(2018 March 17നു സിനിമാപാരഡീസോ ഫേസ്ബുക് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത് !)
ന്യൂജേഴ്‌സിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ഹൈവേ.
ലിങ്കൺ ടണലിന്റെ കവാടം തുടങ്ങുന്നതിന് മുന്നേയുള്ള ഹെയർപിൻ വളവിൽ ട്രാഫിക് തുടങ്ങിയിട്ട് സമയം ഏറെയായി. കനത്ത മഴയിൽ എൻ ജെ ട്രാൻസിസ്‌റ്റിന്റെ വെള്ളയും ചാരവും നിറത്തിലുള്ള എസി ബസുകളുടെ നീണ്ട നിരയിൽ പെട്ട് ഒരു കറുത്ത കോഡിലാക് എസ് യു വി.
കാറിനുള്ളിൽ അക്ഷമനായി അയാൾ സ്റ്റിയറിംഗ് വീലിൽ താളം പിടിക്കുന്നുണ്ട്. കാർ സ്റ്റീരിയോയിൽ ഗാരി ലീവാന്റെ പ്രസിദ്ധമായ “കില്ലിംഗ് എ സ്ട്രേഞ്ചർ” പ്ളേ ചെയ്യുന്നു.
പുറത്ത് കറുത്ത മഴ..അകത്ത് പെരുകുന്ന റോക് സംഗീതം..ഉള്ളിൽ പകയുടെ നെരിപ്പോടുകൾ കെടാതെ സൂക്ഷിക്കുന്ന അയാൾ.
ഹെയർപിൻ വളവ് ഇറങ്ങി, കൂറ്റൻ കവാടം മുറിച്ചു കടന്ന് കാർ ടണലിന് ഉള്ളിലേക്ക് പ്രവേശിച്ചു.
ഹഡ്‌സൺ നദിയുടെ ആഴങ്ങളിലെ ആ തുരങ്കത്തിലൂടെ.. ഇരുളും, വെളിച്ചവും മാറിമാറി വരുന്നതിനിടയിലൂടെ അതിവേഗത്തിൽ കാറോടിച്ചു പോകുന്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ..
മാനസികരോഗാശുപത്രിയുടെ ജനൽ കന്പികളിൽ പിടിച്ചു പകച്ചു നോക്കി നിൽക്കുന്ന അച്ഛന്റെ മുഖം.
മരിക്കുന്നതിന് മുന്നേ ഒറ്റ ആഗ്രഹമേ അച്ഛൻ പറഞ്ഞുള്ളൂ..അവരെ ആ രണ്ടു റാസ്കൽസിനെ കണ്ടെത്തണം ..കൊല്ലണം.
അച്ഛന്റെ മാത്രം ആഗ്രഹം ആയിരുന്നില്ല അത്.
അമേരിക്കയിലെ കേസന്വേക്ഷണം പാതി വഴിയിൽ വെച്ച് നിർത്തി നാട്ടിലേക്ക് തിരിച്ചു വരാതെ മുങ്ങിയ ആ രണ്ടു തെമ്മാടികൾ കാരണം ജോലിയും അഭിമാനവും നഷ്ടമായ ഭാര്യാ പിതാവിന്റെയും അന്ത്യാഭിലാഷം മറ്റൊന്ന് ആയിരുന്നില്ലല്ലോ…
ആകാശത്ത് മഴ ബാക്കി വെച്ച് പോയ മൂടൽ മഞ്ഞിനിടയിലൂടെ നഗരം കണ്ടു തുടങ്ങിയപ്പോൾ..അവർ രണ്ടുപേരുടെയും ഏറ്റവും പുതിയ അഡ്രസ് എഴുതിയ കടലാസ് കീശയിൽ ഉണ്ടെന്ന് അയാൾ ഒന്ന് കൂടി ഉറപ്പിച്ചു.
ദാസൻ – ഹലാൽ ബ്രദേഴ്‌സ് ഫുഡ് ട്രക്ക് – ട്വന്റിയെത്ത് അവന്യൂ, മാൻഹാട്ടൻ, ന്യു യോർക്ക് !
വിജയൻ – വിജയൻസ് ഇന്ത്യാ ഗ്രോസറി – കറാച്ചി സ്ട്രീറ്റ്, ന്യു യോർക്ക് !!