിന്നും ഇറങ്ങി…പടവുകൾ ഇറങ്ങി..സ്റ്റാൻഡിൽ നിന്നും ബുള്ളറ്റ് ഇറക്കി..അമിട്ട് പൊട്ടുന്ന ശബ്ദം ഉണ്ടാക്കി..മലയിറങ്ങി ദൂരേക്ക് ഓടിച്ച് പോയി…!!
എല്ലാ കഥകളിലും സുജനപാൽ വില്ലൻ വേഷത്തിൽ ആയത് കൊണ്ട് പിന്നീട് ആരും ആ വീടിന്റെ മുറ്റത്ത് കയറി ചെന്ന് ചോദിക്കാൻ ധൈര്യം കാണിച്ചില്ല…
കുറെ നാളേക്ക് സുജനപാലിനെയും പുറത്ത് കാണുന്നും ഇല്ലായിരുന്നു…കഥകൾ പെറ്റു പെരുകി..സുജനപാൽ ഒന്നിനോടും പ്രതികരിച്ചില്ല…
ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ മറഞ്ഞു പോയി…പുതിയ കഥകൾ വന്നപ്പോൾ പഴയത് മറന്നു…
എന്നാലും കിഴക്കേ മലയ്ക്കും പടിഞ്ഞാറെ മലയ്ക്കും ഇടയിൽ മുഴങ്ങിയ, ചിലര് കേട്ടതും, ചിലർക്ക് കേട്ടത് പോലെ തോന്നിയതും, ചിലര് കേട്ടതേ ഇല്ലാത്തതുമായ ആ വെടിയൊച്ച മാത്രം ഇന്നും ദുരൂഹമായി തുടരുന്നു !!!
(തുടരും..)
അദ്ധ്യായം 2
അദ്ധ്യായം 2
8 Comments Add yours