മൃദുല സുബ്രഹ്മണ്യത്തിന്റെ വാട്‍സ് അപ് മെസേജിൽ നിന്നാണ് എല്ലാം തുടങ്ങിയത്…അതിനു മറുപടിയായി അർപ്പിത കമ്മത്തിന്റെ പാകം ചെയ്യാത്ത മെസേജ് വന്നതോട് കൂടി ആകെ ഇരുണ്ടു മൂടിയ വാട്‍സ് അപ് ഗ്രൂപ്പിൽ ഒരു പൊട്ടിത്തറി ഉടനെ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
പ്രവീണേട്ടൻ വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോഴേ ഞാൻ പറഞ്ഞു..പ്രവീണേട്ടൻ പറഞ്ഞ പോലെയാണ് കാര്യങ്ങളുടെ പോക്ക്…ഉടൻ തന്നെ ഞങ്ങടെ പോട്ട് ലക് മമ്മീസ് ഗ്രൂപ്പിൽ ഒരു അടി നടക്കും.
ഒന്നും മിണ്ടാതെ പ്രവീണേട്ടൻ ലാപ്ടോപ് ബാഗ് മേശപ്പുറത്ത് വെച്ച്, ഷർട്ടും പാന്റും ഊരി മാറ്റി, മൊബൈലും കയ്യിൽ എടുത്ത് ബാത്ത് റൂമിലേക്ക് കയറി. ഈയിടെ തുടങ്ങിയ പരിപാടിയാണ്..മുൻപൊക്കെ ടീവി കണ്ടു ഭക്ഷണം കഴിക്കുന്നത് പോലും ഇഷ്ടമല്ലാത്ത ആളായിരുന്നു..ഒരു കാര്യം ചെയ്യുന്പോൾ അതിലാവണം ശ്രദ്ധ, രണ്ടു കാര്യങ്ങൾ ഒരുമിച്ച് കാണരുത് എന്നും പറഞ്ഞു ഡിന്നർ ടേബിളിന്റെ അടുത്തൂന്നു റിമോർട്ട് വരെ മാറ്റി വെയ്ക്കും..
ആ ആളാണ് …ഇപ്പൊ കക്കൂസിൽ പോണെങ്കിൽ വരെ മൊബൈൽ കയ്യിൽ വേണം !
ഞാൻ പതുക്കെ, ബാത്റൂമിന്റെ ഡോർ നു അടുത്ത് പോയി നിന്ന്, ഗ്രൂപ് വിശേഷത്തെ കുറിച്ച് പറയാൻ തുടങ്ങി..
പ്രവീണേട്ടൻ വിലക്കി എന്നിട്ടു പറഞ്ഞു..പ്രഭേ ഞാൻ ഒന്ന് പുറത്ത് വരട്ടെ..എന്നിട്ട് പോരെ നിന്റെ പുരാണം പറച്ചില്..
ഒന്നും മിണ്ടാതെ അടുക്കളയിൽ വന്നു..മൊബൈൽ എടുത്തപ്പോൾ ദാ അനുരാധ മേനോന്റെ മിസ്‌ഡ് കോൾ..വാട്‍സ്അപ് ഇൽ..
“ന്താ പ്രഭേ പ്രശ്നം..ഞാൻ പാക്കിങ് ഒക്കെ ആയി തിരക്കിലായിരുന്നു..ഇപ്പൊ ദേ അർപ്പിത പറയുന്നു..നമ്മടെ പരിപാടി നടക്കില്ല എന്ന്..ഞാ ഇണ്ടായേ..”
സംഗതി മൃദല സുബ്രഹ്മണ്യം ആണ് ഇടഞ്ഞത് എങ്കിലും..പരിപാടിയുടെ ആകെ കാരണക്കാരി ഈ പറഞ്ഞ അനുരാധ മേനോൻ ആയിരുന്നു. ഗ്രൂപ്പിൽ ആകെ ഉള്ള രണ്ടു മലയാളികൾ ഞാനും അവളും ആണല്ലോ. അനുരാധയുടെ ഭർത്താവ് സജിത്ത് നു പിന്നേം ട്രാൻസ്ഫർ. ഇവിടെ വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളൂ..അപ്പോഴേക്കും അടുത്ത റീലൊക്കേഷൻ.
ഇത്തവണ കുറച്ച് ദൂരക്കാത്രെ..അതിന്റെ ബഹളത്തിലാണ് അനുരാധ. കഴിഞ്ഞ ഒൻപത് വര്ഷത്തിനിടക്ക് ഒൻപതാമത്തെ റീലൊക്കേഷൻ ആണെന്ന് പറഞ്ഞു കയ്യിലെ വിരല് മുഴുവനും കൊള്ളാവുന്ന സ്ഥലപ്പേരുകൾ മുഴുവൻ അവൾ പറഞ്ഞു തീർത്തു..
നാട്ടിലെ പോലീസ്കാർക്ക് സസ്‌പെൻഷൻ കിട്ടുന്ന പോലാ സജിത്തേട്ടന്റെ ജോലി…ഒന്നുകിൽ പുള്ളിക്ക് ജോലി മടുക്കും..അല്ലെങ്കിൽ പുള്ളീടെ കമ്പനിക്ക് പുള്ളിയെ മടുക്കും..ഇനി ഇത് രണ്ടും ഒക്കെയാണെങ്കിലും അവർക്ക് രണ്ടാൾക്കും താമസിക്കുന്ന വീട് മടുക്കും..എല്ലാ വർഷവും സ്‌കൂൾ വാർഷികം പോലെ നടത്തുന്ന ഒരു ആഘോഷമാ അനുരാധക്കും സജിത്ത് നായർക്കും ഈ റീലൊക്കേഷൻ പരിപാടി.
ഇതിപ്പോ അമേരിക്കയിൽ വന്നിട്ട് മൂന്നു വർഷമേ ആകുന്നുള്ളൂ..ഇവിടെ തന്നെ രണ്ട് സിറ്റികൾ മാറി മറഞ്ഞു. ആദ്യം വന്നത് സാൻഡിയാഗോവിൽ, അടുത്ത വര്ഷം പുള്ളി ദേ ഇവിടെ ഡാലസിൽ എത്തി..ഇനി വട്ടീം കൊട്ടേം ആയി മിനിയാപോളീസിലേക്ക് പോണംത്രേ അവർക്ക്..സാന്റിയാഗോയും, ഡാലസും പോലല്ലല്ലോ..മിനിയാപോലീസ് ഒടുക്കത്തെ മഞ്ഞാണത്രെ അവിടെ. ആറു മാസം മുഴുവൻ ചുറ്റും മഞ്ഞിന്റെ വെള്ള നിറം മാത്രം..ഇടക്ക് പൊടുന്നനെ തണുപ്പ് കുറഞ്ഞങ്ങു മൈനസ് ഇരുപത് വരെ ഒക്കെ പോകും എന്ന് പറഞ്ഞു ഒരേ വേവലാതി ആയിരുന്നു അനുരാധ.
അനുരാധ പോകുന്നു എന്ന് കേട്ടപ്പോഴാ, വൈകുന്നേരത്തെ പ്ളേ ഗ്രൗണ്ട് കന്പനിയിലെ സുമിത്ര ചാറ്റർജി പറഞ്ഞത്..എന്നാ പിന്നെ, അനു പോണേനു മുന്നേ നമുക്കൊരു പോട്ട് ലക് ലഞ്ച് നടത്തിയാലോ..ഓരോരുത്തരും ഓരോരോ ഐറ്റംസ് കൊണ്ട് വരട്ടെ..നമുക്ക് ഫാമിലിയേം വിളിക്കാം. അടുത്ത ശനിയാഴ്ച ആയാലോ..ഞാൻ പാർക് ബുക് ചെയ്യാം..
സുമിത്ര അങ്ങിനെ ആണ്, ഒരു ഐഡിയ കിട്ടിയാൽ അപ്പൊ തന്നെ എക്സൈറ്റഡ് ആയി എല്ലാം ചെയ്തു കളയാം എന്നങ്ങു ഏറ്റെടുക്കും.
വില്ലോ മെഡോസ് അപ്പാർട്മെന്റിലെ ഞങ്ങൾ എട്ടു ഇന്ത്യാക്കാരികളുടെ ഗ്രൂപ് ആണ് അത്..വൈകീട്ട് പിള്ളാരെ പ്ളേ ഗ്രൗണ്ടിൽ കൊണ്ട് വന്നുണ്ടായ പരിചയം..ഞങ്ങളുടെ ഭർത്താക്കന്മാർ എല്ലാവരും സോഫ്ട്വെയർ എഞ്ചിനിയേർസ്..ഓ ഒരാളുടെ ഒഴികെ.
