എൽഡയെ കുറിച്ചെഴുതുന്പോൾ യൂളിനെ കുറിച്ചെഴുതാതിരിക്കാൻ കഴിയില്ല.
യൂൾ – എൽഡ വേർപെട്ടു പോന്ന ആധുനീക നഗരം.
രണ്ടായിരത്തി ഇരുപത്തിനാലിൽ തുടങ്ങി ഭൂമിയിൽ മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന കടുത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച അപൂർവ ചില ജനസമൂഹങ്ങളിൽ ഒന്ന്. ആദ്യ ഏഴു മാസം കടുത്ത ശൈത്യം ആയിരുന്നു ഭൂമിയിൽ. അതി കഠിനമായ ശൈത്യം. മലകൾ മഞ്ഞു മൂടി. തടാകങ്ങളും, നദികളും, സമുദ്രങ്ങളും മഞ്ഞിൽ തണുത്തുറഞ്ഞു.
നഗരങ്ങൾ വെളുത്ത പരവതാനി വിരിച്ച പോലെ മഞ്ഞിന്റെ പാളികൾ കൊണ്ട് മൂടപ്പെട്ടു. അത് വരേയ്ക്കും മഞ്ഞിന്റെ തുള്ളിയിലൊരംശം പോലും കണ്ടിട്ടിലാത്ത വൻകരകൾ വരെ മഞ്ഞിൽ പുതഞ്ഞാണ്ടു പോയി.
ആകാശക്കാഴ്ചയിൽ ഭൂമി തണുത്തുറഞ്ഞ വെളുത്ത നിറമുള്ള പട്ടു കൊണ്ട് മൂടിയത് പോലെ കാണപ്പെട്ടു എന്നാണു ബഹിരാകാശ സഞ്ചാരികൾ പിന്നീട് രേഖപ്പെടുത്തിയത്.
പൊട്ടിയൊലിച്ചിരുന്ന അഗ്നി പർവതങ്ങൾ വരെ തണുത്തുറഞ്ഞു മഞ്ഞിൽ മൂടി എന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ ശൈത്യത്തിന്റെ കാഠിന്യം.
തണുപ്പിനെ മുൻപ് കണ്ടിട്ടില്ലാത്ത..നേരിട്ട് പരിചയമില്ലാത്ത, തണുപ്പിനോട് പ്രതികരിച്ചു ശീലമില്ലാതിരുന്ന ഇടങ്ങളിലെ ജന സമൂഹങ്ങളെല്ലാം ഒന്നൊഴിയാതെ തണുപ്പിൽ ഉറഞ്ഞു വേരറ്റു പോയി. പിന്നെയും കുറെ ജനസമൂഹങ്ങൾ ബാക്കിയായി..
അവർ എങ്ങിനെയോ, ദിവസങ്ങളും, മാസങ്ങളും, ആഴ്ചകളും എണ്ണി കഴിച്ചു കൂട്ടി. ഏഴുമാസം നീണ്ട വെളുപ്പു പാളികളെ നീക്കി സൂര്യൻ കത്തി തുടങ്ങി.
മഞ്ഞു മലകൾ ഉരുകിയൊലിച്ചു. തണുത്തുറഞ്ഞ ജലം പ്രളയം സൃഷ്ടിച്ച്. പന്ത്രണ്ടു മാസം നീണ്ട കടുത്ത വേനൽ. കൊടും ചൂട് ആയിരുന്നു പിന്നീട് അങ്ങോട്ട്.
ഏഴുമാസം നീണ്ട അതിശൈത്യത്തിൽ മൃതിയടഞ്ഞ ജീവജാലങ്ങളുടെ മറവു ചെയ്യാൻ ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങൾ, കൊടും ചൂടിൽ മരവിപ്പിൽ നിന്നും അവസ്ഥാന്തരം പ്രാപിച്ചു അഴുകിയൊലിച്ചു. അവയിൽ നിന്നും പുഴുക്കളും, രോഗാണുക്കളും അന്തരീക്ഷത്തെ ബാധിച്ചു.
തണുപ്പിനെ അതി ജീവിച്ചവരിൽ മിക്കവരും, വരൾച്ചയിലും, അഴുകിയ ശവശരീരങ്ങൾ പുറത്ത് വിട്ട രോഗപീഢകളാലും കൊല്ലപ്പെട്ടു.
കോടിക്കണക്കിനു വരുന്ന ലോക ജനസംഘ്യയിൽ പതിനായിരങ്ങളെ മാത്രം അവശേഷിപ്പിച്ച വൻ പ്രളയമായിരുന്നു ആ പന്ത്രണ്ടു മാസങ്ങൾക്കു ശേഷം ജീവിച്ചിരുന്നവരെ കാത്തിരുന്നത്.
ഭൂമിയെ അവസാനിപ്പിക്കാൻ പോന്ന പ്രളയം. പന്ത്രണ്ട് മാസം നീണ്ടു നിന്ന പ്രളയം. ചത്തൊടുങ്ങിയ ജീവജാലങ്ങളെ പാടെ തുടച്ചു നീക്കി, ശുദ്ധി കലശം ചെയ്ത് ,ഭൂമിയെ ഒരു വൻകരയും വൻ കടലുമായി മാത്രം ഭാഗിച്ചു കൊണ്ട് ആ പ്രളയം അവസാനിച്ചു. ലോക ജനസംഘ്യ ചുരുങ്ങി പതിനായിരങ്ങളിൽ മാത്രം എത്തി. പലയിടങ്ങളിൽ ആയി പ്രാകൃത മനുഷ്യർക്ക് സമം അവർ അവശേഷിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി.
ഇവിടെയാണ് യൂൾ നഗരം തുടങ്ങുന്നത്. വൻകരയും, വൻ കടലും മാത്രമായി അവശേഷിച്ച ഭൂമിയിൽ, മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന മഹാദുരിതങ്ങൾക്ക് മുന്നേ ഭൂമി എങ്ങിനെ ആയിരുന്നു എന്നതിന് വ്യക്തമായ ഒരോർമ്മ പോലും ബാക്കി നിൽക്കാത്ത ഒരു പുതിയ ദ്വീപ് മാത്രമായി ഭൂമി ചുരുങ്ങി.
മഹാദുരിതത്തിനു മുന്നേയും പിന്നെയും എന്ന് കാലം വിഭജിക്കപ്പെട്ടു.
***************
മിഖ ഒരു നല്ല എഞ്ചിനീയർ ആയിരുന്നു. ഒപ്പം ധാരാളം ആശയങ്ങൾ ബുദ്ധിയിൽ ഉള്ള ഒരു സംരംഭകനും. മഹാദുരിതത്തിനു മുന്നേ, സിലിക്കൺ വാലിയിലെ ഒരു സ്റ്റാർട് അപ് കമ്പനിയുടെ ഉടമ കൂടിയായിരുന്നു അയാൾ. സ്വയം നിയന്ത്രിത വാഹനങ്ങളും, ഒരു ചിലന്തിവലയിൽ എന്നപോലെ പരസ്പരം ബന്ധിക്കപ്പെട്ട, പരസ്പരം ആശയ വിനിമയം നടത്തുന്ന, സ്വയം തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ഉപകരണങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു നഗരം അയാളുടെ ആശയം ആയിരുന്നു. കിട്ടിയ സമയങ്ങളിൽ അയാൾ തന്റെ ടാബ്ലെറ്റിൽ ആ നഗരത്തെ കുറിച്ചുള്ള ബ്ലൂ പ്രിന്റ് തയാറാക്കിയിരുന്നു.
വരാൻ പോകുന്ന ഒരു ഡൂംസ് ഡേയെക്കുറിച്ച് അയാൾ പേടിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച സ്വയം നിയന്ത്രിത റോബോട്ടുകളുടെ നിയന്ത്രണത്തിലേക്ക് ഭൂമിയെ എത്തിക്കുമെന്ന് അയാൾ ഭയപ്പെട്ടിരുന്നു. മനുഷ്യനെ നിയന്ത്രിക്കുന്ന, മനുഷ്യ കുലത്തെ മൊത്തത്തിൽ അടിമയാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്റ് ഭൂമിയെ തകർക്കും എന്ന് അയാൾ ഭയപ്പെട്ടിരുന്നു. അതിനെ അതിജീവിക്കാൻ അയാൾ ഒരു പ്രത്യേക നൗക നിർമ്മിച്ചു..തനിക്കും, തിരഞ്ഞെടുക്കപ്പെട്ട കുറെ പേർക്കും സുരക്ഷിതമായി ദീർഘകാലയളവ് നീണ്ടു നിന്നേക്കാവുന്ന ഒരു ദുരിത കാലത്തെ അതിജീവിക്കാൻ വേണ്ടുന്ന കാര്യങ്ങൾ എല്ലാം ഉള്ള ഒരു നൗക.
ആ കാലത്ത് കോടിക്കണക്കിനു പണം ചിലവഴിച്ചു അയാൾ നിർമ്മിച്ച നൗകയെ സിലിക്കൺ വാലിയിലും, പുറമെയും ഉള്ളവരെല്ലാം തന്നെ പരിഹസിച്ചു. ഓ മിഖ ഒരു ഭ്രാന്തൻ നായ ആണെന്ന് ചുറ്റുമുള്ളവർ അയാളെ പള്ളു പറഞ്ഞു.
മഹാദുരിതത്തിനു മുന്നേ, പതിവിലും അധികം മഞ്ഞു പെയ്ത ഒരു വൈകുന്നേരം അയാളെ തിരഞ്ഞു കുറേയാളുകൾ വന്നു. അവരിൽ ആരോ ആണ് വരാൻ പോകുന്ന തണുപ്പുകാലം ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കഠിനമാവും, ചിലപ്പോൾ സുരക്ഷിതമായ വാസസ്ഥാനം മിഖയുടെ നൗക ആയിരിക്കും എന്ന് സൂചിപ്പിച്ചത്.
മഞ്ഞു കാലം തീരേണ്ട സമയവും കടന്നു മഞ്ഞു പെയ്യുന്നത് തുടർന്നപ്പോൾ, മിഖയും, മിഖയെ വിശ്വസിച്ചു കൂടെ നിന്ന ജോലിക്കാരും, സുഹൃത്തുക്കളും ആ നൗകക്കുള്ളിൽ അഭയം പ്രാപിച്ചു. നോഹയുടെ പേടകം വേർഷൻ രണ്ടു എന്ന് അവർ പേരിട്ടു വിളിച്ച ആ നൗകയിൽ അവർ മുപ്പതിലധികം മാസങ്ങൾ സുരക്ഷിതരായി കഴിഞ്ഞു.
റോബട്ടുകളും, കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ യന്ത്രങ്ങളും ചേർന്ന് ഭൂമിയെ കീഴടക്കും എന്ന് വിചാരിച്ചിരുന്ന മിഖയുടെ അസാമാന്യമായ ദീർഘ ദൃഷ്ടിയെ പോലും മറികടന്നു, പ്രകൃതി ഒരുക്കിയ മഹാദുരിതമായിരുന്നു മാനവരാശിയെ നാശത്തിലേക്ക് തള്ളി വിട്ടത് എന്ന് ഓർക്കുന്നത് ഈ നിമിഷത്തിൽ നല്ലതാണെന്ന് തോന്നുന്നു.
മഹാ ദുരിതത്തിന് ശേഷം ഭൂമി പുതിയ ഒരു പ്രഭാതത്തിലേക്ക് മിഴി തുറന്നപ്പോൾ, ബാക്കി വന്ന ഇടങ്ങൾ എല്ലാം പുതിയ ഭൂമി ആയിരുന്നു. പഴയകാലത്തിന്റെ അവശേഷിപ്പുകൾ ഒന്നും പ്രകൃതി ബാക്കി വെച്ചില്ല. ഭൂമിയുടെ അടിയിലേക്ക്, പല അടരുകൾക്ക് ഉള്ളിലേക്ക് മൂടി ഒതുക്കിയിരുന്നു മഹാദുരിതത്തിനു മുന്നേ ഉള്ള നഗരങ്ങളെയും, അവശിഷ്ടങ്ങളെയും.
പഴയ കാലത്ത് നിന്നും സാങ്കേതികതയും, അറിവും സൂക്ഷിച്ചു കൊണ്ട് വന്നത് മിഖയും കൂട്ടുകാരും മാത്രം ആയിരുന്നു.
വൻകരയിൽ ബാക്കിയായ പതിനായിരങ്ങളിൽ അറിവും, സാങ്കേതികതയും കൈവശം ഉണ്ടായിരുന്നത് മിഖയ്ക്കും കൂട്ടർക്കും ആയിരുന്നു.
പതിനായിരങ്ങളിൽ നിന്നും തങ്ങളുടെ കൂടെ ചേർക്കുവാൻ കഴിയുന്നവരിൽ നിന്നും കുറേപ്പേരെ കൂട്ടി മിഖ പുതിയ ഒരു നഗരം കെട്ടിയൊരുക്കി. അതായിരുന്നു യൂൾ.
തങ്ങളുടെ കൂടെ ഒത്തു പോകാൻ കഴിയാത്തവരെ യൂളിൽ നിന്നും ആട്ടി പായിച്ചു. അവരെ പ്രാകൃതർ എന്ന് വിളിച്ചു.
യൂൾ നഗരത്തിന് പുറത്തു, ആയിരക്കണക്കിന് മൈലുകളോളം ബഫർ സോണ് ആണ്. ആ ഇടത്തിൽ ആരെയും പാർക്കാൻ അനുവദിച്ചില്ല. അതിനും അപ്പുറത്തേക്ക് പ്രാകൃതരെ ഓടിച്ചു വിട്ടു യൂൾ നഗരവാസികൾ.
മിഖയുടെ നൗകയിലെ മുപ്പതിലധികം മാസങ്ങളോളം നീണ്ട സുരക്ഷിത വാസത്തിനിടയിൽ രൂപം കൊണ്ടതായിരുന്നു യൂൾ നഗരത്തിന്റെ ബ്ലൂ പ്രിന്റ്.
തികച്ചും ആധുനികമായ ഒരു നഗരം.
നഗരതിർത്തിക്കുള്ളിൽ തന്നെ വലിയ ഒരു വനവും, അനേകം തടാകങ്ങളും. സാങ്കേതിക വിദ്യയുടെ അങ്ങേയറ്റം മാസ്മരികമായ ഒരു നഗരം തന്നെ മിഖയും കൂട്ടുകാരും ചേർന്ന് സൃഷ്ടിച്ചെടുത്തു പിന്നീടുള്ള ദശാബ്ദങ്ങളിൽ.
എൽഡയുടെ അച്ഛനും അമ്മയും കുഞ്ഞു എൽഡയും മഹാ ദുരിതത്തെ അതിജീവിച്ചവരിൽ പെടും.
****************
പുതിയ നിയമങ്ങൾ
യൂൾ നഗരം പുതിയതായി നിർമ്മിച്ചെടുത്തപ്പോൾ പുതിയ നിയമങ്ങൾ പിറന്നു. ആധുനികമായ ഒരു മതം പിറന്നു.
എല്ലാം ആധുനികം ആയിരുന്നു. ശാസ്ത്രത്തിനായിരുന്നു മുൻഗണന. യുക്തികൊണ്ട് നിർവചിക്കാവുന്ന എന്തിനെയും സ്വീകരിക്കപ്പെട്ടു.
കലകളും, സംഗീതവും യാന്ത്രികമായി..യുക്തി പരിപോക്ഷിക്കുവാൻ വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു മറ്റെല്ലാം.
യൂൾ നിവാസികൾക്ക് രണ്ടോ മൂന്നോ അക്ഷരങ്ങളിൽ ഒതുക്കേണ്ട പേരുകൾ മാത്രമേ പാടുണ്ടായിരുന്നുള്ളൂ..മിഖ, എൽഡ, യൂദി, വിലെ പേരുകൾ അങ്ങിനെ പോകുന്നു.
മിഖയുടെ ബ്ലൂ പ്രിന്റിൽ പ്ലാൻ ചെയ്ത യുണിക് ഐഡന്റിഫൈർ നമ്പർ വരുന്നതോടെ യൂളിൽ ജീവിക്കുന്നവരെല്ലാം ഒരു നമ്പർ മാത്രമാവും..കുട്ടികൾ ഉണ്ടാവുന്പോൾ പേര് കണ്ടു പിടിക്കേണ്ട ജോലി പോലും മാതാപിതാക്കൾക്ക് ഉണ്ടാവില്ല. ഒരു യുണിക് നമ്പർ ഓട്ടോമാറ്റിക് ആയി ശിശുവിന് വീണിട്ടുണ്ടാവും.
***********************
യൂളിൽ നിന്നും മൈലുകൾ അകലെ, അസ്തമയ സൂര്യ ശോഭയിൽ, പഴയ കാലത്തിന്റെ ഓർമ്മകളിലേക്ക് വഴുതി വീഴുന്ന എൽഡയുടെ ദൃശ്യങ്ങളിലേക്ക് തന്നെ നമുക്ക് വീണ്ടും തിരിച്ചു പോകാം…
(എൽഡയെക്കുറിച്ചു ഇവിടെ വായിക്കാം… https://kadhafactory.com/2017/03/24/എൽഡ/ )
Chapter 3 – https://kadhafactory.com/2017/04/14/ആസ്%E2%80%8Cപൻ/
One Comment Add yours