കപ്പൽച്ഛേദം


ആദ്യമായി ഷോർട്ട് ഫിലിം എഴുത്തിൽ പങ്കാളിയാവുന്നു. പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമയാണ്.

അഞ്ചിലും ആറിലും  പഠിക്കുന്പോൾ യുപി സ്‌കൂളിൽ സാഹിത്യ സമാജം പേരിലൊരു പരിപാടി നടക്കുമായിരുന്നു. കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ആയിരുന്നു ആ പരിപാടികൾ നടത്തി പോന്നിരുന്നത്. ഹൈസ്‌കൂളിലും ആ കാലത്ത് സാഹിത്യ സമാജങ്ങൾ നടത്തി വന്നിരുന്നു എന്നാണ് ഓർമ്മ. ഇപ്പോൾ ഉണ്ടോ എന്നറിയില്ല.
യുപി സ്‌കൂളിലെ ഏതോ ഒരു വർഷം സാഹിത്യ സമാജം സ്‌കൂൾ തല ഉദ്ഘാടനത്തിന് വന്നത് തൊട്ടടുത്ത ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപകൻ കുറുപ്പ് സാർ ആയിരുന്നു. അതിനും രണ്ടു വർഷങ്ങൾക്കപ്പുറം കുറുപ്പ് സാർ മലയാളം അധ്യാപകനായി ഹൈസ്‌കൂളിൽ പഠിപ്പിച്ചിരുന്നു എങ്കിലും ഇന്നും  ഓർമ്മയിൽ നിൽക്കുന്നത് യുപി സ്‌കൂൾ പരിപാടിക്ക് വന്ന കുറുപ്പ് സാർ പറഞ്ഞ ആ വാക്കുകൾ ആണ്.
“നമ്മൾക്ക് തലയുയർത്തിയും തല താഴ്ത്തിയും നടക്കാം. ഒരു സാഹിത്യകാരനെ, കലാകാരനെ അല്ലെങ്കിൽ കഥയെഴുതുന്നവനെ പറ്റി പറഞ്ഞാൽ അവൻ എപ്പോഴും തലയുയർത്തി തനിക്കു ചുറ്റിനും നടക്കുന്ന സംഭവങ്ങളെ കണ്ടു കൊണ്ട് നടക്കണം. അപ്പോഴാണ് അവൻ ജീവിതങ്ങൾ കാണുന്നത്, ജീവിതാനുഭവങ്ങൾ ഉണ്ടാവുന്നത്. കണ്ണിൽ വരുന്നത് പലതും കഥാപാത്രങ്ങളും, വരകളും, വരികളും, വാക്കുകളും, പകർന്നാട്ടങ്ങളും  ആവുന്നത്. “
അഞ്ചിലോ ആറിലോ പഠിക്കുന്ന എത്ര പേർക്ക് അന്ന് ആ പറഞ്ഞതിന്റെ അർത്ഥം പിടികിട്ടി എന്നറിയില്ല. എന്നാലും ആ ഒരു കൊളുത്ത് മനസ്സിൽ എവിടെയോ നങ്കൂരമിട്ടു. കഥയെഴുതാനുള്ള പല ശ്രമങ്ങളും പാളിയെങ്കിലും, എന്നെങ്കിലും അതിലേക്ക് എത്തുമെന്ന് തന്നെ വിശ്വസിച്ചു കണ്ണും തുറന്നുള്ള യാത്ര തുടങ്ങി.
പിന്നീട്, ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ മലയാളം ;പഠിപ്പിച്ചത് പ്രിയപ്പെട്ട അധ്യാപിക ആയിരുന്ന ജോയ്‌സ് സിസ്റ്റർ ആണ്. ആ കാലത്തൊന്നും എഴുതിയ വാക്കുകൾ വരികൾ ആരെയും കാണിക്കാറില്ലായിരുന്നു. എങ്ങിനെ സ്വീകരിക്കപ്പെടും എന്നുള്ള പേടി. ഒരിക്കൽ എപ്പോഴോ സിസ്റ്ററെ കാണിച്ചപ്പോൾ സിസ്റ്റർ പ്രോത്സാഹിപ്പിച്ചു. ഏതോ മാഗസിനിൽ കഥ അടിച്ചു വന്നു എന്നൊരു കള്ളം അന്ന് സിസ്റ്ററോട് പറഞ്ഞു എന്ന് ഈയടുത്തു കണ്ട സ്വപ്നങ്ങളിൽ തെളിഞ്ഞു വന്നത് സത്യമാണോ മായക്കാഴ്ച ആണോ എന്നു അറിയില്ല.
എന്തായാലും ഒളിച്ചെഴുത്തുകൾ തുടർന്നു.
എഴുതാൻ ധൈര്യവും പ്രോത്സാഹനവും തന്നത് പ്ലസ്‌ടുവിനു പഠിപ്പിച്ച സപ്ന ടീച്ചർ ആയിരുന്നു. കുത്തിക്കുറിച്ചതെല്ലാം ടീച്ചറെ കൊണ്ട് പോയി കാണിക്കും. ടീച്ചർ പിന്നീട് ബി എസ്‌സി ക്ലാസിൽ ഇംഗ്ലീഷ് ടീച്ചർ ആയി വന്നപ്പോൾ എഴുത്ത് കൂടെയുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷിച്ചു.
ഒളിച്ചെഴുത്തുകൾക്ക് പത്രത്താളുകളിൽ കൂടെ കറുപ്പ് മഷിയുടെ രൂപം കിട്ടി.
വർഷങ്ങൾക്കിപ്പുറം ആദ്യമായി ബ്ലോഗ് എഴുതി തുടങ്ങിയപ്പോൾ, ആദ്യം കുറിച്ചത് – “വഴിയിൽ കിടന്നു കിട്ടിയതും, ആരോ നേർക്ക് വലിച്ചെറിഞ്ഞതുമായ അനുഭവങ്ങൾക്ക് വരികളുടെ രൂപം നൽകി എഴുതി വെയ്ക്കുന്ന ഇടം..” എന്നോ മറ്റോ ആയിരുന്നു.
അത് ശരിയുമായിരുന്നു. ഈ കാലമത്രയും സഞ്ചരിച്ച വഴികളിൽ സ്വയം അനുഭവിച്ചതും, പരിചയപ്പെട്ടതും, ദൂരെ നിന്ന്  കണ്ടതുമായ നിരവധി അനുഭവങ്ങളെ കുറിച്ച് വെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. അതൊക്കെ കഥകളായി എഴുതി വെയ്ക്കും- സമയമതെത്ര എടുത്താലും.
കഥ വായനയിലേക്ക് കൈപിടിച്ചു നടത്തിച്ച അച്ഛാച്ചനെ(അമ്മയുടെ അച്ഛനെ) ഓർക്കാതെ ഈ കുറിപ്പ് പൂർണ്ണമാക്കാൻ എനിക്ക് കഴിയില്ല. അച്ചാച്ചൻ മരിക്കുന്പോൾ ബ്ലോഗ് എഴുതി തുടങ്ങി ഒരു വർഷത്തിലധികം ആയിരുന്നു എങ്കിലും അങ്ങിനെയൊക്കെ എഴുതുണ്ടെന്ന കാര്യം അച്ഛാച്ചന് അറിയുക പോലും ഇല്ലായിരുന്നു. പറഞ്ഞിരുന്നില്ല എന്നതാണ് സത്യം. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുന്നേ കണ്ടപ്പോൾ എന്നോട് പരാതി പറഞ്ഞത് ആവർത്തിച്ചു ആവർത്തിച്ചു കേൾക്കുന്ന ഒരേ വാർത്തകളെ കുറിച്ചായിരുന്നു. രാവിലെ മുതൽ രാത്രി വരെ ടിവിയിൽ ഇന്ത്യാവിഷൻ ന്യൂസ് കേൾക്കുകയായിരുന്നു ആ ദിവസങ്ങളിൽ മുഴുവനും അദ്ദേഹം. എല്ലാം ഒരേ വാർത്തകളാണ്. പുതിയത് ഒന്നും വരുന്നില്ല എന്നദ്ദേഹം പരാതി പറഞ്ഞു. പിറ്റേ ആഴ്ച മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന് മറവിരോഗത്തിന്റെ തുടക്കമായിരുന്നു എന്ന് ഞങ്ങൾ അറിയുന്നത്.
രമേഷേട്ടൻ ഈ കഥ ആദ്യം പറഞ്ഞപ്പോൾ അച്ചാച്ചനെയാണ് ഓർമ്മയിൽ വന്നത്.
കഥ കൂട്ടുകളുടെ ലോകത്തിലേക്ക് കൈ പിടിച്ചുയർത്തിയ അച്ഛാച്ചന്..തലയിലേക്ക് ഒരു ഫിലോസഫി അടിച്ചു തന്ന കുറുപ്പ് സാറിന്, പ്രോത്സാഹിപ്പിച്ച ജോയ്‌സി സിസ്റ്ററിനു, സപ്ന ടീച്ചർക്ക്, ഇക്കാലമത്രയും ജീവിച്ചിടങ്ങളിലെല്ലാം പരിധിയില്ലാത്ത സൗഹൃദം തന്ന സുഹൃത്തുക്കൾക്ക്, ഇനിയും എഴുതാൻ ഒരുപാട് ത്രെഡുകൾ തരുന്ന നിത്യകാഴ്ചകൾക്ക്,  എഴുതിയതൊക്കെ ആദ്യം വായിച്ചു അഭിപ്രായം പറയുന്ന പ്രിയപ്പെട്ടവൾ അഞ്ജുവിന്, അച്ഛന്റെ ചീഫ് പബ്ലിസിറ്റി പി ആർ ഓ ആയ നന്ദക്ക്, പാൽ പുഞ്ചിരി കൊണ്ട് ഉമ്മ തരുന്ന നീരവിന്, എഴുതി വെച്ചതിനെ പതിന്മടങ് മോടിപിടിപ്പിച്ച രമേഷേട്ടന്..നമ്മളെ ഒക്കെ ഒന്നായി അടുപ്പിക്കുന്ന സാങ്കേതിക വിദ്യക്ക്..എല്ലാവർക്കും മുന്നിൽ സ്നേഹപൂർവ്വം അവതരിപ്പിക്കുന്നു – ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസിന്റെ “കപ്പൽച്ഛേദം “
കപ്പൽച്ഛേദം എന്ന ഈ ഷോർട് ഫിലിമിന്റെ എഴുത്തിൽ പങ്കാളിയാവാൻ കഴിഞ്ഞ സന്തോഷം മറച്ചു വെയ്ക്കാതെ പറയട്ടെ..ഈ ശനിയാഴ്ച യൂട്യൂബ് റിലീസുമായി നിങ്ങളുടെ മുന്നിലേക്ക് എത്താൻ പോവുകയാണ് ഞങ്ങളുടെ ഈ കുഞ്ഞു സിനിമ.
എല്ലാവരും കാണുമെന്ന പ്രതീക്ഷയിൽ നിർത്തട്ടെ .(പോസ്റ്റർ കമന്റിൽ ..)
(പത്ത് മിനിറ്റുള്ള ഒരു ഷോർട്ട് ഫിലിം ഇറങ്ങുന്നതിന് ഇത്രക്ക് എഴുതണോ എന്ന് മനസ്സിൽ ആരെങ്കിലും വിചാരിക്കുന്നെങ്കിൽ..കൊച്ചു കൊച്ചു സന്തോഷങ്ങൾ എഴുതി വെച്ച് പിന്നെയത് വർഷങ്ങൾക്ക് ശേഷം വായിക്കുന്പോൾ മനസ്സിൽ തോന്നുന്ന ഒരിത് ഉണ്ടല്ലോ..അതൊരു വലിയ ഇത് ആണ്..:) )

എല്ലാവരും കാണുക..ഇഷ്ടമായാൽ ഷെയർ ചെയ്യുക.

 

44834634_2169436563317320_4661880236063850496_o

2 Comments Add yours

  1. pravya പറയുക:

    Short filim kandu. Beautiful….. Camera,bgm okke pwolichitund ….kadhayum kollam …..bst wishes…. 👌👌

    1. Sijith പറയുക:

      Thank you for the nice words !!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )