രണ്ടായിരത്തി ഇരുപത്, മഞ്ഞു കാലത്തിന്റെ അവസാന ദിനങ്ങൾ.
കൊളറാഡോയിലെ ആസ്പനിൽ ഒരു സ്കീയിങ് റിസോർട്ടിൽ, സ്കീ വെക്കേഷൻ ആഘോഷിക്കുകയാണ് എട്ടു വയസുകാരി എൽഡയും അച്ഛനും.
വെളുത്ത പൊടിയൻ മഞ്ഞു മൂടികിടക്കുന്ന കുന്നിൻ ചെരുവിൽ, പൈൻ മരങ്ങൾക്കിടയിലൂടെയുള്ള സ്കീ ഏരിയയിലൂടെ മഞ്ഞിൽ തെന്നി താഴേക്ക് വളരെ വേഗത്തിൽ പാഞ്ഞു വരികയാണ് അച്ഛനും മകളും. അച്ഛന്റെ കുറുകെയും, നീളത്തിലും ഉള്ള സ്കീ സഞ്ചാരത്തെ പകർത്തുവാനായി അവരോടൊപ്പം അതെ വേഗത്തിൽ ഒരു ഡ്രോൺ പറവയെ പോലെ പറന്നു ദൃശ്യങ്ങൾ എടുക്കുന്നു.
തെളിഞ്ഞ നീല ആകാശത്തിൽ അവിടവിടെയായി വെളുത്ത മേഘങ്ങൾ കെട്ടി കിടക്കുന്നു.
താഴെ അടിവാരത്തിലെത്തി, അടുത്ത റൌണ്ട് സ്കീയിങ്ങിനായി വീണ്ടും കുന്നിൻ മുകളിലേക്കു ആളെ കയറ്റി കൊണ്ട് പോകുന്ന റോപ്വേ കാറുകളിൽ ഒന്നിൽ സ്ഥാനമുറപ്പിച്ച്, അച്ഛന്റെ ചുമലിൽ തല ചായ്ച്ചുകൊണ്ട് എൽഡ സംസാരിച്ചു തുടങ്ങി..
“അച്ഛൻ എന്തിനാണ് ഞങ്ങളെ വിട്ടു സാൻഫ്രാൻസിസ്കോയിൽ പോയി താമസിക്കുന്നത്..ഇവിടെ നിന്നൂടെ..കൊളറാഡോ എന്ത് മനോഹരമാണ്..”
“അച്ഛന് ജോലി ഇല്ലേ മോളെ..പോരാത്തതിന് ഞാൻ ഇവിടെ നിൽക്കുന്നത് നിന്റെ അമ്മക്ക് ഇഷ്ടമാവുകയും ഇല്ല..”
“അമ്മയെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം..അച്ഛൻ പ്ലീസ് ഇവിടെ നിൽക്കൂ..”
അയാൾ വിഷയം മാറ്റുവാനായി, താഴോട്ടു പോകുന്ന ചുവപ്പും മഞ്ഞയും കലർന്ന റോപ് വേ കാറുകളിൽ ഒന്നിൽ നിന്നും അവരെ നോക്കി കൈ വീശി കാണിച്ച കുട്ടികളിലേക്ക് അവളുടെ ശ്രദ്ധ തിരിച്ചു.
“അച്ഛാ..ഞാൻ പറഞ്ഞത് കേൾക്കുന്നില്ലേ..”
“അമ്മയുടെ യോഗാ ക്ലാസ് എങ്ങിനെ ഉണ്ട്..”
“അതൊക്കെ നന്നായി പോകുന്നുണ്ട് ..അച്ഛൻ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല..”
“ജോലി അവിടെ അല്ലെ മോളെ..പോരാത്തതിന് അച്ഛൻ ഒരു പ്രധാനപ്പെട്ട പ്രൊജക്ടിൽ ആണ് ..ഇപ്പൊ മാറി നിൽക്കാൻ കഴിയില്ല..”
“അല്ലാതെ, അച്ഛന്റെ പുതിയ ഗേൾഫ്രണ്ടില്ലേ, ആ ജപ്പാൻകാരി, അവളെ പിരിയുന്നതിലുള്ള വിഷമം ഒന്നും അല്ലല്ലോ..”
അയാൾ ഒന്നും മിണ്ടാതെ, പുഞ്ചിരിച്ചു.
“നിന്റെ അമ്മയുടെ കൂടെയാണ് ആദ്യമായി ഞാൻ സ്കീയിങ്ങിന് വരുന്നത്. ഇവിടെ അടുത്തു, സ്നോ മാസ് വില്ലേജിൽ..ഞങ്ങളുടെ ഫസ്റ്റ് ഡേറ്റ് എന്ന് വേണമെങ്കിൽ പറയാം..”
“ഓഹോ..അതമ്മ ഇത് വരെ പറഞ്ഞിട്ടില്ല..”
“ഓ, അതൊന്നും ഓർക്കാൻ അവൾക്കിപ്പോ ഇഷ്ടമുണ്ടാവില്ല അത് കൊണ്ടാവും..ഇവിടുന്ന് കുറച്ചു ദൂരെ പോയാൽ മെറൂൺ ബെൽസ്..അവിടത്തെ പ്രത്യേകത എന്താണെന്ന് അറിയാമോ..”
“ഇല്ല..”
“രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുന്നേ ചെല്ലണം. ആസ്പെൻ മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാത കയറി ചെന്നാൽ ഒരു തടാക കരയിൽ എത്തും..മുകളിൽ, കിഴക്കു ഭാഗത്തു മഞ്ഞു മൂടിയ വലിയ രണ്ടു മലയിടുക്കുകൾ..അവയിൽ ബെല്ലിന്റെ ആകൃതിയിൽ സൂര്യ രശ്മികൾ പതിക്കുന്നുണ്ടാവും സൂര്യോദയത്തോടൊപ്പം. ആ ബെല്ലിനു മെറൂൺ നിറമാവും..അത് തടാകത്തിലേക്ക് പ്രതിഫലിച്ചു വരുന്നത് നോക്കി നിൽക്കാൻ എന്ത് രസമാണെന്നോ..”
“അച്ഛൻ എന്നെ അവിടെ കൊണ്ട് പോകാമോ..”
“നാളെ രാവിലത്തെ ട്രിപ്പ് അങ്ങോട്ടാണ്..”
******************************************************
ഇൻഡിപെൻഡൻസ് ചുരം ഇറങ്ങി ഫ്രിസ്കോയിലേക്കുള്ള യാത്രയിൽ അവർ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല.
റിയർവ്യൂ മിററിലൂടെ പിന്നിൽ മഞ്ഞു മൂടിയ ഹിമവാനെ നോക്കി എൽഡ അച്ഛനോട് ചോദിച്ചു..
അച്ഛൻ കഴിഞ്ഞ ദിവസം കണ്ട ഏതോ ഒരു സ്വപ്നത്തെ പറ്റി പറഞ്ഞിരുന്നില്ലേ..അത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു…ഒന്നുകൂടി പറയാമോ..
വിചിത്രങ്ങളായ സ്വപ്നങ്ങൾ കാണുക അയാളുടെ പതിവായിരുന്നു. സ്വപ്നങ്ങളെ കണ്ടു നിർത്തിയിടത്ത് നിന്നും മറ്റൊരു രാത്രിയിലെ ഉറക്കവേളകളിൽ തുടർന്നു കാണുവാനും അയാൾക്കാവുമായിരുന്നു. കണ്ട സ്വപ്നങ്ങളെ ഇടക്ക് ഓർത്തെടുത്ത്, വിട്ടു പോയ ഭാഗങ്ങൾ സ്വന്തം ഭാവന തിരുകി കയറ്റി അയാൾ ഇടക്കിടെ എൽഡക്ക് പറഞ്ഞു കേൾപ്പിക്കും.
അഛന്റെ പരുക്കൻ ശബ്ദത്തിൽ ആ സ്വപ്ന വിവരണങ്ങൾ കേൾക്കാൻ അവൾക്കും ഇഷ്ടമായിരുന്നു. അമ്മക്കില്ലാത്തതും അച്ഛന് ഉള്ളതുമായി അവൾക്ക് തോന്നാറുള്ള ഏക കഴിവും സ്വപ്നങ്ങളെ ഓർത്തെടുത്ത് വിവരിക്കാൻ കഴിയുന്ന അച്ഛന്റെ കഴിവായിരുന്നു.
മകളെ പിരിഞ്ഞു പോവേണ്ട സമയമായി എന്ന ഓർമ്മയിൽ വിഷമിച്ചിരുന്ന അയാൾക്ക് എൽഡയുടെ കൊഞ്ചിയുള്ള നിരന്തരമായ അഭ്യർത്ഥനകൾ വേണ്ടി വന്നു സ്വപ്നം വിവരിക്കാൻ…
അയാൾ കാർ ഓട്ടോ ക്ര്യൂയിസിൽ ഇട്ട്..സ്വപ്നത്തിലേക്ക് പതിയെ ഇറങ്ങി വിവരിക്കാൻ തുടങ്ങി….
മഞ്ഞു മൂടി വെളുപ്പ് നിറഞ്ഞ മലയുടെ കീഴെയാണ് ഞാൻ നിൽക്കുന്നത്…മലയുടെ മുകളിലൂടെ വരിവരിയായി എന്തോ നടക്കുന്നത് കണ്ടാണ് ഞാൻ നോക്കിയത്…കുറെ മൃഗങ്ങൾ വരി വരിയായി പോവുകയാണ്…
ഹിമക്കരടികൾ, കുഞ്ഞൻ വെളളക്കടുവകൾ, വെളുത്ത നിറത്തിലുള്ള പന്നികൾ, മലയാടുകൾ, എലികൾ, പൂച്ചകൾ, കുറുനരികൾ, ചെന്നായ്ക്കൾ..എല്ലാം വെളുത്ത നിറം…മഞ്ഞിന്റെ വെളുപ്പിനോട് ഒട്ടി ചേർന്ന് അവരങ്ങനെ നിര നിരയായി..ഉറുന്പിന് പറ്റങ്ങൾ നടന്നു പോകുന്നത് പോലെ നടക്കുകയാണ്…ഇടക്ക് മുഖം തിരിച്ച് താഴെ നിൽക്കുന്ന എന്നെ നോക്കും…അവരുടെ കണ്ണുകളിൽ വരാൻ പോകുന്ന ഏതോ ദുരന്തത്തെപറ്റിയുള്ള വേവലാതി നിറഞ്ഞിരിക്കുന്നു എന്ന് തോന്നും…പെട്ടെന്ന് കാറ്റടിക്കും, മഞ്ഞിളകി പഞ്ചസാര തരികളെ പോലെ വെളുത്ത പൊടി വന്നു കണ്ണിൽ മൂടും…പിന്നെ കാണുന്നത്..പർവതം ആകെ പിളർന്ന്, വെളുത്ത ഉറുന്പിൻ കൂട്ടങ്ങൾ നേരെ വരിയായി എനിക്ക് നേരെ നടന്നു വരുന്നതാണ്…അപ്പോഴേക്കും മിക്കവാറും ഉറക്കമെഴുന്നേൽക്കും…
ഫ്രിസ്കോയിലെ നീളൻ തുരങ്കത്തിലൂടെ അവർ ഹൈവേ എഴുപത്തിലൂടെ പാഞ്ഞു പോകുന്ന കാറിൽ ഇരിക്കുകയാണ്. തുരങ്കത്തിൽ വൈദ്യുതി വിളക്കുകൾ കാറിന്റെ വേഗതക്കൊപ്പം ചിമ്മികത്തുന്നത് പോലെ തോന്നിപ്പിച്ചു.
തുരങ്കം കടന്നു, മലയടിവാരത്തിലെ റെസ്റ്റിങ് ഏരിയയിലാണ് അവളുടെ അമ്മ കാത്തു നിൽക്കുന്നത്…ഇനി അടുത്ത സമ്മർ വെക്കേഷൻ വരെ അമ്മയോടൊപ്പം ആണ്. സമ്മർ വെക്കേഷനിൽ വീണു കിട്ടുന്ന ഏതാനും ദിവസങ്ങൾ അത് മാത്രമാണ് കൊച്ചു എൽഡക്ക് അച്ഛനോടൊപ്പം ചിലവഴിക്കാനാവുക…സാൻഫ്രാൻസിസ്കോയിൽ..
കാർ അമ്മ കാത്തിരിക്കുന്നതിന് അടുത്തുള്ള പാർക്കിംഗ് സ്പേസിൽ നിർത്തി. എൽഡ പിന് സീറ്റിൽ നിന്നും അച്ഛന്റെ തോളിലൂടെ കയ്യിട്ട് അച്ഛനെ കെട്ടി പിടിച്ചു. അയാൾ തിരിഞ്ഞിരുന്നു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു…
ഡോർ തുറന്നു, എൽഡ പുറത്തിറങ്ങി..അമ്മയുടെ കാറിൽ കയറി ഇരുന്നു.
അച്ഛനും, അമ്മയും തമ്മിൽ ചിരിക്കുന്നുണ്ടോ അവൾ ശ്രദ്ധിച്ചു…!!
***********************************
കൊളറാഡോ 93 ആം നമ്പർ ഹൈവേയിലൂടെ അമ്മയും എൽഡയും പോവുകയാണ്. ഇടത് വശത്ത് റോക്കി പർവത നിരകളുടെ മുൻ നിരയിലെ കൊടുമുടികൾ ആഗ്രഭാഗത്ത് ഐസിംഗ് പോലെ മഞ്ഞു മൂടി കിടക്കുന്നു. ഫ്രണ്ട് റേഞ്ചിലെ മഞ്ഞെല്ലാം പോയിട്ടുണ്ട്..അവൾ ഓർത്തു. പർവതത്തിന്റെ ചില ഭാഗങ്ങൾ ചാണക പച്ചയിൽ വെട്ടി തിളങ്ങി. റോഡിനു വലതു വശത്തെ സമതലത്തിൽ മന്ദഗതിയിൽ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങൾ..ഇടക്കിടെ കുന്നിറങ്ങുമ്പോൾ സൂര്യ രശ്മികൾ വീണു വെട്ടിത്തിളങ്ങുന്ന ചെറു തടാകങ്ങൾ…
റോഡിനിരുവശത്തും നീളൻ തണ്ടു നീട്ടി വിരിഞ്ഞു നിൽക്കുന്ന വലിയ സൂര്യകാന്തി പൂവുകൾ…അവൾ പതിയെ മയക്കത്തിലേക്ക് വഴുതി വീണു.
കാറിലെ ഫോൺ അടിക്കുന്നത് കെട്ടാണ് അവൾ ഉണർന്നത്…അച്ഛനാണ്..അമ്മ സ്റ്റീയറിംഗിലെ ഹാൻഡ്സ്ഫ്രീ ബട്ടൺ പ്രസ് ചെയ്ത് കോൾ അറ്റൻഡ് ചെയ്തു. ഡാഷ് ബോർഡിലെ ഏഴിഞ്ചു സ്ക്രീനിൽ അച്ഛന്റെ പേര് തെളിഞ്ഞു കാണുന്നു..
അവൾ സംസാരിച്ചു.
അച്ഛൻ പറയുന്നത്..അയാൾ പറയാൻ മറന്നു പോയ ഒരു സ്വപ്നത്തെ കുറിച്ചാണ്..അച്ഛന്റെ ഓഡിയോ ബ്ലോഗിൽ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്.
അവൾ എത്തിവലിഞ്ഞു കാറിലെ എൽസിഡി സ്ക്രീനിൽ നെറ്റ് കണക്ട് ചെയ്തു. ബ്ലോഗിൽ നിന്നുള്ള പോസ്റ്റ് കാറിലെ ഓഡിയോ പ്ലെയറിലേക്ക് സ്ട്രീം ചെയ്തു..
അച്ഛന്റെ പരുക്കൻ ശബ്ദത്തിൽ അവൾക്കത് കേൾക്കാം…
“രണ്ടാഴ്ച മുന്നെയാണ് ..ഉച്ച കഴിഞ്ഞതേ ഉള്ളൂ ..ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി ..
കറുത്തതും ചാര നിറത്തിലുമുള്ള മേഘങ്ങൾ നിരന്നു കിടക്കുന്നതിനിടയിലൂടെ സൂര്യൻ പ്രയാസപ്പെട്ട് കറുത്ത പ്രകാശ രശ്മികൾ അയച്ചു.
ഏതോ ഒരു വിജനമായ നഗരത്തിൽ കൂറ്റൻ കെട്ടിടങ്ങൾക്കിടയിലെ തെരുവിലൂടെ നടക്കുകയായിരുന്നു ഞാൻ, എന്റെ കൈ പിടിച്ചു എൽഡയും ..
തെരുവ് വിളക്കുകൾ ഇളം മഞ്ഞ നിറത്തിൽ കത്തുന്നുണ്ടായിരുന്നു ..വിളക്കുകളുടെ നിറം മഞ്ഞയെന്ന് സൂചിപ്പിക്കുന്പോഴൊക്കെയും അച്ഛാ മഞ്ഞയല്ല ആമ്പർ ആണ് നിറമെന്ന് എൽഡ തിരുത്തുന്നുണ്ടായിരുന്നു എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്..
എന്തായാലും..ഞാന്നു കിടക്കുന്ന മേഘങ്ങൾക്കിടയിലൂടെ ആകാശത്തേക്ക് കുറെ പക്ഷി കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു . നീളൻ കഴുത്തും ചാര തൂവലുകളും ഉള്ള കാട്ടു വാത്തകൾ ! അവ പല പല കൂട്ടങ്ങളായി ഭീതിയോടെ ദൂരേക്ക് പറന്നു.
ഏക രൂപത്തിൽ ഒരു ഭീമൻ പക്ഷിയെ പോലെ ആ കൂട്ടങ്ങൾ തോന്നിപ്പിച്ചു .
അവയുടെ ചാര നിറമുള്ള തൂവലുകൾ പൊഴിഞ്ഞു തെരുവ് നിറഞ്ഞു.. കറുത്ത കോട്ടിട്ട ചില കുട്ടികൾ എവിടെ നിന്നോ ഓടി വന്നു തൂവലുകൾ പെറുക്കാൻ തുടങ്ങി. എൽഡക്കും അവരുടെ കൂടെ ചേരണം എന്ന് പറഞ്ഞെങ്കിലും ഞാൻ വിലക്കി !
ഇതിനിടയിൽ ആകാശത്തു ഒരു മുഴക്കം .. കുറെ യുദ്ധ വിമാനങ്ങൾ ഇരന്പി വരുന്ന ശബ്ദം . തെരുവിന്റെ അതിരുകളെ ആകാശത്തു നിന്ന് വേർതിരിച്ചു നിർത്തുന്ന കറുത്ത കണ്ണാടി ചില്ലു കെട്ടിടങ്ങളിൽ തട്ടി ആ പോർ വിമാനങ്ങൾ പ്രതിഫലിച്ചു !!
തൂവലുകൾ പൊഴിയുന്ന മന്ദ ഗതിയിൽ തെരുവിലേക്ക് ഒന്നൊന്നായി ബോംബുകൾ പൊഴിഞ്ഞു !!!
കാൽ കുഴഞ്ഞു, ഉടൽ തളർന്നു ഒരുറക്കത്തിന്റെ അലസ വേഗം എന്നെ വരിഞ്ഞു മുറുക്കുന്നതായി ഞാൻ അറിഞ്ഞു …താഴ്ചയിലേക്ക് ഉലഞ്ഞുലഞ്ഞു വീഴുന്ന പോലെ ..”
കേട്ടു കഴിഞ്ഞപ്പോൾ എൽഡ അച്ഛനെ തിരികെ വിളിച്ചു..സാൻഫ്രാൻസിസ്കോയിലേക്കുള്ള ഫ്ളൈറ്റിൽ ബോർഡിംഗ് ടൈം ആയത് കൊണ്ട് അച്ഛന് അധികം സംസാരിക്കാൻ കഴിഞ്ഞില്ല.
അച്ഛന്റെ സ്വപ്നം ..എന്തോ ചീത്ത വരാൻ ഇരിക്കുന്നു..അതിന്റെ ഇൻഡിക്കേഷൻ ആണോ..അവൾ ചോദിച്ചു..
“അറിയില്ല മോളെ..എന്റെ ബോസ് മിഖയും ഇത് തന്നെയാണ് പറയുന്നത്..അയാൾ പറയുന്നത് അധികം വൈകാതെ റോബോട്ടുകൾ ലോകം കീഴടക്കും എന്നാണ്…അങ്ങിനെ ഒരു കാലം വന്നാൽ രക്ഷപ്പെടാൻ വേണ്ടി ഒരു പേടകം ഉണ്ടാക്കുകയാണ് അയാളിപ്പോ..”
“അങ്ങിനെയൊരു കാലം വന്നാൽ എന്നെ കൂട്ടുമോ അച്ഛൻ ആ പേടകത്തിലേക്ക്..” അവൾ ചോദിച്ചു..
“പിന്നല്ലാതെ..”
“അമ്മയെയോ..”
“അമ്മയെയും..”
**************************************
അതേസമയം..സാൻഫ്രാൻസിസ്കോയിലെ, ഇന്നോവ് ടെക് പി എൽ സി യിലെ ബോർഡ് റൂമിൽ, മിഖയും ബോർഡ് ഓഫ് ഡയറക്ടേഴ്സും ആയുള്ള മീറ്റിങ് നടക്കുന്നു.
വെളിയിൽ, തന്റെ ഓഫീസ് മുറിയിൽ..സാമി ആകെ ദേഷ്യത്തിലും, ഫ്രസ്ട്രേഷനിലും കാണപ്പെട്ടു.
അയാളുടെ മുറിക്ക് പുറത്ത്, സാമി ചീഫ് ടെക്നോളജി ഓഫീസർ എന്ന ബോർഡ്.
ബോർഡ് റൂമിൽ സാമിയെ പുറത്തക്കുന്നതിനു വേണ്ട തീരുമാനങ്ങൾക്ക് അവസാന ഒപ്പു വെച്ചു മിഖ പുറത്തേക്കിറങ്ങി.
Read Chapter 1 https://kadhafactory.com/2017/03/24/എൽഡ/
Read Chapter 2 https://kadhafactory.com/2017/03/31/യൂൾ/
ഹായ്