പുതിയ ഒരു കഥ എഴുതാൻ ഇത് വരെയും ആരോടും പറയാതെ ഇരുന്നതാണ്. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എഴുതിയാൽ അതൊരിക്കലും മുഴുമിപ്പിക്കാൻ ആവില്ല എന്നൊരു അന്ധവിശ്വാസം ഈയിടെയായി എന്നിലെ കഥ പറച്ചിലുകാരനെ പിടികൂടിയിട്ടുണ്ട്.
ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് ഒരു കഥയെഴുതിപ്പിടിപ്പിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാത്തതും, എഴുതി വെച്ച കഥകൾക്കൊരു തുടക്കം ഉണ്ടാക്കാൻ സാധിക്കാത്തത് കൊണ്ടും വളരെയധികം ആത്മസംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഈയിടെയായി.
സംശയമുണ്ടെങ്കിൽ ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കഥകളിലേക്കൊന്നു നോക്കൂ..മിക്കവയും പാതിയെഴുതി നിർത്തിയവയല്ലേ…അതെന്താണ് എനിക്കൊരിക്കലും അവയൊന്നും പൂർത്തീകരിക്കാൻ സാധിക്കാത്തത്. അതിനൊരുത്തരം തേടി അലഞ്ഞു നടക്കുന്പോഴാണ് ഈ കഥ എന്റെ മനസിലേക്ക് വരുന്നത്. സാധാരണ സംഭവിക്കാറുള്ളത് പോലെ തന്നെ..ആദ്യം പകുതിയുറക്കത്തിൽ ഉമിനീർ തൊണ്ടയിൽ കട്ടപിടിച്ചു തുടങ്ങുന്നത് ഞാൻ അറിയുന്നതിന് മുന്നേയുള്ള ചില സെക്കന്റുകളിൽ കണ്ട ഒരു സ്വപ്നത്തിലൂടെയാണ്.
ഒരു ഡിറ്റക്ടീവിനെക്കുറിച്ചുള്ള കഥയെപറ്റിയുള്ള ആശയം കിട്ടുന്നത്.
ഏതാണ്ട് ഇതേ സമയത്തു തന്നെയുണ്ടായ ഒരു ചെറിയ സംഭാഷണത്തിന് ഇടയിൽ ആണ് എന്റെ മകളും ഒരു ഡിറ്റക്ടീവിനെക്കുറിച്ചുള്ള കഥ എഴുതുന്ന കാര്യം സൂചിപ്പിച്ചത്. അവളുടെ കഥ നടക്കുന്നത് പാരീസിൽ ആണ്. പാരീസിലെ ഒരു അപ്പാർട്മെന്റിൽ നിന്ന് പല സമയത്തായി ആളുകൾ അപ്രത്യക്ഷരാവുന്നു..അവരിൽ ചിലരെ പിന്നീട് മുഖം മൂടിയിട്ട നിലയിൽ തെരുവുകളിൽ മരിച്ചു കിടക്കുന്നതായി കാണപ്പെടുന്നു. അതന്വേഷിക്കാൻ നഗരത്തിലെ പ്രശസ്തനായ ഒരു ഡിറ്റക്ടീവ് മുന്നോട്ട് വരുന്നു.
“നല്ല നിഗൂഢതയുള്ള കഥ..”ബാക്കിയെഴുതാൻ ആവശ്യപ്പെട്ടിട്ട് ഇന്ന് ആഴ്ചകൾ പലതു കഴിഞ്ഞു. എന്ത് കൊണ്ടാണ് അവൾക്കത് മുഴുമിപ്പിക്കാൻ പറ്റാത്തത് എന്ന് അവൾ പറയാതെ തന്നെ എനിക്കറിയാം.
പല സമയങ്ങളിലായി പാതിയെഴുതിയ നിരവധി ഡിറ്റക്ടീവ് കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പകുതിയെഴുതിയ കഥകൾ എന്ത് കൊണ്ട് പകുതിയായി തന്നെ നിൽക്കുന്നു എന്ന് എനിക്ക് വേണ്ടി അന്വേക്ഷിക്കാൻ ഒരു ഡിറ്റക്ടീവ് രൂപപ്പെടുന്നത്.
ഒരു റെയിൽവേ സ്റ്റേഷനിൽ കയ്യിൽ ഒരു കാപ്പി കപ്പുമായി നിൽക്കുന്ന രൂപമായിട്ടാണ് എനിക്ക് മുന്നിലേക്കയാൾ കടന്നു വന്നത്. നീളൻ മുഖമുള്ള ഒരാൾ..തലയിൽ ഡിറ്റക്ടീവ് സിനിമകളിൽ കാണാറുള്ളത് പോലുള്ള തൊപ്പി ധരിച്ചിട്ടുണ്ട്.
” കാണാതായ ക്യാമറയെക്കുറിച്ചുള്ള താങ്കളുടെ അന്വേക്ഷണം എത്രത്തോളം എത്തി ? ”
അയാൾ എന്നോട് പതുക്കെ ചോദിച്ചു.
പ്രതീക്ഷിക്കാതെ ഉണ്ടായ ആ ചോദ്യത്തിലേക്ക് നോട്ടം എറിഞ്ഞു കൊടുത്തു നിൽക്കുന്നതിനിടയിൽ അയാൾ എന്നെ പെട്ടെന്നു സ്റ്റേഷനിലേക്ക് വന്ന ഒരു ട്രെയിനിലേക്ക് കൈ പിടിച്ചു കയറ്റി.
” കാണാതായ ക്യാമറയെക്കുറിച്ചുള്ള താങ്കളുടെ അന്വേക്ഷണം എത്രത്തോളം എത്തി ? ” അയാൾ വീണ്ടും ചോദിച്ചു.
ഭൂമിക്കടിയിലൂടെ അതിവേഗം പാഞ്ഞു കൊണ്ടിരിക്കുന്ന ആ ട്രെയിനിന്റെ ബോഗികളിൽ ആളുകൾ ഓഫീസ് വേഷത്തിൽ നിൽക്കുന്നുണ്ടായിരുന്നു. ടോക്കിയോയിലെ ഏതോ ഒരു മെട്രോ റെയിൽ ആയിരിക്കാം അത് എന്ന് ഞാൻ ഊഹിച്ചു. അങ്ങനെയാണെങ്കിൽ വരുന്ന മൂന്നാമത്തെ സ്റ്റേഷനിൽ ഞാൻ ഇറങ്ങണം.
കോൺക്രീറ്റ് ചുവരുകൾക്ക് ഇടയിലൂടെ ഇരുട്ടിനെ മുറിച്ചു കൊണ്ട് ട്രെയിൻ ഓടുകയാണ്. അയാൾ എന്നെ വീണ്ടും തട്ടി വിളിച്ചു.
” കാണാതായ ക്യാമറയെക്കുറിച്ചുള്ള താങ്കളുടെ അന്വേക്ഷണം എവിടെയെത്തി എന്ന് ? ”
“റഷ്യയിൽ നിന്ന് കിട്ടിയ ചില രഹസ്യ രേഖകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ…മിസ്റ്റർ ശങ്കറും, ക്യാമറയുടെ ഉടമയായിരുന്ന രാജർഷിയും ഒരേ സമയത്ത് റഷ്യയിലെ ആ ജയിലിൽ ഉണ്ടായിരുന്നു എന്നതിന് രേഖകൾ ഉണ്ട്. ഏതാണ്ട് അതെ സമയത്ത് അവർ നേതാജിയെ ആ ജയിലിനു പരിസരത്ത് വെച്ച് കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. കാണാതായ ക്യാമറയിലാണ് ആ ഫോട്ടോ എടുത്തിട്ടുള്ളത്. ജയിൽ രേഖകളിൽ പക്ഷെ അങ്ങനൊരു ക്യാമറയെക്കുറിച്ചു ഒന്നും കാണുന്നില്ല…”പെട്ടെന്ന് എന്തോ ഓർത്തെടുത്തെന്നവണ്ണം ഞാൻ ഉത്തരം പറഞ്ഞു.
“ശങ്കർ എന്ന് പറയുന്നത് മറ്റേ മലയാളിയായ എഴുത്തുകാരൻ അല്ലെ..”- അയാൾ ചോദിച്ചു.
“അതേ..അയാൾ അന്നെന്തോ ചില കുറിപ്പുകൾ യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരു ജപ്പാൻകാരിയുടെ കയ്യിൽ കൊടുത്തയച്ചിരുന്നു..അവൾ ഇവിടുണ്ട്..”
“താങ്കൾക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആയി..”
സെക്കന്റുകൾ മാത്രം സ്റ്റോപ്പുള്ള ആ ട്രെയിനിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി. മുകളിലേക്കുള്ള ഗോവണി കയറി മെയിൻ റോഡീലേക്ക് എത്തി. തിരിഞ്ഞു നോക്കിയപ്പോൾ ആയാളും പിന്നാലെ തന്നെയുണ്ട്.
തെരുവുകളും, താഴെ നിന്ന് നോക്കിയാൽ ആകാശം കാണാത്ത വലിയ കെട്ടിടങ്ങൾ നിറഞ്ഞു നിൽക്കുന്ന വഴികളും കടന്നു ഞങ്ങൾ ഒരു ചെറിയ പാർക്കിലേക്ക് കയറി ചെന്നു. പാർക്കിൽ നിറയെ പ്രാവുകൾ. കെട്ടിടങ്ങൾക്കിടയിൽ നിന്ന് എവിടെയോ ഒരു കാക്കയുടെ കരച്ചിൽ മാറ്റൊലി കൊള്ളുന്നത് എനിക്ക് കേൾക്കാം.
പാർക്കിനു പുറത്തുള്ള റെയിലിലൂടെ മോണോ റെയിൽ പതുക്കെ നീങ്ങുന്നു.
പാർക്കിലെ ഒഴിഞ്ഞ നടപ്പാതയിലൂടെ ഞങ്ങൾ നടന്നു.
ചെന്ന് കയറിയത് ഒരു പഴയ വീട്ടിലേക്കാണ്. പുറത്തു നിന്ന് കണ്ടാൽ ഒരു നാല് കെട്ടു പോലെ തോന്നിപ്പിക്കുന്നയിടം.
പുരയിടത്തിൽ തെങ്ങും വാഴയും പേരമരങ്ങളും. ഒരു കോണിലായി ചെറി മരങ്ങൾ, ആപ്പിൾ മരങ്ങൾ പൂവിട്ടും കായിട്ടും നിൽക്കുന്നു.
അതിനു താഴെയായി ഒരു വെളുത്ത സ്ത്രീ …അവൾ വസ്ത്രമില്ലാതെ കിടക്കുകയാണ്..മുഖം മൂടിയണിഞ്ഞു …
പെട്ടെന്ന് ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. കാപ്പിക്കപ്പുമായി അയാൾ കൂടെയുണ്ടോ എന്ന് നോക്കി.
അയാൾ മുഴുമിപ്പിക്കാതെ വിട്ട ഏതോ ഒരു കഥയുടെ പിന്നാലെ പോയതായിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.