മിക്കവർക്കും, ആശ്രിത വിസയിൽ ആയത് കൊണ്ട് ജോലി ചെയ്യാനും പറ്റില്ല..എന്നാലും എല്ലാവരും മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവർ. അനുരാധയും ഞാനും ഒക്കെ നാട്ടിൽ ജോലി ചെയ്തിരുന്നു. പ്രവീണേട്ടൻ അമേരിക്കക്ക് പോന്നപ്പോൾ, ജോലി റിസൈൻ ചെയ്തു ഞാനും മോളും കൂടെ പൊന്നു. അത് പോലെ തന്നെയാണ് അനുരാധയും.
ഞങ്ങളുടെ കൊച്ചു കൊച്ചു വർത്തമാനങ്ങൾക്കും, പരിഭവം പറച്ചിലുകൾക്കും വേദി അപ്പാർട് മെന്റ് പ്ളേ ഗ്രൗണ്ടിലെ ബെഞ്ചുകൾ ആണ്. നേരം ഇരുളും വരെ ഞങ്ങൾ അവിടെ ഇരുന്നു സംസാരിക്കും. പാചകവും, ഭർത്താവിന്റെ ജോലി ടെൻഷനുകളും, അമ്മായിയമ്മമാരുടെ വിശേഷങ്ങളും ഒക്കെയാവും ടോപിക്സ്. പകൽ മുഴുവൻ ഒറ്റക്കിരുന്ന് ബോറടിച്ച് വൈകുന്നേരം ഒത്തു കിട്ടുന്ന സമയം ആയത് കൊണ്ട് സംസാര വിഷയങ്ങൾക്ക് പഞ്ഞം ഉണ്ടായിരുന്നില്ല.
അർപ്പിത കന്നടകാരിയാണ്..ഷിമോഗയിൽ ആണ് ഭർത്താവിന്റെ വീട്. ഭർത്താവ് സുന്ദർ കടുത്ത ഹിന്ദുത്വ പാർട്ടി സപ്പോർട്ടർ. അർപ്പിത ഭയങ്കര നിഷ്കളങ്കയാണ്..കൂട്ടത്തിൽ ഏറ്റവും പ്രായം കുറവ് അർപ്പിതക്കാണ്..മൂന്നു വയസ്സുകാരൻ അദ്വൈത് ജയ് ജയ് മോഡീജി എന്നും വിളിച്ച് ഗ്രൗണ്ടിൽ വലം വെച്ച് ഓടുന്നതിനിടെ ആണ് ഞങ്ങൾ ചോദിച്ചത്..മോനെന്താ ഇത്ര ചെറുപ്പത്തിലേ പ്രധാനമന്ത്രിയുടെ പേരൊക്കെ അറിയുമോ എന്ന്..
അർപ്പിത ചിരിച്ച് കൊണ്ടാണ് പറഞ്ഞത്, സുന്ദർ ഭയങ്കര മോഡി ഫാൻ ആണത്രേ..അദ്ദേഹത്തിന്റെ വാട്‍സ് അപ് ഡിപി വരെ മോദിജി ആണത്രേ..വാട്‍സ്അപ്പീൽ ഫോട്ടോ കണ്ട്, സുന്ദറിന്റെ കൂടെ വർക്ക് ചെയ്യുന്ന ഏതോ അമേരിക്കകാരി ചോദിച്ചത്രേ അച്ഛന്റെ ഫോട്ടോ ആണോ ഡിപി ആയി ഇട്ടിരിക്കുന്നത് എന്ന്..എല്ലാവരും ചിരിച്ചപ്പോൾ ആണ് അർപ്പിതക്ക് അബന്ധം മനസ്സിലായത്..ഇത് നിങ്ങളോട് പറഞ്ഞു എന്ന് അറിഞ്ഞാൽ സുന്ദർ എന്നെ കൊല്ലും എന്നവൾ പറഞ്ഞു.
ഇത് അനുരാധയെം സജിത്തിനേം വൈകുന്നേരം ഡിന്നറിനു വിളിച്ചപ്പോ, സംസാരത്തിനിടെ അറിയാതെ എന്റെ വായിൽ നിന്നു വീണു. സജിത്ത് പൊണ്ണത്തടി ഇളക്കി ചിരിച്ചു..എന്നിട്ട് പറഞ്ഞു ഈ വിറ്റ് ഞാൻ എടുക്കും എന്ന്.
തമാശ അടിച്ച് ബോറടിപ്പിക്കാൻ സജിത്തിനെ കഴിഞ്ഞേ ആളുള്ളൂ..ഐസിയൂവിന്നും ട്രോൾ മലയാളത്തിൽ നിന്നും കിട്ടുന്ന വിറ്റൊക്കെ മലയാളികളെ കണ്ടാൽ പറഞ്ഞു കേൾപ്പിക്കും ..എന്തൊരു ബോറാണെന്നോ അത്..ഇപ്പൊ ഒരു പുതിയ കോമഡി കിട്ടിയിട്ടുണ്ട്..
ഏതോ ഒരു മലയാളി അമേരിക്കയിൽ കാറോടിച്ച് പോകുന്പോൾ റോഡ് ക്രോസ് ചെയ്ത ഒരു മാനിനെ വണ്ടി ഇടിച്ചു എന്നും, ഇടിച്ച വണ്ടിയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന്..”ഐ കിൽഡ് എ മാൻ” എന്ന് കുറ്റസമ്മതം നടത്തി എന്നും ഉള്ള ഒരു വിറ്റ്..കിട്ടുന്ന മലയാളം സദസ്സിലൊക്കെ ഇത് പറഞ്ഞു പറഞ്ഞു സജിത്ത് ബോറടിപ്പിച്ചിട്ടുണ്ട്..പ്രവീണേട്ടനും ഞാനും തന്നെ ഇപ്പൊ ഒരു അൻപത് പ്രാവശ്യമെങ്കിലും കേട്ട് കാണും ആ വളിച്ച കോമഡി.
അതെ സജിത്തേ, ഒരേ കോമഡി കുറെ നേരം പുറത്തു എടുത്തു വെച്ചാൽ വളിച്ച് ടെസ്റ്റ് ഇല്ലാണ്ടാവുംട്ടോ എന്ന് പറയണമെന്ന് പല കുറി തോന്നിയിരുന്നു..പക്ഷെ അനുരാധയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ച് വാ തുറന്നില്ല.
പോട്ട് ലക്കിനു വേണ്ടി വിഭവങ്ങളുടെ ലിസ്റ്റ് ഡിസ്കസ് ചെയ്യൽ ആയിരുന്നു രണ്ടു വൈകുന്നേരങ്ങൾ..മൃദലക്ക് തിരക്കായ കൊണ്ട് അവൾ വന്നില്ല. അവളുടെ ഭർത്താവ് ശെൽവസുബ്രഹ്മണ്യം പി എച് ഡി കാരൻ ആണ്. ഇവിടെ ഏതോ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രേറ് ചെയ്യുന്നു. അധികം ഒന്നും ആരുടെ കൂടെയും ഇഴ ചേർന്ന് പോകില്ല കക്ഷി. തമിഴ് നാട്ടിൽ നിന്നാണ് രണ്ടു പേരും, മൃദുല എംബിബിഎസ് കഴിഞ്ഞിരുന്നു എന്ന് അറിയാം. ഇപ്പൊ ജോലി ചെയ്യാൻ പറ്റാത്ത വിഷമം അവൾക്കുണ്ട് എന്ന് തോന്നിയിട്ടുണ്ട്.
ഞാൻ ആലു ഗോപി മസാല ബുക് ചെയ്തു. അനുരാധ ലെമൺ റൈസും.
സുമിത്ര വെജിറ്റബിൾ പുലാവും റൈത്തയും കൊണ്ടുവരാം എന്ന് പറഞ്ഞു. പ്രിയങ്ക ചാടി കയറി ഗുലാബ് ജാമൂൻ ആണ് എടുത്തത്.
അർപ്പിത പൂരിയും കടലക്കറിയുമോ അല്ലെങ്കിൽ, ബിസിബെലെ ബാത്തോ കൊണ്ട് വരാം എന്ന് പറഞ്ഞു. ചൈതന്യ താരതമ്യേനെ പുതിയ ആളാണ്..മഹാരാഷ്ട്രകാരി. പ്രിയങ്ക യൂപിയും. ചൈതന്യ വടാ പാവ് കൊണ്ട് വരാം എന്ന് ഉറപ്പിച്ചു..റിഷിത കാശ്മീരിയാണ് അവൾ പാത്രങ്ങളും മറ്റ് സാധനങ്ങളും ഏറ്റെടുത്തു.
ഇനി ഉള്ളത് മൃദല ആണ്..അവളോട് ചോദിക്കാൻ എല്ലാരും കൂടി എന്നെ ചട്ടം കെട്ടി.
അടുത്ത ദിവസം പകൽ , യൂടൂബിൽ മിയാസ് കിച്ചൻ നോക്കി ആലു ഗോപി മസാല റെസിപ്പി ട്രെയ്ൽ ഉണ്ടാക്കി നോക്കുന്നതിനിടയിൽ ആണ് മൃദുല ഡോറിൽ മുട്ടിയത്..മൃദുല വന്നാ പിന്നെ പോകാൻ ബുദ്ധിമുട്ടാണ്..ഓരോ പഴയ കഥകളും പറഞ്ഞങ്ങിനെ ഇരിക്കും. മൃദുലയുടെ ഭർത്താവ് ശെൽവ അത്യാവശ്യം വായിക്കുന്ന കൂട്ടത്തിൽ ആണ്..ഒരു പുസ്തക പുഴു. മൃദുലയുടെ പരാതികളിൽ മെയിൻ അതാണ്..
സംസാരിച്ച് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല..ഒടുവിൽ പോകാൻ തുടങ്ങുന്നതിനു മുന്നേ ആണ് ചോദിച്ചത് മൃദല എന്ത് ഐറ്റമാ കൊണ്ട് വരുന്നത് എന്ന്..നോൺ വെജ് എന്തെങ്കിലും ആയാലോ എന്ന് അവൾ ചോദിച്ചു..
അവരെല്ലാം വെജിറ്റേറിയൻസ് ആണ്, അത് കൊണ്ട് അറിയില്ല എന്ന് ഞാൻ പറഞ്ഞു.
ഓ എന്നാ കുഴപ്പമില്ല..ഞാൻ ഇഡ്ഡലി ഉണ്ടാക്കാം എന്ന് പറഞ്ഞു അവൾ പിരിഞ്ഞു.
മൃദുല പറഞ്ഞറിയാം ശെൽവ നല്ല നോൺ വെജിറ്റേറിയൻ ആണെന്ന്..പൊതുവെ വെജിറ്റേറിയൻ പാർട്ടിക്കൊന്നും ശെൽവയെ കിട്ടാറില്ല..!
അതിനിടയിൽ സുമിത്ര വാട്സപ്പിൽ ഒരു പുതിയ ഗ്രൂപ് തന്നെ ഉണ്ടാക്കിയിരുന്നു..മൊമീസ് പൊട് ലക് എന്നും പറഞ്ഞു. പേരൊക്കെ കൊള്ളാം..എല്ലാവരും അവരവരുടെ വിഭവങ്ങൾ ഒന്നൂടെ ഉറപ്പിച്ചു..അർപ്പിത ബിസി ബെലെ ബാത്തിലേക്ക് മാറിയിരുന്നു.
ഈ പാകിംഗിനും ഷിപ്പിംഗിനും ഇടയിൽ എന്തൊക്കെ ഉണ്ടാക്കാൻ പറ്റുമോ എന്നും പറഞ്ഞു അനുരാധ ഗ്രൂപ്പിലേക്ക് മെസ്സേജ് അയച്ചു. എന്നിട്ട് അതിന്റെ പുറകെ എനിക്കൊരു പ്രൈവറ്റ് മേസേജയച്ചു..മൃദുല എന്താ പ്ലാൻ എന്നും ചോദിച്ച്..എനിക്കറിയില്ല എന്ന് പറഞ്ഞു ഫോൺ വെച്ചപ്പോഴേക്കും ഗ്രൂപ്പിലേക്ക് മൃദുലയുടെ മെസേജ് എത്തി.
ഞാൻ ഒരു ആട്ടിറച്ചി കറി വെച്ച് കൊണ്ട് വരട്ടെ..
ശെൽവക്ക് ആട്ടിറച്ചി ഇഷ്ടമാണെന്ന് നമുക്കെല്ലാം അറിയാം..അത് കൊണ്ട് തന്നെ ഇത് ശെൽവയുടെ ചോയിസ് ആവാനാ ചാൻസ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
ഇവിടുന്ന് ഇഡ്ഡലിന്നു പറഞ്ഞു പോയ ആളാ ഇപ്പൊ ദേ ഇറച്ചികറി എന്നും പറഞ്ഞു വന്നേക്കുന്നു എന്ന് പറഞ്ഞു ഒരു സ്മൈലി ഇട്ട് ഞാൻ അനുരാധക്ക് ഒരു പ്രൈവറ്റ് മെസേജ് അയച്ചു..
കുറെ നേരത്തേക്ക് ഗ്രൂപ്പിൽ അനക്കം ഇല്ലായിരുന്നു..ആരും ഒന്നും മിണ്ടിയില്ല. മറ്റു ഗ്രൂപ്പുകളിൽ മെസേജുകൾ സ്ഥിരം ഫോർവേർഡുകൾ..ഐസിയു തമാശകൾ..ഭഗവാന്റെ ഫോട്ടോ മെസേജുകൾ ..ആരോഗ്യ ടിപ്‌സുകൾ തുടങ്ങി എല്ലാം വന്നു നിറഞ്ഞിട്ടും മൊമീസ് പോട്ട് ലക്കിൽ മാത്രം പുതിയ മെസേജുകൾ ഒന്നും വന്നില്ല..
അതിനിടയിൽ, മിയാസ് കിച്ചൻ നോക്കി ഉണ്ടാക്കിയ എന്റെ ആലു ഗോപി മസാല പൊളിഞ്ഞു പാളീസായി..
ഒന്നുകിൽ നീ കുക് ചെയ്യൂ അല്ലെങ്കിൽ വാട്‍സ്ആപിൽ ചാറ്റ് ചെയ്യ് എന്നും പറഞ്ഞു പ്രവീണേട്ടൻ വഴക്കിട്ടു…
ഞാൻ ഇറച്ചി കറി കൊണ്ട് വരട്ടെ..ആർക്കെങ്കിലും പ്രശ്നം ഉണ്ടോ എന്നും ചോദിച്ച് മൃദുലയുടെ മെസേജ് വീണ്ടും വന്നു..
അനുരാധയുടെ പ്രൈവറ്റ് മെസേജ് തൊട്ടു പുറകെയും..മട്ടൻ കറി ആണേൽ രണ്ടു പാത്രം കൂടുതൽ എടുത്തോ എന്നും പറഞ്ഞു ദേ ഇവിടെ സജിത്തേട്ടൻ കോമഡി അടിക്കുന്നു..
സജിത്തിന്റെ തടിയൻ കുലുങ്ങി ചിരി മനസ്സിൽ തികട്ടി വന്നു. ഞാൻ ഒരു സ്മൈലി മാത്രം മറുപടി ആയിട്ടൂ..
അഞ്ചു മിനിറ്റിനകം അർപ്പിത സമയത്തിന്റെ നിശ്ചലതയെ മുറിച്ച് മെസേജ് അയച്ചു…
ഇറച്ചി കറി കുഴപ്പം ഇല്ല..പക്ഷെ സെപറേറ്റ് ഒരു ടേബിളിൽ വെക്കണം…ബാക്കിയുള്ള ഭക്ഷണ സാധനങ്ങളുമായി മിക്സ് ആവരുത്..ഞങ്ങൾ ഒക്കെ വെജിറ്റേറിയൻസ് ആണ്..മിക്സ് ആയാൽ കഴിക്കാൻ പറ്റില്ല…
അതെന്തിനാ വേറെ ടേബിളിൽ വെക്കുന്നെ…ഇഷ്ടമുള്ളവർക്ക് മാത്രം കഴിച്ചാൽ പോരെ..മൃദുല വീണ്ടും മെസേജ് അയച്ചു..
ഞാൻ ചിക്കൻ വല്ലപ്പോഴും കൂട്ടും എന്ന് പറഞ്ഞു ചൈതന്യയുടെ മെസേജ് വന്നു..വേറെ ആരും ഒന്നും മിണ്ടിയില്ല..
പിന്നീടങ്ങോട്ട് ശവമൗനം ആയിരുന്നു ഗ്രൂപ്പിൽ…
പ്രവീണേട്ടൻ ബാത് റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോ ഞാൻ കഥ മുഴുവൻ പറഞ്ഞു..
അല്ലെങ്കിലും ആ സുന്ദർ ഭയങ്കര ഓവറാണ്..മനുഷ്യന്റെ ആമാശയവും പശുവിന്റെ ആമാശയവും ഒന്ന് പോലെയാ..വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ സൃഷ്ടിച്ചതാ എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു ഒരു ദിവസം. അപ്പോഴേ ഞാൻ അവനോട് പറഞ്ഞതാ, നിന്റേത് പശൂന്റെ ആവും, ഞങ്ങൾ മലയാളികളുടെ ഒക്കെ മനുഷ്യന്റെ ആണ് എന്ന്..
അതെന്താ പ്രവീണേട്ടാ അങ്ങിനെ, കൂട്ടത്തിൽ ഭൂരിപക്ഷം വെജിറ്റേറിയൻസ് ആവുന്പോ ആല്ലാത്തവരല്ലേ അഡ്ജസ്റ് ചെയ്യേണ്ടേ..വേറെ ഒരു ടേബിളിൽ ഇട്ടാ പ്രശ്നം തീരില്ല…ഇതൊക്കെ ആ ശെൽവയുടെ ഈഗോ ആവും..ഞാൻ തർക്കിക്കാൻ തുടങ്ങി.
ശെൽവ ആവും, അവനു അല്ലെങ്കിലേ നോർത്ത് ഇന്ത്യൻസിനെ ഇഷ്ടം അല്ല..ആളിത്തിരി കമ്യൂണിസ്റ്റും ആണ്…പ്രവീണേട്ടൻ പറഞ്ഞു.
എന്തായാലും നമ്മൾക്ക് കുഴപ്പം ഇല്ലാ എന്നും പറഞ്ഞു ഞാൻ മെസേജ് അയക്കാൻ പോകുവാ എന്ന് പ്രവീണേട്ടനോട് പറഞ്ഞു തിരിയുമ്പോഴേക്കും അനുരാധ വാട്‍സ് അപ്പീൽ വിളിക്കുന്നു..
“ന്താടോ പ്രശ്നം…ഞാൻ പുതിയ അപാർട്മെന്റ് ബുക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു..മൃദുല ഒടക്കിലാണോ..ആ അർപ്പിതയാ കുഴപ്പം ഉണ്ടാക്കിയെ..പിന്നെ സോറി പറഞ്ഞു എന്ന് പറഞ്ഞു എനിക്കൊരു മെസേജ് അയച്ചിരുന്നു അർപ്പിത ”
ഇത്രേം അടുപ്പം ഉണ്ടായിട്ടും എന്നോടാകാര്യം അർപ്പിത പറഞ്ഞില്ലല്ലോ എന്ന ഒരു തോന്നൽ മനസിലൂടെ പാഞ്ഞു പോയി..
ഇതിപ്പോ ഇറച്ചി കറി കൊണ്ട് വരണം എന്ന് മൃദുലക്ക് എന്താ ഇത്ര വാശി എന്ന് ഞാൻ ചോദിച്ചു..ഒരു ദിവസം വെജ് കഴിച്ചെന്നു വെച്ചു ചത്ത് പോവുകയും ഒന്നും ഇല്ലല്ലോ.
പിന്നെ, ഞങ്ങളുടെ ടോപിക് മാറി..വേറെ എന്തൊക്കയോ സംസാരിച്ച് സമയം കളഞ്ഞു…
പിറ്റേന്ന് നേരം വെളുത്തപ്പോഴേ ആദ്യം നോക്കിയത് വാട്‍സ്അപ് ഗ്രൂപ്പിൽ ആണ്…മന്ത്രി രാജി വെച്ച ട്രോളുകൾ ഫാമിലി ഗ്രൂപ് മുതൽ, ക്ലാസ് മേറ്റ്സ് ഗ്രൂപ് വരെ നിറഞ്ഞു നിന്നും.. പോട്ട് ലക് മൊമീസിൽ അനക്കം ഒന്നും ഇല്ല…
പ്രവീണേട്ടനും, മാളുവും പോയതിനു ശേഷം, പതിവ് പോലെ അമ്മയെ വിളിച്ചു കഥ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു..അമ്മക്ക് തോന്നിയത് എനിക്ക് തോന്നിയത് തന്നെയായിരുന്നു…ഒരു ദിവസം ഉളുമ്പ് മണം ഇല്ലേൽ ചോർ ഇറങ്ങൂലെ എന്ന് അമ്മ ചോദിച്ചു..
ഉച്ചയായപ്പോ, അർപിതയുടെ മെസേജ് വന്നു…ഇറച്ചി കറി കൊണ്ടു വരുന്ന കൊണ്ട് കുഴപ്പം ഇല്ല എന്ന്..
മൃദുല മറു മെസേജ് അയച്ചു..സോറി, നാളെ ഒരു ഗസ്റ് ഉണ്ട്..പെട്ടെന്ന് വന്നതാ..അത് കൊണ്ട് പോട്ട് ലക്കിൽ കൂടാൻ പറ്റില്ല..നിങ്ങൾ എന്ജോയ് ചെയ്യൂ എന്നും പറഞ്ഞു..
പ്രിയങ്കയുടെ ഹസ്ബന്റ് പെട്ടെന്ന് ഒന്ന് കറങ്ങാൻ പോകാൻ തീരുമാനിച്ചു…അത് കൊണ്ട് അവർക്ക് രണ്ടു പേർക്കും വരാൻ പറ്റില്ലാത്രെ…
ഗ്രൂപ് അഡ്മിൻ സുമിത്ര മൃദുലയെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി..അതോ ഇനി മൃദുല സ്വയം ഒഴിഞ്ഞു പോയതോ..തിങ്കളാഴ്ച പ്ളേ ഗ്രൗണ്ടിൽ ചെന്നാലേ അറിയൂ..
അനുരാധയുടെ പ്രൈവറ്റ് കോൾ വാട്‍സ്ആപിൽ ..
പ്രഭേ അതെ, മോന്റെ സ്‌കൂൾ ഫിക്സ് ആയിട്ടോ..പത്തിൽ പത്ത് റേറ്റിങ് ഉള്ള സ്‌കൂളാ..നല്ല സ്‌കൂൾ ഡിസ്ട്രിക്റ്റും…ഇപ്പോഴാ ഒന്ന് സമാധാനം ആയത്..
സ്‌കൂളുകളെ കുറിച്ചുള്ള ചർച്ചകൾക്ക് ഒടുവിൽ അവൾ പറഞ്ഞു..അതെ മൃദുല മെസേജ് അയച്ചിരുന്നു. അർപ്പിത സോറി ഒന്നും പറഞ്ഞിട്ടില്ലാരുന്നു കേട്ടോ..ഞങ്ങൾ ബ്രാഹ്മിൻസ് ആണ്, നോൺ വെജ് ഒക്കെ മിക്സ് ആയാൽ ഞങ്ങൾ കംഫർട്ടബിൾ ആവില്ല, സൊ, മട്ടൻ കറി റീ തിങ്ക് എന്നും പറഞ്ഞാ അവൾ മൃദുലക്ക് മെസേജ് അയച്ചത്…അതാവും മൃദുലക്ക് ഇപ്പൊ പെട്ടന്നൊരു ഗസ്റ് വരവ്..
ദേ ഇവിടെ സജിത്തേട്ടന്റെ വക കോമഡി..ന്താ..ആ കേട്ടോ…ഒരു പ്ളേറ്റ് ഇറച്ചി കറി വിചാരിച്ചാൽ മതി ഇന്ത്യയുടെ യൂണിറ്റി തകർക്കാൻ എന്ന്..
സജിത്തിന്റെ തടി കുലുങ്ങിയുള്ള ചിരി എനിക്ക് ഇങ്ങേ തലക്കൽ നിന്നും ഊഹിക്കാൻ പറ്റി…അതിന്റെ രസത്തിൽ മൃദുലയും അർപ്പിതയും അവരുടെ ഇറച്ചികറി തർക്കവും പെട്ടെന്ന് മറന്നു..
ഗണപതിയുടെ ചിത്രം നൂറു പേർക്ക് അയച്ചു കൊടുത്താൽ ആഗ്രഹം സാധിക്കും എന്ന പിക്ച്ചർ മെസേജ് ചൈതന്യ പോട്ട് ലക്ക് മൊമീസ് ഗ്രൂപ്പിലേക്ക് അപ്പൊൾ അയച്ചത് ഒരു മണി നാദത്തോടെ ഫോൺ എന്നെ ഓർമ്മപെടുത്തി…
One Comment Add yours