ക്രൈം !!


“ചീഫ് ഇൻസ്പെക്ടർ മൈ ലൈഫ് ഈസ് ഇൻ ഡേഞ്ചർ. പ്ലീസ് ഹെല്പ് മീ.. “
രാവിലെ ഫോണിൽ വന്ന മെസേജ് ആണ്. അയച്ചത് ഡൊമിനിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾ പിന്നാലെ കൂടിയിരിക്കുകയാണ്. ആരോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് അയാളുടെ ഭയം.
രണ്ടു മൂന്നു ആഴ്ചകൾക്കിടെ ഇത് മൂന്നാമത്തയോ നാലാമത്തെയോ മെസേജ് ആണ് അവന്റെ കയ്യിൽ നിന്നും കിട്ടുന്നത്.
കാപ്പിയുടെ കൂടെ ക്രീം ഇടുന്നതിനിടെ പുരികമുയർത്തി ജൂലി വീണ്ടും ചോദിച്ചു. ആരാണ് ഡൊമിനിക് ആണോ.
“അതെ”
“പതിവ് അപായ ഭീഷണിയും പേടിയും..” കാപ്പി ഒഴിച്ച കപ്പ് എനിക്ക് കൈമാറി അവൾ വീണ്ടും ചികഞ്ഞു.
“അത് തന്നെ ..”
“നിങ്ങൾ  തുടർച്ചയായി ഇങ്ങനെ. അവഗണിച്ചാൽ അവൻ എന്തെങ്കിലും കടും കൈ ചെയ്തു കളയും കേട്ടോ..ടേക് ഹിം സീരിയസിലി..”
ഇതിനിടെ ഫോൺ ശബ്ദിച്ചു. ജൂലി ഫോണെടുത്ത് എനിക്ക് കൈമാറി.
“നീ പറഞ്ഞത് ശരിയാണ്, സംഗതി എസ്കലേറ്റ് ആയി..”
കാർ ഡ്രൈവ് ചെയ്തു ഡൊമിനിക്കിന്റെ വീട്ടിലേക്ക് പോകുന്ന വഴി നിറയെ മഴ പെയ്തിരുന്നു. ആളുകൾ കറുത്ത കോട്ടും, ദേഹം മറയ്ക്കുന്ന വലിയ കുടയുമായി റോഡരികിലൂടെ തിരക്കിട്ടു പോകുന്നു. മഞ്ഞുകാലത്തിനു മുന്നേ പൊഴിയേണ്ട ഇലകൾ കാലം തെറ്റി വന്ന മഴയിൽ പൊഴിഞ്ഞത് ഓടകളിൽ കുരുങ്ങി കിടക്കുന്നു. മഞ്ഞയും, ഓറഞ്ചും ചെം ചുവപ്പും നിറത്തിലുള്ള ഇലകൾക്ക് മീതേക്കൂടി മഴ പെയ്ത വെള്ളം കുത്തിയൊലിച്ചു ഒഴുകി പോവുന്നു.
നഗരത്തിലെ തന്നെ ഏറ്റവും ഇടുങ്ങിയ ഒരു തെരുവിലായിരുന്നു ഡൊമിനിക് താമസിച്ചിരുന്നത്. മുൻപ് ഒരിക്കലെപ്പോഴോ ഇവിടെ വന്നിട്ടുണ്ട്. എന്റെ സാന്നിധ്യം ചിലപ്പോൾ അവന്റെ ജീവന് ഭീഷണിയായിത്തീർന്നേക്കാം എന്നൊരു പേടി അവന്റെ ഉള്ളിൽ തോന്നിയത് കൊണ്ടാവണം പിന്നീടുള്ള സന്ദർശനങ്ങളെ അവൻ വിലക്കിയത്.
ഇടുങ്ങിയ തെരുവിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക് ചെയ്തതിന് ഇടയിലൂടെ കാർ വളവു തിരിഞ്ഞു ഡൊമിനിക്കിന്റെ അപ്പാർട്മെന്റിന് മുന്നിലേക്ക് എത്തി. ആറു നിലയുള്ള, ഒരു പഴയ  കെട്ടിടം. നഗരത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ താമസിക്കാൻ കിട്ടാവുന്ന മാസ വാടകയുള്ള ഒന്നു.
തെരുവ് അതിന്റെ പ്രതാപ കാലത്ത് സമീപത്തുള്ള ഫാക്ടറിയിലെ ജീവനക്കാർ ആയിരുന്നു അവിടെ താമസിച്ചിരുന്നത്. ഫാക്ടറി പൂട്ടിയതോടെ, കുറേക്കാലം ഒഴിഞ്ഞു കിടന്നു, ഒടുവിൽ പൊതു ജനത്തിന് തുറന്നു കൊടുത്തിട്ട് പത്തോ പതിനഞ്ചോ വർഷങ്ങളെ ആയിട്ടുള്ളു.
നഗരത്തിലെ ഭക്ഷണശാലകളിലും, ബാറുകളിലും, ഓഫീസ് സമുച്ചയങ്ങളിലും ക്ളീനിംഗ് ജോലിക്ക് നിൽക്കുന്ന തൊഴിലാളികളാണ് അപ്പാർട്മെന്റിലെ ഭൂരിഭാഗം താമസക്കാരും. എല്ലാവരും പുറത്തു നിന്നുള്ളവർ. ആർക്കും തമ്മിൽ തമ്മിൽ പരിചയങ്ങൾ ഇല്ല. മിക്കവരും പുറം രാജ്യങ്ങളിൽ നിന്നുള്ളവർ. അവരിൽ ചിലർ ഒരു പക്ഷെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർ ആവാം.
അപാർട്മെന്റിന്റെ താഴത്തെ നിലയിൽ, ഗോവണിയോട് ചേർന്നാണ് കെയർടേക്കർ ആയ തടിച്ചി താമസിക്കുന്നത്. ആരോടും അത്രയധികം സംസാരിക്കാത്ത പ്രകൃതം. വാ തുറന്നെന്തെങ്കിലും സംസാരിച്ചിട്ട് ചിലപ്പോൾ വർഷങ്ങളായി എന്ന് തോന്നിക്കും മുടന്തി മുടന്തിയുള്ള അവരുടെ വാക്കുകൾ പുറത്തു വരുന്നത് കേട്ടാൽ. പ്രയോഗിക്കേണ്ടത് എങ്ങിനെയാണ് എന്നറിയാതെയുള്ള വാക്കുകളുടെ പരതൽ പ്രകടമായിരുന്നു ആദ്യ സംഭാഷണത്തിൽ ഉടനീളം.
ഡൊമിനിക്കിന്റെ നേർക്കുള്ള ഭീഷണിയെ കുറിച്ച് ആദ്യ കാഴ്ചയിൽ ചോദിച്ചപ്പോൾ, അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
“ഓ ആ മടിയൻ..അവൻ വെറുതെ പറയുന്നതാണ്..” മടിയൻ എന്നാണോ മഠയൻ എന്നാണോ പറയേണ്ടത് എന്ന തിട്ടമില്ലായ്ക അവർ അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.
ഡൊമിനിക്കിന്റെ ഫ്‌ലാറ്റ് നാലാം നിലയിൽ ആണ്. ആ ബ്ലോക്കിൽ ആകെ രണ്ടു പേര് മാത്രമേ താമസിക്കുന്നുള്ളു. ഡൊമിനിക്കിന്റെ കൂടെ അയാളുടെ ഭാര്യയുണ്ട്. പകൽ മുഴുവൻ ഡൊമിനിക് വീട്ടിൽ തന്നെയിരിക്കും. വായിക്കും അല്ലെങ്കിൽ ടിവി കാണും ഇതായിരുന്നു എന്ത് ചെയ്യും പകൽ മുഴുവൻ എന്ന് ചോദിച്ചപ്പോൾ അയാളുടെ പ്രതികരണം.
ഭാര്യ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ മുഴുവൻ നേരവും അയാൾ തന്റെ തടിയൻ കുഷ്യനിൽ ഇരുന്നു ടിവി കണ്ടു കൊണ്ടേയിരിക്കും. ക്രൈം ത്രില്ലറുകൾ ആണ് അയാളുടെ ഇഷ്ട വിഷയം. അത് കൊണ്ട് തന്നെയാണ്, ഏതോ വൈകുന്നേരം തെരുവിലൂടെ നടക്കാൻ ഇറങ്ങിയ തന്നെ ആരോ പിന്തുടരുന്നു എന്ന തോന്നലിൽ എന്റെ നമ്പർ ചികഞ്ഞു കണ്ടു പിടിച്ചു എനിക്കയാൾ ആദ്യം മെസേജ് അയച്ചത്.
ഞാൻ ചെല്ലുന്പോൾ ഡൊമിനിക്കിന്റെ ഫ്‌ളാറ്റിൽ രണ്ടു ഓഫീസർമാർ ഇരിക്കുന്നുണ്ട്. മൂന്നാമതൊരാൾ അയാളുടെ ഭാര്യയോട് സംസാരിക്കുന്നു. സംഭവം നടക്കുന്പോൾ അവരും വീട്ടിലുണ്ടായിരുന്നല്ലോ.
അയാളുടെ ബ്ലോക്കിലെ രണ്ടാമത്തെ ഫ്‌ളാറ്റിലെ വാതിലിനു മുന്നിൽ മറ്റൊരു ഓഫീസർ നിൽക്കുന്നുണ്ട്.
ആ ഫ്‌ളാറ്റിനുള്ളിൽ സാധനങ്ങൾ അരിച്ചു പെറുക്കി മറ്റു രണ്ടു ഓഫീസർമാരും ഉണ്ടെന്ന് അയാൾ സൂചിപ്പിച്ചു.
എന്നെ കണ്ട മാത്രയിൽ ഡൊമിനിക് സീറ്റിൽ നിന്നും എഴുന്നേറ്റു. ഭീതി കൊണ്ടയാളുടെ മുഖം വിളറിയിരുന്നു.
അയാൾ എന്റെ കൈകൾ കൂട്ടി പിടിച്ചു. അയാളുടെ കൈ വിറയ്ക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
“ചീഫ് ഇൻസ്‌പെക്ടർ..ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞപ്പോൾ..നിങ്ങൾ വിശ്വസിച്ചില്ല…ഇന്ന്..ഇന്ന്..എന്തോ ഭാഗ്യം കൊണ്ടാണ് നമ്മൾ തമ്മിൽ ഇപ്പോൾ സംസാരിക്കുന്നത്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്റെ ശവം ആയിരുന്നു കാണേണ്ടി ഇരുന്നത്..” സംസാരിക്കുന്പോൾ വാക്കുകൾ മുറിഞ്ഞും വിറച്ചും അയാളുടെ ഭീതിയുടെ തോത് എന്നിലേക്ക് എത്തിച്ചു.
ഞാൻ അയാളുടെ കൈകൾക്ക് മുകളിൽ എന്റെ കൈപത്തി ചേർത്ത് വെച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചീഫ് ഇൻസ്‌പെക്ടർ..എനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞപ്പോൾ..നിങ്ങൾ വിശ്വസിച്ചില്ല. ഇന്ന് കണ്ടില്ലേ..അവൻ ഒടുവിൽ എന്നെ തേടി വന്നു…ഇത്രയും കാലമായി..എന്നെ പിന്തുടർന്നത് അവനായിരുന്നു. ഇന്നെന്നെ കൊല്ലാൻ ശ്രമിച്ചവൻ..അവൻ ഒറ്റയ്ക്കല്ല….”
അയാൾ നടന്ന സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു പക്ഷെ കഴിഞ്ഞ ഒന്നര മണിക്കൂറിനുള്ളിൽ അയാൾ ഇത് പല തവണ ആവർത്തിച്ചിരിക്കണം.
ഞാൻ പതുക്കെ അയാളുടെ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഓഫീസിലേക്ക് യാത്ര തിരിച്ചു.
മറ്റു ചില പ്രധാനപ്പെട്ട കേസുകളെ കുറിച്ചുള്ള ചർച്ചകൾക്കിടയിലും എന്റെ മനസ് ഡൊമിനിക്കിന്റെ ഫ്‌ളാറ്റിൽ നടന്ന സംഭവത്തെ കുറിച്ച് ആയിരുന്നു.
നിരവധി വർഷം ജോലി പരിചയമുള്ള. സമാനമായ നിരവധി കേസുകൾ നഗരത്തിന്റെ പല കോണുകളിൽ ദിവസേനയെന്നോണം കണ്ടിട്ടുള്ള എനിക്ക് ഒരു പക്ഷെ അതൊരു നിസാര കേസ് ആവാം. അതിലും വലിയ പിടികിട്ടാ കേസുകൾ ചുരുളഴിക്കുക എന്നതാണ് എന്റെ ജോബ് ഡിസ്‌ക്രിപ്‌ഷൻ.
ഡൊമിനിക്കുമായി ആഴ്ചകളോ മാസങ്ങളോ മാത്രം ഉള്ള പരിചയമേ ഉള്ളൂ. ആൾ നല്ലൊരു ചെറുപ്പക്കാരൻ ആണ് എന്നേ തോന്നിയിട്ടുള്ളൂ. ടിവി സീരീസുകൾ കണ്ട് രൂപപ്പെടുത്തിയ വിഭ്രാന്തിയിൽ നിന്നുണ്ടായ ചില തെറ്റിദ്ധാരണകൾ ആവണം അവന്റേത്. അല്ലാതെ അത്തരം ഒരു ചെറുപ്പക്കാരനോട് ആർക്ക് വൈരാഗ്യം തോന്നാനാണ്. ഹീ ഈസ് എ നൈസ് ചാപ്.
ഓഫീസ് ഡോറിൽ രാജുവിന്റെ മുട്ട് കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.
രാജു ഞങ്ങളുടെ ടീമിലെ പുതിയ അംഗം ആണ്. ഒരു ഇമിഗ്രന്റ് ആയി ഈ നാട്ടിൽ വന്നു, കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രം പോലീസ് ടീമിൽ എത്തിയ ഒരു ചെറുപ്പക്കാരൻ. എപ്പോഴെങ്കിലും ചിന്താക്കുഴപ്പത്തിൽ ആവുന്പോൾ രാജുവിന്റെ ചില ചിന്തകൾ യഥാർത്ഥ പ്രശ്നത്തിലേക്ക് കടന്നു ചെല്ലാനുള്ള വഴി തെളിക്കാറുള്ളത് കൊണ്ട് എനിക്ക് ആ ചെറുപ്പക്കാരനെ ഇഷ്ടമായിരുന്നു.
“എന്താണ് പുതിയ വിശേഷം രാജശേഖർ വെങ്കടേശ്വര നരസിംഹ റാവു..”
“ഓ..സാർ എന്റെ പേര് മുഴുവൻ തെറ്റാതെ പറയാൻ പഠിച്ചു..”
“സാർ വിളി ഒഴിവാക്കണം എന്ന് പലതവണ പറഞ്ഞിട്ടുള്ളതാണ്..എന്താണ് പുതിയ വിശേഷം..”
“ഓ..സോറി…ചീഫ്..ഞാൻ ഈയിടെയായി ജാതകങ്ങളെ കുറിച്ചാണ് പഠിക്കാറു..ആളുകളെ നിരീക്ഷിച്ചു ജാതകം, പിറന്ന മാസം വെച്ച് ആളുകളുടെ സ്വഭാവം കണ്ടു പിടിക്കുക…ഇന്ത്യൻ മിത്തോളജി എന്ന് വേണമെങ്കിൽ പറയാം. “
“ഇന്ററസ്റ്റിങ്..”
“ഇപ്പൊ തന്നെ, സാർ ജനിച്ചത് ആഗസ്ത് മാസം അല്ലെ..”
“അല്ല..ഏപ്രിൽ ആണ്..”
“ഓ..കാൽക്കുലേഷൻ എറർ. എനിവെയ്‌സ്..ഈ ഡിപ്പാർട്മെന്റിലെ എത്ര പേർ സ്വന്തം ഓഫീസിൽ  കുടുംബത്തിന്റെ ഫോട്ടോ വെക്കാറുണ്ട് എന്നറിയാമോ..ഒരാൾ മാത്രം..ചീഫ് ഇൻസ്‌പെക്ടർ..താങ്കൾ ഒരു ഫാമിലി മാൻ ആണ്. “
“കം റ്റു ദി പോയിന്റ് ..രാജു..”
“ആ ഡൊമിനിക്കിന്റെ ഗ്രഹനില ശരിയല്ല..അവന്റെ ഗ്രഹനില വെച്ച് നോക്കിയാൽ അവന്റെ സ്വന്തം ഭാര്യ പോലും അവനെ വിശ്വസിക്കുന്ന നിലയിൽ അല്ല..അവൻ എന്ത് പറഞ്ഞാലും ആളുകൾ മൈൻഡ് ചെയ്യുകയേ ഇല്ല..”
“തന്നോട് ആര് പറഞ്ഞു ആ കേസ് നോക്കാൻ. അതൊരു ലോക്കൽ പോലീസ് കേസ് ആണ്. നമ്മുടെ ടീമിന്റെ യാതൊരു ഇൻവോൾവ്മെന്റും അതിൽ വേണ്ട. “
“അല്ല സാർ ..ചീഫ് ..ഞാനൊരു കൗതുകത്തിന്റെ പുറത്ത് നോക്കിയതാണ്..”
“ഉം..എന്നാലും താൻ പറഞ്ഞത് ശരിയാണ്. എനിക്കയാളുടെ വേർഷൻ അത്രക്ക് വിശ്വാസം ആയിട്ടില്ല..അയാളുടെ ബ്ലോക്കിൽ താമസിക്കുന്ന മറ്റേയാളുടെ മുറിയും, അപ്പാർട്മെന്റിലെ കുപ്പ വരെ അരിച്ചു പെറുക്കിയിട്ടും ഡൊമിനിക് പറഞ്ഞത് പോലെ തോക്കോ മറ്റ് ആയുധങ്ങളോ ഇത് വരെ കണ്ടെത്തിയിട്ടില്ല. “
“ശരിയാണ് ചീഫ്. ഞാൻ ഇതിനിടയില് പൊലീസിന് അയാൾ കൊടുത്ത സ്റ്റേറ്റ്മെന്റ് വായിച്ചു നോക്കി..തോക്കുമായി ആ പോളിഷ് പൗരൻ – ബിറ്റ് വീൻ പോലീസ് അറസ്റ്റ് ചെയ്ത തോമസ് സ്ലവോസ്കി പോളിഷ് പൗരൻ ആണ്..അയാൾക്ക് എതിരെ കേസൊന്നും നിലവിൽ ഇല്ല..പോലീസ് വെരിഫിക്കേഷൻ ഇൻ പ്രോഗ്രസ്..പറഞ്ഞു വന്നത്, തോമസ് തോക്കുമായി വാതിലിനു മുന്നിൽ നിൽക്കുന്നത് കണ്ടു എന്നാണ് ഡൊമിനികിന്റെ മൊഴി. കഴിഞ്ഞ കുറെ ആഴ്ചകളായി ഡൊമിനിക് തോമസിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നത്രേ. അയാൾക്ക് പല തവണയായി കിട്ടിയ പാഴ്സലുകളുടെ എണ്ണം ആണ് ഡൊമിനിക്കിന് അയാളിൽ സംശയം ഉണ്ടാക്കിയത്. എന്തോ വലിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുകയായിരുന്നു അയാൾ എന്നാണ് ഡൊമിനിക്കിന്റെ ചിന്ത പോയത്. ഇനി വല്ല തീവ്രവാദ ആക്രമണമോ മറ്റോ പ്ലാനിംഗ് ആണോ എന്നറിയാത്തത് കൊണ്ട് അയാൾ പോലീസിൽ അലേർട്ട് കൊടുത്തു എന്നും അപ്പാർട്മെന്റിലെ മറ്റു അന്തേവാസികൾക്ക് നോട്ടീസ് കൊടുത്തു എന്നും അതിന്റെ പ്രതികാരമായിട്ടാണ് തോമസ് തോക്കുമായി ഡൊമിനിക്കിനെ കൊല്ലാൻ ചെന്നത് എന്നതാണ് അയാളുടെ മൊഴി..”
“പക്ഷെ..ഇവിടെ സാക്ഷികൾ ഇല്ലല്ലോ..അയാളുടെ വേർഷൻ മാത്രമല്ലേ നമുക്കറിയൂ..ഒരു പക്ഷെ, ഞാൻ മുൻപ് പറഞ്ഞത് പോലെ അയാളുടെ ഒരു വിഭ്രാന്തി ആണെങ്കിലോ..തോമസിനെ കുറിച്ച് മറ്റു താമസക്കാരുടെ അഭിപ്രായം എന്താണ്. “
“ചീഫ്..പറഞ്ഞത് പോലെ തന്നെയാണ് മിക്കവരുടെയും അഭിപ്രായം. മിക്കവരും ഡൊമിനിക്കിനെ സീരിയസ് ആയി എടുത്തിട്ടേയില്ല. പ്രശ്നക്കാരൻ ഒന്നും അല്ലാത്ത ഒരു ചെറുപ്പക്കാരൻ അതിനപ്പുറം എല്ലാം അവന്റെ വിഭ്രാന്തി ആണെന്നാണ് അവരുടെ അഭിപ്രായം. മിക്കവരും എന്ന് പറയുന്പോൾ മൂന്നോ നാലോ പേര് മാത്രമേ പോലീസിനോട് സഹകരിച്ചിട്ടുള്ളു. ബാക്കിയുള്ളവർ പുതിയ കുടിയേറ്റ നിയമത്തിന്റെ നൂലാമാലകൾ ഓർത്തിട്ടാണോ എന്നറിയില്ല സഹകരിക്കുന്നതേയില്ല. “
“രാജു. എനിക്കിനിയും മനസിലാകാത്തത്, ആ കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത താങ്കൾ എങ്ങിനെയാണ് ഇത്രയും വിവരങ്ങൾ മനസിലാക്കിയത്. ലോക്കൽ പോലീസുമായി അത്ര ബന്ധമുണ്ടോ. “
“ചീഫ്, ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾക്ക് എളുപ്പം സാധിക്കുന്നതാണ് ഇത്. “
“ഹോറോസ്കോപ്..??ആസ്‌ട്രോളജി അങ്ങിനെ വല്ലതും”
“ഏയ്..അതൊന്നും അല്ല. എന്തെങ്കിലും വിവരം ലഭിക്കണം എന്ന് തോന്നിയാൽ ആ ഡിപ്പാർട്മെന്റിലെ ഏറ്റവും താണ ലെവലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ പിടിക്കുക..അയാൾക്ക് കയ്യിലുള്ള ഇൻഫർമേഷൻ മുഴുവൻ വിശ്വസിച്ചാൽ അയാൾ നമുക്ക് തരും. പിന്നെ, പതിനാറാം വയസിൽ ആണ് ഞാൻ ഈ രാജ്യത്ത് വരുന്നത്. എന്റെ കോളേജ് പഠനകാലത്ത് ഞാൻ കുറേക്കാലം ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ആ സമയത്ത് സ്ഥിരം വരുന്ന പോലീസുകാരുമായി നല്ല അടുപ്പമുണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ ഉപയോഗിക്കുന്നു. “
“ഓഹോ…കമിംഗ് ബാക് റ്റു ഡൊമിനിക്..ഈ കേസിൽ ആരെ വിശ്വസിക്കും..തനിക്കെന്താണ് തോന്നുന്നത്..”
“ചീഫ്, ഡൊമിനിക്കിനെ ചീഫിന് ആഴ്ചകളോ മാസമോ പരിചയം കാണും. ഞാൻ മനസിലാക്കിയിടത്തോളം. അയാൾ ആദ്യം പേഴ്സണൽ ആയൊരു കണക്ഷൻ ആണ് എസ്ടാബ്ലിഷ്‌ ചെയ്തത്. ചീഫിനെ സംബന്ധിച്ചിടത്തോളം അയാൾ ഇപ്പൊ ഒരു പരാതിക്കാരൻ മാത്രമല്ല. അടുത്ത സുഹൃത്ത് പോലെയാണ്. ഓർ അയാളുടെ കാര്യങ്ങൾ എല്ലാം ചീഫിന് അറിയാം എന്നൊരു വിശ്വാസം ചീഫിന് ഉണ്ട്. അയാൾ പറയുന്നത് വിഭ്രാന്തി കൊണ്ടാണ് എന്ന തോന്നൽ ആ മുൻ പരിചയം വെച്ചുള്ളതാണ്. ചീഫിന് അയാളെ മുൻ പരിചയം ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മുൻവിധികൾ ഇല്ലാതെ ഈ കേസിൽ ഇടപെട്ടേനെ. “
“താൻ പറഞ്ഞു വരുന്നത്..”
” ഈ കേസ് ചീഫ് അന്വേഷിക്കണം. ഇതിലൊരു പിടികിട്ടാത്ത ദുരൂഹത ഉണ്ട്..ചീഫിന് അങ്ങിനെ തോന്നുന്നില്ലേ..”
“പക്ഷെ, ഇതൊരു സാദാ ലോക്കൽ പോലീസ് കേസ് അല്ലെ..നമ്മുടെ ടീം എങ്ങിനെ ഏറ്റെടുക്കും.”
“ചീഫ്..ഡൊമിനികിന്റെ വ്യൂവിൽ കൂടി ചിന്തിക്കു. അയാളൊരു ഹീറോ ആണ്. അല്ലേ..ഒരു പക്ഷെ നടക്കമായിരുന്ന ഒരു വൻ ദുരന്തമാണ് അയാൾ ഇടപ്പെട്ട് ഇല്ലാതാക്കിയത്. മറ്റുള്ള കോൺസ്പിറൻസികൾ വിട്ടു കള. തോമസ് ശരിക്കും തീവ്രവാദ ഓപ്പറേഷന്റെ ഭാഗമായാണ് പാഴ്‌സലുകൾ കളക്റ്റ് ചെയ്‌തത്‌ എങ്കിലോ. ആ പ്ലാൻ ചോർത്തി കൊടുത്ത ദേഷ്യത്തിൽ ഡൊമിനിക്കിനെ കൊല്ലാൻ തന്നെയാണ് ശ്രമിച്ചത് എങ്കിലോ. ഇതൊരു തീവ്രവാദ കേസാണ് എങ്കിൽ ചീഫിന് ഇതിൽ ഇടപെടാതിരിക്കാൻ കഴിയില്ല. ഈ ടീം തന്നെയാണ് ആ കേസ് ഏറ്റെടുക്കേണ്ടത് എന്നാണെന്റെ വിശ്വാസം..”
“രാജു..യു ഹാവ് എ പോയിന്റ്..ഞാൻ ഇത് നമ്മുടെ അടുത്ത് എത്താൻ വേണ്ട കാര്യങ്ങൾ ഉടൻ നീക്കാം. നമ്മുടെ ടീമിനെ പ്രിപ്പ് ചെയ്യൂ..ഇതിന്റെ ചുരുൾ നമുക്ക് അഴിക്കണം..”
“യെസ് ചീഫ്..”
*******
നഗരത്തിൽ നിന്നും ഏകദേശം മുന്നൂറ് മൈൽ ദൂരത്തുള്ള ഒരു ഫാം ഹൗസിൽ നിന്നായിരുന്നു തോമസ് സ്ലാവ്സ്കിയെ തേടിയുള്ള പാഴ്‍സലുകൾ വന്നിരുന്നത്. ഞങ്ങൾ ചെല്ലുന്പോൾ ഫാമിൽ ആരും ഉണ്ടായിരുന്നില്ല.
പഴയതെങ്കിലും ആള്പെരുമാറ്റമുള്ള ഫാം ഹൌസ് ആയിരുന്നു. മുറ്റത്തെ ചരലിൽ വാഹനത്തിന്റെ ടയർ പാടുകൾ കാണാം.
അധികം മുന്നെയല്ലാതെ ആളുകൾ വന്നു പോയിരുന്ന സഥലമാണെന്ന് അതെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ ഫാം ഹൗസിലും ചുറ്റുപാടും ഉണ്ടായിരുന്നു.
ഫാമിൽ ഉണങ്ങിയ ഉരുളക്കിഴങ്ങു ചെടികൾ കൂട്ടിയിട്ടിരിക്കുന്നതിൽ നിന്നും കഴിഞ്ഞ സീസണിൽ ഉണ്ടായ വിള നാശം ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ഒരു പക്ഷെ കൃഷിയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ ഫാമുടമയ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല.
പല വ്യാജ അഡ്രസുകളിൽ നിന്നും സ്ലാവ്സ്കിയെ തേടി കൊറിയറുകൾ എത്തിയിരുന്നു എങ്കിലും വ്യാജമല്ലാത്ത ഒരേയൊരു അഡ്രസ് ഇത് മാത്രമായിരുന്നു. ഒരു പക്ഷെ അയച്ച ആൾക്ക് പിണഞ്ഞ ഒരബദ്ധം ആവാം അത്. എന്തായാലും ആ പിടിവള്ളിയിൽ പിടിച്ചാണ് ഞങ്ങൾ ഇവിടേയ്ക്ക് എത്തിയത്.
ദ്വിഭാഷിയുടെ സഹായത്തോടെ സംസാരിച്ചപ്പോൾ, അയാൾ വാതുറന്നു.
തനിക്ക് കിട്ടിയ പാക്കേജുകൾ മിക്കവാറും ശൂന്യമായിരുന്നു എന്നും ചിലതിൽ ഉണങ്ങിയ വൈക്കോലോ, ഉരുളക്കിഴങ്ങിന്റെ വള്ളിയോ ഒക്കെയേ കിട്ടാറുള്ളൂ എന്നും അയാൾ ആണയിട്ട് പറഞ്ഞത് മുഖവിലയ്ക്ക് ആദ്യം എടുത്തിരുന്നില്ല.
ഇതൊന്നും അങ്ങിനെയല്ല എന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും അയാളുടെ പക്കൽ ഇല്ലായിരുന്നു എന്നതായിരുന്നു സത്യം. തുടരെ തുടരെ വലിയ പാക്കേജുകൾ വന്നതിൽ അരിശം മൂത്ത് അയാൾ താമസം മാറാൻ തന്നെ ഇരിക്കുകയായിരുന്നു. അതിനിടയിൽ ആണ് ഡൊമിനിക്കിന്റെ കേസ് വരുന്നത്.
പഴയ പാക്കേജുകൾ എല്ലാം തന്നെ അയാൾ ട്രാഷ് കാനിൽ തള്ളിയിരുന്നു. അതിൽ മിക്കതും നഷ്ടമായി.
തേടി പിടിക്കാൻ കഴിഞ്ഞ പാക്കേജുകളിൽ നിന്നും, ഷിപ്പിംഗ് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച ലീഡുകളിൽ നിന്നുമാണ് ഞങ്ങൾ ഈ ഫാം ഹൗസിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഉണ്ടായ മഞ്ഞു വീഴ്ചയുടെ അടയാളങ്ങൾ വീടിന്റെ മേൽക്കൂരയ്ക്ക് ചുറ്റും കാണാമായിരുന്നു.
വീട് നമ്പർ ലോക്ക്ഡ് ആണ്. അടുത്തു മറ്റു ആൾതാമസമുള്ള പുരയിടങ്ങൾ ഒന്നും തന്നെയില്ല.
കുറച്ചകലെയുള്ള ഗ്യാസ് സ്റ്റേഷനിൽ പോയി അന്വേഷിച്ച ടീം അംഗങ്ങൾ കൊണ്ട് വന്നത് അത്ര നല്ലതല്ലാത്ത വാർത്തയാണ്.
ഈ വീട് എയർ ബി ആൻ ബിയിൽ കൂടി ആളുകൾ ബുക് ചെയ്യാറുണ്ടത്രെ. ചെറിയ വെക്കേഷനുകൾക്ക് വേണ്ടി ആളുകൾക്ക് വാടകയ്ക് എടുക്കാം. അങ്ങിനെ വാടകയ്ക്ക് എടുത്ത ആരെങ്കിലും പാക്കേജുകൾ അയച്ചതാണെങ്കിൽ യഥാർത്ഥ കുറ്റവാളിയിലേക്ക് എളുപ്പം എത്താൻ കഴിയില്ലല്ലോ എന്നാണ് ആദ്യം ഞങ്ങളുടെ ചിന്ത പോയത്.
ഇന്റർനെറ്റ് ആക്സസ് കിട്ടുന്ന തൊട്ടടുത്ത വില്ലേജിലെ ഒരു കോഫി ഷോപ്പിൽ ഞങ്ങൾ ടീം അംഗങ്ങൾ ഒത്തു കൂടി. പതിവിൽ കവിഞ്ഞ ആൾ പെരുമാറ്റം കണ്ടത് കൊണ്ടാവും, ആളുകൾ ആ കോഫി ഷോപ്പിനെയും, ഞങ്ങളെയും സംശയത്തോടെയാണ് വീക്ഷിച്ചത്.
രാജു എയർ ബി ആൻഡ് ബി വഴി ഫാം ഹൗസിൽ ഒരു റൂം തരപ്പെടുത്തി. ഭാഗ്യത്തിന് ഞങ്ങൾക്ക് അത് ലഭ്യമായി. ഈമെയിലിൽ കൂടി വീട് തുറക്കാനുള്ള പാസ്‌വേർഡും കിട്ടിയതോടെ അന്ന് രാത്രിയിലെ താമസം ആ വീട്ടിൽ ആവാമെന്ന് ഞങ്ങൾ ഉറപ്പിച്ചു.
വീട്ടിനുളിൽ ഞങ്ങളെ സഹായിക്കുന്ന യാതൊരു തെളിവുകളും ഇല്ലായിരുന്നു. വാടകക്ക് കൊടുക്കുന്ന ഒരു ഫാം ഹൗസിൽ എപ്പോഴും വൃത്തിയാക്കി വെച്ചിരിക്കുന്ന ഒരിടത്ത് എന്തെങ്കിലും കുറ്റകൃത്യത്തെ കുറിച്ചുള്ള തെളിവുകൾ കണ്ടെത്തുക എന്നത് പ്രയാസമുള്ള ജോലിയാണ്.
അന്ന് രാത്രിയിലെ താമസത്തിനിടയ്ക്ക് ആ വീട്ടിലെ മുഴുവൻ കോണുകളും അരിച്ചു പെറുക്കിയെങ്കിലും ഞങ്ങളുടെ കേസുമായി ബന്ധിപ്പിക്കാവുന്ന തെളിവുകൾ ഒന്നും ഞങ്ങൾക്ക് കിട്ടിയില്ല.
നിരാശയോടെ തിരികെ യാത്രയും, വീട്ടുടമയെ കണ്ടെത്താനുള്ള അടുത്ത വഴികളും ആലോചിച്ചു ഇരിക്കുന്പോഴാണ് സാം ബേസ്മെന്റിൽ നിന്നും ഒരു ബോക്സുമായി ഞങ്ങളുടെ അടുത്ത് എത്തുന്നത്.
ആ ബോസ്കിൽ കുറെ പഴയ കടലാസുകൾ ആയിരുന്നു. ഉപയോഗപ്പെടുത്താൻ കഴിയുന്നവയാണോ എന്ന് സോർട്ട് ചെയ്യാൻ പിറ്റേ ദിവസത്തേക്ക് ഞങ്ങൾ അത് മാറ്റി വെച്ചു. ബോക്സിന്റെ അടിയിൽ ഒരു ഫാമിലി ചിത്രം.
കുറച്ചു പഴയത് ആണെങ്കിലും, എവിടെയോ കണ്ടു പരിചയം ഉള്ള ഒരു മുഖം.
*********
കാലം തെറ്റിയെത്തിയ മഴ തിമർത്ത് പെയ്യുകയാണ്. നഗരം മുഴുവൻ ഇരുളിന്റെ കാർമേഘക്കെട്ടുകൾ മൂടിയിരിക്കുന്നു. ഇടയ്ക്കിടെ മിന്നുന്ന കൊള്ളിയാൻ ഉയർന്ന കെട്ടിടങ്ങളുടെ ജനൽ ചില്ലിൽ തട്ടി ചിതറി പ്രതിബിംബങ്ങൾ തീർത്തു. ആടിയുലയുന്ന മാപ്പിൾ മരങ്ങളിൽ നിന്നും ചുവപ്പിലേക്ക് നിറം മാറിയ ഇലകൾ കൂട്ടത്തോടെ അടർന്നു വീണു മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന വഴികളിലൂടെ ഒഴുകി ഓടകളിലേക്ക് ഒലിച്ചിറങ്ങി.
ഫാം ഹൗസിൽ നിന്നും നഗരത്തിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഹെൻറി.
അയാളുടെ പച്ച നിറമുള്ള കണ്ണുകളിൽ പിടിക്കപ്പെട്ടതിന്റെ നൈരാശ്യം കാണാമായിരുന്നു. അയാളുടെ വെളുത്ത കവിളിൽ കറുത്ത രോമങ്ങൾ, കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള അയാളുടെ അലച്ചിലിനെ സൂചിപ്പിച്ചു. മുൻ സീറ്റിലെ കണ്ണാടിയിലൂടെ എന്റെ കണ്ണുകൾ അയാളെ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കുത്തിയൊലിച്ചു പെയ്യുന്ന മഴ നഗരത്തിലൂടെയുള്ള ഞങ്ങളുടെ യാത്രയെ തെല്ലൊന്നുമല്ല വൈകിപ്പിച്ചത്. വാഹനത്തിനുള്ളിൽ കനം വെച്ച മൗനം പുറത്തെ ഇരുൾ മൂടിയ പ്രകാശ വിതാനവുമായി ഇടകലർന്ന് ദുരൂഹമായൊരു അന്തരീക്ഷം നിർമ്മിച്ചെടുത്ത്. തമ്മിൽ തമ്മിൽ ആരും സംസാരിക്കുന്നില്ല. രാജു മാത്രം ഇടയ്ക്കെപ്പോഴോ ഹെൻറിയോട് കുശലാന്വേക്ഷണം നടത്തി.
ഞങ്ങളുടെ വരവും കാത്ത് ഓഫീസിൽ ഹൈഡിയും ഡൊമിനിക്കുമായി മറ്റു ടീമംഗങ്ങൾ കാത്തു നിൽപ്പുണ്ട്. ഹെൻറിയിൽ നിന്നും ഞങ്ങൾ മനസിലാക്കിയ കാര്യങ്ങളെ കുറിച്ച് അവർക്ക് കാര്യമായ ധാരണയൊന്നുമില്ല.
ഓഫീസിലെ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ചോദ്യം ചെയ്യൽ മുറിയിൽ ഹെൻറിയെ ഞങ്ങൾ ഇരുത്തി. സാധാരണ കൊടുംകുറ്റവാളികളായ സീരിയൽ കില്ലേഴ്‌സോ, തീവ്രവാദികളോ മറ്റുമാണ് ഈ മുറിയിൽ ഞങ്ങൾക്ക് മുന്നിൽ ഇരിക്കാറു. ഇത്തരമൊരു പ്രതി അപൂർവമാണ്. എങ്കിലും കുറ്റം കുറ്റമല്ലാതാവുന്നില്ലല്ലോ.
ഹൈഡിയെയും ഹെൻറിയെയും ഞങ്ങൾ മുഖാ മുഖം ഇരുത്തി. ഡൊമിനിക്കിനെ മറ്റൊരു മുറിയിൽ വിശദമായി ചർച്ച ചെയ്യാനായി കൊണ്ട് പോയി.
ആദ്യമേ തന്നെ, അവർക്ക് രണ്ടു പേർക്കും മുന്നിലേക്ക് ഫാം ഹൗസിൽ നിന്നും ലഭിച്ച ചിത്രം എടുത്തു വെച്ചു.
ഹൈഡി എന്തോ പറയാനാഞ്ഞു, പക്ഷെ വാക്കുകൾ ഹെൻറിയുടെ കണ്ണുകളിൽ ഉടക്കി പിൻവാങ്ങി.
കുറച്ചു നേരത്തേക്ക് അവരെ രണ്ടു പേരെയും അവിടെ ഒറ്റയ്ക്ക് വിട്ടിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി.
മുഖം കൈപ്പത്തിയിൽ ചേർത്ത് വെച്ച് രണ്ടു പേരും കരഞ്ഞു.
തൊട്ടടുത്ത മുറിയിൽ ഡൊമിനിക് രാജുവിനോട് തന്റെ സംശയങ്ങൾ മുഴുവൻ പറയുന്നുണ്ട്. തോമസിനെ കുറിച്ചുള്ള സംശയങ്ങൾ അയാളെ വിട്ടു പോയിരുന്നില്ല. അപ്പാർട്മെന്റിലെ മറ്റു താമസക്കാരിൽ നിന്നും തോമസിനെ കുറിച്ചുള്ള അനുഭവങ്ങൾ അയാൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ആരുമായും യാതൊരു ബന്ധവുമില്ലാത്ത തോമസിനെ സംശയിക്കാൻ എളുപ്പവുമായിരുന്നു എന്ന് കൂടി പറയണമല്ലോ.
തോമസ് സ്ലാവ്സ്കി എന്ന പോളിഷ് ചിത്രകാരൻ നിരപരാധിയാണ് എന്ന് അല്പം സമയത്തിനകം അയാൾക്ക് ബോധ്യപ്പെടും, അതിനെ തുടർന്ന് അയാൾക്ക് നേരിടേണ്ടി വരിക മറ്റൊരു ക്രൂര സത്യമാണ്. രാജു ഇങ്ങനെയുള്ള കാര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ മിടുക്കനാണ്. അവൻ തന്റേതായ രീതിയിൽ കഥകളും, ഡിപ്ലോമസിയും കൊണ്ട് ഡൊമിനിക്കിന് തന്റെ മുന്നിലുള്ള സത്യത്തെ യാഥാർഥ്യ ബോധത്തോടെ സമീപിക്കാൻ കഴിയുന്ന ഒരു മാനസിക അവസ്ഥ ഒരുക്കും എന്ന കാര്യത്തിൽ എനിക്ക് സംശയം തീരെയില്ലായിരുന്നു.
തോമസ് സ്ലവാസ്‌കിയെ നിരപരാധി ആണെന്ന് കണ്ടു വിട്ടയച്ചത് അന്ന് ഉച്ചയോടെ ആയിരുന്നു. പാവം അയാൾ ആയിടെ കുടിയേറി വന്ന ഒരു ചിത്രകാരൻ മാത്രമായിരുന്നു. അന്തർമുഖൻ ആയിരുന്ന അയാൾ അധികം ആരോടും സംസാരിക്കാറില്ലായിരുന്നു, കൂടെ ഭാഷാ പ്രശ്നങ്ങളും. എപ്പോഴും മുഖം കൊടുക്കാതെ നടക്കുന്നത് കൊണ്ട് മറ്റു താമസക്കാരിൽ അയാളെക്കുറിച്ചു ദുരൂഹത വളർത്തി എന്നതാണ് സത്യം.
ഡൊമിനിക്കിന്റെ സംശയത്തിൽ തെറ്റൊന്നും ഇല്ലായിരുന്നു. അയാളെ ആരോ പിന്തുടർന്നിരുന്നു എന്നത് നേരും ആണ്. സംഭവം ഉണ്ടായ ദിവസം അയാളുടെ വാതിലിനു മുന്നിൽ തോക്കും ചൂണ്ടി നിന്നത് കണ്ടു എന്ന് പറഞ്ഞതും സത്യമായിരുന്നു, പക്ഷെ വിഭ്രാന്തിയിൽ അയാൾക്ക് തോന്നിയത് അത് തോമസ് ആയിരുന്നു എന്നാണ്.
യഥാർത്ഥത്തിൽ അയാൾ കണ്ടത് ഹെൻറിയെ ആയിരുന്നു. ഹൈഡിയുടെ ബാല്യകാല സുഹൃത്തും കാമുകനായ ഹെൻറി.
നീണ്ട നേരത്തെ കരച്ചലിനും പിഴിച്ചിലിനും ഒടുവിൽ ഹെൻറിയും ഹൈഡിയും നടന്നതെല്ലാം തുറന്നു പറഞ്ഞു. അവർക്ക് വേണമെങ്കിൽ എല്ലാം നിഷേധിക്കാമായിരുന്നു. പക്ഷെ ദുർബലമാണെങ്കിൽ പോലും അവരെ കൂട്ടിയിണക്കുന്ന ഒരു കണ്ണി ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു. ചില കുറ്റവാളികൾ അങ്ങിനെയാണ് വർഷങ്ങൾ നീണ്ട പ്ലാനിംഗ് കൊണ്ടാവും ക്രൈം ഒരുക്കിയെടുത്തിട്ടുണ്ടാവുക, പക്ഷെ അവരുടെ തോന്നൽ മുഴുവനും തങ്ങൾ പിടിക്കപ്പെടില്ല എന്നതാവും. ഓർക്കാപ്പുറത്ത് പിടി വീഴുന്പോൾ ചിലർ ദുർബലരാവും, ഒരു സമ്മർദ്ദവുമില്ലാതെ അവർ വിങ്ങിപ്പൊട്ടി നടന്നെതെല്ലാം വിളിച്ചു പറയും. ആ വിഭാഗത്തിൽ പെട്ടതാണ് ഹൈഡിയും ഹെൻറിയും.
ഡൊമിനിക് നിയമപരമായി വിവാഹം കഴിച്ചത് തന്നെയായിരുന്നു ഭാര്യ ഹൈഡിയെ. അയാൾക്ക് ജീവന് തുല്യം സ്നേഹവുമായിരുന്നു അവരെ. ഡൊമിനികിന്റെ ചപല മനസ് കാരണം പലതവണ അയാൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നെങ്കിൽ കൂടിയും, ഹൈഡിയുടെ ജോലി കൊണ്ടാണ് അവർ രണ്ടു പേരും പിടിച്ചു നിന്നത്. ഹൈഡിക്കാണെങ്കിൽ അകന്ന ഒരു കസിനിൽ നിന്നും കിട്ടിയ കുടുംബ സ്വത്തും ഉണ്ടായിരുന്നു. ഓരോ തവണ മാനസികമായി തളർന്നു വീഴുമ്പോഴും ഹൈഡി ഡൊമിനിക്കിനെ പിന്തുണച്ചു. പക്ഷെ അയാളുടെ മടിയും, അകാരണമായ പേടികളും ഒരു സമയത്തിനപ്പുറം ഹൈഡിക്ക് സഹിക്കാവുന്നതിന് അപ്പുറം ആയി മാറി എന്നു വേണം മനസിലാക്കാൻ.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഇതിനിടയിൽ ഡൊമിനിക്കിന്റെ പേടിയും സംശയങ്ങളും വിഭ്രാന്തികളും കൂടി വന്നു. ഇതിനിടെയാണ് ഹൈഡി പഴയ സുഹൃത്തായ ഹെൻറിയെ വീണ്ടും കണ്ടു മുട്ടുന്നത്.
ഭാര്യ മരിച്ച ദുഃഖത്തിൽ കഴിയുകയായിരുന്നു ഹെൻറി ആ സമയം. ഹൈഡിയുടെ നരേഷനിലേക്ക് ഹെൻറി തന്റെ വാക്കുകൾ പതുക്കെ വിളക്കി ചേർത്തു.
ഒരുമിച്ചു ജീവിക്കാം എന്നുള്ള തീരുമാനത്തിൽ അവരെത്തുന്നത് പിന്നീട് എന്നോ ഒരിക്കലാണ്. ഒരിക്കൽ സൂചിപ്പിച്ചപ്പോൾ, നിയമപരമായി ബന്ധം വേർപിരിക്കുന്നതിനെക്കുറിച്ചുള്ള സംസാരത്തിനിടെ ഡൊമിനിക് പെട്ടെന്ന് കയർത്തു സംസാരിച്ചു. നിയമപരമായി ബന്ധം പിരിയുകയാണെങ്കിൽ തനിക്ക് ഹൈഡിയുടെ സ്വത്ത് മുഴുവൻ ജീവനാംശം ആയി തരണമെന്ന് ഡിമാന്റ് അയാൾ വെച്ചു എന്നാണ് ഹൈഡി ആവർത്തിച്ചത്. നിയമപരമായി അയാൾക്കതിനു അർഹതയുണ്ട് താനും.
തന്റെ സ്വത്തും സമ്പാദ്യവും ഒന്നും മടിയനായ മുൻ ഭർത്താവിന് വെറുതെ കൊടുക്കുവാൻ അവൾക്ക് മനസ്സില്ലായിരുന്നു. ഹെൻറിയും അതിനെതിരായിരുന്നു എന്ന് വേണം കരുതാൻ. ഞങ്ങളുടെ നിഗമനങ്ങളെ ഇരുവരും തലകുലുക്കി ശരിവെച്ചു .
തുടർന്നുണ്ടായ പ്ലാനിംഗ് ആണ് ഡൊമിനിക്കിനെ പിന്തുടർന്ന വിഭ്രാന്തികൾ. അയാളെ ആരോ പിന്തുടരുന്നതായും, അപായപ്പെടുത്താൻ ശ്രമിക്കുന്നതായും തോന്നിപ്പിച്ചു തന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കാൻ വേണ്ടി ഹൈഡിയും കാമുകനും ചേർന്നൊരുക്കിയ നാടകം ആയിരുന്നു ആ പഴയ അപ്പാർട്മെന്റിൽ നടന്നത് മുഴുവനും. അതിനവർക്ക് പാകത്തിനു ഒരു നിഗൂഢതയുമായി തോമസിന്റെ സാന്നിധ്യം കൂടെ ഒത്തു കിട്ടിയതോടെ അവരൊരുക്കിയ വഴിയേ തന്നെ കാര്യങ്ങൾ നടന്നു.
അയാളുടെ തോന്നലുകൾക്കും അയാൾ കാണുന്ന ടെലിവിഷൻ ക്രൈം സീരീസുകളിലെ കഥാഗതികൾക്കും യോജിച്ച രീതിയിലുള്ള അവസ്ഥകളിലൂടെ അവർ ഡൊമിനിക്കിനെ നയിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. ചില വൈകുന്നേരങ്ങളിൽ, തന്റെ പതിവ് നടത്തിനിടെ തെരുവിൽ ആരോ പിന്തുടരുന്നതായി തോന്നുന്നു എന്ന് ഡൊമിനിക് പറഞ്ഞതിന്റെ തുടർച്ചയായിട്ടാണ് ചില ദിവസങ്ങളിൽ ഹെൻറിയും, ചിലപ്പോഴൊക്കെ വേഷപ്രച്ഛന്നയായി ഹൈഡിയും അയാളെ പിന്തുടർന്നിരുന്നത്. തന്റെ ജീവൻ അപകടത്തിലാണ് എന്നൊരു തോന്നൽ അയാൾക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. അയാളുടെ സ്വാഭാവ രീതികൾ കൊണ്ട് ആരും അയാളെ ഗൗരവത്തിലെടുക്കില്ല എന്നതായിരുന്നു അവരുടെ വിചാരം.
പേടിയും വിഭ്രാന്തിയും കൂടി അയാൾ അവിടെ നിന്നും ഓടി പോവുമെന്നായിരുന്നു അവർ പ്രതീക്ഷിച്ചത്. അല്ലെങ്കിൽ ഭ്രാന്ത് പിടിച്ചു നടക്കുകയും ആ വഴി നഷ്ടപരിഹാരമില്ലാതെ തന്നെ ബന്ധം വേർപ്പെടുത്താൻ ഹൈഡിക്ക് കഴിയുമെന്നും ഇരുവരും പ്രതീക്ഷിച്ചു.
ചീഫ് ഇൻസ്പെക്ടറെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ഡൊമിനിക് പറഞ്ഞത് ഹൈഡി വിഭ്രാന്തിയായി കണ്ടു അവഗണിച്ചു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ എന്നെ ആദ്യമായി സംഭവം നടന്ന ശേഷം വീട്ടിൽ വെച്ച് കണ്ടപ്പോഴാവും അവർ ഡൊമിനിക് പറഞ്ഞത് ശരിയാണെന്ന് മനസിലാക്കിയത്. ഹെൻറിയുടെ ഫാം ഹൗസിൽ ഞങ്ങൾ എത്തുന്നത് വരെ അവർക്ക് അറിയില്ലായിരുന്നു തങ്ങൾ ചെയ്ത കുറ്റകൃത്യം പിടിക്കപ്പെടാൻ പോകുന്നു എന്നത്.
എന്തിരുന്നാലും, നിയമത്തിന്റെ കുരുക്കിൽ പെട്ട് കുറച്ചധികം കാലം അവർക്ക് രണ്ടു പേർക്കും ജയിലിൽ കഴിയേണ്ടി വരും.
ഡൊമിനിക് ഈ യാഥാർഥ്യങ്ങളെ എങ്ങിനെ സ്വീകരിക്കുമോ എന്നറിയില്ല.  മായക്കാഴ്‌ചകൾക്കും, വിഭ്രാന്തികൾക്കും, തന്റെ തന്നെ തോന്നലുകൾ ഒരുക്കിയ ഭ്രമാത്മതക്കും വെളിയിലേക്ക് ഡൊമിനിക് കടന്നുവരും എന്ന് വേണം പ്രതീക്ഷിക്കാൻ. അതല്ലാതെ അയാൾക്ക് മറ്റൊരു മാർഗവും ഇല്ല.
****
ഡൊമിനികിന്റെ അപകട മെസേജ് കിട്ടിയതിന്റെ മൂന്നാം ദിവസം വൈകുന്നേരം.
വീട്ടിൽ, ജൂലിയുടെ കൂടെ കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഞാൻ.
സംഭാഷണമദ്ധ്യേ അവൾ എന്നോട് ചേർന്നിരുന്നു ചോദ്യമെറിഞ്ഞു.
“അന്നൊരിക്കൽ ഇതൊരു ഡൊമനിക്കിന്റെ മായാലോകമായി കണ്ടു അവഗണിച്ചിരുന്നെങ്കിൽ ഈ കേസിലെ യഥാർത്ഥ ക്രൈം നമ്മൾ കണ്ടെത്തുമായിരുന്നോ. പാവം ആ പോളണ്ട്കാരൻ ജയിലിൽ കാലം കഴിക്കേണ്ട വന്നേനെ. “
“അതിനു നന്ദി പറയേണ്ടത് രാജുവിന്റെ ഇന്ത്യൻ തിയറിയോടാണ്..നാളെ അവനെ നമുക്കൊരു ഡിന്നറിനു വിളിക്കണം…”
പുറത്ത് തെരുവിൽ വിളക്കുകൾ അണഞ്ഞു തുടങ്ങി. കയ്യിലെ കാപ്പി കപ്പുമായി വീടിന്റെ മട്ടുപ്പാവിൽ ഇരുന്നു നഗരം നോക്കിക്കണ്ടു ഞാൻ നിന്നു. അകലെ ഇരുളിന്റെ കൈവഴികളിൽ എവിടെയോ ഇരുന്നു നാളെ നേരം പുലരുന്പോൾ ലോകം അറിയേണ്ട മറ്റൊരു കുറ്റകൃത്യത്തെ കുറിച്ച് ആരോ തല പുകയ്ക്കുന്നുണ്ടാവാം ഇതേ സമയം
– ചീഫ് ഇൻസ്പെകർ മൈഗ്രെ.
ചീഫ് ഇൻസ്‌പെക്ടർ മൈഗ്രെ മറ്റൊരു കഥ വായിക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക

2 Comments Add yours

  1. Sijith പറയുക:

    Reblogged this on KadhaFactory | കഥാഫാക്ടറി and commented:

    ചീഫ് ഇൻസ്‌പെക്ടർ മൈഗ്രെ – എനിക്കേറെ ഇഷ്ടപ്പെട്ട യൂറോപ്യൻ സീരീസ് കഥാപാത്രമാണ്.
    മൈഗ്രെയ്ക്ക് ഒരു ഫാൻ ഫിക്ഷൻ എന്ന രീതിയിൽ ആയിരുന്നു മുൻപ് ലൗ എന്ന കഥ എഴുതിയത്. അങ്ങനെയിരിക്കെ ചെറിയ ഒരു ഗ്യാപ്പിന് ശേഷം വീണ്ടും ഒരു കഥ കൂടി. ഇത്തവണയും ചീഫ് ഇൻസ്പെക്ടർ മൈഗ്രെ ആണ് കൂട്ട്. ആ സീരീസ് കണ്ടിട്ടുള്ളവർ ഒരു പക്ഷെ നോട്ട് ചെയ്തിട്ടുണ്ടാവുക പശ്ചാത്തല സംഗീതവും, കഥ നടക്കുന്ന പ്രിമൈസിസ്മാണ്. ക്രൈം എന്ന പുതിയ കഥ വായിക്കുന്പോൾ ആ പശ്ചാത്തലം മനസിലുണ്ടെങ്കിൽ കൂടുതൽ ഇഷ്ടപ്പെട്ടേക്കാം.
    ചില യഥാർത്ഥ സംഭവങ്ങളുമായി ബന്ധം ചിലർക്കെങ്കിലും തോന്നിയേക്കാം എങ്കിലും കഥയ്ക്ക് അവയുമായി യാതൊരു ബന്ധവുമില്ല. കേവലം കഥാകാരന്റെ ഭാവന മാത്രമാണെന്ന മുൻ‌കൂർ ജാമ്യം എടുത്തുകൊണ്ട് ക്രൈം വായിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )