മാക്സിമം ഷെയർ പ്ലീസ് !!


“മാക്സിമം ഷെയർ പ്ലീസ്.”

വാട്സാപ്പിലെക്ക് വന്ന മെസേജിന്റെ നോട്ടിഫിക്കേഷനാണ് കാലത്തെ എഴുന്നേറ്റപ്പോഴേ കണ്ണിൽ തടഞ്ഞത്. സ്മാർട് വാച്ചിൽ അലാം സ്റ്റോപ്പ് ചെയ്തപ്പോൾ തന്നെ ഫോണിലെ വൈഫൈ എനേബിൾ ആവുകയും അതിനെ തുടർന്ന് സിനിമ തീയേറ്ററിൽ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്തു നിൽക്കുന്ന ജനം മുഴുവൻ ഗേറ്റ് തുറന്ന മാത്രയിൽ ഉള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ മെസേജുകൾ ഓരോന്നായി ഫോൺ സ്‌ക്രീനിൽ പച്ച നിറത്തിൽ നിറഞ്ഞു വന്നു.

ഇന്നും ഗ്രൂപ്പിലെന്തോ അടി തുടങ്ങിയെന്നു തോന്നുന്നു.

ക്ലസ്‌മേറ്റ്സ് ഓഫ് ’02 ഗ്രൂപ്പ് ആണ്. ധീരജ് മേനോൻ ന്റെ മെസേജ്. ഹിന്ദു അപകടത്തിൽ മാക്സിമം ഷെയർ. സ്വാമി അയ്യപ്പൻറെ ചിത്രവും, ഓംകാര ചിഹ്നവും ഒക്കെയായി ഒരു സ്ഥിരം ടെംപ്ളേറ്റ് ഫോർവേർഡ് മെസേജ്.

എനിക്ക് സത്യത്തിൽ ആദ്യം ദേഷ്യമാണ് തോന്നിയത്. മർച്ചന്റ് നേവിയിൽ വലിയ ഉദ്യോഗ്സഥനാണ് ധീരജ്. ഇപ്പൊ നാടാറു മാസം സമയം നാട്ടിലാണ്. കോളേജിൽ പഠിക്കുന്പോഴാത്തെ ധീരജ് കൃഷ്ണൻകുട്ടിയാണ് മേനോൻ വാലുമായി നിൽക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ പിന്നെ
“നിങ്ങൾ നസ്രാണികൾ ഫ്രാൻകോ പിതാവിനെ ജാമ്യത്തിൽ ഇറക്കാൻ നിൽക്കുവല്ലേ ” എന്നൊരു ചൊറിയൻ മെസേജ് പ്രതീക്ഷിക്കാം.

ഈയിടെയായി ആളുകൾ എന്തൊക്കെ പറയും എന്ന് എളുപ്പത്തിൽ പ്രവചിക്കാൻ പറ്റുന്നുണ്ട്.

സുനിത ഉണർന്നിട്ടുണ്ടായിരുന്നില്ല. അവളെ ഉണർത്താതെ പതുക്കെ ബാത്റൂമിൽ പോയി ഫ്രഷ് ആയി.
അടുക്കളയിൽ ചെന്ന് ഒരു ചായ ഇട്ടു കപ്പിലേക്ക് മാറ്റിയപ്പോഴേക്കും സുനിതയും ഉണർന്നെത്തി.

ചായക്കപ്പ് ചുണ്ടിലേക്ക് പിടിപ്പിച്ചു അവളും ഫോണിലൂടെ വിരലുകൾ പായിച്ചു.

“ഓ നിന്റെ ഫ്രണ്ട് ധീരജ് ഇന്ന് ഗ്രൂപ്പിലേക്ക് പതിനേഴ് മെസേജ് ആണല്ലോ ഒരുമിച്ചയച്ചത്..”
“കണ്ടിരുന്നു..മുഴുവൻ നോക്കിയില്ല..എല്ലാം ഹിന്ദു ഉണരാൻ ആണോ..”
“ആണെന്ന് തോന്നുന്നു. ഞാൻ നേരെ ഡിലീറ്റ് അടിച്ചു..”
“ഇടയ്ക്ക് എന്തെങ്കിലും മറുപടി കൊടുക്കണം എന്ന് തോന്നും, പിന്നെ, നമ്മളായിട്ടെന്തിനാണ് എന്ന് വെച്ച് മിണ്ടാതിരിക്കും. ”
“അവനൊന്നും വേറെ പണിയില്ല..നീ വിട്ടു കള..”
“എന്നാലും, ഇച്ചിരി ലോജിക് ഉപയോഗിച്ചാൽ മനസിലാവില്ലേ ഇവനൊക്കെ..”
“അതാണ് മോനെ, വിശ്വാസത്തിന്റെ പവർ..പിന്നെ, അവൻ പറയുന്നതിൽ കാര്യം ഇല്ലാതില്ല…സർക്കാർ ഇത്രക്കങ്ങോട്ട് തിടുക്കം കാണിക്കേണ്ടായിരുന്നു…”
“അത് പിന്നെ, സുപ്രീം കോടതി വിധി അങ്ങനല്ലായിരുന്നോ..”
“എന്നാലും സർക്കാർ അത്രയ്ക്കങ്ങോട്ട് തിടുക്കം കാണിക്കേണ്ടായിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ വെച്ച് കളിക്കാൻ പാടില്ലായിരുന്നു..”
എനിക്കെന്തോ പെട്ടെന്ന് അരിശം വന്നു.
“നീ ഇങ്ങനെ പൊട്ടത്തരം പറയരുത്..”
സുനിതയുടെ മുഖം ഇരുണ്ടു. ചായ കപ്പ് ദേഷ്യത്തോടെ അവൾ ഡൈനിംഗ് ടേബിളിലേക്ക് വെച്ചു..
“മൂന്നാർ മലയിലെങ്ങാണ്ട്‌ കുരിശു വെച്ചപ്പോൾ നിങ്ങടെ മുഖ്യൻ ഇങ്ങനൊന്നും അല്ലായിരുന്നു പറഞ്ഞത്. അന്നയാൾ നിങ്ങൾ നസ്രാണികൾക്ക് ഒപ്പമായിരുന്നല്ലോ..ഞങ്ങൾ ഹിന്ദുക്കളുടെ കാര്യം വന്നപ്പോൾ കണ്ടില്ലേ കടും പിടുത്തം..”
“അത് ശരി ഇപ്പൊ അങ്ങിനെ ആയോ..”
“പിന്നല്ലാതെ, ഹിന്ദുക്കൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..എന്റെ കൊച്ചച്ചന്റെ മോൾ സിതാര ദേ ഇപ്പൊ കൂടി ഞങ്ങടെ ഫാമിലി ഗ്രൂപ്പിൽ അതൊരു മെസേജ് ആയി അയച്ചതെ ഉള്ളൂ..അവിടെയും എല്ലാരും ഇതാ സംസാരം. ഇന്നലെ നാട്ടിൽ വിളിച്ചപ്പോ സുജിത് പറയുകേം ചെയ്തു വീട്ടീന്ന് അമ്മായിമാരൊക്കെ സമരത്തിന് പോയെന്ന്..”
“എന്നിട്ട് അവൻ പോയോ..”
“ഇല്ല അവൻ പിന്നെ സഖാവല്ലേ..അടുത്ത ഇലക്ഷന് അവനേം കൊണ്ട് ഈ പാർട്ടിക്ക് വോട്ട് ചെയ്യിക്കില്ല എന്ന് അച്ഛൻ വരെ പറഞ്ഞു..ആ ദേഷ്യത്തിന് അവൻ ഗ്രൂപ്പിൽ നിന്ന് അൻസബ്സ്ക്രൈബ് ചെയ്തു പോവുകേം ചെയ്തു..”
“അവനു വിവരമുണ്ട്..”
“ദേ, ടോണി..ഈയിടെയായി കളിയാക്കൽ കൂട്ടുന്നുണ്ട് കേട്ടോ..എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്..ഇങ്ങോട്ട് വന്നേരു കൊഞ്ചിക്കൊണ്ട്..”
അവൾ അരിശത്തോടെ വാതിൽ വലിച്ചടച്ചു അകത്തേക്ക് പോയി.
ഓഫീസിലേക്കുള്ള കാർ യാത്രയിൽ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഉച്ചക്ക് ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ബുഫെ അടിക്കാൻ പോകണം എന്ന് പ്ലാൻ ഇട്ടത് ഓർമ്മിപ്പിക്കണം എന്നുണ്ടായിരുന്നു. മിണ്ടിയില്ല.
കാർ, ഓഫീസ് ലോബിക്ക് മുന്നിലെത്തിയപ്പോ തന്നെ, അവൾ ഇറങ്ങി പോയി. പാർക്കിംഗിൽ നിന്ന് ബിൽഡിംഗിലേക്ക് അവളില്ലാതെ, ഒറ്റയ്ക്ക് നടന്നു പോയി.

പൊരി വെയിൽ വന്നു ഉച്ചിയിൽ അടിച്ചിട്ടും അവളെ കണ്ടില്ല. ഫോണിലേക്ക് വിളിച്ചിട്ടും എടുത്തില്ല. വിശപ്പ് വയറിനെ കീറി മുറിച്ചു കഷ്ണങ്ങൾ ആക്കി കൊണ്ടിരുന്നു.

വാട്സ്ആപ് ഗ്രൂപ്പിൽ തർക്കങ്ങളും ഫോർവേർഡുകളും വീഡിയോ മെസേജുകളും പാറി നടക്കുന്നുണ്ട്.

“മീറ്റിങ്ങിലാണ്..ഇറങ്ങാൻ പറ്റില്ല..” എന്നൊരു ഒറ്റ വരി മെസേജ് അവളുടേതായി ഇൻബോക്സിൽ വന്നു.

വെള്ളിയാഴ്ചകളിൽ പതിവുള്ള ലഞ്ച് ബുഫെ ആണ്. സ്ഥിരം പോകുന്ന റെസ്റ്റോറന്റ്. റെസ്റ്റോറന്റ് ഉടമ തോമസേട്ടൻ കണ്ടപ്പോഴേ ചോദിച്ചത് സുനിത എന്ത്യേ എന്നായിരുന്നു.
മീറ്റിങ് ഉണ്ടെന്നു പറഞ്ഞു പെട്ടെന്ന് ബുഫെയുടെ ക്യൂവിൽ കയറി നിന്നു.

ഉച്ചകഴിഞ്ഞു പതിവുള്ള മെസേജുകളോ കോളുകളോ ഒന്നും സുനിതയിൽ നിന്നും വന്നില്ല.
വൈകീട്ട് വീട്ടിലേക്ക് ഇറങ്ങാൻ സമയമായപ്പോഴേക്കും അവളുടെ ടെക്സ്റ്റ് മെസേജ് വന്നു.
“ഞാൻ യൂബർ എടുത്ത് പോന്നു..സുഖമില്ലായിരുന്നു. ”

വീട്ടിലെത്തിയപ്പോൾ അവൾ കിടപ്പാണ്. ചോദിച്ചിട്ട് മിണ്ടുന്നില്ല.

നേരം ഇരുട്ടി. അവൾ അവിടെ കിടന്നു തന്നെ ഉറങ്ങി. അന്നത്തെ ഉറക്കം സോഫയിൽ ആയി എനിക്ക്.
രണ്ടു പേരും കൂടി ഡിന്നർ ഒക്കെ കഴിഞ്ഞു, നെറ്റ്ഫ്ലിക്സിൽ ഏതെങ്കിലും സീരീസ് ഒക്കെ കണ്ടു, ഗൂഗിൾ ഹോമിൽ പാട്ടൊക്കെ ഇട്ടാണ് ഉറക്കം പതിവ്.

ഇന്നാ പതിവുകൾ ഒക്കെ തെറ്റി.

നിസാര കാര്യത്തിന് വഴക്കുണ്ടാക്കി എന്നൊരു ബോധത്തിൽ നിന്നുണ്ടായ അരിശം എന്നെയും വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

അവൾക്ക് മാത്രമല്ലോ വിശ്വാസങ്ങൾ. എനിക്കുമില്ലേ. പള്ളിയിൽ പോയിട്ട് ഞാനും വർഷങ്ങൾ ആയി. വല്ലപ്പോഴും അമ്പലത്തിൽ പോകണം എന്ന് പറയുന്പോൾ ഞാൻ കൊണ്ട് പോവാറും ഉണ്ട്. പിറന്നാളിനോ അങ്ങനെ എന്തെങ്കിലും വിശേഷ ദിവസങ്ങൾക്കോ മറ്റോ.

വാട്സ്ആപ് ഗ്രൂപ്പിൽ തുരുതുരേ വരുന്ന മെസേജുകൾ ഒന്നും വായിക്കാൻ തോന്നിയില്ല. ക്ലാസ് മേറ്റ്സ് ഗ്രൂപ്പിൽ പൊരിഞ്ഞ അടിയാണ്. ഞങ്ങൾ രണ്ടു പേരും ഒരേ ക്ലാസിൽ പഠിച്ചതായത് കൊണ്ട്..രണ്ടു പേരും ഉണ്ട് ആ ഗ്രൂപ്പിൽ.

ധീരജ് മേനോന്റെ പുതിയ മെസേജ് കണ്ടതോടെ എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞരമ്പുകളിലൂടെ അഗ്നിഗോളങ്ങൾ പാഞ്ഞു നടക്കുന്നത് പോലെ. മനസ്സിൽ തോന്നിയതൊക്കെ ടൈപ്പ് ചെയ്തയച്ചു കൊടുത്തു.

“ഞങ്ങടെ കൂട്ടത്തിൽ ഉള്ള ഹിന്ദു പെങ്കൊച്ചിനെ അടിച്ചോണ്ടു പോയ നസ്രാണി നീ മിണ്ടരുത് ” എന്നോ മറ്റോ ഉള്ള കമന്റ് കണ്ടതോടെ സകല രോമകൂപങ്ങളിലും ദേഷ്യം ഇരന്പി നിന്നു. സഭ്യതക്ക് അപ്പുറത്തേക്ക് വാക്കുകൾ ഇടറി വീണു.
“പശൂനെ തിന്നുന്ന നസ്രാണി തെറി പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ” എന്നവൻ പ്രകോപിപ്പിച്ചു.

റസാഖ് ചാടി വീണില്ലായിരുന്നെങ്കിൽ വഴക്ക് മുറുകിയേനെ.
ഗ്രൂപ്പ് മ്യൂട്ട് ബട്ടൺ ഞെക്കി, ബെഡിൽ ചെന്ന് സുനിതയോട് ചേർന്ന് കിടന്നുറങ്ങി.

സ്വപ്നങ്ങളുടെ കയത്തിൽ നിന്നും ഉറക്കത്തിലേക്ക് തിരികെ വന്നത് എപ്പോഴാണ് എന്നറിയില്ല. ഉണർന്നപ്പോൾ അടുത്ത് സുനിതയെ കണ്ടില്ല. വീക്കെൻഡിൽ നേരത്തെ എഴുന്നേക്കൽ പതിവുള്ളതല്ല. പുറത്ത് നേരം പുലർന്നിട്ടില്ല.
പുതപ്പു മാറ്റി, നൈറ്റ് സ്റ്റാൻഡിൽ നിന്നും ഫോണും കണ്ണടയും കയ്യിലെടുത്ത് ലിവിംഗ് റൂമിലേക്ക് ചെന്നു.
ഡൈനിംഗ് ടേബിളിനോട് ചേർത്ത് വെച്ചിരിക്കുന്ന കസേരയിൽ അവൾ ഇരിക്കുന്നുണ്ട്. ആവി പാറുന്ന ചായ ടേബിളിനു മുകളിൽ ഇരിപ്പുണ്ട്.
ചായ കുടിച്ചു കൊണ്ട് അവൾ മുഖത്തു നോക്കാതെ പറഞ്ഞു.

“എനിക്കൊന്ന് പുറത്തു പോകണം..”

വേഗം റെഡിയായി വരാം എന്ന് പറഞ്ഞു ചായ ഒരു കവിൾ കുടിച്ചു ഞാൻ അകത്തേക്ക് പോയി.

കാർ സ്റ്റാർട്ട് ചെയ്യുന്പോൾ, തലേന്ന് രാത്രി പെയ്ത മഴയുടെ ചില്ലുകൾ കാറിൽ നിന്നും പൊടിഞ്ഞു പോകാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. കിഴക്കു നിന്നും മരങ്ങൾക്കിടയിലൂടെ സൂര്യ രശ്മികൾ പാർക്കിംഗ് ലോട്ടിനുളിൽ അവിടവിടെയായി ജനൽ വരികൾ തീർത്തു നിൽക്കുന്നു.

അടുത്തുള്ള എയർപോർട്ടിലേക്ക് ഒന്ന് രണ്ടു ചെറുവിമാനങ്ങൾ പറന്നിറങ്ങുന്നതിന് സമാന്തരമായി കാർ മുന്നോട്ട് നീങ്ങി.

കുറച്ചു ദൂരം ചെന്നപ്പോൾ അവൾ പറഞ്ഞു..

“നീ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ സ്റ്റീയറിംഗിൽ തൊട്ടു നമസ്കരിച്ചില്ലേ..”
“യെസ്..”
“അതെന്തിനാ ചെയ്തേ..”
“അതൊരു ശീലമായിപ്പോയി…ഡ്രൈവിംഗ് പഠിപ്പിച്ചു തന്ന ആശാന്റെ കയ്യിൽ നിന്നും കിട്ടിയ ശീലം ..”
“ശീലം മാത്രമല്ല…അങ്ങനെ വണ്ടി സ്റ്റാർട്ട് ചെയ്‌താൽ അപകടം ഒന്നും പറ്റില്ല എന്ന വിശ്വാസം അല്ലെ..”
“അതൊരു ശീലമാണ്..നോട്ട് എ വിശ്വാസം..”
“എന്നാലും സമ്മതിച്ചു തരാൻ പറ്റില്ല..അല്ലെ..ഹും..ഇത് പോലെ ശീലമായി തീർന്ന വിശ്വാസങ്ങൾ ആണ് പലർക്കും..”
“ഓ..പിന്നെയും ആ ടോപ്പിക്കിലേക്ക് തന്നെ വന്നോ..വെറുതെയല്ല, മതം മനുഷ്യനെ മയക്കി കിടത്തുന്ന വേദന സംഹാരിയാണ് എന്ന് പഴയ ആ താടിക്കാരൻ പറഞ്ഞത്..”
“വേദനസംഹാരി എന്നല്ലല്ലോ..കറുപ്പ് എന്നല്ലേ അയാള് പറഞ്ഞത്…”
“ആ..അത് ഞാൻ ലഘൂകരിച്ചതാ…”
“ശരിക്കും..ആളുകൾക്ക് നല്ല ഒന്നാന്തരം വരട്ടു ചൊറി വരണം..നമ്മുടെ ബഷീർ പറഞ്ഞത് പോലെ” അവൾ കുറച്ചു നേരം എന്തോ ആലോചിച്ച ശേഷം പറഞ്ഞു.
“ഏത് ബഷീർ..നമ്മടെ ബിഗ് ബോസ് ഹൗസിലെയോ..” ഞാൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു..
“അല്ല നമ്മുടെ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ..” അവൾ കൂട്ടിച്ചേർത്തു..

ഹൈവേയുടെ ഇടത് വശത്തു നിന്നും സൂര്യ രശ്മികൾ തീക്ഷണതയോടെ വീണു തുടങ്ങി. വലതു വശത്ത് നീണ്ട പർവത നിരയുടെ മുകൾ തുന്പിലെവിടേയൊ ഉള്ള മഞ്ഞു മിനാരത്തിൽ ചുവപ്പ് നിറം.

“നല്ല ഭംഗി അല്ലെ..” അവൾ കൈ എന്റെ കൈത്തണ്ടയിൽ ചേർത്ത് വെച്ച് പതുക്കെ തോളിലേക്ക് ചാഞ്ഞു കൊണ്ടു പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
“രാവിലെ എഴുന്നേറ്റ് ഒരു ഡ്രൈവ് പോകണം എന്ന് കുറെയായില്ലേ നീ പറയുന്നു..” അവൾ ചെവിയുടെ അടുത്ത് വന്നു മന്ത്രിച്ചു. പിന്നെ ഒരു ചെറിയ ചിരിയോടെ പറഞ്ഞു..
“സോറി”
“ഞാനും സോറി..”

നീണ്ടു കിടക്കുന്ന ഹൈവേയിലൂടെ ഞങ്ങളുടെ കാർ ദൂരേയ്ക്ക് പാഞ്ഞു.

ക്ലാസ്മേറ്റ്സ് ’02 ഗ്രൂപ്പിൽ നിന്നും സേവ് അയ്യപ്പ പോസ്റ്ററുകൾ ധീരജ് മേനോനും, വിഷ്ണു പാണിയത്തും ഷെയർ ചെയ്തത് ഞങ്ങളുടെ രണ്ടു പേരുടെയും നോട്ടിഫിക്കേഷനായി വന്നു കൊണ്ടേയിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )