ഞങ്ങൾ ചെല്ലുന്പോൾ കീ വെസ്റ്റിലെ ഹെമിംഗ്‌വേയുടെ വീട്ടിൽ സന്ദര്ശകരെക്കൊണ്ട് നിറഞ്ഞിരുന്നു. വീടിനു പുറത്തെ ചുറ്റുമതിലിനെ പറ്റിചേർന്നു കിടന്ന ചെറിയ നിരയിലെ അവസാനക്കാരായി ചേർന്ന് നിൽക്കുന്പോൾ നടപ്പാതയോരത്ത് ഹെമിഗ്‌വേയുടെ തന്നെ കഥാപാത്രങ്ങളുടെ ഛായയുള്ള ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന കിഴവൻ ചിത്രങ്ങൾ വിൽപ്പനക്കായി വെച്ചിരിക്കുന്നത് കാണാം.
മറ്റൊരു വിൽപ്പനക്കാരൻ കാരിക്കേച്ചറുകൾ വരച്ചു വിൽക്കാനായി വെച്ചിരിക്കുന്നു. അയാൾ ഇടയ്ക്കിടെ എന്തൊക്കെയോ ഉറക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു.
അകത്തെ സ്വീകരണ മുറിയിൽ ടൂറിസ്റ്റ് ഗൈഡുകൾ പലതവണ ചവച്ചരച്ച വാക്കുകൾ വീണ്ടും നുണഞ്ഞിറക്കുന്നുണ്ട്. തേനീച്ചക്കൂട്ടത്തെ ആകർഷിച്ചു കൊണ്ട് റാണി തേനീച്ച നടക്കുന്നത് പോലെ അവരോടൊപ്പം സന്ദർശകർ സ്വീകരണ മുറിയിലും, എഴുത്തു മുറിയിലും, അടുക്കളയിലും എല്ലാം കൂട്ടം ചേർന്നു നടക്കുന്നു.
അദ്ദേഹത്തിന്റെ ബെഡ്റൂമിലെ വലിയ കട്ടിലിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ചകളിലൊന്ന് ചുരുണ്ടു കൂടി കിടക്കുന്നു. ഗോവണിയോട് ചേർന്നുള്ള കണ്ണാടി അലമാരയിൽ പലതവണ വായിച്ച പഴയ പുസ്തകങ്ങൾ. ഹെമിഗ്‌വേയുടെ പ്രിയപ്പെട്ടവയാണവയെന്ന് കണ്ണാടി ചില്ലിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന കുറിപ്പുകൾ. പുസ്‌തക നിരയിൽ ഒന്ന് മൈഗ്രെ എന്ന ഡിക്ടറ്റീവ് സീരീസ് ആണെന്ന് കണ്ടത് എന്നെ അത്ഭുതപ്പെടുത്തി.
വീടിനു പുറത്തെ തോട്ടത്തിൽ കൂറ്റൻ മരങ്ങളും, ചെമ്പരത്തിയും ചെത്തിയും, പൂച്ചവാലനും നിറഞ്ഞിരിക്കുന്നു. അവയ്ക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നു. പിന്നിലെ കുളിമുറിയോട് കൂടിയ ശുചിമുറി കേരളത്തിലെ നാട്ടിൻപുറങ്ങളിലെ കുളിമുറികളെ ഓർമ്മിപ്പിച്ചു.
തോട്ടത്തിലും വീട്ടിലുമായി പൂച്ചകൾ സന്ദർശകരുടെ കാലുകൾക്കിടയിലൂടെ അലസരായി നടക്കുന്നത് കണ്ടു ഞങ്ങൾ പതുക്കെ പുറത്തിറങ്ങി ക്യൂബയിലേക്ക് തൊണ്ണൂറു മൈൽ എന്നെഴുതി വച്ചിരിക്കുന്ന വൻകരയുടെ തെക്കേ മുനമ്പിലേക്ക് ബോഗൻ വില്ലകളും ചെമ്പരത്തി ചെടികളും അതിരു നിൽക്കുന്ന വീടുകൾക്കിടയിലൂടെയുള്ള റോട്ടിലൂടെ പതുക്കെ നടന്നു.
Wow!
Thanks !!