കഥയിതുവരെ – ദുരുഹതകളുടെ കെട്ടഴിക്കാനുള്ള യാത്രയുടെ പിൻവഴികൾ വായിച്ചറിയാൻ ഈ ലിങ്കുകളിൽ ക്ലിക് ചെയ്യുക.
ഒന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായം, മൂന്നാം അദ്ധ്യായം.
“ഇന്ന് ലാസ്റ്റ് എപ്പിസോഡ് ആണേ..അത് കൊണ്ടാണ്, വെയിറ്റ് ചെയ്യാൻ പറഞ്ഞത്..ആരാണ് മനസിലായില്ല..”
ചായ കൊണ്ടുവന്ന പയ്യൻ സ്ഥലം വിട്ടു പോയി എന്നുറപ്പു വരുത്തിയ ശേഷം സുബൈർ മുരടനക്കി.
“മരിച്ചു പോയ സമീർ സാഹിബിന്റെ പെങ്ങടെ മകൻ ആണ് ഞാൻ..”
“സമീർ സാഹിബ് മരിച്ചോ..”
“ഉം രണ്ടാഴ്‌ച ആയി..”
“അറിഞ്ഞില്ല..”
“പത്രത്തിലൊക്കെ ഉണ്ടാരുന്നു..”
ജോർജ്ജ് കുറച്ചു നേരം സങ്കടത്തിലേക്ക് ആണ്ടിറങ്ങി.
“പല വഴി അന്വേഷിച്ചു ഒടുവിൽ മാമായുടെ പഴയ ഡ്രൈവർ സെൽവനാണ് പറഞ്ഞത് ജോർജ് സാർ മാമായുടെ അടുത്ത സുഹൃത് ആയിരുന്നു എന്ന്..”
ആ അംഗീകാരത്തിന്റെ പ്രൗഢിയിൽ ജോർജ്ജ് ഒന്ന് കൂടി കസേരയിലേക്ക് കയറിയിരുന്നു. അയാളുടെ നെഞ്ചിലെ ഇടതൂർന്ന രോമക്കൂട്ടങ്ങളിൽ നിന്ന് നരച്ച രോമങ്ങൾ ഉയർത്തെഴുന്നേൽക്കുന്നത് പോലെ ബെന്നിക്ക് തോന്നി.
“സാറിനറിയാതെ മാമായുടെ ലൈഫിൽ ഒന്നും നടക്കില്ല എന്നും സെൽവൻ പറഞ്ഞു. അതാ ഞങ്ങൾ ഇങ്ങോട്ട് വിട്ടു പിടിപ്പിച്ചത്..” സുബൈർ തുടർന്നു.
“അത് ശരിയാണ്. ഒരുവിധം കാര്യങ്ങൾ ഒക്കെ സാഹിബ് എന്റെ അടുത്ത് പറയാതിരുന്നിട്ടില്ല. ”
“മരിക്കുന്നതിന് മുന്നേ എന്നാണ് അവസാനമായി സംസാരിച്ചത്..” ബെന്നി ചോദിച്ചു.
ജോർജ് ബെന്നിയെ ഒന്ന് സൂക്ഷിച്ചു നോക്കി, എന്നിട്ട് പറഞ്ഞു – “കഴിഞ്ഞ മാസമോ മറ്റോ..”
“എന്താണന്ന് സംസാരിച്ചത്..”
“അത് എന്തിനാ താൻ അറിയുന്നേ..”
“അതേ, ജോർജ്ജ് സാറേ, സാഹിബ് മരിക്കുന്പോഴേ ഒരു ചെറിയ പ്രശ്നം ഉണ്ട്..അതാണ് ഈ ബെന്നി അങ്ങനെ ചോദിച്ചത്..” ജുനൈദ് ഇടയ്ക്ക് കയറി സംഘർഷം ഉണ്ടാകാതിരിക്കാൻ ഇടപെട്ടു കൊണ്ട് പറഞ്ഞു.
“എന്ത് പ്രശ്നം..”
“നിങ്ങൾ വലിയ അടുപ്പക്കാരായത് കൊണ്ട് പറയുവാ..രഹസ്യമായിരിക്കണം..സാഹിബിന്റെ ജിനചന്ദ്രിയൻ മിസ്സിംഗ് ആണ്..”- ജുനൈദ് ശബ്ദം താഴ്ത്തി പറഞ്ഞു.
” ജിനചന്ദ്രിയനോ..??”
“ജനനേന്ദ്രിയം..അതാണ് ജുനൈദ് ഉദ്ദേശിച്ചത്..” ഇബ്രാഹിം മരയ്ക്കാർ തിരുത്തി.
“അത് തന്നെ, ആ സാധനം മിസ്സിംഗ് ആണ്..ഞങ്ങൾ അതിന്റെ പിന്നാലെയാണ്, എന്തെങ്കിലും വശപിശകുണ്ടോ എന്നറിയണം, പറ്റിയാൽ അത് വീണ്ടെടുക്കണം. ഇത്രേം ഉള്ളൂ ഞങ്ങളുടെ ആവശ്യം..” കയ്യിൽ പറ്റിയ പലഹാരത്തിലെ എണ്ണ കടലാസിൽ തുടച്ചു കൊണ്ട് ജുനൈദ് പറഞ്ഞു.
ജോർജ്ജ് കുറച്ചു നേരം ചിന്തയിലേക്കാണ്ടു.
“സമീർ സ്ത്രീകളുമായുള്ള ബന്ധം എങ്ങനെയായിരുന്നു..” ബെന്നി ചോദിച്ചു.
“അയാളങ്ങനെ ചീത്തപ്പേരൊന്നും കേൾപ്പിക്കുന്ന കൂട്ടത്തിൽ അല്ല. ആ കാര്യം എനിക്കുറപ്പാണ്..” ജോർജ്ജ് പറഞ്ഞു.
“നിങ്ങളറിയാത്ത വല്ല രഹസ്യ ബന്ധവും..”
“ഉണ്ടാവാൻ വഴിയില്ല. മിക്കവാറും കാര്യങ്ങളൊക്കെ എന്നോട് പറയും..”
“ശത്രുക്കൾ ആരെങ്കിലും..”
“അയാളോടാർക്ക് ശത്രുത തോന്നാനാണ്. ഒരു പാവത്താൻ..”
“എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ..?”
“ഓ, അതൊന്നും ഇല്ല..എന്റെ അറിവിൽ ഇല്ല..”
“അറിവിൽ വരാത്ത കാര്യങ്ങൾ എന്തെങ്കിലും..”
“എന്റെട ഉവ്വേ..എനിക്കറിയാൻ മേലാത്ത കാര്യങ്ങൾ നടന്നാൽ ഞാൻ എങ്ങനെ അറിയാനാ..”
“ബെന്നി, സിഐഡി ആണ്..അതാ ഇങ്ങനത്തെ ചോദ്യങ്ങൾ. ഞങ്ങൾ തിരുവനന്തപുരത്തുന്ന് കൂടെ കൂട്ടിയതാ..” ജുനൈദ് സംഘർഷത്തിലേക്ക് പോവാതെ വീണ്ടും ഇടപെട്ടു.
“എന്റെ അറിവിൽ സാമ്പത്തിക പ്രശ്നനങ്ങൾ ഒന്നും തന്നെ ഇല്ല. അല്ലെങ്കിൽ തന്നെ അതിന്റെ പേരിൽ ആരെങ്കിലും പുള്ളിക്കാരന്റെ മറ്റേ സാധനം ഒക്കെ കട്ടോണ്ട് പോകുമോ. ”
“ഞങ്ങളോട് പറയാത്ത എന്തെങ്കിലും രഹസ്യ ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നോ..വല്ല കാമുകിമാരോ..” സുബൈർ ഇടയ്ക്കു കയറി ചോദിച്ചു. “കാമുകന്മാരോ ” ജുനൈദ് സംശയിച്ചു സംശയിച്ചു കൂട്ടിച്ചേർത്തു.
സുബൈർ ജുനൈദിനെ ഒന്ന് ഇരുത്തം വെച്ച് നോക്കി. ഈയൊരവസരത്തിൽ അങ്ങനൊരു കൂട്ടിച്ചേർക്കൽ ജുനൈദിന്റെ ഭാഗത്തു നിന്നും വന്നതിന്റെ ഔചിത്യമില്ലായ്മയെ കുറിച്ചായിരുന്നു അയാൾ ചിന്തിച്ചത്. എന്നാലും മനുഷ്യരല്ലേ. ജുനൈദ് പറഞ്ഞതും സാധ്യതയില്ലാതാവില്ലല്ലോ.
ജോർജ്ജ് വീണ്ടും ചിന്തകളിലേക്ക് ഊഴിയിട്ടു. മൗനം കനത്ത് അയാളുടെ മേൽമീശ ചുണ്ടിനടിയിലേക്ക് ചുരുണ്ടു കൂടി. കുറെ നേരത്തെ ആലോചനക്ക് ശേഷം അയാൾ വാ തുറന്നു.
“ഇപ്പോഴാണ് ഓർത്തത്, ഒരാളുണ്ടായിരുന്നു. അവർ തമ്മിൽ മുടിഞ്ഞ പ്രേമവും. പത്തു വർഷത്തിലധികമായി അടുപ്പമുണ്ട്. ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഒരിക്കലോ മറ്റോ സാഹിബ് രഹസ്യമായി ഫോട്ടോ കാണിച്ചു തന്നു. അയാൾക്കതിനെ ജീവൻ ആയിരുന്നു. പേരെന്തായിരുന്നു…” ജോർജ്ജ് വീണ്ടും ചിന്തകളിലേക്കും ഓർമകളിലേക്കും സഞ്ചരിച്ചു.
സന്ധ്യ ഇരുട്ടിന് വഴിമാറിയതറിയിച്ചുകൊണ്ട് കാറ്റ് വീശി. ഇളം തണുപ്പുള്ള കാറ്റ്.
“ആണോ, പെണ്ണോ ” ജുനൈദ് അക്ഷമനായി.
“അവളുടെ പേര് ഗോമതി…ഊട്ടിയിൽ സാഹിബിനും അവൾക്കും ചേർന്നൊരു തോട്ടമുണ്ട്. അവിടത്തെ ബംഗ്ളാവിൽ ആണവൾ. അതി സുന്ദരി. പുള്ളിയുടെ ഏതോ സിനിമയിൽ നായികയായി അഭിനയിക്കാൻ വന്നതാണ്. പക്ഷെ പുള്ളി അങ്ങ് കയറി പ്രേമിച്ചു. സിനിമ നടന്നില്ല. പക്ഷെ, പുള്ളിക്കാരിയെ സാഹിബ് സ്വന്തമാക്കി. രഹസ്യമായിട്ടായിരുന്നു ഇടപാടുകൾ എല്ലാം. അപ്പോഴേക്കും സാഹിബ് സിനിമയുടെ ലൈം ലൈറ്റിൽ നിന്ന് മാറിയിരുന്നത് കൊണ്ട് അധികം പേരും ശ്രദ്ധിച്ചുമില്ല. അവർക്കും അയാളെ ഇഷ്ടമായിരുന്നു. രണ്ടു പേരും തമ്മിൽ മുടിഞ്ഞ പ്രേമം. അത് ഒഴിവായി എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷെ ഈയടുത്തെപ്പോഴോ സാഹിബ് വിളിച്ചപ്പോഴാണ് ആ ബന്ധം ഇപ്പോഴും ഉണ്ടെന്ന് മനസ്സിലായത്. ”
“നമുക്കൊന്ന് അവിടെ വരെ പോയാലോ..” ബെന്നി ചോദിച്ചു.
“അതിനെന്താ…ഇപ്പൊ തന്നെ പോയേക്കാം..” ജോർജ്ജ് പെട്ടെന്ന് അങ്ങനെ പറഞ്ഞത് പ്രമാണിമാർക്കും ബെന്നിക്കും വിശ്വസിക്കാൻ ആയില്ല.
മഞ്ഞ ബോർഡുള്ള കറുത്ത അംബാസിഡർ കാർ ഊട്ടിയിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു അപ്പോഴേക്കും.
ഇടയ്ക്ക് രണ്ടു മൂന്നു കട്ടൻ ചായ – ആമ്പ്ളേറ്റ് ബ്രേക്ക് ഒഴിച്ചാൽ പൊതുവെ യാത്ര നേർ രേഖയിൽ ആയിരുന്നു. മുന്നിലെ സീറ്റിൽ ജോർജ്ജും ബെന്നിയും ഊഴമിട്ടിരുന്നു ഡ്രൈവർ പിള്ളേച്ചൻ ഉറങ്ങാതിരിക്കാൻ ശ്രദ്ധിച്ചു.
പിന്നിലെ സീറ്റിൽ പ്രമാണിമാർ മൂന്നു പേരും ഗാഢ നിദ്രയിൽ ആയിരുന്നു.
“സാഹിബിന്റെ ഒരു പഴയ സിനിമയുണ്ട്. മഹാരാജാ എക്സ്പ്രസ്. അതിലെ കഥ ഇത് പോലാണ്..ഊട്ടിയിലെ ബംഗ്ളാവിൽ ഒരു നിഗൂഢതയുണ്ട്. അത് മനസിലാക്കുന്നതിന് വേണ്ടി അവിടെ ഒളിച്ചു താമസിക്കുകയാണ് സാഹിബിന്റെ ഡിറ്റക്ടീവ് കഥാപാത്രം. അവിടെ വേലക്കാരനോ തോട്ടക്കാരനോ മറ്റോ ആയി. ബ്ളാക് ആൻഡ് വൈറ്റ് സിനിമയാണേലും ഉശിരൻ ആയിരുന്നു. ഊട്ടിയിലേക്കുള്ള കാർ യാത്രയ്ക്ക് മുഴുവൻ ഒരു പാട്ട് സീൻ ആണ്. അന്നൊക്കെ ഓടുന്ന വണ്ടിയിൽ പാട്ടെടുക്കുന്നത് ഒക്കെ വെറൈറ്റി ആയിരുന്നു. നല്ലൊരു പാട്ടായിരുന്നു…”
“ആ മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി..അലയും കിളികൾ നാം …
ഇതാ വരുന്നേ..ഇതാവരുന്നേ…ഇതാവരുന്നേ..ഓഹോ മഞ്ഞിൻ പൂന്തോപ്പിൽ ” ഡാഷ് ബോർഡിൽ താളമിട്ട് ബെന്നി പാടി.
ജോർജ്ജ് കൂടെ പാടി. ഒന്ന് രണ്ടു വരികൾ പിള്ളേച്ചന്റെ വായിൽ നിന്നും വീണു.
വിജനമായ റോഡിലൂടെ, ഇരുട്ടിനെ കീറിമുറിച്ചുള്ള രണ്ടു പ്രകാശധാരകളുടെ വഴികാട്ടലിൽ കാർ മുന്നോട്ട് നീങ്ങി.
(തുടരും)
ഓരോ കഥയും എഴുതിക്കഴിയുന്പോൾ വിചാരിക്കും. ഇത് അവസാന കഥയാണ്. ഇനി എഴുതില്ല എന്ന്. പക്ഷെ ഏതെങ്കിലും ഒരു യാത്രക്കിടയിലോ മറ്റോ ഓർക്കാപ്പുറത്ത് ചില സന്ദർഭങ്ങൾ വീണു കിട്ടും.
മെൽബണിൽ നിന്ന് ഒർലാണ്ടോയിലേക്ക് ഹൈവേ ടച് ചെയ്യാതെ പോകാൻ പറ്റുന്ന വഴിയുണ്ട്, നാല് വരി പാത. നേർ രേഖയിൽ. മെൽബൺ ടൗൺ വിട്ടു കഴിഞ്ഞാൽ പാതയുടെ ഇരു വശത്തും പുൽ മേടുകളും ചെറിയ അരുവികളും ആണ്. ചീങ്കണ്ണികളെ എയർ ബോട്ടിൽ സഞ്ചരിച്ചു കാണാൻ സാധിക്കുന്ന ചതുപ്പു നിലങ്ങൾ പിന്നിട്ടാൽ പിന്നെ മുപ്പത് മൈലോളം ആളനക്കമില്ല. നേർ രേഖയിൽ. ഇടയ്ക്കു ചില കൃഷിയിടങ്ങൾ പ്രത്യേകിച്ചും പശുക്കളുടെ ഫാമുകൾ, അതിനോട് ചേർന്നുള്ള പുരയിടങ്ങൾ അല്ലാതെ ഒന്നുമേ ഇല്ല. പാതി മയക്കത്തിലാണ് വണ്ടി ഓടിക്കുന്നതെങ്കിൽ ചിലപ്പോൾ നമുക്ക് തോന്നും കേരളത്തിലെ, പ്രത്യേകിച്ചും പാലക്കാട്ടെ ഏതോ ഉൾനാടൻ ഗ്രാമപ്രദേശത്തോടെയാണ് നാം പോയിക്കൊണ്ടിരിക്കുന്നത് എന്ന്. അങ്ങനെയൊരു യാത്രയ്ക്കിടെ പെട്ടെന്നു കയറി മനസിലേക്ക് വന്നതാണ് ഇബ്രാഹിം മരയ്ക്കാരും സംഘവും. എന്നാ പിന്നെ അവരെ ഒന്ന് പിന്തുടരാം എന്ന് വിചാരിച്ചു. പിറ്റേന്ന് കിട്ടിയ ഒരു ഒഴിവു ദിവസത്തിൽ അവരുടെ കൂടെ സഞ്ചരിക്കാൻ തുടങ്ങി. അവര് പറഞ്ഞ വഴികളിലും സംഭാഷണങ്ങളിലും മുഴുകി ആ യാത്ര പകർത്തിയെഴുത്തുകാരൻ ഇത് വരെ പോയിട്ടില്ലാത്ത കോതമംഗലത്തു വന്നു നിൽക്കുകയായിരുന്നു കഴിഞ്ഞ ചാപ്റ്ററിൽ.
കോതമംഗലത്ത് തീരേണ്ട കഥയല്ലിത് എന്ന് അവിടെ പരിചയപ്പെട്ട കഥാപാത്രങ്ങൾ പറഞ്ഞത് വെച്ച് യാത്ര ഇനിയും തുടരും. അതറിയാൻ പുതിയ ചാപ്റ്റർ “മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി -ദുരൂഹം നാലാം അദ്ധ്യായം” വായിക്കുക, കമന്റുകൾ രേഖപ്പെടുത്തുക, പറ്റിയാൽ സബ്സ്ക്രൈബ് ചെയ്യുക.
വായനക്കാരുടെ പ്രോത്സാഹനമാണ് , പകർത്തിയെഴുത്തുകാരന്റെ പ്രചോദനം. ഹാപ്പി സൺഡേ.
വിവരണങ്ങൾ ഒക്കെ മനോഹരമായിരിക്കുന്നു……. 👌👌👌 Waiting for the nxt part……. 👏👏👏