സ്വപ്‌നങ്ങൾ !!


ആറുമണിക്കാണ് അലറാം അടിച്ചത്, അടിച്ചു തുടങ്ങിയപ്പോഴേ സ്നൂസ് അടിച്ചു മറ്റൊരു സമയത്തേക്ക് ഉറക്കമുണരേണ്ടത് മാറ്റിവെച്ചു. പിന്നെയെപ്പോഴാണ് സ്വപ്നത്തിലേക്ക് തളർന്നു വീണത് എന്നറിയില്ല. ശരിക്കുമൊരു തളർന്നു വീഴൽ തന്നെയായിരുന്നു. മെയ് തളർന്നു, കാൽ കുഴഞ്ഞു, ഒരു മുയൽക്കുഴിയിലൂടെ ഭൂമിക്കടിയിലേക്ക് നൂണ്ടിറങ്ങി പോകുന്നത് പോലെ സ്വപ്നം വലിച്ചിഴച്ചു കൊണ്ട് പോയി.
കൊണ്ട് ചെന്നിട്ടത് പരിചയമുള്ള ഒരു സ്ഥലത്തേക്കായിരുന്നു. ഉറക്കച്ചടവിൽ ഞാനറിഞ്ഞു എനിക്ക് ചിരപരിചിതമായ ഏതോ ഒരിടത്തിലാണ് എത്തിപ്പെട്ടത് എന്ന്.
ഉറക്കത്തിന്റെ മന്ദത ഉണ്ടെങ്കിൽ കൂടിയും, കാലു വലിച്ചു വെച്ച് നടക്കുകയാണ് ഞാനപ്പോൾ. ഒരു പാലം കടന്നു, ഉയരമുള്ള മരങ്ങൾ ഇരുവശവും നിറഞ്ഞു നിൽക്കുന്ന ഒരു ടാർ റോഡിലൂടെയുള്ള നടത്തം.
റോഡിനു സമാന്തരമായ ചെറു മൺതിട്ടകൾക്കു മുകളിൽ പച്ചയും, ചുവപ്പും, നീലയും പെയിന്റ് അടിച്ച കൊച്ചു വീടുകൾ.
നടന്നു ചെറിയ ഒരു ഇറക്കം ഇറങ്ങിയപ്പോൾ കണ്ടത് പഴയ ഒരു ടോൾ ബൂത്താണ്, ഇപ്പോൾ ആരും ഉപയോഗിക്കാത്തത് കൊണ്ടാവണം ടോൾ ബൂത്തിനുള്ളിലേക്ക് കാട്ടു ചെടികളും കമ്മൂണിസ്റ്റ് പച്ചയും കയറി താമസം തുടങ്ങിയിരിക്കുന്നു. ടോൾ ബൂത്ത് കണ്ടതോടെ സ്ഥലത്തിന്റെ പേരിനെ കുറിച്ചുള്ള ചില സൂചനകൾ എന്റെ മനസ്സിൽ ഉയർന്നു തുടങ്ങി.
അല്ലെങ്കിലും, പാലം കടന്ന് ഉടനെ ഞാൻ സ്ഥലമേതാണെന്ന് ഓർക്കേണ്ടതായിരുന്നു. പാലത്തിനു ഇക്കരെ റോഡ് തുടങ്ങുന്നതിനോട് ചേർന്നുള്ള തണൽ മരത്തിനു ചുവട്ടിലെ സ്ഥിരം മീൻ വിൽപ്പന ശാലയുടെ ചൂര് സ്വപ്നം തന്ന കാറ്റിൽ ഉണ്ടായിരുന്നല്ലോ. അവിടെ കൂട്ടി ഇട്ടിരുന്ന മത്സ്യ അവശിഷ്ടങ്ങളിൽ നിന്നും തലമാത്രം അവശേഷിച്ച മത്തിയുടെ ഒരു കണ്ണ് എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നിയിരുന്നതും അവ്യക്തമായി ഓർമ്മയുണ്ട്.
ടോൾ ബൂത്ത് കടന്നു ഇടത്തേക്കുള്ള വഴിയിലേക്ക് കാൽ തിരിഞ്ഞപ്പോഴേ പരിചയമുള്ള ഒരു മുഖം നടത്തത്തിൽ ഒപ്പം കൂടി. വീതി കൂടിയ തലയും, കൂർത്ത കണ്ണുമുള്ള ഉയരം കുറഞ്ഞ ആ മനുഷ്യൻ പേര് വിളിച്ചു സംസാരിച്ചു. ഷൗക്കത്തലിയാക്ക എന്ന് ഞാൻ മറു പേര് വിളിച്ചത് കൊണ്ട് തന്നെ സ്ഥലം തെരട്ടുമ്മൽ ആണെന്ന് ഓർമ്മപ്പെടുത്തി.
വടക്കും മുറിയിലേക്കുള്ള വഴിയുടെ ഒരു വശം നീണ്ട പാടശേഖരം ആണ്. നിലാവ് വീണു കിടക്കുന്ന പാടം മുഴുവനും, തലേന്നു പെയ്ത പേമാരിയുടെ ബാക്കി ജലം നിറഞ്ഞു തുളുന്പിയിരുന്നു.
ഒരു മാറ്റവുമില്ല..പണ്ട് കണ്ടത് പോലെ തന്നെ. എത്ര നടന്നിരിക്കുന്നു ഈ വഴികളിലൂടെ ..
നിസ്കാര പള്ളിയുടെ ചേർന്നുള്ള വളവ് തിരിഞ്ഞപ്പോഴാണ് കൂടെയുള്ള മറ്റൊരു മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്..ഏകദേശം ആറടിയോളം ഉയരം, നീണ്ട കാലുകൾ, നല്ല വേഗത്തിലാണ് നടത്തം. മെലിഞ്ഞ മുഖം പക്ഷെ ഷേവ് ചെയ്തു മിനുക്കിയിട്ടുണ്ട്.
ഇവിടെയെങ്ങും കണ്ടു പരിചയമില്ലല്ലോ..ഞാൻ ഉറക്കച്ചവടിൽ ചോദിച്ചു.
മുരളി തുമ്മാരുകുടിയാണ് അയാൾ മറുപടി പറഞ്ഞു.
ഓ മുരളി ചേട്ടൻ, എന്താ ഇവിടെ..
ഒരു പരിചയക്കാരനെ കാണാനുള്ള പോക്കാണ്..
തൊട്ടുമുക്കത്തോ..
അതേ..
എനിക്കറിയാത്തവരായി ആരാണ് ഉള്ളത് അവിടെ, നമുക്ക് പരിചയമുള്ളിടത്തേക്ക് ഒരാളെ കൊണ്ട് പോകുന്നതിനുള്ള അഭിമാനത്തോടെ ഞാൻ ചോദിച്ചു..
ആരെ കാണാനാണ്-
അനിൽ.
തൊട്ടുമുക്കത്തുള്ള സകല നായന്മാരെയും എനിക്കറിയാം. ഇതേതാ ഈ അനിൽ നായർ.
അതിനു ഞാൻ ജാതി വാലൊന്നും പറഞ്ഞില്ലല്ലോ.
ഓ സോറി..അറിയാതെ ഊഹിച്ചതാ.
ഉം, അയാളൊരു പൊലീസുകാരനാണ്.
പുതിയ താമസക്കാരനാവും പരിചയമില്ല.
പല കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു, തെങ്ങിൻ തോപ്പുകൾക്കും, വളവുകൾക്കും, കയറ്റങ്ങൾക്കും ഇടയിലൂടെയുള്ള റോട്ടിലൂടെ ഞങ്ങൾ കിലോമീറ്ററുകൾ നടന്നു, ഇരുമ്പു പാലം വരെയെത്തി.
ഇരുമ്പു പാലം കടന്നു, പള്ളിത്താഴെ എത്തിയപ്പോഴാണ് ഇടതു വശത്ത് പുതുതായി ഉയർന്നു വന്ന നീണ്ട കുന്നിൻ ചെരിവുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്. മുൻപ് അവിടെ കുന്നുകളൊന്നും ഇല്ലായിരുന്നു.
ഇളം പച്ച നിറത്തിലുള്ള ഇടക്കിടെ ഉരുളൻ പാറകൾ നിറഞ്ഞ ആകാശം തൊടുന്ന കുന്നുകൾ, വരി വരിയായി നിൽക്കുന്നു.
അപ്പോൾ എന്ത് കൊണ്ടോ എനിക്ക് ഓർമ്മ വന്നത് ബോൾഡർ ആയിരുന്നു. അതോ ഞാൻ നടന്നെത്തിയത് ബോൾഡറിൽ തന്നെയായിരുന്നോ.ആ സംശയം ഞാൻ മുരളി ചേട്ടനോട് ഒന്ന് രണ്ടു തവണ സൂചിപ്പിച്ചെങ്കിലും അദ്ദേഹം മറുപടി ഒന്നും തന്നില്ല.
ബോൾഡറിലെ ട്രെക്കിംഗ് പാതകളിൽ കണ്ടിരുന്ന കുഞ്ഞു അണ്ണാറക്കണ്ണന്മാരെ വഴിയിൽ ധാരാളമായി കണ്ടതോടെ സംശയം ഇരട്ടിച്ചു. ഒരു വളവു തിരിഞ്ഞു കയറ്റം ആരംഭിക്കുന്നിടത്ത് വലിയ ഒരു എൽക് തന്റെ കൂറ്റൻ കൊമ്പു കുലുക്കി മുന്നിലൂടെ റോഡ് മുറിച്ചു കടന്നു പോയി. സ്വപ്നം സ്ലോ മോഷനാക്കി ഒന്ന് റീവൈൻഡ് ചെയ്തപ്പോൾ കണ്ടത്, ജെമുനാ പാലത്തിനടിയിലെ കൊച്ചു അരുവിയിൽ നിന്നും ചാടിക്കയറിയാണ് ആ വലിയ കലമാൻ എതിർ വശത്തുള്ള കുന്നിൻ ചെരുവിലേക്ക് ഓടിക്കയറിയത്.
ജെമുനാ പാലം തൊട്ടുമുക്കമാണ്, പക്ഷെ ആ കുന്നിൻ ചെരുവ് ബോൾഡർ ആണ്.
മുരളി ചേട്ടൻ എന്റെ കൂടെ തന്നെ നടക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പു വരുത്തി. ദുരന്ത നിവാരണത്തെപ്പറ്റിയുള്ള എന്തോ ചിന്തകളിൽ നിന്നും അദ്ദേഹത്തെ ഉണർത്തേണ്ട എന്ന് വിചാരിച്ചു ഞാൻ എന്റെ സംശയം മുന്നിലേക്ക് ഇട്ടു കൊടുത്തില്ല.
വീണ്ടും എന്റെ ആശയകുഴപ്പങ്ങളെ ഇരട്ടിപ്പിച്ചു കൊണ്ട് അതാ വലത് നിൽക്കുന്നു, തോട്ടുമുക്കം തോംസൺ എന്ന പഴ സിനിമാ കൊട്ടക. മറു വശത്ത് ഫ്‌ളാറ്റ്ഐറിൻ പീക്ക്, രണ്ടു വശത്തേക്കും നോക്കാതെ മുന്നോട്ടു നടന്നു.
വലിയ ഒരു കയറ്റം ആയിരുന്നു ഇനി നടക്കേണ്ടിയിരുന്നത്, ഇടത് വശത്ത് ചെങ്കുത്തായ കല്ലിടക്കുകൾ നിറഞ്ഞ റോക്കി മൗണ്ടൻ. വലത് വശത്ത് കുത്തിയൊഴുകുന്ന പുഴ. വലിയ പാറക്കല്ലുകൾ എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴാൻ തക്കവണ്ണം തൂങ്ങി കിടക്കുന്നു.
പർപ്പിൾ കളർ ചെക്ക് ഷർട്ടിട്ട ഒരു അമേരിക്കക്കാരൻ ഞങ്ങളെ കടന്നു മുന്നോട്ടു പോയി. അയാളുടെ തോളിൽ ഒരു ലാപ്ടോപ്പ് സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴോ മുരളി ചേട്ടൻ ഉറക്കെ പാട്ടു പാടാൻ ആരംഭിച്ചിരുന്നു. തോളത്ത് ഞാന്നു കിടന്നിരുന്ന ഒരു തുകൽ വാദ്യോപകരണത്തിൽ കൊട്ടി മുരളി ചേട്ടൻ ഉറക്കെ പാടുന്നു. നല്ല മനോഹരമായ പാട്ട്. ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഈണം, വരികൾ, ആലാപനം.
പാട്ടിൽ മയങ്ങി കയറ്റം കയറികൊണ്ടിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ആഹാരശാലകളുടെ നീണ്ട നിര കാഴ്ചയിൽ വന്നു. പോയിന്റ് ബർഗർ റെസ്റ്റോറന്റ്കൾ.
സഹപ്രവർത്തകനായ സ്റ്റീവ് മോർവാക്ക് അപ്പൂപ്പൻ തന്റെ നെറുകയിലെ കഷണ്ടി കാണിച്ചു ഒരു ബർഗർ ഷോപ്പിൽ നിന്നും പുറത്തേക്ക് വന്നു.
പ്രത്യേകതരം മീറ്റ് റോളുകൾ വെക്കുന്ന അതി പ്രസിദ്ധമായ ഒരു സാൻഡ്വിച് റെസ്റ്റോറന്റ് ചെയിനിനു മുന്നിലെ ക്യൂവിലേക്ക് ഞാനും മുരളി ചേട്ടനും കയറി നിന്നു. വളഞ്ഞു പുളഞ്ഞു പോകുന്ന നീണ്ട ക്യൂ. അതിൽ പരിചയമില്ലാത്ത ഒരുപാട് പേര്.
ക്യൂവിൽ ആളെ നിയന്ത്രിച്ചിരുന്ന സെറ്റു സാരിയുടുത്ത ഒരു പെൺകുട്ടി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു,വലിയ എക്സ്പെറ്റേഷൻ ഒന്നും വേണ്ട, ഞാനൊരു 2.5 മാർക്കെ ഇടൂ. ഇവിടുത്തെ ഫുഡിന്.
എന്തോ, ആ ക്യൂവിൽ നിന്നും പുറത്തിറങ്ങി ഞാൻ മുന്നോട്ട് നടന്നു. ക്യൂവിൽ കുറെ മുന്നിലായി മുരളി ചേട്ടൻ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നെങ്കിലും, വിളിക്കാൻ നിൽക്കാതെ ഞാൻ അടുത്ത ഭക്ഷണ ശാല തേടി നടന്നു.
വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മത്സ്യ തലകളിൽ നിന്നൊരു മീനിന്റെ കണ്ണ് എന്റെ നേർക്ക് നോക്കിയിരിക്കുന്നത് പോലെ തോന്നി. മുറിഞ്ഞ തലയിൽ നിന്നുള്ള ആ കൺ നോട്ടം എന്നെ ഒരുപാട് അലോസരപ്പെടുത്തി.
ഇതിനിടയിൽ എപ്പോഴോ ഭാര്യ കുലുക്കി വിളിച്ചു, ഏഴു മണിയായി എഴുന്നേൽക്ക്, മോളെ സ്‌കൂളിൽ വിടണ്ടേ, ഇതെന്തൊരു ഉറക്കമാ..!!
അലറാം അടിച്ചത് ഞാനറിഞ്ഞില്ല..ഉറക്കം വിട്ടെഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ ഞാൻ പറഞ്ഞു.
(ഈയടുത്തു കണ്ട ഒരു സ്വപ്നത്തെ, കുപ്പിയിൽ പിടിച്ചു, തുറന്നു വിടുന്നത്…ഉപയോഗിച്ച പേരുകൾ എല്ലാം യാഥാർഥ്യം..ഭാവന തരിമ്പും ചേർത്തിട്ടില്ല..)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )