കുട്ടിക്കഥ-കൂമൻ ചാത്തൻ


പണ്ട് പണ്ട് ..പണ്ടെന്നു വെച്ചാൽ ഒരു അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ്, നമ്മുടെ നാട്ടിൽ അമ്പൂക്കി എന്നു പറഞ്ഞു ഒരാൾ ജീവിച്ചിരുന്നു. അമ്പൂക്കിയും ഭാര്യയും കൂടി ഒരു കുഞ്ഞു കുടിലിൽ ആയിരുന്നു ജീവിച്ചിരുന്നത്. അമ്പൂക്കി വലിയ മടിയനായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ ചുരുണ്ട് കൂടി കിടക്കാനായിരുന്നു അമ്പൂക്കിക്ക് ഏറ്റവും ഇഷ്ടം. അന്നൊക്കെ എപ്പൊഴും മഴ പെയ്യും..ദിവസവും മൂടിക്കെട്ടിയ ആകാശം നോക്കി അമ്പൂക്കി പറയും..മഴ വരുന്നുണ്ട്, മഴ വന്നു പോകട്ടെ എന്നിട്ടു പോകാം ജോലിക്ക്..അമ്പൂക്കിയുടെ ഭാര്യക്ക് അതു കേൾക്കുമ്പോൾ ദേഷ്യം പിടിക്കും..അവർ അമ്പൂക്കിയെ വഴക്കു പറയും..ഒരു ജോലിക്കും പോകാതെ മടി പിടിച്ചിരിക്കുന്ന ഈ മനുഷ്യനെ ആണല്ലൊ ഈശ്വരാ എനിക്ക് കിട്ടിയത്..-അവർ പരിഭവിക്കും..

ഭാര്യയുടെ ശകാരം സഹിക്കാതാവുമ്പോൾ അമ്പൂക്കി പുറത്തേക്കിറങ്ങും..തന്റെ നായയോടൊപ്പം. മഴ വക വെക്കാതെ നടന്ന് ദൂരെ ഏതെങ്കിലും മരച്ചുവട്ടിൽ പോയി ഇരിക്കും, അല്ലെങ്കിൽ ഏതെങ്കിലും വലിയ ചേമ്പിലക്കടിയിൽ ഉറക്കം തൂങ്ങിയിരിക്കും.

ആരെയും കൂട്ടിനു കിട്ടാത്തപ്പോൾ,  മാമാങ്കത്തിന് പടയ്ക്കു കൊണ്ടുവന്ന കാപ്പിരികളുടെ അടിമ പാളയത്തിൽ പോയി സമയം കളയും..അതുമല്ലെങ്കിൽ ചീനഭരണികളുമായി നാട് ചുറ്റാനിറങ്ങുന്ന ചീനന്മാരുടെ സഞ്ചാര കഥകൾക്ക് കാതോർത്തിക്കിരിക്കും..

ചില സമയങ്ങളിൽ കുളക്കരയിൽ മീൻ പിടിക്കാനോ, നീന്തി കളിക്കാാനോ വരുന്ന കുട്ടികളോട് കഥകളും പറഞ്ഞങ്ങിനെ സമയം കളയും. ചീനന്മാരുടെയും, അറബികളുടെയും, കാപ്പിരികളുടെയും ചങ്ങാത്തം ഉള്ളത് കൊണ്ട് പല നാടുകളിൽ നിന്നുള്ള കഥകൾ തന്റെ ഭാവനയിൽ കൂട്ടിക്കലർത്തി ആരും കേൾക്കാത്ത കഥകളാക്കി പറയാൻ വിരുതൻ ആയിരുന്നു അന്പൂക്കി.. . അതു കൊണ്ട് തന്നെ കുട്ടികൾക്കൊക്കെ അയാളെ വലിയ ഇഷ്ടം ആയിരുന്നു !!

അമ്പൂക്കി തന്റെ കഥ ചെപ്പ് തുറന്നു വിചിത്രമായ പലകഥകളും പറഞ്ഞു കൊടുക്കും. രാക്ഷസന്മാരുടെ, കിന്നരന്മാരുടെ , മാന്ത്രിക വിദ്യ വശമുള്ള പക്ഷികളുടെ..അങ്ങിനെ രസകരമായ പല കഥകൾ.

ഏറെ ദിവസത്തെ പേമാരിക്കു ശേഷം മാനം തെളിഞ്ഞു വന്ന ഒരു പകൽ, മടി പിടിച്ച് ചുരുണ്ട് കൂടി കിടക്കുന്ന അമ്പൂക്കിയെ കണ്ട് സഹികെട്ട് ഭാര്യ ഒരു കുടം വെള്ളം കുടത്തോടെ അവന്റെ ദേഹത്തേക്ക് ഒഴിച്ചു…പതിവില്ലാത്ത കോപത്തിൽ അവൾ നിന്നു വിറച്ചു…ഇനിയും ഈ മടി തുടരുകയാണെങ്കിൽ നാടു വാഴുന്ന തമ്പുരനോടു പരാതി പറയും എന്നവൾ ഉറക്കെ അലമുറയിട്ടു…

വിവാഹശേഷം ആദ്യമായി ഭാര്യയുടെ വലിയ തോതിലുള്ള ശകാരം കേട്ടതുകൊണ്ടാവാം അമ്പൂക്കി നിരാശ്ശയോടെ തന്റെ മേല്മുണ്ടും തോളിലിട്ട് പതിയെ പുറത്തേക്കിറങ്ങി…പിന്നെ ദൂരേക്ക് നടന്നു പോയി…പിന്നാലെ തന്റെ പ്രിയപ്പെട്ട നായയും ….

എത്ര ദൂരം പിന്നിട്ടെന്നു ഉറപ്പില്ലത്തത്രയും ദൂരം അമ്പൂക്കി നടന്നു…കൊച്ചരുവികളും കുന്നിൻ ചെരുവുകളും പിന്നിട്ട്, ഗ്രാമത്തിൽ നിന്നും അകലെയുള്ള വലിയ മലയുടെ മുകളിലേക്ക് അവൻ നടന്ന് കയറി..അവിടെ നിന്നും നോക്കിയാൽ ഒരു പൊട്ടു പോലെ ദൂരെ ഗ്രാമം കാണാം…ഉയർന്ന മരങ്ങൾക്കിടയിലൂടെയുള്ള കാട്ടു നടപ്പാതയിലൂടെ അവൻ പതുക്കെ നടന്നു, ഒപ്പം നായയും.

കുറച്ചു ദൂരം ചെന്നപ്പൊഴേക്കും ആകാശം ഇരുണ്ടു മൂടി..മരത്തലപ്പുകൾക്കിടയിലൂടെ മഴ ചിതറി വീണു…വീണ്ടും പേമാരി…!!!

അമ്പൂക്കി ഓടി ഒരു ഇഞ്ചകൂടാരത്തിനുള്ളിൽ കയറി ഇരുന്നു…എത്ര നേരം ഇരുന്നെന്നറിഞ്ഞില്ല..മഴ തോരാതെ പെയ്തു കൊണ്ടേ ഇരുന്നു…അമ്പൂട്ടി ചെറിയ മയക്കിത്തിലേക്ക് വഴുതി വീണു…അധികം കഴിഞ്ഞില്ല…

അടുത്തെവിടെയോ നിന്നു ഒരു സംഗീതം ധ്വനികൾ കേട്ട് അവൻ ഉറക്കം എഴുന്നേറ്റു…മഴ തോർന്നിരുന്നില്ല..സംഗീതം കേട്ടിടത്തേക്ക് അവനും നായയും പതിയെ നീങ്ങി…

അത്ഭുതം എന്നു പറയട്ടെ…

മലമുകളിലെ കാടിനു നടുവിൽ ഒരു സ്വർണ്ണ തടാകം…അവിടെ ആകെ നീല വെളിച്ചം…കാഴ്ചകൾ വ്യക്തമല്ല…തടാകത്തിനടുത്തേക്ക് കൂടുതൽ അടുത്തപ്പോൾ കണ്ടതെന്താണെന്നൊ…വർണ്ണ മനോഹരമായ ലോകം..എങ്ങും പൂക്കൾ…നീല പ്രകാശം…ഇതു വരെ കേട്ടിട്ടില്ലാത്തത്ര മധുരമുള്ള സംഗീതം..

നൃത്തം വെക്കുന്ന സുന്ദരികളായ അപ്സരസ്സുകൾ…തന്റെ ജീവിതത്തിൽ അന്നോളം കണ്ടിട്ടില്ലാത്തത്രയും സൗന്ദര്യമുള്ള സ്ത്രീകൾ…താൻ സ്വപ്നം കാണുകയാണൊ എന്ന് അമ്പൂട്ടി സംശയിച്ചു..ഇല്ല തന്റെ കൂടെ നായയും ഉണ്ട്…സ്വപ്നത്തിലല്ല എന്നു ഉരപ്പു വരുത്താനായി അവൻ നായയെ ഒന്നു തൊഴിച്ചു…നായ അവന്റെ കാലിൽ നക്കി..ഇല്ല സ്വപ്നമല്ല..അവൻ ഉറപ്പിച്ചു…
മനം മയക്കുന്ന സംഗീതം, മോഹിപ്പിക്കുന്ന നൃത്തം, കണ്ണഞ്ചിപ്പിക്കുന്ന നീല പ്രകാശം..സർവ്വം സുഗന്ധ മയം , ഒരു മാന്ത്രിക ലോകത്തിലെത്തിയ പോൽ അമ്പൂക്കിയും നായയും പരിസരം മറന്നു നിന്നു…ആകാശത്തു നിന്നും പെയ്യുന്ന മഴ പോലും പുഷ്പങ്ങളായാണു മണ്ണിൽ തൊടുന്നത്..നിലത്തു വീഴുന്ന ഓരോ തുള്ളിയും ചിത്രശലഭങ്ങളായി പറന്നുയരുന്നു…താൻ എത്തിയത് സ്വർഗ്ഗ ലോകത്തെവിടെയോ ആണെന്ന് അവൻ സ്വയം വിശ്വസിച്ചു….നിമിഷങ്ങൾ പോയതറിഞ്ഞില്ല….

ഒരു ചെമ്പു പാത്രത്തിൽ ഒരുക്കി വെച്ചിരുന്ന പാനീയത്തിലിത്തിരി നുണഞ്ഞതേ അമ്പൂക്കിക്ക് ഓർമ്മയുള്ളു..പിന്നെ വലിയ ഉറക്കത്തിലേക്കവൻ വഴുതി വീണു……!!!!

ഉണർന്നപ്പോൾ…എല്ലാം മാഞ്ഞിരുന്നു…മഴ മാറി…അല്ല…ഏതോ ഒരു ഇരുണ്ട ഗുഹക്കുള്ളിലാണു താനിപ്പോൾ എന്ന് അമ്പൂക്കിക്ക് മനസ്സിലായി…അവൻ പുറത്തേക്കിറങ്ങി..മഴ മാറിയിരിക്കുന്നു…തെളിഞ്ഞ നീല ആകാശം…നായയെ കാണുന്നില്ല…മഴ തോർന്നപ്പോൾ അവൻ ഓടി പോയതാവാം !!

നേരം വൈകി ചെന്നതിനു ഭാര്യ ഇന്നു വഴക്കു പറഞ്ഞതു തന്നെ, അമ്പൂക്കി മലയീറങ്ങി വീടിരുന്നിടത്തേക്ക് വെച്ചു പിടിച്ചു…വഴി തെറ്റിയോ..ആകെ ഒരു മാറ്റം..തലേ ദിവസം പോകുമ്പൊൾ കണ്ടിട്ടില്ലാത്ത തരം പുതിയ വീടുകൾ…അപ്സരസ്സുകളുടെ ഉത്സവം പോലുള്ള എന്തോ മായക്കാഴ്ച ആവാം..അയാൾ വീട് ലക്ഷ്യമാക്കി നടന്നു.

വീടിരുന്ന സ്ഥലത്തെത്തിയിട്ടും അമ്പൂക്കിക്ക് മനസ്സിലായില്ല…തന്റെ വീട് കാണാനെ ഇല്ല….

അമ്പൂക്കിക്ക് ഒന്നും മനസ്സിലായില്ല…അപ്പൊഴേക്കും ഒരു പറ്റം കുട്ടികൾ അമ്പൂട്ടിയുടെ പിന്നാലെ വന്നു…
അവർ അമ്പൂക്കിയെ കല്ലെറിഞ്ഞു ഓടിച്ചു..ഭ്രാന്തൻ ഭ്രാന്തൻ എന്നു ആർത്തലച്ചു..
കണ്ട് പരിചയമുള്ളവരല്ല അവർ…
ഓടിയോടി..ഒരു നിലക്കണ്ണാടിയുടെ മുന്നിലെത്തിയപ്പൊഴാണു അമ്പൂക്കിക്ക് തന്റെ പുതിയ രൂപം മനസ്സിലായത്…

മുഴിഞ്ഞു നാറിയ മേല്മുണ്ട് പിന്നിക്കീറിയിരിക്കുന്നു…നിലത്ത് മുട്ടുന്ന വെള്ളത്താടി..കുഴിഞ്ഞ കണ്ണുകൾ…കൂനു പിടിച്ച മുതുക്..ആകെ കൂടി വിരൂപം. തന്റെ പ്രതിഛായ കണ്ട് ഞെട്ടിയ അമ്പൂക്കി, താൻ കിടന്നുറങ്ങിയ ഗുഹ ലക്ഷ്യമാക്കി ഓടിയകന്നു..

പതിയെ അയാൾക്ക് മനസ്സിലായി..താൻ നൂറു കണക്കിന് വര്ഷങ്ങളായി..ശരിക്കു പറഞ്ഞാൽ അഞ്ഞൂറ് വർഷമോ അറുനൂറ് വർഷമോ..ആയി, ഉറങ്ങുകയായിരുന്നു എന്ന്…തന്റെ വേണ്ടപ്പെട്ടവർ എല്ലാം മണ്മറഞ്ഞു പോയിരിക്കുന്നു എന്ന്…
തന്നെ അറിയുന്നവരോ, തന്നെക്കുറിച്ച് കേട്ടിട്ടുള്ളവരോ ആരും തന്നെ ഇല്ലെന്ന്…

ദൂരെ മലഞ്ചെരുവിലെ ആരും കാണാത്ത ഗുഹക്കുള്ളിൽ അയാൾ കാതോർത്തിരിക്കും..ഗ്രാമത്തിലെ ഏതെങ്കിലും വീട്ടിൽ രാത്രിയായാൽ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്…

കുഞ്ഞുങ്ങൾ ഉറങ്ങാതെ കരയുന്ന വീടുകളുടെ ജനാലക്കരികിൽ പതിയെ ഒച്ചയുണ്ടാക്കാതെ അയാൾ വന്നിരിക്കും…ആരെങ്കിലും അമ്പൂക്കിയെ കുറിച്ചുള്ള കഥകൾ പറയുന്നുണ്ടോ എന്നറിയാനായി….

ആരും അയാളെക്കുറിച്ചു കഥകൾ പറയുന്നില്ല എന്നറിയുന്പോൾ തിരിച്ചു കാട്ടിനുള്ളിലെ നരിമടയ്ക്കുള്ളിൽ പമ്മി ഇരുന്നു അയാൾ മൂളും..കൂമൻ മൂളുന്ന പോലെ ദിക്കുകൾ ഭേദിച്ച് അയാളുടെ മൂളൽ ഒഴുകി നടക്കും.

ഈ മൂളലുകൾ കാരണം ആവാം അയാളെ ചിലർ കൂമൻ ചാത്തൻ എന്നും വിളിച്ചു പോന്നു.

“കൂമൻ ചാത്തൻ , കൂമൻ ചാത്തൻ, കൂമൻ മൂളും കുന്നിൻ മേലെ കൂരിരുൾക്കാടു
കാടിനുള്ളിൽ കല്ല്‌ പിളർന്നൊരു കുറുനരി ഗുഹയുണ്ടേ..
ഗുഹയിൽ രാവിൻ ഓരം പറ്റി പമ്മിയിരിപ്പുണ്ടേ
ജടയും കൂർത്ത മിഴികളുമായൊരു -കൂമൻ ചാത്തൻ

പേടി – വിറച്ചൊരു കാറ്റായവിടെ ഓതിയടിക്കുന്നെ
കാറ്റിൻ തലയിൽ -കരിമുകിൽ, മര തല –
അടിപടലം ചെടി പടലം, ചടുതിയിലവിടവിടായ് –
പൊടി പടലം, കരിയിലകൾ , ചുഴിയിടങ്ങൾ –
അയ്യയ്യോ -കൂമൻ മൂളും കുന്നിൻ മേലേ –
പേടി വിറക്കും, കാറ്റു വിതക്കും കൂമൻ ചാത്തൻ !!
കൂവി വിളിച്ചൊരു ചാവറിയിക്കും കാലൻ രാപക്ഷി
ചിറകടിയൊച്ചയിൽ, ദിക്ക് വിറയ്ക്കും, പെരുവാലൻ പക്ഷി.
അവനവിടവിടായ് ഭീതി നിറക്കും, പേടി പരത്തും –
രാവ് പിളർന്നൊരു വരവറിയിക്കും, മേനി നടിക്കും –
അയ്യയ്യോ -കൂമൻ മൂളും കുന്നിൻ മേലേ –
പേടി വിറക്കും, കാറ്റു വിതക്കും കൂമൻ ചാത്തൻ !!”
*********************************************

 

കഥപറച്ചിലുകാരനു പറയാനുള്ളത് : ഈ കഥ എവിടെയോ കേട്ടു മറന്നതാണല്ലൊ എന്നു തോന്നുണ്ടാവും അല്ലെ..ശരിയാണു.kറിപ് വാൻ വിംഗിൾ (Rip Van Winkle -please google for the original story )എന്ന അമേരിക്കൻ ഡച്ച് നാടോടി കഥയുടെ സ്വതന്ത്ര ആവിഷ്കാരം ആണിത്..അമ്പൂക്കി ഒരു സാങ്കൽപ്പിക കഥാപാത്രവും..കഥ നിങ്ങളുടെ ഭാവനക്കനുസരിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക Happy Story Telling …

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )