Read Part One Here – കടൽത്തീര നഗരത്തിലെ കഥകൾ – (1)
ലോകത്തെ പറ്റിയുള്ള സംഭവ ബഹുലമായ ഒരു ചരിത്രം നമ്മുടെ മുന്നിലുണ്ടെങ്കിൽ, ആ ചരിത്രത്തിൽ നിന്നും ഒരാളെ ചൂണ്ടിയെടുത്ത് മുന്നിൽ എത്തിക്കാമെങ്കിൽ അതാണ് താഹിർ. താഹിർ ഡെമി എന്ന മുപ്പത്തി മൂന്നുകാരൻ അല്ല..ചരിത്രത്തിൽ അയാൾക്ക് മുന്നേ ആ പേരിൽ ജീവിച്ചിരുന്ന അഡ്‌മിറൽ താഹിർ ഡെമിയെ കുറിച്ചാവണം ചരിത്രരേഖകളിലൂടെ നമുക്ക് മുന്നിലേക്ക് എത്തേണ്ടത്.
റിപ്പബ്ലിക് ഓഫ് അൽബേനിയയിൽ നിന്നാണ് ആ കഥ(കഥയല്ല യഥാർത്ഥ സംഭവങ്ങൾ ) തുടങ്ങേണ്ടത്.
അൽബേനിയൻ നേവിയിലെ റിയർ അഡ്മിറൽ ആയിരുന്ന താഹിർ ഡെമിയിൽ നിന്നും ആണെങ്കിൽ ആ കഥ ..കൂടുതൽ നന്നായിരിക്കും.
രണ്ടാം ലോക മഹായുദ്ധത്തിനു മുന്നേ ഫാസിസ്റ്റ് മുന്നേറ്റത്തെ പ്രതിരോധിക്കാൻ മോസ്കോയിലേക്ക് വണ്ടി കയറി പോയ താഹിർ ഡെമി മടങ്ങി വന്നത് കമ്യൂണിസ്റ്റ് പാർട്ടി മെമ്പർ ആയിട്ടാണ്. അപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തര അൽബേനിയയിൽ താഹിർ റിയർ അഡ്മിറൽ ആയി ചുമതലയേറ്റു .
പിന്നീട്, യൂഗോസ്ളാവിയയുമായി നടന്ന ഒളി യുദ്ധത്തിൽ ചാരപ്രവർത്തിക്കായി ആ രാജ്യത്തേക്ക് വേഷം മാറി കടന്നു കൂടിയതും താഹിർ ആയിരുന്നു.
സ്റ്റാലിന്റെ മരണശേഷം വന്ന നികിത ക്രൂഷ്ചേവ് യൂഗോസ്ളാവിയുമായി കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങിയതിനെ തുടർന്ന് ക്രമേണ ആൽബേനിയ സോവിയറ്റ് റഷ്യയുമായി അകൽച്ചയിലായി.
സോവിയറ്റ് യൂണിയനുമായി ചേർന്ന് അൽബേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ആയിരത്തി തൊള്ളായിരത്തി അറുപത് ആയപ്പോഴേക്കും താഹിർ രഹസ്യ പോലീസിന്റെ കസ്റ്റഡിയിലായി, പിന്നെ വിചാരണക്ക് ശേഷം റെമി സെക്കോ ഉൾപ്പടെയുള്ള മറ്റു നാല് അഡ്മിറൽസിനോടൊപ്പം അയാൾ തൂക്കിലേറ്റപ്പെട്ടു.
താഹിറിന്റെ കുടുംബത്തെ മുഴുവനും അൽബേനിയൻ ഏകാധിപതി ഹെൻവർ ഹോക്‌സെയുടെ കമ്യൂണിസ്റ്റ് ഭരണകൂടം വേട്ടയാടി. താഹിറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. മൂത്തമകൻ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. സോവിയറ്റു റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്ന് സംശയം തോന്നിയ എല്ലാവരെയും ഹോക്‌സയുടെ പോലീസ് അറസ്റ്റു ചെയ്തു. ഹോക്‌സയുടെ രഹസ്യ പോലീസിന്റെ നിഴലില്ലാതെ ആ പരമ്പരയിൽ ആർക്കും ദിവസങ്ങൾ തള്ളി നീക്കാൻ ആവില്ലായിരുന്നു. താഹിറിന്റെ മകൻ റെമി ഡെമി ഹോക്‌സയുടെ പോലീസ് ചീഫിനോട് മാപ്പിരന്നു നാട് വിട്ടു യൂഗോസ്ളാവിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ രഹസ്യ പോലീസ് പിടികൂടി ജയിലിൽ ഇട്ടു. പതിനഞ്ച് വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞു തിരികെയെത്തിയ അയാളെ വീണ്ടും ഹോക്‌സെയുടെ ഭരണ കൂടം നിരന്തരം വേട്ടയാടി. അൽബേനിയ ചൈനീസ് മാവോയിസ്റ്റ് ഗവൺമെന്റുമായി അടുപ്പം കൂട്ടിയിരുന്ന കാലം മുഴുവനും റെമി ഡെമിയ്ക്കും കുടുംബത്തിനും രക്ഷയുണ്ടായിരുന്നില്ല. രഹസ്യമായിട്ടായിരുന്നു അയാളുടെ വിവാഹം പോലും. ഹോക്‌സാ മരണപ്പെട്ട വര്ഷം ആയിരുന്നു താഹിർ ഡെമി ജൂനിയറിന്റെ ജനനം. അപ്പോഴേക്കും റെമി ആരുമറിയാതെ ഗ്രീസിലേക്ക് ഒളിച്ചു കടന്നിരുന്നു.
ഗ്രീസിൽ നിന്നും അയാൾ കള്ള പാസ്പോർട്ട് എടുത്ത് അമേരിക്കയിൽ എത്തുന്പോൾ താഹിർ ജൂനിയർനു നാലോ അഞ്ചോ വയസ് മാത്രം പ്രായം. അമ്മയും മകനും അപ്പോഴും ആൽബേനിയയിലെ ദാരിദ്ര്യത്തിൽ ആയിരുന്നു.
അച്ഛൻ റെമി അമേരിക്കയിൽ കുടിയേറി സാമ്പത്തിക നില ഭദ്രമായ ശേഷമാണ് താഹിറിനെയും അമ്മയെയും അമേരിക്കയ്ക്ക് വിളിക്കുന്നത്. ന്യു യോർക്കിലെ കറുത്ത നിറമുള്ള എയർപ്പോർട്ട് എന്നവൻ ഓർക്കുന്ന കെന്നഡി വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട ഇമിഗ്രെഷൻ – കസ്റ്റംസ് – ഫെഡറൽ ഏജന്റ് ചോദ്യം ചെയ്യലിന് ശേഷം അവനെയും അമ്മയെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് കൊണ്ട് പോയത് മാത്രമേ അവനു ഓർമ്മയിലുള്ളു.
ഏഴോ എട്ടോ വയസുള്ള താഹിർ ആദ്യമായി അമ്മയുടെ അടുത്ത് നിന്നും മാറ്റപെടുകയാണ്. ഭാഷയറിയാതെ, ദേശത്തെക്കുറിച്ചു ഒരു ധാരണയില്ലാതെ, ഉറ്റവർ അടുത്തില്ലാതെ, ഒരു ചെറിയ ജയിൽ പോലെയുള്ള സംരക്ഷണ കേന്ദ്രത്തിൽ മറ്റു നിയമവിരുദ്ധരായി കടക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ട കുട്ടികൾക്ക് ഒപ്പം താഹിർ കഴിച്ചു കൂട്ടിയത് ദിവസങ്ങളാണ്. ആ ദിവസത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് കറുത്ത നിറമാണ് അവൻ നൽകിയത്.
ആറോ ഏഴോ, അതോ ഏഴോ എട്ടോ, ദിവസങ്ങൾക്ക് അപ്പുറം അവൻ അമ്മയോടും അച്ഛനോടും കൂടെ ചേർക്കപ്പെട്ടു.
അച്ഛൻ കുടുംബ ചരിത്രവും, അപ്പൂപ്പൻ താഹിർ ഡെമിയെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള പേപ്പർ കട്ടിംഗുകളും ഒക്കെയായി ഫെഡറൽ ഏജൻസിയെ സമീപിച്ചു, അപേക്ഷ കൊടുത്ത് അസൈലം വാങ്ങിയാണ് താഹിർ ഡെമി ഈ രാജ്യത്തെ പൗരന്മാരുടെ ലിസ്റ്റിലേക്ക് കടന്നു കൂടിയതു.
യാതന നിറഞ്ഞൊരു പഴയ കാലത്തെ കുറിച്ചുള്ള ഓർമ്മകൾ ഉള്ളത് കൊണ്ടായിരിക്കണം താഹിർ വലിയൊരു അദ്ധ്വാനി ആയിരുന്നു. കൂടെ, പോസിറ്റീവ് ആയി മാത്രം കാര്യങ്ങൾ കണ്ടിരുന്ന ഒരാളും.
താഹിറിനോട് അസൂയ തോന്നാത്തവരായി ഞങ്ങളുടെ ടീമിൽ ആരും ഇല്ലായിരുന്നു എന്ന് തന്നെ പറയാം.
ജോണിനാണ് അയാളോട് ഏറ്റവും കൂടുതൽ അസൂയ ഉണ്ടായിരുന്നു എന്ന് എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു.
(തുടരും..)