മരുന്ന് :: കുട്ടിക്കഥ


വിജനമായ ഒരു രാജപാതയുടെ അരികിലായിരുന്നു അവരുടെ വീട്. ദൂരേയ്ക്ക് ഒരു നേർ രേഖ പോലെ കിടക്കുന്ന നാല് വരിപാത അകലെയുള്ള ഒരു നഗരത്തെ അവരുടെ വീടിനടുത്തുള്ള മറ്റൊരു നഗരവുമായി ബന്ധിപ്പിച്ചു കടന്നു പോകുന്നു. പാതയ്ക്കിരുവശത്തും കണ്ണെത്താത്ത ദൂരത്തോളം പുൽമേടാണ്. ഉണങ്ങിയ പുൽനാമ്പുകൾ തവിട്ടു നിറത്തിൽ പരന്നു കിടക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ഒന്നോ രണ്ടോ വലിയ മരങ്ങൾ കണ്ടെന്നാലായി. പാതയുടെ ഇടതു വശത്തെ പുൽമേടിനു നടുക്കൊരു വലിയ മരം നിൽക്കുന്നുണ്ട്. അത്രയും വലിയ പുൽമേട്ടിൽ ഒരൊറ്റ മരം മാത്രം പാതയിൽ നിന്ന് നോക്കിയാൽ കാണാം.
വേനൽക്കാലത്ത്, സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടു മുന്നേ പാതയിലൂടെ പോകുന്നവർ നോക്കിയാൽ ഒരു പക്ഷെ തോന്നുക സൂര്യൻ ഇളം ചുവപ്പും കാറ്റും ചുവപ്പും പിന്നിട്ടു ഇരുളിലേക്ക് മറയുന്നത് സത്യത്തിൽ ആ വലിയ മരത്തിന്റെ ശിഖിരങ്ങളിലൂടെ അരിച്ചിറങ്ങി വേരുകൾ വഴി ഭൂമിക്കടിയിലേക്ക് ആണെന്ന്.
ഉദിച്ചു വരുന്നത് എതിർദിശയിൽ വേരുകൾക്കിടയിൽ നിന്ന് മരച്ചില്ലകൾ തഴുകി, തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇലക്കൂട്ടങ്ങൾക്ക് പിന്നിൽ കുങ്കുമ വർണ്ണം വാർ വിതറി ആ വൃക്ഷത്തിനൊരു ദൈവീക പരിവേഷം നൽകിക്കൊണ്ടാണ്. പുൽമേടിനിടയിലൂടെ തെളിഞ്ഞ അരുവി.

അരുവിയ്ക്ക് പിന്നിൽ ദൂരെയായി ഒരു ചെറിയ വീട്. ആ വീട്ടിലാണ് അയാളുടെ താമസം. അയാൾക്ക് രണ്ടു മക്കൾ. ഒരു പെൺകുട്ടിയും ആൺകുട്ടിയും. നഗരത്തിലെ ബേക്കറിയിൽ റൊട്ടിയും കേക്കും ഉണ്ടാക്കുന്ന ജോലിയായിരുന്നു അയാൾക്കുണ്ടായിരുന്നത്.

നഗരത്തിലും ഗ്രാമത്തിലുമെല്ലാം മഹാമാരി വന്നു കൂടിയതിനു ശേഷം പാതയിലൂടെ അപൂർവമായേ ആളുകളും വാഹനങ്ങളും കടന്നു പോകാറുള്ളൂ. ആളുകൾ പുറത്തധികം ഇറങ്ങാത്ത അനേകം മാസങ്ങളായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. പുറത്തിറങ്ങിയവരിൽ പലരും രോഗം പിടിപ്പിട്ടു മരിച്ചു വീണതിനെത്തുടർന്നു കൂടുതൽ കൂടുതൽ പേര് വീട്ടിനുള്ളിൽ തന്നെ ചടഞ്ഞു കൂട്ടിയിരിത്തം ശീലമാക്കി. കാലക്രമേണ ആളുകൾക്ക് മറ്റുള്ളവരെ കാണുന്നത് തന്നെ ഇഷ്ടമില്ലാതായിത്തുടങ്ങി. അവനവന്റെ കൂരയ്ക്കുള്ളിൽ ചടഞ്ഞു കൂടി മടി പിടിച്ചവരായി മനുഷ്യർ പതുക്കെ പതുക്കെ മാറിയിരുന്നു.

ആളുകൾ വരാതായതിനെത്തുടർന്നു ബേക്കറിയും കാപ്പി പീടികയും അടച്ചിടേണ്ടി വന്നത് കൊണ്ട് അയാൾക്ക് ജോലി നഷ്ടമായതിനു പിന്നാലെ ആയാളും മക്കളോടൊപ്പം വീട്ടിൽ തന്നെ ചടഞ്ഞു കൂട്ടിയിരിക്കാൻ ശീലിച്ചു.

കുട്ടികൾ എന്നും വൈകുന്നേരം പുറത്തേക്കിറങ്ങും. അവർ രണ്ടു പേരും പൂവിട്ടു നിൽക്കുന്ന ചെടികളെ തഴുകി, പൊന്തക്കാട്ടിൽ നിന്നും ഇടയ്ക്കു ചാടി വന്നോടി പോകുന്ന മുയലുകൾക്കും മാൻ കുഞ്ഞുങ്ങൾക്കും പിന്നാലെ ഓടി പുൽമേടിനു നടുവിലൂടെ ഒഴുകുന്ന അരുവിയുടെ തീരങ്ങളിലൂടെ കളിച്ചു നടക്കും.

സൂര്യൻ അസ്തമിക്കുന്നതിനു മുന്നെയാണെങ്കിൽ തെളിഞ്ഞ വെള്ളത്തിൽ പുൽമേടുകൾ സ്വർണ്ണ വർണ്ണം പുൽകുന്നതിന്റെ പ്രതിബിംബത്തിൽ പരൽമീനുകൾ നീന്തിയൊഴുകുന്നത് കണ്ടിരിക്കാൻ അവർക്ക് ഒരുപാടിഷ്ടമാണ്.
കയ്യിൽ ചിലപ്പോൾ അന്നേരത്തെ വിശപ്പടക്കാൻ വീടിനു പിന്നിലെ തോട്ടത്തിൽ നിന്നും പറച്ചെടുത്ത ശീമ ചാമ്പക്കയോ, അരി നെല്ലിക്കയോ, അല്ലെങ്കിൽ അച്ഛൻ ചുട്ടെടുത്ത് തന്ന മർദ്ദവമുള്ള റൊട്ടിയോ കാണും.

ഇരുട്ട് പരക്കുമ്പോഴേ അവർ തിരിച്ചു വീട്ടിലേക്ക് വരൂ.

ഒരു ദിവസം വീട്ടിലെത്തിയ ഇളയ മകൾ അയാളോട് പറഞ്ഞു..

“അച്ഛാ, ഇന്ന് ഞങ്ങൾ പുഴയ്ക്കരയിൽ കളിയ്ക്കാൻ ചെന്നപ്പോൾ ഒരു വിചിത്ര ജീവിയെക്കണ്ടു…”
“വിചിത്ര ജീവിയോ..” അയാൾ ചോദിച്ചു.
“അതെ അച്ഛാ…ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ജീവി. പക്ഷെ നല്ല ഭംഗിയുണ്ടായിരുന്നു അതിനെക്കാണാൻ..” , അവൾ പറഞ്ഞു..
“അത് നീ വല്ല മനുഷ്യരേയുമാവും കണ്ടത്..സൂക്ഷിക്കണം..അവർ ചിലപ്പോൾ രോഗം പരത്തുന്നവർ ആയിരിക്കും…”, അയാൾ ആശങ്കപ്പെട്ടു..
“അല്ല അച്ഛാ…മനുഷ്യരല്ല…ഈ പരിസരത്തെവിടെയെങ്കിലും നമ്മളല്ലാതെ മറ്റു മനുഷ്യർ ഉണ്ടെന്ന് തോന്നുന്നില്ല…മാത്രവുമല്ല, ഇത് മനുഷ്യരെപ്പോലെ തോന്നിപ്പിച്ചിരുന്നെങ്കിലും മനുഷ്യരെക്കാൾ ഭംഗിയുള്ള ഒരു ജീവി ആയിരുന്നു..” മകൻ കൂട്ടിച്ചേർത്തു.
അയാൾ അവർക്ക് അത്താഴം വിളമ്പിക്കൊടുത്ത്, കഥകൾ പറഞ്ഞു കൊടുത്ത് ഉറക്കി …അത് വരെയും അങ്ങനൊരു ജീവിയെക്കുറിച്ചു മകനും മകളും സംസാരിക്കാതിരിക്കാൻ അയാൾ ഏറെ ശ്രദ്ധിച്ചു.

നേരം പുലർന്നു..പതിവ് പോലെ വീട്ടിനുള്ളിൽ ചടഞ്ഞിരിപ്പായിരുന്നു പകൽ മുഴുവനും അയാളും കുട്ടികളും.
സന്ധ്യ ആയപ്പോൾ മക്കൾ രണ്ടു പേരും പുഴക്കരയിലേക്ക് ഓടി.
“സൂക്ഷിച്ചു പോകണേ..” അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.

കളി കഴിഞ്ഞു തിരിച്ചു വന്ന മക്കൾ, പുതിയ ജീവിയെക്കുറിച്ചുള്ള വിശേഷങ്ങളുമായാണ് തിരികെ വന്നത്.

“ഇന്നാ ജീവി ഞങ്ങളെ ചിരിച്ചു കാണിച്ചു..” അവർ പറഞ്ഞു.
“ഇത് മനുഷ്യൻ തന്നെ..മനുഷ്യർക്ക് അല്ലാതെ ആർക്കാണ് ചിരിക്കാൻ കഴിയുക…സൂക്ഷിക്കണം..” അയാൾ ഭീതിയോടെ പറഞ്ഞു.
“മനുഷ്യൻ അല്ല അച്ഛാ…അത് ഞങ്ങൾക്ക് ഉറപ്പാണ്…മനുഷ്യർക്ക് ചിറകുകൾ ഇല്ലല്ലോ…ഈ ജീവിക്ക് നേർത്ത ചിറകുകളുണ്ട്…സൂക്ഷിച്ചു നോക്കിയാൽ കാണാൻ കഴിയുന്ന ചിറകുകൾ..ഇടയ്ക്ക് അച്ഛൻ പറഞ്ഞു തന്ന കഥകളിലെ മാലാഖകളെപ്പോലെ..” അവർ പറഞ്ഞു.
“നിങ്ങൾക്ക് തോന്നുന്നതായിരിക്കും..”
“അല്ല അച്ഛാ..സത്യം…വിശ്വാസമായില്ലെങ്കിൽ അച്ഛൻ നാളെ ഞങ്ങളുടെ കൂടെ വരണം..”
എത്രയോ മാസങ്ങളായി താൻ വീടിനു വെളിയിൽ ഇറങ്ങിയിട്ട് എന്ന കാര്യം അയാൾ അപ്പോഴാണ് ഓർത്തത്. മക്കൾ മറ്റു മനുഷ്യരുമായി ഇടപഴുകുന്നത് അയാൾക്ക് ഇഷ്ടവുമല്ലായിരുന്നു. ഇനിയൊരു മനുഷ്യനെ കണ്ടു മുട്ടിയാൽ കൊന്നു കളയണം എന്ന് കരുതി അയാൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന പഴയ ഒരു തോക്ക് ആ വീട്ടിൽ ഉണ്ടായിരുന്നു. അയാൾ അന്ന് രാത്രി മക്കളെ കഥ പറഞ്ഞുറക്കി കഴിഞ്ഞപ്പോൾ പഴയ ആ തോക്ക് കയ്യിലെടുത്ത് തുടച്ചു വെച്ചു.

പുറത്ത് നിലാവിന്റെ വെളിച്ചം പുൽമേടുകളെ വെളുത്ത പട്ടു മൂടിയത് പോലെ പുതച്ചു കിടക്കുന്നു. തോക്കും കയ്യിലെടുത്ത് അയാൾ പുറത്തേക്കിറങ്ങി.
വലിയ മരത്തിന്റെ മുകളിൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.
അയാൾ കുട്ടികൾ എന്നും കളിയ്ക്കാൻ പോകുന്ന പുഴയരികിലേക്ക് നടന്നു.

വെള്ളി നിലാവ് ഒഴുകിപ്പരക്കുന്ന അരുവി. ചെറിയ തണുത്ത കാറ്റ്. അയാൾ പുഴയരികിലൂടെ നടന്നുകൊണ്ടേയിരുന്നു. എത്രയോ മാസങ്ങൾക്ക് ശേഷമാണ് അയാൾ അത്തരത്തിൽ പുറത്തിറങ്ങി നടക്കുന്നത്. അയാളെ മൂടിക്കിടന്നിരുന്ന മടുപ്പും നിരാശയും കാറ്റിൽ അലിഞ്ഞു മറയുന്നത് പോലെ അയാൾക്ക് തോന്നി.

പുൽമേടിനുള്ളിലൂടെ അരുവി വളഞ്ഞു പുളഞ്ഞൊഴുകുകയാണ്. ദൂരെയൊരു മണൽപ്പരപ്പിൽ ആരോ കിടക്കുന്നതായി അയാൾക്ക് തോന്നി. ഇത് മനുഷ്യൻ തന്നെ. അയാൾ തന്റെ തോക്കിന്റെ മേലുള്ള പിടി മുറുക്കി.

അയാൾ കൂടുതൽ അടുത്തെത്തിയപ്പോഴേക്കും മണൽപ്പരപ്പിൽ കിടന്നിരുന്ന ജീവി എഴുന്നേറ്റു നിന്നു.

കുട്ടികൾ പറഞ്ഞത് വളരെ ശരിയാണ്. അയാൾ അന്നോളം കണ്ടിട്ടില്ലാത്തത്ര സൗന്ദര്യമുള്ള ഒരു ജീവി.

അയാൾ അടുത്തേക്ക് ചെല്ലും തോറും ആ ജീവി മന്ദഹസിക്കാൻ തുടങ്ങി. മനുഷ്യർക്കല്ലാതെ ഇത്ര ഭംഗിയായി ചിരിക്കാൻ ആർക്കാണ് കഴിയുക.

“നീ ആരാണ്..” അയാൾ ചോദിച്ചു.
ആ ജീവി ചിരിക്കുന്നത് തുടർന്നു..
“മനുഷ്യർക്ക് ഈ പുൽമേട്ടിൽ പ്രവേശനം ഇല്ല എന്നറിയില്ലേ…” അയാൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി.

“അതിന് ഞാൻ മനുഷ്യനല്ലല്ലോ..”
അത്ഭുതം, ഈ ജീവിയ്ക്ക് മനുഷ്യരുടെ ഭാഷയിൽ സംസാരിക്കാനറിയാം. അയാൾ മനസ്സിലോർത്തു.

“നീ മനുഷ്യനേക്കാൾ സൗന്ദര്യം ഉള്ള മറ്റെന്തോ ജീവിയാണ്..” അയാൾ പറഞ്ഞു.
ആ ജീവി പതുക്കെ മന്ദഹസിച്ചു.

“എന്റെ കുഞ്ഞുങ്ങളെ അപായപ്പെടുത്താനാണോ നീ ഇവിടെ വന്നത്..” അയാൾ ചോദിച്ചു.
“അല്ല..രക്ഷിക്കാനാണ്..”
“രക്ഷിക്കാനോ..എങ്ങനെ ” അയാൾ തോക്കു ഉന്നം പിടിച്ചത് മാറ്റാതെ ചോദ്യം തുടർന്നു.

“മനുഷ്യർക്ക് എത്തിപ്പെടാൻ സാധ്യമല്ലാത്ത ഒരു അനേകായിരം നക്ഷത്ര ദൂരത്തു നിന്നുമാണ് ഞാൻ വരുന്നത്..മനുഷ്യരുടെ ദുഃഖം കണ്ടു സഹിക്കാതെ ഈ ദൂരമത്രയും സഞ്ചരിച്ചു ഇങ്ങു വന്നതാണ്..”
“നീ നുണ പറയുകയാണ്..”
“അല്ല മനുഷ്യാ…ഞങ്ങളുടെ നക്ഷത്രത്തിൽ ഞങ്ങളെപ്പോലുള്ള ജീവികൾ മാത്രമേയുള്ളൂ…ഭൂമിയെപ്പോലെ സ്വർഗ്ഗമല്ല അത്…പഞങ്ങൾക്ക് കൂട്ടിനു മറ്റു ജീവികൾ ഒന്നും തന്നെയില്ല….പക്ഷെ അവിടെയിരുന്ന് നോക്കുന്പോൾ ഞങ്ങൾ മനുഷ്യരുടെ സന്തോഷം കണ്ടു ആഹ്ലാദിക്കുമായിരുന്നു. മനുഷ്യരും, മുയലുകളും, പൂമ്പാറ്റകളും, പുൽച്ചാടികളും, തുമ്പികളും, മറ്റനേകം ജീവജാലങ്ങളും നിറഞ്ഞ ഈ ഭൂമി ഒരു സ്വർഗ്ഗമാണെന്ന് ഞങ്ങൾ ഇടയ്ക്കിടെപ്പറയും…ആ ഭൂമിയുടെ ഇന്നത്തെ സ്ഥിതിയിൽ ഞങ്ങൾ ദുഃഖിതരാണ്…നിങ്ങൾ മനുഷ്യർ ചിരിക്കാൻ മറന്നു പോയിരിക്കുന്നു..കൂട്ടുകൂടാൻ മറന്നു പോയിരിക്കുന്നു ”
“നിനക്കറിയുമോ എന്നറിയില്ല…ഒരു മഹാരോഗം വന്നു ഞങ്ങളെ പരസ്പരം അകറ്റിയതാണ്..”, അയാൾ തന്റെ വിറയ്ക്കുന്ന ചുണ്ടുകൾ ചലിപ്പിച്ചു പറഞ്ഞു.
“അറിയാം…”
കുറച്ചു നേരം നിശബ്ദത വന്നവരെ മൂടി നിന്നു.

“മനുഷ്യർക്ക് പഴയപടി ആവണം എന്നുണ്ടെങ്കിൽ പരസ്പരം ഒരുമിച്ചേ മതിയാവൂ ” ആ ജീവി പറഞ്ഞു.
“അത് നടക്കുമെന്ന് തോന്നുന്നില്ല….പരസ്പരം കാണുന്നത് തന്നെ മനുഷ്യർക്കിപ്പോൾ പേടിയാണ്…”

“അത് മാറണം..എന്റെ നക്ഷത്രത്തിൽ നിന്നുള്ള ഒരു മരുന്നുമായാണ് ഞാൻ വന്നിരിക്കുന്നത്. ”
“എന്താണത്..അയാൾ ചോദിച്ചു…”
ആ ജീവി തന്റെ വെള്ളി നിറമുള്ള ചിറകുകൾ ചലിപ്പിച്ചു അയാളുടെ അടുത്തേക്ക് വന്നു…സുന്ദരമായ കണ്ണുകൾക്കിടയിൽ നിന്നും ഒരു തുള്ളി കണ്ണുനീർ തന്റെ കയ്യിലേക്ക് പകർന്നെടുത്തു. അയാളെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു കയ്യിലേക്ക് ആ കണ്ണുനീർത്തുള്ളി പകർന്നു നൽകി.

“നീ ഇത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക…മനുഷ്യരെ ചേർത്തു പിടിച്ചു പകർന്നു കൊടുക്കുക..” ആ ജീവി അയാളുടെ ചെവിയിൽ മന്ത്രിച്ചു.

നേരം പുലർന്നപ്പോൾ, പുഴക്കരയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു അയാൾ. കണ്ണ് തുറന്നപ്പോൾ മക്കൾ രണ്ടു പേരും മുന്നിൽ.
അയാൾ തന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നീർ പകുത്തെടുത്ത് മകളുടെയും മകന്റെയും കയ്യിൽ ചേർത്തു വെച്ചു…

വലിയ വൃക്ഷത്തിന്റെ പിന്നിൽ നിന്നും സൂര്യൻ പൊൻകിരണങ്ങൾ എയ്തു കൊണ്ട് ദൈവീക പരിവേഷവുമായി ഉയർന്നു വരാൻ തുടങ്ങി.

അടുത്ത ഗ്രാമത്തിലേക്ക് തനിക്ക് കിട്ടിയ മരുന്നുമായി അയാളും മക്കളും പതുക്കെ നടക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.

(മനുഷ്യരാശിയെ വന്നു മൂടിയ ഈ ഇരുൾ മാറി എത്രയും വേഗം വെളിച്ചം പരക്കട്ടെ എന്ന പ്രത്യാശയോടെ..)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )