ലഞ്ച് ബോക്സ്..


സംഗതി ഇത്തിരി പഴഞ്ചൻ ആണ്. വേണമെങ്കിൽ നൊസ്റ്റാൾജിയ എന്നും പറയാം.
രണ്ടു മൂന്നാഴ്ചത്തെ പിടിപ്പത് ജോലിക്ക് ശേഷം പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു അവധി വസൂലാക്കി എന്തെങ്കിലും എഴുതിയാലോ എന്ന് വിചാരിച്ചിരിക്കുന്പോൾ വീണു കിട്ടിയ ഒരു ഓർമ്മ ചിത്രം.

(എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആയ ബെറ്റർഹാഫിന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നേം സ്വന്തം ജീവിതത്തിൽ നിന്നും മസാല തേച്ച് എടുക്കുന്ന ഒരു നൊസ്റ്റാൾജിയ സൃഷ്ടി..)

തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലെ സ്‌കൂൾ ജീവിതം നാച്ചുറൽ മോഡിലിട്ട്, റെട്രോ എഫക്ടിൽ മിറർലെസ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന വീഡിയോ പോലെയാണ്. പിന്നെ എപ്പോ വേണമെങ്കിലും ആവശ്യമുള്ള ഭാഗങ്ങളിൽ കളർ കറക്ഷൻ ചെയ്തെടുക്കാം.

ഗവണ്മെന്റ് യൂപി സ്‌കൂൾ ചുണ്ടത്തുംപൊയിൽ, സംഭവം മലപ്പുറം ജില്ലയിലെ പഴയ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒരു ചെറിയ സ്‌കൂൾ ആണ്.
എസ് കെ പൊറ്റെക്കാടിന്റെ നാടൻ യാത്രാ സഞ്ചാരമായ “പര്യടനം” ബുക്കിലെ ഒരു ഭാഗത്തു ചുണ്ടത്ത് പൊയിൽ സ്‌കൂളിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് (അത് അന്നറിയില്ലായിരുന്നു. പല മാഷന്മാർക്കും ഇപ്പോഴും അറിയുമോ എന്നതും സംശയമാണ്..ആ ഭാഗം ഫോട്ടോ ആയിട്ടു പതിക്കാം..ന്തേയ് ..)


സർക്കാർ സ്‌കൂൾ ആയിരുന്നെങ്കിൽ കൂടിയും അരീക്കോട് വിദ്യാഭ്യാസ ജില്ലയിലെ തന്നെ പഠന മികവിൽ ഒന്നാം നമ്പർ എന്ന് പറയാവുന്ന സ്‌കൂൾ ആയത് കൊണ്ടാവണം, ദൂരം ഒരു രണ്ടു രണ്ടര കിലോമീറ്റർ ഉണ്ടെങ്കിലും (നടന്ന് തന്നെ പോവണം..) ആ സ്‌കൂളിലേക്ക് അഞ്ചാം ക്ളാസോടെ എന്റെ പഠനം പറിച്ചു നട്ടത്.
വീട്ടിൽ നിന്ന് രാവിലെ പുസ്തക സഞ്ചിയും, ചോറ്റു പാത്രവും പൊതിഞ്ഞെടുത്ത്, നാട്ടു വഴികളിലൂടെ സഹപാഠികൾക്ക് കൂടെ അങ്ങിറങ്ങും.
സത്യം പറയാമല്ലോ..ഇപ്പോഴും മിക്കവാറും കാണുന്ന വിചിത്ര സ്വപ്നങ്ങളിൽ ചില സീനുകൾ അന്ന് നടന്ന വഴികളും, ചെറിയ പുഴയിറന്പുകളും ആണ്.
അധ്യാപകരുടെ മകൻ ആയത് കൊണ്ടും, പിതാശ്രീയുടെ ഉറ്റ ചങ്ങാതിമാരിൽ ചിലർ സ്‌കൂളിലെ അധ്യാപകർ ആയത് കൊണ്ടും പ്രത്യേക ശ്രദ്ധയും, ചില സമയങ്ങളിൽ അത് വഴി എക്സ്ട്രാ തല്ലും ലഭിച്ചിരുന്നു എന്ന കാര്യം നൈസായിട്ട് രേഖപ്പെടുത്തട്ടെ.

ഒരു കുന്നിന്റെ മുകളിൽ ആയിരുന്നു സ്‌കൂൾ. കുന്ന് തുടങ്ങുന്നിടത്ത് ചെറിയ ഒരു കുളം..അതിനു ചുറ്റും വയൽ, വയലിൽ അധികവും വാഴയാണ്. ചെങ്കൽ റോഡ്. റോഡിന്റെ ഒരു വശത്തു ഉയരം കുറഞ്ഞ കശുമാവിൻ മരങ്ങൾ..മറു വശത്ത് തെരുവ പുല്ലും, കമ്യൂണിസ്റ്റ് പച്ചയും, ഇഞ്ചയുംനിറഞ്ഞു നിൽക്കുന്ന ചെറിയ ഒരു കാട്..വല്ലപ്പോഴും ജീപ്പോ മറ്റോ ആ വഴി വന്നാലായി. മിക്കവാറും നടപ്പ് തന്നെയാണ് സ്‌കൂളിലേക്ക് എത്തി ചേരാനുള്ള ഗതാഗത മാർഗം. കയറ്റം കയറി ചെന്നാൽ മണല് വിരിച്ച ഒരു ചെറിയ ഗ്രൗണ്ട്. അവിടുന്ന് തുടങ്ങുന്ന കൽ പടവുകൾ കയറി ചെന്നാൽ ചെന്നെത്തുന്നത് സ്‌കൂൾ മുറ്റത്താണ്. യൂപി സ്‌കൂൾ സെക്ഷൻ മുകളിലും, എൽപി സ്‌കൂൾ സെക്ഷൻ ഇടത് വശത്തായിട്ടു താഴെയും. എൽപി സ്‌കൂൾ സെക്ഷനോട് ചേർന്നിട്ടാണ് ഓഫീസ്. നാലാം ക്ലാസ് എൽ ഷേപ്പിലെ ബിൽഡിംഗിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്നു. ചെങ്കൽ മതിൽ കയറി മുകളിൽ ചെന്ന അഞ്ചാം ക്ലാസ് ഇരിക്കുന്ന പഴയ ബിൽഡിംഗ്. നാലാം ക്ലാസിനു പിന്നിലായി പുതിയ ഒരു ബിൽഡിംഗ് അതാണ് കഞ്ഞി പുര. അതിന്റെ ഒരു വശത്ത് അടുക്കള, മുൻഭാഗത്ത് ചെറിയ ഒരു സ്റ്റേജ്. അവിടെയാണ് സാഹിത്യ സമാജം പോലുള്ള അൽഖുല്ത്ത് പ്രോഗ്രാമുകൾ അരങ്ങേറാറു. അടുക്കളയുടെ പടി തീരുന്നിടത്ത് കിണർ. കിണർ വെള്ളം ഒഴുകി തീരുന്ന ചാലിൽ ജില്ല അവസാനിക്കും, പിന്നങ്ങോട്ട് കോഴിക്കോട് ജില്ലയാണ്.

മൂന്നാം ക്ലാസിന്റെ മൂല ഇച്ചിരി ഒന്ന് തെറ്റിയിരുന്നെങ്കിൽ കോഴിക്കോട് ജില്ലയിൽ പെട്ടേനെ. മൂന്നാം ക്ലാസിലെ ചില മടിയന്മാർ “കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി” എന്ന് റേഡിയോയിൽ കേൾക്കുന്പോൾ മടി പിടിച്ചു വീട്ടിലിരിക്കും. ജസ്റ്റ് മിസ്സായതാ ശരിക്കും കോഴിക്കോട് ജില്ലയിൽ ആണ് മ്മടെ ക്ലാസ് എന്ന ന്യായീകരണം ചുരുട്ടി കൂട്ടി കയ്യിൽ വെച്ചാവും ആ ദിവസം മടി പുതച്ചു അവരുറങ്ങുക.

മൂന്നാം ക്ലാസിന്റെയും രണ്ടാം ക്ളാസിന്റെയും ഇടനാഴിയിലെ സ്റ്റെപ്പ് ഇറങ്ങി, കോഴിക്കോട് ജില്ലയുടെ ബോർഡർ മുറിച്ചു കടന്നാൽ, വല്യമ്മാവന്റെ പെട്ടിക്കടയാണ്. മഴപെയ്ത് പൂപ്പൽ പിടിച്ച തടി കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ കട. ഇഞ്ചി മുട്ടായി, നാരങ്ങാ വെള്ളം, പഞ്ഞി മുട്ടായി, പാക്കറ്റ് അച്ചാർ തുടങ്ങി പത്ത് പൈസക്കോ, ഇരുപത്തി അഞ്ചു പൈസക്കോ വാങ്ങാൻ കഴിയുന്ന സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ പീടിക. അതിനു പിന്നിലാണ് ചെറിയ ഒരിറക്കത്തിൽ ഉണ്ണികൃഷ്ണൻ മാഷുടെ വീട്. കുത്തനെയുള്ള കൽ ഇറക്കം ഇറങ്ങി ചെന്നാൽ ചെറിയ ഒരു കമുകിൻ തോട്ടവും ഉണ്ട്. നാരു പോലുള്ള ചെറിയ നീർ ചാലുകൾ അവിടവിടെയായി പിണഞ്ഞു കിടക്കുന്നുണ്ടാവും മഴക്കാലത്ത് അവിടെ.

ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ വല്യമ്മാവന്റെയാണ് മേല്പറഞ്ഞ പെട്ടി കട. മറ്റൊരു പെട്ടിക്കട ഉള്ളത്, സ്‌കൂളിന്റെ എതിർ വശത്ത്, ചെങ്കൽ റോഡിനോട് ചേർന്ന് വർക്കി ചേട്ടന്റെതാണ്. അവിടുത്തെയും സ്റ്റോക് മുന്നേ പ്രതിപാദിച്ച ഉത്പന്നങ്ങൾ തന്നെയാണ് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഏകദേശം ഇപ്രകാരം വിവരിച്ച പടിയായിരുന്നു, തൊണ്ണൂർ കാലഘട്ടത്തിലെ ചുണ്ടത്തും പൊയിൽ സ്‌കൂളിന്റെ ജ്യോഗ്രഫിയും ലേ ഔട്ടും.

ബാക് റ്റു ദി ഉദ്ദേശിച്ച സ്റ്റോറി.

രാവിലെ മുടങ്ങാതെ കൊണ്ട് വന്നിരുന്ന ഒരേയൊരു കാര്യം ചോറ് ആയിരുന്നു. കാബേജ് തോരനും, പുളിയരച്ച ചമ്മന്തിയും, ഇടക്ക് വല്ലപ്പോഴും എഗ് ആംലേറ്റും ആയിരുന്നു സ്ഥിരം വിഭവം. എന്നാലും ടേസ്റ്റ് ഒക്കെ മോണോട്ടോണസ് ആവുന്പോൾ ക്യൂ നിന്ന് സ്‌കൂൾ കിച്ചണിൽ നിന്ന് ഇച്ചിരി പയർ വാങ്ങും..അതിനു പ്രത്യേകിച്ച് രുചിയൊന്നും ഉണ്ടായിട്ടല്ല..ഒരു മനസു:ഖം.

അങ്ങിനെ ഒരു മഴക്കാല ദിവസം. കോരി ചൊരിയുന്ന മാനം. പതിവ് പോലെ ഉച്ച ഊണിന് ബെല്ലടിച്ചപ്പോൾ ഓടിച്ചെന്നു ബാഗ് തുറന്നു ചോറ്റു പാത്രം കയ്യിലെടുക്കുന്നു. സ്റ്റീലിന്റെയാണ്, വട്ട പാത്രം, ഇച്ചിരി നിറം മങ്ങിയിട്ടുണ്ട്. പക്ഷെ കണ്ടപ്പോൾ എന്തോ ഒരു പന്തിയില്ലായ്മ. പതിവ് പാത്രമല്ലല്ലോ എന്നൊരു തോന്നൽ. ഡസ്കിന്റെ അരികിൽ തട്ടി തുറക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിലാണ്, ആ എഴുത്ത് എന്റെ കണ്ണിൽ പെട്ടത്.
പാത്രത്തിന്റെ അടപ്പിൽ, സ്റ്റീലിൽ ഒരു പേര് എഴുതി വെച്ചിരിക്കുന്നു. ചാക്കോ. എന്റെ പരിചയത്തിൽ അങ്ങിനെ ഒരു പേരുകാരനെ വീട്ടിൽ കേട്ടിട്ടേ ഇല്ല. പെട്ടെന്ന് തന്നെ എന്റെ മനസാക്ഷി ഉണർന്നു. സംബടി ഹാസ് ചേഞ്ച്ട് മൈ ലഞ്ച് ബോക്സ്.
ആരോ എന്റെ ചോറ്റു പാത്രം അടിച്ചു മാറ്റിയിരിക്കുന്നു. ടെൻഷൻ അടിച്ചാൽ എന്റെ ഇരു ചെവികളും ചുവന്നു തുടുക്കും, വർഷങ്ങൾക്ക് ശേഷം എന്റെ ചില സഹപാഠികൾ കണ്ടെത്തിയതാണ് ആ ഇൻഡിക്കേറ്റർ. എന്തായാലും അന്നും ഇൻഡിക്കേറ്റർ ചുവപ്പു നിറത്തിൽ കത്തി.
ഞാൻ ഭക്ഷണം കഴിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഫ്രണ്ട്സ് സപ്പോർട്ടായി കട്ടക്ക് നിന്നു.

അത് വഴി പോയ ടീച്ചർമാരിൽ ആരോ അത് സ്റ്റാഫ് റൂമിലും എത്തിച്ചു. ചെറിയേ പ്രശ്നം ആണ്..വലുതാവുന്നത് നോക്കിയിരുന്ന് കാണുന്നതിന്റെ രസം ആദ്യമായിട്ടും അവസാനമായിട്ടും അനുഭവിച്ചു. സ്റ്റാഫ് റൂമിൽ നിന്നും ക്ലാസ് ടീച്ചർ ക്ലാസിലെത്തി.
പ്രശ്നം അവലോകനം ചെയ്തു ബോധ്യപ്പെട്ടു.
ഈ ചോറ്റു പാത്രം ആരുടേതാണ് എന്ന് ഉറക്കെ പലവട്ടം ചോദിച്ചും. ആർക്കും അറിയില്ലായിരുന്നു..അല്ലെങ്കിൽ മൗനം നടിച്ചു.

തൊണ്ടിമുതൽ കയ്യോടെ സ്റ്റാഫ് റൂമിലേക്ക് മാറ്റപ്പെട്ടു. ക്ലാസ് ടീച്ചർ ഡെപ്യൂട്ടി ലീഡറെ വിളിച്ചു (ക്ലാസ് ലീഡർ പ്രതിയോ വാദിയോ ആവുന്പോൾ ഇങ്ങനെ ചെയ്യാം എന്ന് അമേരിക്കൻ ഭരണഘടനയിൽ വരെ പറഞ്ഞിട്ടുണ്ട്..പിന്നാണ് ജിയുപി സ്‌കൂൾ ചുണ്ടത്തും പൊയിൽ, പനമ്പിലാവ് പോസ്റ്റ്..അറുപത്തി ഏഴേ മുപ്പത്തി ആറേ മുപ്പത്തി ഒൻപത് പിൻ..) ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചു. അവർ അന്വേഷണം ഉടൻ ആരംഭിച്ചു. അല്ലെങ്കിലും ഒരു ഡിറ്റക്ടീവ് ആയി മാറാൻ കുട്ടികാലത്ത് ആഗ്രഹിക്കാത്തവർ ആയി ആരുണ്ട്.

വാദിയെയും തൊണ്ടി മുതലിനേയും സ്റ്റാഫ് റൂമിൽ ഹാജരാക്കി. വിശപ്പ് തുടങ്ങി, കഞ്ഞി പുരയിൽ പോയി ഊണ് കഴിക്കാമെന്നു വിചാരിച്ച എന്നെ, വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിന്ന ഉണ്ണികൃഷ്ണൻ സാർ കൂടെ കൂട്ടി.

സാറിന്റെ വീട്ടിലെ ചുവന്ന പെയിന്റ അടിച്ച അര ഭിത്തിയിൽ ഇരുന്ന് സ്റ്റീൽ പാത്രത്തിലേക്ക് സാറിന്റെ ‘അമ്മ ഇട്ടു തന്ന, കുത്തരി ചോറും, മോര് കറീം, പച്ച പയർ മെഴുക്ക് പെരട്ടിയും, മാങ്ങാച്ചാറും, ഉണക്ക മുള്ളനും വാരി വാരി കഴിക്കുന്പോൾ, എന്റെ മനസ് ഒരൊറ്റ കാര്യമേ ചിന്തിച്ചുള്ളൂ..ന്നാലും ആ ചോറ്റു പാത്രം അതാരുടേത് ആണ്….ആ വിചാരത്തിനു കൂടെ അറ്റാച്മെന്റ് ആയി പാത്രം കളഞ്ഞു വീട്ടിൽ ചെന്നാൽ കിട്ടാനിടയുള്ള ചുട്ട അടികളും മനസ്സിൽ കയറി വന്നു.

ഫെയിഡ് ഔട്ട് റ്റു ബ്ളാക് സ്‌ക്രീൻ. വയലിൻ സംഗീതം പശ്ചാത്തലത്തിൽ.
പറന്നു പോകുന്ന കൊക്കുകളുടെ ദൃശ്യം..സന്ധ്യ …വീട്ടിലേക്കുള്ള വഴി…സീനുകൾ ഇങ്ങനെ മാറി മറഞ്ഞു ..
കട്ട് റ്റു വീട്. വൈകുന്നേരം. അടുക്കള..ഇന്റീരിയർ

ചോറ്റു പാത്രം കളഞ്ഞിട്ടു വന്ന മകന്റെ രൂപത്തിൽ ഞാൻ. ഹൈസ്‌കൂൾ പിള്ളേരെ ഹിന്ദി പഠിപ്പിച്ച ക്ഷീണത്തിൽ വീട്ടിൽ വന്നിട്ടും റെസ്റ്റ് എടുക്കാതെ പശുവിന്റെ കാടി വെള്ളം തിളപ്പിക്കേണ്ടി വന്ന ഫ്രസ്‌ട്രേഷനിൽ നിൽക്കുന്ന മോം..
ആകെ മൊത്തം കലിപ്പ് സീൻ.

ഞാൻ ലോക കാര്യങ്ങളെ കുറിച്ചുള്ള പതിവില്ലാത്ത ഒരു വിലയിരുത്തൽ നടത്തി. അമ്മക്ക് ഏറെക്കുറെ കാര്യങ്ങൾ പിടികിട്ടി.
കൂട്ടത്തിൽ നൈസ് ആയി പാത്രം മിസ്സായ കാര്യം പറഞ്ഞു. ആദ്യം വഴക്ക് പിന്നെ ചോദ്യം അതാണ് പ്രോട്ടോക്കോൾ, ആ പതിവ് തെറ്റിച്ചു ‘അമ്മ വിശദമായി ചോദിച്ചു. സാധാരണ അവിടെയും ഇവിടെയും തൊടാതെ ഉത്തരം കൊടുക്കുന്ന ഞാൻ അന്നെന്തോ കൃത്യമായി മറുപടി പറഞ്ഞു. അമ്മ ചിരിച്ചു.
അമ്മയുടെ ചിരി കണ്ട്, ചരുവത്തിലെ കാടി വെള്ളത്തിൽ കിടക്കുന്ന പഴത്തൊലി വരെ മഞ്ഞ നിറത്തിൽ ചിരിച്ചു.
‘അമ്മ ചിരി നിർത്തിയപ്പോ അവരും ചിരി നിർത്തി. എല്ലാവരും ചിരി നിർത്തി എന്ന് കണ്ടപ്പോൾ ‘അമ്മ പറഞ്ഞു.
“ഡ്യൂഡ്, അന്ത ലഞ്ച് ബോക്സ് വന്തിട്ടു, ഉൻ അപ്പാവുക്ക് അവരുടെ ഫ്രണ്ട് ചാക്കോ, വെഡിംഗ് ഗിഫ്റ്റാ കൊടുത്ത ലഞ്ച് ബാക്സ്..”
“ആമാ അപ്പടിയാ..”
“ഓഹോ അതാണ് ചാക്കോ എന്ന പേര് കൊത്തി വെച്ചിരിക്കുന്നേ..അല്ലെ..!! ”
“ആമാണ്ടാ..”
ശരിയായിരുന്നത്രെ..എന്നാലും അതെങ്ങിനെ മിസ്സായി…!!
പിറ്റേന്ന് സ്റ്റാഫ് റൂമിലേക്ക് ഒരു ലെറ്റർ കൂടി ഒപ്പിച്ചിട്ടേ അന്ന് ഞാൻ അടുക്കള വിട്ടു പുറത്തിറങ്ങിയുള്ളൂ.

പിന്നീട്, പഠിച്ചിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഉണ്ണികൃഷ്ണൻ മാഷേ വഴിയിൽ വെച്ച് കാണുന്പോൾ മനസ്സിൽ വരുന്നത് അന്ന് കഴിച്ച ഉണക്ക മുള്ളനും, പയറു മെഴുക്കു പെരട്ടിയും, കുത്തരി ചോറുമാണ്..മാഷ് എന്ത് സബ്ജക്റ്റ് ആണ് പഠിപ്പിച്ചു തന്നത് എന്നത് പോലും ഓർമ്മയിൽ നിന്നു മാഞ്ഞു..

ഇതിനിടയിലെ ഏറ്റവും വലിയ ട്വിസ്റ്റ് എന്താണ് എന്ന് വെച്ചാൽ അഞ്ചാം ക്ലാസിലെ അന്നേ വരെയുള്ള മൂന്നു മാസവും ഞാൻ ഉച്ചയൂണും കൊണ്ട് പോയിരുന്നത് ചാക്കോ എന്നെഴുതിയ ആ ചോറ്റു പാത്രവും കൊണ്ടായിരുന്നു എന്നതാണ്.

ചില ഓർമ്മകൾ അങ്ങിനെയാണ്, നമ്മൾ എത്ര ഓർത്തെടുക്കാൻ ശ്രമിച്ചാലും പ്രഹേളികയായി തുടരും. എന്നാലും, അത്രയും കാലം, ചാക്കോ എന്നെഴുതിയ പേര് ആ സ്റ്റീൽ അടപ്പിന്റെ മുകളിൽ കടന്നെത് എങ്ങിനെ മിസ്സായി..!!
ആവോ…എന്തോ…!!!

ശുഭം !!

 

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )