ഗൾഫ് വാർ


 

ഉഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്.
അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും പരിചയത്തിലും ശശിധരൻ മാസ്റ്റർക്കോ, ഭാര്യ ശാന്തകുമാരി ടീച്ചർക്കൊ, എന്തിനേറെ പറയുന്നു മാസ്റ്ററുടെയും ടീച്ചറുടെയും ബന്ധുക്കളായി ആ നാട്ടിൽ ഉള്ള അളിയൻ പോസ്‌റ്റ് മാസ്റ്റർ ശശാങ്കനോ, ടീച്ചറുടെ ആങ്ങള ഹൈസ്‌കൂൾ ക്ലർക്ക് ശാന്തകുമാറിനോ, ഗൾഫുമായി യാതൊരു ബന്ധവും ഉള്ളതായി നാട്ടറിവ് ശേഖരത്തിൽ ഇല്ല.

പേര് ഉഗ്രപുരം എന്നാണെങ്കിലും ആളുകൾ എല്ലാം സാധുക്കളും നല്ലമനസ്സിനുടമകളും ആയിട്ടുള്ള ഒരു നാട്ടിൻപുറമാണ് ഉഗ്രപുരം.
ഒരു ഗവണ്മെന്റ് യൂപി സ്‌കൂൾ (ഒന്ന് മുതൽ ഏഴു വരെയുള്ളത്), ഒരു മാനേജ്‌മെന്റ് എയിഡഡ് ഹൈസ്‌കൂൾ, ഒരു പോസ്റ്റോഫീസ്, വില്ലേജോഫീസ്, സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖ, ഒരു എസ് എൻ ഡി പി വക ഗുരുമന്ദിരം, ഉഗ്രപുരം അങ്ങാടിയിൽ മഞ്ഞ പെയിന്റടിച്ച പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മോസ്‌ക് ഇത്രേം ചേർന്നാൽ ഉഗ്രപുരം ഗ്രാമം ആയി.

രാവിലെ ഏഴു മണിക്ക് മഞ്ചേരിക്ക് പോകുന്ന നീട്ടി ഹോണടിച്ചു വരുന്ന കുണ്ടാത്തൂർ ബസ്. അത് പോയിക്കഴിഞ്ഞാൽ ഒൻപത് പതിനഞ്ചിനു ലവ് ലൈൻസ്. പിന്നെ ഉച്ചയ്ക്ക് പന്ത്രണ്ടര ആവുമ്പോൾ കുണ്ടാത്തൂർ തിരിച്ചു വരും. വൈകുന്നേരം സ്‌കൂൾ വിട്ടു കഴിഞ്ഞതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടുമായി ഒന്നോ രണ്ടോ ബസുകളും, ഇതിനിടയിൽ എപ്പോഴോ ഒരു ഫാസ്റ് പാസഞ്ചർ സ്റ്റേറ്റ് ബസും ആ വഴി കടന്നു പോകാറുണ്ടായിരുന്നു.
ഇതല്ലാതെയുള്ള പുറമെ ലോകത്തേക്കുള്ള വാഹന സഞ്ചാരം മുഴുവൻ നിയന്ത്രിക്കുന്നത് കറുത്ത പെയിന്റടിച്ച മഹീന്ദ്രയുടെ ജീപ്പ് ടാക്സി സർവീസുകൾ ആയിരുന്നു.
നീലഗിരി ചാക്കോച്ചേട്ടൻ വക മൂന്നു ജീപ്പ് നിരത്തിൽ ഓടുന്നുണ്ട്. സമറിൽ അബ്ദുഹാജി വക രണ്ടും.
ഇവർ രണ്ടു പേരുമാണ് സ്ഥലത്തെ പ്രമാണിമാർ എന്ന് ഇത് കൊണ്ട് മനസിലാക്കി കൊള്ളണം.
അബ്ദുഹാജിയുടെ വകയാണ് സ്‌കൂൾ.
നീലഗിരി ചാക്കോച്ചേട്ടന് ഒരു പലചരക്ക് കടയുണ്ട്, അങ്ങാടിയുടെ ഒത്ത നടുക്ക്. കടയിൽ നിൽക്കുന്പോൾ അയാളുടെ അർദ്ധ നഗ്ന അല്ലെങ്കിൽ വേണ്ട. അയാൾ കടയിൽ നിൽക്കുന്പോൾ ഷർട്ട് ഇടില്ല. ഒരു സ്വർണ്ണ ചെയിൻ അയാളുടെ മേൽഭാഗത്തെ മൂടി താഴെ ഉള്ള പാന്റ്സ് ന്റെ ബക്കിൾ വരെ എത്തി നിൽക്കും.
കാലം മാറുമ്പോൾ ചാക്കോച്ചേട്ടൻ ഷർട്ട് ഇടുമായിരിക്കും. അതി രാവിലെ പത്രമെടുക്കാൻ പോകുന്ന ജീപ്പിൽ കയറി എടക്കര അങ്ങാടിയിലോ വഴിക്കടവിലോ പോയി പലചരക്ക് സാധനങ്ങൾ കൊണ്ട് വന്നു തന്റെ കടയിൽ ഒതുക്കി വെയ്ക്കുമ്പോഴേക്കും സ്‌കൂളിലേക്കുള്ള പിള്ളേരുടെ വരവായിരിക്കും.
മേശപ്പുറത്ത് നിന്ന് തന്റെ ആറു ബാറ്ററി ഇടാൻ പറ്റുന്ന നീളൻ എവറഡി ടോർച്ചു അപ്പോഴായിരിക്കും ചാക്കോച്ചേട്ടൻ മാറ്റി വെയ്ക്കുന്നത്.
പിള്ളേര് വന്നാൽ, മിട്ടായിക്ക് ആയും, കടയോട് ചേർന്നുള്ള ജ്യൂസ് ചായ്‌പിൽ നാരങ്ങാ വെള്ളത്തിനായും തിരക്ക് കൂട്ടും.
പിന്നെ, നോട്ടുബുക്ക്, പേന പെൻസിൽ അങ്ങനെ അല്ലറ ചില്ലറ സ്‌കൂൾ സ്റ്റേഷനറികളും കച്ചവടം നടക്കും. അത് കഴിഞ്ഞാൽ പകലുമുഴുവനും വല്ലപ്പോഴും കിട്ടുന്ന ചെറുകിട കച്ചവടങ്ങൾ ആണ്.
പയറായും, പരിപ്പായും, പഞ്ചസാരയായും, എണ്ണയായും, അരിയായും. പറ്റു ബുക്കിലെഴുതി സാധനം വാങ്ങി പോകുന്ന സ്ഥിരം കസ്റ്റമേഴ്സ് ആണ് അധികവും.

ഉഗ്രപുരത്ത് വരുന്ന കാലത്ത് ചാക്കോച്ചേട്ടൻ നീലഗിരിയിൽ നിന്നും തേയില വാങ്ങി കൊണ്ട് വന്നു വീടു വീടാന്തരം കയറി ഇറങ്ങി വിൽപ്പന നടത്തുന്ന ബിസിനസ് ആയിരുന്നു. അതങ്ങു പച്ച പിടിച്ചതോടെ നീലഗിരി ചാക്കോ എന്ന പേരിനു കൂടെ തന്റെ താമസസ്ഥലവും ഉഗ്രപുരത്താക്കി ചാക്കോച്ചൻ.
കാലക്രമേണ നാട്ടിലെ പ്രമാണിയുടെ.
പറഞ്ഞു പറഞ്ഞു കഥ വഴിമാറിയത് അറിഞ്ഞില്ല. പറഞ്ഞപോലെ ഇത് നീലഗിരി ചാക്കോയുടെ കഥ അല്ലല്ലോ…അത് വേ ഇത് റേ.

ശശിധരൻ മാസ്റ്ററും തെക്കൻ നാട്ടിൽ നിന്നും ഗവണ്മെന്റ് സ്‌കൂളിലെയും ഹൈസ്‌കൂളിലെയും അധ്യാപകരായി കുടിയേറിപ്പാർത്ത ബഹുഭൂരിപക്ഷം വരുന്ന മറ്റു വരത്തന്മാരെ പോലെ ആ നാട്ടിലേക്ക് വന്നവർ ആയിരുന്നു. അതിന്റെ വ്യത്യാസമൊന്നും ഉഗ്രപുരത്തുകാർ വന്നു കയറിയവരോട് കാണിച്ചിരുന്നില്ല.
ഭാഷകൊണ്ടും, സംസ്കാരം കൊണ്ടും ശശിധരൻ മാസ്റ്ററും മറ്റുള്ള പൂർവ തെക്കരും ഇപ്പോൾ ഉഗ്രപുരത്തുകാരല്ല എന്നാരും പറയില്ല.

എനിവെയ്‌സ്, ശാന്തകുമാരി ടീച്ചർ ഹൈസ്‌കൂളിൽ മലയാളം അധ്യാപിക ആണ്. ബ്രദർ ശാന്തകുമാർ ഹൈസ്‌കൂളിലെ തന്നെ ക്ലർക്ക്. ശാന്തകുമാർ യംഗ് ആൻഡ് ബാച്ചലർ ലൂക്കിങ് ഫോർ ബ്രൈഡ്സ് ആണ്. അങ്ങാടിയിലെ പള്ളിക്കെട്ടിടത്തോട് ചേർന്നുള്ള, പോസ്റ്റോഫിസ് എത്തുന്നതിനു മുന്നേയുള്ള ചെറിയ നീളൻ ലോഡ്ജ് മുറികളിൽ ഒന്നിൽ വാടകക്ക് താമസിക്കുന്നവരിൽ ഒരാളാണ് ശാന്തകുമാർ.
വല്ലപ്പോഴും ചേച്ചിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും എന്നല്ലാതെ ചേച്ചിയെയും ഫാമിലിയെയും അയാൾ ബുദ്ധിമുട്ടിക്കാറേയില്ല.

അങ്ങനെയിരിക്കെ, ഗൾഫ് യുദ്ധം തുടങ്ങി. സദ്ദാം ഹുസ്സൈൻ കുവൈറ്റ് കീഴടക്കിയതോടെ ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരുന്നവരിൽ പലരും തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങി. ആദ്യം വന്നത് കലന്തൻ ഹാജിയുടെ മകൻ സുബൈർ ആണ്. പോയിട്ട് അധികം ആയിട്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ മടങ്ങി വരവും അധികം സമ്പാദിക്കാതെയാണ്.

മടങ്ങി വന്നതിന്റെ പിറ്റേ ആഴ്ച ഒരു വൈകുന്നേരം സുബൈർ മാഷേ കാണാൻ വീട്ടിൽ വന്നു. കയ്യിലെ കവറിൽ ഒരു പെർഫ്യൂം ഉണ്ടായിരുന്നു.
മാസ്റ്റർക്ക് സമ്മാനിക്കാൻ.
അന്ന് അത്താഴം കഴിക്കുന്പോൾ മാസ്റ്റർ ടീച്ചറോട് പറഞ്ഞു.
“നമ്മുടെ കുടുംബത്തീന്ന് ആരും ഗൾഫിൽ ഇല്ലാത്തത് നന്നായി, ഇല്ലെങ്കിൽ ഇപ്പോൾ ഇത് പോലെ കണ്ണ്നീര് കാണേണ്ടി വന്നേനെ. ”
“ഹും..”
ടീച്ചർ നെടുവീർപ്പിട്ടു.
നാളെ മറക്കാതെ ഹൗസിംഗ് ലോൺ മാസ ഗഡു ചെക്ക് പോസ്റ്റ് ചെയ്യാൻ ഓർമ്മിപ്പിക്കണം എന്ന് ചട്ടം കെട്ടി മാസ്റ്റർ അത്താഴം മുഴുമിപ്പിച്ചു കൈകഴുകി.

രാത്രി മക്കൾ ഇറങ്ങിയതിനു ശേഷം, ജനൽ പാളി മുറുക്ക് അടച്ചു, ജനൽ മൂടി പുതപ്പു വലിച്ചു കെട്ടി അവർ നടത്തിയ രതി ലീലകൾക്ക് അകമ്പടിയായി പെർഫ്യൂം സുഗന്ധം മുറിയിൽ ആകെ പരന്നൊഴുകി.

ദിവസങ്ങൾ കുറച്ചു കടന്നു പോയി..ഗൾഫ് യുദ്ധം മുറുകിയതോടെ കൂടുതൽ കൂടുതൽ ആളുകൾ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു വരുന്നതായി വാർത്ത പത്രങ്ങളിൽ വന്നു തുടങ്ങി. ഉഗ്രപുരത്തുകാർ അധികം പേർ ഗൾഫിൽ ഇല്ലാതിരുന്നത് കൊണ്ട് സാമ്പത്തികമായി ഉഗ്രപുരത്തെ അധികം ബാധിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം, നാലു നാല്പത്തി അഞ്ചിന് ആ വഴി കടന്നു പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നും ഒരു കാക്കി പാന്റ്സ് ഇട്ട കാൽ ഉഗ്രപുരം അങ്ങാടിയിൽ വന്നിറങ്ങി.

നീലഗിരി ചാക്കോച്ചന്റെ പലചരക്കു കടയിലെ ഉപ്പു പെട്ടിയിൽ ഇരുന്നു കത്തി വെച്ച് കൊണ്ടിരുന്ന

ചുണ്ട് പീലിപ്പോസും, കലന്തൻ ഹാജിയും ഒരേ സമയത്ത്..

“അള്ളാ പടച്ചോനെ, ഈ ബസ്സിന്റെ സമയം ഇതാണല്ലേ, അല്ല ഇതെന്താ ഒരു പോലീസുകാരന്റെ കാല് വന്നിറങ്ങുന്നത് ”

ഈ ഡയലോഗ് അടിച്ചു വിട്ടത്, ഉഗ്രപുരത്തെ നാലുമണി കാറ്റിൽ അലിഞ്ഞു ചേർന്നൊഴുകി.

ബസ് ഒരൊറ്റയാളെ ഇറക്കി സ്റ്റോപ്പ് വിട്ട് അടുത്ത മലയോര ഗ്രാമത്തിലേക്ക് പോയി.

കാക്കി പാന്റ്സും, ചുവന്ന പോലീസ് ബൂട്ടും, വര വരയൻ ഷർട്ടുമിട്ട കൊമ്പൻ മീശക്കാരൻ ശ്രീകുമാർ പി എസ്, സബ് ഇൻസ്പെകർ ഓഫ് പോലീസ്, തന്റെ തോൾ ബാഗ് തൂക്കി ചാക്കോച്ചന്റെ കടയിലേക്ക് വെച്ച് പിടിച്ചു.

“ഒരു നാരങ്ങ സോഡ, ഉപ്പിട്ടത്..ഒരു വിൽസും..”
അയാൾ ഓർഡർ കൊടുത്തു.
ഉപ്പു പെട്ടിയിൽ ഇരിക്കുന്ന സാധു ജനങ്ങളെ അയാളൊന്നു ഓടിച്ചു നോക്കി. എന്നിട്ട് ചിരിച്ചു.
“പാലായിൽ നിന്ന് ഒറ്റ ഇരുപ്പായിരുന്നു..പെട്ടെന്ന് എത്തേണ്ടത് കൊണ്ട് വഴീലോന്നും ഒത്തിരി നേരം നിർത്തിയിടാൻ ഞാൻ സമ്മതിച്ചില്ല. ആദ്യമായിട്ടാ ഇത്രേം നേരത്തെ ഇവിടെത്തുന്നെന്ന് കണ്ടക്ടർ പറയുകേം ചെയ്തു..”
അയാൾ വിൽസിനു തീ കൊളുത്തി പുകയൂതി വിട്ട് പറഞ്ഞു.
അത്രേം സ്റ്റൈലായിട്ട് ഒരാൾ സിഗരറ്റ് വലിക്കുന്നത് ആ സമയത്ത് അവിടെയുണ്ടായിരുന്നവരിൽ പലരും ആദ്യേ പൂത്യേ കാണുകയായിരുന്നു.
നാരങ്ങാ സോഡാ വലിച്ചു കുടിച്ചു, മേൽമീശയിൽ താങ്ങി നിന്നിരുന്ന നാരങ്ങാ അല്ലികളെ നാക്കു കൊണ്ട് തിരഞ്ഞെടുത്ത് വായിലേക്കലിയിച്ചു അയാൾ ചോദിച്ചു..
“ഈ ശശിധരൻ മാസ്റ്ററുടെ വീട്ടിലേക്കുള്ള വഴിയേതാ..”
“മാഷ്ടെ..” കോറസ് ചോദ്യവുമായി ഉപ്പുപെട്ടി ഗ്യാംഗ്.
“മാഷ്ടെ അളിയന്റെ അളിയൻ…ശ്രീകുമാർ..രാമപുരം എസ് ഐ..”
“വളവു തിരിഞ്ഞു പാടം കടന്നു ചെന്നാൽ മൂന്നാമത്തെ വീട്..ചുവന്ന കോൺക്രീറ്റ് ഉള്ളത്..”
എല്ലാവരോടും യാത്ര പറഞ്ഞു ശ്രീകുമാർ ബാഗും തൂക്കി നടന്നു നീങ്ങി.
അങ്ങാടി പിന്നിട്ട് ആദ്യം കണ്ട തെങ്ങിന്റെ ചുവട്ടിൽ എളിയിൽ കയ്യും കുത്തി നിന്ന് ശ്രീകുമാർ മൂത്രമൊഴിക്കുന്നത് ഉപ്പു പെട്ടിയിൽ നിന്ന് വ്യൂ പോയിന്റ് പിടിച്ചാൽ കാണാം.

“പോലീസ്, അതും എസ് ഐ..ആള് ഭയങ്കരൻ തന്നെയാവും..രാമപുരം എന്ന് പറയുമ്പോൾ കീരിക്കാടൻ ജോസിന്റെ സ്ഥലം..” പീലിപ്പോസ് തന്റെ വിജ്ഞാന ഭണ്ടാരം തുറന്നു.

“എനിക്കീ ഓടിട്ട വീട്ടിൽ കിടന്നാൽ ഉറക്കം കിട്ടത്തില്ല,..അതാ ഞാൻ ഇവിടങ്ങു കിടക്കാം എന്നങ്ങു വിചാരിച്ചത്..” അത്താഴത്തിനു അയല വറത്തതും, മോര് കറിയും, പയറു തോരനും കൂട്ടി വെട്ടി വിഴുങ്ങുന്പോൾ ശ്രീകുമാർ പറഞ്ഞു.

അളിയനും അളിയനും തമ്മിൽ അത്രയ്ക്കങ്ങട് സൗഹൃദം ഉണ്ടായിരുന്നില്ല എന്ന കാര്യം ശശിധരൻ മാസ്റ്റർക്ക് അറിയാമായിരുന്നു.

ശ്രീകുമാർ വന്നത് പ്രമാണിച്ചു വലിയ ഡിന്നർ ആയിരുന്നു ടീച്ചർ ഒരുക്കിയത്.
ശാന്തകുമാറും, ശശിധരൻ മാസ്റ്ററും സിഗരറ്റ് വലിച്ചു വിടുന്ന ശ്രീകുമാറുമായി രാഷ്ട്രീയ അന്താരാഷ്ട്ര പ്രശ്നങ്ങൾ സംസാരിച്ചു മുറ്റത്ത് നിൽക്കുന്പോൾ ശശിധരൻ മാസ്റ്ററുടെ സിസ്റ്ററും, ശശാങ്കന്റെ വൈഫും ആയ ഗിരിജാകുമാരി മൂക്ക് തുടച്ചു കൊണ്ട് ശാന്തകുമാരി ടീച്ചറിന്റെ അടുത്ത് ചെന്ന് കുശുകുശുത്തു.

“വന്നിട്ട് അയാളൊന്ന് ഞങ്ങളുടെ വീട്ടിൽ കയറിയൊന്ന് നോക്കിക്കേ…ഒന്നുമില്ലേലും അയാളുടെ ഭാര്യേടെ ആങ്ങള അല്ലെ എന്റെ കെട്ടിയോൻ…ഞങ്ങൾക്ക് എന്നാ ചെയ്യാനാ..ഓടിട്ട വീട് ആയിപ്പോയി..ഇച്ചിരി സൗകര്യം കുറവാ..എന്ന് വെച്ചു..”
ശാന്തകുമാരി ഒന്നും മിണ്ടിയില്ല..ഒടുക്കം ചോദിച്ചു..
“ശശാങ്കൻ എന്തിയെ പെട്ടെന്ന് പോയത്..”
“ഓ അവര് തമ്മിൽ ചേരത്തില്ല..പെങ്ങളെ ഈ മൊശകോടാന് കെട്ടിച്ചു കൊടുക്കന്നത് ചേട്ടന് ഇഷ്ടമില്ലായിരുന്നു. പിന്നെ അവടെം, അച്ഛന്റേം ഒറ്റ നിർബന്ധം..രണ്ടു പേർക്കും പോലീസ്കാരനെ മതിയായിരുന്നു..”
“ഇപ്പൊ എന്താ വരവിന്റെ ഉദ്ദേശം..അവിടെന്തെലും പ്രശ്നങ്ങൾ..”
“ഓ ആർക്കറിയാം..” പറഞ്ഞു തീർന്നില്ല, മുറ്റത്ത് നിന്നും ഒരു കശപിശ…

ശശാങ്കൻ, പുറത്ത് പോയി മംഗുരുണി അടിച്ചിട്ട് വന്നു കാലുറക്കാതെ നിൽപ്പാണ് തെങ്ങിന്റെ ചുവട്ടിൽ.
“അളിയൻ ..അളിയൻ എന്നെ സഹായിക്കണം, എനിക്ക് തുണയായി അളിയനെ ഉള്ളൂ..എന്ന് പറഞ്ഞു ഒരൊറ്റ വീഴ്ചയായിരുന്നു ശശാങ്കൻ ശശിധരൻ മാസ്റ്ററുടെ കാലിലേക്ക്…”
അതെന്തായാലും നന്നായി…അത് നേരെ മറിച്ചു ശ്രീകുമാറിനോട് കയർക്കുക എന്നത് ആയിരുന്നെങ്കിൽ അവിടെ സീൻ മാറിയേനെ.

ശ്രീകുമാറും, ശശാങ്കനും തമ്മിൽ വന്നിറങ്ങിയ ഉടനെ കാര്യങ്ങൾ സംസാരിച്ചിരുന്നു.

സ്ത്രീധന കുടിശ്ശികയിൽ ബാക്കി നിൽക്കുന്ന കാശ് എപ്പോൾ കൊടുക്കും എന്നറിയാനാണ് ശ്രീകുമാർ വന്നത്.

അയാളുടെ അളിയൻ, അതായത് പെങ്ങൾ ശ്രീധന്യയുടെ ഭർത്താവ് ഗൾഫിലുള്ള സുധീഷ് കുമാർ ജോലി നഷ്ടപ്പെട്ട് അയർക്കുന്നത്ത് വന്നിറങ്ങിയത് മുൻ ആഴ്ചയിൽ ആയിരുന്നല്ലോ.
അയർക്കുന്നത്ത് ശ്രീധന്യ ജൂവലേഴ്‌സ് എന്ന പേരിൽ ഒരു സ്വർണ്ണക്കട തുടങ്ങുക എന്നതാണ് അയാളുടെ ഫ്യൂച്ചർ പ്ലാൻ.
സ്വാഭാവികമായും അളിയനായ ശ്രീകുമാറിനെ തിരഞ്ഞു അയാൾ വന്നു. സ്ത്രീധനം കുറച്ചവിടെയും പെന്റിംഗ് ആണത്രേ.
പൊലീസുകാരനായ ശ്രീകുമാർ ഒന്ന് വിരട്ടി നോക്കി.
“അത് വിടളിയാ..” എന്ന് സുധീഷ് തിരിച്ചും വിരട്ടി.

ശ്രീകുമാർ, ഭാര്യയെ തന്നെ സ്ത്രീധനത്തിന്റെ പേരിൽ കുത്തുവാക്കുകൾ കൊണ്ട് മൂടി.
ആങ്ങളയോട് പറഞ്ഞു ബാക്കി വാങ്ങിത്തരാൻ അയാൾ ഭാര്യയെ നിർബന്ധിച്ചു. സഹികെട്ട് അവൾ പറഞ്ഞത് ക്ലാസിക് ഡയലോഗ് ആയിരുന്നു.
“അതെ ചേട്ടാ..സ്ത്രീധനം സ്ത്രീധനം എന്ന് പറഞ്ഞു കൂടുതൽ ഉപദ്രവിച്ചാൽ ഞാൻ പോയി കേസ് കൊടുക്കുമെ..ചേട്ടൻ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെ…ജോലി തെറിക്കും..”
“എന്നാ നീ കൊണ്ട് പോയി കേസ് കൊടുക്ക്..എന്നിട്ട് നമ്മൾക്ക് രണ്ടു പേർക്കും ഒരു പണീം വരുമാനോം ഇല്ലാതെ ഇവിടിരിക്കാം..” ശ്രീകുമാർ തിരിച്ചടിച്ചു.
ശശികല മൂക്കും കണ്ണും പിഴിഞ്ഞ് മലബാറിന് വരാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. പക്ഷെ ഞാനൊന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞു ശ്രീകുമാർ, ബാഗും തൂക്കിയിറങ്ങിയതിന്റെ കഥാന്ത്യം ആണ് നമ്മൾ കണ്ട സീക്വന്സുകള് ഒക്കെയും.

രാത്രി ഒരുവിധം സമാധാനിപ്പിച്ചു ശശാങ്കനെയും ഗിരിജാകുമാരിയെയും പിള്ളേരെയും വീട്ടിലേക്ക് വിട്ടതിന് ശേഷം, പിള്ളേരും ശ്രീകുമാറും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ശാന്തകുമാരി ടീച്ചർ ശശിധരൻ മാസ്റ്ററോട് ചോദിച്ചു..
“നമുക്ക് അച്ഛനോടൊന്നു ചോദിച്ചാലോ..എന്റേം സ്ത്രീധനം ബാക്കി കിടക്കുവല്ലേ..”
“ഓ എന്നിട്ട് അച്ഛന്റെ പെൻഷൻ കാശിൽ കയ്യിട്ട് വാരി എന്നൊരു ചീത്തപ്പേര് എനിക്കിരിക്കട്ടെ എന്നല്ലേ..”
“പിന്നെന്താ ഒരു വഴി..ശാന്തനോട് ചോദിച്ചാലോ..അവന്റെ കയ്യിൽ കാണും..പി എഫ് റെഡിയാകുന്പോൾ തിരിച്ചു കൊടുക്കാല്ലോ..”
” ഓ..അവനിപ്പോ പെണ്ണൊക്കെ കണ്ടു നടക്കുവല്ലേ..ഉടൻ കല്യാണം കാണും..ചിലവുണ്ടാകും..ആ സമയത്ത് തിരിച്ചെങ്ങാനും ചോദിച്ചാൽ എന്റെ കയ്യിൽ എവിടുന്നാ..അത് വേണ്ട..”
“പിന്നെന്താ ഒരു വഴി..” ടീച്ചർ കണക്കു കൂട്ടലുകളിൽ ഉറക്കം വരാതെ കിടന്നെങ്കിലും, മാസ്റ്റർക്ക് എന്താണ് വേണ്ടത് എന്നൊരു ഉറപ്പ് ഉണ്ടായിരുന്നു.

അന്നേക്ക് രണ്ടാം നാൾ. ശ്രീകുമാർ തീരുമാനമൊന്നും ആവാത്തത് കൊണ്ട് തിരിച്ചു പോയിരുന്നില്ല. സിഗരറ്റ് വലിയും, തീനും കുടിയുമായി ഉഗ്രപുരത്തങ്ങാടിയിലും മാസ്റ്ററുടെ വീട്ടിലുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്പോൾ തന്നെ, രാവിലെ ബ്രോക്കർ ഗോപി, നാസർ ഇറാനിയുടെ അമ്പാസിഡർ കാറിൽ മുറ്റത്ത് വന്നിറങ്ങി. പിന്നാലെ നാസറും.

മുറ്റത്തെ തെങ്ങിന്റെ ചുവട്ടിൽ കാര്യങ്ങൾ പറഞ്ഞുറപ്പിച്ച ശേഷം ഗോപി, മാസ്റ്റർക്ക് ഷേക്ക് ഹാൻഡ് കൊടുത്തു. എന്നിട്ട് തന്റെ കഴുത്തിൽ കെട്ടിയ ടവ്വൽ ഷേക്ക് ഹാൻഡ് പൊസിഷനിൽ നിൽക്കുന്ന കൈകൾക്ക് മുകളിൽ മൂടിയിട്ടു.
ഡീൽ പറഞ്ഞ ശേഷം ഗോപി മാസ്റ്ററുടെ ഉള്ളം കയ്യിൽ ഒന്നു ചൊറിയും..നാസറിന്റെ ഡീൽ ഓക്കേ ആണെങ്കിൽ മാസ്റ്റർ ഗോപിയുടെ ഉള്ളം കയ്യിൽ തിരിച്ചു ചൊറിയണം. അതാണ് സിഗ്നൽ.

സിഗ്നൽ തിരിച്ചറിഞ്ഞ ഗോപി പുഞ്ചിരിച്ചു.
പുത്തൻ വീടും, അരയേക്കർ പുരയിടവും, നാസർ പറഞ്ഞ കാശിനു മാസ്റ്റർ നാസറിന് വിൽക്കാൻ ഉള്ള ഉടമ്പടിയുമായി വരാം എന്ന് പറഞ്ഞു ഗോപിയും നാസറും കാറിൽ കയറി ടാറ്റ പറഞ്ഞു പോയി.
ഈ കൂട്ടത്തിൽ പോയാൽ ടൗണിൽ നിന്ന് ഫാസ്റ്റ് പിടിക്കാം എന്ന് പറഞ്ഞു ശ്രീകുമാറും അവരോടൊപ്പം കൂടി.

നാസറു തരുന്ന പൈസയിൽ നിന്ന് ഒരു വിഹിതം ശശാങ്കന് കൊടുക്കണം, ശശാങ്കൻ അത് ശ്രീകുമാറിന് കൊടുക്കും, ശ്രീകുമാർ തന്റെ പെങ്ങൾക്കുള്ള സ്ത്രീധനമായി സുധിഷ് കുമാറിന് കൊടുക്കും. ആ പണം ഒരോഹരിയായി അയർക്കുന്നത്തുള്ള ശ്രീധന്യ ജ്വല്ലറിയിൽ അലിഞ്ഞു ചേരും.

ബാക്കിയുള്ള കാശിനു കൊള്ളാവുന്ന ഒരു വീടും പുരയിടവും ശശിധരൻ മാസ്റ്റർ കണ്ടു പിടിക്കണം.

വൈകുന്നേരം, ഉഗ്രപുരം അങ്ങാടിയിലെ പള്ളിയിൽ വയാളു പ്രഭാഷണം. ബാലുശ്ശേരി സമദ് മൗലവി.
നീളൻ താളത്തിൽ സമദ് മൗലവിയുടെ വയള് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി കേൾക്കാം.

ശശിധരൻ മാസ്റ്റർക്ക് പക്ഷെ വയള് പറയലിന്റെ ഈണത്തിൽ തലക്കകത്ത് മുഴങ്ങി കേട്ടത്,
“അങ്ങനയാണ് മക്കളെ…മാസ്റ്റർക്ക് ഗൾഫ് യുദ്ധം വഴി, തന്റെ പുത്തൻ പുതിയ കോൺക്രീറ്റ് വീട് പറഞ്ഞ വിലയ്ക്ക് ..വിൽക്കേണ്ട നിലയായത്…..”

ഇതി കഥ സമാപ്തി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )