കളപ്പാറ ബെന്നി ചേട്ടനും, വേങ്ങര കമ്മൂട്ടിക്കയും അയൽവാസികളാണ്.
ബെന്നിച്ചേട്ടന് നാലേക്കർ തെങ്ങിൻ പുരയിടവും, വീടിന്റെ പിന്നിൽ മലഞ്ചെരുവിനോട് ചേർന്ന് മൂന്നേക്കർ റബർ തോട്ടവും, അതിനിടയിൽ അവിടിവിടെയായി പത്തോ പന്ത്രണ്ടോ കശുമാവുകളും, പ്ലാവുകളും ആണ് ഭൂസ്വത്തു. രണ്ടു പശു (ഒരു തള്ള, മറ്റൊന്ന് വളർന്നു തുടങ്ങിയ മൂരിക്കുട്ടൻ ), അമരീഷ് പുരിയുടെ മാസ് അപ്പീലും , ഓം പുരിയുടെ ക്ലാസ് റേഞ്ചും ഉള്ള കൈസർ എന്ന ആൽസേഷ്യൻ നായയും ജന്തു മൃഗാദികളുടെ കണക്കെടുത്താൽ ബെന്നിച്ചേട്ടന്റെ അക്കൗണ്ടിൽ ചേർക്കാം.
കമ്മൂട്ടിക്കക്കും ഉണ്ട് ഏകദേശം അത്രത്തോളം തന്നെ ഭൂസ്വത്തു. മലഞ്ചെരുവിനു താഴെ തെങ്ങിൻ തോപ്പിനു പകരം കവുങ്ങിൻ കൃഷിയാണ് കമ്മൂട്ടിക്കക്ക്. എണ്ണകറമ്പന്മാരെ പോലെ മെയ്വഴക്കം ഉള്ള കമുകുകൾക്ക് ഇടയിൽ ആരോഗ്യദൃഢകാർത്തരായ പത്തിരുപത് തെങ്ങുകൾ.
രണ്ടു പേരും അയൽവാസികൾ എന്ന് പറയുന്പോൾ, ഒരാളുടെ സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് തീരുന്നിടത്ത് മറ്റേവന്റെ കിണറു തുടങ്ങുന്നത് പോലത്തെ നാഗരിക അയൽ പക്കമല്ല..
ബെന്നി ചേട്ടൻ മുറ്റത്തിറങ്ങി നിന്ന് പൂയ് എന്ന് കൂക്കി വിളിച്ചാൽ പത്തോ പതിനഞ്ചോ വരേയെണ്ണുന്പോൾ മാത്രമേ ആ കൂവലിന്റെ സൈൻവേവുകൾ അയൽപക്കത്തെ മുറ്റത്തെത്തു..ന്നു വെച്ചാൽ രണ്ടു വീടുകൾക്കും തമ്മിൽ ഒരു എട്ടു തെങ്ങിന്റെയും, ,ഒരു കല്ല് കയ്യാലയുടെയും, പിന്നെ കുറെ കവുങ്ങുകളുടെയും ദൂരം ഉണ്ടെന്നു ചുരുക്കം.
ലോകത്തു, സ്വന്തം ഭൂമിയുള്ള സകല അയൽവാസികളെയും പോലെ തന്നെ ഈ രണ്ടു ഗ്രാമീണരും തമ്മിൽ അന്തർലീനമായ “ജഗട” നിലനിന്നിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..
സംഭവം മറ്റൊന്നുമല്ല അതിർത്തി തർക്കം.
ഉത്തര ദക്ഷിണ കൊറിയകളോളം രൂക്ഷമല്ലെങ്കിലും, അരുണാചൽ പ്രദേശിന്റെ മേലെ ചൈനക്കുള്ള ഒരു നോട്ടം പോലെ അങ്ങോട്ടും, ഇങ്ങോട്ടും ചില ഭൂമി തർക്കങ്ങൾ ഇരുവർക്കും ഇടയിൽ കാലാകാലമായി നിലനിൽപ്പുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്.
പലപ്പോഴും ഉണ്ടാകാറുള്ള സ്ഥല തർക്കങ്ങളിൽ, മധ്യസ്ഥ സ്ഥാനം ലഭിക്കാറ്, രണ്ടു പേരുടെയും കോമൺ അയല്പക്കമായ പീലി കുഞ്ഞേട്ടനാണ്. ഭൂമിശാസ്ത്രപരമായ രേഖപ്പെടുത്തലിനു വേണ്ടി പറഞ്ഞാൽ ഭൂപടത്തിൽ ഇന്ത്യക്കും, പാകിസ്ഥാനും അടുത്ത് അഫ്ഗാനിസ്ഥാൻ കടക്കുന്നത് പോലുള്ള ഒരു അയൽവാസി.
ഈ പീലി കുഞ്ഞേട്ടനെ പറ്റിയും ഒരു ചരിത്ര രേഖയുണ്ട് കേട്ടോ. അത് ടിയാന്റെ പേരിനെ ചൊല്ലിയാണ്. പീലിപ്പോസ് കുഞ്ഞു എന്നതിൽ നിന്ന് ലോപിച്ചാണ് പീലിക്കുഞ്ഞു ഉണ്ടായത് എന്ന് കരുതുന്ന ഒരു സ്കൂൾ ഓഫ് തോട്ട്സ് ഉണ്ട്..എന്നാൽ അതല്ല, കുഞ്ഞേട്ടന്റെ ഇരു ചെവികൾക്കും പിന്നിലായി മയിൽ പീലി വിടർത്തി നിൽക്കുന്നതിനെ ഓർമ്മിപ്പിക്കുമാറു വിരിഞ്ഞു നിൽക്കുന്ന കറുത്ത രോമങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് പീലി കുഞ്ഞു എന്ന പേര് എന്ന് സമർത്ഥിക്കുന്ന മറ്റൊരു ചിന്താധാരയും ആ നാട്ടിൽ സജീവമായി നില നിന്നിരുന്നു.
എന്ത് തന്നെയായാലും, നല്ലൊരു കയ്യാല(കോട്ടയം ജില്ലയിൽ കയ്യാല എന്നും ഉത്തര മലബാറിന്റെ പ്രാന്ത പ്രദേശങ്ങളിൽ കൊള്ളു എന്നും ഈ കൽ ഫെൻസസ് അറിയപ്പെടുന്നു.) പണിക്കാരൻ ആയ പീലികുഞ്ഞേട്ടൻ ആയിരുന്നത്രേ വർഷങ്ങൾക്ക് മുന്നേ അതിരു തിരിക്കുന്ന തർക്കസ്ഥാനം പണിതത്. അത് കൊണ്ട് തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ജനീവ പോലെ തന്നെ നയതന്ത്ര ലോകത്ത് ഉന്നതസ്ഥാനമായിരുന്നു പീലിക്കുഞ്ഞേട്ടന്റെ വീട്ടു തിണ്ണ.
രണ്ടടിച്ചാൽ കുഞ്ഞേട്ടൻ ഇംഗ്ലീഷ് സംസാരിക്കും, ചിലപ്പോൾ ഉള്ളിലുള്ള ഫ്രസ്ട്രേഷനുകൾ എല്ലാം ഗ്രാമ്യ ഭാഷയും, ഇംഗ്ലീഷ് തെറികളും കൂട്ടിക്കുഴച്ചു പുറത്തേക്കെറിയും. അതൊരു പ്രത്യേക ഓർഡറിൽ ആണ് പുറത്തേയ്ക്കു വരിക. ആദ്യം യേശു, മറിയം ഔസേപ്പിൽ തുടങ്ങും, പിന്നെ നബി, കൃഷ്ണൻ, ശിവൻ വഴി ലോക്കൽ വിശുദ്ധർക്കും, ദൈവങ്ങൾക്കും നേരെയാവും. പിന്നേ നാട്ടിൽ പ്രമാണിമാർ. അത് കഴിഞ്ഞാൽ മിക്കവാറും മലയോര സാഹിത്യ സൃഷ്ടികളിലെ പരാമർശ വിഷയം താൻ മധ്യസ്ഥൻ ആയുള്ള അതിർത്തി തർക്കമായിരിക്കും. അത് വഴിയാണ് പൊതുവിൽ നാട്ടുകാർ കാര്യങ്ങൾ ഒക്കെ വെടിപ്പായി അറിയാറു.
പണ്ട് കാട്ടുപന്നി കുത്തിയ തുടയിലെ മുറിപ്പാട് ഉയർത്തികാട്ടി പന്നിയെയും വിളിക്കും നാല് തെറി പതിവായി പീലിക്കുഞ്ഞേട്ടന്.
പന്നിയെ തെറി പറയാൻ വേറൊരു കാരണവുമുണ്ട്. വയസാം കാലത്തു തനിക്ക് താങ്ങാവേണ്ട ഏക മകൻ ഡെന്നിസ് കാട്ടു പന്നിയെ വെടിവെച്ച കേസിൽ ഫോറസ്റ്റുകാരുടെ കേസിൽ പെട്ട് കോടതിയും, ഫോറസ്റ്റോഫീസും കയറി ഇറങ്ങുകയാണ് ഇപ്പോഴും (വെടിയേറ്റ പന്നി ജീവിച്ചിരുന്നെങ്കിൽ, പന്നിയുടെ കൊച്ചുമക്കൾക്ക് കല്യാണപ്രായമാവേണ്ട പ്രായം ആയി എങ്കിലും കേസ് ഇത് വരെയും ഒരു വഴിക്കായിട്ടില്ല..)
പറഞ്ഞു കാട് കയറുന്നില്ല. കമിംഗ് റ്റു ദി പോയിന്റ്.
അതിർത്തിപ്രശ്നങ്ങൾ മാത്രമായിരുന്നില്ല കമ്മൂട്ടിക്കാ വേഴ്സസ് ബെന്നി തർക്കങ്ങളുടെ പിന്നാമ്പുറം.
പ്രത്യേക പരാമർശവും, ജൂറി പുരസ്കാരവും അർഹരായ രണ്ടു സഹ കഥാപാത്രങ്ങൾ കൂടി പിന്നണിയിൽ ഉണ്ട്.
ബെന്നിച്ചേട്ടന്റെ മകൾ ചിന്നുവും, കമ്മൂട്ടിക്കയുടെ മകൻ അൻവറും.
ഫ്ളാഷ്ബാക്കിലേക്ക് റീല് തിരിക്കുകയാണെങ്കിൽ, ബെന്നിച്ചേട്ടന്റെ വീട്ടു മുറ്റത്ത് ഉണക്കാനിട്ട കൊപ്രയിൽ വലിയ ഒന്ന് ആരും കാണാതെ അടിച്ചു മാറ്റി, ചവച്ചു രസിക്കുന്ന കുഞ്ഞു അൻവറിലേക്കൊന്ന് ക്യാമറ തിരിച്ചു വെക്കാം. കൊപ്ര വായിലിട്ട് ചവച്ചു, ചെറിയ മധുരമുള്ള നീരിറക്കി, വായിൽ ബാക്കിയാവുന്ന, തേങ്ങാപീരകൾ വായുവിൽ ഉയർത്തി തുപ്പി രസിക്കുന്പോഴാണ് പിന്നിൽ നിന്നും ബെന്നിച്ചേട്ടൻ കുഞ്ഞു അൻവറിന്റെ മുതുക് നോക്കി ചവിട്ടുന്നത്. മലർന്നടിച്ചു വീണ് രണ്ടു പല്ലും പൊട്ടി, മൂക്കിൽ നിന്ന് ചോരയും പൊടിഞ്ഞു.
ജനലിലൂടെ തന്റെ കളിക്കൂട്ടുകാരനെ അപ്പൻ തല്ലുന്ന സീൻ വേദനയോടെ നോക്കിക്കാണുന്ന ചിന്നുവിന്റ്റെ പാസിംഗ് ഷോട്ട്.
സംഭവം ഒരു കഷ്ണം കൊപ്രാ പോയാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമൊന്നും ബെന്നിച്ചേട്ടന് വരുത്തി വെക്കില്ലെങ്കിലും തന്റെ അധികാര പരിധിയിലേക്ക് മറ്റൊരാൾ അതിക്രമിച്ചു കയറിയത് അയാൾക്കിഷ്ടമില്ലായിരുന്നു, അതായിരുന്നു അപ്രതീക്ഷിതമായ ആ ചവിട്ടിന്റെ പിന്നിലെ രാസ സമവാക്യം. എന്തിനേറെ പറയുന്നു, സകല കുടുംബം കലക്കി സിനിമകളിലെയും കഥപോലെ,
“ഓൻ ന്റെ ചെക്കനെ ചൗട്ടി എന്ന ഡയലോഗ് കമ്മൂട്ടിക്കാന്റെ ബ്രെയിനിലും”
“അപ്പൻ ന്റെ കളിക്കൂട്ടുകാരനെ ചവിട്ടി എന്ന ഫീലിംഗ് ചിന്നുവിന്റെ ഹൃദയത്തിലും കയറിപ്പറ്റി..”
ആദ്യത്തേത് പകയായും, രണ്ടാമത്തേത് പ്രണയമായും വളർന്നു.
കാല ചക്രങ്ങൾ തിരിഞ്ഞു.
മാധ്യസ്ഥം പറയാൻ കുഞ്ഞേട്ടനെ കാലം അവശേഷിപ്പിച്ചില്ല. രണ്ടു വീട്ടുകാരും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ കലണ്ടറിലെ വർഷങ്ങൾ മാറുന്നതിനൊപ്പം കൂടി കൂടി വന്നു.
പകയും പ്രണയവും അതിന്റെ അനുരണനങ്ങളും ഇതിനൊക്കെ കാരണമായി എന്നതാവും സത്യം.
ഇതിനിടയിൽ കമ്മൂട്ടിക്ക ഹജ്ജിനു പോയി വന്നു കമ്മു ഹാജിയായി. ഹജ്ജിനു പോകുന്നതിനു മുന്നേ കണ്ടു കടം വീട്ടുന്നതിന്റെ ഭാഗമായി ബെന്നി ചേട്ടനുമായുള്ള തർക്കങ്ങൾ ഏറെക്കുറെ പറഞ്ഞു കബൂൽ ആക്കിയിരുന്നു.
ബെന്നിച്ചേട്ടനും ആത്മീയ വഴിയിൽ കയറി. നാട്ടിൽ നിന്നും ആളുകളെ സംഘടിപ്പിച്ചു അട്ടപ്പാടിയിൽ ഉള്ള പ്രാർത്ഥനാശ്രമത്തിൽ എത്തിക്കുന്ന പണി അയാൾക്ക് കിട്ടി. ഒപ്പം കുറച്ചു സാമ്പത്തികവും കൂടെ വന്നു. സാമ്പത്തിക നില മെച്ചമായപ്പോൾ വീട് പുതുക്കി പണിതു.
കാലക്രമേണ, അട്ടപ്പാടിയിലെ ധ്യാനാശ്രമത്തിന്റെ മുഖ്യ നടത്തിപ്പ്കാരനും കൂടി ആയപ്പോൾ, ആകെ മൊത്തം ഒരു വിശുദ്ധ പദവിയൊക്കെ ബെന്നിച്ചേട്ടന് നിലവിൽ വന്നു. ബെന്നി ബ്രദർ എന്ന് ചിലരൊക്കെ വിളിച്ചും തുടങ്ങി
ഒരു വെള്ളിയാഴ്ച ജുമാ കഴിഞ്ഞു വന്ന കമ്മൂട്ടി ഹാജി പെട്ടെന്നാണ് അത് കണ്ടത്. തന്റെ അതിരിനോട് ചേർന്ന്, ഒരു വാഴ നടാനുള്ള സ്ഥലത്തോളം വളച്ചെടുത്ത് നാട്ടിയിരിക്കുന്ന കുരിശ്. ധ്യാനഗുരു സ്ഥാപിക്കാൻ തന്ന കുരിശ് വെക്കാൻ പറ്റിയ സ്പോട്ട് അതാണ് എന്ന് ബെന്നിച്ചേട്ടന് തലേ രാത്രിയിലെ സ്വപ്നത്തിൽ വെളിപാട് ഉണ്ടായത്രേ..!!
എന്തിനേറെ പറയുന്നു, കുറെ കാലമായി കെട്ടടങ്ങിയ പകയുടെയും തർക്കങ്ങളുടെയും നെരിപ്പോടുകൾക്ക് തീവേഗം കൈവന്നു.
നാട്ടിലെ പൗര പ്രമുഖരും, രാഷ്ട്രീയ-സമുദായ ഇൻഫ്ളുവൻഷ്യരും ശ്രമിച്ചിട്ടും തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. കമ്മൂട്ടി ഹാജിക്ക് കേസിന് പോണം, ബെന്നി ബ്രദറിന് കുരിശു മാറ്റാനും ആവില്ല.
പോലീസ് വന്നു. രണ്ടു കൂട്ടരുടെയും പരാതിയിൽ കേസെടുത്തു…
കേസുകളുടെ അടുക്കിവെച്ച കെട്ടുകൾക്കിടയിൽ നിന്ന് അങ്ങിനെ വിചാരണക്കുള്ള ഇണ്ടാസ് രണ്ടു പേരെയും തേടിയെത്തി. ജീവിതത്തിൽ ആദ്യമായാണ് രണ്ടു പേരും കോടതി വരാന്തയിൽ എത്തുന്നത്.
കോടതി കൂട്ടുന്നതിനിതു മുന്നേ രണ്ടു പേരുടെയും വക്കീൽമാർ കൂട്ടിൽ കയറി നിൽക്കുന്പോൾ പറയേണ്ട ഭാഗങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ പഠിപ്പിച്ചു.
കർക്കശക്കാരനായ ജേക്കബ് മജിസ്ട്രേറ്റ് ആണ് ജഡ്ജി, ബെന്നി ബ്രദറിന്റെ വക്കീലിന് കുറച്ചു ആശങ്കയുണ്ടാവാതില്ല എന്ന് പറയാതിരിക്കാൻ വയ്യ.
എന്തായാലും, കേസ് കോടതി എടുത്തു. രണ്ടു പേരുടെയും പേരുകൾ വിളിച്ചപ്പോൾ, ഇരുവരും ജഡ്ജിന് മുന്നിൽ ഹാജരായി. കമ്മൂ ഹാജി വാദിയും, ബെന്നി ബ്രദർ പ്രതിയും ആയ അതിർത്തി തർക്കം.
കഷണ്ടി കയറിയ തല ഉയർത്തി ജഡ്ജി ആദ്യം കമ്മൂ ഹാജിയെ നോക്കി. പിന്നെ തടിച്ച കഴുത്തു തിരിച്ചു ബെന്നി ബ്രദറിനെയും.
ബെന്നി ബ്രദറിനെ കണ്ട മാത്രയിൽ മുഖത്ത് മറ്റാർക്കും വിവരിക്കാൻ ആവാത്ത എന്തൊക്കയോ ഭാവമാറ്റങ്ങൾ.
ജഡ്ജി ആകെ പേടിച്ച് അരണ്ട പോലെ…!!
കേസിന്റെ വിധിഎന്തായി എന്ന് തൽക്കാലം വെളിപ്പെടുത്തിന്നില്ല. അത് വായനക്കാരന്റെ ഭാവനക്ക് വിടുന്നു.
കമ്മൂ ഹാജിയും, ബെന്നി ബ്രദറും തമ്മിലുള്ള തർക്കങ്ങൾ പിന്നെയും തുടർന്നു.
പെട്ടെന്നൊരു ദിവസം തളർവാതം വന്നു കിടപ്പിലായി കമ്മൂ ഹാജി മയ്യത്തായതോടെ അടുത്ത ജനറേഷൻ തർക്കം ഏറ്റെടുത്തു. ബെന്നി ബ്രദറിന്റെ പ്രാർത്ഥനയുടെ ശക്തികൊണ്ടാണ് കമ്മൂ ഹാജി മരിച്ചത് എന്ന് ഇരു കൂട്ടരും ഉറച്ചു വിശ്വസിച്ചു.
തർക്കങ്ങൾ ഇന്നും തുടരുന്നു..പീലികുഞ്ഞേട്ടന്റെ മകൻ ഡെന്നിസിന്റെ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന ഫോറസ്ററ് കേസ് പോലെ..!!!
ഇനി ജഡ്ജി വിരണ്ടതിന്റെ പിന്നിലെ ഷോർട്ട് സ്റ്റോറി.
ജേക്കബ് ജഡ്ജി നല്ലൊരു ദൈവ വിശ്വാസി ആയിരുന്നു. ഭാര്യ അതിലും വലിയ വിശ്വാസി. ജേക്കബിന് വിശ്വാസം കുറവാണ് എന്നൊരു അഭിപ്രായക്കാരി കൂടി ആയിരുന്നു ഭാര്യാ രത്നം.
ഭാര്യയുടെ നിർബന്ധം സഹിക്കവയ്യാതെ, ഒരിക്കൽ അട്ടപ്പാടിയിൽ ധ്യാനത്തിന് പോയതായിരുന്നു ജേക്കബ്.
ധ്യാന ക്യാംപിൽ നിന്ന് ഒളിച്ചിരുന്ന് സിഗരറ്റു വലിച്ച ജേക്കബ്നെ ധ്യാനഗുരുവും, ധ്യാനാശ്രമത്തിന്റെ ആൾ ഇൻ ആളുമായ ബെന്നി ബ്രദർ കയ്യോടെ പിടികൂടി.
ഒടുവിൽ കാലിൽ വീണു മാപ്പു പറഞ്ഞു, ഒരു ധ്യാന സീസണും കൂടി അറ്റൻഡ് ചെയ്യിപ്പിച്ചിട്ടാണ് കർക്കശക്കാരനായ ധ്യാന ഗുരു ബെന്നി ബ്രദർ, ജേക്കബിനെ അന്ന് വിട്ടയച്ചത്.
ഇതേ ബെന്നി ഗുരുവിനെ പ്രതി കൂട്ടിൽ കണ്ടപ്പോൾ ജഡ്ജി ചൂളിയത് വെറുതെ അല്ല എന്ന് ചുരുക്കം.
നീതി ദേവത കണ്ണടക്കുമായിരിക്കും, പക്ഷെ ഭാര്യ അറിഞ്ഞാൽ…പിന്നെ..പറയേണ്ടതില്ലല്ലോ…അല്ലേ..
ഇതി കുരിശു യുദ്ധം സമാപ്തം:
(അടിക്കുറിപ്പ്: കഥക്കോ, കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, ഏതെങ്കിലും പാർട്ടിക്കലർ നാടുമായോ ബന്ധമില്ല. ഭാവന..ഭാവന മാത്രം.
കുരിശു യുദ്ധം എന്ന ടൈറ്റിൽ വായനക്കാരെ കഥയിലേക്ക് ആകർഷിക്കാൻ വേണ്ടി ചില പത്രങ്ങൾ ചെയ്യാറുള്ള തലക്കെട്ടുകളെ അനുസ്മരിച്ചു ഇട്ടതാണ്..)