നാടൻ പ്രേമം


നാടൻ പ്രേമം

(1) – ശേഖരൻ നായരുടെ മലബാർ യാത്ര
(2) – പാത്തുമ്മ
(3) മുല്ലപ്പൂ പ്രണയം
(4) സക്കീർ ഇറാനി
(5) ശുഭം

(1) – ശേഖരൻ നായരുടെ മലബാർ യാത്ര

ശേഖരൻ നായർ ബസ്സിറങ്ങി കാല് വലിച്ച് നീട്ടി, ചവുട്ടി നടന്നു…തേക്കിൻ ചുവട് സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയെന്നാണ് അനന്തരവൻ സുകു പറഞ്ഞത്..പക്ഷെ ഉറങ്ങിപ്പോയത് കൊണ്ട് സ്ഥലം കഴിഞ്ഞു പോയി എന്ന ഭ്രമത്തിൽ ചാടിയിറങ്ങിയത് ഒരു സ്റ്റോപ്പ് മുന്നേ പള്ളിപ്പടിയിൽ ആയി പോയി..മൂലമറ്റം ഫാസ്റ്റിൽ പാലായിൽ നിന്നും കാലത്തെ കയറിയതാണ്..തുടർച്ചയായ ഇരിപ്പിൽ കാൽ കോച്ചി പിടിച്ച് തുടങ്ങിയിരുന്നു..

അങ്കമാലിയിലും, തൃശൂരും, മഞ്ചേരിയിലും ആയി ഒന്ന് രണ്ടു തവണ കാപ്പി കുടിക്കാനും ഊണു കഴിക്കാനും മൂത്രമൊഴിക്കാ,നുമായി ഇറങ്ങിയിരുന്നു എങ്കിലും ഒരു കണക്കിൽ പറഞ്ഞാൽ നീട്ടി പിടിച്ചുള്ള യാത്ര ആയിരുന്നു..

പള്ളിപ്പടിയിൽ നിന്നും തേക്കിൻ ചുവട്ടിലേക്ക് ഒന്നൊന്നര മൈൽ കാണും…മണിക്കൂർ കുറേ ഇരുന്നതിന്റെ കാൽ വലിച്ചിൽ, നടപ്പിൽ തീർക്കാൻ പറ്റുന്നത് നല്ലത് തന്നെ…

കാഞ്ഞിരമറ്റം-പാലാ ട്രാൻസ്പോർട്ടിൽ വെളുപ്പിനെ വെച്ചു പിടിച്ചതാണ്, പള്ളി കവലയിൽ നിന്നും കയറുമ്പോഴേ കണ്ടക്ടർ കുര്യച്ചൻ ഓർമ്മിപ്പിച്ചു –
“എന്നാ ഒണ്ട് ചേട്ടാ..മലബാറിനാണേൽ ആറംപതിനൊരു ഫാസ്റ്റൊണ്ട് ..സുകു വരുമ്പോൾ അതുത്തേലാ പോവാറ്..അങ്ങ് വരെ സുഖമായിട്ടു പൊയേച്ചും വരാം..പിന്നെ, സുകൂനോടു പ്രത്യേകം ചോദിച്ചതായി പറയണം ..കാര്യം പറഞ്ഞാൽ ഞങ്ങളു രണ്ടാക്കും ഒരുമിച്ചാ ട്രാൻസ്പോർട്ടേൽ കണ്ടക്ടർ റാങ്ക് ലിസ്റ്റിൽ കിട്ടിയേ..ബി.എഡ് ഒക്കെ ഒള്ള കൊണ്ട് അവൻ ഈ വിസിലടിക്കാൻ നിക്കാതെ സാറാവാൻ മലബാറിന് പോയി..പിന്നെ അവിടുന്നങ്ങ് കെട്ടി അല്ല്യോ ..ഇപ്പൊ പിള്ളേര് എത്ര ഒണ്ട് ..”
“രണ്ട് ആണ്- ഇരട്ടകൾ ”
“പുള്ളിക്കാരീം ആ പള്ളിക്കൂടത്തിൽ തന്ന്യാ പഠിപ്പിക്കുന്നേ അല്ല്യോ ”
“അവുടാരുന്നു..പിന്നങ്ങോട്ട് വീടിന്റടുത്തൂട്ട് കീട്ടി..ഒരു പള്ളി വക സ്കൂളിൽ.. ”
“സുകു പഠിപ്പിക്കുന്നത് തുലുക്കന്മാരുടെ പള്ളിക്കൂടത്തിലാ അല്ല്യോ..അവർക്ക് അവനെ വലിയ കാര്യമാന്ന് പറഞ്ഞാരുന്നു കഴിഞ്ഞ വട്ടം കണ്ടപ്പോ…എന്നാ പറഞ്ഞാലും ഇവിടുന്നങ്ങ് മലബാറിന് പോയവന്മാരെ പോലെ ഒന്നും അല്ല അവൻ..നാടിനോട് സ്നേഹം ഉണ്ട്.. വരും..വന്നാൽ കാണാതൊട്ട് പോവത്തും ഇല്ല…. ചേട്ടൻ ഇടക്കിടക്ക് പോവാറുണ്ടോ ”

“ഇല്ല ഇത് ആദ്യമാ ..”

നടന്ന് നടന്ന് തേക്കിൻ ചുവട്ടിൽ എത്തി…സുകു പറഞ്ഞത് വെച്ചിട്ട് കലുങ്കിന്റെ അടുത്തൂടെ കിഴക്കോട്ടൊരു മണ്‍റോഡ്‌ ഉണ്ട്..അവിടെ മിക്കവാറും ടാക്സി ജീപ്പ് കാണും..ചിലപ്പോ അരമണിക്കൂർ ഒക്കെ കാത്തു നില്ക്കേണ്ടി വരും എന്ന് അവൻ പറഞ്ഞിരുന്നു ..ബസ്സുകൾ കുറവാണ്..ഉള്ളവ തന്നെ പതിവായി ഓടാറും ഇല്ല…

വലിയ തേക്ക് മരങ്ങൾ അരികു നില്ക്കുന്ന മണ്‍റോഡ്‌…ഒരു വളവിനപ്പുറം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം ആണു..ഫോറസ്റ്റ് വകുപ്പിന്റെ കീഴിലുള്ള കശുമാവിൻ തോട്ടത്തിലൂടെ കല്ലിളകി കിടക്കുന്ന മണ്‍പാത…ഏകദേശം ഒരു ആറു മൈൽ കാണും തോട്ടുമുക്കത്തേക്ക് …സുകു പറഞ്ഞു തന്ന അറിവാണ്..വഴി കൃത്യമായി വിവരിച്ചു തന്ന എഴുത്ത് പോക്കറ്റിൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തി അയാൾ, ടാക്സി ജീപ്പുകൾ കാണാത്തത് എന്താണെന്ന് അന്തിച്ചു നിന്നു …

“തോട്ടുമുക്കത്തിനാണോ..ആണേൽ ദാ ആ വളവിൽ കിടപ്പുണ്ട് ജീപ്പ്…പോലീസിനെ പേടിച്ച് ഒളിപ്പിച്ചിട്ടിരിക്കുവാ…”

ചിതറിയ മേൽ മീശ തെറിപ്പിച്ച് കൊണ്ട് എതിരെ വന്നയാൾ പറഞ്ഞു…

ശേഖരൻ നായർ അപ്പൊഴാണത് ശ്രദ്ധിച്ചത്…കറുപ്പ് നിറം അടിച്ച് വാതിലിൽ മഞ്ഞ പൂശിയ ഒരു ടാക്സി ജീപ്പ്…വളവിൽ പെട്ടെന്ന് കാണാതെ ഒതുക്കി നിറുത്തിയിട്ടുണ്ട്‌…ജീപ്പിനു അടുത്തു നിന്നും ഡ്രൈവർ ആവണം മാടി വിളിക്കുന്നുമുണ്ട്…അയാള് കയ്യിലെ ബാഗ് മുറുകെ പിടിച്ച് ..ജീപ്പിനടുത്തേക്ക് നടന്നു..

“അതേ, പുതിയ എസ് ഐ കുറച്ച് പ്രശ്നക്കാരനാ..അത് കൊണ്ട് ഒതുക്കി ഇട്ടേക്ക്വാരുന്നു…കണ്ടു കഴിഞ്ഞാൽ അയാള് കാശ് ചോദിക്കും..കരുണാകരന്റെ പോലീസാ..” ചിരിച്ച് കൊണ്ട് അയാള് പറഞ്ഞു..’ചേട്ടൻ കേറി ഇരുന്നോ..ഒരു മൂന്നാലു പേരൂടെ ആയിട്ട് നമുക്ക് പോയേക്കാം..ഇന്ന് ബസ്സ്‌ വരത്തില്ലാന്നു തോന്നുന്നു..”
ഡ്രൈവർ ബീഡി പുക വലിച്ചൂതുന്നതിനിടയിലൂടെ പറഞ്ഞു..

ജീപ്പിനകത്ത് വിയർപ്പ് മണം തങ്ങി നില്ക്കുന്നു..മുന് നിര നിറച്ചും ആൾ ഉണ്ട്..പിന് സീറ്റുകളിൽ ഒരു ബെഞ്ച്‌ മുഴുവൻ സ്ത്രീകൾക്കായി മാറ്റി വെച്ചിരിക്കുന്നു…മറ്റേ നിരയിൽ ശേഖരൻ നായർ ഒതുങ്ങിക്കൂടി..

അരമണിക്കൂർ കഴിഞ്ഞു..ഒറ്റക്കും തെറ്റക്കും ആയി മൂന്നു നാല് പേരൂടെ വന്നു..ഒരാളെ കൂടി ഉള്ളിൽ കയറ്റി ഡ്രൈവർ ബാക്ക് ഡോർ അടച്ചു..ശേഖരൻ നായർക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി…ദീർഘ ദൂരം യാത്ര ചെയ്തതിന്റെ ക്ഷീണം വേറെയും..

പുറത്ത് ബാക്കീ വന്നവർ ജീപ്പിന്റെ വശത്തും പിന്നിലും ഉള്ള ചവിട്ടു പടികളിൽ കാലുറപ്പിച്ചു…ഇനി ആരും വരാനില്ലെന്ന് ഉറപ്പ് വരുത്തി ഡ്രൈവർ പകുതി ശരീരം വെളിയിൽ തൂങ്ങി നില്ക്കുന്നവിധം സ്റ്റിയരിംഗ് വീലിൽ പിടി മുറുക്കി..എഞ്ചിൻ മുരണ്ടു…കര കരാ ശബ്ദത്തോടെ ജീപ്പ് മുന്നോട്ട് എടുത്തു…

ആളുണ്ട്…ആളുണ്ട്..പിന്നിൽ നിന്നും ഒരു ശബ്ദം…ജീപ്പ് ഓഫായി..ഒരു സ്ത്രീ ഓടി വരുന്നുണ്ട്..

നാല്പ്പത് വയസ്സ്..പാത്തുമ്മ ഓടി വരികയാണ്..വെള്ളയിൽ കറുപ്പ് വര ഉള്ള തട്ടം …മഞ്ഞ മേലുടുപ്പും…വെള്ള പാവാടയും..കാതിൽ വലിയ കമ്മൽ തൂങ്ങി കിടക്കുന്നു..കയ്യിൽ നിറയെ കുപ്പി വള..

ശേഖരൻ നായർക്ക് അടുത്തിരുന്നയാള് ഇറങ്ങി…

പകുതി ചന്തി ജീപ്പിന്റെ കറുത്ത ഡോറിലും മറുപകുതി ശേഖരൻ നായരുടെ തുടയിലുമായി പാത്തുമ്മ ഇരുപ്പുറപ്പിച്ചു…

“എന്നാ വിട്ടാളി ജോസേ..ഞമ്മക്ക് ഇത്രേം സ്ഥലം തന്നെ മേണ്ട ” പാത്തുമ്മ ഡ്രൈവറെ നോക്കി വിളിച്ചു പറഞ്ഞു..

കറുത്ത പുക ചീറ്റി ജീപ്പ് വീണ്ടും മുരണ്ടു സ്റ്റാർട്ടായി…ചെറു കുഴികൾ താണ്ടി ഒരു തോണിയിൽ എന്ന വണ്ണം ഉലഞ്ഞുലഞ്ഞു ജീപ്പ് നീങ്ങി…

വിയര്പ്പിന്റെ രൂക്ഷ ഗന്ധങ്ങൾക്കിടയിലേക്ക് അത്തറിന്റെ മണം ഇടക്കിടെ കടന്നു വന്നു…

കശുമാവിൻ തോട്ടത്തിന്റെ കയറ്റം കയറുമ്പോൾ ജീപ്പ് കിതച്ചു നിന്നു ..പിന്നിലും വശങ്ങളിലും ഞാന്നു കിടന്നവർ ഇറങ്ങി നടന്നു ജീപ്പിനു പിന്നിലായി…ശരീരത്തിന്റെ പകുതിയോളം ജീപ്പിനു പുറത്തേക്ക് തൂങ്ങി പാത്തുമ്മ അത്തർ പുറത്തേക്ക് പരന്നു !!

പുല്ലുകാവിലെ ചെറിയ കുന്നു കയറി..ജീപ്പ് ഒരു ഇറക്കിത്തിലേക്ക് ഒഴുകി വീണു..ശരവേഗം സ്വീകരിച്ചു..പാത്തുമ്മ ഇടക്കിടെ ഉലഞ്ഞുലഞ്ഞു ശേഖരന് നായരുടെ മടിയിൽ വരും…ശേഖരൻ നായരുടെ മുഖം വിളറി വെളുത്തു…

ഒരുലച്ചിലിൽ പാത്തുമ്മ അയാളുടെ ചെവിയിൽ പറഞ്ഞു…

“ഇങ്ങള് ബേജാർ ആവല്ലീം നായരെ..ഒരു പെണ്ണ്‍ മടീല് ഇരുന്നൂന്നു ബെച്ചിട്ട് ഇപ്പൊ ഇബടെ ഒന്നും സംഭവിക്കാൻ പോന്നില്ല..”പിന്നെ അവൾ ചിരിച്ചു…

മുല്ല മഹൽ, ഇറാനി ഹൗസ്, തൊമ്മൻകോളനി തുടങ്ങി അതാത് വീട്ടുപടിക്കലുകളിലെ സ്റ്റോപ്പുകൾ പിന്നിട്ട് ജീപ്പ് ആടിയുലഞ്ഞു നീങ്ങി !!!
അടുത്ത സ്റ്റോപ്പിൽ..ഹാജ്യാര് പടിയിൽ ജീപ്പ് ഒന്നുലഞ്ഞു നിന്നപ്പോൾ അവൾ ഇറങ്ങി…ദൂരേക്ക് നടന്നു പോയി…അത്തറിന്റെ മണം മറഞ്ഞതും ..സമയം തെറ്റിയെത്തിയ പരതയിൽ ട്രാവത്സിന്റെ പച്ചയും ക്രീമും നിറത്തിലുള്ള ബസ് ജീപ്പിനെ പൊടിയിൽ മുക്കി ഓടിയകന്നതും ഒരുമിച്ചായിരുന്നു..

********************************************************************************************************************************
(2) – പാത്തുമ്മ

“എന്തോരം ഷീറ്റ് കിട്ടും “- അതിരാവിലെ റബർ വെട്ടാൻ വന്ന തോമാച്ചനോട് ശേഖരൻ നായർ ചോദിച്ചു…
“ഒന്നരാടാൻ വെട്ടിയാൽ ഒരഞ്ചട്ടെന്നം കിട്ടും..”
“സുകുവേ..മൊതലാവത്തില്ലല്ല്യോടാ..ഇവന് ശാപ്പാട് കൊടുക്കാൻ തന്നെ തികയത്തില്ല…” ശേഖരൻ നായർ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..
“മലബാറിന് പോന്നവന്മാരൊക്കെ കാശുണ്ടാക്കാനായി പോന്നതാണെന്നാ അങ്ങ് തിരുവതാംകൂറ് സംസാരം..അവിടെ ഗതി പിടിക്കാത്തോരു..വിറ്റു പെറുക്കി ഇങ്ങു പോരും…മലബാറിൽ മുഴുവൻ (ശബ്ദം താഴ്ത്തി) തുലക്കന്മാർ ആണെന്നാരുന്നു നമ്മടെ ഒക്കെ ധാരണ..ഇതിവിടിപ്പം ഒരുപ പാടു മാപ്പിളമാരും ഉണ്ടല്ലോ..തോമാച്ചന്റെ നാടെവിടാ..”
“രാമപുരം ”
“അപ്പൊ നമ്മടെ മണ്ണാ ..” വീണ്ടും ഉറക്കെ ചിരിച്ചു…
“ഈ തുലക്കന്മാരൊക്കെ എങ്ങിനാ, കൂട്ടത്തിൽ കൂട്ടാൻ കൊള്ളാമോ..നമ്മടെ അവിടെ ഇവന്മാര് അഞ്ചാറു എണ്ണമേ ഉള്ളൂ…അതു കൊണ്ട് ഇനം എങ്ങിനാന്ന് അറിയത്തില്ല..”

“ചായ കൊള്ളാമല്ലോ സുജേ..പാല് സൊസൈറ്റീന്നാണോ വാങ്ങുന്നെ..ഇത്രേം സ്ഥലം ഇല്ലേ..കാടു പിടിച്ചു കിടക്കുന്നു…നിങ്ങക്കൊരു പശൂനെ വാങ്ങിക്കൂടെ…പാല് കിട്ട്വേം ചെയ്യും..പറമ്പൊട്ടു കാടു കേറത്തും ഇല്ല…”

“പാല് ഇവിടൊരു അടുത്ത വീട്ടുന്നു വാങ്ങുകാ അമ്മാവാ..”

“എന്നാ ജാതിയാ..”

“പശുവാണോ..അതറിഞ്ഞൂടാ..നാടൻ ആണെന്ന് തോന്നുന്നു ”

“പശു അല്ല ..പശൂന്റെ ഉടമസ്ഥര്…മനസ്സില് പിടിച്ച് വല്ലോം കഴിക്കണേ നമ്മടെ ജാതിക്കാരുടെ ആണേലെ ഒക്കൂ..”

“എന്റെ നായരെ..ഇന്റെ പജ്ജിന്റെ പേര് നന്ദിനീന്നാ..ഇങ്ങള് പെങ്കുട്ട്യേക്ക് ഇടണ പേരു..ഓള് തരണ പാല് ഇങ്ങക്ക് ധൈര്യായിട്ടും കയിച്ചം… ഇബടത്തെ മാശും ടീച്ചറും കൊറേ ആയി ഞമ്മന്റെ പോരെന്നാണ്..പാല് ബാങ്ങണത്..അയിനും മേണ്ടി ഓലുക്കു കൊയപ്പം ഒട്ടില്ല്യാനും ”

അത്തറിന്റെ മണം വീശി പാത്തുമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..!!!

******************************************************************************************
ഉച്ചവെയിൽ മയക്കം തുടങ്ങി..മണ്‍ നിറമുള്ള ചെമ്പോത്തുകൾ പൊന്തക്കാടുകളിൽ മറഞ്ഞിരുന്നു കുറുകി..മുറ്റത്ത് ഒരു കാൽ പെരുമാറ്റം കേട്ടാണ് ശേഖരൻ നായര് ഉണർന്നത്…

“ടീച്ചറു പജ്ജിന് കൊടുക്കാൻ കാടി ബെള്ളം ബയ്ക്കലുണ്ടായിനി ഇബടെ..” – പാത്തുമ്മയാണു…
“കാടി വെള്ളം ആണൊ”
“അതന്നെ..”
“എന്തേരെ വേണം..”
“പടച്ചോനെ..”
“എന്തേരെ വേണോംന്ന് ”
“എന്തേരെ ഒന്നും ബേണ്ട നായരെ പജ്ജിന് ഇത്തിരീം കഞ്ഞീന്റെ ബെള്ളം മതീം..”

ഇത്തവണ അത്തർ മണത്തോടൊപ്പം ശേഖരൻ നായരും ചിരിച്ചു..
**************************************************************

(3) മുല്ലപ്പൂ പ്രണയം

“അല്ല മോനെ..അന്റെ അമ്മ ഏതാ ജാതി..” സുലൈമാൻ ചോദിച്ചു..
സുകുമാരൻ മാഷുടെയും സുജാത ടീച്ചറുടേയും മകൻ സുഭാഷിന് നു അതിനുത്തരം അറിയില്ലായിരുന്നു…
കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയിൽ അവൻ പറഞ്ഞു …”ഹിന്ദു”

“മാസ്റ്ററോ..അന്റെ ബാപ്പ..”
അച്ചന്റെ പേരിന്റെ കൂടെ സുകുമാരൻ നായർ എം പി എന്ന് കണ്ട ഓർമ്മയിൽ അവൻ പറഞ്ഞു ..
“നായര്”
“അപ്പൊ ഒരു നായര്ക്ക് ഹിന്ദൂനെ കല്യാണം കയ്ക്കാം ല്ലേ..” സുലൈമാൻ വിടുന്ന ഭാവം ഇല്ല..
“ഇങ്ങള് ഓനെ മെക്കാർ ആക്കല്ലീം…” ബീവർ പാത്തുമ്മ സുലൈമാനോട്‌ ചിരിച്ചു കൊണ്ട് പറഞ്ഞു..
“അല്ല ഇമ്മക്ക് അറിയണല്ലോ..നായര്ക്ക് ഹിന്ദൂനെ കെട്ടിയാൽ കുറ്റം ഉണ്ടോ കുട്ടാ..”
“ഇല്ലാന്നാ തോന്നുന്നേ…”
“അത് കറക്റ്റ് …എന്നാ ഒരു ഹിന്ദൂനു മുസ്ലീം കുട്ടീനെ കെട്ടിക്കൂടെ…കൊയപ്പം ഉണ്ടോ..”
“ഇല്ലാവും..”
“ഇങ്ങള് എന്താ ഇമ്മളെ പെണ്ണിനെ ഓനുക്ക് കെട്ടിച്ച് കൊടുക്കാൻ പോക്വാ…” അത്തർ ചിരിയിൽ പാത്തുമ്മ ചോദിച്ചു..
‘അത് തന്നെയാ എനിക്ക് ചോദിക്കേണ്ടത്..ഇനിക്ക് എന്നാ ന്റെ മോള് ജാസ്മിനെ കെട്ടിക്കൂടെ..”
അഞ്ചു വയസ്സുകാരന് സുഭാഷിന്റെ മുഖം വിളറി..സമപ്രായക്കാരി ജാസ്മിൻ നാണം കൊണ്ട് വീടിനകത്തേക്ക് ഓടി കയറി…ജാസ്മിന്റെ മൂത്ത സഹോദരന് ഷംസുദ്ദീൻ റബ്ബർ ചെരിപ്പ് വെട്ടിയുണ്ടാക്കിയ വണ്ടി ഉന്തി വീടിനു ചുറ്റും തുപ്പൽ തെറിപ്പിച്ച് ഓടി നടന്നു…

********************************************************************************

ആയി ഹൊ മേരി സിന്ദഗീമേ തും ബഹാറു ബന്കെ ..
ആയി ഹു മേരി സിന്ദഗീമേ തും ബഹാറു ബന്കെ ..
മേരി ദിൽ മേ യൂ ഹി രഹനാ..മേരി ദിൽ മേ യൂ ഹി രഹനാ..
തും പ്യാര് പ്യാര് ബന്കെ..

ആംകോം മേം തും ബസേ ഹോ ..സപനെ ഹസ്സാര് ബന്കെ..
മേരി ദിൽ മേ യൂ ഹി രഹനാ..തും പ്യാര് പ്യാര് ബന്കെ..

പത്താം ക്ലാസ് എ ഡിവിഷനിലെ – ക്ലാസ് മുറിയിൽ അവളുടെ മനോഹര ശബ്ദം ഉയര്ന്നു പൊങ്ങി…അവനു ഏറേ പ്രിയം ഉള്ള പാട്ട്..ഒരു പക്ഷെ അവൾ പാടുന്നത് കൊണ്ടാവും…
മേരേ സാത്തി മേരെ സാജൻ..മേരെ സാത്ത് യൂ ഹി ചലനാ..
ബദലേഗെ രംഗ് സമാനാ…പർ തും നഹീ ബദലനാ…

സുഭാഷ് ജാസ്മിനെ നോക്കി ഇരുന്നു…പാട്ടും അവളുടെ ഇളം നീല തട്ടത്തിനിടയിലൂടെ ഉയർന്ന് പാറുന്ന മുടിയിഴകളും മാത്രം…
കാലം ഒരുപാടു കടന്നു പോയിരുന്നു…ജാസ്മിന്റെ ബാപ്പ സുലൈമാൻ ഗൾഫിൽ പോയി തിരികെ വന്നത് സുലൈമാൻ ഹാജി ആയി ആയിരുന്നു..
സുലൈമാൻ ഹാജി ഹൈസ്കൂൾ പി.ടി എ പ്രസിഡന്റും!!

പാത്തുമ്മയുടെ അത്തർ മണം..ജാസ്മിന്റെ, മുല്ലപ്പൂ പെർഫ്യൂമിനു വഴി മാറി കൊടുത്തിരുന്നു…

കയ്യിൽ കരുതിയ കുപ്പി വളകൾ അവൾക്ക് കൊടുക്കുവാനായി സൈക്കിൾ ചവിട്ടി സുഭാഷ് സ്കൂൾ കൊമ്പൌണ്ടിനു പുറത്തിറങ്ങി..ഇന്നെങ്കിലും ആരും കാണാതെ അവളോടു സംസാരിക്കണം…!!!

സ്കൂൾ മതിലിനു ചേര്ന്ന തെങ്ങിൽ കൊത്തി വെച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു ..

സക്കീർ വെഡ്സ് ജാസ്മിൻ…

*************************************
(4) സക്കീർ ഇറാനി

ഇസഹാക്ക് മൂന്നു കെട്ടിയ പ്രമാണി ആയിരുന്നു…രണ്ടാമത്തവൾ മൊഞ്ചത്തി ഇറാനിൽ നിന്നും വന്ന അൽമ …പേർഷ്യയിൽ അൽമ എന്ന് വെച്ചാൽ ആപ്പിൾ. ആപ്പിളിന്റെ നിറം ആയിരുന്നു അൽമക്ക്…ഇസഹാക്കിന്റെ പേർഷ്യ ജീവിതകാലത്ത് ജീവിത സഖി ആയവൾ. പേർഷ്യയോടും അൽമയോടുമുള്ള സ്നേഹം മൂത്ത് ഇസഹാക്ക് വീടിനു ഇറാനി ഹൗസ് എന്ന് പേരിട്ടു…ഇസഹാക്കിനും അൽമക്കും മക്കൾ മൂന്ന്..മൂത്തവൾ സൽമ ഇറാനി, രണ്ടാമത്തവൻ സക്കീർ ഇറാനി, മൂന്നാമത്തവൾ ജൽവ ഇറാനി.

നീലകണ്ണും ചുവന്നു തുടുത്ത മുഖവുമുള്ള സക്കീർ ഇറാനി സ്കൂളിൽ ഹീറോ തന്നെ ആയിരുന്നു…പക്ഷെ പഠനത്തിൽ ഒരു പാടു പിന്നിലും..

സക്കീറുമായി ജാസ്മിന് വേണ്ടി ഒരു കോമ്പറ്റീഷൻ വന്നാൽ സുഭാഷ് പുറത്താകും എന്ന് ഉറപ്പ്…

**************************************************
(5) ശുഭം

മരിക്കുന്നതിനു രണ്ടു ദിവസം മുൻപേ ശേഖരൻ നായർ ഭാര്യോടു പറഞ്ഞത് മലബാറിലേക്ക് പോകുന്നതിനെ പറ്റിയായിരുന്നു…

സുകുമാരന്റെ മകന്റെ വിവാഹം അതിനെന്തായാലും പോകണം അയാള് ഇടക്കിടെ പറയും..

സംഗതി ചെറുക്കൻ ഒരു മുസ്ലീം പെണ്ണിനെ ആണു കെട്ടുന്നതെങ്കിലും പോയേ പറ്റൂ..അയാള് പറയും..
ജാതിയും ഇനവും ഏതൊക്കെയായാലും അവരൊക്കെ നല്ല ആളുകളാ…

സുഭാഷ് വെഡ്സ് ജാസ്മിൻ എന്ന കല്യാണ കത്ത് മേശപ്പുറത്ത് നിന്നും ഇടക്കിടെ എടുത്തു നോക്കി അയാള് പറയും ….

************************************************************

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )