പണ്ട് പണ്ടൊരു നാട്ടിൽ, ഒരു കാടിന്റെ നടുവിൽ..വലിയൊരു വീട്ടിൽ ഒരാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നു…
ആരുമായും ബന്ധമില്ലാതെ…വെളിച്ചം എത്താത്ത നിലവറയിൽ അയാൾ കുറേക്കൊല്ലം തനിയെ താമസിച്ചു …ആരോടും സംസാരിക്കാതെയും ചിരിക്കാതെയും അയാളുടെ താടിയെല്ലുകൾ മരം പോലെയായി …വാക്കുകൾ എങ്ങനാണ് ഉണ്ടാവുന്നത് എന്ന് വരെ അയാൾ മറന്നു തുടങ്ങി…
അങ്ങനെയിരിക്കെ…ഒരിക്കൽ …അയാൾ തന്റെ പഴയ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിച്ചു…
അയാൾ അവരെ തന്റെ ആ വലിയ വീട്ടിലെ നിലവറയിലേക്ക് ക്ഷണിച്ചു….
എന്നിട്ട്….?!!!!!
മൈൻഡ് ഗെയിംസ് എന്ന പേരിൽ ഇറങ്ങിയ ഷോർട്ഫിലിമിന്റെ ഒറിജിനൽ തിരക്കഥ ….
The Lonely Man of Tennessee Woods
Story – Script- Dialogues : Sijith V
Additional Screenplay-Direction: Ramesh Kumar
[INT] A room with dim light.
മുറിയിൽ രണ്ടു പേരുണ്ട്. രണ്ടു പേരുടെയും മുഖം നമുക്ക് കാണാൻ കഴിയില്ല. ഷോൾഡർ വ്യൂ ആണ്. പുറം തിരിഞ്ഞിരിക്കുന്നയാളുടെ പകുതി ദേഹം മാത്രമേ കാണാൻ കഴിയൂ. അയാൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്, ഒരു ചാരു കസേരയിലോ, റിക്ലയ്‌നറിലോ കിടക്കുന്ന ഒരാളോടാണ്. അയാളുടെ ദേഹവും ഫോക്കസിൽ അല്ല കാണുന്നത്. അയാളുടെ കാലുകൾ മാത്രമേ കാണാൻ കഴിയൂ. റിക്ലയ്നറിൽ കിടക്കുന്ന ആളുടെ ശബ്ദമാണ് നമുക്ക് കേൾക്കാൻ കഴിയുന്നത്..പതിഞ്ഞ പരുക്കൻ ശബ്ദം..
(ഈ നരേഷൻ സീൻ തുടങ്ങുമ്പോൾ മുതൽ കേൾക്കണം. )
[NARRATION]
“നിനക്ക് പ്രപഞ്ചത്തിലെ ആദ്യ കൊലപാതകത്തെ കുറിച്ചുള്ള കഥ അറിയുമോ. പണ്ട്… ജീവന്റെ ദേവനും മരണത്തിന്റെ ദേവനും തമ്മിൽ വലിയ ഒരു തർക്കം…. ആരാണ് കേമൻ എന്നതിനെക്കുറിച്ചു..മനുഷ്യരും ജന്തുക്കളും വാർദ്ധക്യം വന്നല്ലാതെ മരിക്കാറില്ലാതിരുന്ന ഒരു കാലത്ത്, ജീവന്റെ ദേവനായിരിക്കുമല്ലോ കൂടുതൽ കേമൻ. മരണ ദേവൻ അത് വക വെച്ച് കൊടുക്കാൻ തയ്യാറായിരുന്നില്ല. ജീവന്റെ ദേവന് ഒരു വളർത്തു തത്ത ഉണ്ടായിരുന്നു. അതിന്റെ നെഞ്ചിൽ ഒരു ചുവന്ന ചെപ്പിനകത്തായിരുന്നു പ്രപഞ്ചത്തിലെ മുഴുവൻ ജീവന്റെയും സത്ത ഇരുന്നിരുന്നത്.
പ്രപഞ്ചം ഇരുട്ടുന്പോൾ ജീവന്റെ ദേവൻ തത്തയെ തുറന്നു വിടും, .മരണദേവൻ തന്റെ കുതിരപ്പുറത്ത് എവിടെയൊക്കെ ചെല്ലുന്നോ, അവിടെയൊക്കെയും തത്ത അയാൾ അറിയാതെ അയാളെ പിന്തുടർന്നെത്തും..തത്ത ചിറകിട്ടടിച്ചു പറന്നെത്തുന്നിടത്തെല്ലാം ഏതൊക്കെ ജീവികൾ മരണം കാത്ത് കിടക്കുന്നുണ്ടോ അവരൊക്കെയും മരണത്തെ അതിജീവിക്കും. മരണദേവന് ഈ കള്ളക്കളി പിടികിട്ടി. ഒരു ദിവസം മരണദേവൻ രഹസ്യമായി തന്നെ പിന്തുടരുന്ന തത്തയെ ഒളിച്ചിരുന്ന് പിടികൂടി..ആരും അറിയാതെ അതിന്റെ കഴുത്തു ഞെരിച്ചു കൊന്നു. അതിനു ശേഷം ഇങ്ങോട്ട് കൊലപാതകങ്ങളുടെ പരമ്പര തന്നെയായിരുന്നു.”
[രണ്ടാമത്തെയാളുടെ വോയിസ്-]
“ഇത് നീ എന്നോട് പറയുന്നതിന്റെ കാരണം..”
ഒന്നാമൻ –
“ഓരോരുത്തർക്കും ഓരോ കഥകൾ ഉണ്ട്..കൂടുതൽ ചികഞ്ഞെടുക്കാതിരിക്കുന്നതാണ് എല്ലാവര്ക്കും നല്ലത്…നീ ആളുകളെ കുറിച്ച് അധികം തിരഞ്ഞു ചെല്ലേണ്ട…അത് നല്ലതിനല്ല..”
രണ്ടാമൻ-
“അതായത്, നിന്നെ കുറിച്ച് ഞാൻ കൂടുതൽ ചികയേണ്ട എന്നൊരു വാണിങ് അല്ലെ അത്..”
ഒന്നാമൻ, ഒന്നും മിണ്ടുന്നില്ല..
രണ്ടാമൻ –
“ലിസയുടെ കാര്യത്തിൽ സത്യം എന്താണ് …”
ഒന്നാമൻ, മൗനം തുടരുന്നു
രണ്ടാമൻ
“നീയത് പറയാൻ ഉദ്ദേശമില്ലെങ്കിൽ, എനിക്ക് ബാക്കിയുള്ളവരോട് എന്റെ സംശയങ്ങൾ പറയേണ്ടി വരും. …. “
he is continuously talking something but his voice fades.
ഒന്നാമൻ, അസ്വസ്ഥൻ ആവുന്നുണ്ടെന്ന് അയാളുടെ കാലിന്റെ ചലനങ്ങൾ സൂചിപ്പിക്കുന്നു.
First person remains silent..
<<visuals blurs >>
Second person is now outside. View from first person’s view point. Second person is walking outside the house. He is trying to call someone using his mobile. …ഫോൺ കണക്റ്റ് ആവുന്നില്ല…
voice of un attended call in the background.
[Visuals blurs to darkness ]
[EXT]
Evening
Country Road. Long shot of a car.
Car is approaching the camera from the distance.
We can hear the car radio in the background (Country Music similar to this Part Time Lover https://www.youtube.com/watch?v=jN2AdOjI4FI )
[INT]
Inside view of the car. Car radio is still playing in the background
Hari (34) and Sam (early 40s) in the car. Hari is on the driving seat.
Sam
“അവൻ കുറേ നാളായി കോണ്ടാക്ട്സ് ഒന്നുമില്ലായിരുന്നല്ലോ..ഇതിപ്പോ എവിടുന്നു പൊങ്ങി വന്നു.”
Hari
അറിയില്ല, എനിക്കും ഇന്നുച്ചയ്ക്ക് കോൾ വന്നപ്പോൾ സർപ്രൈസ് ആയി. എല്ലാരേം വിളിക്കുന്നുണ്ട്, നമുക്കൊന്നു കൂടിയാലോ എന്ന് ചോദിച്ചു.
Sam
ഉം. എന്ത് പൊല്ലാപ്പുമായാണോ അവന്റെ ഈ കൂടല് ..
Hari
ചങ്ങാതി ഇടക്കിങ്ങനെ ഡിപ്രഷനായി ആരോടും ഒന്നും മിണ്ടാതെ മുങ്ങും..പിന്നെ, പെട്ടെന്നൊരു ദിവസം ഒരു ക്ലൂവുമില്ലാതെ കയറി വരും.
Sam
വേറെ ആരേലും വിളിച്ചിരുന്നോ, നീ ആ മുഹൂനോട് ചോദിച്ചോ..
Hari
അവനെ വിളിച്ചിട്ടു കിട്ടുന്നില്ല .
Sam
ഉം..
Hari
അവന്റെ വീട് ഇതൊരു പട്ടിക്കാട് സ്ഥലം ആണല്ലോ..
Sam
ഉം, അവന്റെ ഭാര്യയുടെ അപ്പന്റെ ആയിരുന്നു. ഒരു പഴയ ഫാം ഹൗസ്.
കാർ കടന്നു പോകുന്ന കൺട്രി റോഡിന്റെ ഹെലിക്യാം ദൃശ്യം. പശ്ചാത്തലത്തില്‍ കൺട്രി മ്യൂസിക് കേൾക്കാം..
[CUT TO ]
[EXT]
ശിവയുടെ ഡ്രൈവ് വേ..ഹരിയുടെ കാർ വീടിനു മുന്നിലെ ഡ്രൈവേയിലേക്ക് കയറുന്നു.
സാമും ഹരിയും കാറിൽ നിന്ന് ഇറങ്ങുന്നു.
നടന്നു വീടിന്റെ വാതിലിനു അടുത്തേക്ക് പോകുന്നു. വീടിന്റെ ഒരു വശത്ത് ഒരു പഴയ കാർ കിടക്കുന്നത് ഹരിയുടെ ശ്രദ്ധയിൽ പെടുന്നുണ്ട്.
[INT]
Siva’s house. Basement with dimmed lights. Counter Top bar and a TV in the corner.
TV playing, youtube video of Shahbaz Aman’s “Maranamethunna Nerathu”.
Siva is sipping his drink and humming with the song.
Sound of Door Bell. Hari and Sam enters the basement.
Hari hugs Siva.
“അളിയാ..”
Siva shakes hand with Sam.
Sam:
“ഇതെന്തോന്നെടെ …എം എൻ നമ്പ്യാരുടെ അധോലോക താവളമോ.. “
Camera pans through Sivas basement .
അവിടവിടെയായി പുസ്തകങ്ങൾ..പാതി വായിച്ചവയും തുറന്നു വെച്ചവയും ആയി കിടക്കുന്നു. ക്ളോസ് അപ് വേണ്ട..ലോംഗ് ഷോട്ട് മതി..ഭക്ഷണം കഴിച്ചു കഴുകാതെ ഭക്ഷണ പദാർത്ഥങ്ങൾ ഉണങ്ങിപ്പിടിച്ച പാത്രങ്ങൾ, ഗ്ലാസുകൾ .. അയാളുടെ ഒരു അലസ ജീവിതത്തെ സൂചിപ്പിക്കുന്ന കാഴ്ചകൾ.
Hari is looking to the TV. Sammalooni is playing now.
“എന്നാ കിടു പാട്ടാല്ലേ..(looking towards Siva)”
“പിന്നെ, പറ.. നീയെന്നു ലാൻഡ് ചെയ്തു.”
Siva gives a smile back.
എവിടുന്നു ലാൻഡ് ചെയ്യാൻ !
Hari
നീ എങ്ങാണ്ടോ പോയിരിക്കുവാണ് എന്നാണല്ലോ കഴിഞ്ഞ പ്രാവിശ്യം കണ്ടപ്പോൾ മുഹു പറഞ്ഞത്..
Siva
അതിനു അവനെന്നെ കണ്ടിട്ട് മിനിമം ഒന്നര വര്ഷം എങ്കിലും ആയിക്കാണും.
Sam
ഇതിപ്പോ, നേരിട്ടു കാണണ്ട ആവിശ്യം വല്ലതും ഉണ്ടോ. നീ പോകുന്ന വഴിക്കൊക്കെ ഫേസ്‌ബുക്കിൽ ചെക്കിൻ ചെയ്യുന്നത് കണ്ടിട്ട് അവൻ പറഞ്ഞതാവും..അല്ല പിന്നെ.
Siva
ഫേസ്ബുക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിട്ട് തന്നെ മാസങ്ങൾ ആയി. അപ്പോഴാ.
Hari
അപ്പൊ, നീ ഇവിടൊക്കെ തന്നെയുണ്ടായിരുന്നോ..
Siva
ഏയ്, യാത്ര പോകാൻ നമുക്കിവിടം വിടണം എന്നൊന്നും ഇല്ലല്ലോ..ഇവിടെയിരുന്നും യാത്ര പോവാമല്ലോ.
Sam
ഹോ. അവന്റെ ഒണക്ക ഫിലോസഫി. എടാ ഈ കാണുന്ന തടിച്ച പുസ്തകങ്ങളൊക്കെ വായിച്ചു തലയിൽ കയറ്റി കയറ്റി സിംപിളായി ഒരു കാര്യം പറയാൻ പോലും നിനക്ക് പറ്റാതായല്ലോ.
Siva smiles again. ഗ്ലാസുകളിൽ ഒന്ന് സാമിന് കൊടുക്കുന്നു. (സാമും, ശിവയും ഗ്ലാസ് എടുത്ത് കയ്യിൽ പിടിക്കുന്നു..)
Hari
അതെ ശിവ, എനിക്കേ ഒരു കട്ടൻ ചായ കിട്ടുമോ..
Siva
ഏ, അതെന്താ..
Sam
അപ്പൊ നീ അറിഞ്ഞില്ലേ..ഹരിയിപ്പോ വലിയ teetotaler ആണ്..മറ്റുള്ളോരു കള്ളടിക്കുന്പോൾ കൂടെയിരുന്നു കട്ടൻ ചായ കുടിക്കുന്നവൻ..
Siva
ഓ..
സാം
നീ കട്ടൻ ചായ ഒന്നും ഇടാൻ നിൽക്കണ്ട..ഡാ ഹരി തത്ക്കാലം പച്ചവെള്ളം ചവച്ചരച്ചു കുടിച്ചു അഡ്ജസ്റ്റ് മാഡി..അല്ലെങ്കിൽ ഇന്ന് നിന്റെ വ്രതം തെറ്റിക്ക്. ന്നാ ഇതെടുത്ത് കീച്ച് ..മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് ഞങ്ങൾ എഴുതിക്കാണിച്ചോളാം …
ഹരി ഗ്ലാസ് വാങ്ങി സിപ്പ് ചെയ്യുന്നു.
Hari(ശിവയോട് )
നീ പറ..എന്താ നിന്റെ വിശേഷം.
Siva
നമുക്കെന്ത് വിശേഷം..ഇവിടെയൊക്കെ ചുരുണ്ടു കൂടി കഴിയുന്നു.
Hari
നീ ഈയടുത്ത് എപ്പോഴോ ഒരു കവിത എഴുതി പോസ്റ്റിയിരുന്നില്ലേ..എന്തായാരുന്നു…ങാ..
“
രണ്ടു കരകൾ..ഇടയിലൊരു ചുവന്ന സമുദ്രം..
കരകളെ തൊടുന്ന നടപ്പാലമെൻ മരണവും.. എന്നോ മറ്റോ..
ആ..അങ്ങനല്ല..
നാം രണ്ടു കരകൾ, നമുക്കിടയിൽ ചുവന്നയാഴി അങ്ങനല്ലേ…
“
Sam
വൗ, ആ നവീൻ ഉണ്ടാരുന്നെങ്കിൽ നമുക്ക് പാടിക്കാമായിരുന്നു. പണ്ടെന്തൊരു രസമായിരുന്നു അല്ലെ..പാട്ടും, കവിതേം .. കൂടലും..കൂടലും പാട്ടും, കവിതേം . ഇപ്പൊ നവീനെ കാണാൻ പോലും കിട്ടത്തില്ല.
Siva
അവൻ വരും.
Sam
പിന്നെ, അവനൊന്നും വരില്ല ശിവാ..ഹീ ഈസ് എ ബിസി ബേർഡ് നൗ.
ഇച്ചിരി ഗോസിപ്പാ..അവനു ജോലി ഒന്നേ ഉള്ളെങ്കിലും രണ്ടു കുടുംബമില്ലേ..
ഹരി രഹസ്യം പറയുന്നത് ആയി അഭിനയിച്ചു ശിവയോട് –
അവന്റെ കെട്യോള് പ്രിയ ഒഴികെ ബാക്കിയെല്ലാർക്കും അറിയാം ആ ഹിന്ദിക്കാരിയുമായുള്ള ബന്ധം എന്നതാണ് വേറെ രസം..
സാം
പിന്നെ, ഭാര്യയോട് പറഞ്ഞിട്ടല്ലേ ഇതൊക്കെ ചെയ്യാൻ പോകുന്നേ..അവിടെ ബിസിയായില്ലെങ്കിൽ അവൻ ഇവിടെ വരും.
എല്ലാവരും ചിരിക്കുന്നു.
Siva
ഏയ്..അവൻ വരും..അതിനുള്ള പണി ഞാൻ ഒപ്പിച്ചിട്ടുണ്ട്.
ഹരി
ഇപ്പഴാ ഓർത്തത്, പുറത്ത് മുഹുന്റെ വണ്ടിയല്ലേ കിടക്കുന്നത്…
ശിവ..
“ഇതോടെ, നീ ഇത് വരെ എന്റെ കാർ കണ്ടിട്ടില്ലാന്നും മനസ്സിലായി..”
കാഷ്വൽ ഡിസ്കഷനിലേക്ക് അവർ എല്ലാവരും മാറുന്നു. ബാക്ഗ്രൗണ്ടിൽ ഷഹബാസ് അമന്റെ ഗസലുകൾ പതിഞ്ഞ ശബ്ദത്തിൽ തുടരുന്നുണ്ട്.
ഹരി ടിവിയിൽ കേൾക്കുന്ന പാട്ടിലൊന്ന് മൂളാൻ തുടങ്ങുന്നു. ശ്രുതിയൊന്നും ശരിയാവുന്നില്ല. സാം കളിയാക്കുന്നു.
ഇതിനിടെ നവീൻ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യുന്നു. !!
എക്സിക്യു്ട്ടീവ് വേഷം. ബ്രാൻഡഡ് ആക്‌സസറീസ്. പോളിഷ്ഡ് ആയിട്ടുള്ള മെക്കാനിക്കൽ ആയിട്ടുള്ള പെരുമാറ്റം. എന്നാലും അയാൾ കൂട്ടുകാരുമായി പതിയെ പതിയെ സിങ്ക് ആവുന്നുണ്ട്.
സാം ഉറക്കെ സംസാരിക്കുന്നുണ്ട്..ചിരിക്കുന്നുണ്ട്. ഹരി ഇടയ്ക്കിടെ കൊറിക്കാനുള്ള ഫുഡ് കഴിക്കുന്നുണ്ട്. ടിവിയിൽ പോയി നോക്കി നിൽക്കുന്നു..പാട്ടു മൂളുന്നു.
ശിവ എല്ലാവരെയും ശ്രദ്ധിച്ചു മാറി ഇരിക്കുന്നു.
ഫോക്കസ്ഡ് അല്ലാത്ത റാൻഡം വിഷ്വലുകൾ. ശിവയുടെ പുസ്തകങ്ങളിലേക്ക് ക്യാമറ ഒഴുകുന്നു. കൊലപാതകങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ചിലതവയിൽ ഉള്ളത് കാണിക്കണം.
നവീൻ
നിങ്ങളാരെങ്കിലും മുഹുനെ കണ്ടിരുന്നോ.
സാം
ഞാൻ കണ്ടിട്ട് കുറെയായി..ഹരിയ്ക്കറിയാമായിരിക്കും..അവർ തമ്മിൽ എന്തൊക്കെയോ കൊടുക്കൽ വാങ്ങലുകൾ ഉണ്ട്..അല്ലെ ഹരീ..
നവീൻ
ഹരീ മുഹൂന്റെ നമ്പർ ഉണ്ടോ..
(ഹരി ടിവിയുടെ മുന്നിൽ നിന്ന് ശ്രദ്ധ അവരുടെ സംസാരത്തിലേക്ക് കൊണ്ട് വരുന്നു…)
ഉണ്ട്..ഞാൻ തരാം. അവനു ഇടയ്ക്കിടയ്ക്ക് നമ്പർ മാറ്റുന്ന സ്വാഭാവം ഉണ്ട്..ഈയടുത്ത് നല്ലൊരു ഡീൽ ഉണ്ടെന്നു പറഞ്ഞു നമ്പർ പിന്നേം മാറ്റി.
(ഹരി പോക്കറ്റിൽ നിന്ന് ഫോൺ എടുക്കുന്നു…)
“ബാറ്ററി തീർന്നു. ചെങ്ങായി ഓഫ് ആയി. ചാർജ് ചെയ്തിട്ട് നമ്പർ വാട്സ്ആപ് ചെയ്യാം.”
ഹരി ഗ്ളാസ് സ്ലിപ് ചെയ്തു കൊണ്ട് ..ടിവിയിലേക്ക് ശ്രദ്ധ മാറ്റുന്നു.
റിമോർട്ട് എടുത്ത് നെറ്റ്ഫ്ലിക്സോ ആമസോണോ മറ്റോ ഓപ്പൺ ചെയ്യുന്നു. ശിവയുടെ പ്ളേ ലിസ്റ്റിൽ മുഴുവനും കൊലപാതകങ്ങളും സീരിയൽ കില്ലിംഗും സീരിയൽ കില്ലേഴ്‌സുമായി ബന്ധപ്പെട്ട ഡോകളുമെന്ററികളും സിനിമയുമാണ്…
ബാക്ഗ്രൗണ്ടിൽ സാമും നവീനും സംസാരിക്കുന്നു. ശിവ അയാളുടെ ഈസി ചെയറിൽ കാലു നീട്ടി താടി തടവി എല്ലാം ശ്രദ്ധിച്ചു കിടക്കുന്നു.
വിഷ്വലുകൾ ചിലത് അവർ സിപ്പ് ചെയ്യുന്ന ഗ്ലാസ്സുകൾ ആണ്. ഗ്ലാസിന്റെ ക്ളോസപ്പ് ഷോട്ടുകൾ.
സാമും നവീനുമായാണ് സംസാരം.
അവർ എക്കോണമിയെക്കുറിച്ചും, ബിസിനസിനെ കുറിച്ചും, കോർപറേറ്റ് പൊളിറ്റിക്സുകളെ കുറിച്ചും, ക്ളൈന്റുകളെ കുറിച്ചും സംസാരിക്കുന്നു.
ഹരി ടിവിയുടെ മുന്നിൽ നിന്ന് തിരിച്ചു വന്ന്..ഇടയ്ക്കു കയറി വിലകുറഞ്ഞ തമാശകൾ അടിക്കാൻ ശ്രമിക്കുന്നുണ്ട്.
ഹരി.
എന്നിട്ട് നീയിപ്പോ ഏതു രാജ്യത്തു നിന്നാണ് ഇപ്പൊ ലാൻഡ് ചെയ്തത്.
നവീൻ
ലാസ്റ്റ് വീക്ക് മെക്സിക്കോ. നമ്മുടെ കമ്പനി അവിടെ പുതിയ ഓഫ് ഷോർ ഡെവലപ്മെന്റ് സെന്റർ തുടങ്ങുന്നുണ്ട്. അതിനു മുന്നേ യൂറോപ്പിൽ ആയിരുന്നു. ജർമനിയിൽ ഒരു വൻ പ്രോജക്ട് കിട്ടിയിട്ടുണ്ട്. സിംഗപ്പൂർ, ഇന്ത്യ, യൂറോപ്പ്, മെക്സിക്കോ കറക്കം തന്നെയാണ് അളിയാ. വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ ഫ്ളൈറ്റിലാ.
ഹരി.
അതൊക്കെ ശിവ..വീട്ടീന്ന് പുറത്തിറങ്ങാറില്ല എന്നാണ് പറഞ്ഞത്.
നവീൻ
ആണോ അളിയാ..ഫുൾ ടൈം ഇങ്ങനെ വീട്ടിൽ ഇരുന്നാൽ എന്താ ത്രിൽ.
ശിവ മിണ്ടുന്നില്ല.
സാം
അവൻ ഫ്‌ലാറ്റ് ആയ ലക്ഷണമാണ്.
നവീൻ
എന്നാലും ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാൽ ഭ്രാന്ത് പിടിക്കില്ലേ.
ഒരു കണക്കിന് പറഞ്ഞാൽ അതും നല്ലൊരു റിലാക്സേഷനാ. ഇങ്ങനെ കറങ്ങി നടക്കുന്പോ ഞാനും വിചാരിക്കും ഇടയ്ക്കെപ്പോഴെങ്കിലും ഒരു വെളിച്ചവും കടക്കാത്ത ഏതെങ്കിലും കുടുസുമുറിയിൽ കയറി ആരും കാണാതെ അടച്ചു പൂട്ടി ഇരിക്കണം എന്ന്. അത് പറഞ്ഞപ്പോഴാ ഓർത്തെ. ഫിൻലാൻഡിൽ എങ്ങാണ്ട് അങ്ങനൊരു ക്ലബ് ഉണ്ട്. ഹൈ പ്രൊഫൈൽ സി ഇ ഓ മാരൊക്കെ റിലാക്സ് ചെയ്യാൻ പോകുന്ന സ്ഥലം.
ഒരു വലിയ ഹോളിൽ വലിയൊരു സ്വിമ്മിംഗ് പൂൾ. മുറി മുഴുവനും ഇരുട്ടായിരിക്കും. ഇരുട്ടത്ത്, വെള്ളത്തിൽ സമയം പോലുമറിയാതെ ഫ്‌ളോട്ട് ചെയ്ത് കിടക്കുക. ഭയങ്കര സൂപ്പർ എക്സിപീരിയൻസ് ആണെന്നാണ് എന്റെ ഒരു ക്ലയന്റ് ഈയടുത്ത് പറഞ്ഞത്.
സാം.
അതൊരു കൊള്ളാവുന്ന ഐഡിയ ആണല്ലോ..നമുക്ക് ഇവിടെ ഒരു പൂൾ എടുത്ത് ഈസിയായി തുടങ്ങാവുന്നതേ ഉള്ളൂ..
ശിവ
നിങ്ങൾക്ക് ഈ ബിസിനസും കോർപ്പറേറ്റ് ലൈഫും മാത്രമേ സംസാരിക്കാനുളളൂ..ബോറിംഗ്.
ഹരി
അളിയാ..അതൊക്കെ ഉള്ള കൊണ്ടല്ലേ കഞ്ഞി കുടിച്ചു പോകുന്നെ.
സാം.
അല്ലാതെ നിന്നെ പോലെ ഫുൾ ടൈം വീട്ടിൽ കുത്തിയിരുന്നാൽ വീട്ടിൽ ആരും പൈസ കൊണ്ടത്തരില്ലല്ലോ. ഓ ..നിനക്ക് പിന്നെ പെണ്ണുമ്പിള്ളേടെ..ങ്ഹാ എക്സ് പെണ്ണുമ്പിള്ളേടെ കയീന്നു വക്കീലിനെ കൊണ്ട് വാങ്ങിപ്പിച്ച കാശ് ഉണ്ടല്ലോ..നിനക്കെന്തും ആവാം…
നവീൻ
പറഞ്ഞത് പോലെ അത് ശരിയാണല്ലോ. പുള്ളിക്കാരിടെ ഡൈവേഴ്‌സ് കിട്ടിയ വകയിൽ കാശൊരുപാട് പോക്കറ്റിൽ ആയില്ലേ. നീ എന്താ പിന്നെ കെട്ടാതിരുന്നത്.
ശിവ
ഒറ്റയ്ക്ക് ജീവിക്കുന്ന സുഖം അനുഭവിക്കണമെന്ന് വെച്ചു.
നവീൻ
എന്നിട്ട് സുഖം കിട്ടിയോ.
ശിവ.
ഒറ്റയ്ക്കായപ്പോഴാ..അതിന്റെ വിഷമം മനസിലായേ..റിയലി ബോറിംഗ്. ഒന്നും ചെയ്യാനില്ലാത്തത് പോലെ.
നവീൻ.
ഇവിടിരുന്ന് എന്ത് ചെയ്യും !
ശിവ
നിങ്ങളാരെങ്കിലും ഏകാന്തവാസം അനുഭവിച്ചിട്ടുണ്ടോ…ഒരു ജയിലിൽ കിടക്കുന്നത് പോലെയാണ് അത്..(അയാൾ ഈസി ചെയറിൽ വശം തിരിഞ്ഞിരുന്നു സംസാരിക്കുന്നു..കയ്യിൽ പാതി കുടിച്ച ഗ്ളാസ്..).കുറേക്കാലം ആരോടും സംസാരിക്കാതെ ഇരുന്നിരുന്ന് എന്റെ താടിയെല്ലിന് വേദന പിടിച്ചു. പിന്നെ തന്നെയിരുന്ന് സംസാരിക്കാൻ തുടങ്ങി. പുറത്ത് നിന്നാരെങ്കിലും വന്നാൽ ഇവനു ഭ്രാന്താണെന്ന് വിചാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
നവീൻ
അതിനു നീ പെട്ടിക്കകത്തു കയറി ഇരിക്കുന്നത് എന്തിനാണ്. നല്ല ലൊക്കേഷൻ അല്ലെ. പുറത്തിറങ്ങി നടക്കണം..
ശിവ
ഏയ്..ആളുകളെ ഒന്നും ഫെയ്‌സ് ചെയ്യാൻ വയ്യ.നീ പറഞ്ഞ പോലെ പെട്ടിക്കുള്ളിൽ ചുരുണ്ടു കൂട്ടിയിരിക്കാൻ ആണ് എപ്പോഴും തോന്നാറ്.
കുറെ കാലം വായന ആയിരുന്നു ഹോബി. ബുക്കുകൾ കാർന്ന് കാർന്നു തിന്നു ചിതലിനെ പോലെ ജീവിച്ചു. പിന്നെ കുറെ കാലം സിനിമകാണൽ ആയി..രാത്രിയും പകലുമില്ലാതെ സിനിമ കണ്ടു. സിനിമ കണ്ടു മടുത്തപ്പോൾ സീരീസുകളായി, ഡോക്യൂമെന്ററികൾ ആയി. ഒന്ന് തിരഞ്ഞാൽ രാഷ്ട്രീയം മുതൽ കൊലപാതകികളെ കുറിച്ച് വരെയുള്ള ടോപ്പിക്കുകൾ കിട്ടും..ഈയിടെയായി സീരിയൽ കില്ലേഴ്‌സിനെ പറ്റി ഒരു റിസേർച്ചിലാണ് …
ഹരി-
അത് നിന്റെ പ്ളേ ലിസ്റ്റ് കണ്ടപ്പോൾ മനസ്സിലായി..ഇതൊക്കെ കണ്ടു നിനക്ക് ഭ്രാന്തായി ആരെയെങ്കിലും കൊല്ലാൻ തോന്നുമോന്നാണ് എന്റെ പേടി..
ശിവ (ചിരിക്കുന്നു..ഈസി ചെയറിൽ നിന്ന് എഴുന്നേറ്റ് ഉടുത്തിരിക്കുന്ന മുണ്ട് മുറുക്കി ഉടുക്കുന്നു..ടെൻഷൻ ഫീൽ ചെയ്യുന്ന സംഗീതം പശ്ചാലത്തിൽ )
അത് കറക്റ്റ്..കുറെ കാലം കണ്ടതും വായിച്ചതുമൊക്കെ എവിടെയെങ്കിലും അപ്ലൈ ചെയ്യാൻ പറ്റുമോ എന്നായി തിരച്ചിൽ..ഇപ്പൊ ദേ ലേറ്റസ്റ്റ്..ഇവൻ പറഞ്ഞത് പോലെ, ആളുകളെ എങ്ങിനെ കൊല്ലാം എന്നതിനെ പറ്റിയാണ് ആലോചന.
അത് പറഞ്ഞപ്പോഴാണ് ഓർത്തത്…നമുക്കൊരു ഗെയിം കളിക്കാം
സാം
ഗെയിമോ … നീയെന്താ വിളിച്ചു വരുത്തിയത് പാമ്പും കോണിയും കളിപ്പിക്കാനാ..
ശിവ
പാമ്പും കോണിയും ഒന്നുമല്ല…അതിലൊക്കെ രസമുള്ള ഒരു ഗെയിം.
അയാൾ ബാർ ടേബിളിനടുത്തേക്ക് നടക്കുന്നു. അവിടെ നിന്നും റാൻഡമായി നാല് ഗ്ലാസ്സുകൾ എടുക്കുന്നു. അതിലേക്ക് വിസ്കി ഒഴിക്കുന്നു.
ഗ്ലാസ്സുകളുടെ ക്ളോസ് അപ്.
ഓരോ ഗ്ലാസുകളും കയ്യിലെടുത്ത് സൂഷ്മതയോടെ മറ്റു മൂന്നു പേരുടെയും കയ്യിൽ കൊടുക്കുന്നു. ഹരി വിസമ്മതിക്കുന്നുണ്ട്. തിരിച്ചു ഡ്രൈവ് ചെയ്യണം എന്നൊക്കെ പറഞ്ഞു പറഞ്ഞൊഴിയാൻ ശ്രമിക്കുന്നു.
പക്ഷെ, ശിവ സ്നേഹപൂർവ്വം നിർബന്ധിക്കുന്നു.
അവർ സിപ് ചെയ്യാൻ തുടങ്ങുന്പോൾ ശിവ വിലക്കുന്നു.
ആംഗ്യം കൊണ്ട് ഗ്ലാസ്സുകൾ റൊട്ടേറ്റ് ചെയ്യാൻ കാണിക്കുന്നു. അവരെ ഓരോരുത്തരെയും സർക്കിൾ ആയി നിര്ത്തുന്നു.
ഗ്ലാസ്സുകൾ ഒരു കയ്യിൽ നിന്നും മറ്റൊരു കയ്യിലേക്ക് കൈ മാറുന്നു. മ്യൂസിക്കൽ ചെയർ സീക്വൻസ് പോലെ. ടെൻഷൻ ഫീൽ ചെയ്യിക്കുന്ന പശ്ചാത്തല സംഗീതം.
[വേണമെങ്കിൽ, ടിവിയിൽ യൂട്യൂബ് ഇൽ എന്തെങ്കിലും കൺട്രി പോപ്പ് പ്ളേ ചെയ്യുന്നതിലേക്ക് ഫോക്കസ് മാറ്റാം..പാട്ട് നിൽക്കുന്പോൾ…ശിവ ഗ്ലാസ്സുകൾ സിപ് ചെയ്യാൻ ആവിശ്യപ്പെടുന്നു…]
സാം മനസില്ലാ മനസോടെ ആണ് ചെയ്യുന്നത്. ഈ കളികളിൽ ഒന്നും താല്പര്യം ഇല്ലാ എന്ന മട്ടിൽ.
നവീൻ ഗോ വിത് ദി ഫ്ലോ മൂഡിൽ ആണ്.
ഹരി വേണോ വേണ്ടയോ എന്ന മൂഡിലും.
എനിവെയ്‌സ് അവർ നാല് പേരും ഓരോ സിപ് എടുക്കുന്നു.
ശിവ താടിയുഴിഞ്ഞു ചിരിക്കുന്നു.
എന്നിട്ട് പറയുന്നു [ശിവയുടെ ക്ളോസപ്പ്]
ഇനിയാണ് ഗെയിം തുടങ്ങുന്നത്…
മൂന്നു പേരുടെയും മുഖത്ത് ആശങ്ക…
ശിവ : (നാടകീയമായി )
ഇനിയാണ് ത്രിൽ ഉള്ള ഗെയിം…ഈ നാല് ഗ്ളാസുകളിൽ ഏതോ ഒരു മിക്സിൽ വിഷം ഉണ്ട്…എല്ലാവരും ചിരിക്കുന്നു. ശിവ പക്ഷെ ഗൗരവത്തിലാണ്.
“ചിരിക്കേണ്ട..സത്യമാണ്. ഉദാഹരണത്തിന്…ഇപ്പൊ നിങ്ങൾ സിപ്പെടുത്ത ഗ്ലാസ്സില്ലേ . അതിലെ ഏതോ ഒരു മിക്സിൽ ഞാൻ വിഷം പുരട്ടിയിട്ടുണ്ട്.”
(എല്ലാവരും അമ്പരന്നു നിൽക്കുന്നു. )
“നിങ്ങൾ ചിയേഴ്സ് പറഞ്ഞത് നിങ്ങളിൽ തന്നെയുള്ള ഒരാളുടെ മരണത്തിനാണ് എന്ന് …”
(ചെറിയ ഒരു ചിരി അയാളുടെ മുഖത്തു വിരിയുന്നു. ).നാടകീയ രംഗങ്ങൾ. ഭീതി-ഭയം നിറഞ്ഞ നിമിഷങ്ങൾ.
സാം ദേഷ്യപ്പെട്ടു ഗ്ളാസ് നിലത്തെറിയുന്നു..ശിവ ചിരിക്കുന്നു. നവീൻ തന്റെ കയ്യിലുള്ള ഗ്ളാസ് ടേബിളിൽ വെച്ചിട്ട് ബാത്റൂമിലേക്ക് ഓടുന്നു. അയാൾ ശർദ്ധിക്കാൻ ശ്രമിക്കുന്നത് ശബ്ദം കേൾക്കാം.
ഹരി പേടിച്ചു എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു.
സാം ശിവയുടെ ചിരി കണ്ടു അരിശം കൂടി ശിവയെ ആക്രമിക്കാൻ തുടങ്ങുന്നു.
ശിവ ചിരി നിർത്തുന്നില്ല.
സാം ശിവയെ തള്ളി നിലത്തിടുന്നു.
ഹരി പരിസര ബോധം വീണ്ടെടുത്ത് സാമിനെ തടയുന്നു.
ഹരി..
സാമേട്ടാ വേണ്ടാ…
സാം..
ഇവൻ ഈ അലവലാതി..കൊല്ലാൻ വേണ്ടിയാണോ നമ്മളെ സത്കരിച്ചത്..
നാടകീയത തുടരുന്നു. ശിവ നിലത്ത് കിടന്നു ചിരിയാണ്..സാം കൂടുതൽ അരിശം കാണിക്കുന്നു.അയാൾ എന്തൊക്കെയോ പുലമ്പുന്നുണ്ട്. ഹരി അയാളെ തടയാൻ നോക്കുന്നുണ്ട്.തിരിച്ചു വന്ന നവീൻ വായിൽ വിരലിട്ട് കുടിച്ചത് മുഴുവൻ ശർദ്ധിച്ചു കളയാൻ വീണ്ടും വീണ്ടും ശ്രമിക്കുന്നു. (ബാക്ഗ്രൗണ്ടിൽ..)..വീണ്ടും ബാത്റൂമിലേക്ക് ഓടുന്നു !!
[CUT TO]
നിലത്തിരുന്നു ടോയിലറ്റ് ബൗളിലേക്ക് ശർദ്ധിക്കുന്ന നവീന്റെ ദൃശ്യങ്ങൾ.
[CUT BACK TO]
സാം വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നു.
ഹരി സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്.
“അവൻ വെറുതെ പറഞ്ഞാതാവും സാമേട്ടാ..കലിപ്പ് ആകാതെ..നിങ്ങൾക്കവന്റെ സ്വാഭാവം അറിയില്ലേ…”
സാം..
“അവന്റെ സ്വഭാവം എനിക്കറിയാം…മറ്റൊന്നുമല്ല ബാക്കിയുള്ളവരെ പുച്ഛം..നമ്മളൊക്കെ മണ്ടന്മാർ ആണെന്നാണ് അവന്റെ വിചാരം..എന്നിട്ട് അവൻ മാത്രം വലിയ ബുദ്ധിജീവി..ഇന്റലക്ച്ചൽ ഫ്രോഡ്..ത്ഫൂ..”
ഹരി..
സാമേട്ടാ വിട്..
നവീൻ വീണ്ടും മുറിയിലേക്കു തിരിച്ചു വരുന്നു. തന്റെ ഉടുപ്പ് വൃത്തികേട് ആയതാണ് അയാളെ കൂടുതൽ കുഴക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നു.
നവീൻ കുഴഞ്ഞു വീഴുന്നു
സാമും ഹരിയും ടെൻഷൻ കൂടി നവീൻ നെ എടുത്തുയർത്തുന്നു. അയാൾക്ക് നേരെ നിൽക്കാൻ കഴിയാത്തവണ്ണം കുഴഞ്ഞു വീഴുന്നു.
സാമിന്റെ ദേഷ്യം ഇരട്ടിച്ചു അയാൾ..ശിവയെ നിലത്ത് തള്ളിയിടുന്നു.
എവിടുന്നോ ഒരു ബിയർ കുപ്പി പൊട്ടിച്ചു അയാൾ ശിവയെ കുത്താൻ ശ്രമിക്കുന്നു
ഹരി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു.
സാം കയ്യുയർത്തി കുത്താൻ തുടങ്ങുമ്പോൾ പിന്നിൽ നിന്ന് ഒരു കൈ അയാളെ തടയുന്നു.
നവീൻ ആണ്. അയാൾ ചിരിച്ചു കൊണ്ട്…സാമിനെ തടയുന്നു..
“സാമേട്ടാ…വിട്…ഗെയിം ആണെന്ന് നേരത്തെ പറഞ്ഞതല്ലേ…ഇത് ഞങ്ങൾ ചുമ്മാ തമാശയ്ക്ക്..”
സാം..
“ഓ അപ്പൊ..നീയും കൂടി അറിഞ്ഞോണ്ടുള്ള…പരിപാടിയായിരുന്നു അല്ലെ..”
നവീൻ ചിരിക്കുന്നു. അയാൾ ശിവയെ കൈ കൊടുത്ത് എഴുന്നേൽപ്പിക്കുന്നു.
സാം കിട്ടിയ ദേഷ്യത്തിൽ ശിവയെ അടിക്കുന്നു. എന്നിട്ട് തിരിച്ചു ചെന്ന് കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിൽ ഒഴിച്ച് കഴിക്കുന്നു…അയാളുടെ മുഖത്ത് ജാള്യം ഉണ്ട്..
ശിവ ചിരിക്കുന്നു…
ഹരി..(നിരാശയും ദേഷ്യവും മറച്ചു വെയ്ക്കാതെ )
“സാമേട്ടാ..വാ നമുക്ക് പോകാം..ഇനി ഇവിടെ നിന്നാൽ ഞാൻ കൊലപാതകത്തിന്ഇ ഉത്തരം പറയേണ്ടി വരും..ശിവാ…നിനക്കിതിന്റെ വല്ല കാര്യവുമുണ്ടോ…ചുമ്മാ…”
നവീൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…സാമും ഹരിയും ബേസ്മെന്റ് സ്റ്റെയർ കേസിന് അടുത്തേക്ക് നടക്കുന്നു.
നവീൻ, ബാർ ടേബിളിൽ ഒഴിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസ്സിൽ നിന്നും സിപ് എടുത്തിട്ട് ഹരിയുടെയും സാമിന്റെയും കൂടെയെത്താൻ ഓടുന്നു.
മൂന്നു പേരും ശിവയോട് യാത്ര പറയാതെ മുകളിലേക്ക് പോകുന്നു..
ശിവ ഒന്നും മിണ്ടാതെ തന്റെ ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ച് കഴിക്കുന്നു.
ബേസ്മെന്റിലെ അരണ്ട വെളിച്ചം …അവിടിവിടെയായി ചിതറി കിടക്കുന്ന പുസ്തകങ്ങൾ. അതിലൊരെണ്ണം..
“How to kill !” (ക്ളോസപ്പ്..)
പുറത്ത്..
മൂന്നു പേരും വന്ന കാറുകൾ കോമ്പൗണ്ട് വിട്ടു ദൂരേയ്ക്ക് പോകുന്നു.
[EXT]
ഹരിയുടെ കാർ
[ഇന്റീരിയർ]
ഹരി :
സാമേട്ടാ, എന്റെ ഫോണൊന്നു ചാർജറിൽ കണക്റ്റ് ചെയ്തേ..
സാം ഫോൺ എടുത്ത് കണക്ട് ചെയ്യുന്നു. ഫോൺ ഓൺ ആയി വരുന്നു.
സാം..(ഫോണെടുത്ത് നോക്കിയിട്ട്)
ഡാ മുഹൂന്റെ ഒരു വോയിസ് മെയിൽ ഉണ്ടല്ലോ..
ഹരി..
ആണോ..എപ്പോൾ വന്നതാണ്..
സാം..
രാവിലെ ആണെന്ന് തോന്നുന്നു..നീ ഇത് വരെ കണ്ടില്ലേ..
ഹരി.
ആ ഫോണിനെന്തോ കുഴപ്പമുണ്ട്. വോയ്‌സ് മെയിൽ കിട്ടാൻ ഫോൺ റീ സ്റ്റാർട് ചെയ്യണം. അവന്റെ മിസ്ഡ് കോൾ കണ്ടതും ഇല്ല..അതൊന്നു പ്ളേ ചെയ്തേ..
സാം വോയിസ് മെയിൽ പ്ളേ ചെയ്യുന്നു.
[മുഹുവിന്റെ ശബ്ദം..ടെൻഷൻ ഉണ്ട് ]
“ഡാ ഹരി..ഒരത്യാവിശ കാര്യം ഉണ്ട്. നീ സമയം കിട്ടുമ്പോൾ വിളിക്കണേ..ആ ശിവയെ സൂക്ഷിക്കണം. അവന്റെ ഭാര്യ ലിസ..അവൾ അവനെ ഇട്ട് പോയതൊന്നുമല്ല….അവൻ കൊന്നതാണ് അവളെ. എന്നിട്ട് വീടിന്റെ പിന്നിൽ എവിടെയോ കുഴിച്ചിട്ടു. വെള്ളമടിച്ചു ഭ്രാന്തായപ്പോൾ ദേ ഇപ്പൊ ഇവിടിരുന്ന് പറഞ്ഞതാണ്.. നീ സമയം കിട്ടുമ്പോൾ വിളി. ഞാനെന്തായാലും അവന്റെ അടുത്തൂന്ന് ഇറങ്ങുവാ…..ഇതെങ്ങാനാ, നമ്മൾ പോലീസിനോട് പറയണോ..അതോ അവന്റെ ട്രിക് ആണോ..സാമേട്ടനോട് ഒന്ന് സൂചിപ്പിച്ചെക്ക്..ഞാൻ പിന്നെ വിളിക്കാം…”
(അയാളുടെ തലയിൽ എന്തോ വന്നടിക്കുന്ന ഒരു ശബ്ദവും ഒരു ഞെരുങ്ങലും വോയിസ് മെസേജ് കട്ടാവുന്നു..)
[EXT] ഹെലിക്യാം ഷോട്ട്.
റോഡിൽ നിന്നും പുറത്തേക്കിറങ്ങി പാർക് ചെയ്ത കാറിന്റെ ഷോട്ട്. മുൻ വശത്ത് നിന്നും …
പുറത്ത് നിന്നും കാറിന്റെ മുൻ ഗ്ലാസ്സിലൂടെ ഹരിയുടെയും സാമിന്റെയും മുഖം വ്യക്തമാകുന്ന ഷോട്ട്. അവരുടെ മുഖത്ത് പേടി..ടെൻഷൻ.
[ഇന്റീരിയർ ഷോട്ട് ]
കാറിന്റെ ഉള്ളിൽ നിന്നും ഹരിയുടെയും സാമിന്റെയും വിളറിയ മുഖം കാണിച്ചു കൊണ്ടുള്ള ഷോട്ട്.
ഹരി ഫോണിൽ മുഹുവിനെ വിളിക്കുന്നു (കാർ ഓഡിയോ സ്‌ക്രീനിൽ കാളിങ് മുഹു എന്ന് കാണാം..)
[EXT] ഹെലിക്യാം ഷോട്ട്.
[EXT]
ശിവയുടെ വീടിന്റെ മുറ്റം.
ഒരു പഴയ വിന്റേജ് കാർ. കാറിന്റെ ട്രങ്കിൽ നിന്നും പുറത്തേക്കുള്ള വ്യൂ.
ശിവയുടെ മുഖം കാണാം. അയാൾ ഒരു മൊബൈൽ സ്വിച് ഓഫ് ആക്കി ട്രങ്കിലേക്ക് ഇടുന്നു. ഒരു വെളുത്ത തുണി വന്നു ക്യാമറ മറയുന്നു..
ഡ്രോൺ വ്യൂവിൽ വിന്റേജ് കാർ ഡ്രൈവ് വേയിൽ നിന്നിറങ്ങി റോഡിലൂടെ പോകുന്നത് കാണാം. ഡ്രൈവർ സീറ്റിൽ ശിവയുണ്ട്.
[Credits Scroll]
പശ്ചാത്തലത്തിൽ കവിത…ശിവയുടെ ശബ്ദത്തിൽ.
ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര
ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര
മരണമൊരു പാലം പണിതുയർത്തീടുന്നു, നാം വേർപിരിഞ്ഞോരീ കരകൾ തമ്മിൽ
ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര
ചിതലുകൾ അക്ഷര രുചിയറിഞ്ഞീടുമാ, പുസ്തക കൂട്ടങ്ങൾ മറവിയൂട്ടി…
കാർമേഘ ശലഭങ്ങൾ ചിറകടിച്ചുയരുമാ വന നിബിഡങ്ങളെ പിന്നിലാക്കി ..
ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര
നാം രണ്ടു കരകൾ ..നാം രണ്ടു കരകൾ ..
നമുക്കിടയിലൊഴുകും ചെഞ്ചോര മണമുള്ള ചുവന്നയാഴി…
നാം രണ്ടു കരകൾ, നമുക്കിടയിൽ ചെഞ്ചോര മണമുള്ള ചുവന്നയാഴി……
– ടൈറ്റിൽ –
(1) The Lonely man of Tennessee Woods
(ക്രെഡിറ്റ് സ്ക്രോൾ ചെയ്യുന്നു..)
Youtube Link – https://www.youtube.com/watch?v=af84xI-nU2U&t=143s