വിസ്കോൺസിന് – 2017 ഒക്ടോബറിലെ ഒരു ഗര്ഭകാലം. ഗര്ഭകാലം എന്ന് വിശേഷിപ്പിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. വോക്കേഷ കൗണ്ടിയിലെ ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുടെ ഷൂട്ടിംഗ് തുടങ്ങിയ റോസ് ലോഡ്ജ് എന്ന ചെറു സിനിമയിലെ പ്രധാന നടന്മാരായ മൂന്നു പേരുടെ കുഞ്ഞുങ്ങൾ മൂന്നു ഉദരങ്ങളിൽ ഗർഭാവസ്ഥയിൽ ഇരിക്കുന്ന കാലമാണ്.
വിസ്കോൺസിൻ തണുപ്പിലേക്ക് ഇറങ്ങാൻ കുറച്ചാഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നു. റോസ് ലോഡ്ജ് എന്ന് പേരുള്ള ഏതോ ഒരു വെക്കേഷൻ കാബിൻ ന്റെ മുന്നിൽ ചെന്ന് ഒന്ന് രണ്ടു മണിക്കൂർ ക്യാമറയൊക്കെ വെച്ച് ഗംഭീര അഭിനയം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണ് അഭിനേതാക്കൾ. ക്യാമറയും സംവിധാനവും കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ തലയിൽ “ആരോട് ചോദിച്ചിട്ടാണ് മകനെ നീ ഇവിടെ സിനിമാ ഷൂട്ടിംഗ് ചെയ്യുന്നത്” എതെങ്കിലും സായിപ്പ് വന്നു ചോദിച്ചാൽ ഉത്തരം എന്ത് പറയണം എന്ന ചോദ്യം കറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഡയലോഗ് തെറ്റിക്കലും കോമഡി ഇറക്കലും ആയി പ്രധാന നടന്മാർ ആര്മാദിക്കുന്നത്.
അങ്ങനെ ആ ഷൂട്ടിംഗ് കഴിഞ്ഞു, സംവിധായകന്റെ വീട്ടിലെ ഹോം തീയേറ്ററിൽ പ്രിവ്യു ഷോയ്ക്ക് വേണ്ടി
ചെന്ന ആ രാത്രിയിൽ ആണ് മൈൻഡ് ഗെയിംസ് എന്ന പേര് ഇന്നുള്ള ചെറുസിനിമയുടെ കഥ തലയിൽ കയറുന്നത്.
അന്നത്തെ ആ ചെറിയ പാർട്ടിക്കിടെ പെട്ടെന്ന് തോന്നിയ ഒരു ഐഡിയ എല്ലാ തവണത്തേയും പോലെ ഒരു സ്വപ്നത്തിന്റെ രൂപത്തിൽ ഉറക്കത്തിൽ വന്നു. എപ്പോഴോ “ചിയേർസ്” എന്ന പേരിൽ ആ കഥ എഴുതി വെച്ചു.
രണ്ടു വർഷത്തിന് ഇക്കരെ നിന്ന് നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയൊരു കഥയാണ് മൈൻഡ് ഗെയിംസിന്റേത്. പല വ്യൂ പോയിന്റുകൾ അതിൽ കൊളാബറേറ്റ് ചെയ്യപ്പെട്ടു. ചിലതൊക്കെ കഥയ്ക്കും എക്സിക്യു്ഷനും വേണ്ടി മാറ്റിവെയ്ക്കേണ്ടി വന്നു. എനിക്ക് തോന്നുന്നത് ഓരോ സിനിമയും ഇത് പോലെ അനേകം കൊടുക്കൽ വാങ്ങലുകൾ കഴിഞാണു കാഴ്ചക്കാരന്റെ മുന്നിലേക്ക് എത്തുന്നത് എന്നാണ്.
ഇതിനിടയിൽ പരിചയപ്പെട്ട ചില റിയൽ ലൈഫ് കഥാപാത്രങ്ങളുടെ അംശങ്ങൾ മൈൻഡ് ഗെയിംസിൽ ഉണ്ട്…ഒരു പക്ഷെ എഴുതി വെച്ചവന് മാത്രം തിരിച്ചറിയാൻ പറ്റുന്നവ. ചില അടിപൊളി ഐഡിയാസ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ചേർക്കാതെ പോയി.
ഏകാന്തവാസം അല്ലെങ്കിൽ ഒറ്റയ്ക്ക് താമസിക്കുക എന്നത് ഒരിക്കലും സാധിക്കാത്ത ഒരാൾ ആണ് ഈയുള്ളവൻ. ഭാര്യയേയും കുഞ്ഞുങ്ങളെയും പിരിഞ്ഞു ഒരു രാത്രി കഴിയേണ്ടി വന്നാൽ വല്ലാത്ത ഒരു തരം വീർപ്പുമുട്ടൽ എന്നെ വരിഞ്ഞു മുറുകും. ആ പിരിഞ്ഞിരിക്കൽ കുറെ ദിവസങ്ങളോ ആഴ്ചകളോ നീണ്ടാൽ ചില സമയത്ത് ഭ്രാന്തു പിടിച്ചത് പോലെ തോന്നും. ആ തോന്നലുകളിൽ നിന്നാണ് ശിവ എന്ന കഥാപാത്രം രൂപപ്പെട്ടത്.
കൂടുതൽ എന്തെങ്കിലും ശിവയെക്കുറിച്ചെഴുതുന്നത്, സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നത് കൊണ്ട് അത് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുന്നു.
സ്ക്രിപ്റ്റ് ഏറെക്കുറെ ഒരു ചെറു സിനിമയാക്കാം എന്നൊരു സ്ഥിതിയിലേക്ക് വന്നപ്പോൾ രമേഷേട്ടൻ ചോദിച്ചു നമുക്ക് ഒരു കവിത കൂടി പശ്ചാത്തലത്തിൽ ഉണ്ടെങ്കിൽ നന്നാവും അല്ലെ, എന്ന്.
അടുത്ത ദിവസങ്ങളിൽ എന്നോ ഷവറിൽ നിൽക്കുന്പോൾ കുറെ വാക്കുകൾ കയറി വന്നു നെഞ്ചിനകത്തൊരു പാട്ടായി ഫോം ചെയ്തു. എനിക്ക് തോന്നിയ ഒരു ട്യൂണിൽ പാടി റെക്കോർഡ് ചെയ്തയച്ചപ്പോൾ രമേഷേട്ടനും ഇഷ്ടമായി.
ഏകാന്തവാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര…
മരണമൊരു പാലം പണിതുയർത്തീടുന്നു നാം വേർപിരിഞ്ഞോരീ കരകൾ തമ്മിൽ….
(മൈൻഡ് ഗെയിംസിന്റെ പ്രൊമോഷന് വേണ്ടി ചിത്രീകരിച്ച വീഡിയോ..)
ചെറുസിനിമ ഉടനെ റിലീസ് ചെയ്യാനാണ് പ്ലാൻ.
ഈ സിനിമയുടെ ഒറിജിനൽ സ്ക്രിപ്റ്റ് സിനിമ ഇറങ്ങിക്കഴിഞ്ഞു കഥാഫാക്ടറിയിൽ കൂടി പ്രസിദ്ധീകരിക്കാനും പ്ലാൻ ഉണ്ട്.
**ചെറു സിനിമ എന്ന് വിശേഷിപ്പിക്കുന്നതിനു ഒരു കാരണം ഉണ്ട്..അലിയാർ സാറിനോട് ആണ് അതിനു കടപ്പാട്. പിന്നീട് എഴുതാം !!
https://kadhafactory.com/2019/11/03/%e0%b4%8f%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-song-from-mindgames/