കടൽത്തീര നഗരത്തിലെ കഥകൾ – (1)


(1)

സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്.
“ദസ്തേയ്‌വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്‌വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..”

ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്‌വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെയേറെ മാസങ്ങൾക്കു മുന്നേ, ചില ദിവസങ്ങളിൽ ഗൂഗിൾ എടുത്ത് നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് കൊടുത്ത് ഈ ഏരിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്ന ഒരു ശീലം രൂപപ്പെട്ടിരുന്നു.
കണ്ണു കുഴിഞ്ഞു, ഭൂതകാലത്തിന്റേതായ സകല നിരാശകളും ചൂഴ്ന്നെടുത്ത മുഖങ്ങളുമായി നിരവധി മഗ് ഷോട്ടുകൾ വരിയും നിരയും നിറച്ച കൗണ്ടി പോലീസ് വെബ് പേജിൽ നിറഞ്ഞിരിക്കുന്നത് അങ്ങനെയാണ് മുന്നിലേക്കെത്തുന്നത്. ചില സ്റ്റോറികളുടെ പിന്നാലെ പേപ്പർ കട്ടിംഗുകളിലൂടെ ചികഞ്ഞു കയറി. ചിലത് പാതി വഴിയിൽ നിർത്തി. അയൽവക്കത്തെ വിശേഷങ്ങൾ അറിയുന്ന പ്രാദേശിക സോഷ്യൽ നെറ്റ്വർക്കുകളിൽ ചിലർ തലേന്ന് രാത്രി കേട്ട വെടിയൊച്ചയെപ്പറ്റി ചോദിക്കുന്പോൾ, വീണ്ടും കൗണ്ടി പോലീസ് റിപ്പോർട്ടുകളിലും കയറിയിറങ്ങി.

ചില മഗ്ഷോട്ട് മുഖങ്ങൾ സ്‌ക്രീനിൽ നിന്നും കണ്ണ് മിഴിച്ചു കഥകൾ പറഞ്ഞപ്പോൾ, മനസിലേക്ക് പകർത്തിയെടുത്ത് പിന്നീട് സമയം കിട്ടിയപ്പോൾ കഥാപാത്രങ്ങളായി കീബോർഡിലേക്ക് വിരൽത്തുമ്പിൽ ഇറങ്ങിവന്നു.

ഇനി നിങ്ങൾ വായിക്കാൻ പോകുന്ന ഈ സീരീസിലെ കഥകൾ ഏതാണ്ട് ഏഴു മാസം മുന്നേ എഴുതിയതാണ്. ചിലരെങ്കിലും വായിച്ചിരിക്കാൻ സാധ്യതയുണ്ട്. ഒന്ന് കൂടി എഡിറ്റ് ചെയ്ത് സീരീസ് ആയി വീണ്ടും എഴുതുന്നു.

വായിക്കുന്പോൾ ഒരു കാര്യം ഓർക്കുക. ഇതിലെ ചില കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ അടുത്ത് പരിചയമുള്ളവരാണ്.

കടൽത്തീര നഗരത്തിലെ കഥകൾ

എനിക്കെന്നെ കുറിച്ച് തന്നെ ചില സംശയങ്ങളുണ്ട്. ആദ്യമൊക്കെ വിചാരിച്ചത് ഞാൻ മരിച്ചു കഴിഞ്ഞു കാണുന്ന കാഴ്‌ചകൾ ആണതൊക്കെ എന്നായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. മരണം ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ നടക്കാൻ സാധ്യതയുള്ള സംഭവങ്ങളെ മുൻകൂട്ടി കാണാനുള്ള എന്തോ ഒരു പ്രത്യേക കഴിവ് എനിക്ക് ഈയിടെയായി കിട്ടിയിട്ടുണ്ട്.
അല്ലെങ്കിൽ പിന്നെയെങ്ങിനെയാണ് ഈയടുത്ത് നടന്ന മൂന്നു സംഭവങ്ങളിലും അവ നടക്കുന്നതിനു മുന്നേ തന്നെ ഇങ്ങനെയൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന തരത്തിലുള്ള തോന്നൽ എന്റെ മനസ്സിൽ വരുന്നത്. നിർവചിക്കാൻ കഴിയാത്ത എന്തോ ഒരു ശക്തി എന്നിൽ വളർന്ന് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ.
തുടങ്ങിയത് ജസ്റ്റിൻ പറഞ്ഞ സംഭവത്തോടെയായിരുന്നു. ജസ്റ്റിന്റെ പെൺ മക്കൾ ഷോപ്പിംഗ് കഴിഞ്ഞു നേരം വൈകി വീട്ടിലേക്ക് വന്നു കൊണ്ടിരിക്കെ ഡ്രൈവേയിൽ നിന്നും പെട്ടെന്നൊരാൾ തോക്കുമായി മുന്നിലേക്ക് ചാടി വീണ് തുരുതുരെ വെടിയുതിർത്തു. മൂത്തമകൾ ജീൻ സെൽഫോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ലോക്കൽ ടെലിവിഷൻ നെറ്റ് വർക്കിന്റെ വെബ്‌സൈറ്റിൽ വന്നത് ഞങ്ങളെയൊക്കെ ജസ്റ്റിൻ തന്നെയായിരുന്നു വിളിച്ചു കാണിച്ചു തന്നത്.
കാർ വളവു തിരിഞ്ഞു ഡ്രൈവേയിലേക്ക് കയറിയതും, സൈഡിൽ എവിടെയോ നിന്നിരുന്ന മുഖം മൂടിക്കാരൻ തോക്കും ചൂണ്ടി മുന്നിലേക്ക് ചാടിയതും. പിറകോട്ട് എടുക്ക് പിറകോട്ട് എടുക്ക് എന്ന് ആർത്ത് വിളിച്ചു ജീനിന്റെ ഇളയവൾ ജാനറ്റ് കാർ പിന്നിലേക്ക് ഓടിക്കുന്നതും, കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മുന്നിലെ നിഴലിൽ പതിയുന്പോൾ മുഖം മൂടിക്കാരൻ തുരുതുരെ വെടിയുതിർക്കുന്നതും ശ്വാസമടക്കി പിടിച്ചാണ് ഞങ്ങൾ ഓരോരുത്തരും കണ്ടു നിന്നത്.
കണ്ടു കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ജസ്റ്റിന്റെ തോളിൽ കൈ വെച്ചു. ബ്രയാൻ എന്തോ പറയാനാഞ്ഞു പക്ഷെ അയാളുടെ വാക്കുകൾ മുറിഞ്ഞു പോയതിന്റെ ബാക്കി എനിക്ക് ഊഹിക്കാമായിരുന്നു.
അതെ, മുൻകൂട്ടി കാണാനുള്ള കഴിവ് ആദ്യം മനസിലാക്കിയത് അങ്ങനെ ആയിരുന്നു. അയാൾ അത് പുറത്ത് പറഞ്ഞിരുന്നെങ്കിൽ വംശീയമായ ഒരു തെറിയായി പരിണമിച്ചേനെ എന്ന് എനിക്ക് ഇപ്പോൾ കൂട്ടി വായിക്കാം.
ലീ കുറച്ചു നേരം ജസ്റ്റിന്റെ അടുത്ത് ഇരുന്നു. ജസ്റ്റിന്റെ കൈ പിടിച്ചമർത്തി മക്കൾ സുരക്ഷിതരാണല്ലോ അതാണ് ഏറ്റവും വലുത് എന്നവൻ ജസ്റ്റിനെ ആശ്വസിപ്പിച്ചു, തന്റെ ചുവന്ന മുടി വശത്തേക്ക് മാറ്റിയിട്ട് സീറ്റിലേക്ക് തിരിച്ചു പോയി.
സാറ അവളുടെ തടിച്ച ചുണ്ടിൽ ആശങ്ക മുഴുവനും വിറപ്പിചു ഒരു ആനിമേഷൻ കഥാപാത്രത്തിന്റെ ശബ്ദവിന്യാസത്തോടെ എന്തൊക്കെയോ പറഞ്ഞു.
മേഗൻ വീഡിയോയിൽ കണ്ട ലിങ്ക് ട്വീറ്റ് ചെയ്യുന്ന തിരക്കിലേക്ക് പോയി.
ജോൺ ഒന്നും മിണ്ടാതെ സീറ്റിലേക്ക് പോയി.
താഹിർ പക്ഷെ കുറെ നേരം സംസാരിച്ചു, ജസ്റ്റിനെ കുറെ ആശ്വസിപ്പിച്ചു. ടീമിലെ തന്നെ ഏറ്റവും പോസിറ്റിവിറ്റി ഉള്ളയാൾ ആണ് താഹിർ. ഒരു മുപ്പത്തി മൂന്നു കാരന്റെ പക്വതക്ക് അപ്പുറം അവൻ പെരുമാറും.
ഈയുള്ളവരെയെല്ലാം പറ്റിയുള്ള ചിന്തകൾ കിറുകൃത്യമായി മനസ്സിൽ വരുന്നത് എങ്ങനെയാണ് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു.
എന്തോ ഒരു നിയോഗത്തിനു വേണ്ടിയുള്ളതാവും എന്ന ക്ളീഷേ മറുപടി ഞാൻ എനിക്ക് വേണ്ടി ഒരുക്കി സൂക്ഷിച്ചിരുന്നു.
************************************************************************

IMG_6921.jpeg

കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ പട്ടണത്തിലെ വേനൽക്കാലം അവധി ദിവസങ്ങളുടെ ആലസ്യമാണ് എല്ലാവര്ക്കും നൽകാറ്. വലിയ കാറുകളുടെ ഫ്ലോർമാറ്റുകളിൽ വാരാന്ത്യ അവധിക്ക് ശേഷം വെളുത്ത മണൽ തരികൾ കണ്ടാൽ ഉറപ്പിക്കാം ഇവരൊക്കെ വാരാന്ത്യം കടൽത്തിരകൾക്കൊപ്പം ആയിരുന്നു ചിലവഴിച്ചത് എന്ന്.
ഇരുൾ പരക്കുന്പോൾ എട്ടു മണിയാവും. അതിനു തൊട്ടു മുന്നേ ആകാശം ചിത്രപ്പണി തുടങ്ങും. അവിടിവിടെയായി പുകയൂതി വിട്ടത് പോലെ കിടക്കുന്ന പഞ്ഞിക്കെട്ടുകൾക്ക് പിങ്കും, ഇളം ചുവപ്പും തുടങ്ങി കടും ചുവപ്പും, കറുപ്പ് കലർന്ന നീലയും നിറങ്ങൾ നൽകി സൂര്യൻ മായാൻ തിടുക്കം കൂട്ടും.
പല ഇനത്തിലുള്ള ദേശാടനക്കിളികൾ (അതോ ഇവിടുന്നു പുറപ്പെട്ടു മറ്റു ദേശങ്ങളിലേക്ക് പറന്നു പോകുന്നവയോ) അന്തിച്ചോപ്പിനൊപ്പിച്ചു മേഘങ്ങൾക്ക് അടുത്തു കൂടി ദൂരേക്ക് പറന്നു പോകുന്നത് കാണാൻ എന്നും കടലിലേക്ക്ഇറങ്ങി കിടക്കുന്ന പാലത്തിൽ പോയിരിക്കാറുണ്ട് ഞാൻ.
സഹപ്രവർത്തകരിൽ പലരെയും യാദൃശ്ചികമായി പലപ്പോഴും അവിടെ വെച്ച് കാണാൻ കഴിയും.

നായയുമായി നടക്കാൻ ഇറങ്ങുന്ന ജസ്റ്റിൻ. കറുത്ത തടിച്ച ചുണ്ടു പിളർത്തി അയാൾ ചിരിക്കും.
ലീ അവന്റെ ബോയ്ഫ്രണ്ട് മാർക്കുമായി മണൽ തരികൾക്ക് മേലെ വിരിച്ച ഷീറ്റിൽ കിടപ്പുണ്ടാവും.
താഹിർ അവന്റെ കൊളംബിയൻ ഗേൾഫ്രണ്ടിന്റെ കൂടെ നടന്നു പോകുന്പോൾ കണ്ടാൽ കൈ വീശി കാണിക്കും.

ലീ ഒരു സ്വവർഗാനുരാഗി ആണെന്ന് ഉള്ളത് ഈ കടപ്പുറത്ത് വെച്ച് മാർക്കിനോടോപ്പം അവനെ കാണുന്നതിന് മുന്നേ ഞാൻ ഊഹിച്ചിരുന്നു. പ്രത്യക്ഷത്തിൽ അയാൾക്ക് സ്വവര്ഗാനുരാഗിയുടേതായ ചേഷ്ടകൾ ഒന്നുമില്ല. മറ്റെല്ലാവരെയും പോലെ സ്വാഭാവികം. തൊഴിലിടത്തിൽ ഒരാളുടെ ലൈംഗീക ഇഷ്ടങ്ങളൊന്നും പറയേണ്ട കാര്യമില്ലല്ലോ. ലീ നല്ലൊരു മനുഷ്യനാണ്. നാല്പത് വയസ് കഴിഞ്ഞെങ്കിലും ഓഫീസിലെയും, ആ ചെറു പട്ടണത്തിലെയും വോളന്റിയർ പരിപാടികൾക്ക് എല്ലാം മുന്നിട്ട് നിൽക്കുന്നത് ലീ ആണ്. ആയിടെ നടന്ന ഒരു ഫൈവ് കെ മാരത്തോണിന്റെ സംഘാടകൻ വരെ ലീയായിരുന്നു.

ലീയുടെ പങ്കാളി മാർക്കിനെ പറ്റി ജോൺ ഒരിക്കൽ എന്തോ പറഞ്ഞത് ഓർമ്മയിലുണ്ട്. അവൻ ഒരു ഗോസ്റ്റ് അസൈലം റൈറ്റർ ആണെന്നാണ് ജോണിന്റെ കമന്റ്. ആയിടെ അയാൾ എവിടെയോ വായിച്ച ഒരു എഫ് ബി ഐ ഓപ്പറേഷനെ ചേർത്താണ് അയാൾ അത് പറഞ്ഞത്. ഓപ്പറേഷൻ ഫിക്ഷൻ റൈറ്റർ എന്നോ മറ്റോ പേരിൽ എഫ് ബി ഐ നടത്തിയ ഒരു റെയ്‌ഡിൽ കുറെ ആളുകളെ പ്രത്യേകിച്ചും ഇമിഗ്രെഷൻ ലോയേഴ്സ്സിന്റെ ഒരു കോക്കസിനെ എഫ് ബി ഐ പിടിച്ചിരുന്നു. ആളുകളുടെ അസൈലം അപേക്ഷകളിൽ വ്യാജമായ കഥകൾ ചേർത്ത് പൊലിപ്പിച്ചെഴുതി അസൈലവും അത് വഴി പൗരത്വവും നേടിക്കൊടുക്കുന്ന നിയമവിരുദ്ധ സംഘങ്ങളെപ്പറ്റിയായിരുന്നു ജോണ് സൂചിപ്പിച്ചത്. അതിലൊരു കണ്ണിയാണ് മാർക്ക് എന്ന് അയാൾ ഇടയ്ക്കിടെ പറയും.

ജോണ് അങ്ങനെയൊരാൾ ആണ്. ഏതൊരാളെപ്പറ്റിയും നിഗൂഢതകൾ കണ്ടെത്തുന്ന ഒരാൾ. ജോൺനെ പറ്റി കൂടുതൽ ആർക്കും അറിയില്ല. പെഡ്രോ ആയിരുന്നു അയാളുടെ ഉറ്റ ചങ്ങാതി. പെഡ്രോയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനു ശേഷം ജോൺ മറ്റാരുമായി ചങ്ങാത്തം കൂട്ടിയിരുന്നില്ല.

ജൂറി ഡ്യൂട്ടിക്ക് ഹാജരാവാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് കൊണ്ടായിരുന്നു പെഡ്രോയ്ക്ക് ജോലി നഷ്ടമായത്. അതിലൊരു ഗൂഡാലോചന ഉണ്ടെന്ന് ജോൺ ഇടയ്ക്കിടെ പറയും.

ഭാര്യയെ മുപ്പത് പ്രാവിശ്യം കുത്തിയ ശേഷം വെടി വെച്ച് കൊന്ന ഒരാളുടെ കേസ് ആയിരുന്നു പെഡ്രോ ജൂറി ആയി പോവേണ്ടി ഇരുന്ന കേസ്.
മുപ്പത് പ്രാവിശ്യം കുത്തി എന്ന് കേട്ടപ്പോഴേ ജോൺ പറഞ്ഞത് ആ സ്ത്രീ അയാളെ എന്ത് മാത്രം ദേഷ്യം പിടിപ്പിച്ചുണ്ടാവും എന്നതാണ്. സ്ത്രീകൾ അങ്ങനെയാണ് എന്നയാൾ പറഞ്ഞു. പെഡ്രോ തന്റെ ബ്രസീലിയൻ ഗേൾഫ്രണ്ടിന്റെ മേനിയഴകിനെ പറ്റി അപ്പോഴേക്കും സംസാരം ആരംഭിച്ചിരുന്നു. അറുപത് കഴിഞ്ഞ വയസ്സന്റെ കാമഭ്രാന്ത് എന്ന് ജോൺ അയാൾ കേൾക്കാതെ എന്നോട് പറഞ്ഞു.
വയസ്സൻ മറന്നു പോയത് കൊണ്ടൊന്നുമല്ല ജൂറി ഡൂട്ടി ഒഴിവാക്കിയത് ഒരു ചതി പറ്റിയതാണ് എന്ന് ജോൺ തന്നെ ഒന്ന് രണ്ടു പ്രാവിശ്യം സൂചിപ്പിക്കുകയും ചെയ്തു.

താഹിറിനെ കുറിച്ചും ബ്രയാൻ നെ കുറിച്ചും മേഗനെ കുറിച്ചും അവനു ഓരോരോ തിയറികൾ ഉണ്ടായിരുന്നു. ഒരു പക്ഷെ ഈ എന്നെക്കുറിച്ചും ഞാൻ കേൾക്കാതെ അവൻ കഥകൾ മെനയുന്നുണ്ടായിരിക്കാം. മനുഷ്യരെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ ഏറ്റവും സങ്കീർണ്ണമായ മനുഷ്യ മനസുകൾ ഈ മണ്ണിലേത് ആണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു.

ജോണിന്റെ കഥകളിൽ നിന്നും അറിയുന്നതിന് മുന്നേ താഹിറിനെക്കുറിച്ചു എനിക്കറിയാമായിരുന്നു. ആദ്യം പറഞ്ഞ ഇല്യൂഷനുകൾ വഴി ഒന്നും അല്ലായിരുന്നു അത്. യാദൃശ്ചികമായി ഒരു ദിവസം എന്തോ സംസാരിച്ച വഴിയിൽ അവൻ പെട്ടെന്ന് പറഞ്ഞു പോയ ഒരു കഥയുടെ നൂലിൽ പിടിച്ചു നടത്തിയ ഗൂഗിൾ അന്വേക്ഷണത്തിൽ നിന്നായിരുന്നു അവന്റെ ചരിത്രം എനിക്ക് മുന്നിലേക്ക് വന്നത്.

ഇന്റർനെറ്റ്..മനുഷ്യരുടെ കഥകൾ അവർ പോലും അറിയാതെ രേഖപ്പെടുത്തി വെച്ചിരിക്കുന്നുണ്ട്..അല്ലേ…!! സംശയമുണ്ടെങ്കിൽ എന്നെപ്പറ്റി ഒന്ന് തിരഞ്ഞു നോക്കു..കണ്ണിറുക്കി കൊണ്ട് തന്നെ പറയട്ടെ, ഞാനത് ഇടയ്ക്കിടെ ചെയ്യാറുണ്ട്..എന്നിട്ട് എനിക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും.

ഇന്റർനെറ്റിനെ പറ്റിക്കാമോ എന്നറിയണമല്ലോ…

വഴി മാറിയതിൽ ക്ഷമ ചോദിക്കുന്നു….താഹിറിന്റെ കഥയിലേക്ക് നാളെ കൊണ്ടു പോകാം…

(തുടരും..)

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )