ദുരൂഹം Prequel ഇവിടെ വായിക്കാം
ഒരു പകൽ !!
തിരുവനന്തപുരം ചാലാ മാർക്കറ്റിലെ മരയ്ക്കാർ സ്റ്റീൽ പാത്രക്കടയിൽ നിന്ന് ഉച്ചയൂൺ കഴിക്കാൻ സമയം തെറ്റി പുറത്തേക്കിറങ്ങിയതായിരുന്നു ഇബ്രാഹിം മരക്കാർ. സാധാരണ വീട്ടിൽ നിന്ന് കൊണ്ടുവരാറ് ആണ് പതിവ്, പക്ഷെ അന്നൊന്ന് ഹോട്ടൽ ഭക്ഷണം കഴിക്കണം എന്നൊരു പൂതി.
മൂന്നാം കട കടന്നുള്ള ചെറിയ ഹോട്ടലിൽ കയറി മീൻ പൊരിച്ചതും സാമ്പാറും കൂട്ടിയൊരു ഊണ് അതായിരുന്നു ലക്‌ഷ്യം.
വളവ് തിരിയുന്പോൾ മഞ്ഞ നമ്പർ പ്ളേറ്റുള്ള, ഒരു കറുത്ത അംബാസിഡർ കാർ വന്നു മുന്നിൽ നിർത്തി. വെയിൽ കാറിന്റെ തിളങ്ങുന്ന റൂഫിൽ തട്ടി കണ്ണിലേക്കു തുളച്ചു കയറി ഒരു നിമിഷം കാഴ്ച മറച്ചു.
മുന്നിലെ സീറ്റിൽ സ്റ്റിയറിംഗ് വീലിനു പിന്നിൽ ഒരു കൊമ്പൻ മീശക്കാരൻ, വിയർപ്പു തുടക്കാൻ തൂവാല കയറ്റി വെച്ച പോക്കറ്റുള്ള ചാര കളർ കളം കളം ഷർട്ട് ഇട്ട മെലിഞ്ഞ കഴുത്തും ഉടലുമുള്ള ഒരാൾ.
കണ്ടു പരിചയമില്ല.
പിന്നിലെ സീറ്റിൽ നിന്നും ജനാല കഷ്ടപ്പെട്ടു തുറന്നു വെളുത്ത ഷർട്ടും നിസ്കാര തഴമ്പുമുള്ള ജുനൈദ് മൂപ്പൻ, കൂടെ ജുനൈദിന്റെ മാമായുടെ മകൻ സുബൈർ. അത്തർ മണം ജനാല തുറന്നു കിട്ടിയ ഗ്യാപ്പിൽ പുറത്തേക്കിറങ്ങി ഇടവഴിയായ ഇടവഴിയൊക്കെ ചുറ്റി ചാല കമ്പോളം മുഴുവൻ ഒഴുകി നടന്നു.
“ഇക്കാ, ഇങ്ങോട്ട് വരീൻ..” ജുനൈദ് വിളിച്ചു.
“ആ ജുനൈദേ, ഇതെങ്ങോട്ടു പോകുന്ന വഴിയാണ്..”
“കാര്യമുണ്ട് ഇക്കാ..ഒരു സഹായം വേണം..വണ്ടീലൊട്ടു കയറ്..”
പിന്നിലെ കറുത്ത ഡോർ തള്ളി തുറന്നു കൊടുത്തുണ്ടാക്കിയ ഇടത്തിലൂടെ ഇബ്രാഹിം മരയ്ക്കാർ പിന്നിലെ സീറ്റിൽ ജനാലക്കരികെ ഞരുങ്ങിക്കൂടി.
“ഇതെങ്ങോട്ടു പോകുന്നു..കട അടയ്ക്കാറായില്ലല്ലോ..” ജുനൈദ് ചോദിച്ചു.
“ഊണ് കഴിക്കാൻ ഇറങ്ങിയതാണ്..ഇന്ന് വെളീന്ന് കഴിക്കാവെന്നു വെച്ചു..”
“ആഹാ..അത് കൊള്ളാലോ..ഞങ്ങളും കഴിച്ചില്ല..ഇതറിയാമല്ലോ..മാമായുടെ മകൻ ആണ് സുബൈർ…പിള്ളേച്ചാ വണ്ടി അൽ ബുഹാരിയിലേക്ക് വിട്..”
ഇളം പച്ച പെയിന്റടിച്ച അൽ ബുഹാരി ഹോട്ടലിന്റെ പ്രൈവറ്റ് മുറിയിൽ ജുനൈദും സുബൈറും ഇബ്രാഹിം മരയ്ക്കാരും ഇരിക്കുന്നു.
തുരുമ്പു പിടിച്ച കാലിന്റെ മേൽ പലക അടിച്ച തീൻ മേശയിൽ വിഭവങ്ങൾ നിറഞ്ഞു.
പത്തിരി നെയ്യിൽ പൊരിച്ചതും, എണ്ണ തെളിഞ്ഞു കാണുന്ന മട്ടൻ ചാപ്സും ഓർഡർ ചെയ്തത് ജുനൈദ്.
നെയ് കൂട്ടിയ മസാല കുറച്ച ബിരിയാണി ചള്ളാസിലും വിനാഗിരി ചേർത്തരച്ച തേങ്ങാച്ചമ്മന്തിയിലും മുക്കി ഉരുളയുരളയായി വെട്ടി വിഴുങ്ങുന്ന സുബൈർ എരിവിലും ചൂടിലും വിയർക്കുന്നുണ്ടായിരുന്നു.
കാറ്റില്ലാതെ കറങ്ങുന്ന മാറാല പിടിച്ച പങ്കയുടെ അടിയിൽ ചോറും മീൻ പൊരിച്ചതും മോരു കാച്ചിയതും കഴിക്കുന്ന ഇബ്രാഹിം മരയ്ക്കാർ. തേങ്ങാ അരച്ച സാമ്പാർ കിട്ടാത്ത വിഷമം മുഖത്തു തെളിഞ്ഞു കാണാം.
അതെ മുറിയിൽ തന്നെ കുറച്ചങ്ങു മാറി ഒരു ടേബിളിൽ ഒറ്റയ്ക്കിരുന്നു ഊണ് കഴിക്കുന്ന ടാക്സി ഡ്രൈവർ പിള്ളേച്ചൻ.
കടുത്ത ചൂടിലും എരിവുള്ള ഭക്ഷണത്തിലും എല്ലാവരും വിയർത്തു കുളിച്ചിട്ടുണ്ട്.
എണ്ണ തെളിഞ്ഞു കിടക്കുന്ന മട്ടൻ ചാപ്‌സിൽ നിന്ന് ഒരു ചെറിയ കഷ്ണം ആട്ടിറച്ചി നുള്ളിയെടുത്ത് പത്തിരി കഷ്ണത്തിൽ ചേർത്ത് വെച്ച് അതെടുത്ത് ചാറിൽ ചെറുതായൊന്നു മുക്കി പല്ലുകൾക്കിടയിലേക്ക് എറിഞ്ഞു കൊടുത്ത് രസം നുകർന്നു കൊണ്ട് ജുനൈദ് ആണ് മൗനം ഭഞ്ജിച്ചത്.
“ബാപ്പായ്ക്ക് ഇഷ്ടമുള്ള ഹോട്ടലായിരുന്നു ഇത്, തിരുവനന്തപുരത്ത് വന്നാ ഇവിടുന്ന് ഫുഡ് കഴിക്കാതെ ബാപ്പാ പോകത്തേയില്ല..അതാ ഞാൻ ഇങ്ങോട്ട് വെച്ചടിച്ചത്..”
“ഇത് കഴിക്കാനാണോ നീ ഇങ്ങോട്ട് വന്നത്..” അല്പം നീരസത്തോടെ ഇബ്രാഹിം വാ തുറന്നു.
“അതല്ല ഇക്കാ..ഇവനില്ലേ മാമാടെ മോൻ സുബൈർ ഇവനൊരു പ്രശ്നമുണ്ട്..അതിനൊരു പരിഹാരം ഉണ്ടാക്കാൻ പറ്റിയ ഒരു പാർട്ടിയെ വേണം..തിരുവനന്തപുരത്ത് അങ്ങനൊരു ആളുണ്ടെന്ന് കേട്ടു..ഇക്കായ്ക്കെ ഞങ്ങളെ സഹായിക്കാൻ ഒക്കൂ..”
“എന്താ പ്രശ്നം..”
“അതിക്കാ,ഇച്ചിരി രഹസ്യമാ..” ശബ്ദം താഴ്ത്തി മറ്റാരും കേൾക്കുന്നില്ല എന്ന ഉറപ്പോടെ ജുനൈദ് പറഞ്ഞു.
“സുബൈറിന്റെ മാമാ ആരാന്നറിയില്ലേ..”
“കൊല്ലത്ത് അണ്ടി ഫാക്ടറി ഉള്ള കക്ഷി അല്ലെ..”
“അങ്ങേര് അല്ല, അതിന്റെ മൂത്ത ഒരാളുണ്ട്..സമീർ മാമാ..”
“അറിയത്തില്ല..”
“അറിയും, പുള്ളി വലിയ നടനൊക്കെയായിരുന്നു..പഴയകാല നടൻ. സൂപ്പർസ്റ്റാർ വരെയെത്തിയതാ..പിന്നങ്ങോട്ട് പുരോഗതി ഉണ്ടായില്ല… കുറെ ആയിട്ട് സിനിമേല് സൈഡ് റോളും, സീരിയലില് അമ്മായി അച്ഛനും ഒക്കെയായി നടിച്ചു വരുവായിരുന്നു..”
“ഓ, ഇപ്പൊ ആളെ പിടികിട്ടി..അങ്ങേര് രണ്ടാഴ്ച മുന്നേ മരിച്ചില്ലേ..പത്രത്തിൽ കണ്ടാരുന്നു..”
“അത് തന്നെ..അത് തന്നെയാ പ്രശ്നം..”
“ഓഹോ..ആരേലും തട്ടിയതാണോ..”
“അങ്ങനേം ഒരു സംശയം ഇല്ലാതില്ല..”
“അങ്ങനാണേൽ..പോലീസ് കേസുണ്ടോ..”
“കേസിനൊന്നും പോകാൻ പറ്റിയ അവസ്ഥയിൽ അല്ല..ഞങ്ങൾക്ക് പൊടിക്കൊരു സംശയം..മാമാ മരിച്ചത് ഇച്ചിരി ദുരൂഹ സാഹചര്യത്തിലാണ്…രാവിലെ പണിക്കാരൻ ചെന്ന് വിളിച്ചിട്ട് ആളനക്കം ഒന്നും ഇല്ലാത്തത് കൊണ്ട്..വാതിൽ പൊളിച്ചകത്ത് കയറിയപ്പോൾ മരിച്ചു കിടക്കുന്നു. ചോരയൊക്കെ പോയിട്ടുണ്ട്. ” എക്സ്ട്രാ ഹാഫ് ബിരിയാണി ഓർഡർ ചെയ്യാൻ വെയിറ്ററെ പ്രതീക്ഷിച്ചു കൊണ്ടിരിക്കെ സുബൈർ ആദ്യമായി സംസാരിച്ചു തുടങ്ങി.
“മോഷണ ശ്രമം വല്ലതും…വിലപിടിപ്പുള്ളത് എന്തെങ്കിലും മോഷണം പോയോ..”
ജുനൈദിന്റെ മുഖത്തു ഒരു അശ്ളീല ചിരി വിരിഞ്ഞു.
“മോഷണം പോയിട്ടുണ്ട്..വില പിടിപ്പുള്ളത് ആണ് താനും, പക്ഷെ പുറത്ത് പെട്ടന്നങ്ങു പറയാനൊക്കത്തില്ല..അത് കണ്ടു പിടിച്ചു തരാൻ പറ്റിയ ഒരാളെ വേണം..ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ, ഇവിടങ്ങനൊരാളുണ്ടെന്ന് കേട്ട് ഞങ്ങൾ നേരെ പോന്നതാ..രഹസ്യമായിരിക്കണം. ആരും അറിയരുത്. അത് കൊണ്ടാ സ്വന്തം വണ്ടി പോലും എടുക്കാതെ കൊട്ടാരക്കര ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ പോയി അതിന്റെ മുന്നീ കിടക്കുന്ന ഒരു ടാക്‌സിയും വിളിച്ചു ഇങ്ങു പോന്നത്. കൊല്ലത്താരും അറിയരുത് സംഗതി..”ഒറ്റശ്വാസത്തിൽ ജുനൈദ് പറഞ്ഞു നിർത്തി.
ഇതിനിടയിൽ പത്തിരി തീർന്ന് പറോട്ടാ വന്നു, മട്ടൻ ചാപ്സ് ഓർഡർ ഒരെണ്ണം കൂടി വന്നു. എക്സ്ട്രാ ഹാഫ് ബിരിയാണി ഒന്ന് കൂടി വന്നു.
കഴിപ്പും കഴിഞ്ഞു ഏമ്പക്കവും വിട്ട് പ്രമാണിമാരെല്ലാം കൂടി റോട്ടിലേക്കിറങ്ങി.
സൂര്യൻ കൂർത്ത അമ്പുകൾ ഓരോന്നായി എയ്തു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു സമീപത്തെ ചുമരുകളിൽ.
ഇബ്രാഹിം മരയ്ക്കാർ കുറച്ചു നേരം ആലോചിച്ചിട്ട് ഒരു പേര് പറഞ്ഞു.
“ഷെർലോക് ബെന്നി.”
“ഷെർലക് ബെന്നി ?” ജുനൈദും, സുബൈറും ഒറ്റ ശ്വാസത്തിൽ ചോദിച്ചു. ഡ്രൈവർ പിള്ളേച്ചൻ ദൂരെ മാറി നിന്ന് സിഗരറ്റ് വലിക്കുന്നതിനിടയ്ക്ക് മൂത്രശങ്ക തോന്നിമുണ്ടു തെറുത്ത് കയറ്റി മതിലിനോട് ചേർന്ന് നിന്ന് കാര്യം സാധിക്കുന്നുണ്ടായിരുന്നു.
“അതെ, സിഐഡി ആവാൻ പോയി നടക്കാതെ വന്നപ്പോൾ പ്രൈവറ്റ് സിഐഡി പണി തുടങ്ങിയ ആളാണ്. ഇവിടൊരു ലോഡ്ജിൽ ആണ് താമസം. ഇത് പോലുള്ള കേസൊക്കെ അവനാണ് ബെസ്റ്റ്. ഇച്ചിരി വട്ടുണ്ട്. അത് കാര്യമാക്കാതിരുന്നാൽ മതി..”
“മതി..മതി..അത് തന്നെ മതി..ആളെ വിശ്വസിക്കാമല്ലോ..”
“കഴുത്തറുക്കുമെന്ന് പറഞ്ഞാലും ബെന്നി രഹസ്യം പുറത്തു പറയില്ല. “ഇബ്രാഹിം വിശ്വാസം അരക്കിട്ട് ഉറപ്പിച്ചു.
*****************************************
കറുത്ത രാത്രിയെ രണ്ടു വെളുത്ത വെട്ടം കൊണ്ട് കീറി മുറിച്ചു അംബാസിഡർ മൂന്നു പ്രമാണിമാരെയും, ഡ്രൈവർ പിള്ളേച്ചനെയും, മുൻ സീറ്റിൽ ഇരിക്കുന്ന ഷെർലോക് ബെന്നിയെയും വഹിച്ചു കൊണ്ട് തിരുവനന്തപുരം കൊല്ലം ഹൈവേയിൽക്കൂടി പായുകയാണ്.
കസിൻസ് രണ്ടു പേരുടെയും സ്നേഹപുരട്ടിയ നിർബന്ധം കൊണ്ട്, ഇബ്രാഹിമിനും അവരുടെ കൂടെ പോരേണ്ടി വന്നു.
ബെന്നി അധികമൊന്നും സംസാരിക്കുന്നില്ല. മുറിക്കയ്യൻ ഷർട്ട് പാന്റ്സിൽ ഇൻ ചെയ്തിട്ടുണ്ട്. തലയിൽ ഒരു ചെറിയ ഷെർലക് തൊപ്പി.
ബെന്നി ഒന്നും സംസാരിക്കാത്ത ഒരേ ഇരുപ്പിൽ ആണ്.
കുറച്ചു ദൂരം ചെന്നപ്പോൾ ഡ്രൈവർ പിള്ളേച്ചന് ഉറക്കം തൂങ്ങി. വഴിയരികിലെ കാപ്പിക്കടയ്ക്ക് മുന്നിൽ കാർ സ്റ്റോപ്പിട്ടു. ഉറക്കം വെടിഞ്ഞു മൂന്നു പ്രമാണിമാരും കണ്ണും തിരുമ്മി വെളിയിൽ വന്നു.
ആംപ്ളേറ്റും, ദോശയും ചമ്മന്തിയും മൂന്നു പ്ളേറ്റ് നിരന്നു.
പിള്ളേച്ചൻ ഒരു കട്ടൻ ചായയും സിഗരറ്റും പിടിച്ചു മൂത്രമൊഴിക്കാൻ പറ്റിയ മതിൽ തപ്പി മുണ്ടും പൊക്കി പോയി.
ബെന്നിക്ക് ഒരു കട്ടൻചായയും ബണ്ണും മതിയായിരുന്നു. കച്ചവടക്കാരൻ ബൺ വെച്ച കവർ നീട്ടിയപ്പോഴേ ബെന്നി പറഞ്ഞു –
“അത് പൂത്തതാണ്, വേറെ ഒരെണ്ണം എടുക്ക് ..”
രണ്ടു പ്രമാണിമാരും കണ്ണ് തള്ളി മൂന്നാം പ്രമാണിയും ബെന്നിയെ നിർദേശിച്ചവനുമായ ഇബ്രാഹിമിനെ നോക്കി.
“ലെവൻ കൊള്ളാലോ..പാക്കറ്റ് പൊട്ടിച്ചു പോലും നോക്കാതെയല്ലേ.. ബണ്ണു പൂത്തതാണെന്ന് പറഞ്ഞത്..ഇവൻ ഷെർലോക് ഹോംസിന്റെ പിൻഗാമി തന്നെ..” അവർ പരസ്പരം പറഞ്ഞു.
റാന്തൽ വെളിച്ചത്തിന്റെ പിന് പറ്റി ബണ്ണും ചായയും കുടിച്ചു ഇതൊന്നും ഗൗനിക്കാതെ നിൽക്കുകയായിരുന്നു ബെന്നി.
ഈരണ്ട് പ്ളേറ്റ് വീതം ആമ്പ്ളേറ്റും ദോശയും തീർന്നതോടെ പ്രമാണിമാർ കയ്യും വായും കഴുകി മുണ്ടിന്റെ കോന്തലയിൽ മുഖം തുടച്ചു.
അന്നത്തെ കച്ചവടം മതിയാക്കി തട്ടുകടക്കാരൻ റാന്തൽ അണച്ചു. റോഡരികിൽ നിന്ന് കാർ പിന്നോട്ടെടുത്ത വെളിച്ചം മാത്രം ബാക്കിയായി. വെളിച്ചം ചെന്ന് പതിച്ച ഇടത്ത് ഒരു വീടിന്റെ വാതിൽ ആണെന്ന് തോന്നുന്നു പിള്ളേച്ചൻ ഒഴിച്ച മൂത്രപ്പാട് തെളിഞ്ഞു നിന്നു..വാതിലിന്റെ മുന്നിൽ ഒരു സിഗരറ്റ് കുറ്റിയും, കുടിച്ചിട്ട് തിരിച്ചു കൊടുക്കാൻ മറന്ന കുപ്പിഗ്ലാസ്സും ബാക്കിയായി.
“വീട്ടുകാരന്റെ നാളത്തെ കണി കൊള്ളാം..” മൂന്നു പ്രമാണിമാരും ഊറിച്ചിരിച്ചു.
കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന വലിയ ബംഗ്ളാവിന്റെ മുറ്റത്തേക്ക് കാർ ചെന്ന് കയറിയപ്പോഴേക്കും നേരം പരപരാ വെളുത്തു.
“ഇതാണ് മാമായുടെ വീട്..” സുബൈർ പറഞ്ഞു.
“ഇതാണോ കൊലപാതകം നടന്ന സ്ഥലം..” ബെന്നി മുരടനക്കി ചോദിച്ചു.
“കൊലപാതകം എന്നങ്ങു ഉറപ്പിച്ചു പറയാനൊക്കില്ല..” ജുനൈദ് തിരുത്തി.
“ഓഹോ..പിന്നെന്താണ് ഇവിടെ നടന്ന ക്രൈം..” ബെന്നി ഗൗരവത്തോടെ മുഖം തിരിച്ചു.
“ക്രൈം എന്ന് പറയുന്പോൾ…ഒരു സംഗതി മോഷണം പോയിട്ടുണ്ട്..” സുബൈർ ചാടിക്കയറി പറഞ്ഞു.
“വിലപിടിപ്പുള്ളത് എന്ന് പറയുന്പോൾ, പണം, സ്വർണ്ണം, വജ്രാഭരണങ്ങൾ..അങ്ങിനെ എന്തെങ്കിലും..”
“അതൊന്നുമല്ല, അതിലും വിലപിടിപ്പുള്ളത്..”
” ഓഹോ..എന്താണെന്ന് തെളിച്ചു പറയാതെ, ഒരു കുറ്റാന്വേക്ഷകന് ഒന്നും തെളിയിക്കാൻ പറ്റില്ല മിസ്റ്റർ..” ബെന്നിക്ക് അരിശം വരുന്നുണ്ടായിരുന്നു.
“പറയാം..ആദ്യം ഞങ്ങൾക്കൊരു വിശ്വാസം വരട്ടെ..” ജുനൈദ് ആ പറഞ്ഞത് ബെന്നിക്ക് അത്ര ഇഷ്ടമായില്ല.
മുൻ വാതില് മാറ്റി പണിതിരുന്നത് തുറന്ന് അവർ വീട്ടിനകത്തു കയറി. സമീർ മാമ മരിച്ചു കിടന്നിരുന്ന മുറി അയാളുടെ സ്വകാര്യ മുറിയായിരുന്നു. ഭിത്തിയിൽ നിറയെ അയാൾ അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകൾ പതിച്ചിരുന്നു.
എല്ലാം അറുപത് എഴുപത് കാലത്തെ ബ്ളാക് ആൻഡ് വൈറ്റ് ഈസ്റ്റുമാൻ കളർ സിനിമകൾ..
രഹസ്യപൊലീസ് എന്ന പോസ്റ്ററിൽ ബെന്നിയുടെ കണ്ണുടക്കി.
താഴെ മഹാരാജാ എക്സ്പ്രസ് സിനിമയുടെ പോസ്റ്റർ.
“മാമാ അഭിനയിച്ചത് എല്ലാം സി ഐഡി പടങ്ങളായിരുന്നു..” സുബൈർ പോസ്റ്ററുകളിൽ വിരലോടിച്ചു പറഞ്ഞു.
“മഹാരാജാ എക്സ്പ്രസിൽ സിഐഡി ആയിട്ടല്ല രഹസ്യപൊലീസ് ആയിട്ടാണ് അഭിനയിച്ചത്..” ബെന്നി പറഞ്ഞു.
“ഓ രണ്ടും ഒന്നല്ലേ..” ജുനൈദ് ചോദിച്ചു.
“അല്ല..ഒന്ന് ചാരൻ, മറ്റൊന്ന് കുറ്റാന്വേക്ഷകൻ..രണ്ടും രണ്ടാണ്..” ബെന്നി മുഖം കൂർപ്പിച്ചു.
“ഓ അതെന്തുമാകട്ടെ..ഇവിടെയാണ് മാമാ മരിച്ചു കിടന്നത്. ”
ബെന്നി മുട്ടുകുത്തി അവിടം പരിശോധിച്ചു.
“ഇവിടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ..”
“ഇല്ലാ, മാമാ തനിച്ചാണ് താമസിച്ചിരുന്നത്..”
“ഭാര്യ..”
“മാമി ഒരഞ്ചെട്ടു കൊല്ലം മുന്നേ, പിണക്കത്തിലായി..പിന്നെ മാറി താമസിച്ചു. അവര് തമ്മിൽ വലിയ ബന്ധമൊന്നുമില്ല ഇപ്പോൾ. ..അതിനു ശേഷം ഒറ്റയ്ക്കാണ്. സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത് വരെ ഈയടുത്താണ്..”
“വേറെ ഏതെങ്കിലും സ്ത്രീകൾ ?”
“ഞങ്ങളുടെ അറിവിൽ ഇല്ല..”
“എന്നാൽ ഇവിടൊരു സ്ത്രീ ഉണ്ടായിരുന്നു..” കൊത്തുപണികൾ ചെയ്ത ചെറിയ ഒരു കമ്മൽ കയ്യിൽ എടുത്തുയർത്തി ബെന്നി പറഞ്ഞു.
“പണിക്കാരി പെണ്ണുങ്ങളുടെ ആരെയെങ്കിലും ആവാമല്ലോ..” സുബൈർ ചോദിച്ചു.
“അല്ല, ഇത് നല്ല ഫാഷൻ ആണ്..അൽപ്പം ഫാഷൻ സെന്സുള്ള ആർക്കെങ്കിലുമേ ഇങ്ങനത്തെ കമ്മൽ കാണൂ..” ബെന്നി തറപ്പിച്ചു പറഞ്ഞു.
“ഫാഷനുള്ള വേലക്കാരികൾ ആയിരിക്കും..” ഇബ്രാഹിം ആ പറഞ്ഞത് ബെന്നിയെ അരിശം കൊള്ളിച്ചു.
“ഇതങ്ങനത്തെത് അല്ല…ഇവിടെ സ്ത്രീകൾ വരവും പോക്കും ഉണ്ടായിരുന്നു..തീർച്ച..”
“അത് തന്നെയാണ് ഞങ്ങളുടെയും സംശയം..” ജുനൈദ് സുബൈറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“അതൊന്നു കണ്ടു പിടിക്കണം. മാമായുടെ മരണത്തിനു ശേഷം അതും കൊണ്ട് ആരും ഞങ്ങളെയോ കുടുംബത്തിനെയോ ബ്ളാക് മെയിലിങ്ങുമായി വരരുത്..”
“എന്തുമായി..”
“ഇനി സത്യം പറയാലോ..പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർക്ക് കൈക്കൂലി കൊടുത്ത് ഞങ്ങൾ ഒതുക്കിയതാണ്, നാണക്കേട് ഓർത്തു..”
“എന്താണ്..”
മുറിയിൽ തളം കെട്ടി നിന്നിരുന്ന മാറാലകളിൽ ദുരൂഹതയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നതായി ബെന്നിക്ക് തോന്നി.
(തുടരും..)
അദ്ധ്യായം 3
6 Comments Add yours