ബിഗ് ബോസ് ഷോ സ്ഥിരമായിട്ടല്ലെങ്കിലും കാണാറുള്ള ഒരു വ്യക്തിയാണ് ഈയുള്ളവൻ. മലയാളം ചാനലുകളിൽ നിലവിൽ ആകെക്കൂടി കാണുന്ന ഒരു പ്രോഗ്രാം ആണിത്. നമ്മുടെ സമൂഹത്തിന്റെ കൃത്യമായ പരിച്ഛേദ്ദം ഒന്നും അവിടെയില്ലെങ്കിലും നാട്ടിലിറങ്ങി നടന്നാലോ, സമൂഹമാധ്യമങ്ങളിൽ കയറിയാലോ കിട്ടാൻ ചാൻസുള്ള ഒരു നാലഞ്ചു വെറൈറ്റി സ്വഭാവ വിശേഷങ്ങൾ ഉള്ളവരെ ബിഗ് ബോസ് ഹൗസിൽ കണ്ടുമുട്ടാം. മനുഷ്യ സമൂഹം വളർച്ച പ്രാപിക്കുന്നത് ഗോസിപ്പ് എന്ന സ്വഭാവം കൂട്ടായിട്ട് ഉള്ളത് കൊണ്ടാണെന്നാണ് “ഹരാരി” പറഞ്ഞിട്ടുള്ളത്. ആ പ്രിൻസിപ്പിൾ അനുസരിച്ചു നോക്കിയാൽ ഉത്തമ മാതൃകകൾ നമ്മുടെ സമൂഹത്തിലും ഹൗസിനകത്തും കാണാൻ കഴിയും. പെർഫോമൻസ് അപ്രൈസൽ മീറ്ററിംഗിലും മറ്റു വൺ ഓൺ വൺ മീറ്റിങ്ങുകളിലും ഒരേ ടീമിൽ തോളിൽ കയ്യിട്ട് നടക്കുന്നവരെക്കുറിച്ചു ആളുകൾ ദുഷിപ്പ് അടിക്കുന്നത് കേൾക്കാറുള്ളത് കൊണ്ട് ബിഗ് ബോസ് ഷോ കാണുന്പോൾ അങ്ങനെ ഒരു രസം തോന്നാറുണ്ടായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ സീസണിൽ സാബുവും, പേളിയും, അർച്ചനയും, രഞ്ജിനിയും ഒക്കെയുണ്ടാക്കിയ വൈബും കണ്ടന്റും ഒന്നും ഈ സീസണിൽ ഉണ്ടായിരുന്നില്ല.
പരിപാടി സ്ക്രിപ്റ്റഡ് ആണോ എന്ന് ചോദിച്ചാൽ ആവാൻ വഴിയില്ല പക്ഷെ എഡിററിംഗിൽ ഒരു സ്ക്രിപ്റ്റിങ് ഉണ്ട്.
എനിവെയ്‌സ്, രജത് കുമാറിലേക്ക് വരാം. ഇങ്ങനെയൊരു കഥാപാത്രത്തിന്റെ മുൻ ചരിത്രം അറിയാവുന്നത് കൊണ്ട് അയാളുടെ വരവ് കൗതുകത്തോടെയാണ് നോക്കിയിരുന്നത്. അയാൾ പുറത്തെങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും. ഈ പോയിന്റ് ഒരുപാട് പേർക്ക് അയാളെ ആരാധനയോടെ കാണാൻ പ്രേരിപ്പിച്ച ഒരു ഘടകം ആയിരിക്കും. നിത്യ ജീവിതത്തിൽ ഒരു പാട് ട്രംപ് സപ്പോർട്ടേഴ്സിനെ കാണാറുള്ളത് കൊണ്ട് ഈയൊരു കാര്യത്തിൽ നമുക്ക് ആ ഉദാഹരണം എടുക്കാം. ട്രംപിനെ ഇഷ്ടമാണ് എന്ന് പറയുന്ന മലയാളികളിൽ പലരും പറയുന്നത് അയാൾ “പറഞ്ഞത് പോലെ ചെയ്യും” എന്നാണ്. “ഹീ ഡെലിവേഴ്സ് വാട്ട് ഹീ പ്രോമിസ്ഡ്” അതായത് പ്രസിഡന്റ് ആവുന്നതിനു മുന്നേ എങ്ങനെയാണോ അത് പോലെ തന്നാണ് ആയിക്കഴിഞ്ഞും എന്ന്. നിലപാടുകളിൽ മാറ്റമില്ല എന്ന്. പക്ഷെ ആ നിലപാടുകളുടെ മെരിറ്റിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാവില്ല. രജത് കുമാറിന്റെ കാര്യത്തിലും അത് കാണാം.
ട്രംപിനെ ആരാധിക്കുന്ന ഒരാൾ പറഞ്ഞത്..”എലൈറ്റുകൾ/ലിബറലുകൾ അയാളെ എപ്പോഴും ടാർഗറ്റ് ചെയ്യുന്നു..ഒറ്റപ്പെടുത്തുന്നു…സൊ ഞാൻ അയാളെ സപ്പോർട് ചെയ്യും..”. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നൊരു പ്രതീതി ആദ്യം മുതൽക്കേ സൃഷ്ടിച്ച ഒരാൾ ആയിരുന്നു ഡോ. രജത്. പിന്നീട് അതൊരു പ്ലാൻഡ് മെയ്ക് ബിലീഫ് ആണെന്നുള്ള കാര്യം വെളിവാകുന്നുണ്ടെങ്കിലും ആരാധകർ അതൂക്കും മേലേയായി രജതിനെ പ്രതിഷ്ഠിച്ചിരുന്നു.
രജത്തിന്റെ ഫാൻ ഫോളോവേഴ്‌സിൽ എംബിബിഎസ് സ്റുഡന്റ്സും, എഞ്ചിനിയറിംഗ് സ്റ്റുഡന്റ്സും, വിദ്യാസമ്പന്നർ എന്ന് നമ്മൾ ധരിക്കുന്ന ഒരുപാട് ആളുകളും ഉണ്ടെന്ന് കാണാം. അവരിൽ പലരും ഒരു പക്ഷെ അയാളുടെ ഗെയിമർ എന്ന വശത്തെയായിരിക്കാം എൻഡോർസ് ചെയ്യുന്നത് പക്ഷെ അയാൾ അതിനെ കാണുന്നത് താൻ എന്ന പാക്കേജിന് മൊത്തത്തിൽ കിട്ടുന്ന പിന്തുണ ആയിട്ടാണ്.
മലയാളി ഇങ്ങനെയാണോ, മലയാളിക്കിത് എന്ത് പറ്റി എന്നൊക്കെ പറഞ്ഞു ആശങ്കപ്പെടുന്നവരെ ഈ സംഭവത്തിന് ശേഷം ഓൺലൈനിൽ കാണാം(അതിൽ പലതും പൊളിറ്റിക്കൽ കുശുമ്പ് കൊണ്ടാണെന്ന് ഒറ്റ വായനയിൽ മനസിലാക്കാം..അല്ലാത്തവയും ഉണ്ട്..) . മലയാളി എല്ലാക്കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. മലയാളിയെപ്പറ്റിയുള്ള സകല ഇമ്പ്രെഷനും മാറാൻ ഓൺലൈൻ പത്രങ്ങളുടെയോ സെലിബ്രിറ്റി പ്രൊഫൈലുകളുടെയോ അടിയിൽ വരുന്ന കമന്റുകൾ വായിച്ചാൽ മതി എന്നത് എത്രയോ വർഷങ്ങൾക്ക് മുന്നേ എന്റെ ടൈംലൈനിൽ ഞാൻ എഴുതിയിട്ടുള്ളതാണ്. നാം “കേരളം നമ്പർ വൺ” “പുരോഗമന കേരളം” “സാക്ഷര കേരളം” എന്നൊക്കെ പറഞ്ഞു പാടി നടക്കുന്നത് ഇന്റലക്ച്വലും, വായനാശീലമുള്ളവരും, പുരോഗമന ചിന്താഗതിക്കാരുമായ ചില വിഷനറികൾ സമൂഹത്തിൽ ക്രിയാത്മകമായി ഇടപ്പെട്ടതിന്റെയും, ഭരണം നടത്തിപ്പോന്നിരുന്നതിന്റെയും ഗുണഫലം കൊണ്ടാണ്. അതിനു പല ഘടകങ്ങളുണ്ട്. പല താരതമ്യങ്ങളുണ്ട്. കേരളത്തിനകത്തും പുറത്തും സഞ്ചരിക്കുന്നവർക്ക് അത് കൃത്യമായി മനസിലാക്കാൻ കഴിയും.
കൂട്ടക്ഷരം വായിച്ചാൽ തലകറങ്ങുന്ന, പുരോഗമനം – സ്ത്രീ പക്ഷം – തുല്യത – മതേതരം – സയന്റിഫിക് ടെമ്പർ – എന്നൊക്കെ കേട്ടാൽ ഓക്കാനം വരുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. തങ്ങളുടെ മനസ്സിൽ കാലാകാലങ്ങളായി അടിഞ്ഞു കൂട്ടിക്കിടക്കുന്ന വിശ്വാസങ്ങളെയും തോന്നലുകളെയും ശാസ്ത്രത്തിന്റെ മേമ്പൊടിയിട്ട് കുറെ വിദ്യാഭ്യാസ വാലുകൾ മുന്നിലും പിന്നിലും കൊണ്ട് നടക്കുന്ന ഒരാൾ ഒരു വിഷ്വൽ മീഡിയത്തിൽ ഇരുന്നു പറയുമ്പോൾ സ്വാഭാവികമായും ആളുകൾക്ക് അയാളോട് ആരാധന തോന്നും. എയർപോർട്ടിൽ അയാളെ സ്വീകരിക്കാൻ വരുന്ന കൂട്ടത്തിലോ, അയാളുടെ ആർമി എന്ന് പറഞ്ഞു ഓൺലൈൻ തെറിവിളിക്കൂട്ടത്തിലോ പെടാതെയുള്ള ഒരു നിശബ്ദ ഭൂരിപക്ഷം സമൂഹത്തിൽ ഉണ്ട്. മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികൾ അവരാണ്. അവരെ സംബന്ധിച്ചിടത്തോളം കക്ഷം കാണിച്ചു ഉടുപ്പിടുന്ന, രാത്രി വൈകി സുഹൃത്തുക്കൾക്കൊപ്പം വെളിയിൽ ഇറങ്ങി നടക്കുന്ന, ജീൻസിട്ട് നടക്കുന്ന, സിഗരറ്റ് വലിക്കുന്ന പെൺകുട്ടികൾ എല്ലാം രജത് കുമാറിന്റെ വിമർശനത്തിന് വിധേയർ ആവേണ്ടവർ ആണെന്ന തോന്നൽ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്. ഒരു രജത് കുമാർ പോയാൽ മറ്റൊരാൾ അവർക്ക് റെപ്രസന്റ ചെയ്യാൻ കഴിയുന്ന അവതരണവുമായി വരുമ്പോൾ അയാൾക്ക് പിന്നാലെ പോകും.
ഇനി, അങ്ങനെയൊന്നുമല്ലാത്ത ഒരുപാട് പേരും സമൂഹത്തിലുണ്ട്. അത്തരം ആളുകളുടെ നിരന്തരശ്രമം ആണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. അങ്ങനെയുള്ളവരും എണ്ണത്തിൽ കുറവല്ല എന്നത് കൊണ്ടാണ് സമൂഹം ഒരു ബാലൻസിംഗിൽ മുന്നോട്ട് പോകുന്നത്, ഇല്ലെങ്കിൽ നമ്മൾ ഇപ്പോഴും പ്രാകൃത മനുഷ്യരുടെ യുഗത്തിൽ കഴിഞ്ഞേനെ. മനുഷ്യൻ തീ പോലും കണ്ടു പിടിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്.