(Pretext- ജീപ്പ് – ഒരു നൊസ്റാൾജിയയോ, ഫീൽഗുഡ് കഥയോ അല്ല. ഒരു പക്ഷെ വായിക്കുന്നവരെ ഡിസ്റ്റർബ് ചെയ്യാൻ സാധ്യത ഉള്ള കഥയാണ്. ചുരുങ്ങിയ പക്ഷം ഇതെഴുതി കൊണ്ടിരുന്നപ്പോൾ എഴുത്തുകാരൻ വളരെയധികം ഡിസ്റ്റർബ്ഡ് ആയിരുന്ന കഥയാണ്. അത് കൊണ്ട് തന്നെയാണ്, എഴുതി വെച്ചിട്ടു വർഷം രണ്ടായിട്ടും ഇത് വരെയും പബ്ലിഷ് ചെയ്യാതിരുന്നത്.
കഥകൾക്ക് പഞ്ഞമില്ലാത്ത മണ്ണിൽ നിന്ന് ആരോ നേർക്ക് വലിച്ചെറിഞ്ഞു തന്ന ഒന്നാണ് ഈ കഥ. കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല.)
ടാക്സി സ്റ്റാൻഡിന്റെ പിന്നിലെ ചെരുവിലാണ് സുബൈദാത്തയുടെ വീട്. ഓടിട്ട, പഴക്കം ചെന്ന വീട്. മുറ്റം മെഴുകിയിട്ടുണ്ടാവും. മെഴുകിയ ചാണകം മുറ്റത്തിന്റെ കോണിലുള്ള ഓവു വഴി ഒഴുകി മറഞ്ഞ പാട് പറ്റി പിടിച്ചിരിക്കുന്നുണ്ട്, ഇളം ചാണക പച്ച നിറത്തിൽ. മണ്ണ് കുഴച്ച് കൂട്ടി വെച്ചാണ് മുറ്റത്തിന്റെ അരിക്.
വീടിന്റെ അവിടവിടെയായി ഓടിളകിയ ഇടത്ത് മടഞ്ഞ ഓല തിരുകി വെച്ചിട്ടുണ്ട്…പഴക്കം കൊണ്ട് അതും ദ്രവിച്ച് തുടങ്ങിയിരിക്കുന്നു. മിനുസമുള്ള പച്ച നിറമാണ് അരഭിത്തിയിൽ അടിച്ചിരിക്കുന്നത്. അതിനും കാണും വര്ഷങ്ങളുടെ പഴക്കം.
തിണ്ണയിൽ ഇരുന്നാൽ പിന്നിലെ പശു തൊഴുത്തിൽ നിന്നുള്ള ചാണക മണം മൂക്കിലേക്ക് അടിച്ച് കയറും.
സാധാരണ ഒന്ന് രണ്ടു ടാക്സി ഡ്രൈവർമാരെങ്കിലും കാണും സുബൈദാത്തയുടെ തിണ്ണയിൽ കല്ല് കളിച്ചിരിക്കുന്ന കൂട്ടത്തിൽ. കല്ല് കളിക്ക് വേണ്ടി വരച്ച കളം തെളിഞ്ഞിരിക്കുന്നുണ്ട് അരഭിത്തിയുടെ മുകളിൽ. .ഇന്ന് സിജോയ് മാത്രമേ ഉള്ളൂ. അവൻ ഒറ്റക്കിരുന്നു കളിയാണ്..
അവൻ തന്നെയാണ് മറു വശത്ത് ഇരുന്നു കളിക്കുന്നതും.
“അന്റെ പാപ്പനു ഇപ്പ ന്താ സ്ഥിതി ചെക്കാ…”- സുബൈദയുടെ ചോദ്യം അവനെ കളിയുടെ കരു നീക്ക പദ്ധതികളിൽ നിന്നും ഉണർത്തി.
സിജോയ് ഒന്ന് മൂളുക മാത്രം ചെയ്തു. തെളിഞ്ഞു കാണുന്ന നെഞ്ചു കൂട്ടിനുള്ളിലേക്ക് ഷർട്ടിനു പുറത്ത് കിടന്ന കൊന്തയെ വലിച്ചിട്ടു അവൻ മുരടനക്കി. ഉച്ച വെളിയിൽ അധികം വരാതെ, തന്നോട് തന്നെ സംസാരിക്കുന്ന ഭാവത്തിൽ അവൻ പറഞ്ഞു.
“ഇപ്പൊ കൊഴപ്പമില്ല ”
“എങ്ങിനെ നടന്ന മനുഷ്യേനായീന്…സൊകം ല്ലാണ്ടായാൽ പിന്നെ ന്താ കാര്യം..”
സുബൈദ ഉറക്കെ ആരോടെന്നില്ലാതെ പറഞ്ഞു കഴുകി കൊണ്ടിരുന്ന അലൂമിനീയം കലത്തിൽ നിന്നും വെള്ളം കുടഞ്ഞു കളഞ്ഞുകൊണ്ട് വീടിന്റെ പിന്നിലേക്ക് നടന്നു.
സിജോയ് മുണ്ടു കുടഞ്ഞു, ഒരു കോന്തല കയ്യിൽ തിരുപ്പിടിപ്പിച്ച്, പോക്കറ്റിൽ നിന്നും റൌണ്ട് ചീപ്പ് കയ്യിലേക്ക് എടുത്ത് മുടി ചീകിയൊതുക്കി. വായിലെ മുറുക്കാൻ നീട്ടി തുപ്പി. പാപ്പൻ പഠിപ്പിച്ച ശീലമാണ് മുറുക്കാൻ.
അയാൾ ആള് കയറി നിറഞ്ഞ ജീപ്പിലേ ഡ്രൈവർ സീറ്റിലേക്ക് കയറി.
“പോവാ പോവാ…”
പാതി ചന്തി വെളിയിൽ ഇറക്കി, കാലു രണ്ടു മാത്രം ഉള്ളിലേക്കിട്ട്, ആയാസത്തോടെ ആയാൾ ജീപ്പ് ചെരുവിൽ നിന്നും മെയിൻ റോഡിലേക്ക് ഓടിച്ച് കയറ്റി ദൂരേക്ക് ഓടിച്ച് പോയി.
അഞ്ചിലോ ആറിലോ പഠിക്കുന്പോഴാണ് സിജോയ് പാപ്പനെ കാണുന്നത്. പാപ്പൻ തന്റെ മഹീന്ദ്രാ ജീപ്പ് ടാക്സിയായി ഓടിക്കുന്ന കാലം.
നാല്പത്ത് കിലോമീറ്റർ ദൂരം നാല്പത്തി അഞ്ച് മിനിറ്റു കൊണ്ട് ജീപ്പ് ഓടിച്ച് നഗരത്തിലെ ആശുപത്രികളിൽ മരണാസന്നരായ രോഗികളെ എത്തിക്കുന്ന പാപ്പൻ ഹീറോ തന്നെയാണ്.
സിജോയ് ടെ വീട് പുഴക്ക് അക്കരയാണ്. കാലവർഷം കനക്കുന്പോൾ ചെളിമഞ്ഞ കളറിൽ പുഴ നിറഞ്ഞു കവിയും..മുളകൊണ്ട് കെട്ടിയ പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകും. വേനലിൽ വരണ്ട പുഴയിലൂടെ ജീപ്പ് പുഴ കടന്നു മറുകര എത്താമെന്നാവും.
വേനലിൽ പുഴ വറ്റുന്പോൾ ജീപ്പ് വെള്ളത്തിലൂടെ ജീപ്പ് ഓടിച്ച് പുഴ മുറിച്ച് കടന്നു പാപ്പൻ സിജോയ് ടെ അപ്പനെ കാണാൻ വരും. ജീപ്പിന്റെ മുരൾച്ച, ഡീസൽ എഞ്ചിൻ നിന്ന് കഴിയുന്പോൾ വരുന്ന ഡീസലിന്റെ മണം ഇത് രണ്ടും അവനു ഇഷ്ടമായിരുന്നു. പാപ്പന്റെ ഷർട്ടിൽ വരെ ഡീസലിന്റെ മണം ഉണ്ടെന്നു അവനു തോന്നാറുണ്ട് അപ്പോൾ.
“പിള്ളേര് പഠിക്കട്ടെ ചേട്ടായി, ഈ മലമൂട്ടിൽ കെടന്ന് പെഴക്കണെനു പകരം, ഇവന്മാരൊക്കെ പഠിച്ച് പൊറത്തോക്കെ പോയി വളരട്ടെ…” അപ്പനോട് പാപ്പൻ ഇടക്കിടെ പറയും.
എട്ടിലെത്തിയപ്പോ, സിജോയ് തഞ്ചത്തിൽ പാപ്പനോട് പറഞ്ഞു..ജീപ്പ് ഓടിക്കാൻ പഠിക്കണം.
“അതിനുള്ള അണ്ടി ഉറപ്പൊക്കെ ആയോ..കൊച്ചു കഴുവേറി” പാപ്പൻ അന്നിത്തിരി പൂസിൽ, പുഴയിൽ ഇറക്കിയിട്ട് ജീപ്പ് കുളിപ്പിക്കുക ആയിരുന്നു. ജീപ്പിനുള്ളിലെ ടേപ്പിൽ നിന്നും ചലച്ചിത്ര ശബ്ദരേഖ ഉയർന്നു കേൾക്കുന്നതിന് ഇടയിലൂടെ പാപ്പൻ വീണ്ടും പറഞ്ഞു.
“നീ മഞ്ഞള് മാറീട്ടു വാ..നോക്കാം..” സിജോയ്ക്ക് ആ പറഞ്ഞതിന്റെ അർഥം പിടികിട്ടാൻ പിന്നെയും സമയം എടുത്തു.
മുടിവെട്ടി കൊണ്ടിരുന്നപ്പോഴാണ് ഒരിക്കൽ പാപ്പൻ ബാർബർ ഷോപ്പിലേക്ക് കയറി വന്നത്. ബാർബർ ശിവനോട് എന്തൊക്കയോ കുശു കുശുത്തു. ശിവൻ പിശക് ചിരി ചിരിക്കുന്നു.
“എന്നിട്ട് പാപ്പൻ പൂശിയോ ”
“പിന്നെ, എത്രാന്നു വെച്ചാ ഓസിനു ട്രിപ്പടിപ്പിക്കുക..ഒത്തു കിട്ടിയപ്പോ ഞാനങ്ങ് പൂശി..”
“എവിടെ വെച്ച്..”
“റബർ തോട്ടത്തിൽ തഞ്ചത്തിന് കിട്ടി…ഓടിയ ഓട്ടത്തിന് കാശ് കിട്ടിയില്ലന്നു പറഞ്ഞങ്ങു ഒപ്പിച്ചു…”
“ന്നാലും എന്റെ ദുഷ്ടാ…പണിയാവുമോ..”
“മിണ്ടത്തില്ല..അതിനുള്ള പരിപാടി കൂടി ഒപ്പിച്ചാ പാപ്പൻ പണിക്കിറങ്ങു..”
ചിരിയിലലിഞ്ഞ അവരുടെ സംഭാഷങ്ങൾ പകുതിയും സിജോയ്ക്ക് മനസ്സിലാവുന്നത് അല്ലായിരുന്നു.
എട്ടു പാസായ ദിവസം, സിജോയ് മഞ്ഞ വെയിൽ വകഞ്ഞു മാറ്റി കുന്നു കയറിയതായിരുന്നു..എന്തിനായിരുന്നു ആ വഴി പോയത് എന്ന് സിജോയ്ക്ക് ഇന്നും അറിയില്ല. ആളൊപ്പം വളർന്നു നിൽക്കുന്ന പുല്ലിനിടയിൽ നിന്നും നഗ്ന ഉടലുകളുടെ ശീല്ക്കാരം വളർന്നു വരുന്നത് അവൻ അറിഞ്ഞു. ഡീസൽ എഞ്ചിന്റെ മണം പുല്ലിൽ നിന്നും ഉയരുന്നു. അവൻ കണ്ണടച്ച് പിടിച്ച് ആരും കാണാതെ കുന്നിറങ്ങി.
പുഴയിൽ ജീപ്പിറക്കി കഴുകുകയായിരുന്നു പാപ്പൻ. സിജോയ് പാപ്പന്റെ ചുറ്റും കൂടി…പാപ്പാ എട്ട് പാസായി ഇനി ഞാൻ വളയം പിടിക്കട്ടെ.
പാപ്പൻ ഒന്നും മിണ്ടിയില്ല. ജീപ്പ് കഴുകി തുടച്ചു, സ്റ്റാർട്ട് ചെയ്യാൻ നേരം അവനോട് പറഞ്ഞു നീ ഫ്രണ്ടിൽ കയറിക്കോ…
അവൻ ചാടിക്കയറി ഫ്രണ്ട് ബെഞ്ച് സീറ്റിൽ ഇരിപ്പുറപ്പിച്ചു. .ആദ്യമായാണ് ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നത്. പാപ്പൻ ടേപ്പിൽ ശബ്ദരേഖ ഇട്ടു, വോള്യം കൂട്ടി വെച്ചു. ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.
കല്ലു പാകിയ റോഡിലൂടെ ഉരുട്ടി കയറ്റി ജീപ്പ് മെയിൻ റോഡിലെത്തി, നല്ല സ്പീഡിൽ പായിച്ചു…
ഒരു കൈ സ്റ്റീയറിംഗിൽ പിടിച്ച് മറ്റേ കൈ അയാൾ സിജോയിയുടെ മടിയിൽ വെച്ചു.
നിന്റെ അണ്ടി ഉറച്ചോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു അവന്റെ ട്രൗസറിന്റെ ഇടയിലേക്ക് കയ്യിട്ടു. അവന്റെ ഒരു കൈ അയാളുടെ ലിംഗത്തിലേക്ക് ബലത്തിൽ ചേർത്തു വെച്ചു.
അന്ന് തോന്നിയ അറപ്പും വെറുപ്പും വിറയലും സിജോയ് ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട്.
ഇത്തരം യാത്രകൾ ഇടക്കിടെ പാപ്പൻ പതിവാക്കിയപ്പോൾ സിജോയ് അവനവനിലേക്ക് ചുരുങ്ങി. അധികം ആരോടും സംസാരിക്കാതെ ആയി. ചുരുളൻ പുഴുവിനെ പോലെ അവനവനിലേക്ക് ചുരുണ്ടു കൂടി, അവനവനോടു സംസാരിച്ചു ….എല്ലാത്തിലും ഉഴപ്പി…എന്തിലും ഒരുൾവലിയിൽ..!!
പത്തിൽ തോറ്റു.
ചെക്കനെന്തോ കണ്ണേറു കിട്ടിയതാവും പത്തിൽ തോറ്റത് എന്ന് അപ്പൻ ഉറക്കെ പറഞ്ഞു. പത്ത് തോറ്റവന് ചെയ്യാൻ പണികൾ കുറവായിരുന്നു..പറമ്പ് കിളക്കാൻ പോകാം.
അപ്പൻ പാപ്പന്റെ കാലു പിടിച്ചു പാപ്പന്റെ ജീപ്പിൽ ക്ളീനറായി സിജോയ്ക്ക് പണി വാങ്ങി കൊടുത്തു. പകൽ ടാക്സി ട്രിപ്പ് കഴിയുന്പോൾ ഇരുട്ട് വീഴും മുന്നേ ജീപ്പ് കഴുകി തുടച്ച് വൃത്തിയാക്കണം. പിന്നെ ശബ്ദരേഖ കേട്ട് മുന്നിലെ സീറ്റിൽ ഇരുന്ന് പാപ്പന്റെ കൂടെയുള്ള യാത്ര…അവൻ ഏറ്റവും അധികം വെറുക്കുന്ന യാത്ര.
അവിടെ നിന്നും ഓടിപ്പോകാൻ സാധിക്കാത്തവണ്ണം അവന്റെ കാലുകൾ തളർന്നിരുന്നു. അദൃശ്യമായ ഒരു അടിമ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുന്നതായി അവനു ഇടക്കിടക്ക് തോന്നും.
ഡീസൽ എഞ്ചിന്റെ മുരൾച്ച, എഞ്ചിൻ ഓഫാകുന്പോൾ ഉള്ള ഡീസലിന്റെ മണം..എല്ലാത്തിനോടും ചുറ്റപ്പെട്ടു സിജോയ് വേരുകൾ പിണഞ്ഞു കിടക്കുന്ന മരം ആയി അവിടെ ഒക്കെ തന്നെ ജീവിച്ചു… ഓടിപ്പോയില്ല…
പാപ്പന്റെ അസമയത്തുള്ള വേശ്യാ ഗമനങ്ങൾക്ക് അകമ്പടി യാത്രികനായി, പാപ്പൻ കുടിച്ചു പൂസായി ബോധം കെട്ടു കിടക്കുന്പോൾ വീണു കിട്ടുന്ന ആശുപത്രി ട്രിപ്പുകൾക്ക് ഡ്രൈവർ ആയി സിജോയ് വളർന്നു.
അടിമത്തത്തിന്റെ ചങ്ങല വലിഞ്ഞു മുറുകി കാലിൽ അദൃശ്യമായ മുറിവുകൾ വൃണങ്ങൾ തീർത്തെങ്കിലും, പാപ്പാനോടുള്ള പകയും ഉള്ളിൽ ഒരേ പോലെ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.
കട്ടി പുരികവും, കുഴിഞ്ഞ കവിളിന്റെ മറച്ചു വളർന്ന കറുമ്പൻ മീശയും ഒക്കെയായി അവൻ വളർന്നു.
പാപ്പന്റെ കറുത്ത നിറത്തിലുള്ള ടാക്സി ജീപ്പ് ഇപ്പൊ അവന്റേതാണ്..അവൻ ആണ് അതിന്റെ സാരഥി.
കിഡ്നി തകരാറായത് കൊണ്ട് പാപ്പൻ കിടപ്പിലാണ്. പകുതി സമയവും അർദ്ധ ബോധാവസ്ഥയിൽ..
മൂത്രം വരെ ട്യൂബിലൂടെയെ പോകൂ….ഇടയ്ക്ക് അയാൾ അലറി വിളിക്കും
“എനിക്ക് മൂത്രം ഒഴിക്കണം…ഈ കോപ്പ് ഇല്ലാതെ..”
“അതിനുള്ള അണ്ടി ഉറപ്പൊക്കെ പോയി പാപ്പാ..”
സിജോയ് ക്രൂരമായ ഒരു ചിരിയോടെ പറയും. എന്നിട്ട് ഡീസൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത്, മലഞ്ചെരുവിലൂടെ വേഗത്തിൽ ഓടിച്ച് വറ്റി വരണ്ട പുഴ കടന്ന് ദൂരേക്ക് പോകും.