ഴാങ്


ലൂയി പതിനാറാമൻ ഒരു ഫ്രഞ്ച് സായ്‌വ് ആണ്. യഥാർത്ഥ പേര് എന്തോ ഒരു “ഴാങ്” ആണെങ്കിലും നിങ്ങൾക്കൊക്കെ മനസിലാക്കാനും വിളിക്കാനുമുള്ള എളുപ്പത്തിന് ലൂയി പതിനാറാമൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ്. വയസ് അൻപത് കഴിഞ്ഞിരിക്കുന്നു, ഉയരം മീഡിയം. ഇളം പച്ചയിലേക്ക് കയറി തുടങ്ങുന്ന വെളുത്ത ശരീരം. വെളുത്ത തന്നെ നാരുകൾ തിങ്ങി നിറഞ്ഞ നീളൻ തലമുടികൾ ഒരിക്കലും ഒരു വശത്തും ഒതുങ്ങി കിടക്കില്ല. വെളുത്ത പലകപോലുള്ള പല്ലുകൾ. ഇടക്കിടെ ചിരിക്കുന്നത് കൊണ്ട് അവ തെളിഞ്ഞു തന്നെയെല്ലായിപ്പോഴും കാണാം. ആളൊരു രസികനും കൂടിയാണ്.
മധ്യപശ്ചിമ അമേരിക്കയിലെ ഒരു ചെറിയ നഗരത്തിലാണ് ഫ്രഞ്ച് സായ്‌വിന്റെ താമസം. മുപ്പത്തിയാറു വയസുകാരി മദാമ്മ ഗേൾ ഫ്രണ്ടിന്റെ കൂടെ തടാകക്കരയിലുള്ള ബഗ്ളായിലാണ് സായ്‌വിന്റെ പൊറുതി.
പുഴുങ്ങിയ മധുരക്കിഴങ്ങും, പാലിൽ മുക്കി മൊരിചെടുത്ത റൊട്ടിയും, കനം കുറച്ചു ചെത്തിയെടുത്ത പന്നിയിറച്ചി കനലിൽ ചുട്ടതും കൂട്ടി സായ്‌വ് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കെയാണ് സിക്രട്ടറി വന്നു കാര്യം ഉണർത്തിക്കുന്നത്. പുറത്തു ഹിന്ദുസ്ഥാനിൽ നിന്നും ഒരു യുവാവ് കാണാൻ വന്നിരിക്കുന്നത്രെ. മുഖം കാണിക്കണം സായ്‌വിനോട് ഒന്ന് സംസാരിക്കണം..അത്രയേ ഉള്ളൂ തവിട്ടു നിറക്കാരന്റെ മനസ്സിലിരിപ്പ്. സിക്രട്ടറി തഞ്ചത്തിൽ ചോദിച്ചു മനസിലാക്കിയതാണ് ഇത്രയും. രണ്ടു അമേരിക്കൻ ഡോളേഴ്‌സ് ആ കൂർമ്മ ബുദ്ധിക്ക് ടിപ്പായിട്ട് കിട്ടണം എന്നൊരു ആഗ്രഹം സിക്രട്ടറിക്ക് ഇല്ലാതില്ല എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.
ഫ്രഞ്ച് സായ്‌വ്, വൈദ്യോപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ചെറിയ ഫാക്ടറിയുടെ ഉടമയാണ്. മനുഷ്യരുടെ അന്നനാളത്തിന്നുള്ളിലൂടെ ഗുളിക രൂപത്തിൽ ഇറങ്ങി ചെന്ന് അവന്റെ ഉള്ളിൽ കുമിഞ്ഞു കൂടുന്ന കാസരോഗത്തെ ഇല്ലായ്മ ചെയ്യുന്ന ഉപകരണം ചന്തയിലേക്ക് (മാർക്കറ്റ് എന്ന് ആംഗലേയം) ഇറക്കാനുള്ള അവസാന മിനുക്ക് പണികൾക്കായി ഹിന്ദുസ്ഥാനിൽ നിന്നും ഇറക്കു മതി ചെയ്ത ഇരുപതിലധികം തവിട്ടു നിറക്കാരിൽ ഒരുവനാണ് വെളിയിൽ വന്നു നിൽക്കുന്ന ആ യുവ കോമളൻ.
സായ്‌വ് തന്റെ പല്ലിൽ ഉടക്കി കിടന്നിരുന്ന ഇറച്ചി നാരുകളെ നാവുകൊണ്ട് തള്ളി പുറത്തെത്തിച്ചു മേശപ്പുറത്തിരുന്ന ചിറി തുടക്കാൻ ഉപയോഗിക്കുന്ന കടലാസിൽ തുപ്പി, യുവ കോമളനെ അകത്തേക്ക് കൊണ്ട് വരാൻ സിക്രട്ടറി പെണ്ണിനോട് ആവശ്യപ്പെട്ടു.
ഏതാനും നിമിഷങ്ങൾക്കൊടുവിൽ കോമളൻ ചന്തി ഉന്തിയ സിക്രട്ടറി വനിതാ രത്നത്തിന് പിന്നാലെ, സായ്വിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു.
സായ്‌വ് പലക പല്ലു കാണിച്ചു ചിരിച്ചു. ചിരിക്കുന്പോൾ അയാളുടെ ചെറിയ കൺ പോളകൾക്കിടയിൽ നിന്നും ഇളം പച്ച നിറത്തിലുള്ള കൃഷ്ണമണികൾ വെട്ടി തിളങ്ങി. വജ്രാഭരണം തുറന്ന് കാണപ്പെട്ട പെൺകൊടിയേ പോലെ യുവകോമളൻ അന്താളിച്ചു നിന്നു..
“ന്തേയ് ഈ വഴിക്കൊക്കെ..” സായ്‌വ് ആരാഞ്ഞു.
“തമ്പുരാനെ, ഒരു സ്വപ്നം കണ്ടു..അതുണർത്തിച്ചു പോവാം എന്ന് നിരീച്ചു വന്നതാണ്..” യുവൻ അന്താളിപ്പോടെ മൊഴിഞ്ഞു.
“മൂന്നു ഗുണം ആണോ രണ്ടു ഗുണം ആണോ നിന്റെ സ്വപ്നം..ട്രിപ്പിൾ ആണോ ഡബിൾ ആണോ ഗുണന ചിഹ്നങ്ങൾ എന്ന് കൂടുതൽ സ്പഷ്ടമായി ചോദിച്ചാൽ..” സായ്‌വ് സരസതയോടെ ചോദിച്ചു.
തീന്മേശയുടെ അരികിലിരുന്നു പന്നിയിറച്ചു കഴിച്ചു കൊണ്ടിരുന്ന അന്തർജനവും, പഴച്ചാർ കുപ്പിയിൽ നിന്നും ചില്ലു ഗ്ലാസ്സിലേക്ക് പകർന്നു കൊടുത്തു കൊണ്ടിരുന്ന വേലക്കാരി ഉണ്ണി നീലിയും, സിക്രട്ടറി യുവ സുന്ദരിയും ചുണ്ടു കൂട്ടി ചിരിച്ചു.
യുവൻ ഫ്രഞ്ച് തമാശ മനസിലാവാത്ത ഭാവത്തിൽ ഇരുന്നു..
“ഇല്ലങ്ങുന്നേ..അങ്ങിനെ ഒന്നും ഇല്ല..” സ്വബോധം വീണ്ടു കിട്ടിയ ഏതോ നിമിഷത്തിൽ അയാൾ മൊഴിഞ്ഞു. “സാധാ സ്വപ്നമാണ്..പോണോഗ്രഫി തരിമ്പും ഇല്ലായിരുന്നു..”
“പാവം..എന്തായാലും കണ്ടത് വള്ളി പുള്ളി തെറ്റിക്കാതെ പറഞ്ഞേക്കു..” സായ്‌വ് കാലുകൾ ആട്ടി കൊണ്ട് മൊഴിഞ്ഞു.
“കണ്ട സ്വപ്നത്തിൽ അങ്ങുണ്ടായിരുന്നു പ്രഭോ..”
“ആഹാ..അത് ഗംഭീരായല്ലോ..കേൾക്കാൻ തിടുക്കമായി..ന്താ ണ്ടായേ..പറയു..”
“നമ്മുടെ ആപ്പീസ് ആണ് കേളീരംഗം. അങ്ങയുടെ ആപ്പീസ് മുറി..ജോലികൾ ധാരാളം തീരാനുള്ളത് കൊണ്ട്, രാത്രി ഏറെ വൈകിയാണ് ഞാൻ ആപ്പീസിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്..വൈകി തീർക്കേണ്ട ജോലികൾ എല്ലാം തീർത്തു, ഫയലുകൾ എല്ലാം, അതാതിടങ്ങളിൽ അടക്കി വെച്ച് ചാക്ക് നൂലുകൊണ്ട് കെട്ടി സുരക്ഷ ഉറപ്പു വരുത്തി, വീട്ടിലേക്ക് പോവാൻ ഇറങ്ങിയതായിരുന്നു ഞാൻ. തിരികെ വീട്ടിൽ കൊണ്ട് വിടാൻ അവിടുന്ന് തന്നെ സ്വന്തം ഗാഡി അറേഞ്ച് ചെയ്തിരുന്നു..ഒരു ചുവന്ന പോർഷെ കാർ..”
“പോർഷേ..തനിക്ക് പോവാൻ വേണ്ടി..നോം അറേഞ്ച് ചെയ്തതാണോ..ന്താ നെന്റെ നാമം..”
“ഉത്തമൻ സർവ്വഗുണ വിദ്യാർത്ഥിമണ്ഡലൻ..ആന്ധ്രാ ദേശക്കാരൻ ആണ്, താവഴിക്ക് മയ്യഴി ബന്ധവും ഉണ്ട്. ഒരു കാൽ ശതമാനം കൊണ്ട് ഫ്രഞ്ച് കണക്ഷൻ എന്നു പറയാം..”
“അതെന്തോ ആവട്ടെ, താൻ സ്വപ്ന വിവരണം തുടരൂ..”
“അങ്ങിനെ, കാർ പാർക് ചെയ്തിടത്തേക്കുള്ള വരവിലാണ് ഞാൻ അങ്ങയുടെ ആപ്പീസിൽ വെളിച്ചം കണ്ടത്..”
“നമ്മുടെ ആപ്പീസിലോ..ആ അസമയത്ത് നോം അവിടെ എന്ത് എടുക്കുകയായിരുന്നു..”
“അറിയില്ല പ്രഭോ..അതറിയാൻ വേണ്ടി..ഞാൻ അങ്ങയുടെ ആപ്പീസിന്റെ വാതായനം പതുക്കെ തുറന്നു..”
“ന്നു വെച്ചാൽ..”
“അങ്ങയുടെ ആപ്പീസിന്റെ വാതിൽ തള്ളി തുറന്നൂ എന്ന് വ്യംഗ്യം. “
“ഓഹോ..സംസ്കൃതം ..ബാക്കി പറയു..”
“ചുവന്ന വെളിച്ചമായിരുന്നു അങ്ങയുടെ മുറിക്കകത്തു. കൃത്യമായി പറഞ്ഞാൽ ചുവന്ന നിയോൺ വെളിച്ചം. ഒത്ത നടുക്കുള്ള മേശമേൽ അങ്ങ് ഇരിക്കുന്നു. വെളുത്ത മുടി പാറി പറക്കുന്നു..മുറിയിൽ വലിയ ശബ്ദത്തിലും വേഗത്തിലും തിരിയുന്ന ഒരു ഫാൻ ഉണ്ടെന്ന് അർഥം.
അങ്ങയുടെ ഒരു കാൽ മേശയിൽ നിന്നും താഴോട്ട് തൂക്കി ഇട്ടിരിക്കുകയാണ്. മറ്റേകാൽ ഒരു യോഗി വര്യനെ പോലെ ഇടത് തുടയ്ക്കു മേൽ കയറ്റി വെച്ചിരിക്കുന്നു. പിന്നിൽ വലിയ വിശറികളുമായി രണ്ടു തോഴിമാർ…”
“ഓഹോ, സുന്ദരിമാർ ആയിരുന്നോ…”
“അതെ, ഒന്ന് ഈ നിൽക്കുന്ന ഉണ്ണി നീലി..പിന്നൊന്ന് അങ്ങയുടെ സിക്രട്ടറി രത്നാന്പാൾ. “
രണ്ടു സുന്ദരികളും വീണ്ടും ചിറി കോട്ടി ചിരിച്ചു.
“ന്താ രണ്ടാൾക്കും സന്തോഷായില്ലേ..” സായ്‌വ് പലക പല്ലു വെളിയിൽ കാണുമാർ ചിരിച്ചു.
അത് രസിക്കാത്ത അന്തർജ്ജനം, തീൻ മേശയ്ക്കൊരു തള്ളു വെച്ചു കൊടുത്ത്, അകത്തേക്ക് കയറി പോയി.
“അവൾക്കിഷ്ടായി കാണില്ല..ഉത്തമാ..താൻ തുടരുക..”
“പ്രഭോ..നേത്യാരമ്മയുടെ വഹ തിരുവുള്ളക്കേട് ഉണ്ടാവുമോ..ഇവിടുത്തെ ജോലി കൊണ്ട് കിട്ടുന്ന അമേരിക്കൻ ഡാലേർസ് കൊണ്ട്..ആന്ധ്രാ ദേശത്തു പത്തേക്കറ നിലം ആഡ്വൻസ് കൊടുത്തിരുന്നു..അത് പൊയ്‌പോകുമോ..”
“ഓഹോ..എന്താ വിള..”
“അഞ്ചേക്ര നെല്ല്..പിന്നെ കുറേ ബാർലി..ബാക്കി ചുവന്ന മുളകും..”
“അതെന്തായാലും കേമായി..താൻ തുടരുക..തരുണീ രത്നത്തിനുള്ള പാരിതോഷികം ഞാൻ വേറെ കൊടുത്തോളാന്ന് ഇഞ്ഞി ബേജാറാകേണ്ട..”
“അവിടുത്തെ അഭീക്ഷം പോലെ പ്രഭോ..അങ്ങിനെ, അങ്ങയുടെ ആപ്പീസിൽ ചുവന്ന വെളിച്ചത്തിന്റെ അടിയിൽ, മേശപ്പുറത്തു വലതു കാൽ ഇടതു തുടയ്ക്കു മേൽ വെച്ച് അങ്ങിങ്ങാനെ ഇരിക്കുവാണ്..പിന്നിൽ സിക്രട്ടറി രത്നമ്പാളും വേലക്കാരി ഉണ്ണിനീലിയും വെഞ്ചാമരം വീശുന്നു..മുന്നിൽ ഇടതു വശത്ത് അങ്ങയുടെ തോളോട് ചേർന്ന് മധു ചഷകവുമായി നിൽക്കുകയാണ് നമ്മുടെ ഫാക്ടറിയിലെ വൈസ് പ്രസിഡന്റ് കൂടിയായ മദാമ്മ കല്യാണിയമ്മ..”
“യേത്, അടുത്ത ആഴ്ച ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന ആ തള്ളയോ..എന്റെ തോളിൽ മധു ചഷകവുമായി നിക്കുന്നോ..തന്റെ ആന്ധ്രാ ദേശത്തെ നിലത്തിനു കൊടുത്ത ആഡ്വാൻസ്‌ തിരികെ വാങ്ങുന്നതാവും നല്ലത്..എന്റെ കയ്യിന്ന് കിട്ടാൻ വിചാരിച്ച ഡാലേർസ് അതിനായി വഹയിരുത്തേണ്ട..”
“എടുത്തു ചാടി തീരുമാനം എടുക്കല്ലേ സായ്‌വേ..ഇത് സ്വപ്നം അല്ലെ, അതിനു നമ്മൾ തെളിക്കുന്ന വഴിക്ക് പോകാൻ കഴിയില്ലല്ലോ..അങ്ങ് ക്ഷമയോടെ കേട്ടിരുന്നാലും..”
“ഉം..അന്തർജ്ജനം പിണങ്ങി പോയ വഹയിൽ ഇന്ന് അത്താഴം മുടങ്ങുന്ന സ്ഥിതിയാണ്..അതിനിടയിൽ ആണ് തന്റെ സ്വപ്നത്തിലെ കിഴവി തള്ള..ന്തായാലും മുന്നോട്ട് കൊണ്ട് പോകൂ..”
“പ്രഭോ..അങ്ങയുടെ കാലിൽ തൊട്ടു കൊണ്ട് ഇടത് വശത്തു നിൽക്കുന്നത് നമ്മുടെ ആപ്പീസിൽ പുതുതായി വന്ന, ഉണ്ണി ചിരുത, വയസ്സ് ഇരുപത്തി ഒന്ന്..വടിവൊത്ത ശരീരക്കാരി..അവളുടെ കയ്യിലും മധു ചഷകം. ആപ്പീസിൽ പതുങ്ങി കയറി വന്ന എന്നെ കണ്ട്..അങ്ങ് ചോദിക്കുന്നു ജോലികൾ എല്ലാം തീർന്നോ എന്ന്..തീരാറിനിനിയും ബാക്കിയുണ്ടെന്ന് പറയുന്പോൾ, അരിശം കൊള്ളാതെ, അങ്ങെന്നോട് പോയി ജോലി തുടരാൻ ആവിശ്യപ്പെടുന്നു. അങ്ങും ഗേൾഫ്രൻഡ്‌സും, പരിചാരകരായ സുന്ദരികളും ചേർന്ന് അന്പത്തിയാറു കളിക്കാൻ ഒരുങ്ങവെ ഞാൻ ആ കളിയെ കുറിച്ചൊരു ധാരണ ഇല്ലാത്തത് കൊണ്ടാവണം പതിയെ പുറത്തേക്കിറങ്ങുന്നു..എന്റെ പിന്നിൽ അങ്ങയുടെ ആപ്പീസ് മുറിയുടെ വാതിൽ അടയുന്നു. പുറത്തിറങ്ങുന്ന ഞാൻ കാണുന്നത്, അങ്ങയുടെ ജൂനിയർ മാനേജർമാരായ മാർക്കിനെയും ജൂലിയാസിനെയും ആണ്. രണ്ടു പേരും ഒരു ഒറ്റ മൽമൽ മുണ്ടും ചുറ്റി തലയിൽ ഒരു കൊട്ടയുമായി വിഷണരായി ഇരിക്കുന്നു..ന്താ കുഴപ്പം എന്ന് ചോദിച്ചപ്പോൾ, അവർ തവിട്ടു നിറക്കാരായ എന്റെ കൂട്ടരേ കുറെ അസഭ്യം വിളിച്ചു. അങ്ങേയ്ക്കു പിറ്റേന്നത്തെ ഊണിനു തൊട്ടു കൂട്ടാൻ വേണ്ടി പച്ച കശുമാങ്ങ ചെത്തി അച്ചാറിടുന്ന തിരക്കിലായിരുന്നു അവർ. തവിട്ട് നിറക്കാരുടെ സാന്നിധ്യം കൊണ്ടാവണം, കശുവണ്ടികൾ നിലത്തു വീഴുന്നതല്ലാതെ, പച്ച കശുമാങ്ങകൾ ഒന്നും നിലത്ത് വീഴുന്നുണ്ടായിരുന്നില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന അഞ്ചു വെളുത്ത മുട്ടനാടുകളെ കൂട്ടി കെട്ടി കൊണ്ടുവന്നു, അവരുടെ കൂർത്ത കൊമ്പുകൾ കൊണ്ട് ഒരുമിച്ചിടിപ്പിച്ചു കുലുക്കിയിട്ടും മാങ്ങകൾ വീഴുന്നില്ലത്രേ..അവർ അരിശം തീർക്കാൻ കയ്യിൽ കരുതിയ മഴുവുമായി എന്റെ അടുത്തേക്ക് വരുന്നതിനു ഇടയിൽ എപ്പോഴോ ഒരു വലിയ കാറ്റ് വന്നു ഞങ്ങളെ മൂടി. കശുമാവുകൾക്ക് കീഴെ നിരത്തി വെച്ചിരുന്ന കോട്ടകൾ എല്ലാം, മഴപെയ്ത് ആലിപ്പഴം വീഴുന്ന പോലെ പൊഴിഞ്ഞ പച്ച കശുമാങ്ങകൾ കൊണ്ട് നിറഞ്ഞു…ദേഷ്യം മാറിയത് കൊണ്ടാവണം..അവർ എന്നെ ഉപേക്ഷിച്ചു ആ കൊട്ടകൾക്ക് പിന്നാലെ പോയി…പ്രഭോ..പ്രഭോ..അങ്ങ് ഉറങ്ങിയോ…”
“പിന്നല്ലാതെ..നല്ല കുശാലായിട്ട് ഉറങ്ങി ..കണ്ടില്ലേ..വായുടെ ഇരു വശത്തു നിന്നും പാലരുവികൾ പോലെ, ഉമിനീർ അരിച്ചിറങ്ങി വരുന്നത്..” സിക്രട്ടറി കോപം മറച്ചു വെയ്ക്കാതെ പറഞ്ഞു.
“കോപം വരുന്പോൾ, രത്നാമ്പാൾ സുന്ദരിയാണെന്ന് ആരെങ്കിലും ഇതിനു മുന്നേ പറഞ്ഞിട്ടുണ്ടോ..” ഉത്തമൻ ചോദിച്ചു..
“ഇല്ല..” സിക്രട്ടറി നാണം വിടാതെ പറഞ്ഞു.
“ന്നാൽ സുന്ദരിയാണ്..ഉത്തര അമേരിക്കയിൽ ഇത്രയും ഭംഗിയുള്ള ഒരു പെൺകൊടി കാണുമോ എന്ന് സംശയമാണ്..” ഉത്തമൻ കൂട്ടിച്ചേർത്തു.
സിക്രട്ടറി കുളിരു കോരിയിട്ട പോലെ നാണം കൊണ്ടു വിറച്ചു…ലജ്ജയിൽ മൂടിയ മുഖവുമായി വേലക്കാരി ഉണ്ണി നീലി പഴച്ചാറുകൾ നിറച്ച ചില്ലുഗ്ലാസ്സുകൾ തുടക്കുന്നതായി ഭാവിച്ചു. ഉത്തമൻ സർവ്വഗുണ വിദ്യാർത്ഥിമണ്ഡലൻ ഭഗവാൻ ശ്രീകൃഷ്ണനെ പോലെ ഉള്ളു തുറന്നു, വായ തുറക്കാതെ മന്ദഹസിച്ചു.
ഉമ്മി നീര് ഒഴുകുന്നു വായകൾ പൂട്ടി ലൂയി പതിനാറാമൻ എന്ന ഴാങ് സായ്‌വ്, തന്റെ ഏതോ സ്വപ്നത്തിലൂടെ ഒഴുകി ഒഴുകി നടന്നു. ഇടയ്ക്ക് വായ തുറന്നു പലക പല്ലുകൾ വെളിവാക്കി ചിരിച്ചു !!പിന്നെ ആരും ആവശ്യപ്പെടാതെ തന്നെ സ്വപ്നത്തിലേക്ക് ഒഴുകിയിറങ്ങി, പറന്നു നടന്നു.

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )