ചില കുറിപ്പുകൾ- വീക്കെൻഡ് നീണ്ട വായനയ്ക്ക് !!


മൂന്നാം ക്ലാസ് പഠനം പൂർത്തിയായതോടെ ഗവണ്മെന്റ് യുപി സ്‌കൂൾ തൊട്ടുമുക്കത്തെ പഠിത്തം മതിയാക്കി വേറൊരു സ്‌കൂളിലേക്ക് മകനെ പറിച്ചു നടണം എന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായത് ആയിടെക്കായിരുന്നു. സംഭവം, റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന ചെറിയ ഒരു ചെരുവിൽ, റോസ് പൂവിടുന്ന ശീമകൊന്നകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂൾ കുറച്ചു നടക്കാനുണ്ടായിരുന്നെങ്കിലും (സുമാർ ഒന്നര കി.മി) , ഉച്ചക്ക് ലഞ്ച് ബ്രേക്കിന് സ്‌കൂളിന് സമീപത്തെ പുഴയിലും കൈത്തോടുകളിലും ഇറങ്ങി ചോറ്റു പാത്രത്തിൽ മീൻ പിടിക്കാൻ കഴിയുമാരുന്നെങ്കിലും, ആദ്യത്തെ കളവു മുതലായ ഇരുപത്തി അഞ്ചു പൈസ കൊടുത്തു സ്‌കൂളിന്റെ മുന്നിലെ പെട്ടിക്കടയിൽ നിന്ന് വാങ്ങിയ കോൺ ഐസ്ക്രീം രൂപത്തിലുള്ള കുഞ്ഞു മിട്ടായിയുടെ മധുരം നാവിലുണ്ടായിരുന്നെങ്കിലും, അതിനേക്കാൾ പവർ, ജോസഫ് മാസ്റ്ററുടെ ഉപദേശത്തിന് അച്ഛന്റെ മേൽ ഉണ്ടായ സ്വാധീനം കാരണമായിരുന്നു സ്‌കൂൾ മാറ്റം അനിവാര്യമായി വന്നത്.
ഇവിടുത്തെ പഠിപ്പീര് ഇച്ചിരി ഒഴപ്പാണ് വേണേൽ സാർ കൊച്ചിനെ കൊള്ളാവുന്ന സ്‌കൂളിൽ ചേർത്തോ എന്നോ മറ്റോ ജോസഫ് സാർ ഉപദേശം കൊടുത്തിരുന്നു എന്നാണ് കേട്ടത്. എന്തരായാലും, നാലാം ക്ലാസ് മുതൽ “പടുത്തം ” കിമി ആൻഡ് കിമീസ് അകലെയുള്ള എ എം എൽ പി സ്‌കൂൾ വാവൂർ ലേക്ക് മാറ്റപ്പെട്ടു.
ഗവണ്മെന്റ് സ്‌കൂളിൽ നിന്ന് പ്രൈവറ്റ് സ്‌കൂളിലേക്കൊരു പറിച്ചു നടൽ. ഗവണ്മെന്റ് സ്‌കൂളിനേക്കാൾ ആകെയുണ്ടായിരുന്ന ലക്ഷ്വറി, സ്‌കൂളിന്റെ മതിലൊക്കെ ഇടിഞ്ഞു പൊളിഞ്ഞതായിരുന്നെങ്കിലും കൊള്ളാവുന്ന ഒരു ഗേറ്റ് ഉണ്ടായിരുന്നു എന്നതാണ്. ബാക്കിയൊക്കെ സെയിം പിഞ്ച്. നാലാം ക്ലാസ് വരേയുള്ളു ക്ളാസുകൾ. അതേ പോലെ തന്നെ മഴപെയ്താൽ മാക്സിമം വെള്ളം ഉള്ളിൽ കയറ്റുന്ന ദ്രവിച്ച മര ജനാലകൾ, വെയിലിനും വെള്ളത്തിനും ഒരു പോലെ എപ്പോ വേണമെങ്കിലും കടന്നു വരാവുന്ന ഓട് പൊട്ടിയ മേൽക്കൂരകൾ ഇത്യാദികൾ കൊണ്ട് സമ്പന്നമായിരുന്നു ആ പ്രൈവറ്റ് സ്‌കൂളും.
മേജർ അട്രാക്ഷൻ ഇതൊന്നുമായിരുന്നില്ല. സ്‌കൂളിന്റെ വലത് വശത്തുള്ള വെട്ടുകല്ല് കൊണ്ട് കെട്ടിയ മതിലിനോട് ചേർന്ന് നിന്ന് നോക്കിയാൽ താഴെ ചാലിയാർ പുഴ നിറഞ്ഞൊഴുകുന്നത് കാണാം. നേരെ ഒഴുകി വരുന്ന പുഴ റോഡിനോട് അടുത്ത് എത്തുന്പോൾ നൈസ് ആയി “റ” പോലെ വളഞ്ഞു, നടുക്കൊരു മണൽ ദ്വീപ് സൃഷ്ടിച്ചു ഒഴുകി തിരിഞ്ഞു പോകുന്ന മനോഹരമായ കാഴ്ച.
പിന്നെ ഹെഡ്മിസ്ട്രസ് ലീല ടീച്ചർ, കണക്ക് പഠിപ്പിച്ച ശാരദ ടീച്ചർ, മലയാളം അധ്യാപകനും അമ്മയുടെ ശിഷ്യനും ആയ സച്ചിദാനന്ദൻ മാസ്റ്റർ, സയൻസ് പഠിപ്പിക്കുന്ന അസീസ് മാഷ്..നല്ല അധ്യാപകരാൽ സമ്പുഷ്ടമായിരുന്നു ആ സ്‌കൂൾ എന്ന് പറഞ്ഞാൽ ഒട്ടും എക്‌സാജറേഷൻ ഇല്ലായിരുന്നു.
അച്ഛൻ അധ്യാപകനായിട്ടുള്ള കെ കെ എം ഹൈസ്‌കൂൾ അവിടെ നിന്നും ആ കാലത്ത് നടന്നു പോവാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.
രാവിലെ സ്‌കൂളിലേക്ക് അച്ഛന്റെ കൂടെയാണ് യാത്ര. വീട്ടിൽ നിന്നും ഏകദേശം പത്ത് – പന്ത്രണ്ട് കിലോമീറ്റർ എങ്കിലും ദൂരെയാണ് സ്‌കൂൾ. തോട്ടുമുക്കത്തേക്ക് ബസുകൾ കുറവായിരുന്നത് കൊണ്ട്. വീട്ടിൽ നിന്നും രണ്ടു പുഴ കയറിയിറങ്ങി, തെങ്ങിൻ തോട്ടങ്ങളും, കശുമാവിൻ തോട്ടങ്ങളും മുറിച്ചു കടന്നു കിണറടപ്പൻ എന്ന സ്ഥലത്ത് ചെന്നാൽ അരീക്കോട് ബസ് കിട്ടും. അരീക്കോട്ട് നിന്ന് പിന്നെയും ബസ് മാറി കയറി വേണം വാവൂർ എത്താൻ.
ആറു മാസത്തോളം പൂങ്കുടിപ്പാലം പൊളിച്ചിട്ടിരുന്നതിനാൽ ബസ് ഇറങ്ങി പുഴ മുറിച്ചു കടന്നു വേറൊരു ബസും കൂടി കിട്ടിയാൽ മാത്രമേ സ്‌കൂളിൽ എത്തൂ.
ഇന്നും , ചില രാത്രികളിൽ സ്വപ്നം കണ്ടു ഞെട്ടിയെഴുന്നേൽക്കുന്പോൾ പൂങ്കുടിപ്പാലം മുറിച്ചു കടക്കുന്നതായോ, കിണറടപ്പിൽ ബസ് കിട്ടാൻ ഓടുന്നതായോ ഒക്കെ റാൻഡമായി സ്വപ്നം കാണും.

എനിവേയ്സ്..വാവൂർ സ്‌കൂളിൽ രണ്ടു പേരായിരുന്നു ഓർമ്മയിൽ തെളിയുന്ന ക്ളോസ് ഫ്രെണ്ട്സ്. ഷംസുദീനും, സർജുദ്ധീനും.
ഷംസുവിന്റെ വീട് സ്‌കൂളിന് നേരെ മുന്നിലാണ്. സർജുവിന്റേതും. സർജുവിന്റെ ബാപ്പയുടേതാണ് സ്‌കൂൾ. അച്ഛൻ ബസിറങ്ങി ഷംസുദീന്റെ വീട്ടിൽ നിർത്തിയിട്ടാണ് അച്ഛന്റെ സ്‌കൂളിലേക്ക് പോകാറ്. സ്‌കൂൾ തുറക്കുന്നത് വരെ ഷംസുവിന്റെ വീട്ടിൽ കളിച്ചിരിക്കും. ഷംസുവിന്റെ ബാപ്പ നല്ലൊരു തമാശക്കാരൻ ആയിരുന്നു എന്നാണ് ഓർമ്മ. എപ്പോഴോ എഴുതിയ ചില കഥകളിൽ പുള്ളിയുടെ റഫറൻസ് കയറി വന്നിട്ടുണ്ട്.
സ്‌കൂളിന്റെ മുന്നിലൂടെയുള്ള റോഡ് ഇറങ്ങി ചെന്നാൽ ബസ് സ്റ്റോപ്പിൽ എത്തും. ബസ് സ്റ്റോപ്പിന് പിന്നിലായി ചെറിയ ചായക്കടകൾ. സ്‌കൂളിൽ സ്ഥിരം പ്യൂൺ ഇല്ലാതിരുന്നത് കൊണ്ട് ചില ദിവസങ്ങളിൽ ടീ ബ്രേക്കിന് അധ്യാപകർക്കുള്ള ചായ വാങ്ങൽ റൊട്ടേഷൻ ഇട്ട് കുട്ടികളുടെ ചുമതലയാണ്. ഷംസു ചായ പിടിക്കുന്പോൾ ഞാൻ പഴംപൊരിയോ കായപ്പമോ പൊതിഞ്ഞത് കയ്യിൽ പിടിക്കും. ഇടയ്ക്ക് സർജുവായിരിക്കും ബഡി.
ഇപ്പൊ വല്ലതും ആണ് ഇത്തരം അസൈന്മെന്റുകൾ എങ്കിൽ സ്‌കൂളിന്റെ മുന്നിൽ ഒബി വാനുകൾ നിരന്നേനെ.
ആ സ്‌കൂൾ കാലത്തെക്കുറിച്ചു ഇനിയും കുറെ പറയണമെന്നുണ്ട്..അത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചു കൊണ്ട് , കാലചക്രത്തെ തിരിച്ചു ഒരു അഞ്ചെട്ടു കൊല്ലം ശേഷമുള്ള വർഷത്തേക്ക് കൊണ്ടുവരാൻ പോകുകയാണ്.
സിനിമയിൽ ആണെങ്കിൽ ഇന്റർവെൽ. മൂത്രമൊഴിക്കാനുള്ള ഗ്യാപ്പ് അല്ലെങ്കിൽ കടല വാങ്ങാനുള്ള ഗ്യാപ് !!
ഇനിയുള്ള കഥാഗതിയിൽ മെലിഞ്ഞ ശരീരപ്രകൃതക്കാരനാണ് ഈയുള്ളവൻ.
പഠനം, മേൽപ്പറഞ്ഞ സ്‌കൂളിന് മുന്നിലൂടെയുള്ള റോഡ് ചെന്നവസാനിക്കുന്ന (അല്ലെങ്കിൽ വീണ്ടും തുടർന്ന് പോകുന്ന ) വാഴക്കാട്. അവിടെ നിന്നും കുറച്ചും കൂടി പോയാൽ സുഡാനി ഫ്രം നൈജീരിയ ചിത്രീകരിച്ച വാഴയൂർ ആയി.
വാഴക്കാട് നിന്നും വൈകുന്നേരം ബസ് കയറി, എടവണ്ണപ്പാറയിൽ ഇറങ്ങി പിന്നെയും ജീപ്പോ ബസോ കയറി അരീക്കോട് എത്തണം.
മിക്കവാറും ആദ്യം കിട്ടുന്ന വാഹനത്തിൽ കയറിയാവും അരീക്കോട്ടേക്കുള്ള യാത്ര. സഹപാഠികളും ബഡീസുമായ അജയ് തോമസ്, ഗിരീഷ് സാലിഗ്രാമം, ഷംലി എൻ വി എന്നീ മഹാന്മാർക്ക് ഓടിയങ് അരീക്കോട്ട് എത്തീട്ട് പ്രത്യേക കാര്യം ഒന്നും ഇല്ലെങ്കിലും കിട്ടുന്ന വണ്ടിയിൽ ചാടി കയറാൻ അവരും കൂടെ കാണും. ഒരിക്കൽ ഒരു യാത്ര ജീപ്പിലാണ്. ജീപ്പിന്റെ പിന്നിൽ കുറെ നേരം തൂങ്ങി കിടന്നു യാത്ര ചെയ്ത കിളി എന്ന ക്ളീനർക്ക് സീറ്റ് കിട്ടിയത്, ആളൊഴിഞ്ഞു തുടങ്ങിയ പെരുമ്പറമ്പ് ഇറക്കത്തിൽ എത്തിയപ്പോഴാണ്.
അവൻ പിന്നിലെ ബെഞ്ച് സീറ്റുകളിൽ ഇരുന്ന് ട്രിപ്പിന്റെ കാശ് വാങ്ങുകയാണ്. പെരുമ്പറമ്പ് ഇറക്കത്തിന് ഒരു കുഴപ്പമുണ്ട്. എനിക്ക് ആ യാത്രയിൽ ഏറ്റവും ടെൻഷൻ ഉള്ള മൂന്നു മിനിറ്റ് ആണത്. എന്താണെന്ന് വെച്ചാൽ ഇറക്കമിറങ്ങി ചെല്ലുന്ന ബസ് സ്റ്റോപ്പിൽ അഞ്ചേ ഇരുപത് ആവുന്പോൾ തൊട്ടുമുക്കത്തേക്കുള്ള ലാസ്‌റ് ബസ് വരും. അത് പോയാൽ പിന്നെ ടാക്സി ജീപ്പ് കിട്ടണം, അരീക്കോട്ടങ്ങാടിയിൽ ചെന്ന് ജീപ്പ് കാത്ത് നിന്ന് ഒടുക്കം കിട്ടി ആടിയുലഞ്ഞത് തൊട്ടുമുക്കത്ത് എത്തുന്പോഴേക്കും ഇരുട്ടാവും. അത് കൊണ്ട് തന്നെ അഞ്ചേകാലിന്റെ ബസ് അരീക്കോട് സ്റ്റാൻഡിൽ നിന്നും എടുത്ത് മുക്കം റോഡിലുള്ള ബസ് സ്റ്റോപ്പിൽ എത്തുന്പോഴേക്കും എത്തിയില്ലെങ്കിൽ പണി പാളും.
സത്യൻ അന്തിക്കാടിനൊക്കെ വേണമെങ്കിൽ കണ്ടു പഠിക്കാവുന്ന ഒരു ബസ് ആണ് അഞ്ചേ കാലിന്റെ ബസ്. ഒരേ റൂട്ടിൽ ഓടത്തേയില്ല. നിലമ്പൂർ-എടവണ്ണ-അരീക്കോട്-തോട്ടുമുക്കം-കൂമ്പാറ-കൂടരഞ്ഞി-തിരുവന്പാടി-ഓമശ്ശേരി-മുക്കം-എരഞ്ഞിമാവ്-അരീക്കോട്-എടവണ്ണ-നിലമ്പൂർ. ഇതാണ് റൂട്ട്. ഇത്രേം വട്ടം കറങ്ങി ഓടി നടക്കുന്നത് കൊണ്ടാണോ എന്നറിയില്ല, ആ ബസിന് നിൽക്കാൻ നേരമേയില്ല. കോഴിക്കോട്ടങ്ങാടിയിലെ പഴഞ്ചൊല്ല് ഉപയോഗിച്ചു വിശേഷിപ്പിച്ചാൽ നായക്ക് ഒരു പണീം ഇല്ല നായക്കിരിക്കാൻ നേരോമില്ല എന്ന ലൈൻ തിരക്കാണ് ആ ബസിന്.
രായമാണിക്യം സിനിമയിൽ പറയുന്നത് പോലേ, ഇറങ്ങിയ സമയത്ത് ബസിന്റെ പേര് ബ്ലെസിംഗ്‌. മുതലാളിമാർക്ക് വേണ്ടത്ര ബ്ലെസിംഗ്‌സ്‌ ഇല്ലാതെ വന്നപ്പോൾ ബസിന്റെ പേര് ഓറിയന്റ. മഞ്ചേരിയുള്ള മുതലാളി ഏറ്റെടുത്തപ്പോൾ പേര് വീണത് ലൗവ് ലൈൻസ്. പിന്നെ ചാലിയാർ, പിന്നേം ഓറിയന്റ, ചെറുവാടി ബ്രദേഴ്‌സ് അങ്ങനെ അങ്ങനെ പേരുകൾ മാറി മറയുന്ന ഒരു ബസ്.
എനിവെയ്‌സ്. പെരുമ്പറമ്പ് ഇറക്കം ഇറങ്ങാൻ ബസുകൾക്ക് വേണ്ടത് രണ്ടു മിനിറ്റ്. ജീപ്പിന് മൂന്നു മിനിറ്റ്. എങ്ങിനെ കളിച്ചാലും സ്‌കൂൾ വിട്ടു വരുന്പോൾ അഞ്ചേ പതിനാറ് ഒക്കെയാവുന്പോഴേ പെരുമ്പറമ്പ് കയറ്റത്തിന് മുകളിൽ ബസ് അല്ലെങ്കിൽ ജീപ്പ് എത്തു. ആ ഒരു മൂന്നു മിനിറ്റിലെ ഓരോ മില്ലി സെക്കന്റും നിർണ്ണായകമാണ്. സമയത്തിനൊക്കെ ഏജ്‌ജാതി വിലയാണ് എന്ന് തോന്നിയിട്ടുള്ള നിമിഷങ്ങൾ ആണത്.
അങ്ങിനെ മേൽപ്പറഞ്ഞ ദിവസത്തെ യാത്രയിൽ, പെരുമ്പറമ്പ് ഇറക്കം ഇറങ്ങി കൊണ്ടിരിക്കവേ, കിളി ബാക് സീറ്റിൽ ഇരുപ്പുറപ്പിച്ചു കൊണ്ടിരിക്കവേ, ഓരോരുത്തരുടെ കയ്യിൽ നിന്നും കാശ് വാങ്ങികൊണ്ടിരിക്കവേ, എന്റെ മില്ലി സെക്കന്റ് എണ്ണിയിരുന്നു ടെൻഷൻ അടിക്കുന്നതിനെ അജയും ഷംലിയും കളിയാക്കി കൊണ്ടിരിക്കവേ, അത് സംഭവിച്ചു.
ഒരാവിശ്യവുമില്ലാതെ ഒരു പോത്ത് കച്ചവടക്കാരൻ പോത്തിൻ കൂട്ടത്തെയും തെളിച്ചു കൊണ്ട് ജീപ്പിനു മുന്നിൽ എത്തിപ്പെട്ടു.
ജീപ്പ് വൈകുന്നു, എനിക്ക് ടെൻഷൻ കൂടുന്നു. ഷംലി ആൻഡ് അജയ് കളിയാക്കൽ തുടങ്ങുന്നു. ഇതിങ്ങനെ റിപ്പീറ്റ് മോഡിൽ ചുറ്റുകയാണ്.
എന്റെ ടെൻഷൻ കണ്ടിട്ട് കിളി ചോദിക്കുന്നു.
“ഏത് ബസ് ആണ് പിടിക്കേണ്ടത്. ”
“തോട്ടുമുക്കം ബസ്.”
“തോട്ടുമുക്കത്താ വീട്..”
“അതെ..”
“എന്റെ ഒരു ചെങ്ങായി ഉണ്ടവിടെ..”
“ഓഹോ..ആരാണ്..”
“വിജയൻമാഷേ അറിയുമോ..”
“പിന്നെ അറിയാതെ..”- അജയ് ആണോ ഷംലിയാണോ ആ പറഞ്ഞത് എന്നോർമ്മയില്ല..
“എങ്ങിനെ അറിയാം..”
“ഇവന്റെ അച്ഛനല്ലേ..”
“വിജയൻമാഷേ എങ്ങിനെ അറിയാം..”
“വിജയന്മാഷെ മോൻ എന്റെ ചെങ്ങായി ആണ്..സിജിത്..”
“എന്താ പേര്..” എനിക്കത്രയേ ചോദിക്കാൻ കഴിഞ്ഞുള്ളു. കാരണം മുഖം മനസ്സിൽ വരുന്നതേയില്ലായിരുന്നു.
“ഷംസു..നാലാം ക്ലാസിൽ ഒരുമിച്ച് പഠിച്ചതാ..”
ഷംസുവിന്റെ ചെങ്ങായി ഞാനാണ് എന്ന് പറഞ്ഞിട്ട്, അവൻ ആദ്യം വിശ്വസിച്ചില്ല. അഞ്ചെട്ട് വര്ഷം കൊണ്ട് അവൻ വലിയ ആളും നമ്മൾ ചെറിയ ആളും ആയി മാറിയിരുന്നു.
ജീപ്പ് ജംക്ഷനിൽ എത്തിയതും, ബസ് വന്നതും, ജീപ്പിൽ നിന്നും ഇറങ്ങിയോടി ബസിൽ കയറി പറ്റിയതും മാത്രമേ അന്നെനിക്ക് ഓർമ്മയുളളൂ..
ഷംസുവിനെ പിന്നെ കണ്ടതേയില്ല.
എവിടെയെങ്കിലും വെച്ച് അപ്രതീക്ഷതമായി വീണ്ടും അവൻ മുന്നിൽ വന്നു പ്രത്യക്ഷപ്പെടുമായിരിക്കും !!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )