ദേവസുന്ദരി..ദുരൂഹം അദ്ധ്യായം 4 !!


കഥ ഇത് വരെ- അദ്ധ്യായം ഒന്ന് മുതൽ നാല് വരെ

പിള്ളേച്ചന് ഉറക്കം വരാതിരിക്കാൻ അവർ പാട്ടു പാടി, രാത്രി സഞ്ചാരിണികളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ പറഞ്ഞു. യക്ഷികളെയും പ്രേതങ്ങളെയും രാത്രിയിൽ ഉറക്കം തൂങ്ങി വണ്ടിയോടിക്കുന്പോൾ ഭയപ്പെടുത്താൻ വരുന്ന കാളക്കാൽ വെച്ച ഇരുട്ട് മനുഷ്യരെക്കുറിച്ചും പറഞ്ഞു.

ചില കഥകൾ ഉറക്കത്തിലേക്കുള്ള വഴുതി വീഴലുകൾക്കിടയിൽ നിന്നും ആഞ്ഞു വലിച്ചെടുത്തെറിഞ്ഞവയായിരുന്നത് കൊണ്ട് തന്നെ കൃത്രിമമായി തോന്നിപ്പിച്ചു. ചിലതാകട്ടെ പലതവണ കടിച്ചു തുപ്പിയവയായി പിള്ളേച്ചനും തോന്നി.

തുടർച്ചയായ വണ്ടി ഓടിക്കലിൽ കണ്ണ് തളരുന്പോൾ അയാൾ കാലിനടിയിലെ ആക്‌സിലേറ്ററിൽ ആഞ്ഞു ചവിട്ടും, താനും കാറും ആടിയുലഞ്ഞൊരു സ്വപ്നത്തിലേക്ക് ചുരം കയറി പോകുന്നതായി തോന്നും, ഒന്ന് രണ്ടു തവണ അയാൾ ഓർക്കാപ്പുറത്ത് ബ്രെയ്ക്കിൽ ചവിട്ടിയപ്പോൾ പ്രമാണിമാർ മൂന്നു പേരും തെറിച്ചു വന്നു മുന്നിലിരിക്കുന്ന മൂന്നു പേരുടെയും ചുമലുകളിൽ ഇടിച്ചു നിന്നു.

“രാത്രി വണ്ടിയോടിച്ചു പിള്ളേച്ചന് നല്ല ശീലമാണല്ലേ..” ബെന്നി ചോദിച്ചു.

“മിക്കവാറും ലോംഗ് ട്രിപ്പാണ്..രാത്രി കിടന്ന് ഉറങ്ങിയിട്ട് നാള് കുറെയായി..” പിള്ളേച്ചൻ കണ്ണ് മിഴിച്ചു റോഡിലേക്ക് കൂർപ്പിച്ചു കൊണ്ട് പറയും.

“സമീർ സാഹിബിനു സിനിമ ഒന്നും ഇല്ലായിരുന്നോ..” ജോർജ്ജ് ഇടയ്കെപ്പോഴോ ചോദിച്ചു.

ബെന്നി തന്റെ അറിവിൽ തടഞ്ഞ കാര്യങ്ങൾ അരിച്ചെടുത്ത് പുറത്തേക്കിട്ടു.

“അവസാന കാലത്ത് കുറവായിരുന്നു. ചെറിയ ചില സീരിയലുകൾ ആയിരുന്നു വേഷങ്ങൾ..”

” ജീവിച്ചിരുന്നെങ്കിൽ ഒരു സിനിമയിൽ കൂടി അഭിനിയിക്കേണ്ടതായിരുന്നു. ദുൽകർ സൽമാൻ നായകാനാവുന്ന സ്നേഹം പൂത്തുലഞ്ഞു എന്ന് പറഞ്ഞൊരു ലൗ സ്റ്റോറിയിൽ ദുൽഖറിന്റെ അപ്പൂപ്പനായി അഭിനയിക്കേണ്ടതായിരുന്നു..” സുബൈർ ഉറക്കച്ചടവിൽ കൂട്ടിച്ചേർത്തു.

“ഓ നടന്നിരുന്നെകിൽ അതൊരു ചരിത്രമാവേണ്ടതായിരുന്നു. ” ജോർജ്ജ് തോൾ വാതിലിൽ ചേർത്ത് വെച്ച് ഉറങ്ങാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

കാർ വഴിക്കടവും ഗൂഡല്ലൂരും കടന്നു ഊട്ടിയിലേക്കുള്ള ചുരത്തിലൂടെ ഓടിക്കയറുകയാണ്.

വഴിക്കിരുവശവും ഉയരം കൂടിയ മരങ്ങൾ. യൂക്കാലിപ്‌സും ചന്ദനവും ഇടകലർന്നു നിൽക്കുന്ന തോപ്പുകൾ.

പതുക്കെ പതുക്കെ സൂര്യൻ മലനിരകളെ തഴുകി തുടങ്ങി. സുവർണ്ണ രശ്മികൾ മഞ്ഞു തുള്ളികൾ പുതച്ചു കിടക്കുന്ന പുൽനാമ്പുകളെ സ്വർണ്ണാഭരണമണിയിച്ചു.

കുന്നു മുഴുവനും സ്വർണ്ണശാലയിലെ ആഭരണക്കൂട്ടങ്ങളേ പോലെ വെട്ടി തിളങ്ങി.

വഴിയിലൊരിടത്ത് കാപ്പി കുടിക്കാൻ നിർത്തിയപ്പോൾ ചായ ഊതിക്കുടിച്ചതിന്റെ കൂടെ അന്വേഷിച്ചു പോകുന്നിടത്തെക്കുറിച്ചും ചെറിയ ഒരു വിവര ശേഖരണം നടത്തി.

കാപ്പി തോട്ടങ്ങളും, തേയില തോട്ടങ്ങളും കടന്നവർ ബംഗ്ലാവിലേക്ക് എത്തി. മുറ്റത്ത് ചെറിയ കുറ്റിമരങ്ങളിൽ നിറയെ ഓറഞ്ചു പഴങ്ങൾ.

വെളുത്ത ചായം പൂശിയ ആ പഴയ ബംഗ്ളാവിന്റെ വാതിലിൽ അവർ മുട്ടി.

അകത്തെ മുറിയിൽ വലിയ ഛായാചിത്രങ്ങൾ. പഴയ ഫർണ്ണീച്ചറുകൾ മിനുക്കി പുത്തനാക്കിയിട്ടുണ്ട്.

ഗോമതി മാഡം പുറത്തെവിടെയോ ആണെന്ന് കെയർടേക്കർ പറഞ്ഞത് കൊണ്ട്, അയാൾ ഉണ്ടാക്കി കൊടുത്ത ചൂട് കാപ്പിയും കുടിച്ചു അവരെയും കാത്തിരിക്കുകയാണ് ഐവർ സംഘം.

മിനിറ്റുകളും മണിക്കൂറുകളും നിരവധി കടന്നു പോയി. കാത്തിരുന്നു മുഷിഞ്ഞും വിശപ്പ് കയറിയും അവർ ക്ഷീണിച്ചു.

വലിയ ചുമരുകളിലൊന്നിൽ ഒരു വലിയ ഛായാചിത്രത്തിൽ ബെന്നിയുടെ കണ്ണുകൾ ഉടക്കി. അതി സുന്ദരിയായൊരു നർത്തകിയുടേതായിരുന്നു അത്. കൈമുദ്രയിൽ നൃത്ത വടിവിൽ ആ രൂപം കണ്ടു നിക്കാതിരിക്കാൻ അയാൾക്കായില്ല. സമീർ സാഹിബിന്റെ നർത്തകി എന്നൊരു സിനിമയേക്കുറിച്ചു ജുനൈദ് ഓർമ്മിപ്പിച്ചു. പാതി വഴിയിൽ നിന്ന് പോയ സിനിമയായിരുന്നത്രെ.

അതിലെ ഒരു ഗാനം പക്ഷെ പുറത്തിറങ്ങിയിരുന്നു.

“മലർപ്പൊയ്കയിൽ മധു ചന്ദ്രിക

മഴത്തുള്ളിയോടാടവേ ..

മനസെന്തിനോ തുടിക്കുന്നുവോ ..

മനോരഞ്ജിനി ചേർന്നാടിടം ”

ബെന്നി മൂളിത്തുടങ്ങി.

മുറ്റത്തെ വെയിൽ വെട്ടിച്ചിതറി ഉമ്മറവും കടന്നു ചിത്രപ്പണികളുള്ള വാതിലിനിടയിലൂടെ അകത്തേക്ക് തുളച്ചു കയറി നിലത്ത് ചിത്രപ്പണികൾ നടത്തുന്നുണ്ടായിരുന്നു. ഊട്ടിയിലെ മഞ്ഞ പൂക്കളുടെ മണമില്ലായ്മയെക്കുറിച്ചാലോചിച്ചിരിക്കുകയായിരുന്നു ബെന്നി. കാപ്പി പൂവിന്റെ മണം വാതിൽ കടന്നകത്തേക്ക് വീശി. പിന്നാലെ ചെറിയ കാറ്റ് വന്നു ആ മണം തിരികെ കൊണ്ട് പോയി.

കാൽപ്പാദങ്ങളിൽ പുടവ ഉരയുന്നതിന്റെ ചെറിയ ശബ്ദത്തോടൊപ്പം അവർ മുറിയിലേക്ക് കടന്നു വന്നു. ഗോമതി.

അഭൗമ സൗന്ദര്യം ആ മുറിയിലാകെ മൂടി. കാഴ്‌ചയിൽ തോന്നിപ്പിച്ച നാല്പത്തിനടുത്ത പ്രായം ഒരു കള്ളമാണ് എന്ന് അവർക്കൊക്കെയും തോന്നിയിരുന്നു. കാലം കൂട്ടി വെച്ചിട്ടു പോയ കണക്കുകൾ ഉള്ളിലുള്ളത് കൊണ്ട് എങ്ങനെ നോക്കിയാലും അവർക്ക് അതിലും പ്രായം വരേണ്ടതാണ്.

ആറടി നീളം. ഉടലഴകിൽ അപ്സരസിനെ വെല്ലും. ചുമരിലെ ഛായാചിത്രത്തിൽ കണ്ട നര്ത്തകി ഇവർ തന്നെയല്ലേ എന്ന് ബെന്നി ഇടം കണ്ണിട്ട് നോക്കി ഒന്ന് കൂടെ ഉറപ്പിച്ചു.

കണ്ണുകളിലെ പ്രകാശവും ചുണ്ടിലെ ചിരിയും മനം മയക്കും. ഐവർ സംഘത്തിന് ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. നീണ്ട കണ്ണുകൾക്ക് മുകളിലെ വാലിട്ടെഴുതിയതിന്റെ ഓർമ്മകൾ ഉണർത്തുന്ന വളഞ്ഞ പുരികം. നർത്തകിയുടേതിന് സമാനമായ അംഗലാവണ്യം. അവരുടെ നടത്തത്തിനു തന്നെ ഒരു നർത്തകിയുടെ താളം.

സമീറിന്റെ പഴയ ഏതോ ഒരു സിനിമയിലെ

“ദേവസുന്ദരി..നർത്തകി. മനം മയക്കും നിന്നുടെ സൗന്ദര്യം ഏതൊരു ശില്പിതൻ കരവിരുത്..” എന്നൊരു ഗാനമാണ് അവരുടെ മനസിലേക്ക് ഓടി വന്നത്.

ഐവർ സംഘം കണ്ണു മിഴിച്ചു നോക്കി നിൽക്കുകയാണ്.

സുബൈർ എല്ലാവരെയും പരിചയപ്പെടുത്തി. വന്ന കാര്യത്തിലെ പ്രധാന സംഗതി ഒഴികെ മറ്റെല്ലാം വിവരിച്ചു കൊടുത്തു. ഗോമതി കുറെ നേരം കരഞ്ഞു. ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് കയറി പോയി.

ഗോമതിയുടെ സെക്രട്ടറി എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ഐവർ സംഘത്തോട് കൂടെ വരാൻ പറഞ്ഞു.

അഞ്ചു പേരും ആ പെൺകുട്ടിയുടെ കൂടെ ഇറങ്ങി ചെന്നു. ഓറഞ്ച് ചെടികൾക്കും അരളി ചെടികൾക്കും ഇടയിലൂടെ അവൾ അവരെയും കൊണ്ട് ഒരു മൂലയിലേക്ക് പോയി. അവിടെ ഒരു ചെറിയ കുഴിമാടം പോലെ തോന്നിപ്പിക്കുന്ന ഒരിടം. അതിനു ചുറ്റിനും അരളിപ്പൂക്കൾ വിതറിയിരിക്കുന്നു. ചുറ്റിലും പുഷ്പവൃഷ്ടി നടത്താൻ പാകത്തിന് നട്ടു പിടിപ്പിച്ച അരളി ചെടികൾ.

“മാഡവും സാറും തമ്മിൽ ഭയങ്കര പ്രേമമായിരുന്നു. തമ്മിൽ തമ്മിൽ അത്രക്ക് ജീവൻ. കാണാൻ വേണ്ടി ഇങ്ങോട്ടെ വരൂ.ഇപ്പോൾ കുറേക്കാലമായി സാഹിബിനു മാഡവുമായി യാതൊരു ബന്ധവുമില്ല..പുതിയ ആരെയെങ്കിലും കിട്ടിക്കാണണം. സാഹിബ് വരുമ്പോൾ അവർ രണ്ടു പേരും ഈ ചെടിയുടെ അടുത്ത് വന്നിരുന്നാണ് സംസാരിക്കാറു പതിവ്..സാഹിബ് മരിച്ച വാർത്ത കേട്ടപ്പോൾ മാഡം കുറെ നേരം ഇവിടെ വന്നിരുന്നു കരഞ്ഞു..

. ദയവു ചെയ്ത് നിങ്ങൾ കൂടുതലൊന്നും ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കരുത്. ഇപ്പോഴും ആ ഷോക്കിൽ നിന്ന് അവർ മുക്തമായിട്ടില്ല..ഇന്നും രാവിലെ അവർ ദൂരെയുള്ള ഒരു ക്ഷേത്രത്തിൽ പോയി വരികയാണ്. ”

ബെന്നിക്ക് കൂടുതൽ ചോദ്യങ്ങൾ ഉണ്ടായിരുന്നു.

സുബൈർ വിലക്കി. യാത്ര പറഞ്ഞവിടുന്നു ഇറങ്ങുന്നത് വരെ ആരും തമ്മിൽ മിണ്ടിയതേയില്ല.

ഊട്ടിയിൽ നിന്നും തിരികെ ചുരം ഇറങ്ങുമ്പോൾ ആരും ഒന്നും മിണ്ടിയില്ല. പിന്നിലെ സീറ്റിലെ പ്രമാണിമാരും, ജോർജ്ജും, ബെന്നിയും ഓരോരോ ചിന്തകളിൽ പല ദ്വീപുകളിൽ അലഞ്ഞു തിരിഞ്ഞു.

“എന്റെ പഴയ പോലീസ് ബുദ്ധി പറയുന്നത് ആ പെണ്ണ് പറഞ്ഞത് കള്ളമാണ് എന്നാണ്..” ഡ്രൈവർ പിള്ളേച്ചൻ വളവ് തിരിയുന്നതിനിടെ പറഞ്ഞു.

“പഴയ പൊലീസോ..” ബെന്നി ചോദിച്ചു.

“അതൊരു കഥയാണ്..പിന്നെ പറയാം..” പിള്ളേച്ചൻ പറഞ്ഞു.

“എനിക്ക് തോന്നുന്നത് അവർ പറയുന്നത് സത്യമാണ് എന്നാണ്..” സുബൈറും, ജോർജ്ജും, ജുനൈദും ഒറ്റശ്വാസത്തിൽ പറഞ്ഞു.

“എനിക്ക് സംശയമുണ്ട്..” ഇബ്രാഹിം പറഞ്ഞു.

“ അവരുടെ രീതികളിൽ ഒരു വലിയ ദുരൂഹതയുണ്ട്..” പിള്ളേച്ചൻ കൂട്ടിച്ചേർത്തു.

“ആകെമൊത്തം ദുരൂഹതയാണ്..” ബെന്നി ഉറപ്പിച്ചു പറഞ്ഞു.

“എന്റെ മാമായുടെ ജനനച്ചിദ്രൻ അല്ലെ..അത് എങ്ങനാ പോയെന്നു ഉള്ളതിന് ആ പാവത്തിനെ സംശയിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പോരാത്തതിന് അതെവിടെയാന്നു ഒരു പിടിയുമില്ല… .ടാക്സിക്കാരനും സിഐഡിക്കുമുള്ള കാശ് എത്രയാണെന്ന് വെച്ചാൽ തന്നേക്കാം. ഇക്കായ്ക്ക് പ്രശ്നം ഉണ്ടാകേണ്ട കാര്യം ഇല്ല..ഞങ്ങൾ ഇതേ ടാക്സിയിൽ തിരുവനന്തപുരത്തു പൊക്കിയ സ്ഥലത്ത് തന്നെ കൊണ്ട് വിട്ടേക്കാം..” സുബൈർ അസന്നിഗ്ധമായി പറഞ്ഞു.

കുറെ ഇരുന്നു ബോറടിച്ചപ്പോൾ പിള്ളേച്ചൻ ഇരുട്ടിലേക്ക് നോക്കിയിരുന്നു കഥപറയാൻ തുടങ്ങി. 

അധികമൊന്നും സംസാരിക്കാത്ത മനുഷ്യനാണ്..തുപ്പൽ പറ്റിപ്പിടിച്ച കൊമ്പൻ മീശ ചെറു വിരൽ കൊണ്ട് കോതിയൊതുക്കി അയാൾ പറഞ്ഞു തുടങ്ങി…

മനസ്സിൽ നിറഞ്ഞിരുന്ന ചിന്തകൾക്കുള്ളിൽ പുതച്ചു കിടന്നിരുന്ന ബെന്നി കണ്ണ് തുറന്നു പിള്ളേച്ചനെ ശ്രദ്ധിച്ചു..

(തുടരും..)

2 Comments Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )