ഡേവിഡ്


കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാജധാനി എക്സ്പ്രസ്സിൽ വെച്ച് പരിചയപ്പെട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ്‌ റസാക്ക് ആണു ഡേവിഡിനെക്കുറിച്ച് എന്നോടു പറഞ്ഞത്.
രാജധാനിലെ സെക്കന്റ് ക്ലാസ് എസി കമ്പാർട്ട്മെന്റിൽ ലോവർ ബെർത്ത് സ്വമേധയാ അദ്ദേഹം ഭാര്യക്കും മകള്ക്കും വേണ്ടി ഒഴിഞ്ഞു തരാൻ തയ്യാറായതിനു ശേഷം ആണു ഞാൻ അദ്ദേഹം ഒരു പോലീസ് ഓഫിസർ ആണെന്ന് തന്നെ അറിയുന്നത് ! ചുരുങ്ങിയ സംഭാഷണങ്ങൾ, തിരുവനതപുരത്ത് ഏതോ കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി പോവുകയാണെന്ന് പറഞ്ഞു. ക്രൈം സ്റ്റോറികളിലുള്ള എന്റെ താത്പര്യം മുന് നിർത്തി ചില കേസുകളെ കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണം ഡേവിഡ് ലേക്ക് – അല്ലെങ്കിൽ ഡേവിഡ് സാറിന്റെ കേസിലേക്ക് എത്തി പെടുക ആയിരുന്നു.
ഒരുപാടു കൊലപാതകങ്ങൾ നടക്കുന്ന, അതൊക്കെ വാർത്തയാവാറുള്ള നമ്മുടെ നാട്ടിൽ ഈ കൊലക്കേസ് പ്രത്യേകിച്ച് ശ്രദ്ധ നേടാൻ മാത്രം ഒന്നല്ലായിരുന്നു. എങ്കിലും ഒരു അദ്ധ്യാപകൻ പ്രതിയായ കേസ് എന്ന നിലയിൽ അതിന്റെ തലക്കെട്ടുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ചും ഒരേ രീതിയിൽ രണ്ടാമതും ചെയ്യപ്പെട്ട കൊലപാതകം എന്ന നിലയിൽ. ആദ്യ കേസിലെ അന്വേക്ഷണം ക്രൈം ബ്രാഞ്ചിന് ആയിരുന്നു. എന്റെ സഹ യാത്രികനായ ഓഫീസർക്ക് ആയിരുന്നു അതിന്റെ മേൽ നോട്ടം. പുതിയ കേസ് ലോക്കൽ പോലീസ് തന്നെയാണു അന്വേക്ഷിക്കുന്നത് എങ്കിലും മുൻ കേസ് അന്വേക്ഷിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തെ ഹെഡ് ക്വാട്ടര്സിലേക്ക് വിളിപ്പിച്ചിരിക്കുകയാണിപ്പൊൾ.
ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ആയിരുന്ന ഡേവിഡ് മാസ്റർ രണ്ടു കൊലപാതകങ്ങൾ ചെയ്യേണ്ട മോട്ടീവ് എന്താണെന്ന് ഒരു വ്യക്തതയും ഇല്ലാതെ ഉഴലുകയാണ് ആ ഉദ്യോഗസ്ഥൻ. ആദ്യത്തെ കേസ് മൂന്നു വർഷത്തെ വിചാരണക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു…മൂന്നു മാസം കഴിയുന്നതിനു മുൻപേ..സമാന രീതിയിൽ അതേ സ്ഥലത്ത് നടന്ന ഒരു കേസ്, പോലീസിനു ഡേവിഡ് മാസ്റ്റരെ അല്ലാതെ മറ്റാരേയും സംശയിക്കേണ്ട കാര്യം ഇല്ലായിരുന്നു..വീണ്ടും റിമാൻഡിൽ ജില്ലാ ജയിലിൽ ആണയാൾ. അതിനിടെ ഇത്തവണ അയാൾക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങികൊടുക്കണം എന്ന നിർദ്ദേശത്തിൽ ആണു പോലീസ് ഇപ്പോൾ..
രാത്രിയിൽ ബെർത്തിൽ കിടന്ന് ഉറങ്ങാതെ ചിന്തിച്ചു…ഒരു അദ്ധ്യാപകൻ…എങ്ങിനെ അയാള്ക്ക് കൊലപാതകി ആവാൻ കഴിഞ്ഞു..അതും രണ്ടു തവണ…ഇരകളൊ…അഞ്ചും ആറും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങൾ..അതി ക്രൂരമായ മരണങ്ങൾ.
********************************************
മൂന്നര വർഷങ്ങൾക്ക് മുന്പുള്ള ഒരു ഡിസംബർ മാസം…കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ. സ്ഥലത്തെ യു.പി സ്കൂൾ അധ്യാപകനായ ഡേവിഡ് മാസ്ററെ അതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിയയുടെ ദുരൂഹ മരണത്തിൽ സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നു. മരിയ മരിച്ചു കിടന്ന പാറക്കൽ ക്വാറി പരിസരത്ത് നിന്നും മണം പിടിച്ച് വന്ന പോലീസ് നായ ഡെവിഡ് ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള ഡേവിഡ് മാസ്ററുടെ വീട്ടിലാണ് കയറി ചെല്ലുന്നത്.
മാസ്റ്ററുടെ സാന്റ്രോ കാറിന്റെ ടയർ പാടുകൾ ക്വാറിപരിസരത്ത് നിന്നും പോലീസ് പിന്നീട് കണ്ടെടുത്തു..കാറിന്റെ ടയറിൽ പാറപ്പൊടി പതിഞ്ഞിരുന്നു. അതും പോലീസ് തെളിവാക്കി. മരിയ കൊല്ലപ്പെട്ട രാത്രി മാസ്റ്റരുടെ ചാര നിറമുള്ള സാന്റ്രോ കാർ ക്വാറിയുടെ നേർക്ക് ഓടിച്ച് പോകുന്നത് കണ്ടതായി പ്രധാന സാക്ഷി അപ്പു മൊഴി നൽകി. വേറെ ദൃക്സാക്ഷികളെ ഒന്നും പോലീസിനു കണ്ടു പിടിക്കാൻ സാധിച്ചില്ല.
കൊലപാതകത്തിന് തന്റെ പങ്കിനെ ഡേവിഡ് മാസ്റർ തള്ളി പറഞ്ഞെങ്കിലും, ആ അസമയത്ത് ഒരു കാരണവശാലും പോവേണ്ടതല്ലാത്ത ക്വാറി പരിസരത്തെപ്പറ്റി മാസ്റർ ഒന്നും വിട്ടു പറഞ്ഞില്ല എന്നത് കേസ് അന്വേക്ഷിച്ച ഉദ്യോഗസ്ഥർ പ്രതി കുറ്റക്കാരൻ ആണെന്ന നിഗമനത്തിലേക്ക് എത്തി ചേരാൻ ഇടയാക്കി.
പോരാത്തതിനു കൊല്ലപ്പെട്ട മരിയ ആണെങ്കിൽ സ്ഥലം പോലീസ് ഡ്രൈവർ ബെന്നിയുടെ മകളും.
തെളിവെടുപ്പിന് ആദ്യമായി കയ്യാമം വെച്ച് മാസ്റ്റരെ സ്കൂളിലേക്ക് കൊണ്ടു വന്ന ദിവസം ജനം സ്കൂൾ കൊമ്പൌണ്ടിനു മുന്നിൽ തടിച്ചു കൂടി. പോലീസ് ജീപ്പിൽ നിന്നും പുറത്തെക്കിറങ്ങിയ മാസ്റ്റർക്ക് നേരെ ജനം ചെരുപ്പും കല്ലും കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. “കൊല്ലവനെ” എന്നാക്രോശിച്ച് പാഞ്ഞടുത്ത ജനക്കൂട്ടത്തിൽ നിന്നും മാസ്റ്റരെ ഒരു വിധമാണ് അന്ന് പോലീസ് സംരക്ഷിച്ചത്…
നിറഞ്ഞു നിന്ന ചാനൽ ഓ.ബി വാനുകൾ വഴി കേരളം മുഴുവൻ ലൈവ് ആയി കണ്ടിരുന്നു ആ ദൃശ്യങ്ങൾ…
ആദ്യമൊക്കെ മാസ്റ്റർക്ക് അനുകൂലമായി നിന്നിരുന്ന വിദ്യാർഥികൾ പിന്നീട് മാസ്ടർക്ക് എതിരെ മൊഴി നല്കി. മാഷിൽ നിന്നും മുന്പ് മോശം പെരുമാറ്റമുണ്ടായതായി നാലാം ക്ലാസിലെ രണ്ടു മൂന്നു പെണ്‍കുട്ടികൾ രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെ സമൂഹം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പിന്നീട് നടന്നത് ചരിത്രം.
പോലീസ് കേസ് ഫയൽ കോടതിയിൽ സമർപ്പിച്ചു.
എങ്കിലും, മാസ്റ്റരുടെ അടുത്ത സഹപ്രവർത്തകരും, അധ്യാപക സംഘടനാ നേതാക്കളുമായ ചില സുഹൃത്തുക്കൾ അന്നും ഇന്നും വിശ്വസിക്കുന്നു മാസ്റർ അങ്ങിനെ ചെയ്യില്ല എന്ന്. വ്യക്തിപരമായ ചില പ്രശ്നങ്ങളിൽ പെട്ട് അസ്വസ്ഥനായിരുന്ന കാലത്താണ് മാസ്റർ ഈ കേസിൽ പെടുന്നതെന്ന് അവർ എവിടെയോ വെളിപ്പെടുത്തിയത് വായിച്ചത് ഓർക്കുന്നു. പോരാത്തതിനു പ്രധാന സാക്ഷിയായ അപ്പുവിന്റെ മൊഴിയിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അവർ സമർഥിക്കുന്നു. ഒരു പോലീസുകാരന്റെ മകളാണ് കൊല്ലപ്പെട്ടത് എന്നതിനാൽ പോലീസ് അനാവിശ്യമായ തിടുക്കം കാണിച്ചു എന്നും അവർ ആവർത്തിച്ചു. പോലീസുകാർ ശാരീരികമായി ഉപദ്രവിച്ചതിനാലാണു മാസ്റർ കുറ്റം സമ്മതിച്ചത് എന്ന് അവർ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.
ഭരണപക്ഷ സംഘടനയുടെ നേതാക്കളായത് കൊണ്ട് മാസ്റ്റരുടെ കേസിൽ പുനരന്വേക്ഷണം വേണമെന്ന് ആഭ്യന്തര മന്ത്രിയെ കണ്ട് ഇന്ഫ്ലുവന്സ് ചെയ്യിക്കാൻ അവര്ക്കായി. കേസ് റീ ഓപ്പണ്‍ ചെയ്ത് ക്രൈം ബ്രാഞ്ചിന് വിട്ടു കൊണ്ട് സർക്കാർ ഉത്തരവിട്ടു.
പക്ഷെ, ലോക്കൽ പോലീസിന്റെ കണ്ടെത്തൽ ക്രൈം ബ്രാഞ്ചും ശരി വെച്ചു..വിചാരണ നീണ്ടു പോയി. മാസ്ടർക്ക് പോലീസ് സംരക്ഷണം ഇല്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയാതായി. മാസ്റ്റരെ സപ്പോർട്ട് ചെയ്ത അദ്ധ്യാപകര്ക്ക് സ്കൂൾ വളപ്പിൽ വെച്ച് അതി ക്രൂരമായ മർദ്ദനം ഏല്ക്കേണ്ടി വന്നു. അതിൽ ഒന്ന് രണ്ടു പേർ ജോലി രാജി വെച്ചു സ്വന്തം നാട്ടിലേക്ക് വണ്ടി കയറി. ഒരാൾക്ക് ട്രാൻസ്ഫർ വാങ്ങി പോകേണ്ടി വന്നു.
വിചാരണയും, വിചാരണക്കിടക്കുള്ള ജയിൽ ജീവിതവും, ഇടക്കിടെ പുല്ലാരാമ്പാറയിൽ ആരും കാണാതെ വന്നു താമസ്സികലും ഒക്കെയായി മാസ്റർ ആകെ മാറിയിരുന്നു..എപ്പോഴും മൌനം. ഒരു ഷെല്ലിൽ അകപ്പെട്ട പോലെ..
ജീവിതത്തിൽ എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യന്റെ തകർച്ച !!
മാസ്റ്റരുടെ ജീവിതത്തിൽ താളപ്പിഴകൾ തുടങ്ങിയത് മരിയ കൊല്ലപ്പെടുന്നതിനു ആറു മാസങ്ങൾക്ക് മുന്പ് ആയിരുന്നു. ജാൻസി – മാസ്റ്റരുടെ ഭാര്യ, രണ്ട് വയസ്സുകാരി മകളുമായി, വീട് വിട്ട് ഇറങ്ങി പോയത് അന്നായിരുന്നു. വേർപിരിയിലിന്റെ കാരണം മാസ്റ്റരോട് അടുപ്പമുള്ള ആർക്കും അറിയില്ലായിരുന്നു. മാഷ്‌ ആരോടും പറഞ്ഞും ഇല്ല. മരിയ കൊല്ലപ്പെടുന്ന അന്നാണ്, കോഴിക്കോട് കുടുംബ കോടതി..ഡൈവേർസ് അംഗീകരിച്ച് കൊണ്ട് വിധി പുറപ്പെടുവിപ്പിച്ചത്. മകളെ ഭാര്യക്ക് ഒപ്പം വിട്ടു.
ജാൻസി പിന്നീട് നേർസിംഗ് വിസയിൽ അയർലണ്ടിലേക്ക് ചേക്കേറി…മകളോടൊപ്പം.
തന്റെ ഡൈവേർസ് കേസ്സിൽ വിധി പുറത്ത് വന്ന അന്നായിരുന്നു മാസ്റർ കോഴിക്കോട് നിന്നും പുല്ലൂരാംപാറയിലേക്കുള്ള വഴിയിൽ, വീടെത്തുന്നതിനു മുൻപുള്ള ക്വാറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ എത്തിപ്പെട്ടത്. ദുരൂഹ സാഹചര്യത്തിൽ മരിയ കൊല്ലപ്പെട്ട അന്ന്. പിന്നീട്, പോലീസ് കേസ് ഡയറിയിൽ മാസ്റർ അന്നേ ദിവസം അമിതമായി മദ്യപിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയതും, മാസ്റ്റരുടെ സ്വഭാവ വൈകല്യം ആണു ഡൈവേർസിന് കാരണമായി ഭാര്യ കോടതിയിൽ ചൂണ്ടിക്കാട്ടിയത് എന്നത് മരിയ കേസിൽ മാസ്ടര്ക്ക് എതിരായി വിധി വരാൻ സാഹചര്യം ഒരുക്കി.
വിചാരണ പൂർത്തിയാക്കുന്നതിനു മുൻപേ..അവസാന ട്രയലിനു തൊട്ടു മുൻപേ ഒരു ദിവസം ആണു…പ്രധാന സാക്ഷിയായ അപ്പു ഡേവിഡ് മാസ്റ്റരുടെ അഡ്വക്കെറ്റ് മാത്യൂ ചെമ്മണ്ണൂരിനു മുന്നില് ഹാജരാക്കപ്പെടുന്നത്. അജ്ഞാതനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു, അപ്പുവിനെ അവിടെ എത്തിച്ചത്…അഡ്വ: മാത്യൂ അപ്പോൾ തന്നെ അപ്പുവിന്റെ മൊഴി രഹസ്യമായി മജിസ്റ്റ്രേറ്റിനു മുന്നില് രേഖപ്പെടുത്തി.
സംഭവം നടന്ന രാത്രി, അപ്പു ഡേവിഡ് മാസ്റ്റരെ അസമയത്ത് ക്വാറിക്ക് സമീപം കണ്ടു എന്നത് സത്യം ആയിരുന്നു. ചാര നിറമുള്ള കാർ ക്വാറിക്ക് സമീപമുള്ള വെള്ളക്കെട്ടിന് സമീപം പാർക്ക് ചെയ്ത്, മാസ്റർ അവിടെ കയ്യുയർത്തി കുറെ നേരം വാവിട്ടു കരഞ്ഞു…മാഷ്‌ അന്നേ ദിവസം മദ്യപിച്ചിരുന്നതായി അപ്പുവിനു തോന്നി. ഉറക്കെ കരഞ്ഞു കുറച്ചു നേരം അവിടെ നിന്നതിനു ശേഷം മാസ്റർ കാറോടിച്ച് മടങ്ങി പോയതായി അപ്പു നിലാവിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു..അപ്പുവിന്റെ കൂടെ, റേഷൻ കട നടത്തുന്ന ഭാസ്കരന്റെ ഭാര്യ സൗദാമിനിയും..കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാനാണ് താൻ പൂർണ്ണ വിവരം പോലീസിനെ അറിയിക്കാതിരുന്നത് എന്ന് അപ്പു മജിസ്റ്റ്രേറ്റിന്റെ മുന്നില് വെളിപ്പെടുത്തി….അപ്പുവുന്റെ കാമുകി സൗദാമിനിയും പിന്നീട് മജിസ്റ്റ്രേറ്റിനു മുന്നില് രഹസ്യ മൊഴി രേഖപ്പെടുത്തി…ആരുടേയും പ്രേരണയിൽ അല്ല തങ്ങള് മൊഴി രേഖപ്പെടുത്തുന്നത് എന്ന് അവർ വ്യക്തമാക്കി.
പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെ, കേസിനെ ബലപ്പെടുത്താൻ പോലീസ് കെട്ടിപ്പൊക്കിയ വാദങ്ങൾ എല്ലാം തകർന്നടഞ്ഞു…മാഷുടെ സ്വഭാവ ദൂക്ഷ്യം കാരണമാണ് ഡൈവേർസ് ഫയൽ ചെയ്തത് എന്ന വാദം, ജാൻസിയുടെ സത്യവാങ്ങ്മൂലത്തോടെ തള്ളിക്കളഞ്ഞു…അയർലണ്ടിന് കുടിയേറാനുള്ള തന്റെ ആഗ്രഹത്തിനു എതിര് നിന്നതിലുള്ള തർക്കത്തിൽ നിന്നും കെട്ടിയ ഡൈവേർസ് കേസ് ബലപ്പെടുത്താൻ ജാൻസിയുടെ ഫാമിലി ഫ്രണ്ട് കൂടിയ വക്കീൽ എഴുതി ചേർത്തത് ആയിരുന്നു സ്വഭാവ ദൂക്ഷ്യ തിയറി. !!!
മതിയായ തെളിവുകളുടെ അഭാവത്തിൽ വിചാരണ കോടതി മാസ്റ്റരെ കുറ്റവിമുക്തനാക്കി. മൂന്നര വർഷത്തെ നീണ്ട വിചാരണയും, ഒറ്റപ്പെടലും, മാധ്യമ വേട്ടയും, ഇടക്കിടെ സമൂഹം നടത്തിയ മാനസ്സിക, ശാരീരിക ആക്രമണങ്ങളും മാസ്റ്ററെ തളര്ത്തിയിരുന്നു…!!!
എങ്കിലും വിചാരണ കോടതി കുറ്റവിമുക്തനാക്കിയ അന്ന് മാസ്റർ ചെറുതായി പുഞ്ചിരിച്ചു…നിറഞ്ഞ കണ്ണു നീരിനിടയിലൂടെ.
ഒരിക്കൽ തള്ളി പറഞ്ഞ നാട്ടുകാരിൽ ചിലരെങ്കിലും മാസ്റ്റരോട് അനുഭാവ പൂർണ്ണമായി പെരുമാറി തുടങ്ങിയ കാലം അധികം കാലം നീണ്ടു നിന്നില്ല..അതിനിടയിൽ ആയിരുന്നു അടുത്ത കൊലപാതകം നാടിനെ നടുക്കിയത്..മരിയ കൊല്ലപ്പെട്ട അതേ സ്ഥലത്ത്…ഏകദേശം മരിയയുടെ പ്രായത്തിലുള്ള സുഹൈറയുടെ ശവശരീരം പോലീസ് കണ്ടെടുത്തു….പോലീസ് കോണ്‍സ്റ്റബിൾ സുബൈറിന്റെ ആറു വയസ്സുകാരി ഏക മകൾ…!!!
പോലീസ് ക്വാർട്ടേർസിൽ നിന്നും അധികം അകലെയല്ലാത്ത, മരിയ മരിച്ചു കിടന്ന അതേ ക്വാറിയിൽ..ഉപേക്ഷിക്കപ്പെട്ട ക്വാറി വെള്ളക്കെട്ടിനോട് ചേർന്നു…ക്രൂരമായി പീഢിക്കപ്പെട്ട നിലയിൽ…!!!
പ്രതിയെ എന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടുന്നതിനു മുന്നേ നാട്ടുകാർ പിടികൂടി..കൈകാര്യം ചെയ്തു…നാട്ടുകാരുടെ അതിമാരകമായ ആക്രമണത്തിൽ പരിക്കേറ്റ് ഡേവിഡ് മാസ്റർ മരിക്കും എന്ന നിലയിൽ എത്തിയപ്പോഴേക്കും പോലീസ് അവിടെയെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി.
അവനെ അന്നേ തൂക്കികൊല്ലെണ്ടാതായിരുന്നു എന്ന് ജനം ആക്രോശിച്ചു…ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്നും ഒരു വിധത്തിലാണ് ഡേവിഡ് മാസ്റ്റരെ പോലീസ് അന്ന് രക്ഷിച്ചെടുത്തത്…!!!
ദൃക്സാക്ഷികളൊ…മൊഴികളൊ, വേണ്ടത്ര തെളിവുകളോ ഒന്നും ഇല്ലാതിരുന്നിട്ടും പോലീസ് അദ്ദേഹത്തെ പ്രതിയാക്കി കേസ് ഫയൽ ചെയ്തു…ഒരെ രീതിയിൽ ആവർത്തിച്ച മറ്റൊരു കേസിൽ പ്രതിയായി ഡേവിഡ് മാസ്റർ വീണ്ടും കേസുകളിലേക്ക്…
പക്ഷെ ഇത്തവണ കഥയിൽ ഒരു ട്വിസ്റ്റ്‌ ഉണ്ട്…ഡേവിഡ് മാസ്റർ പ്രതിയല്ല..അന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരാൾ ഇന്ന് ജീവിച്ചിരിപ്പുണ്ട്..സുഹൈറയുടെ കൊലപാതകം നടന്ന രാത്രിയിൽ ഡേവിഡ് മാസ്ടരോടോപ്പം ഉണ്ടായിരുന്ന ഒരാൾ.
മരിയയെ കൊന്നത് ആരാണെന്നു കൃത്യമായി മനസ്സിലാക്കിയ ഒരാൾ…അതേ കൊലപാതകി തന്നെയാണു സുഹൈരയെയും കൊന്നത് എന്ന് ഉറപ്പിച്ച് പറയാൻ വേണ്ടത്ര തെളിവുകൾ ആ അജ്ഞാതനായ ആളുടെ കയ്യിൽ ഉണ്ട്…സുഹൈര കൊല്ലപ്പെട്ട രാത്രിയിൽ ഡേവിഡ് മാസ്റ്റരോടൊപ്പം ഇരുന്ന് അയാള് മരിയ കൊലപാതക കേസിന്റെ പിന്വഴികളിലൂടെ ഉള്ള തന്റെ യാത്രയുടെ ഡീറ്റെയിൽസ് പങ്കു വെക്കുക ആയിരുന്നു…
ഡേവിഡ് മാസ്റ്റരുടെ ആത്മ മിത്രം, അഡ്വ: മാത്യു ചെമ്മണ്ണൂരിന്റെ അസൈന്മെന്റ് ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയ എന്നെ തേടി വരുന്നത് മൂന്ന് വർഷങ്ങൾക്ക് മുന്പായിരുന്നു. സിബിഐയിൽ സെലക്ഷൻ കിട്ടാതുള്ള വിഷമത്തിൽ ഒരാവേശത്തിൽ ആരംഭിച്ചതായിരുന്നു എന്റെ പ്രൈവറ്റ് ഡിറ്റക്റ്റീവ് എജന്സി. ആദ്യമായി ആയിരുന്നു ഒരു കൊലക്കേസ് എന്നെ തേടി വരുന്നത്..പോലീസും ക്രൈം ബ്രാഞ്ചും ഒരു പോലെ അന്വേക്ഷിച്ച് അവസാനിപ്പിച്ച കേസിനെകുറിച്ച് അഡ്വ: മാത്യുവിന് ആദ്യമേ സംശയം ഉണ്ടായിരുന്നു…അതു കൊണ്ടാണ് മറ്റാരും അറിയാതെ പാരല്ലൽ ആയി ഈ കേസ് പഠിക്കാനും അന്വേക്ഷിക്കാനും എന്നെ ഏൽപ്പിച്ചത്.
ആരും അറിയാതെ ഞാൻ നടത്തിയ ചില അന്വേക്ഷണങ്ങൾക്കിടയിലാണ് അപ്പുവിന്റെ മൊഴിയിലെ വൈരുദ്ധ്യം എന്റെ ശ്രദ്ധയിൽ പെടുന്നതും, അതിന്റെ പിന്നാലെ പോയി, അപ്പുവിനെ കൊണ്ട് മജിസ്റ്റ്രേറ്റിനു മൊഴി കൊടുപ്പിച്ച് മാസ്ടർക്ക് അനുകൂലമായി കേസ് മാറ്റി എടുപ്പിച്ചത്..
രണ്ടു കൊലകളും നടന്ന ക്വാറിക്ക് ഏറ്റവും അടുത്തുള്ള പോലീസ് ക്വാർട്ടേർസിൽ തന്നെയാണു യഥാർഥ പ്രതി എന്ന് എനിക്ക് തോന്നിയിരുന്നു…തന്റെ ദൗർഭാഗ്യം നിമിത്തം ഡേവിഡ് മാസ്റർ ആ പരിസരത്ത് ആ സമയത്ത് എത്തി എന്ന് മാത്രം. സ്വഭാവ ദൂക്ഷ്യം ആരോപിച്ച് ഭാര്യ മകളെയും കൂട്ടി വേര്പെട്ടു പോയ തകർച്ചയിൽ ആയിരുന്ന മാസ്ടര്ക്ക് തിരികെ ഫൈറ്റ് ചെയ്ത് കേസിൽ നിന്ന് രക്ഷപ്പെടുവാനുള്ള മാനസ്സിക അവസ്ഥ ഉണ്ടായിരുന്നില്ല !!!
ഞാൻ മനസ്സിലാക്കിയ കാര്യങ്ങളുമായി ഇന്ന് തിരുവനന്തപുരത്തേക്ക് അഡ്വ: മാത്യു ചെമ്മണ്ണൂരിനെ കാണാനുള്ള യാത്രയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും, ഡേവിഡ് മാസ്റ്റർ നിരപരാധിയാണ് രണ്ടു കേസുകളിലും…
യഥാരഥ പ്രതി പതിനഞ്ച് വയസ്സുകാരൻ ജെറി, പോലീസ് ക്വാർട്ടേർസിലെ തന്നെ കോണ്‍സ്റ്റബിൾ കുര്യന്റെ മകൻ ജെറി കുര്യന്റെ മാനസ്സിക വൈകല്യത്തിന്റെ ഇരകൾ ആയിരുന്നു മരിയയും, സുഹൈറയും…
രാജധാനി എക്സ്പ്രസ്സിലെ ഈ രാത്രിയിൽ എന്റെ അടുത്ത ബെർത്തിൽ കിടന്നുറങ്ങുന്ന ഡിവൈഎസ്പി മുഹമ്മദ്‌ റസാക്കിനു പോലും അറിയില്ല, ജെറിയെ കസ്റ്റഡിയിൽ എടുത്ത് എസ് പിക്ക് മുന്നില് ഹാജരാക്കിയ കാര്യം…
(നവംബർ 4 2014 നു ബാംഗ്ലൂർ ടൈംസ് ബ്ലോഗിൽ എഴുതിയത്..
http://kuttanskadhakal.blogspot.com/2014/11/blog-post.html)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )