മരണമെത്തുന്ന വഴികൾ…


നിങ്ങൾ ട്രെയിനിൽ ഡോർ സൈഡിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ടോ..ഞാൻ ചെയ്തിട്ടുണ്ട്..ഒരിക്കൽ ഒരു പകുതി ദൂരം..എത്രയോ തവണ ബസിന്റെ ഡോറിൽ തൂങ്ങി യാത്ര ചെയ്തിട്ടുണ്ട്, ടാക്സി ജീപ്പിന്റെ പിൻഭാഗത്ത് ടെയിൽ ലാമ്പ് ഫിറ്റ് ചെയ്തിയ്ക്കുന്ന ഒരു ചെറിയ ക്ലിപ്പ് ഉണ്ട്, അതിന്റെ മുകളിലും, അല്ലെങ്കിൽ വശങ്ങളിലെ ചവിട്ടു പടികളിലും, ചിലപ്പോഴൊക്കെ സൈഡിലെ കറുത്ത ഷീറ്റിനും, അത് ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന ഇരുമ്പു കന്പികൾക്കും ഇടയിൽ കാൽ തിരുകി വെച്ച് ദൂരങ്ങളോളം യാത്ര ചെയ്തിട്ടുണ്ട്. കാറ്റിൽ ആടിയുലഞ്ഞു, അള്ളി പിടിച്ചു, മരക്കന്പോ, ഇലക്ട്രിക് ലൈനോ കടന്നു വരുന്പോൾ തല താഴ്ത്തിപ്പിടിച്ചു..അങ്ങിനെ, അങ്ങിനെ..ഒരു കാലത്തെ ഏക യാത്രാ മാർഗം അതായിരുന്നത് കൊണ്ട്, സമാനരീതിയിൽ യാത്ര ചെയ്തിരുന്ന നിരവധിപേർ അതെ ജീപ്പിന്റെ വശങ്ങളിൽ മുഴുവനും അള്ളി പിടിച്ചിരുന്നു കമ്പനി തരാൻ ഉണ്ടാവും. ഇപ്പൊ ആലോചിക്കുന്പോൾ വിചിത്രം എന്ന് തോന്നുമെങ്കിലും.
എന്നിരുന്നാലും, ഒരിക്കൽ, ഒരു പാതി യാത്ര മാത്രമേ ട്രെയിനിന്റെ ഡോറിൽ ഇരുന്നു യാത്ര ചെയ്തിട്ടുള്ളു.
അതത്ര രസമുള്ളത് അല്ല എന്ന് മാത്രമല്ല..ഡേഞ്ചർ ആണ്..വെറും ഡേഞ്ചർ അല്ല..ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ കട്ട ഡേഞ്ചർ.

ആ കഥയിങ്ങനെയാണ്…

കൊല്ലവർഷം..അല്ലെങ്കിൽ വേണ്ട..മില്ലേനിയം സ്റ്റാർസ് സിനിമ ഇറങ്ങിയതിനെ പിറ്റേ വർഷം.
ഡിഗ്രി ഫൈനൽ സെമസ്റ്റർ പരീക്ഷാ പേപ്പർ ഗര്ഭകാലത്തിന്റെ അവസാന ത്രൈമാസത്തെ ഗർഭിണിയുടെ വയറു പോലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രസവ വാർഡിൽ നിന്നും ഡെലിവറി തീയതിയും പ്രതീക്ഷിച്ചങ്ങനെ ഇരിപ്പാണ്. എപ്പോ വേണമെങ്കിലും അത് സംഭവിക്കാം ( കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ റിസൾട്ടുകൾക്ക് ഗര്ഭകാലത്തിന്റെ ദൈർഘ്യം ഏറെക്കുറെ ഉണ്ടായിരുന്ന കാലമാണ്).

ഒരു ഡിഗ്രി കൊണ്ടൊന്നും ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റില്ല എന്ന് സകല കരിയർ ഗൈഡൻസ് വിദഗ്ധരും മനോരമയിലും, മാതൃഭൂമിയിലും കോളമെഴുതുന്ന പതിവ് അന്നും ഉണ്ടായിരുന്നു, അത് വായിച്ചു മക്കളുടെ ഭാവിയെ കുറിച്ചോർത്ത് അച്ഛനമ്മമാർ നെടുവീർപ്പ് ഇടുന്നതും പതിവ് രീതികളിൽ പെടുമായിരുന്നു.
പരീക്ഷ കഴിഞ്ഞു, ഇനി റിസൾട്ട് വരുന്നത് വരെ മടി പിടിച്ചിരിക്കാം, ശാപ്പാടടിച്ചു കിടന്നുറങ്ങാം എന്നൊക്കെ വിചാരിച്ചിരുന്നാൽ പണി പാളുന്ന അന്തരീക്ഷം ആയിരുന്നു വീട്ടിൽ. രണ്ടു ദിവസം ചുരുണ്ടു കൂടി ഇരിക്കുന്നത് കണ്ടാൽ, മൂന്നാം ദിവസം ഓട്ടുപാൽ പെറുക്കാനും, പശൂനെ കുളിപ്പിക്കാനും, പറമ്പ് നനയ്ക്കാനും ഡ്യൂട്ടി കിട്ടും എന്ന് മനസിലാക്കി,സെമസ്റ്റർ എക്സാം കഴിഞ്ഞതിന്റെ പിറ്റേന്ന് കോഴിക്കോട് ET&T കമ്പ്യൂട്ടർ ഇന്സ്ടിട്യൂട്ടിൽ രണ്ടായിരം ക മാസ ശമ്പളത്തിൽ ജോലിക്ക് കയറിയ ബുദ്ധി രാക്ഷസൻ ആണ് ഈയുള്ളവൻ.

എനിവെയ്‌സ്…പറഞ്ഞു പറഞ്ഞു കാട് കയറി. കമിംഗ് റ്റു ദി മെയിൻ സ്റ്റോറി. ഈ കാലയളവിൽ നടന്ന മറ്റൊരു സംഭവം, കിട്ടാവുന്ന എൻട്രൻസുകളും ബാങ്ക് ടെസ്റ്റുകളും എഴുതുക എന്നതാണ്. ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ കോളേജിലെയും എംസിഎ/എം എസ് സി എൻട്രൻസ് ടെസ്റ്റുകൾ എഴുതി. പഠിച്ചു പ്രാക്ടീസ് ചെയ്തതൊന്നും ആവില്ല, ചിലപ്പോൾ ഫ്രണ്ട്സ് ന്റെ കൂടെ ആ പേരിൽ കറങ്ങാനുള്ള ഒരു സ്കോപ്പ് കണ്ടുള്ള പോക്കും ആവും.
അങ്ങിനെയാണ് ഏതോ ഒരു യൂണിവേഴ്സിറ്റിയുടെ എംസിഎ എൻട്രൻസ് എക്സാം എറണാകുളത്ത് വെച്ച് നടക്കുന്നതും അതിനു പോകാൻ പ്ലാൻ ഇടുന്നതും.

ഉച്ചക്ക് എപ്പോഴാ ആണ് ടെസ്റ്റ്. തലേന്ന് പോയി ലോഡ്‌ജിലൊക്കെ താമസിച്ചു കാശ് കളയണ്ടല്ലോ, രാവിലത്തെ ട്രെയിനില് കോഴിക്കോടുന്നു പോയാൽ മതി, എക്‌സാമും എഴുതി വൈകീട്ട് തിരികെ വീട്ടിലെത്താം. പോരാത്തതിന് കമ്പനിക്ക് സഹപാഠിയും ക്ളോസ് ഗഡിയുമായ സൂരജ് പിയും ഉണ്ട്.

ഈയവസരത്തിൽ മിസ്റ്റർ സൂരജിനെ കുറിച്ചൊരു രണ്ടു പാരഗ്രാഫ്-
സൂരജ്, നല്ല ഒരു ഗിറ്റാറിസ്റ് ആണ്..എനിക്ക് പാട്ടെഴുതാൻ പറ്റും എന്ന് മനസിലാക്കി തന്ന ആദ്യ മനുഷ്യൻ അവൻ ആണ്. ക്ലാസ് റൂമിൽ ഏതോ ഒരു അവറിൽ എഴുതി കൊടുത്ത ഒരു പാട്ട് ഓൺ ദി സ്പോട്ട് ട്യൂൺ ഇട്ടു തന്ന മഹാൻ (ഞങ്ങളൊക്കെ ഭയങ്കര കരിയറിസ്റ്റുകളും കോര്പറേറ്റ് സാലറി മോഹികളും ആയത് കൊണ്ട്, ആ ഷാൻ റഹ്‌മാനും മനു മഞ്ജിതും ഒക്കെ പച്ചരി വാങ്ങി പോകുന്നു- ഇല്ലേൽ കാണാമായിരുന്നു..ഏജ്‌ജാതി തള്ള്..ല്ലേ ). കോളേജിന്റെ തൊട്ടടുത്ത് വീടുള്ളവനും, ആ വീടു സുഹൃത്തുക്കൾക്ക് വേണ്ടി എപ്പോ വേണമെങ്കിലും തുറന്നിടുന്നവനും, ക്ലാസിൽ സ്വന്തമായി ബൈക്കുള്ള ഏക വ്യക്തിയും(പേഴ്സണൽ കമ്പ്യൂട്ടർ ഉള്ള രണ്ടാമനും) ആണ് മിസ്റ്റർ സൂരജ് എന്ന് കൂടി കൂട്ടിച്ചേർക്കട്ടെ.

ഇനിയും ആളെ പിടികിട്ടുന്നില്ലെങ്കിൽ ഒരു സംഭവം കൂടി പറയാം…
ക്ലാസിൽ അസൈൻ മെന്റ് തരുക എന്നൊരു ബോറൻ സ്വഭാവം സാറന്മാർക്ക് ഉണ്ടായിരുന്ന കാലമാണ്. അതി ബോറന്മാരായ പിള്ളേർസ് അതൊന്നും സബ്മിറ്റ് ചെയ്യാറില്ല. ഏതോ ഒരു അസൈൻമെന്റ് ദിവസം ആരും സബ്‌മിറ്റ് ചെയ്യാത്തതിന്റെ കലിപ്പിൽ നിൽക്കുകയാണ്..ദിനേശ് സാർ.
എന്താ വെയ്ക്കാത്തത് എന്ന ചോദ്യത്തിന് വെറൈറ്റി ഉത്തരം നൽകിയത് മിസ്റ്റർ സൂരജ് ആയിരുന്നു – “സാർ മറന്നു പോയി..”.
“നീയൊക്കെ ഉച്ചക്ക് ചോറ് കൊണ്ട് വരാൻ മറക്കൂല്ലല്ലോ” ദിനേശ് സാർ ക്ളീഷേ ഡയലോഗ് വെച്ച് കീറിയതും, ക്ലാസ് ഡോറിൽ വന്നു സൂരജിന്റെ പേര് ആരോ വിളിച്ചതും ഒരുമിച്ചായിരുന്നു.
പുറത്തു പോയ സൂരജ് കള്ള ചിരിയോടെ തലകുനിച്ചു കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി തിരിച്ചു വന്നു.
ഒരാവിശ്യവുമില്ലാതെ, ആരും ചോദിക്കാതെ അവൻ പറഞ്ഞു..
“അച്ഛനാ വന്നത്, ഉച്ചക്കത്തേക്കുള്ള ചോറ് കൊണ്ട് വരാൻ മറന്നു പോയി..അതും കൊണ്ട് വന്നതാ..മൂപ്പർ” !!
ക്ലാസ് ചിരിച്ചു മറിഞ്ഞു എന്നാണ് ഓർമ്മ.

എഴുതി എഴുതി അവനു പത്മശ്രീ വാങ്ങിക്കൊടുക്കാൻ ഒന്നും അല്ലല്ലോ..സോ, ആ വ്യക്തി പൂജ ഇവിടെ നിർത്തുന്നു.

കൊച്ചിയിലേക്കുള്ള യാത്രക്ക് സൂരജ് ആണ് കമ്പനി. സൂരജിന്റെ വീട്ടിൽ കിടന്നുറങ്ങുന്നു. രാവിലെ ബൈക്ക് എടുത്ത് റെയിൽവേ സ്റ്റേഷനിൽ ചെല്ലുന്നു, ഫസ്റ്റ് ട്രെയിൻ പിടിക്കുന്നു, എക്സാം എഴുതുന്നു തിരിച്ചു വരുന്നു. അത്രയേ ഉള്ളൂ പ്ലാൻ.

രണ്ടു പേരും എന്തായാലും ഒന്നും പഠിച്ചിട്ടില്ല എന്നാൽ പിന്നെ സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞു സെക്കന്റ് ഷോ സ്‌പൈഡർമാൻ കാണാൻ ക്രൗൺ തീയേറ്ററിൽ പോകുന്നു.
പിറ്റേന്ന് അതി വെളുപ്പിനെ എഴുന്നേറ്റ്, സൂരജിന്റെ ആന്റി ഉണ്ടാക്കി തന്ന ചൂടൻ ഇഢലിയും ചായയും കഴിച്ചു രാവിലത്തെ ട്രെയിനിൽ എറണാകുളത്തേക്ക് വെച്ച് പിടിച്ചു.

*******
ട്രെയിൻ ഫുൾ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമില്ല. ആകെ ഉള്ളത് ഡോറിന്റെ സൈഡിൽ ആണ്. എന്നാ പിന്നെ, അവിടെ ഇരിക്കാം എന്ന് പറഞ്ഞു ഞങ്ങൾ രണ്ടു പേരും ഇരിപ്പ് പിടിച്ചു. കാലുകൾക്ക് അടിയിലൂടെ പാളങ്ങൾ ഓടി മറഞ്ഞു. പുഴകൾ, ചായം അടിച്ച വീടുകൾ..കടലുണ്ടിയിൽ മറഞ്ഞു കിടക്കുന്ന പാളം തെറ്റിയ ബോഗികൾ എല്ലാം.
ഞങ്ങൾ രണ്ടു പേരും വൻ കത്തിയടിയിലാണ്. ഇതിനിടയ്ക്ക് സ്റ്റേഷൻ വരും. ട്രെയിൻ നിർത്തുന്പോൾ ഇറങ്ങും, നമ്മൾക്ക് റിസർവേഷൻ ഉള്ള സീറ്റ് ആണെന്ന മട്ടിൽ പിടി വിടാതെ അവിടെ തന്നെ നിൽക്കും, ട്രെയിൻ നീങ്ങി തുടങ്ങുന്പോൾ ചാടിക്കയറി പടിയിൽ ഇരിക്കും.
ഈ പരിപാടി ഞങ്ങൾക്ക് ഇഷ്ടപ്പെട്ട് വരുന്പോഴാണ്, ഒരാവിശ്യവുമില്ലാതെ ഒരമ്മാവൻ വന്ന് ഉപദേശം തുടങ്ങിയത്.
നിങ്ങളിങ്ങനെ ഇരുന്നാൽ യാത്രക്കാർ എങ്ങിനെ ഇറങ്ങും എന്നായിരുന്നു അമ്മാവന്റെ ആശങ്ക. സ്റ്റേഷനിൽ എത്തുന്പോൾ ഇറങ്ങി തന്നാൽ പോരെ, എന്ന് ഞങ്ങൾ മറുപടി കൊടുത്തു.
എന്നിട്ടും അയാൾ വിടാതെ ശല്യം ചെയ്ത് തുടങ്ങി. ട്രെയിൻ സ്റ്റേഷനിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതിന്റെ പാർട്ട് ആയിട്ടുള്ള വേഗത കുറവ് വന്നു തുടങ്ങി.
ഇവിടെ ഇറങ്ങാനുള്ളതാണ്, നിങ്ങൾ ഇങ്ങനെ ഇരുന്നാൽ ഇറങ്ങാൻ പറ്റില്ല എന്നൊക്ക പറഞ്ഞു അമ്മാവൻ ഒരേ വാശി.
എന്നാൽ താനങ്ങു ഇറങ്ങു എന്ന് പറഞ്ഞു ഞാൻ പടിയിൽ നിന്നും പ്ലാറ്റഫോമിലേക്ക് കാൽ വെച്ചു.

ട്രെയിൻ പൂർണ്ണമായി നിന്നിരുന്നില്ല…അത് കൊണ്ട് ആദ്യം ഒന്ന് ഓടി..പിന്നെ ഒന്ന് വട്ടം കറങ്ങിയത് പോലെ ഓർമ്മയുണ്ട്..പ്ലാറ്റ്‌ഫോമിൽ നിലത്തടിച്ചു വീണു…ട്രെയിനിനൊപ്പം നിരങ്ങി, പ്ലാറ്റഫോമിൽ നിന്നിരുന്ന ഫ്‌ളാഗ്‌മാന്റെ കാൽ ചുവട്ടിലേക്ക് ഞാൻ ലാൻഡ് ചെയ്തു.
ഇതൊക്കെ ഫ്രാക്ഷൻ ഓഫ് സെക്കൻസിൽ നടന്നു..

“പുരുഷു അനുഗ്രഹിക്കണം” പോസിൽ(ലാൽ ജോസ് മീശമാധവൻ പിടിച്ചത് പിന്നെയും ഒന്നര വർഷം കഴിഞ്ഞാണ് ..) ഫ്‌ളാഗ്‌മാന്റെ കാൽ ചുവട്ടിൽ കിടക്കുകയാണ് ഞാൻ. പുള്ളിയുടെ കയ്യിലെ റെഡ് ഫ്‌ളാഗ് ഉലച്ചിൽ സ്ലോ മോഷനിൽ എനിക്ക് കാണാം.
മരിച്ചോ..അതോ ജീവനുണ്ടോ എന്ന കൺഫ്യൂഷൻ .മരണമെത്തുന്പോൾ ചുവപ്പ് കൊടി കാണുമോ..മിസ്റ്റർ കാലൻ ആണോ എന്റെ മുന്നിൽ..നോ ബ്ലഡി ക്ലൂസ്.
എല്ലാം സ്ലോ മോഷനിൽ.

ആരോ എന്നെ പിടിച്ചെഴുന്നേല്പിച്ചു. എനിക്കാണെങ്കിൽ എല്ലാം സ്ലോ മോഷൻ..ബാൿഗ്രൗണ്ടിൽ കിടിലൻ സംഗീതം മുഴങ്ങുന്നത് എനിക്ക് കേൾക്കാം (അതൊക്കെ നല്ല ഇമ്പമുള്ള തെറികൾ ആയിരുന്നു എന്ന് പിന്നീട് സൂരജ് പറഞ്ഞറിഞ്ഞു..അവനതൊക്കെ കേൾക്കാമായിരുന്നത്രെ.അത്ഭുതം അല്ലെ..)

കാലു രണ്ടും നിലത്തറച്ചപ്പോൾ..ചുവപ്പ് കൊടി നോക്കി മുഷ്ടി ചുരുട്ടി ലാൽ സലാം പറഞ്ഞു, വേറെ ഒന്നും മിണ്ടാതെ, തലയും കുനിച്ചു ഞാൻ കമ്പാർട്ട്മെന്റിലേക്ക് കയറി പോയി. എന്താണ് നടക്കുന്നത് എന്നറിയാൻ സീറ്റ് വിട്ടു എഴുന്നേറ്റ് പോയ ആരുടെയോ ഒരു സീറ്റിൽ കയറി ഇരിപ്പുറപ്പിച്ചു.
പുറത്ത് സൂരജ് നിന്ന് വിയർക്കുന്നു. അവന്റെ ചുറ്റും ആളുകൾ കൂടി എന്തൊക്കയോ പറയുന്നു.
ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി. സൂരജ് എന്റെ സീറ്റിനടുത്തേക്ക് വന്നപ്പോഴേക്കും “തിരുന്നാവായ” എന്നെഴുതിയ ബോർഡ് ഞങ്ങളെ കടന്നു പിന്നോട്ട് പോയി.
ഫ്‌ളാഗ് പിടിച്ചു നിൽക്കുന്ന മനുഷ്യൻ പിന്നെയും ഉറക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ കയ്യിലിരുന്നു പച്ച ഫ്‌ളാഗ് കാറ്റിൽ ഉലഞ്ഞു.

സൂരജ് അടുത്ത് വന്നിരുന്നു-
“നല്ല തെറിയായിരുന്നു..”
ഞാൻ മൗനം വെടിഞ്ഞിട്ടില്ല.
“അയാളെ കുറ്റം പറയാൻ പറ്റില്ല. ഇന്നലെ ഇതേ ട്രെയിനിൽ നിന്ന് ഇതേ പോലൊരുത്തൻ അയാളുടെ മുന്നിലൂടെയാണ് പാളത്തിലേക്ക് വീണ് ചതഞ്ഞരഞ്ഞത്…അതിന്റെ ഷോക്ക് മാറാതെ നിൽക്കുന്പോഴാണ് നീ ചെന്ന് വീണത്..”
വീണ്ടും മൗനം.
“നിനക്ക് എന്തെങ്കിലും പറ്റിയോ..”
കയ്യിലൂടെ ഒരു നീറ്റൽ അരിച്ചു വരുന്നത് ഞാൻ അറിഞ്ഞു. പ്ലാറ്റ്‌ഫോമിൽ ഉരഞ്ഞു തൊലി പോയിരിക്കുന്നു.
ചുവപ്പ് ചോര ഒലിച്ചിറങ്ങുന്നു..ടോയിലറ്റിന് അടുത്ത് പോയി ഞാൻ ചോര മുഴുവൻ കഴുകി കളഞ്ഞു. അടുത്ത കമ്പാർട്മെന്റിൽ പോയിരുന്നെങ്കിലും എറണാകുളം വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.

******
നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന്, ആദ്യം കണ്ട മെഡിക്കൽ ഷോപ്പിൽ പോയി ബാന്ഡേജ്തും മരുന്നും വാങ്ങി കെട്ടി.
ബാൻഡ് ഏജ് വാങ്ങാൻ പൈസ കൊടുക്കുന്പോൾ ഞാൻ സെന്റി അടിച്ചു…
“Walkman വാങ്ങാൻ വെച്ച പൈസയായിരുന്നു..”
“പിന്നെ, അൻപത് ഉറുപ്പിക കൊണ്ടല്ലേ..നീയ് വാക് മാൻ വാങ്ങാൻ പോകുന്നത്..ഒന്ന് പൊയ്ക്കാ ചെക്കാ..”

*******
എക്സാം കഴിഞ്ഞു, മടക്ക യാത്ര ഏതോ ട്രെയിനിൽ..ഭാഗ്യത്തിന് ഇപ്രാവശ്യം സീറ്റ് കിട്ടി.
തിരുന്നാവായ സ്റ്റേഷനിൽ വെച്ച് നാട്ടുകാരുടെ തെറി കേൾക്കേണ്ടി വന്നതിന്റെ പ്രതികാരം മുഴുവൻ സൂരജ്,
ആ യാത്രയിൽ ഭംഗിയായി തീർത്തു.

സഹയാത്രികർ കേൾക്കെ ഇടയ്ക്കിടയ്ക്ക് ചോദിക്കും..
“നിന്റെ കയ്യിന്റെ വേദന എങ്ങിനെ ഉണ്ട്..ബ്ലഡ് നിന്നോ..”
എന്ത് പറ്റിയതാ എന്ന് ആരെങ്കിലും തിരക്കിയാൽ..
“രാവിലെ ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്തതാ..കാൽ തെറ്റി പ്ലാറ്റഫോമിൽ വീണു..”
“ഹോ…ഭീകരം…ചത്ത് പോകാൻ വേറെ വഴിയെന്തെങ്കിലും വേണോ ” എന്ന് ചോദിച്ചു ഓരോരുത്തരും എന്നെ ശകാരിക്കും, ഉപദേശിക്കും. അതിലൊക്കെ കഠിനമായി…ട്രെയിൻ തട്ടി മരിച്ച തങ്ങളുടെ പരിചയക്കാരുടെ, കേട്ടു പരിചയക്കാരുടെ കഥകൾ പറയും.
ഓരോ പുതിയ യാത്രക്കാരൻ വരുന്പോഴും സൂരജ് ഈ പരിപാടി ആവർത്തിക്കും. എന്നിട്ട് അവൻ ഒന്നും അറിയാത്തവനെ പോലെ അവരുടെ കൂടെ ചേർന്ന് എന്നെ ഉപദേശിക്കും.

*******

കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങി, പാളയം സ്റ്റാൻഡിലേക്ക് സൂരജിന്റെ ബൈക്കിൽ പോവുന്പോൾ അവൻ ചോദിച്ചു.

“അല്ലിഷ്ടാ നീയെങ്ങിനെയാണ് ആ അൻപത് ഉറുപ്യക്ക് വാക് മാൻ വാങ്ങാൻ പോകുന്നെ..”
ഞാനും ആലോചിച്ചു കൊണ്ടിരുന്നത് അത് തന്നെയായിരുന്നു..അൻപത് രൂപ വാക് മാൻ വാങ്ങാം എന്ന് അപ്പോൾ പറഞ്ഞത് എന്തിനായിരുന്നു.

****
കൈയിലെ തൊലി പോയ മുറിവ് പാടായി കുറെ കാലം കൂടെ ഉണ്ടായിരുന്നു.
അൻപത് രൂപക്ക് വാക് മാൻ വാങ്ങാൻ പറ്റുമോ എന്ന ചോദ്യവും !!

2 Comments Add yours

  1. ഹഹഹ ന്റെ ഇഷ്ട്ടാ 🙂 അസ്സലായി…. ബംഗാളികൾ ഇങ്ങനെ തൂങ്ങി തൂങ്ങി ട്രെയിനിൽ പോകുമ്പോൾ ഞാൻ ഇപ്പോളും കണ്ണും മിഴിച്ചു നോക്കി നിൽക്കാറുണ്ട്…. അവരുടെ ആ ധൈര്യത്തെ വാനോളം പുകഴ്ത്തും….. എനിക്ക് ആണെങ്കിൽ ട്രെയിൻ ദൂരേന്നു വരുന്നത് കാണുമ്പോൾ തന്നെ തല കറങ്ങും പോലെ തോന്നും……. ട്രെയിന്റെ വാതിൽ പടി ശരിക്കും മരണത്തിന്റെ ഒരു തുറന്ന വായ തന്നെ അല്ലെ !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )