കടയിൽ പതിവിലും അധികം തിരക്കുണ്ടായിരുന്നു. വർഷാന്ത്യത്തിലെ സമ്മാനപ്പൊതികളൊരുക്കുവാൻ വേണ്ടി അവസാന വട്ട ഓട്ടത്തിലായിരുന്നു എല്ലാവരും. കൊച്ചുമക്കൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുന്ന മുത്തശ്ശിമാർ, കുട്ടികൾക്കുള്ള പാവകൾ വാങ്ങുന്ന അച്ഛനമ്മമാർ. കൂടിയിരിക്കുന്ന കളിപ്പാട്ടങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടവ തിരഞ്ഞെടുക്കുവാൻ തിടുക്കം കൂട്ടുന്ന കൊച്ചു കുറുമ്പന്മാർ. കയ്യിൽ കിട്ടുന്നത് മതിയാകാതെ മറ്റൊരു കളിപ്പാട്ടത്തിനായി വഴക്കടിക്കുന്ന കുഞ്ഞു സുന്ദരിമാർ. പതിവാണെങ്കിലും ഇന്നത്തെ തിരക്ക് പോലൊന്ന് ഇതിനു മുന്നേ ഒരിക്കലും കണ്ടിട്ടില്ലാത്തതായിരുന്നു.
കടയിൽ അങ്ങോളം ഇങ്ങോളം തൂക്കിയിട്ടിരിക്കുന്ന ചുവന്ന റിബണുകളും സ്വർണ്ണ നൂലുകളും, ഉത്സവത്തിന്റെ അന്തരീക്ഷം ഓർമ്മിപ്പിച്ചു.
ഓടിനടക്കുന്ന കുട്ടികൾക്കിടയിൽ നിന്നും വീണുകിടക്കുന്ന കളിപ്പാട്ടങ്ങളെ അതാതിടങ്ങളിലേക്ക് എടുത്തു വെയ്ക്കുകയാണയാൾ. മടുപ്പു ഒട്ടുമേ തോന്നിപ്പിക്കാതെ ഒരേ ജോലി പലയാവർത്തി ചെയ്യുന്ന അയാളെ അധികം പേരും ഗൗനിക്കുന്നതേയില്ല. നരച്ച മുടിയിഴകൾ ചെറുനദി പോലെയൊഴുകുന്നതിനിടെ കഷണ്ടി കരപ്രദേശം തീർത്തു. മുഖത്തെ ചുളിവുകളും, കുഴിഞ്ഞ കണ്ണിലെ ക്ഷീണവും അയാൾക്ക് എഴുപതിലധികം പ്രായം തോന്നിപ്പിച്ചു. കടയിൽ നിറഞ്ഞു നിന്നിരുന്ന ക്രിസ്തുമസ് ഗാനങ്ങൾ അയാൾക്ക് മാത്രമല്ല, മറ്റു ജീവനക്കാർക്കും വലിയ സന്തോഷം തോന്നിപ്പിച്ചിരുന്നില്ല.
കടയിലെ ക്ളോക്കിൽ പന്ത്രണ്ടു മണിയടിക്കാൻ ഇനി പത്തോ പതിനഞ്ചോ മിനിറ്റുകൾ മാത്രം ബാക്കി. രാവിലെ എട്ടു മണി മുതൽ തുടങ്ങിയ ജോലിയാണ്. അയാളാണെങ്കിൽ കഴിഞ്ഞ നാല്പത് വർഷമായി; അതോ അതിലധികമോ – ഇതേ കടയിൽ ഇതേ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കൊരിക്കൽ പോലും അയാൾ ആ ജോലിയിൽ നിന്നും മാറിയിരുന്നില്ല. നഗരത്തിലെ വലിയ ഷോപ്പിംഗ് മാളിലെ തന്നെ പ്രധാന ആകര്ഷണമായിരുന്നു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ആ കട, ഒരു കാലത്ത്. അയാളുടെ കുട്ടികൾ തന്നെ അയാളോടൊപ്പം അവധിക്കാലങ്ങളിൽ സമ്മാനപ്പൊതികൾ പൊതിഞ്ഞു കൊടുക്കാനായി വരുമായിരുന്നു. ഇന്നവരും വലുതായി.
അയാളുടെ ജീവിതത്തിലെ നല്ലൊരു ഭാഗവും അയാൾ ചെലവഴിച്ചിരുന്നത് ആ കടയ്ക്കുള്ളിൽ ആയിരുന്നു. കളിപ്പാട്ടം വാങ്ങാൻ വരുന്ന ഓരോ കുട്ടികളുടെയും മുഖത്തെ സന്തോഷം മാത്രം മതിയായിരുന്നു അയാൾക്ക് പുതിയൊരു ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുവാൻ.
തലയിലെ ചുവന്ന നീളൻ തൊപ്പി ഒതുക്കി വയ്ക്കുന്നതിനിടെ സ്റ്റോർ മാനേജർ അയാളുടെ അടുത്തേക്ക് വന്നു. അയാൾക്ക് അന്നേ ദിവസം ഒരു കളിപ്പാട്ടം തിരഞ്ഞെടുക്കാം. കട അടയ്ക്കുന്നതിന് മുന്നേ മറക്കാതെ അതെടുത്ത് വെയ്ക്കണം എന്നോർമ്മിപ്പിക്കാൻ ആയിരുന്നു അയാൾ വന്നത്.
ക്ളോക്കിൽ പന്ത്രണ്ടു മണി അടിക്കുന്നതോടെ വർഷങ്ങളായി കുട്ടികളെ സന്തോഷിപ്പിച്ചിരുന്ന ആ കളിപ്പാട്ട കടയ്ക്ക് അവസാന ഷട്ടർ വീഴുകയാണ്. നാല്പതിലധികം വർഷങ്ങളായി ജോലി നോക്കിയിരുന്ന, കുട്ടികളെ സന്തോഷിപ്പിച്ചിരുന്ന അയാൾ ഉൾപ്പടെയുള്ള ജോലിക്കാർക്ക് പിറ്റേ ദിവസം മുതൽ ജോലി നഷ്ടമാവുകയാണ്. കുട്ടികളുടെ സന്തോഷവും പൊട്ടിച്ചിരികളും നിറഞ്ഞു നിന്നിരുന്ന ആ അന്തരീക്ഷത്തിൽ പക്ഷേ അയാളുടെയും സഹപ്രവർത്തകരുടെയും ദുഃഖവും ആശങ്കകളും ഘനീഭവിച്ചു നിന്നു.
*********************
“നീലനിലാവിൽ കുളിച്ചു നിന്നിരുന്ന രാത്രി, രാജകുമാരി വലിയ ആ കോട്ടയ്ക്കുള്ളിൽ ജനാലക്കരികിൽ നിന്ന് ഉറക്കെ പാടും. അവളുടെ പാട്ട് പുഴയും, കാടും, കടലും കടന്നു ചെന്ന്, രാപ്പകലുകൾക്കപ്പുറം, ഏഴേഴു കടലുകൾക്കപ്പുറമുള്ള കൊട്ടാരത്തിലെ രാജ കുമാരന്റെ ചെവിയിലും എത്തി. ഒരു ദിവസം രാജകുമാരൻ തന്റെ മാന്ത്രിക കുതിരയെയും തെളിച്ചു പാട്ടിന്റെ ഈരടികൾ പിന്തുടർന്ന് രാജകുമാരിയെയും തിരഞ്ഞു ഏഴു കടലും കടന്നു, ഏഴു കരകളും കടന്നു, നക്ഷത്ര പാടങ്ങളെയും, പൂന്തോട്ടങ്ങളെയും പൂമണം വീശുന്ന കാറ്റിനെയും കടന്നു കോട്ടയ്ക്ക് മുന്നിലെത്തും. “
അയാൾ അന്ന് രാവിലെ അവൾക്ക് വായിച്ചു കൊടുത്തത് ആ കഥയായിരുന്നു. അവൾക്കാകട്ടെ ആ കഥ നന്നായി ഇഷ്ടമാവുകയും ചെയ്തു.
അവസാനത്തെ ബസിറങ്ങി വീട്ടിലേക്കുള്ള വഴിയിലേക്ക് നടക്കുന്പോൾ അയാളുടെ കയ്യിൽ ചുവന്ന ഒരു സമ്മാനപ്പൊതി ഉണ്ടായിരുന്നു.
വെളുത്ത മഞ്ഞു വീണവിടെയാകെ ഒരു മുത്തശ്ശിക്കഥയിലെ രാവ് പോലെ തോന്നിപ്പിച്ചിരുന്നു.
അയാൾ തന്റെ കയ്യിലെ സമ്മാനപ്പൊതി മുറുകെ പിടിച്ചു വേഗത്തിൽ നടന്നു.
തന്റെ കൊച്ചു വീടിന്റെ മരപ്പാളി കൊണ്ടുണ്ടാക്കിയ വാതിൽ തുറന്നു. അകത്തു കയറി. അവൾ അപ്പോഴും ചെറിയ വീൽ ചെയറിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
പാവം കാത്ത് കാത്തിരുന്നുറങ്ങിയതാവും – അയാളോർത്തു.
അവളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താതെ അയാൾ ആ സമ്മാനപ്പൊതി തുറന്നവളുടെ മടിയിലേക്ക് മുത്തശ്ശിക്കഥയിലെ രാജകുമാരിയുടെ പാവ ചേർത്തു വെച്ചു.
ഏഴു വയസുള്ള ഒരു കുട്ടിയുടെ ഓർമ്മകളും,സ്വപ്നങ്ങളുമായി ഉറങ്ങുന്ന തൻറെ ഭാര്യയുടെ നെറുകയിൽ ഉമ്മ വെച്ച്, കയ്യിലെ കളിപ്പാവയെ ഒന്നു കൂടി മടിയിൽ ചേർത്ത് വെച്ച് അയാൾ തന്റെ മുറിയിലേക്ക് നടന്നു.
നര വീണ മുടിയിഴകൾ പാറിയിറങ്ങിയ കുഴിഞ്ഞ കണ്ണുകളിൽ ഏതോ മുത്തശ്ശിക്കഥയിലെ രാജകുമാരിയേയും സ്വപ്നം കണ്ടവൾ ഉറക്കം തുടർന്നു. അവളുടെ മടിയിൽ അയാൾ ചേർത്ത് വെച്ച രാജകുമാരി പാവ, അവളുടെ സ്വപ്നത്തിൽ അലിഞ്ഞു ചേർന്ന് ഇടയ്ക്കെപ്പോഴോ കണ്ണടച്ചു അവളോടൊപ്പം ഉറങ്ങി.
നന്നായിട്ടുണ്ട്…….അയാളുടെ കഷണ്ടിയെ കുറിച്ച് ഒക്കെ പറഞ്ഞ വാക്കുകൾ അതിമനോഹരം…….. അവസാന ഭാഗം കുറിച്ച് ഈറനാൽ കുതിരുന്നവ ആയിരുന്നു……..👍👍👍
വായിച്ചതിനും നല്ലവാക്കുകൾക്കും നന്ദി, സന്തോഷം 🙂