രണ്ടായിരത്തി പതിനാറിന്റെ രത്ന ചുരുക്കമെടുത്താൽ വലിയ ഒരു ബുള്ളറ്റ് പോയിന്റ് യാത്രകൾ ആയിരിക്കും. ജീവിതത്തിൽ ഏറ്റവും അധികം ദൂരം ഡ്രൈവ് ചെയ്തത് പോയ വര്ഷം ആയിരുന്നു. ജനുവരി തൊട്ട് ഇന്ന് വരെ ആകെ ഡ്രൈവ് ചെയ്തത് 12,000 മൈൽ എന്ന് വെച്ചാൽ ഏകദേശം ഇരുപതിനായിരം കിലോമീറ്റർ.
യാത്രകൾ പലതും മുൻ കൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് അല്ലായിരുന്നു. മിക്കവയും “പുലിമുരുഗൻ അങ്കിൾ” മോഹൻലാൽ സാർ പറഞ്ഞപോലെ സംഭവിക്കുകയായിരുന്നു (“അല്ലേ “- കൂടെയുണ്ട്). ചിലപ്പോൾ ആഴ്ചകൾ മുന്നേ, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട്, ഒരു മണിക്കൂർ കൊണ്ട് പ്ലാനിട്ടു യാത്ര പോയി എത്തിയ സ്ഥലവും ഉണ്ടായിരുന്നു – ലാസ് വെഗാസ്.
അമേരിക്ക ഒരു വലിയ രാജ്യമാണ്. എല്ലാത്തരം വൈവിധ്യങ്ങളും ഈ രാജ്യത്തുണ്ട്. അതിശൈത്യമുള്ള ഇടങ്ങൾ..കൊടും ചൂടുള്ള ഇടങ്ങൾ..വൻമലകൾ, കാടുകൾ..കടൽത്തീരങ്ങൾ/ തടാകങ്ങൾ, പാരന്പര്യവാദികൾ, ലിബറലുകൾ, വൻ ധനികർ, ട്രാഫിക് ലൈറ്റുകളിൽ പിച്ച തെണ്ടുന്നവർ, പല നാടുകളിൽ നിന്നും കുടിയേറിപാർത്തവർ, ജൈവ വൈവിധ്യം അനേകം (ആനയും, കടുവയും, സിംഹവും ഇല്ല..). ഒരു രാത്രി ഗഗന യാത്രയിൽ ആഭരണശാലയിലെ രത്‌നാഭരണങ്ങളെ ഓർമ്മിപ്പിക്കുന്ന വെളിച്ചത്തിൽ മുങ്ങിക്കുളിച്ചിരിക്കുന്ന വൻ നഗരങ്ങൾ…പ്രകൃതി രമണീയമായ താഴ്‌വരകൾ.
ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയുമായി യാത്രകൾ ചിതറി കിടക്കുന്നു.
സാന്റിയാഗോ, ബോസ്റ്റൺ, കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി-ഡിസ്നിലാൻഡ് അവിടെയാണ്..
യൂട്ടയിലെ സാൾട്ലേക് സിറ്റി, അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് പ്ലാനിട്ട് നടത്തിയ ലാസ് വെഗാസ് റോഡ് ട്രിപ്പ്, കൊളറാഡോയിലെ വിവിധ ഇടങ്ങൾ..കൊളറാഡോയിൽ നിന്നും വിസ്കോൺസിൻലേക്കുള്ള റോഡ് ട്രിപ്പ്…പട്ടിക നീളുന്നു..
അമേരിക്കയിൽ നമുക്ക് കാർ ഡ്രൈവ് ചെയ്ത് എത്താവുന്ന ഏറ്റവും ഉയർന്ന സ്ഥലം പതിനാലായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഇവാൻസ് ആണ്..വീതികുറഞ്ഞ റോഡിലൂടെ മുകളിലേക്ക് വണ്ടി ഓടിച്ച് പോകുന്ന വഴിയിൽ പാതി വഴി എത്തിയപ്പോഴേ കനത്ത മൂടൽ മഞ്ഞു വീണിരുന്നു..ഒപ്പം വെളുത്ത സ്നോ പെയ്യാൻ തുടങ്ങി. മനോഹരമായ ഒരു അനുഭവം ആയിരുന്നു ആ യാത്ര എന്ന് പറയാതിരിക്കാൻ വയ്യ.
സാൾട്ട് ലേക് സിറ്റിയിലേക്ക് ഡെൻവറിൽ നിന്നും ഫ്‌ളൈറ്റ് കയറുന്പോൾ ആകെയുണ്ടായിരുന്ന പ്ലാൻ. അബുവും ഷെഹനാസും ആതിഥേയർ ആയുണ്ട്..അബു നല്ല ബിരിയാണി വെച്ച് തരും(ബിരിയാണി നമ്മുടെ വീക്നെസ് ആണല്ലോ..!!) എന്ന് ഷെഹനാസ് വാഗ്ദാനം ചെയ്തിട്ടും ഉണ്ട്..ബിരിയാണി കഴിക്കുക..ഷെഹ്‌നാസിന്റെ കോമഡികൾ കേൾക്കുക..പറ്റിയാൽ പുകാർ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്ത ആർച്ചിസ് നാഷണൽ പാർക്കിൽ പോകുക, ഫോട്ടോ എടുക്കുക തിരിച്ചു പോരുക…പ്ലാൻ അത്രമാത്രം.
സാൾട്ട് ലേക് സിറ്റിയിലെ അവരുടെ വീട്ടിൽ ചെന്ന് ബിരിയാണി കഴിക്കുന്നതിനു മുന്നേ, ഒരു ഭംഗിക്ക് ചോദിച്ചതാണ് കാടും മലയുമൊക്കെ നമ്മുക്ക് ബോൾഡറിൽ കിട്ടും, ഇവിടെ എന്താ ഒരു വെറൈറ്റി സ്ഥലം. ഷെഹനാസ് ഒരു ആവേശത്തിൽ പറഞ്ഞതാണ് ലാസ് വെഗാസ് അടുത്തുണ്ട് അഞ്ചര മണിക്കൂർ ഡ്രൈവ് മാത്രം. ന്നാ പോയാലോ ന്നൊരു ആലോചന, അബുവും ഞാനും കൂടി വെഗാസിൽ താമസ സ്ഥലം ഉണ്ടോ എന്ന് നോക്കുന്നു, നമ്മുടെ ബഡ്ജറ്റിൽ ഒതൂങ്ങുന്ന താമസ സ്ഥലങ്ങൾ കണ്ടെത്തുന്നു..അഞ്ചര മണിക്കൂർ യാത്ര ആരംഭിക്കുന്നു.
രാത്രി പതിനൊന്നു മണിക്ക് ലാസ് വെഗാസ് നഗരത്തിൽ പ്രവേശിക്കുന്പോൾ, നഗരം ഉണർന്നു വരുന്നതേയുള്ളൂ..എങ്ങും വിളക്കുകൾ..ഒഴുകുന്ന ജനം….ആഡംബരത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, ആഘോഷത്തിന്റെ ഒരു നഗരം….!!
യാത്ര കഴിഞ്ഞു തിരിച്ചെത്തി, ഡെൻവറിലേക്കുള്ള ഫ്‌ളൈറ്റിൽ കയറുന്പോൾ, അബു സ്‌പെഷ്യൽ ബിരിയാണി പായ്ക്ക് ചെയ്തു കൂടെയുണ്ടായിരുന്നു.
രണ്ടു തവണയായിരുന്നു ആസ്പെനിൽ പോയത്. ആസ്പെയ്നിലെ മെറൂൺ ബെൽസ് എന്ന രണ്ടു കുന്നുകളുടെ പ്രത്യേകത, സൂര്യൻ ഉദിക്കുന്ന സമയത്ത് ചെന്നാൽ ആ മലകളുടെ അഗ്രഭാഗം മെറൂൺ നിറത്തിലായിരിക്കും. താഴെ ചെറിയ തടാകത്തിൽ അത് റിഫ്ളക്ട് ചെയ്യുന്നത് കാണാൻ, പകർത്തിയെടുക്കാൻ ധാരാളം ഫോട്ടോഗ്രാഫർമാർ ഉണ്ടാവും.
തൂക്കു കായൽ അഥവാ ഹാങ്ങിങ് ലേക്ക്, വളരെ മനോഹരമായ ഒരു കാഴ്‌ചയാണ്. ക്യാമറ കൊണ്ട് പകർത്തി കഴിഞ്ഞു പിന്നീട് ആ ചിത്രം സ്‌ക്രീനിൽ കണ്ടപ്പോൾ നിരാശ തോന്നിയത് ആ സ്ഥലത്ത് മാത്രമാണ്. സ്വർഗ്ഗീയം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ഒരിടം. കുത്തനെയുള്ള കയറ്റം കയറി ഒരു മണിക്കൂറിലധികം ട്രക് ചെയ്താലേ ലേക്കിൽ എത്തൂ. പക്ഷെ അത് വരെ എത്തിയ വിഷമങ്ങളെല്ലാം മറക്കും പച്ച നിറത്തിൽ തൂങ്ങി കിടക്കുന്നത് പോലുള്ള ആ ചെറിയ തടാകം കണ്ടാൽ.
യാത്രകളുടെ ഒരു നീക്കിയിരിപ്പ് നാം കണ്ടു മുട്ടുന്നവർ ആണ്…അവരുമായുള്ള കൊച്ചു സംസാരങ്ങളാണ്..അവയിൽ നിന്നുണ്ടാകുന്ന കഥകൾ ആണ്..കബ്സ എന്ന കഥക്ക് പിന്നനുഭവം അത്തരമൊരു വഴിയിൽ വീണുകിട്ടിയ ഒരു സംസാരം ആയിരുന്നു.
കൊളറാഡോ യാത്രകൾ ഇവിടെ വായിക്കാം –
https://kadhafactory.com/2016/09/24/നഗരം-ചുറ്റിയ-ഋതുക്കൾ/