(ചുമ്മാ ടൈം പാസ്. ജീവിച്ചിരിക്കുന്നതോ “മരിച്ചിരിക്കുന്നതോ” ആയോ യാതൊരു ജന്തു മൃഗാദികളുമായും പുലബന്ധം പോലുമില്ല –ആർക്ക്, ഈ കഥയ്ക്കും കഥാ പാത്രങ്ങൾക്കും..സ്റ്റാറ്റ്യൂട്ടറി ഡിസ്ക്ളൈമർ..)
കഥ നടക്കുന്നത് പശ്ചിമ ഘട്ടത്തിലെ ഏതോ ഒരു കാട്ടിൽ ആണ്. തൽക്കാലം നമുക്കാ സ്ഥലത്തെ ഗുളികന്മല എന്ന് വിളിക്കാം. കിഴക്ക് പശ്ചിമഘട്ടം പിന്നിട്ടു തമിഴ്നാടും, പടിഞ്ഞാറ് കേരളവും, വടക്ക് കർണാടകവും അതിരിടുന്ന ഒരു കാട്ടുരാജ്യം. കാട്ടിൽ നിന്നും നാട്ടിൽ വന്നു മടങ്ങിയെത്തുന്ന മൃഗങ്ങളിൽ നിന്നും പറഞ്ഞറിഞ്ഞു കാട്ടിനുള്ളിലും ഡെമോക്രസിയാണ്.
കാട്ടിലെ മൃഗങ്ങളുടെ ഒരു പ്രതിനിധി സമ്മേളനം. പന്നിയും, പാമ്പും, പരുന്തും, പഴുതാരയും, മുയലും, കുറുക്കനും, പുലിയും, കടുവയും, ചെന്നായും, ആനയും, മുള്ളൻപന്നിയും എന്ന് വേണ്ട കാട്ടിലെ സകല ചരാചരങ്ങളും ഓരോരോ പ്രതിനിധികളെ തിരഞ്ഞെടുത്ത് അയച്ച ഒരു കൂറ്റൻ സമ്മേളനം ആണ് പാറമടയ്ക്കും വെള്ളച്ചാട്ടത്തിനും നടുക്കുള്ള പുൽമേട്ടിൽ അന്ന് നടക്കുന്നത്.
ഉൾക്കാട്ടിൽ ആയത് കൊണ്ടാവണം മനുഷ്യർ അധികം കടന്നു ചെല്ലാത്തയിടം നോക്കിയാണവർ ഒത്തു കൂടിയതു.
കാട്ടിൽ ഡെമോക്രസി ആയത് കൊണ്ട് രാജാവ് ഇല്ല. പോരാത്തതിന് പശ്ചിമഘട്ടത്തിൽ എവിടെയിരിക്കുന്നു സിംഹം. അത് കൊണ്ട് സഭ കൂടി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത് കാട്ടുപോത്തിനെയാണ്. അറുപത്തിയഞ്ച് പൗർണ്ണമി കാലം അതാണ് ഓരോ മുഖ്യമന്ത്രിയുടെയും ഭരണകാലം. മുഖ്യമന്ത്രിയെ സഹായിക്കാൻ ഓരോ വകുപ്പും തിരിച്ചു മന്ത്രിമാരും, അവർക്ക് സഹായികളായി അനുചരന്മാരും, ഉദ്യോഗസ്ഥരും.
കടുവയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ കൂടെയും അനുകൂലികൾ കുറേപ്പേർ.
കാട്ടുപോത്ത് മുഖ്യമന്ത്രി ആയതിനു ശേഷമുള്ള മുപ്പതാം പൗര്ണമിക്ക് ശേഷമുള്ള സമ്മേളനം ആണ്. ഒരുപാട് പ്രധാനപ്പെട്ട തീരുമാനങ്ങൾ ചർച്ച ചെയ്തെടുക്കേണ്ട ദിവസം. സ്വാഭാവികമായും ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം പ്രതിപക്ഷ നേതാവും അയാളുടെ ചില അനുകൂലികളും വിട്ടു നിൽക്കുന്നു.
“നമ്മൾ ഒരു കടുത്ത പ്രതിസന്ധിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു പ്രശ്നത്തിൽ നിന്ന് എങ്ങനെ തലയൂരാം എന്നതിനെക്കുറിച്ചു നാം ഒരുമിച്ചിരുന്നു ചിന്തിക്കേണ്ടിയിരിക്കുന്നു ” മുഖത്ത് നിന്നും ഊർന്നു വീണ കണ്ണട തന്റെ നീളൻ ചെവികൾക്കിടയിലേക്ക് തിരുകി കയറ്റിക്കൊണ്ടു മുയലൻ പറഞ്ഞു.
മുഖ്യന്റെ മുഖ്യ ഉപദേഷ്ടാവ് ആണ് മുയലൻ.
“മനുഷ്യരെ പോലെ നമുക്കും വേണം ദൈവങ്ങൾ..” പ്രത്യേകിച്ച് മുഖവുരയില്ലാതെ കുറുക്കച്ചൻ ചാടിക്കയറി പറഞ്ഞു, പിന്നീട് ശബ്ദം താഴ്ത്തി “അല്ല, അതാണ് പൊതുവിൽ മൃഗാഭിപ്രായം” എന്നയാൾ കൂട്ടിച്ചേർത്തു.
“അത് സംസാരിക്കാനല്ലല്ലോ നമ്മൾ ഇന്ന് കൂടിയിരിക്കുന്നത്..” അധ്യക്ഷനായ മുഖ്യമന്ത്രി തന്റെ അനിഷ്ടം ഇടയ്ക്കിടയ്ക്ക് പുറത്തുവിട്ട മുരൾച്ചകളിലൂടെ സൂചിപ്പിച്ചു.
“അല്ല..എന്നാലും നമുക്ക് ഒരു കോമൺ ദൈവം വേണ്ടേ…” കുറുക്കന് വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.
“കുറുക്കച്ചൻ പറഞ്ഞത് ശരിയാണ്..മനുഷ്യർക്ക് തന്നെ എന്തോരം ദൈവങ്ങളാ..കണ്ടാൽ കൊതിയാവും…” കുറേക്കാലത്തെ നാട്ടു വാസത്തിനു ശേഷം കാട്ടിലേക്ക് തിരിച്ചെത്തിയ ആനകുമാരി കുറുക്കനെ സപ്പോർട്ട് ചെയ്തു തുമ്പിക്കൈ പൊക്കി.
അവളുടെ നീണ്ട ആനമിഴികൾ നോക്കി കുറുക്കൻ നൈസായിട്ടൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഹൃദയകുമാരിയുടെ ആ ഹൃദയവിശാലതയ്ക്ക് മുന്നിൽ എനിക്ക് മറ്റെന്താണ് പറയാൻ കഴിയുക..എന്നോട് യോജിക്കാൻ തോന്നിയതിനു റൊമ്പ താങ്ക്സ്..”ഹൃദയകുമാരി എന്ന ആനകുമാരി പുഞ്ചിരിച്ചു, തന്റെ ചെവിയ്ക്കു പിന്നിൽ ചൂടിയ കാട്ടു ചെമ്പകപ്പൂവ് തുമ്പിക്കൈ കൊണ്ട് എടുത്ത് മണത്തു നോക്കി വീണ്ടും ചെവിയിൽ തിരുകി അവൾ മന്ദഹാസം വിടാതെ നിന്നു.
ഹൃദയകുമാരിയുടെ കാലിന്നടിയിൽ നിന്ന മലയണ്ണാൻ തന്റെ കൂട്ടുകാരനായ കാട്ടുകോഴിയോട് കിട്ടിയ ഗ്യാപ്പിൽ ഒരു ഗോസിപ്പ് അടിച്ചു കയറ്റി.
“ഹൃദയകുമാരി..ശരിക്കുള്ള പേര് മോത്തി എന്നാണ്..നാടങ്ങു ബീഹാറിൽ. നാട്ടിൽ തടിപിടിക്കാൻ കൊണ്ട് വന്നത് ആയിരുന്നു. ഏതോ ഒരു മനുഷ്യരിലെ സിനിമാ നടൻ കണ്ടിഷ്ടപ്പെട്ട് കുറേക്കാലം അയാളുടെ കൂടെ ആയിരുന്നു. ആ ചാൻസിൽ ഒന്ന് രണ്ടു മനുഷ്യ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ ജാഡയ്ക്ക് ഇട്ട പേരാണ് ഹൃദയകുമാരി..”
“ഏതു നടനാ..ജയറാമാണോ..അയാൾക്കാണല്ലോ ആനപ്രേമം. കൊള്ളാവുന്ന റോൾ വല്ലതും ആയിരുന്നോ കുമാരിക്ക് സിനിമയിൽ..”
കാട്ടുകോഴി ചോദിച്ചു.
“ചുമ്മാ..പാട്ടു സീനിൽ വാലാട്ടി നിൽക്കണം..അത്രേ ഉള്ളൂ..പക്ഷെ ലവരുടെ ഭാവം വലിയ എന്തോ റോൾ ചെയ്തത് പോലാണ്..ഉം..മുഖ്യമന്ത്രിയുടെ അടുത്ത ആൾ അല്ലെ..അതിന്റൊരു അഹങ്കാരം അത് വേറെയുണ്ട് താനും.”
കാട്ടുകോഴിയും, മലയണ്ണാനും തമ്മിലുള്ള സംഭാഷണം മുഴുവനും അവർ ശ്രദ്ധിക്കാത്ത വിധം മറ്റൊരാൾ എഴുതിയെടുക്കുന്നുണ്ടായിരുന്നു. മരപ്പട്ടി വാർത്തകളുടെ ഓണർ കം മെയിൻ ലേഖകൻ മരപ്പട്ടി വാസു. പിറ്റേന്നത്തെ അന്തിപത്രത്തിന്റെ തലക്കെട്ട് ആ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അയാൾ തലച്ചോറിലിട്ട് ഉരുട്ടിയെടുത്തു..
“ഇന്നത്തെ വാർത്ത ചൂടുള്ള വാർത്ത…നാട്ടിൽ നിന്നും കാട്ടിൽ വന്ന മോത്തിയാന ഹൃദയകുമാരി ആയതെങ്ങനെ..അതിനു പിന്നിൽ മുഖ്യമന്ത്രിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടോ..പിന്നൊരു ചോദ്യ ചിഹ്നവും..”
കണ്ണു മിഴിച്ചിരിക്കുന്ന മരപ്പട്ടി വാസുവിനെ നോക്കി മലയണ്ണാൻ ഒരു പാസിംഗ് കമന്റ് എയ്തു..
“നാട്ടിലെ പത്രക്കാരെപ്പോലെ എന്തോ ഉടായിപ്പ് തലക്കെട്ട് ആലോചിക്കുവായിരിക്കും അല്ലെ വാസു..കൈക്ക് പണിയുണ്ടാക്കരുത് കേട്ടോ..ഹൃദയകുമാരിയുടെ ഹൃദയം പോലെ വിശാലമാണ് കാലുകളും..ഓർമ്മയിരിക്കട്ടെ..”
വാസു ഞെട്ടി. ആ ഷോക്കിൽ അടുത്ത പനയുടെ മുകളിലേക്ക് അയാൾ കുതിച്ചു.
ഉയർന്ന ലെവലിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടേയിരുന്നു.
ക്രമസമാധാനത്തെക്കുറിച്ചുള്ള ചർച്ച എത്തിയപ്പോൾ കാട്ടുനായ ഇൻസ്പെക്ട്ടർ ജനറൽ സീറ്റ് വിട്ടു വെളിയിൽ പോയി. മൂക്ക് പൊടി വലിക്കാനെന്നുള്ള വ്യാജേന ആയിരുന്നെങ്കിലും, സഭയിൽ നിന്നും വിമർശനം കേൾക്കാതിരിക്കാൻ ആയിരുന്നു എന്നതായിരുന്നു യഥാർത്ഥ കാരണം.
ഒരാഴ്ച മുന്നേ നാട്ടിൽ നിന്നും കാട്ടതിർത്തി കടന്നെത്തിയ വവ്വാൽ കുമാരിയെ കാണാനില്ല എന്നതായിരുന്നു മറ്റൊരു ചൂടൻ വിഷയം. ആഭ്യന്തരത്തെ പിടിച്ചു കുലുക്കാൻ വേണ്ടി പ്രതിപക്ഷം ഓങ്ങി വെച്ച വടിയായിരുന്നു അത്.
പ്രതിപക്ഷം ഇല്ലാത്തത് കൊണ്ട് ചർച്ചയ്ക്കെടുക്കില്ല എന്ന പ്രതീക്ഷ പക്ഷെ മുഖ്യമന്ത്രി പ്രത്യേക ചർച്ച വേണം എന്നാവിശ്യപ്പെട്ടതോടെ മങ്ങി.
മുഖ്യമന്ത്രിയുടെ മുകളിൽ ഇരുന്നു ചെള്ള് കൊത്തുന്ന കാക്കയുടെ പുറം ചൊറിയൽ മൂലമാണത് എന്ന് ഐജി കാട്ടുനായ ഉറച്ചു വിശ്വസിച്ചു. അവർ തമ്മിലൊരു മുൻ വൈരാഗ്യം ഉണ്ടായിരുന്നു താനും.
“കാട്ടിൽ ആകെയായി അന്ധവിശ്വാസം പടർന്നു പിടിക്കുന്നുണ്ട്. സർക്കാർ ഇതിനെതിരെ എന്തെങ്കിലും ചെയ്തേ തീരു..” ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പരുന്ത് ചർച്ചക്കിടയിലേക്ക് പറന്നിറങ്ങി.
“നാട്ടിലെ പോലെ, കാട്ടിലാകെ സ്വയം പ്രഖ്യാപിത മൃഗ ദൈവങ്ങൾക്ക് പിന്നാലെ മൃഗങ്ങൾ പായുന്ന സ്ഥിതിയാണുള്ളത്. ഓരോരോ ജന്തുക്കൾക്കും ഓരോരോ ആൾ ദൈവങ്ങൾ. അവരാകെ കാട്ടിൽ അന്ധവിശ്വാസം പടർത്തുന്നുണ്ട്. ചിലർ ഒരു പടി കൂടി കടന്നു കാട്ടിൽ ക്രിമിനൽ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുമുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ പ്രത്യേക ശ്രദ്ധ വേണ്ട കാര്യം ആണിത്…” മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ പേരു കേട്ട പരുന്ത് സഭയിൽ പറഞ്ഞത് കേട്ട് പ്രതിനിധികളെല്ലാം ഒരേ കണ്ണോടെ മുഖ്യമന്ത്രിയെ നോക്കി.
മുഖ്യമന്ത്രി എന്തെങ്കിലും പറയും മുന്നേ, തലസ്ഥാനത്തെ പ്രധാന റിപ്പോർട്ടറും രാത്രികാല പത്ര പ്രവർത്തകനുമായ നത്ത് നാരായണൻ പാറിപ്പറന്നു വന്നു ഒരു മരക്കുറ്റിയ്ക്ക് മുകളിൽ ഇരുന്നു ചിറകടിച്ചോരു ചോദ്യമെറിഞ്ഞു.
“പുറം നാട്ടിൽ നിന്നും ഇവിടേയ്ക്ക് വന്ന വവ്വാൽ കുമാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മാനസപുത്രൻ കാട്ടേഷ്കുമാറിന്റെ പേര് കൂടി പറഞ്ഞു കേൾക്കുന്നുണ്ട്. അതിനെതിരെ എന്ത് നടപടിയാണ് ഗവണ്മെന്റ് കൈക്കൊള്ളുക എന്നറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..”
“അങ്ങനെയൊരു ആക്ഷേപം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല..” മുഖ്യമന്ത്രി കൊമ്പ് കുലുക്കി പറഞ്ഞു.
“എന്നാൽ അങ്ങനൊരു ആക്ഷേപം ഉണ്ട്..സി എം. താങ്കളുടെ ഉപദേശകരാരും അത് പറയാത്തതാണ്..ചൊറിഞ്ഞു തരുന്നവരുടെ ജാഗ്രതക്കുറവാണോ എന്തോ..” നത്ത് വിടാൻ ഭാവം ഇല്ലായിരുന്നു.
ആ പരാമർശം കാക്കയ്ക്ക് കൊണ്ടു.
കാക്ക നത്തിന്റെ തലയ്ക്കു മുകളിൽ രണ്ടു വട്ടം പറന്നു. തിരിച്ചു മുഖ്യന്റെ മുകളിൽ വന്നിരുന്ന ശേഷം കാക്ക മൈക്ക് ഏറ്റെടുത്തു.
“എടാ, നത്ത് നാരായണാ..അങ്ങനൊരു അപഖ്യാതി നീയും നെന്റെ വാല് താങ്ങികളും ഇവടെ മുയ്മനും ചൊല്ലിക്കൊണ്ട് നടക്കണതായി കേട്ട്..നിന്നെ മൊഖാ മൊഖം കാണാൻ തന്നിരിക്കുവായിരുന്നു…നീയെന്തെര് ഒലിപ്പിക്കണത്..കാട്ടേഷ് മോൻ നല്ല തങ്കപ്പെട്ട മോൻ..നീ പറഞ്ഞു നടക്കണത് പോലൊള്ള കൊള്ളരുതായ്മകളൊന്നും പാവം ആ പയലിനില്ല..ചുമ്മാ ചത്തു പോയ നത്ത് കണാരനെ തുമ്മിപ്പിക്കരുത്..”
“മുഖ്യന്റെ മുഖ്യ ചൊറിയൻ..സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷ ഉപയോഗിക്കരുത്..പിന്നെ, കാട്ടേഷ്ന്റെ സ്വാഭാവം പറയാതിരിക്കുവാണ് നല്ലത്. ഇന്ന് രാവിലേം കാട്ടീന്നു ഒരു മൂരിക്കുട്ടൻ വന്നു..അപ്പനെ അന്വേഷിച്ചു..ഇതിപ്പോ എത്രാമത്തെയാണോ എന്തോ..വിത്ത് പോത്തായി നടക്കുവല്ലേ..മോൻ..” നത്ത് വിട്ടു പിടിക്കാതെ കട്ടയ്ക്ക് നിൽക്കുകയാണ്.
“ഡേയ്..ചൊറിയൻ പുഴു..ആ പാവം പയല്..പഴയ ഏതോ ഒരു കാട്ടു മഴക്ക് കൂട്ടം തെറ്റി നാട്ടിൽ ചെന്ന് കയറിയത് നിനക്കും കൂടി അറിയുന്ന കാര്യം ആണേ..അന്നാ പാവം പിടിച്ചവൻ ചെന്ന് കയറിയത് പൈക്കൾക്ക് ബീജം കുത്തി വെയ്ക്കണ ഗവേഷണ കേന്ദ്രത്തിൽ ആണെന്നും നിനക്കറിയാം. അന്നവിടെ പണിക്ക് നിന്നിരുന്ന ഏതോ ഒരുത്തൻ..നിന്നെ പോലെ തന്നെ വെവരമില്ലാത്ത ഏതോ ഒരു മനുഷ്യ ജീവി..നമ്മടെ പാവം കാട്ടേഷ് മോന്റെ ബീജം എടുത്ത് അവിടുള്ള പൈക്കൾക്കും എരുമകൾക്കും കുത്തി വെച്ചത് കൊണ്ടല്ലേ നീയീ പറയണ പയലുകളൊക്കെ ഇടയ്ക്കിടയ്ക്ക് അവകാശോം ചോദിച്ചോണ്ട് വരുന്നത്. എന്റെ ബലമായ സംശയം ഈ പയലുകളെയൊക്കെ കുത്തി തിരിപ്പിച്ചു വിടുന്നത് നീയും നിന്റെ പത്രക്കാരും ആണെന്നാണ്…നീയൊരുമാതിരി നാട്ടിലെ പത്രക്കാരെ പോലെ തരം താഴരുത് കേട്ടാ…പിന്നെ നാരായണാ..നീയും കാട്ടേഷും ക്ലാസ്മേറ്റ്സ് അല്ലാരുന്നോ..അന്നുണ്ടായ ഏതോ ഒരു ഈഗോയുടെ പേരിലല്ലേ നീയിപ്പയും നമ്മടെ കൊച്ചിനെ ചൊറിഞ്ഞോണ്ടിരിക്കുന്നത്. ഞങ്ങടെ കാലക്കേടിന് നീയൊരു പത്രത്തിന്റെ മൊയലാളിയും ആയി. എന്തോന്നടെ നിന്റെ പത്രത്തിന്റെ പേര് –ങാ ഫസ്റ്റ് പേരാണ്..മനോസുഖം. കൃമികടി എന്നായിരുന്നു ഒത്ത പേര്..” കാക്ക പറന്നു നടന്നു നത്തിനെ ആക്രമിച്ചു.
പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം എന്നൊരു ആരോപണം ഉന്നയിച്ചു നത്ത് വേഗം സ്ഥലം കാലിയാക്കി.
“വവ്വാൽ കുമാരിയുടെ തിരോധാനം അന്വേഷിക്കുക..” മടങ്ങി വന്ന ചില പ്രതിപക്ഷ പ്രതിനിധികൾ സഭയിൽ പ്ലക്കാർഡ് ഉയർത്തി.
“വവ്വാൽ കുമാരി പഴം തീനി വർഗ്ഗത്തിൽ പെട്ടതാണോ..” കുരങ്ങമ്മാവൻ വാലിൽ തൂങ്ങി ചാടി വന്നു ചോദിച്ചു..”അങ്ങനാണേൽ സൂക്ഷിക്കണം..നിപാ വൈറസ് വാഹകർ ആയിരിക്കും. വാട്സ്ആപ്പിൽ ഉണ്ടായിരുന്നു” കാട്ടരുവിക്കരയിൽ കുളിക്കാൻ വന്നവരിൽ ആരോ കളഞ്ഞിട്ടു പോയ മൊബൈൽ ഫോണിൽ കുത്തി കുരങ്ങമ്മാവൻ പറഞ്ഞു.
“നാട്ടിൽ നിന്നും വൈറസ് വഹിച്ചു കാട്ടിൽ എത്തിയ വവ്വാൽ കുമാരി ഏതെങ്കിലും തീവ്രവാദ സംഘടനയിൽ പെട്ടതാണോ എന്ന് അന്വേഷിക്കണം..” പ്രതിപക്ഷ നിരയിൽ നിന്നും ചെന്നായ് ഉറക്കെ വിളിച്ചു പറഞ്ഞു.
“നാട്ടിൽ നിന്നും രഹസ്യ സങ്കേതത്തിൽ വന്നു ചിറക് മുറിച്ചു കളഞ്ഞു എലി വർഗ്ഗത്തിൽ ചേരാനുള്ള പ്ലാൻ ആണെന്നും കേൾക്കുന്നുണ്ട്..” മറ്റാരോ കൂട്ടിച്ചേർത്തു.
“അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്പോൾ ഇത് പോലെ വർഗം പറഞ്ഞു വിവേചനം ഉണ്ടാക്കുന്നത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ്..” ഒരു ശബ്ദം ഉയർന്നു.
“ആരാ ആ പറഞ്ഞത്..” കാട്ടുപോത്ത് ചോദിച്ചു.
“താഴോട്ട് നോക്ക്..” ശബ്ദം ഉറക്കെ പറഞ്ഞു..”കുറച്ചു കൂടെ താഴോട്ട്..ങാ ചേമ്പിലയുടെ മുകളിൽ..” ചേമ്പിലയിൽ പറ്റിപ്പിടിച്ചിരുന്ന് ഉറുമ്പൻ തന്റെ സാന്നിധ്യം അറിയിച്ചു.
“അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് ഞാൻ. എനിക്കിങ്ങനെത്തെ സമയം കൊല്ലി ചർച്ചകളോട് താത്പര്യം ഇല്ല..ഞങ്ങളുടെ താത്പര്യം കൂടി ഗവന്മേന്റ്റ് സംരക്ഷിക്കണം..”
“അതേ..നാട്ടിൽ നിന്നും രഹസ്യ സങ്കേതത്തിൽ വന്നു ചിറക് മുറിച്ചു കളഞ്ഞു എലി വർഗ്ഗത്തിൽ ചേരാനുള്ള പ്ലാൻ ആണെന്നും കേൾക്കുന്നുണ്ട്..” വീണ്ടും ആരോ വിളിച്ചു പറഞ്ഞു.
രഹസ്യാന്വേക്ഷണ വിഭാഗത്തിന്റെ സൂപ്രണ്ട് കൂടിയായ ജനറൽ എലിയൻ തന്റെ തൊട്ടടുത്തിരുന്ന കമാണ്ടർ കാട്ടുപന്നിയോട് മറ്റാരും കേൾക്കാതെ തന്റെ മനസ്സിൽ തോന്നിയ ദേഷ്യം മറച്ചു വെച്ചില്ല..
“ഹും..എലിയാകാൻ വന്നത്രെ. ഇവന്റെയൊക്കെ ആരാധനാ മൂർത്തിയായ ഒരു കള്ള ദൈവം ഉണ്ടല്ലോ ആ കരടിയപ്പൻ. അവനെ പിടിച്ചു നാല് ഇടി കൊടുത്താൽ അവൻ മണി മണി പോലെ പറയും വവ്വാൽ കുമാരി എവിടാണെന്ന്..”
“അയാൾ അത്ര വെടിപ്പല്ലേ ” കാട്ടു പന്നി രഹസ്യമായി ചോദിച്ചു.
“എവിടുന്നു…പക്ഷെ ഞാൻ എലിയായി പോയില്ലേ പുറത്ത് പറഞ്ഞാൽ ഇനിയാരും വിശ്വസിക്കില്ല. മാഷാ ആൻഡ് ദ ബിയറിൽ ബെയറിനെ പോലുണ്ടെങ്കിലും അത്ര കാരുണ്യവാനും, നിർമ്മലഹൃദയനും ഒന്നുമല്ല കരടിയപ്പൻ. പരമ ക്രൂരൻ. എത്ര പേരെയാണെന്നോ യമപുരിയ്ക്കയച്ചിരിക്കുന്നത്. പക്ഷെ ആരും അയാളെ തൊടില്ല..ഇക്കണ്ട ഭക്തന്മാരെല്ലാം കൂടി വെളുപ്പിച്ചെടുക്കും. എനിക്കുറപ്പാണ് അയാൾ തന്നെയാകും വവ്വാൽ കുമാരിയുടെ തിരോധാനത്തിന് പിന്നിൽ..”
“പൊലീസിന് അയാളെ അറസ്റ്റ് ചെയ്തൂടെ..”
“പോലീസ് ചീഫ് വരെ പോയി കാലുപിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൈവം അല്ലെ…ആരും അവിടെ അന്വേഷിച്ചു പോവില്ല. കുറ്റം മുഴുവനും എലികൾക്ക് ഇരിക്കും..”
“പത്രക്കാരൊന്നും അന്വേക്ഷിക്കില്ലേ..”
“ഉവ്വ..കഴിഞ്ഞ തവണ ഇത് പോലെ, ആശ്രമത്തിൽ വന്ന പഞ്ചവർണക്കിളി പിന്നീട് തിരിച്ചു ചെന്നൊരു ആത്മകഥ എഴുതിയപ്പോൾ..ആ പൊത്തകത്തിന്റെ വാർത്ത വരാതിരിക്കാൻ വേണ്ടി കാട്ടിലെ പത്രങ്ങളായ പത്രങ്ങൾ മുഴുവൻ ഫോൺ വിളിച്ചും ഭീക്ഷണിപ്പെടുത്തിയും സ്വാധീനിച്ചത് കരടിയപ്പന്റെ കൂട്ടർ അല്ലായിരുന്നോ..”
” ഉവ്വോ ”
“പിന്നല്ലാതെ, അന്ന് കണ്ണടച്ചിരുന്ന കാട്ടു പത്രങ്ങൾക്കെല്ലാം പിറ്റേന്ന് ഫുൾ പേജ് പരസ്യം അല്ലെ കിട്ടിയത്..”
“പതുക്കെ പറ..ആരെങ്കിലും കേട്ടാൽ പിന്നെ അത് മതി..”കാട്ടുപന്നി വിറച്ചു കൊണ്ട് പറഞ്ഞു.
“നമ്മുടെ അതിര് കാക്കുന്ന, മൂങ്ങൾക്ക് പറ്റിയ പിഴവാണ് വവ്വാൽ കുമാരി കാട്ടിലെത്തിയതും പിന്നെ എവിടെപ്പോയി എന്നൊരു സൂചന പോലും ബാക്കി വെയ്ക്കാതെ അപ്രത്യക്ഷ്യമായതും..” ഓന്ത് നിറം മാറുന്നതിനിടെ ഉറക്കെ വിളിച്ചു പറഞ്ഞു.
“വിദേശകാര്യം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണം..” പ്രതിപക്ഷ നിരയിൽ നിന്നും കുറുക്കന്മാർ ഓരിയിട്ടു.
സ്പീക്കർ ആമയാശാൻ ഇടപെട്ടു…
“നമ്മുടെ പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തത് കൊണ്ട്, ഈ വിഷയം മറ്റൊരവസരത്തിൽ പരിഗണിക്കുന്നതല്ലേ നല്ലത്..”
“പറഞ്ഞ പോലെ അയാൾ എവിടെപ്പോയി..” കാട്ടുപന്നി രഹസ്യമായി എലിയപ്പനോട് ചോദിച്ചു.
“അൽഷിമേഴ്സ് പിടിച്ച അയാളുടെ അമ്മാവൻ കടുവ, വഴി തെറ്റി നാഗർഹോളെയിൽ എത്തിയിട്ടുണ്ടെന്ന് അവിടെ ഒരു ഫ്ളാറ്റ് കൊത്താൻ പോയ മരക്കൊത്തി പറഞ്ഞതറിഞ്ഞു അന്വേഷിച്ചു പോയിരിക്കുകയാണ് നേതാവ്..” എലിയപ്പൻ പറഞ്ഞു.
“ശരിയാ..പുള്ളിമാൻ ആണെന്ന് വിചാരിച്ചു ഓട്ടോറിക്ഷയുടെ പിന്നാലെ ഓടുന്ന കടുവയമ്മാവന്റെ വിഡിയോ കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ വന്നിരുന്നു..” കുരങ്ങാശാൻ മൊബൈൽ നോക്കിയിരിക്കെ പറഞ്ഞു.
“മനുഷ്യരുടെ കാര്യം പോലെയാവണം നമ്മൾക്കും..”- ചെറിയ അണ്ണാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“മനുഷ്യരുടെ കാര്യം നോക്കിക്കേ…മനുഷ്യർ ആണ് അവരുടെ ലോകം ഭരിക്കുന്നത്. അവർ പശുക്കളെ വളർത്തും, പട്ടികളെ കാവൽക്കാരാക്കും, പൂച്ചകളെ ഓമനിക്കും, കോഴികളെയും താറാവുകളെയും വളർത്തി പിന്നെ കശാപ്പ് ചെയ്തു തിന്നും. അത് പോലെ നമുക്കും വേണം. അണ്ണാൻ വർഗ്ഗത്തിൽ പെടുന്നവരുടെ കാര്യം ഞങ്ങൾ നോക്കാം..ഞങ്ങളെ ഭരിക്കാൻ ഇവിടൊരു കാട്ടുപോത്തിന്റെ ആവിശ്യം ഇല്ല. കാട്ടുപോത്ത് വേണമെങ്കിൽ കാട്ടുപോത്തുകളെ ഭരിക്കട്ടെ..” അവൻ തന്റെ ചിന്തകൾ സഭയിലേക്ക് വാരി വലിച്ചിട്ടു.
അവിടെയാകെ പൂർണ്ണ നിശബ്ദത പടർന്നു. ഒരു നിമിഷം വായടക്കാൻ കഴിയാത്ത ചീവീടുകൾ പോലും നിശബ്ദരായി.
“ഇടുക്കിയിൽ കഞ്ചാവ് കൃഷി നിർത്തി, കൃഷി ചെയ്തവരെല്ലാം അമേരിക്കയ്ക്ക് കുടിയേറി എന്ന് പറഞ്ഞത് വെറുതെയാണല്ലേ..ഇവന് കാര്യമായിട്ട് എവിടുന്നോ കഞ്ചാവ് കിട്ടുന്നുണ്ട്..” നത്ത് ഒളികണ്ണിട്ട് പറഞ്ഞു.
“ചെലപ്പോ സ്റ്റാമ്പ് ആയിരിക്കും..” ഓന്ത് നിറം മാറുന്നത് പിടിച്ചു നിർത്താൻ കഴിയാതെ കൗണ്ടർ അടിച്ചു.
“സ്റ്റാമ്പല്ല..സ്റ്റാമ്പല്ല..ഇത് കഞ്ചാവ് തന്നെ..സർഗാത്മകത കണ്ടില്ലേ..വഴിഞ്ഞൊഴുകുന്നത്..ഇവനെ പത്രത്തിലെടുത്താൽ ഒരു മുതൽക്കൂട്ടാവും..” നത്ത് പരിഹസിച്ചു.
അണ്ണാൻ പക്ഷെ സീരിയസ് ആണ്.
അവൻ നത്തിന്റെ തൊട്ടടുത്തെക്ക് പാഞ്ഞു വന്നു പറഞ്ഞു.
“അതെ..വലിയ അഹങ്കാരം ഒന്നും വേണ്ട..നമ്മളൊക്കെ ഏതോ ഒരുത്തന്റെ ഭാവനയാണ്. ഈ കഥയെഴുതുന്നവൻ വിചാരിച്ചാൽ തീരുന്നതേ ഉള്ളു നമ്മുടെ അഹങ്കാരം..”
“ഇത് കൂടിയ ഇനം തന്നെ..” ഓന്ത് നത്തിനെ കണ്ണിറക്കി കാണിച്ചു.
“കളിയാക്കേണ്ട…” അണ്ണാന്റെ തിരിച്ചടി കീറിമുറിച്ചു കൊണ്ട് സ്പീക്കർ ഇടപെട്ടു.
ചർച്ച നാടകീയമായി കൊണ്ടിരിക്കേ..സദസ്സിലേക്ക് കരടിയപ്പൻ പ്രവേശിച്ചു.
ഒരൊരോ മൃഗങ്ങളെയായി അയാൾ ആലിംഗനം ചെയ്തു.
മൃഗങ്ങൾ എല്ലാവരും അയാൾക്ക് മുന്നിൽ ശിരസ്സ് കുനിച്ചിരുന്നു.
അതിന് തയ്യാറാകാത്ത ചിലർ ആരും കാണാതെ ഊളിയിട്ട് കാട്ടിലേക്ക് മറഞ്ഞു.
രാത്രിയുടെ കോണിൽ എവിടെയോ വവ്വാൽ കുമാരിയുടെ കരച്ചിൽ ശബ്ദം ആരൊക്കെയോ കേട്ടതായി കാടറിഞ്ഞു. പക്ഷെ ആരും അവളെ തിരഞ്ഞു പോയില്ല.
ഗുളികൻമല ചാപ്റ്റർ അവസാനിച്ചു.