പണ്ട്..ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത്, ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് കലിപ്പ് കയറും.
“പോയിരുന്നു രണ്ടക്ഷരം പഠിക്ക്..അല്ലെങ്കിൽ ആ പശൂനെ കൊണ്ട് പോയി തീറ്റിക്ക് ..” എന്നൊക്കെ സ്ഥിരം വായ്ത്താരി കേൾക്കുന്പോൾ, ജനിച്ചു വീണത് “സിറ്റിയിൽ” അല്ലാതെ പോയതിനെ പഴിച്ചു കൊണ്ട് ഒരു കയ്യിൽ നോട്ടുബുക്കും, മറുകയ്യിൽ ഒരു കയറും കയറിന്റെ അറ്റത്ത് ലക്ഷണമൊത്ത ഒരു പശുവുമായി പറമ്പിലേക്കിറങ്ങും.
തോനെ പുല്ലുള്ള ഒരു സ്പോട്ട് കണ്ടെത്തി അതിന്റെ വിസിബിലിറ്റിയിൽ ഉള്ള ഒരു തണല് പിടിച്ചിരുന്നു നൈസായിട്ട് ബുക്കും തുറന്നു പിടിച്ചു പകൽസ്വപ്നം കാണുന്ന ശീലം വളർത്തിയെടുത്തത് ആ കാലഘട്ടത്തിലായിരുന്നു. നയന്റീസിൽ ടീനേജ് ഉണ്ടായിരുന്നവർക്കറിയാം, ആ കാലത്താണ് സാറ്റ്ലൈറ്റ് ടെലിവിഷൻ ചാനലുകൾ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പോലും ഫെയ്മസ് ആയത്. നമ്മടെ സ്ഥിരം കുറ്റി ചാനൽ എ ടി എൻ എന്ന് ആദ്യ കാലത്തും ഇ ടി സി എന്ന് പിൽക്കാലത്തും അറിയപ്പെട്ടിരുന്ന ഒരു ചാനൽ ആയിരുന്നു. എപ്പോൾ തുറന്നു വെച്ചാലും ഹിന്ദി സിനിമകളുടെ ട്രെയിലറുകൾ കാണാം.
അങ്ങനെ ട്രെയിലറുകൾ കണ്ടു കണ്ടു ആ കാലത്ത് പൊട്ടിവിരിഞ്ഞ ഒരു മോഹമാണ് സിനിമാ സംവിധായകൻ ആവണം എന്നുള്ളത്. പശു പുല്ലു തിന്നുന്നതിന്റെ കൂടെ, പശുവിന്റെ സർക്കിളിൽ പെടുന്ന ഒരു തണലത്തിരുന്നു നോട്ട്ബുക്കിൽ സ്വയം സംവിധായകൻ ആയി സങ്കൽപ്പിച്ചു സിനിമാ പോസ്റ്ററുകൾ ഉണ്ടാക്കുക അന്നത്തെ മികച്ച ഒരു ടൈം പാസ് ആയിരുന്നു.
എത്രെയെത്ര മലയാളം, തമിഴ്, ഹിന്ദി, ബംഗാളി സിനിമകൾ സ്വന്തം പേര് സംവിധാനം എന്നതിന്റെ അടുത്ത് എഴുതി വെച്ച് ദിവാസ്വപ്നം കണ്ടിരുന്നു എന്നോർക്കുന്പോൾ ഇപ്പോൾ സാമാന്യം നല്ല ചളുപ്പ് ഫീൽ എന്തിനേറെ പറയുന്നു ഓസ്കാർ അവാർഡ് മേടിക്കാൻ അന്നത്തെ സ്വപ്നങ്ങളിൽ കയറിക്കൂടിയിരുന്നു.
എനിവെയ്‌സ്, കാലവും, തിരഞ്ഞെടുത്ത വഴികളും ഒന്നും ആ വഴിക്ക് പോവാത്തത് കൊണ്ട്..ഇടയ്ക്കിത് പോലെ വിടൽസും വിട്ട് ഭാര്യ പറയുന്നത് പോലെ ബിരിയാണിയും കഴിച്ചു ജീവിക്കുന്നു.
എന്നാലും, ന്യുമോണിയ വന്നു പോയവന് വർഷാവർഷം വരുന്ന കുത്തിച്ചുമ പോലെ ഇടയ്ക്കു സിനിമാ മോഹം കയറി വരും. ജീവിതത്തിന്റെ പല സ്റ്റേജിൽ നിന്നപ്പോൾ അത് കയറിക്കൂടിയിരുന്നു.
വാചകമടിക്കപ്പുറം പ്രത്യേകിച്ചൊന്നും നടന്നില്ല. സെയിം മോഹങ്ങളുമായി നടന്ന പല സുഹൃത്തുക്കളും കഠിനാദ്ധ്വാനവും, പരിശ്രമവും, നല്ല സഹനവും ഉള്ളത് കൊണ്ട് സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്താണ് പഴമ്പുരാണം കുത്തിക്കെട്ടി വെയ്ക്കുന്നത്. ഇതിനിടയിൽ ഒന്ന് രണ്ടു ഷോർട്ഫിലിമുകൾക്ക് കഥയായായും, സംഭാഷണമായും, തിരക്കഥയായും എഴുതി വെച്ചെങ്കിലും ഒന്നും അത്രയ്ക്കങ്ങട് ശ്രദ്ധിക്കപ്പെട്ടില്ല.
മുഴുവൻ സമയവും ജോലിയും, ബാക്കിയുള്ള സമയം കുടുംബവുമായി പ്രയോറിറ്റി സ്പ്ലിറ്റ് ചെയ്യുന്ന ഒരാൾക്ക് അതിൽക്കൂടുതൽ ആഗ്രഹിക്കാൻ പറ്റില്ലല്ലോ.
കഴിഞ്ഞ വര്ഷം എന്നാ നീയൊരു സിനിമാക്കഥ എഴുതി താ എന്ന ചില സുഹൃത്തുക്കളുടെ ഓപ്പൺ ടിക്കറ്റ് കയ്യിൽ കിട്ടിയ വകയിൽ പകുതി പൂർത്തിയാക്കിയ അഞ്ചാറ് ക്രൈം ത്രില്ലർ കഥകളും, ഒന്ന് രണ്ടു ചിത്രീകരിക്കാതെ പോയ ഷോർട്ഫിലിം സ്ക്രിപ്റ്റുകൾക്കും പിന്നാലെ സമയം മിനക്കെടുത്തിയതിന്റെ നിരാശയിൽ ഇരിക്കുന്പോഴാണ് ഭാര്യ ഒരു സജഷൻ വെച്ചത്. അത്രയ്ക്കിഷ്ടമാണെങ്കിൽ സ്വന്തമായി ഒരു ഷോർട്ഫിലിം എടുത്തൂടെ എന്ന്.
മലയാളി കൂടിയായ ബോസിനോട് ഒരു ക്ലയന്റ് മീറ്റിങ് കഴിഞ്ഞു വരുന്ന വഴിയുള്ള മൂന്നര മണിക്കൂർ കത്തിയടിക്കിടെ ഇതേ ആഗ്രഹം പറഞ്ഞപ്പോൾ പുള്ളിക്കും താത്പര്യം. ആ യാത്രക്കിടെ ഉരുത്തിരിഞ്ഞ ഒരു ആശയത്തിൽ നിന്നാണ് ഫ്ലോറിഡാ കഥകൾ പിറക്കുന്നത്.
ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു എഡിറ്റിങ് സോഫ്ട്‍വെയറിൽ ലോഡ് ചെയ്തപ്പോഴാണ് ഗ്യാപ്പുകൾ മനസിലാവുന്നത്. സത്യത്തിൽ എഡിറ്റിങ് സമയത്താണ് ഈ ചെറിയ സിനിമ ഉണ്ടായത്. അതിൽ നിന്ന് തന്നെ വ്യക്തിപരമായി ഇഷ്ടപ്പെട്ട രണ്ടു മിനിറ്റ് വീണ്ടും എഡിറ്റ് ചെയ്തു കിട്ടിയതാണ് ഇതിന്റെ കൂടെ കാണുന്ന എപ്പിസോഡ്.
മുഴുവൻ ഭാഗവും ഇതേ ചാനലിൽ തന്നെയുണ്ട്.
അധികം പേരൊന്നും കണ്ടിട്ടില്ല എങ്കിലും റോബി കുര്യനെപ്പോലുള്ള സിനിമാ പുലികളുടെ കൂടെയിരുന്നു കണ്ടപ്പോൾ ഒന്ന് രണ്ടു നിമിഷങ്ങളിൽ അവരുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കാണാൻ കഴിഞ്ഞു എന്നത് ക്രിയേറ്റർ എന്ന നിലയിൽ സന്തോഷം തരുന്നതാണ്.
എങ്കിലും, ഭാവി പ്ലാനുകൾ ധാരാളം ഉണ്ട്.
ഇതേ പാറ്റേണിൽ കൂടുതൽ സീരീസുകൾ ഉണ്ടാക്കുക എന്നതായിരുന്നു ആദ്യ ചോയിസ്. അത് കൊണ്ട് തന്നെ ആ ആശയം വെട്ടിക്കളയുന്നു.
മനസ്സിലുള്ള ടൈപ്പ് സിനിമ ഉണ്ട്. കഥാഫാക്ടറിയിൽ എഴുതിയ ദുരൂഹം പോലുള്ള കഥകൾ ..അത് പോലൊരു ചെറു സിനിമയാണ് മനസ്സിൽ. ആളും ധനവും ആയിക്കഴിഞ്ഞാൽ ഈ വര്ഷം തന്നെ ആഗ്രഹിച്ച ക്വാളിറ്റിയിൽ എടുക്കണം.
ഫ്ലോറിഡ താമസത്തിനിടയിൽ പരിചയപ്പെട്ട മലയാളികൾ ഉണ്ട്. ടിപ്പിക്കൽ അമേരിക്കൻ മലയാളി സ്റ്റീരിയോ ടൈപ്പ് ഇമേജിൽ ഒതുങ്ങാത്തവർ. അവരുടെ മനസ്സിൽ നിന്നും പുറത്തുവന്ന ചില അനുഭവ കഥകൾ ഉണ്ട്. നിയമവിരുദ്ധമായി അമേരിക്കയിൽ കടന്നു കൂടി പല ജോലികൾ ചെയ്ത് പല കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയി ഇപ്പോൾ ഹാപ്പിയായി ജീവിക്കുന്നവരുടെ കഥകൾ. ചരിത്രം എന്നിലൂടെ പോലൊരു സീരീസ് ആണ് പ്ലാൻ.
ഉടനെ വരും.
അതിനിടയിൽ ഒരു ചെറിയ സിനിമ കൂടി പ്ലാനിൽ ഉണ്ട്.
രണ്ടാമൂഴം അനൗൺസ് ചെയ്തു കഴിഞ്ഞു ശ്രീകുമാർ മേനോന് തോന്നിയ ഒരാശങ്കയില്ലേ..ഇതെന്നേക്കൊണ്ട് പറ്റുമോ. പറ്റും എന്ന് പ്രൂവ് ചെയ്യാൻ പുള്ളി ഒടിയൻ എന്നൊരു സിനിമ ചെയ്തു.
അത് പോലൊരു പ്രോജക്റ്റ് ആണ് “കൊതി” – പത്ത് മിനിട്ട് വരുന്ന ആ ചെറിയ സിനിമ സ്ക്രിപ്റ്റ് തയ്യാറായി ഇരിക്കുന്നു.
ഫ്ലോറിഡാ കഥകൾ, കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ വേണ്ടി മാർക്കറ്റിങ് ഒന്നും ചെയ്തിരുന്നില്ല..അർഹിക്കുന്നെങ്കിൽ അത് വളർന്നോളും എന്ന ചിന്തയിൽ ആയിരുന്നു…
എഴുതിയെഴുതി കുറച്ചു തള്ളു കൂടിപ്പോയോ എന്നൊരു സംശയം.
എന്നാലും വേണ്ടില്ല…ഫ്ലോറിഡാ കഥകൾ വെറും രണ്ടു മിനിട്ടേയുള്ളു..കാണൂ..കണ്ടിഷ്ടമായാൽ ഷെയർ ചെയ്യൂ..
ദാറ്റ്സ് ഓൾ !!
Full version –