എൽഡ


2050

ഒരു ആധുനിക ഇന്റലിജന്റ് നഗരം.

മയം രാത്രി ഏറെ വൈകിയിരിക്കുന്നു. തെരുവിലൂടെ നടന്നു പോകുന്ന യുവതി -എൽഡ. മെലിഞ്ഞ നീണ്ട കാലുകൾ, ചുവപ്പ് കലർന്ന മുടി അഴിച്ചിട്ടിരിക്കുന്നു. തെരുവ് വിജനമാണ്. എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ രാത്രിയെ ഓർമ്മിപ്പിക്കാൻ നിറം മങ്ങി പ്രകാശിച്ചു നിൽക്കുന്നു.

തെരുവിൽ വലത്തോട്ടു തിരിയുവാൻ ഓർമ്മിപ്പിച്ചു കൊണ്ട് അവളുടെ കയ്യിലെ സ്മാർട് വാച്ചു ഒന്ന് പിടഞ്ഞു.
വാച്ചിലെ ടച് സ്‌ക്രീനിൽ നിന്നും സ്ട്രീറ്റിലെ പ്രകാശ നിയന്ത്രണം തീരുമാനിക്കുന്ന ആപ്ലിക്കേഷൻ അവൾ തുറന്നു. അവൾക്ക് കടന്നു പോകേണ്ട വഴികളിലെ മങ്ങിയ വെളിച്ചം മാറി എൽ ഇ ഡി തെരുവ് വിളക്കുകൾ വെളുത്ത പ്രകാശം പൊഴിച്ചു. വഴിയിലെ വിളക്കുമരത്തിൽ തെളിഞ്ഞു കണ്ട ഡിജിറ്റൽ ക്ളോക്കിൽ സമയം 1:30 എ.എം, താപനില എഴുപത് ഡിഗ്രി ഫാരൻഹീറ്റ്‌. കാറ്റടിക്കുന്ന ലക്ഷണമേ കാണുന്നില്ല. ഒരു തണുത്ത കാറ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ മനോഹരമായേനെ..അവൾ മനസിൽ വിചാരിച്ചു കാണണം.

സാധാരണ അപ്പാർട്മെന്റിന് മുന്നിൽ വരെ അവൾ ടാക്സിയിൽ വരാറുള്ളതാണ്. ഇന്നെന്തോ ഒന്ന് നടക്കണം എന്ന് തോന്നി. അത് കൊണ്ട് തന്നെ ഓട്ടോമേറ്റഡ് ടാക്സി ബുക് ചെയ്തപ്പോൾ ഡെസ്റ്റിനേഷൻ ആയി ഈ തെരുവ് ആണ് അവൾ സെലക്ട് ചെയ്തത്. പതിവ് ദൂരമല്ല, കുറച്ചു മുന്നെയാണ് ഇറങ്ങുന്നത് എന്ന്, ബുക് ചെയ്യുന്പോൾ ടാക്സി ബുക്കിങ് ആപ്ലിക്കേഷനും, ഇറങ്ങുന്നതിനു മുന്നേ ടാക്സിക്കുള്ളിലെ സ്ക്രീനും ഓർമ്മിപ്പിച്ചിരുന്നു. എങ്കിലും ഇന്ന് കുറച്ചു ദൂരം നടക്കണം എന്ന അവൾ നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചതായിരുന്നു.

പച്ച പുൽത്തകിടികൾക്കരികിലെ സിമന്റ് ബഞ്ചുകളിൽ സ്ട്രീറ്റ് ലൈറ്റിൽ നിന്നുള്ള വെള്ളി വെളിച്ചം വീണു കിടന്നു. പബ്ലിക് പാർക് ക്രോസ് ചെയ്ത് അവൾ തന്റെ അപാർട്മെന്റ് ലക്ഷ്യമാക്കി നടന്നു. പാർക്കിനു സമീപത്തെ സ്ട്രീറ്റ് ലൈറ്റിലെ സെൻസറുകളിൽ ഒന്ന് ഊഷ്‌മ മാപിനിയിലെ അധിക താപം തിരിച്ചറിഞ്ഞാവണം, ഒരു സിഗ്നൽ അയച്ചു അടുത്ത തിരിവിലെ എ സി വെന്റിൽ നിന്നും തണുത്ത കാറ്റ് പുറപ്പെടുവിക്കാനുള്ള നിർദ്ദേശം നൽകി. ആ തണുത്ത കാറ്റിൽ ചെറുതായി പാറി പറക്കുന്ന മുടിയുമായി അവൾ , തന്റെ അപാർട്മെന്റിന്റെ മുന്നിൽ എത്തി. ഗേറ്റിലെ വിരലടയാള സെക്യൂരിറ്റി സിസ്റ്റത്തിൽ വിരൽ അമർത്തി, തുറന്നു ഉള്ളിലേക്ക് കയറി.

***********************************************************************

അടുത്ത പ്രഭാതം

ഏതോ ആധുനിക മതത്തിന്റെ ആരാധനാലയം.
മങ്ങിയ പ്രകാശം പൊഴിച്ച് കൊണ്ട് ദീപങ്ങൾ. വിരലിലെണ്ണാവുന്ന വിശ്വാസികൾ ധ്യാനത്തിൽ ഇരിക്കുന്നുണ്ട്. ഏറ്റവും പിന്നിലെ നിരയിൽ നിന്നും ഒരു സ്ത്രീ എഴുന്നേൽക്കുന്നു. അവർ പതിയെ ധ്യാന മുറിയിൽ നിന്നും വെളിയിലേക്ക് വരുന്നു . ആരാധനാലയത്തിന്റെ കൽപ്പടവുകൾ ഇറങ്ങി റോഡിൽ ടാക്സി കാത്തിരിപ്പു കേന്ദ്രത്തിനു അരികിൽ എത്തുന്നു.
ക്രീം നിറത്തിലുള്ള ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന ഒരു ചെറു കാർ അവർക്കരികിലേക്ക് എത്തി..
കാത്തിരുപ്പു കേന്ദ്രത്തിലെ ഡോക്കിംഗ് സ്റ്റേഷനിൽ ആ കാർ സ്വയം ഡോക് ചെയ്തു. സ്ത്രീ പതുക്കെ കാറിൽ കയറി സീറ്റ് ബെൽറ്റ് ധരിക്കുന്നു. ഏതാനും സെക്കന്റുകൾക്ക് ശേഷം കാർ അവരുമായി മുന്നോട്ട് കുതിക്കുന്നു.
നിരത്തിൽ നിറയെ ചെറുതും വലുതുമായ നിരവധി സ്വയം നിയന്ത്രിത വാഹനങ്ങൾ. ട്രക് ഹൈവേയെയും, ആകാശ റെയിൽ സ്റ്റേഷനേയും മുറിച്ചു കടന്നു ആ കാർ ഒരു വലിയ കെട്ടിടത്തിന് മുന്നിൽ നിൽക്കുന്നു. സ്ത്രീ വെളിയിലിറങ്ങി, കറുത്ത ഷാൾ കൊണ്ട് മുഖം മറച്ചു കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു.
പുറത്ത് വെയിൽ കണ്ണാടി കൊട്ടാരങ്ങളിൽ തട്ടി ചിതറി വീഴുന്നുണ്ട്. അധികം ആളുകൾ പുറത്തില്ല.
സ്ത്രീ ലിഫ്റ്റിനുള്ളിൽ, ലിഫ്റ്റിൽ ചെറിയ ഒരു ഡിജിറ്റൽ സ്‌ക്രീനിൽ നിലകളെ സൂചിപ്പിക്കുന്ന അക്കങ്ങൾ തെളിയുന്നുണ്ട്..നൂറ്റി അമ്പതാമത്തെ നിലയിൽ ലിഫ്റ്റ് നിന്നു. അവർ ലിഫ്റ്റിൽ നിന്നും പുറത്തേക്കിറങ്ങി.
ചെറിയ ഒരു ചില്ലു വാതിലിനു സമീപത്തെത്തി, ഫേസ് റെക്കഗ്നിഷൻ സ്ക്രീനിനു മുന്നിൽ മുഖം ചേർത്തു നിന്നു… കുറച്ചു സെക്കന്റുകൾക്ക് ശേഷം വാതിൽ തുറന്നു. അവർ പതുക്കെ ഉള്ളിലേക്ക് പ്രവേശിച്ചു, ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു.
അല്പസമയത്തെ കാത്തിരുപ്പ് ആണെങ്കിൽ കൂടിയും, പ്രകാശവർഷങ്ങളുടെ നീണ്ട യാമങ്ങൾ പോലെ അവർക്ക് അനുഭവപ്പെട്ടു കാണണം.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം, ഒരു ഉദ്യോഗസ്ഥൻ അവരുടെ സമീപത്തേക്കെത്തി, കഴുത്തു വെട്ടിച്ചു തന്റെ കൂടെ വരാൻ ആംഗ്യം കാണിച്ചു.
അവർ അയാളുടെ പുറകെ ഒരു ചെറിയ ഹാളിലേക്ക് കയറി.
അയാളുടെ ഇരിപ്പിടത്തിനു മുകളിൽ ചീഫ് ഇൻസ്‌പെക്ടർ എന്ന ഡിജിറ്റൽ നെയിം ബോർഡ്.
അയാൾ മുരടനക്കി, എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ തനിക്ക് കിട്ടിയ പരാതി, കയ്യിലെ ഒരു ചെറു ടാബ്‌ലെറ്റിൽ വായിച്ചു. എന്നിട്ട് സ്ത്രീയോടായി പറഞ്ഞു.
“നിങ്ങളുടെ മകൾ എൽഡയെ കഴിഞ്ഞ രാത്രി മുതൽ കാണുന്നില്ല . പതിവ് പോലെ ഓഫീസ് വിട്ടു അപ്പാർട്മെന്റിലേക്ക് തിരികെ വരുന്നതിനിടയിൽ കാണാതായി എന്നാണു നിങ്ങളുടെ സംശയം. മകൾ ഒറ്റക്കാണ് താമസിച്ചിരുന്നത്. നിങ്ങൾ അവളുടെ കൂടെ അല്ല താമസിക്കുന്നത് , പക്ഷെ,  മകളുടെ പതിവ് മെസ്സേജുകൾ ഒന്നും കാണാത്തത് കൊണ്ടാണ് പോലീസിൽ പരാതിയുമായി എത്തിയിരിക്കുന്നത്. നിങ്ങളുടെ പരാതി ഞങ്ങളുടെ കംപ്ലൈന്റ്‌ സെല്ലിൽ കിട്ടിയ ഉടൻ തന്നെ, ഞങ്ങളുടെ ഡാറ്റാബേസ് മുഴുവനും ഞങ്ങൾ തിരഞ്ഞു. എൽഡയുടെ കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള വിവരങ്ങൾ എല്ലാം ഞങ്ങൾ ശേഖരിച്ചു വെച്ചിട്ടുണ്ട്. “
അയാൾ ടാബ്ലെറ്റിലെ ആപ്ലിക്കേഷൻ സ്‌ക്രീനിൽ വിരലോടിച്ചു കൊണ്ട് കൂടുതൽ വിവരങ്ങൾ നൽകുവാൻ ആരംഭിച്ചു.
“എൽഡ ഇന്ന് പുലർച്ചെ , ഒരു മണിക്ക് ശേഷമാണ് ഓഫീസിൽ നിന്നും ഇറങ്ങുന്നത്. പതിവ് ടാക്സി കമ്പനിയുടെ കാറിൽ തന്നെയാണ് അവൾ വീട്ടിലേക്ക് യാത്ര തിരിച്ചത്. പതിവ് റൂട്ടിൽ നിന്നും വ്യത്യാസമായി അപ്പാർട്മെന്റിൽ നിന്നും കുറച്ചകലെയാണ് അവൾ ഇറങ്ങിയത്. വീടെത്തുന്നതിനു മുന്നേ ഇറങ്ങുന്നു എന്ന നോട്ടിഫിക്കേഷൻ കാർ എൽഡക്ക് നൽകിയിട്ടുണ്ട്..നിങ്ങൾ അഥവാ ടാക്സി കമ്പനിക്ക് എതിരെ കേസ് ഫയൽ ചെയ്യുകയാണെങ്കിൽ, ഒരു പക്ഷെ വിധി അവർക്ക് അനുകൂലമാകും എന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു.
നടക്കുന്നതിനിടയിൽ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. തെരുവിലെ സെൻസർ ഡാറ്റ വിശകലനം ചെയ്തത് അനുസരിച്ചു ഒരു മണി  കഴിഞ്ഞു ഇരുപത്തി ഒൻപത് സെക്കന്റിൽ അവൾ തെരുവ് വിളക്കുകൾ കൂടുതൽ പ്രകാശിപ്പിക്കുവാനുള്ള നിർദേശം കൊടുത്തിരുന്നു. പാർക്കിലെത്തിയപ്പോൾ ഓട്ടോമാറ്റിക് സെസൻസറിൽ നിന്നും 50 മീറ്റർ പെർ സെക്കന്റിൽ കാറ്റു വീശിയിരുന്നു..അതിലും അസ്വാഭാവികമായി ഒന്നും ഇല്ല. അവൾ വളരെ സുരക്ഷിതയായി തന്നെയാണ് അപ്പാർട്മെന്റിൽ എത്തിയത് എന്നും സെൻട്രൽ സെർവറിൽ നിന്നും ശേഖരിച്ച ഡാറ്റകൾ സൂചിപ്പിക്കുന്നു…” അയാൾ ഒഴുക്കൻ മട്ടിൽ റിപ്പോർട് വായിച്ചു വെച്ചു. ഇത് വായിക്കുന്ന സമയമത്രയും അയാളുടെ കണ്ണടയിലെ സെൻസറുകൾ മുന്നിലിരിക്കുന്ന സ്ത്രീയുടെ പേശി വലിവുകളെയും, മുഖ ഭാവത്തെയും വിശകലനം ചെയ്യാൻ വേണ്ടുന്ന വിവര ശേഖരണത്തിന്റെ തിരക്കിലായിരുന്നു.
വായിച്ചെടുക്കാൻ കഴിയാവുന്നത്ര പാറ്റേണുകൾ നിമിഷ നേരത്തിന്റെ വേഗതയിൽ സ്മാർട് കണ്ണടയിലെ സ്കാനറുകൾ ശേഖരിച്ച്, എവിടെയോ ഇരിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന് അവയെ അനലൈസ് ചെയ്യാൻ വേണ്ടി അയച്ചു കൊടുത്തു.
സ്ത്രീ തന്റെ നിശബ്ദതക്ക് ഇടവേള കൊടുത്തു ചോദ്യമെറിഞ്ഞു..
“വീട്ടിലെത്തിയ അവൾക്കെന്തെങ്കിലും..”
അയാൾ ചിരിച്ചു..എന്നിട്ട് ടാബ് അവർക്ക് നേരെ നീട്ടി..
“ഇത് പ്രൈവസിയുമായി ബന്ധപ്പെട്ട ചോദ്യമാണ്. എങ്കിലും, താങ്കൾ അവളുടെ അമ്മയാണല്ലോ..ഞങ്ങൾക്ക് വെളിപ്പെടുത്താതിരിക്കാൻ ആവില്ല..നാളെ നിങ്ങൾ ഒരു ലോ സ്യൂട്ട് ഫയൽ ചെയ്‌താൽ വിധി നിങ്ങൾക്ക് അനുകൂലമായേ വരൂ..എന്തായാലും, ഈ ക്ലോസുകൾ വായിച്ചു നോക്കി ആക്സെപ്റ് ചെയ്യൂ. ഞാൻ താങ്കളുടെ ആവശ്യപ്രകാരമാണ് എൽഡയുടെ സ്വകാര്യതയെ ബാധിക്കുന്ന ഈ വിവരങ്ങൾ കൈമാറുന്നത് എന്നും, താങ്കൾ അവരുടെ അമ്മയാണെന്നും ഉറപ്പു ചെയ്യുന്ന സത്യവാങ്‌മൂലം ആണിത്..”
അവർ തന്റെ പെരുവിരൽ ടച് സ്‌ക്രീനിൽ അമർത്തുന്നു.
“മാഡം, നമ്മുടെ നഗരത്തിലെ കഴിഞ്ഞ മൂന്നു വര്ഷത്തിനിടക്ക് സംഭവിച്ച ഏക തിരോധാനം ആണിത്. അത് കൊണ്ട് തന്നെ എൽഡ മിസിംഗ് കേസ് ഞങ്ങൾ വളരെ സീരിയസ് ആയി തന്നെയാണ് ഞങ്ങളുടെ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്. “
അയാൾ തുടർന്നു –
“എൽഡ തന്റെ ഫ്‌ളാറ്റിൽ എത്തിയ ഉടനെ ഫ്രിഡ്ജ് തുറന്നു..അമേറീല് ബ്രാൻഡ് മിൽക്ക് ഒരു സിപ് എടുത്ത് കുടിച്ചു.
ഫ്രിഡ്ജിൽ നിന്നുള്ള ഡാറ്റ ഞങ്ങളുടെ സെർവറിൽ നിന്നും ശേഖരിച്ച റിപ്പോർട്ട് ആണിത്. സ്റ്റോക്കിൽ നിന്നും ഒരു സിപ് പാൽ കുറഞ്ഞിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന അമേറീല് മിൽക്ക് കമ്പനിയുടെ സ്റ്റോക് അനാലിസിസ് റിപ്പോർട്ടും കൂടെ ഉണ്ട്..ഒരു ലോ സ്യൂട്ട്…”
അവർ പതുക്കെ ശബ്ദമുയർത്തി പറഞ്ഞു..
“താങ്കൾ ഇപ്പോഴും അത് ഓർമ്മിപ്പിക്കേണ്ട..”
” നിയമപ്രകാരം അത് എന്റെ ബാധ്യത ആണ്..താങ്കൾക്ക് ആ വിവരങ്ങൾ വേണ്ട എങ്കിൽ ഇവിടെ പ്രെസ് ചെയ്യൂ..ഓക്കേ..എൽഡ പാൽ കുടിച്ച ശേഷം..ഒന്നര മണിക്കൂർ ബെഡിൽ കിടന്നതായി ബെഡിൽ നിന്നും ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നു. താങ്കൾക്ക് താത്പര്യമില്ലാത്ത സ്ഥിതിക്ക് ആ റിപ്പോർട് ഞാൻ കാണിക്കുന്നില്ല. പക്ഷെ ഈ കേസിലെ ഒരു നിർണ്ണായക ഡാറ്റ ഇതാവും, കാരണം മറ്റൊന്നുമല്ല..ഒന്നര മണിക്കൂറിനു ശേഷം ബെഡിൽ നിന്നും ഒരു ഡാറ്റ പോലും സ്റ്റോർ ചെയ്യപ്പെട്ടിട്ടില്ല. അത് ഒരു ലോ സ്യൂട്ടിനുള്ള കാരണം തന്നെയാണ് എന്നാണു എന്റെ അഭിപ്രായം. എന്തായാലും, അതിനു ശേഷം എൽഡയെ കുറിച്ചുള്ള ഡാറ്റകൾ ഒന്നും ലഭ്യമല്ല. എൽഡ ഉപയോഗിച്ചിരുന്ന സ്മാർട് ഡിവൈസുകളും, സെൻസറുകളും ഇപ്പോൾ പ്രവർത്തന ക്ഷമം അല്ല..അവർക്കെതിരെ നിങ്ങൾക്ക് കേസ് നടത്താവുന്നതാണ്.
കഴിഞ്ഞ കുറെ ആഴ്ചകളായി ഉള്ള ഡാറ്റ വെച്ച് എൽഡയുടെ പ്ളേ ലിസ്റ്റ് അനാലിസിസ് ചെയ്‌തതിൽ നിന്നും മനസ്സിലാവുന്നത്, ആ കുട്ടി കുറച്ചു ദിവസങ്ങളായി കേട്ടു കൊണ്ടിരുന്ന ഗാനങ്ങൾ പ്രത്യാശ, പ്രണയം, സ്വപ്നം, സന്തോഷം തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടതാണ്..ആ ഡാറ്റ ഞങ്ങൾ മാനസികാരോഗ്യ ഡാറ്റാ അനലിസ്റ്റിന്റെ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആരോഗ്യ ഡാറ്റ അണലിസ്റ്റിന്റെ കയ്യിൽ നിന്നും കൂടി വിവരങ്ങൾ ശേഖരിക്കണം. അതിനു ഞങ്ങൾക് താങ്കളുടെ പ്രത്യേക പെർമിഷൻ വേണം.
ഈ തിരോധനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് പറയേണ്ടി ഇരിക്കുന്നു. കഴിഞ്ഞ കുറെ വര്ഷങ്ങളായി മിസിംഗ് കേസുകൾ ഇല്ലാത്തത് കൊണ്ട്, ഒരു ഹിസ്റ്റോറിക്കൽ ബിഹേവിയറൽ പാറ്റേൺ കണ്ടു പിടിക്കാനും ബുദ്ധിമുട്ടുണ്ട്.
നഗരത്തിൽ ഇന്ന് തിരക്കുള്ള ദിവസം ആണ്. താങ്കളും അറിഞ്ഞു കാണുമല്ലോ…അകലെയുള്ള പ്ലാനറ്റിൽ നിന്നും കുറെ അന്യഗ്രഹ ജീവികൾ അതിഥികൾ ആയി എത്തിയ ദിവസം ആണ് ഇന്ന്. എല്ലാവരും അവരെ സ്വീകരിക്കുന്ന തിരക്കിലും ആണ്. എന്നിരുന്നാലും എൽഡ മിസിംഗ് കേസ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം മറ്റൊന്നുമല്ല, ഇത്രയും കുറ്റമറ്റ ഒരു ശൃഖലയാൽ ബന്ധിക്കപ്പെട്ട നഗരത്തിൽ അങ്ങിനെ പെട്ടന്നൊന്നും ആർക്കും അപ്രത്യക്ഷമാവാൻ കഴിയില്ല.. നഗരത്തിലെ സെൻസറുകളിൽ നിന്നുള്ള ഡാറ്റകൾ എല്ലാം ഞങ്ങൾ ക്രോഡീകരിച്ചു കൊണ്ടിരിക്കുകയാണ്..
താങ്കൾ വീണ്ടും ഒരു ഇരുപത് മണിക്കൂറിനു ശേഷം ഞങ്ങളെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു..”
അയാൾ പുഞ്ചിരിച്ചു കൊണ്ട് കൈ ഷേക്ക് ചെയ്തു അയാളുടെ മറ്റു ജോലികൾക്കായി അടുത്ത മുറിയിലേക്ക് നടന്നു നീങ്ങി . എൽഡയുടെ അമ്മ,  പുറത്തിറങ്ങി ലിഫ്റ്റിനടുത്തേക്ക് നടന്നു….!!!
************************************************
അതെ സമയം,
ദൂരെ..നഗരതിർത്തിക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ അപ്പുറം, ഒരു കുന്നിൻ ചെരിവ്. സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുന്നെയുള്ള ഇളം മഞ്ഞ രശ്മികൾ ഭൂമിയിലേക്ക് തൊടുന്ന ഇടം..
എൽഡ സൂര്യാസ്തമയം കണ്ടുകൊണ്ട് ഇരിക്കുകയാണ്… അവളുടെ കയ്യിൽ സ്മാർട് വാച്ചില്ല..സെൽ ഫോൺ ഇല്ല..നഗരത്തിലെ സുരക്ഷിത വലയുമായി അവളെ ബന്ധിപ്പിക്കുന്ന യാതൊരു സെൻസറുകളും ഇല്ല.
അവൾ സൂര്യാസ്തമയത്തിലേക്ക് കണ്ണു നട്ട് ആ നിമിഷത്തിൽ അലിഞ്ഞു ചേർന്നപോലെ ഇരിക്കുന്നു..
നഗരം ഒരു വെളിച്ച കാഴ്‌ചയുടെ ദൂരത്തിൽ പോലും അവൾക്ക് മുന്നിൽ ഇല്ല. അംബരചുമ്പികൾ കാണാനില്ല. താണു പറക്കുന്ന ചെറു ആകാശ യാനങ്ങൾ കാണാനില്ല..അന്യഗ്രഹ ജീവികളെയും വഹിച്ചു വരുന്ന പറക്കും തളികകൾ കാണാനില്ല…
അവൾക്ക് മുന്നിൽ ചുവപ്പും, ഓറഞ്ചും മേഘങ്ങൾ – അവയിൽ സൂര്യ പ്രകാശം കലർന്നതാവാം …
അവസാന കിരണങ്ങൾ കൊണ്ട് ഭൂമിയെ ചുവപ്പിച്ചു മലയുടെ പിന്നിലേക്ക് നൂണ്ടിറങ്ങുന്ന അസ്തമയ സൂര്യൻ മാത്രം…!!!
അവളുടെ മനസ്സിൽ വന്നത്..പഴയ കുറെ നിശ്ചല ദൃശ്യങ്ങളാവാം…കുഞ്ഞായിരിക്കുന്പോൾ അവളുടെ അച്ഛനോടൊപ്പം ഈ കുന്നിൻ ചെരുവിൽ അസ്തമയ സൂര്യന്റെ ചുവപ്പ് പ്രകാശ വലയത്തിനിടയിലൂടെ തന്റെ കുഞ്ഞു സൈക്കിളിൽ മുടിയിഴകൾ പറത്തി ചുറ്റി നടന്നിരുന്ന സായാഹ്നങ്ങൾ…കണ്ണുകൾ അടച്ചാൽ അവൾക്കത് കാണാം…ഏതൊരാധുനീക വിർച്വൽ റിയാലിറ്റി എന്റർടൈൻമെന്റ് സിനിമക്കും നൽകാനാവാത്ത അനുഭൂതിയിൽ അവൾക്ക് ആ നിമിഷങ്ങളൊക്കെ ഓർമ്മയിലേക്ക് കൊണ്ടുവരാം.
അദൃശ്യമായ കൈവിരലുകളാൽ അവയെ തൊട്ടു തഴുകാം…എവിടെയും എപ്പോഴും പിന്തുടരുന്ന സെൻസറുകളുടെയും, ഡാറ്റ അനാലിസിസ് വലകളുടെയും കണ്ണികളിൽ പെടാതെ ഓർമ്മകളിലേക്ക്, പഴയ ഓർമ്മകളിലേക്ക് ഇറങ്ങി ചെല്ലാം…വളരെ പ്രയാസപ്പെട്ടാണ് ആ വലക്കണ്ണികളിൽ നിന്നും, നിഴലുകൾ പോലും ബാക്കി വെക്കാതെ  മുറിച്ചു പുറത്തേക്ക് കടന്നത്
വലകളാൽ ചുറ്റപ്പെട്ട നഗരം ഏറെ ദൂരെയാണ്..
അസ്തമയ സൂര്യൻ മനസ്സിൽ കൊണ്ട് വന്ന ഓർമ്മകളിലേക്ക് നൂഴ്ന്നിറങ്ങി അവൾ പതിയെ കണ്ണുകൾ അടച്ചു…!!!
************************************************

 

കഥാകാരന്റെ കുറിപ്പുകൾ

* രണ്ടായിരത്തി അൻപതിൽ ഏതോ ഒരു വൻകരയിലെ ആധുനിക നഗരമാണ് പശ്ചാത്തലം. ജനസംഖ്യ കുറഞ്ഞ ഒരു നഗരം. മെലിഞ്ഞ ശരീരമുള്ള സുന്ദരന്മാരും സുന്ദരികളും. നഗരം മുഴുവനും സെൻസറുകളും, സ്വയം നിയന്ത്രിത വാഹനങ്ങളും ആവും..ഇവയെല്ലാം ഒരു സെൻട്രൽ സെർവറിലേക്ക് കണക്ടഡ് ആയിരിക്കും..ഓരോരുത്തരും പരസ്പരം ബന്ധനത്തിലായ ഒരു ഗ്രിഡ് പോലുള്ള നഗരം.കൃത്രിമമായി ഏതു കാലാവസ്ഥയും സൃഷ്ടിക്കാൻ സാധിക്കുന്ന സ്മാർട് നഗരങ്ങൾ.

* ആധുനിക മതം – ദൈവങ്ങൾ ഇല്ലാത്ത മതം . ധ്യാനം പ്രാർത്ഥന. അവനവനോട് തന്നെയുള്ള പ്രാർത്ഥനകൾ മുഖ്യം.

* അന്യഗ്രഹങ്ങൾ – അന്യഗ്രഹങ്ങളുമായി കൊടുക്കൽ വാങ്ങലുകൾ ഉണ്ടാവും..അന്യഗ്രഹ ജീവികൾ ഒരു പക്ഷെ മനുഷ്യരെക്കാളും ഭംഗിയും ബുദ്ധിയും വിവേകവും ഉള്ളവർ ആയിരിക്കും. അന്യഗ്രഹങ്ങളിൽ നിന്നും തിരിച്ചും സഞ്ചാരങ്ങൾ സംഭവിക്കും.

അപ്പോഴും ചിലരെങ്കിലും ഉള്ളിന്റെ ഉള്ളിൽ പഴയ ഓർമ്മകളെ അയവിറക്കിയാവും ജീവിക്കുക .!!!

 

Read Chapter 2 – https://kadhafactory.com/2017/03/31/യൂൾ/

 

2 Comments Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )