സ്വന്തം പേരിനോട് ഇടക്കെങ്കിലും ഒരിഷ്ടക്കേട് തോന്നാത്ത ആരെങ്കിലും കാണുമോ. പേരിനൊരു ഗുമ്മില്ല എന്നൊരു തോന്നൽ പലപ്പോഴും തോന്നാറുണ്ടായിരുന്നു.
ജനിച്ചു വീണപ്പോൾ, ഗ്രേറ്റ് ഗ്രാൻഡ് ഫാദർ അഥവാ അമ്മയുടെ മുത്തച്ഛൻ എനിക്ക് ഇട്ട പേര് പ്രദീപ് എന്നായിരുന്നു. അമ്മയ്ക്കും അച്ഛനും ആ പേരിനോട് ഇഷ്ടമില്ലാത്തത് കൊണ്ട് എപ്പോഴോ പേര് സിജിത് എന്ന് വീണു. ഒപ്പം വി എന്നൊരു ഇനീഷ്യലും. വി ക്കു പ്രത്യേകിച്ചൊരു എക്സ്പാൻഷൻ ആ കാലങ്ങളിൽ ആവശ്യമില്ലായിരുന്നു. എൺപത്കളിലോ അതിനു മുന്നെയോ സ്‌കൂൾ അഡ്മിഷൻ ലഭിച്ചവർക്ക് മിക്കപ്പോഴും ഇനിഷ്യൽ എന്നൊരു സാധനം പേരിന്റെ കൂടെ വേണമെന്ന അറിവ് ഉണ്ടാവുക സ്‌കൂൾ അഡ്മിഷന് ചെല്ലുന്പോഴാവും. മിക്കവാറും കുട്ടികൾക്കൊരു ഇനിഷ്യൽ വീഴുക അഡ്മിഷൻ എടുക്കുന്ന അധ്യാപകന്റെ കയ്യിൽ നിന്നാവും. ഇതുമായി ബന്ധപ്പെട്ട രസകരമായ പല കഥകളും ഉണ്ട്, അത് വേറൊരു അവസരത്തിൽ (ഇതൊരു സൈക്കോളജിക്കൽ മൂവ് ആണ്..ഇപ്പൊ നിങ്ങൾ വിചാരിക്കും ഇവന്റെ കയ്യിൽ വേറെന്തോ കുറെ കഥകൾ ഉണ്ടെന്നു..ആ വിചാരം അങ്ങിനെ തന്നെ ഇരിക്കട്ടെ..).
അച്ഛനും അമ്മയും അധ്യാപകർ ആയത് കൊണ്ട് ഒരു ഇനിഷ്യൽ മസ്റ്റാണ് എന്ന കാര്യം അവർക്ക് നേഴ്‌സറിയിൽ ചേർക്കുന്പോഴേ അറിയുമായിരിക്കും. എന്തായാലും വി എന്ന ഇനിഷ്യൽ തന്റെ അവതാര ലക്‌ഷ്യം എന്താണ് എന്നറിയാതെ കുറെ കാലം പേരിനൊപ്പം ചേർന്നങ്ങിനെ നിന്നു.
അമേരിക്കയിൽ ഒക്കെയാണെങ്കിൽ ലാസ്‌റ് നെയിമിലെ ആളുകളെ അറിയപ്പെടൂ..കുടുംബപേര് ഇങ്ങനെ ഇങ്ങനെ ചങ്ങല പോലെ കൈമാറി പോകും. ഉദാ രണ്ടു കുത്ത് – ലൂ സോൾവെർസനും ബെറ്സി ലാർസനും കല്യാണം കഴിച്ചു. വിവാഹ ശേഷം ബെറ്റ്സി ഫർത്താവായ ലൂ വിന്റെ സർനെയിം ആണ് സ്വീകരിച്ചത്. അതായത് ബെറ്റ്സി സോൾവെർസൺ ആയി. അവർക്ക് മകൾ മോളി ഉണ്ടായപ്പോൾ മോളി ബെറ്സ്സി സോൾവെർസൺ എന്ന് പേരിട്ടു കാണണം. അതിങ്ങനെ പരന്പരകളിലൂടെ കൈമാറി കൈമാറിയങ്ങിനെ പോകും.
അതിലേക്ക് പിന്നീട് വരാം.
സിജിത് എന്ന പേരിനൊരു സുഖം ഇല്ല എന്നൊരു തോന്നൽ കുട്ടിക്കാലത്തു അധികമായിരുന്നു. ആ “ത്” ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ട് സഹിക്കാതെ എപ്പോഴോ സിജിത്ത് എന്നെഴുതി തുടങ്ങി. പിന്നെപ്പോഴോ ഗ്രാൻഡ്‌ഫാദർ ദാമോദരൻ മാസ്റ്റർ ആയിരുന്നു സിജിത് എന്ന് എഴുതി ഉറപ്പിച്ചു തന്നത്. (പേരാന്പ്ര യിലുള്ള ഗ്രാൻഡ് ഫാദർ കുറുക്കൻകണ്ടി ദാമോദരൻ മാസ്റ്ററും തൊട്ടുമുക്കത്തെ സിജിത് (അഥവാ കുട്ടൻ) എന്ന കൊച്ചുമകനുമായി ആ കാലഘട്ടങ്ങളിൽ ധാരാളം കത്തിടപാടുകൾ നടന്നിട്ടുണ്ട് എന്ന് ടിയാന്റെ ജീവചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാം..)
എന്നാലും ആ സിജിതും വിയും കൂടിയുള്ള നിൽപ്പ് അത്രക്കങ്ങട് ഇഷ്ടമാവാതെ വന്നപ്പോൾ കൂടെ ഒരു കുമാറിനെ അങ്ങ് ചേർത്ത്. സിജിത് വി കുമാർ..ഇപ്പൊ ഒരു ഗുമ്മ് ഒക്കെ വന്നതായി തോന്നിത്തുടങ്ങി. അക്ഷയ് കുമാർ കത്തി തുടങ്ങിയ കാലമാണ്.
പക്ഷെ ഔദ്യോഗിക രേഖകളിൽ സിജിതും വിയും മാത്രമേ ഉള്ളൂ. കുമാറിന് കൂടി ഇടം ലഭിക്കണമെങ്കിൽ ഗസറ്റിൽ പരസ്യപ്പെടുത്തണം. എട്ടിലോ ഒൻപത്തിലോ പഠിക്കുന്നവന് ഗസറ്റിലൊക്കെ എത്തി നോക്കാൻ പറ്റുമോ. അത് കൊണ്ട് ആ കാലത്തു യുറീക്കയിലും ശാസ്ത്ര കേരളത്തിലും ഒക്കെ ചില കത്തെഴുതി അയക്കും, ബാലപംക്തിക്കും അയക്കും. ഒരിക്കലെപ്പോഴോ സിജിത് വി കുമാർ എന്ന് പറഞ്ഞു യുറീക്കയിലോ മറ്റോ ഒരു കത്ത് അടിച്ചു വന്നു. കംപ്യൂട്ടറുകളെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്..ഒരു ലേഖനം പ്രസിദ്ധീകരിക്കാമോ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.
അധ്യാപകരുടെ മകൻ ആയത് കൊണ്ടും, മൂത്ത പുത്രനായത് കൊണ്ടും പഠനസംബന്ധിയായ പ്രഷർ ഭീകരമായിരുന്നു. വെറുതെ ഇരിക്കുന്നത് കണ്ടാൽ അപ്പൊ പോയിരുന്നു ബുക്കെടുത്തു വായിക്കൂ എന്ന് എപ്പോഴും അശരീരികൾ ഉണ്ടാവും. ഇതിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഒരുപായം ആയിരുന്നു പുസ്തകം എടുത്തു പറന്പിൽ പോയിരുന്നു പഠിക്കുക എന്നത്.
പ്ലാവിന്റെ ചുവട്ടിലോ, മാവിന്റെ ചുവട്ടിലോ, റബർ പ്ലാറ്റഫോമിലോ ഒക്കെ പോയിരുന്നു പുസ്തകം തുറന്നു വെച്ചു വായിക്കും. മിക്കപ്പോഴും പകൽ കിനാവ് കാണൽ ആവും പരിപാടി. അല്ലെങ്കിൽ മരത്തിൽ ചാരിയിരുന്നു ഉറങ്ങും. പിന്നെ അത് ക്രിയേറ്റീവായി എന്തെങ്കിലും എന്ന രീതിയിലേക്ക് മാറി. പത്താം ക്ളാസൊക്കെ ആയപ്പോഴേക്കും സിനിമാ എന്നൊരു സാധനം അസാധ്യമായി മനസ്സിൽ കയറി. സിനിമ സംവിധായകൻ ആവണം. ഇനി പറയുന്ന കാര്യം അതീവ രഹസ്യമാണ്..ആരോടും പറയരുത്.
ഈ ചിതറിക്കിടക്കുന്ന കുനിപ്പുകൾക്കും വളച്ചുകെട്ടിയ ലിപികൾക്കും ഇടയിൽ ആ രഹസ്യം ഒതുക്കി നിർത്തണം.
പകൽ സ്വപ്നങ്ങൾ എഴുതി വെക്കാൻ തുടങ്ങിയപ്പോൾ ആണ് സിനിമാ സംവിധായകൻ ആയി സ്വയം സങ്കൽപ്പിച്ചു പത്രത്തിൽ വരാൻ സാധ്യത ഉള്ള പരസ്യങ്ങൾ ഒക്കെ എഴുതി തുടങ്ങി.
കുറെ പേരൊക്കെ (പലതും സാങ്കൽപ്പിക സാങ്കേതിക, അഭിനയ വിദഗ്ദർ ) എഴുതി വെച്ച് ആ കൂട്ടത്തിൽ നമ്മുടെ പേരൊക്കെ എഴുതി വെക്കും.
എ ഫിലിം ബൈ സിജിത് കുമാർ..(വിയെ തട്ടി). മലയാളം സിനിമ, തമിഴ് സിനിമ അമിതാഭ് ബച്ചൻ, മോഹൻലാൽ, അക്ഷയ് കുമാർ, തുടങ്ങി സകല സെലിബ്രിട്ടീസിന്റെയും പേര് കൂട്ടി വെച്ച് സിനിമാ പോസ്റ്ററുകൾ ഉണ്ടാക്കുക.
സ്വപ്നമല്ലേ, അധിക ചിലവില്ലല്ലോ..ആ കാലത്ത് ആർഭാടം കുറക്കേണ്ടാ എന്ന് കരുതി ഹിന്ദി സിനിമ വരെ ഡയറക്ട് ചെയ്യാൻ പോസ്റ്റർ എഴുതിയിരുന്നു.
വട്ടായിരുന്നോ എന്ന് ചോദിച്ചാൽ, അതെ…(പിന്നീട് എപ്പോഴോ ആ ഭ്രാന്തൊക്കെ മാറി നോർമൽ ആയി..)
സിജിത് എന്ന പേര് ശരിയായി പറഞ്ഞു കേട്ട സമയങ്ങൾ കുറവാണ്. മിക്കവാറും തെന്നി തെറ്റി സുജിത്തായും, സജിത്ത് ആയും, ശ്രീജിത് ആയും,ഷിജിത് ആയും ഒക്കെയാണ് വിളി വരാറ്.
പിടിഎ മീറ്ററിംഗിന് വന്നിരുന്ന് സജിത്ത് ന്റെ പാരന്റ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, പേര് തെറ്റി വിളിച്ചതാണെന്ന് കരുതി എഴുനേറ്റ് നിന്നു പബ്ലിക് മീറ്ററിംഗിൽ സജിത്ത് എന്ന കുരുത്തം കെട്ട ക്ലാസ്മേറ്റിനെ കുറിച്ചുള്ള പരാതി മുഴുവൻ വയറു നിറയെ വാങ്ങിച്ചു കൂട്ടിയ അച്ഛനെ ഈ അവസരത്തിൽ സ്മരിക്കുന്നു. (സജിത്തിന്റെ അച്ഛൻ പിടിഎ മീറ്ററിംഗിന് വന്നില്ലായിരുന്നു).
സിജിത് എന്ന പേരിന് പ്രത്യകിച്ചൊരു ജാതി മത സ്മെൽ ഇല്ല. ചില സമയങ്ങളിൽ ചിലർ ഹിന്ദുവായി കരുതി. ചിലപ്പോ ക്രിസ്ത്യാനിയാക്കി, മുസ്ലീമാക്കി. നാനാ ജാതിക്കാളാക്കി. ആളുകൾ പേര് പറയുന്പോൾ മതമെന്താണെന്നും ജാതി എന്താണെന്നും ചോദിച്ചു തുടങ്ങിയതോടെ ആ ചോദ്യങ്ങൾക്ക് തടയിടാൻ ജാതിപ്പേര് വാലായി ചേർത്തു. ഓർക്കൂട്ട് കാലത്തും ഫേസ്‌ബുക്കിന്റെ ആദ്യ കാലത്തും ആ വാല് കൂടെ ഉണ്ടായിരുന്നു. പിന്നീട് എപ്പോഴോ ആ വാല് പേറുന്ന ജാതി സമുദായ നേതാവിന്റെ വൃത്തികെട്ട ഒരു ഇന്റർവ്യൂ കണ്ടപ്പോൾ, വാല് മുറിച്ചു കളഞ്ഞു. ബ്ലോഗ് എഴുതി തുടങ്ങിയപ്പോൾ കുട്ടൻസ് എന്ന് പേരിട്ടു. അമ്മു അപർണ്ണ, ശുദ്ധൻ എന്നൊക്കെ പേരിൽ ഒരു കാലത്ത് ബ്ലോഗ് എഴുതുമായിരുന്നു. എന്തിനേറെ സിജി.ടി.എച്ച് എന്ന പേര് വെച്ചു മാതൃഭൂമിയിൽ സപ്ലിമെന്റിൽ പണ്ടൊരു കഥ വരെ എഴുതി പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനിടയിൽ വി ക്ക് ഒരു എക്സ്പാൻഷൻ ആവശ്യമായി വന്നു. പാസ്പോർട്ട് ഓഫീസിൽ ക്യൂവിൽ കയറുന്നതിനു തൊട്ടുമുന്നെയാണ് അച്ഛനെ വിളിച്ചു വിയുടെ എക്സ്പാൻഷൻ ചോദിക്കുന്നത്. വി അല്ലെ, നീ വീട്ടുപേര് കൂടെ ചേർത്തോ എന്ന് അച്ഛന്റെ മറുപടി കിട്ടിയപ്പോൾ വള്ളിയാങ്കൽ എന്ന കുടുംബപ്പേര് വിയ്ക്ക് ബദലായി പാസ്‌പോർട്ടിൽ കയറി.
പിന്നീട് ഇതേ സന്ദർഭത്തിൽ അനിയന്മാർ പാസ്പോർട്ട് ഫോം ഫിൽ ചെയ്യാൻ നിക്കുന്പോൾ വിളിച്ചപ്പോൾ വി ക്കു കിട്ടിയ എക്സ്പാൻഷൻ വിജയകുമാർ ആയിരുന്നു.
ലോകത്താകെമാനം നോക്കിയാൽ ആകെ മൊത്തം പത്തോ പതിനഞ്ചോ സിജിത് മാരെ കാണൂ. അപൂർവ പേരാണ്.
കുറച്ചു വർഷങ്ങൾക്ക് മുന്നേ സിജിത് അറസ്റ്റിൽ എന്ന പത്ര തലക്കെട്ട് വെളുപ്പിനെ വന്ന പത്രത്തിൽ വായിച്ചപ്പോൾ ആദ്യം ഒന്ന് ഞെട്ടി. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ ഒളിവിൽ നിന്നും പോലീസ് അറസ്റ് ചെയ്തപ്പോൾ വന്ന വാർത്തയാണ്. പേര് നശിപ്പിച്ചല്ലോ എന്ന് ആദ്യം വിചാരിച്ചു. പക്ഷെ ഷാജി എന്ന പേരിൽ നിരവധി ഗുണ്ടകൾ ഉണ്ടായിട്ടും എത്ര മാന്യരായ ഷാജിമാർ ഉണ്ടെന്നു ഓർത്ത് സമാധാനിച്ചു. അത്രയൊന്നും വന്നില്ലല്ലോ. (ഒരു രസമുണ്ട്, തിരുവനന്തപുരത്തു പരിചയപ്പെട്ട ഒരു വിധം റിയൽ എസ്റ്റേറ്റ് ബ്രോക്കര്മാരുടെ പേരുകൾ ഷിബു എന്നായിരുന്നു. എക്കോ ഷോർട്ഫിലിം ചെയ്തപ്പോൾ അതിലും ഫോണിൽ വന്ന ബ്രോക്കറുടെ പേര് ഷിബു എന്നായിരുന്നു. )
സിജിത് പേര് ഗുണവുമാണ്. ഇരുപത് പേരുടെ അംഗസംഘ്യ ഉണ്ടായിരുന്ന സ്മാർട്ട് എഡ്ജിൽ തുടങ്ങി, രണ്ടു ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്ന വിപ്രോ, ഇൻഫോസിസ്, ജനറൽ ഇലക്ട്രിക് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്യുന്പോൾ സിജിത് എന്ന പേര് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഔട്ട് ലുക്കിൽ സിജിത് എന്ന് ടൈപ്പ് ചെയ്തിട്ട് കൺട്രോൾ കെ അടിച്ചാൽ ഈമെയിൽ അയക്കാൻ പേര് സേർച്ച് ചെയ്ത ബുദ്ധിമുട്ടേണ്ട എന്നൊരു സൗകര്യം ആദ്യം പരിചയപ്പെടുന്ന സഹപ്രവർത്തകർക്ക് ഉണ്ടാവും.
പേരിന്റെ വിഷമം ഏറെക്കുറെ മാറി വരുന്നു.
ഈയിടെ മകൾ ചോദ്യം ചോദിക്കുന്ന പ്രായത്തിലേക്ക് കയറി ഇരുന്നു. ഇടക്കൊരു ദിവസം അവൾക്ക് അമ്മയോട് ചോദിക്കാനുണ്ടായിരുന്ന ചോദ്യം വളരെ സിംപിൾ ആയിരുന്നു. നന്ദന എന്ന പേര് കുട്ടികളുടെ അല്ലെ. വലുതാകുന്പോൾ എന്റെ പേര് മാറ്റുമോ എന്ന്.
ചോദ്യം ശരിയാണ്.
അപ്പുറത്തിരുന്നു ഞാൻ കൊടുത്ത ഉത്തരം ഇതായിരുന്നു- “മോൾ വളരുന്നതിന്റെ കൂടെ പേരും വളരുന്നണ്ട്..അച്ഛന്റെ പേര് സിജിത് ആ പേരിനിപ്പോ അച്ഛന്റെ പ്രായമാ..സൊ ഡോണ്ട് വറി..”
വലുതാവുന്പോൾ പേര് മാറ്റണം എന്ന് അവൾക്കും തോന്നുമോ..എന്തോ..!!!