സോഫ്ട്‍വെയർ ക്രൈം സ്റ്റോറീസ് !!


ഒരിക്കൽ ഒരു സർദാർജി ഒരു അഭിമുഖ പരീക്ഷയ്ക്ക് പോയി. ഒരു കുറ്റാന്വേക്ഷകന്റെ ജോലിക്ക് വേണ്ടിയുള്ള അഭിമുഖം ആയിരുന്നു അത്. സർദാർജി തന്റെ പുത്തൻ വെളുപ്പ് നീളൻ കൈ ഷർട്ടും കറുത്ത പാന്റ്സും ടൈയും കെട്ടി മാന്യനായി അഭിമുഖ മേശയ്ക്ക് ഇപ്പുറത്ത് ഇരുന്നു. അഭിമുഖം നടത്തുന്നവർ അഭിവാദ്യം ചെയ്ത ശേഷം സർദാർജിയോട് പറഞ്ഞു.സർദാർജി താങ്കളെ ജോലിക്ക് എടുക്കുന്നതിനു മുന്നേ ഞങ്ങൾക്ക് ചിലത് ചോദിച്ചറിയാനുണ്ട്. ചോദിച്ചോളൂ സാർ സർദാർജി മൊഴിഞ്ഞു. ജീസസ് ക്രൈസ്റ്റിനെ ആരാണ് കുരിശിലേറ്റിയത്..സർദാർജി കുറച്ചു നേരം ആലോചിച്ചു. ആളുടെ തലയിൽ ഒന്നും കത്തുന്നതേയില്ല. അങ്ങനെയൊരു ചോദ്യം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ഒന്നുമല്ലല്ലോ സർദാർജി ഗോവണിപ്പടികൾ കയറി ആ മുറിയിലേക്ക് ചെന്നത്. 

സർദാർജി ആലോചന ഒരു മൂലയ്ക്ക് കൊണ്ട് പോയി വെച്ചിട്ട് തന്റെ മേല്മീശ വിറപ്പിച്ചു കൊണ്ട് ചോദിച്ചു..

ഉത്തരം പറയാൻ എനിക്ക് കുറച്ചു ദിവസത്തെ സമയം തരണം..

ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ പരസ്പരം നോക്കി. 

ഓകെ..സമയം അനുവദിച്ചിരിക്കുന്നു. 

സർദാർജി ഇന്റർവ്യൂ ബോർഡ് മെമ്പേഴ്സിനെ ഓരോരുത്തരെയും ഹസ്തദാനം ചെയ്തു നന്ദി അറിയിച്ച ശേഷം സന്തോഷത്തോടെ പാട്ടും പാടി വീട്ടിലേക്ക് നടന്നു. 

ഒരു ബോക്സ് ലഡുവുമായി വീട്ടിലെത്തിയ സര്ദാര്ജിയെ ഭാര്യ സന്തോഷത്തോടെ വരവേറ്റു. 

എന്തായി..പരൂഷ എങ്ങനെ ഇണ്ടാർന്നു..അവർ ചോദിച്ചു.

പരൂഷ പ്രതീക്ഷിച്ചത്ര ബുദ്ധിമുട്ട് ഇല്ലാർന്നു..

പക്ഷെ..കുറച്ചു കുഴപ്പം പിടിച്ച പ്രശ്നം അവർ തന്നിട്ടുണ്ട്..

എന്താത്..

ആദ്യത്തെ കേസ് തന്നെ ഒരു കീറാമുട്ടി കേസ് ആണെന്ന് തോന്നുന്നു…

കുറച്ചു നേരം ആലോചിച്ച ശേഷം സർദാർജി ഭാര്യയോട് ഒരു ഡിറ്റക്ടീവിന്റെ ഭാവം ഉള്ളിൽ കൽപ്പിച്ചു പറഞ്ഞു..

ജീസസ് ക്രൈസ്റ്റ് എന്നൊരാളെ ആരോ കുരിശിലേറ്റിയിരിക്കുന്നു. അതാരാണെന്ന് കണ്ടു പിടിക്കുക എന്നതാണ് എന്റെ ആദ്യത്തെ കേസ്…

തമാശ മനസിലായ പലരും ഉറക്കെ ചിരിച്ചു. സർദാർജിമാരെക്കുറിച്ചുള്ള തമാശകൾ കേട്ടിട്ടില്ലാത്ത മറ്റു രാജ്യക്കാരായ ടീമംഗങ്ങൾ പക്ഷെ എന്തിനാണ് മറ്റുള്ളവർ ചിരിക്കുന്നത് എന്ന സംശയം ചോദിച്ചറിഞ്ഞ ശേഷം ചിരിയിൽ പങ്കു ചേർന്നു..

നമ്മുടെ ടീമിലെ ഓരോ എഞ്ചിനീയർസും ഓരോ ഡിറ്റക്ടീവുകൾ ആണ്. ഒരു ക്രൈം ത്രില്ലർ ചുരുളഴിക്കുന്ന പാടവത്തോടെ വേണം നമ്മൾ ഓരോരോ പ്രശ്നങ്ങളും ചികഞ്ഞു പുറത്തിടേണ്ടത്..ഞാൻ പറഞ്ഞു. 

******

പതിവ് പോലത്തെ ഒരു സാധാരണ ദിവസം ആയിട്ടായിരുന്നു ദിവസം തുടങ്ങിയത്. ട്രാഫിക് ബ്ലോക്കുകൾ പലതും കടന്നു ഓഫീസിൽ എത്തുമ്പോഴേക്കും തലേദിവസത്തെ ശാന്തതയെ മാറ്റിമറിച്ചു കൊണ്ടൊരു പുതിയ പ്രശ്നം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. 

ആഴ്ചയിലൊരിക്കൽ ഇത്തരമൊരു പ്രശ്നം ഞങ്ങളുടെ ടീമിനെ കാത്തിരിക്കുക എന്നത് ഇപ്പോൾ പതിവുള്ള കാര്യമായി മാറിയിട്ടുണ്ട്. 

ഞങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുംതോറും ജോലിഭാരവും കൂടി വന്നു കൊണ്ടേയിരുന്നു. 

ക്യാനഡയിലെ ഞങ്ങളുടെ പ്രൊഡക്ടിന്റെ ഉപഭോക്താക്കളാണ് പുതിയ പ്രശ്നവുമായി വന്നിരിക്കുന്നത്. 

നൂറു കണക്കിന് കാറുകളടങ്ങിയ ഒരു ഷിപ്മെന്റുമായി ആലിസ്റ്റണിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച 7896 എന്ന ട്രെയിൻ ഐഡി ട്രെയിൻ ഷീറ്റിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. 

റെയിൽ റോഡ് സെൻട്രൽ ഡെസ്കിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞ റെയിൽവേ ലൈനുകളിൽ ഒന്നും 7896 എണ്ണടയാളപ്പെടുത്തിയ ട്രെയിൻ കാണാനേ ഇല്ല. കൺട്രോൾ സെന്ററിലെ ഡിസ്പാച്ചർമാർ പെട്ടെന്ന് തന്നെ പാനിക് ബട്ടൺ അമർത്തി. 

അതിന്റെ തുടർചലനങ്ങൾ ..പല അടരുകൾ മറികടന്ന് രാവിലെ ഉറക്കച്ചടവിൽ പല്ലു തേച്ചു കൊണ്ടിരുന്ന എന്റെ ഫോണിലേക്കാണ് വന്നത്. 

ആദ്യം ഒരു ഈമെയിൽ മെസ്സേജ്. ചുവന്ന ഫ്‌ളാഗ് നിറഞ്ഞു കത്തുന്ന അത്യാവശ്യവും, തിടുക്കത്തോടെ തീർക്കേണ്ടതുമായത് എന്ന സന്ദേശത്തോടെയാണ് മൊബൈൽ ഫോണിലെ സ്‌ക്രീനിൽ വന്നു പതിച്ചത്.

വലത്തേ കൈ കൊണ്ട് ഇലക്ട്രിക് ടൂത്ത് ബ്രഷ് ചലിപ്പിച്ചു കൊണ്ട്, ഇടത്തെ കൈയിലെ ചൂണ്ടു വിരൽ ഫോണിൽ സ്പർശിച്ചു ഞാൻ ആ മെയിൽ തുറന്നു വായിച്ചു. 

ചീഫ് ടെക്‌നോളജി ഓഫീസറുടെ മെയിൽ ആണ്. സാധാരണയായി കമ്പനിയുടെ ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങളാണ് അയാളുടെ ഇമെയിലിൽ ഞങ്ങളെ തേടി എത്താറു. അതും ഗ്രൂപ്പ് മെയിൽ. ഇതാദ്യമായിട്ടാണ് എനിക്ക് മാത്രം അഡ്രസ് ചെയ്‌തുകൊണ്ടൊരു മെയിൽ അയാളുടെ കയ്യിൽ നിന്നും വരുന്നത്. 

ആ മെയിലിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കെ തന്നെ എഞ്ചിനിയറിംഗ് ഡയറക്ടർ ഫോൺ വിളിച്ചു. അയാളും ഉറക്കച്ചടവിലാണ്. 

സുനിൽ 

യെസ് മൈക്.

ജോയുടെ മെയിൽ കിട്ടിയില്ലേ..

കിട്ടി, ഞാൻ വായിച്ചു കൊണ്ടിരിക്കുന്നു..

സംഗതി എസ്കലേഷൻ ആണ്..നമ്മടെ കസ്റ്റമർ സി ഇ ഓ നേരിട്ട് നമ്മടെ ചെയർമാനെ വിളിച്ചു കൊടുത്ത ഉത്തരവാണ്. 

അത് പിടികിട്ടി. 

പെട്ടെന്ന് കെട്ടിയെടുത്ത് ടീമിലുള്ളവരെ എല്ലാം വിളിച്ചു, പ്രശ്നം സോൾവ് ചെയ്യണം. എന്നിട്ട് എന്ത് കൊണ്ട് ഇത് പറ്റി എന്നൊരു ഡീറ്റെയ്ൽഡ് വിശകലനം എന്റെ മെയിലിൽ ഇന്ന് വൈകുന്നേരമാവുമ്പോൾ കിട്ടുകയും ചെയ്യണം. ഇത് രണ്ടും നടന്നില്ലെങ്കിൽ നമ്മൾ രണ്ടു പേരും തൂങ്ങും. 

പെട്ടെന്ന് കുളിയും തേവാരവും തീർത്തു എന്ന് വരുത്തി പുറത്തിറങ്ങിയപ്പോൾ ഇളയമകൻ ആദി കരഞ്ഞു കൊണ്ട് നിൽക്കുന്നു. 

അവന്റെ കളിപ്പാട്ടം കാണാനില്ല അത്രേ..

എന്റെ മഞ്ഞ ട്രെയിൻ എവിടെ..- അവൻ കരഞ്ഞു കൊണ്ട് ചോദിക്കുകയാണ്. 

മോൻ ചേച്ചിയോട് ചോദിച്ചോ..

ചേച്ചി കണ്ടില്ല എന്ന് പറഞ്ഞു..

എന്നാ അമ്മേടെ അടുത്ത് ചെല്ല്..

ഒരുവിധം അവനെ സമാധാനിപ്പിച്ചു വിട്ട്, രണ്ടു കഷ്ണം ബ്രഡും പൊതിഞ്ഞെടുത്ത് ചാടിക്കയറി കാർ ഡ്രൈവ് ചെയ്തതാണ്. 

****

ടീമിലെ പതിവ് നേരത്തെ എത്തുന്ന പക്ഷികളെല്ലാം അവരവരുടെ സീറ്റിൽ ഹാജരാണ്‌. 

പീറ്റർ അയാളുടെ മേൽ മീശ വിറപ്പിച്ചു കൊണ്ട് ചിരിച്ചു. മഞ്ഞ വട്ടക്കോളർ ടീഷർട്ടിനുള്ളിലൂടെ അയാളുടെ കഴുത്തിലേക്കുള്ള ഞരമ്പുകൾ തെളിഞ്ഞു കാണാം. വെളുത്ത ചുക്കി ചുളിഞ്ഞ തൊലി അയാളുടെ പ്രായ വർദ്ധനയെ ഓരോ ദിവസവും പ്രകടമാക്കിക്കൊണ്ടേയിരുന്നു. കയ്യിലെ മഗ്ഗിൽ ചൂട് കാപ്പി എടുക്കാനുള്ള ഓട്ടത്തിലാണയാൾ. 

സ്റ്റീവ് തന്റെ നീളൻ പോണിടെയ്ൽ മാടിക്കെട്ടി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മുറിക്കയ്യൻ ഷർട്ടുമിട്ടു പതിവ്ഉത്സാഹത്തോടെ വന്നിട്ടുണ്ട്. മുപ്പത് വർഷമായി ഒരേയിടത്ത് ഒരേ ജോലിയിൽ ഒരേ കസേരയിൽ ഇരിക്കുന്ന മനുഷ്യനാണ് സ്റ്റീവ്. അതിന്റെ യാതൊരു മടുപ്പും വിരസതയും അയാൾക്കില്ലായിരുന്നു. 

കാപ്പിയെടുക്കാൻ പോയ പീറ്റർ തിരിച്ചു വന്നു അഭിവാദ്യം ചെയ്തു. ഞാൻ അയാളോട് അന്നത്തെ ചൂടൻ വിഷയത്തെക്കുറിച്ചു സൂചിപ്പിച്ചു. 

ചൂടൻ ഉരുളക്കിഴങ്ങ് വായിലിട്ടത് പോലെ അയാൾ വാ പൊളിച്ചു നിൽക്കുകയാണ്. 

“അതെങ്ങനെ നടക്കും…ട്രെയിൻ കാണാതാവുകയോ..അതൊരു ക്വാളിറ്റി ഇഷ്യു ആണല്ലോ..”

“അതെ..ഹൈ വിസിബിലിറ്റി പ്രശ്നം ആണ്..” ഞാൻ പറഞ്ഞു.

അയാൾ രഹസ്യം പറയുന്നത് പോലെ എന്റെ ചെവിക്കരികിലേക്ക് നീങ്ങി നിന്നു.

“നമ്മുടെ പുതിയ റിക്രൂട്ടേഴ്സിന് ക്വാളിറ്റി ഇല്ല എന്ന് നേരത്തെ മുതൽ പറയുന്നതാണ്..”

ഞാൻ ഒന്നും പറയാതെ ചിരിച്ചു.

“സുനിൽ കുറച്ചു കൂടി അഗ്രസീവ് ആവണം. നിങ്ങളൊക്കെ ചെറുപ്പമാണ്..ബോസ് എന്ന് പറഞ്ഞാൽ അവന്മാർ വില തരണമെങ്കിൽ ഒന്നൂടെ സ്ട്രിക്റ്റ് ആവണം..” 

പീറ്റർ ഇടയ്ക്കിടെ എന്റെ മേലധികാരിയാവാൻ ശ്രമിക്കാറുണ്ട്. അത് നന്നായിട്ട് മനസിലാക്കുന്നയാളാണ് ഞാനും. അയാളുടെ വെളുത്തവൻ എന്ന മേൽക്കോയ്മയും, എഞ്ചീനയറിംഗ് ഡയറക്ടറുമായുള്ള അയാളുടെ അടുപ്പവും അയാൾ ഇടയ്ക്കിടെ എന്റെ മേൽ പ്രയോഗിക്കാൻ ശ്രമിക്കും. 

‘സുനിൽ പറഞ്ഞാൽ അവർ കേൾക്കില്ല…നമുക്ക് മൈക്കിനോട് പറയാം. ഞാൻ വേണമെങ്കിൽ മൈക്കിനെ ഇന്ന് കാണുമ്പോൾ പറയാം. പുതിയ പിള്ളേർ ഉഴപ്പാണ്. എപ്പോൾ നോക്കിയാലും ഫോണിൽ..ഈ സ്മാർട്ഫോൺ വന്നതോടെ എപ്പോഴും സോഷ്യൽ മിഡിയയിലാണ്..ഞാൻ കണ്ടില്ലേ പഴയ ഒരു ഫ്ലിപ്പ് ഫോണും കൊണ്ടാണ് നടക്കുന്നത്..പിള്ളേർക്ക് ഭയങ്കര ഡിസ്ട്രാക്ഷനാണ്..സ്വാഭാവികമായും ക്വാളിറ്റി കുറയും..” 

അയാൾ രണ്ടു കൈകളും ഒരു പ്രത്യേക ആനിമേഷനിൽ കഴുത്തിന് മുകളിലേക്കുയർത്തി പരിഹാസം പൊതിഞ്ഞൊരു ചിരി താളത്തിൽ തല ചെരിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. 

എട്ടു പേരാണ് എന്റെ ടീമിൽ. 

സ്റ്റീവും, പീറ്ററുമാണ് സീനിയർ മെമ്പേഴ്‌സ്. 

ചക് എന്ന് വിളിക്കുന്ന ചാൾസ്  സിനിയോറിറ്റിയിൽ അടുത്തയാളാണ്. 

പിന്നെ പുതിയ പിള്ളേർ എന്ന് പീറ്റർ വിശേഷിപ്പിക്കുന്ന നാല് ഇന്ത്യക്കാർ. 

സുധീപ്, ശിവ, ജാനകി, ഗോപി. 

എട്ടാമൻ മാലിക് ഇറാൻ വംശജനായ അമേരിക്കൻ പൗരനാണ്. 

ടീമിലെ എല്ലാവരും എത്തിക്കഴിഞ്ഞതോടെ ഞാൻ ഒരു വിപുലമായ ടീം മീറ്റിങ് വിളിച്ചു. 

കയ്യിലെ കാപ്പി കപ്പ് പിടിച്ചു കൊണ്ട്, കോൺഫറൻസ് റൂമിലെ വലിയ പ്രൊജക്ടറിൽ സിടിഓയുടെ മെയിൽ പ്രോജക്റ്റ് ചെയ്തു. 

” ഈ മെയിൽ ഇവിടെ ഞാൻ കാണിക്കുന്നത് ഈ പ്രശ്നത്തിന്റെ സീരിയസ്നെസ് മനസ്സിലാക്കാൻ വേണ്ടിയാണ്..” – ഞാൻ പറഞ്ഞു. 

” ഇതൊരു ക്വാളിറ്റി ഇഷ്യുവാണ്, നമ്മുടെ ടീമിന്റെ പെർഫോമൻസിനെപ്പറ്റി സീനിയർ മാനേജ്‌മെന്റിന്റെ മുന്നിൽ അത്ര നല്ല ചിത്രമൊന്നുമല്ല ഇപ്പോഴുള്ളത്..അതുകൊണ്ട് ഈ പ്രശ്നം നമ്മൾ എത്രയും പെട്ടെന്ന് പരിഹരിക്കണം ” പീറ്റർ കൂട്ടിച്ചേർത്തു. 

ചക്ക് വായിൽ വന്ന ഒന്ന് രണ്ടു തെറികൾ ആദ്യാക്ഷരങ്ങളിൽ പൊടുന്നനെ നിർത്തി പ്രശ്നത്തിന്റെ തീവ്രത സ്വയം ബോധ്യപ്പെടുത്തി. 

ജാനകി ചെവിയിൽ തിരുകാൻ തിടുക്കപ്പെട്ട് മേൽപ്പോട്ടുയർത്തിയ വിരലുകളെ സാവധാനത്തിൽ മടിയിലേക്ക് തിരിച്ചു കൊണ്ട് വന്നു മുഖത്തൊരു ചിരി വരുത്തി. 

ഗോപി ഇതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. 

സുധീപ് പേന ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു കൊണ്ട് താനെന്തോ കടുത്ത ആലോചനയിലാണെന്ന് വരുത്തി തീർത്തു കൊണ്ടേയിരുന്നു. 

ശിവ ലാപ്ടോപ് തുറന്നു- നെറ്റ്വർക്ക് ഡൌൺ ആണെന്ന് പരാതി പറഞ്ഞു. 

സ്റ്റീവ് തന്റെ പോണി ടെയ്ൽ ഇടത്തെ കൈ കൊണ്ട് ചുഴറ്റി, വായകൊണ്ടൊരു അപശബ്ദമുണ്ടാക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു. 

“ട്രെയിൻ ഐഡി മിസ്സിംഗ്‌ എന്ന് പറഞ്ഞാൽ, മിക്കവാറും സ്‌പോട്ട്ട്രയിൻഇ എന്ന മൊഡ്യുളിൽ ആയിരിക്കും പ്രശ്നം. അവിടെ പുതിയ ചെയിഞ്ചസ് എന്തെങ്കിലും ചെയ്തിരുന്നോ..” 

“ഇല്ല സ്റ്റീവ്..നമ്മൾ ലാസ്റ്റ് റിലീസിൽ ഒന്നും അവിടെ മാറ്റിയിട്ടില്ല..” ജാനകി പറഞ്ഞു. 

” എന്നാൽ പിന്നെ ട്രാൿലൈനിൽ എന്തെങ്കിലും പ്രശ്നം ആയിരിക്കും..” ചക് സൂചിപ്പിച്ചു. 

” ചാൻസുണ്ട്..കസ്റ്റമറുടെ കയ്യിൽ നിന്നും ലോഗ് ഫയൽസ് വല്ലതും വന്നിട്ടുണ്ടോ..” സ്റ്റീവ് ചോദിച്ചു. 

” ഇല്ല ” ഞാൻ പറഞ്ഞു. 

“ലോഗ് ഫയൽസ് കിട്ടാതെ നമുക്കെങ്ങനെ ഡീബഗ് ചെയ്യാൻ പറ്റും..ഞാൻ മൈക്കിനോട് എസ്കലേറ്റ് ചെയ്യാം..” പീറ്റർ കുറ്റപ്പെടുത്തി. 

“വേണ്ട..മാലിക്, എത്രയും പെട്ടെന്ന് കസ്റ്റമർ പോയിന്റ് ഓഫ് കോണ്ടാക്ടുമായി ബന്ധപ്പെട്ട് ലോഗ് ഫയൽസ് കളക്ട് ചെയ്യൂ. പിന്നെ മെയിൽ അയച്ചു കാത്ത് നിൽക്കാനൊന്നും നിൽക്കണ്ട..ഫോൺ എടുത്ത് വിളിച്ചു കാര്യം തീർക്കണം..നമുക്ക് സമയമില്ല..” ഞാൻ ഇടപെട്ടു കൊണ്ട് പറഞ്ഞു. 

ചക് പെരുവിരൽ കടിച്ചു കൊണ്ട് കഠിനമായ ആലോചനയിലാണ്. അയാൾ സ്റ്റീവിനടുത്തേക്ക് നീങ്ങിയിരുന്നു എന്തൊ പറഞ്ഞു. 

“ഏയ് അതാവാൻ സാധ്യതയില്ല..അവിടെയുള്ളതൊരു പൈത്തൺ സ്ക്രിപ്റ്റ് ആണ്. അത് തന്നെ മാനേജ് ചെയ്തോളും..എന്റെ ബലമായ സംശയം ട്രെയിൻ ക്രിയേറ്റ് ചെയ്യുന്ന ക്ലാസ്സ് ആണ്..” 

സ്റ്റീവ് പറഞ്ഞുകൊണ്ട് എഴുന്നേറ്റു. 

അയാൾ കോൺഫറൻസ് റൂമിന്റെ ചുമരുകളിലൊന്നിൽ കയ്യിൽ തടഞ്ഞ മാർക്കർ കൊണ്ട് കുത്തിക്കുറിക്കാൻ ആരംഭിച്ചു. 

മാർക്കർ തെളിയുന്നുണ്ടായിരുന്നില്ല. മേശപ്പുറത്ത് ഇരിക്കുന്ന മാർക്കറുകൾ ഓരോന്നും അയാൾ പരീക്ഷിച്ചു നോക്കി. ഒന്നും തെളിയുന്നുണ്ടായിരുന്നില്ല. 

ചക് തെറി പറയും എന്ന സൂചന കിട്ടിയത് നേരത്തെ മനസിലാക്കിയ ജാനകി പെട്ടെന്ന് തന്നെ അടുത്ത കോൺഫറൻസ് റൂമിൽ നിന്ന് മഷിയുള്ള ഒരു മാർക്കറുമായി അകത്തേക്ക് വന്നു. 

ഫോൺ ശബ്ദിച്ചത് കൊണ്ട് ഞാൻ പതുക്കെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. 

അങ്ങേ തലയ്ക്കൽ ഭാര്യയാണ്. 

“ദേ പുത്രൻ ഇവിടെ ഭയങ്കര കരച്ചിലാണ്..”

“എന്താ പ്രശ്നം..”

“അവന്റെ യെല്ലോ ട്രെയിൻ കാണുന്നില്ല എന്ന്..”

“ഇവിടെ ഒരു വലിയ ട്രെയിൻ തന്നെ കാണാതായി ടെന്ഷനടിച്ചു നിൽക്കുന്ന സമയത്താണ് അവന്റെ ഒരു കുഞ്ഞു ട്രെയിൻ..”

“അച്ഛൻ തന്നെ സമാധാനിപ്പിച്ചാൽ മതി..” അവൾ ഫോൺ ഫേസ്ടൈമിൽ വിഡിയോ കോളിലേക്ക് സ്വിച് ചെയ്തു മകന്റെ കരഞ്ഞു കലങ്ങിയ മുഖം കാണിച്ചു തന്നു. 

ഞാൻ ആശ്വസിപ്പിക്കൽ എന്ന വൻ കർത്തവ്യത്തിലേക്ക് കടന്നു. 

ഒരുവിധത്തിൽ മകനെ ആശ്വസിപ്പിച്ച ശേഷം കോൺഫറൻസ് റൂമിലേക്ക് എത്തിയപ്പോഴേക്കും സ്റ്റീവ് സോഫ്ട്‍വെയറിന്റെ ആര്കിടെക്ച്ചറൽ ഡയഗ്രം മുഴുവനും ചുമരിൽ വരച്ചു വെച്ചിട്ടുണ്ടായിരുന്നു. അയാൾക്ക് സംശയമുള്ള മൊഡ്യുളുകളേയും, ഭാഗങ്ങളെയും അയാൾ ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തി വെച്ചിരിക്കുന്നു. 

ഞാൻ എന്റെ ലാപ്ടോപ് തുറന്നു, വന്നിരിക്കുന്ന ഈമെയിലുകൾക്ക് മറുപടി അയക്കാനും, വൈകുന്നേരത്തെ റിപ്പോർട്ടിംഗിന് വേണ്ട ടെംപ്ളേറ്റ് തയ്യാറാക്കാനും ആരംഭിച്ചു. 

മാലിക് ഇതിനോടകം കസ്റ്റമറുടെ ടീമിൽ നിന്നും ലോഗ് ഫയലുകൾ സംഘടിപ്പിച്ചിരുന്നു. അവൻ അയച്ചു കൊടുത്തത് സുധീപ് പ്രൊജക്ടറിൽ പ്രസന്റ് ചെയ്തു. 

ജാനകി കസ്റ്റമർ കൺട്രോൾ സെന്ററിലെ ഡിസ്പാച്ചറുടെ സ്‌ക്രീനിന്റെ ഒരു സിമുലേറ്റഡ് വേർഷൻ തന്റെ ലാപ്ടോപ്പിൽ തുറന്നു വെച്ച് ഓരോ പുതിയ ഡമ്മി ട്രെയിനുകളും ക്രിയേറ്റ് ചെയ്ത് യഥാർത്ഥ പ്രശ്നം പുനരാവിഷ്കരിക്കാൻ കഴിയുമോ എന്ന് ശ്രമിച്ചു കൊണ്ടേയിരുന്നു. 

പീറ്റർ സ്റ്റീവിന്റെ ഒപ്പം നിന്ന് അയാളാണ് ചർച്ചകളെ നിയന്ത്രിക്കുന്നത് എന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടേയിരുന്നു. 

ഗോപി ഇതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയാണ്. അവന്റെ മെസേജ് എന്റെ ചാറ്റ് വിൻഡോയിൽ കിടക്കുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. 

“സുനിൽ..എനിക്കൊന്ന് സംസാരിക്കണം..”

ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഗോപിയെ തോളിൽ തട്ടി വിളിച്ചു എന്റെ റൂമിലേക്ക് പോയി. 

ഞങ്ങൾ മുഖാമുഖം ഇരുന്നു. 

ഗോപിയുടെ മുഖത്ത് ആശങ്ക കെട്ടി കിടക്കുന്നു. 

“സുനിൽ..”

“പറയു..”

“എനിക്ക് ഒരു ഹെല്പ് വേണം..” 

“ഷുവർ..എന്ത് ഹെൽപാണ് വേണ്ടത്..”

“എന്റെ വിസ പ്രശ്നം ആയി കിടക്കുന്നു..” 

“അത്രയേ ഉള്ളോ..അത് നമുക്ക് ശരിയാക്കാം..അതിനാണോ ഈ ടെൻഷൻ..”

“അത് സുനിലിന് പറഞ്ഞാൽ മനസ്സിലാവില്ല..” 

“ഏയ്..വിസ റദ്ദാകും എന്നൊക്കെ പറഞ്ഞു നീ ടെൻഷൻ അടിക്കരുത്..ഇനി അഥവാ അങ്ങനെ വല്ലതും നടന്നാൽ. നമ്മടെ ഹൈദരാബാദ് ഓഫീസിൽ നിനക്ക് പറ്റിയ ഒരു പൊസിഷൻ ഞാൻ സംഘടിപ്പിച്ചു തന്നേക്കാം. ” 

” ഏയ്..എനിക്ക് നാട്ടിൽ പോവേണ്ട..എങ്ങനെയെങ്കിലും ഇവിടെ നിന്നാൽ മതി..”

“അതെന്താ..ഇവിടെ നമ്മടെ സ്ഥലമല്ലല്ലോ..പിന്നെന്തിനാ അമേരിക്കയിൽ തന്നെ നിൽക്കണം എന്ന് വാശി പിടിക്കുന്നത്..” 

“സുനിൽ..അത് ..യു വോണ്ട് അണ്ടർസ്റ്റാൻഡ്..”

“അതെന്താ..”

“നിങ്ങൾ കേരളത്തിൽ നിന്നാണ്..”

“അത് കൊണ്ട്..”

“ജാതിയെപ്പറ്റിയൊക്കെ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല..”

ഞാൻ ചിരിച്ചു. 

“എന്റെ നാട്ടിലെ തൊട്ടു കൂടാൻ പറ്റാത്ത ജാതിയാണ് എന്റേത്..നിങ്ങൾക്കറിയുമോ..സ്‌കൂളിലൊക്കെ പഠിക്കുന്പോൾ ടീച്ചേർസ് ഹോം വർക്ക് ചെക്ക് ചെയ്തിട്ട് ബുക്ക് തിരിച്ചു എന്റെ കയ്യിൽ തരില്ല..ദേഹത്ത് സ്പർശിക്കാതെ കയ്യിലേക്ക് ഇട്ടു തരും..ടീച്ചർ ബ്രാഹ്മിൺ ആണെങ്കിൽ പറയുകയും വേണ്ട..സ്‌കോളർഷിപ്പ് വാങ്ങിയാണ് ഞാൻ അമേരിക്കയിൽ വന്നത്..പഠിച്ചു കൊള്ളാവുന്ന ഒരു ജോലിയൊക്കെ ആയി..എന്നാലും നാട്ടിൽ എന്റെ അച്ഛൻ റോട്ടിലൂടെ വരുന്നത് കണ്ടാൽ ഇപ്പോഴും ആളുകൾ ഒരടി മാറി നിൽക്കും..അമേരിക്കയും, കാശും പത്രാസും ഒന്നും കൊണ്ട് ജാതിയെ മറയ്ക്കാൻ പറ്റില്ല..”

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അവൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്കധികം ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലല്ലോ. 

“എങ്ങനെയെങ്കിലും എനിക്കിവിടെ പിടിച്ചു നിൽക്കണം..ഇവിടെ സിറ്റിസൺ ആവണം..എന്നിട്ട് എന്റെ അച്ഛനെയും അമ്മയെയും അന്തസ്സായിട്ട് ഇവിടെ കൊണ്ട് വന്നു കൂടെ താമസിപ്പിക്കണം..” 

“നീ ടെൻഷൻ അടിക്കേണ്ട..നിന്റെ വിസാ ഫയലിംഗ് സ്‌ട്രോങ് എവിഡൻസ് വെയ്ക്കാൻ ഞാൻ ഇമൈഗ്രെഷൻ ടീമിനോട് പറയാം. ഇപ്പോൾ നീ പോയി ഈ പി വൺ ഇഷ്യു സോൾവ് ചെയ്യ്..” 

“സുനിൽ..”

“എന്താണ്..” എഴുനേറ്റു പോകുന്നതിന് മുന്നേ അവൻ കുറച്ചു നേരം മിണ്ടാതെ നിന്നു..

“സുനിൽ..എന്റെ ജാതി ..എന്റെ ജാതിയെക്കുറിച്ചു ഇവിടെ ആരും അറിയരുത്..അറിഞ്ഞാൽ പിന്നെ ഇവരാരും എന്നെ സീരിയസ് ആയി എടുക്കില്ല..” 

അവൻ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. 

ഗോപി എന്റെ ടീമിലെ ടോപ് പെർഫോർമർ ആണ്. കഠിനാദ്ധ്വാനി. അത് കൊണ്ട് തന്നെ സീനിയർ മാനേജ്‌മെന്റിന് അവനെ വലിയ കാര്യമാണ്. 

സി ടി ഓ അജയ് അഹൂജ ഈയടുത്ത് ഒരു പാർട്ടിക്കിടെ ഗോപിയുടെ മുഴുവൻ പേര് എന്താണെന്ന് ചോദിച്ചത് പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്നു. 

എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് ഡയറക്ടർ മൈക്ക് മുറിയിലേക്ക് കടന്നു വന്നു. 

“സുനിൽ എങ്ങനെ പോകുന്നു..”

“ടീം അനലൈസ് ചെയ്തു കൊണ്ടിരിക്കുകയാണ് മൈക്..”

“നമുക്കൊരു വാർ റൂം സെറ്റ് ചെയ്താലോ..”

“ഓൾറെഡി ഞങ്ങൾ ബോർഡ് റൂം സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റീവും പീറ്ററും ലീഡ് ചെയ്യുന്നുണ്ട്..”

“ആ പീറ്ററിനെ കൊണ്ട് അതൊന്നും കഴിയില്ല കേട്ടോ..അടുത്ത ലേ ഓഫിന് ഞാൻ ഓങ്ങി വെച്ചിരിക്കുന്ന ഐറ്റം ആണ് പീറ്റർ..” 

“ഇല്ല മൈക്ക്..പുള്ളിക്ക് സ്ട്രാറ്റർജി അറിയാം. പിന്നെ നമ്മടെ ഡിസൈൻ ഒക്കെ നന്നായി അറിയാം. ടീമിനെ ഗൈഡ് ചെയ്യാൻ പറ്റും…”

“ഉം..എനിക്കാ പിള്ളേരെ വിശ്വാസമാണ്…അജയ് തലയിൽ നിന്ന് ഇറങ്ങുന്നില്ല…എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് ഇഷ്യു സോൾവ് ചെയ്ത് കസ്റ്റമറിന് അയച്ചു കൊടുക്കണം..വാ.. നമുക്ക് ബോർഡ് റൂമിൽ പോയി നോക്കാം..” 

ഞങ്ങൾ രണ്ടു പേരും ബോർഡ് റൂമിലേക്ക് നടന്നു. 

****

സ്റ്റീവൻ ചുമരിലെ ചതുരങ്ങളിലും,  വരകളിലും, എഴുത്തുകളിലും വിരലോടിച്ചു കൊണ്ട് ഇത് വരെയുള്ള കണ്ടെത്തലുകൾ വിവരിക്കുകയാണ്. 

ട്രെയിൻ ഐഡി 7896 ക്രിയേറ്റ് ചെയ്തത് ആലിസ്റ്റണിൽ യാർഡിൽ നിന്നും നൂറു കണ്ടൈനർ കാറുകളുമായി ട്രെയിൻ ലൈനിലേക്ക് ഡിസ്പാച്ചർ പ്ലെയ്സ് ചെയ്തപ്പോഴാണ്. എഞ്ചിൻ മൈൽ പോസ്റ്റ് 1/120 ൽ എത്തിയപ്പോൾ ഡിസ്പാച്ചർ റെഡ് സിഗ്നൽ കൊടുത്തു. 

അതിനു ശേഷം ഒരു ഹൈ പ്രയോറിറ്റി പാസഞ്ചർ എക്സ്പ്രസ് ട്രെയിൻ പാസ്സ് ചെയ്തു പോകുന്നത് വരെ ട്രെയിൻ യാർഡിൽ തന്നെ കിടന്നു. 

പാസഞ്ചർ പാസ് ചെയ്തു പോയി മുപ്പത് സെക്കന്റ് കഴിഞ്ഞപ്പോൾ അൽഗോരിതം ഓട്ടോമാറ്റിക്ക് ആയി ഗ്രീൻ സിഗ്നൽ കൊടുത്തു. 

സോഫ്ട്‍വെയർ കൃത്രിമ ബുദ്ധിയിൽ ചാർട്ട് ചെയ്ത ഒരു ട്രാക് ലൈൻ ആണ് ഈ ട്രെയിനിന് വേണ്ടി ലേ ഔട്ട് ചെയ്തത്. ഓരോ മൈൽ പോസ്റ്റുകൾക്കിടയിലും വേണ്ടവേഗം വരെ അൽഗോരിതം നിർണ്ണയിച്ചു ട്രെയിൻ ഓടിത്തുടങ്ങി. അതിനു ശേഷം ട്രാക്കിങ് സോഫ്ട്‍വെയറിൽ നിന്നും ട്രെയിൻ അപ്രത്യക്ഷ്യമായി. 

ഡിസ്പാച്ചർ പെട്ടെന്ന് കണ്ടത് കൊണ്ട്. അടുത്ത സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിടാൻ കഴിഞ്ഞു. 

പാരലൽ ആയി മറ്റൊരു ട്രാക്ക് എനേബിൾ ചെയ്യാൻ കഴിഞ്ഞത് കൊണ്ട്..ട്രെയിൻ ഗതാഗതം പൂർണ്ണമായിട്ടും തടസപ്പെട്ടില്ല..എങ്കിലും 7896 എന്ന ട്രെയിൻ ഐഡി എന്ത് ചെയ്താലും നമ്മുടെ സോഫ്ട്വെയറിനു ട്രാൿലൈനിൽ രേഖപ്പെടുത്താൻ ആവുന്നില്ല. 

ഇനിയും താമസം ഉണ്ടായാൽ. റെയിൽ കമ്പനി ലക്ഷക്കണക്കിന് ഡോളേഴ്‌സ് അവരുടെ കസ്റ്റമേഴ്സിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. 

അപ്പോൾ പിന്നെ അവർ പഴയ രീതിയിൽ ചാർട്ട് പേപ്പറും പേനയും ഫോൺ കോളും ഉപയോഗിച്ച് ട്രെയിൻ നീക്കിതുടങ്ങും. അതോടെ അവർക്ക് നമ്മുടെ സോഫ്ട്വെയർ ഉപയോഗിക്കാൻ പറ്റാത്ത നില വരും. 

നിലവിലെ സകല ട്രെയിൻ ഗതാഗതങ്ങളും താറുമാറാകും. 

സ്റ്റീവും, ടീമും പ്രശ്നത്തെക്കുറിച്ചുള്ള ഒരു ഏകദേശ രൂപം മൈക്കിനും എനിക്കും വിവരിച്ചു തന്നു. 

“എവിടെയാണ് പ്രശ്നം എന്നാണ് നിങ്ങൾക്ക് തോന്നുന്നത്..”- മൈക്ക് ചോദിച്ചു. 

” നോക്കി കൊണ്ടിരിക്കുന്നു..” സ്റ്റീവ് പറഞ്ഞു. 

” വേറെ ടീമിൽ നിന്നും ആരെയെങ്കിലും സഹായത്തിന് വിളിക്കണോ..”മൈക്ക് പുരികമുയർത്തി. 

“വേണ്ട..അത് സമയം കളയും..” സ്റ്റീവ് കൂട്ടിച്ചേർത്തു. 

“ഇല്ല മൈക്ക്..ഞങ്ങൾ ട്രൈ ചെയ്യാം..” ഞാൻ പറഞ്ഞു. 

സ്റ്റീവ് ചുവരിൽ വരച്ചു വെച്ചിരിക്കുന്ന ചതുരങ്ങളിലേക്കും രേഖകളിലേക്കും കണ്ണു നട്ടിരിക്കുകയാണ്. 

ഗോപി അവന്റെ ലാപ്ടോപ് തുറന്നു …സോഫ്ട്വെയർ അൽഗോരിതങ്ങളിലൂടെ കണ്ണോടിച്ചു തുടങ്ങി. 

“ട്രെയിൻ ഐഡി ക്രിയേറ്റ് ചെയ്തു കഴിഞ്ഞു, സിഗ്നൽ ക്ലിയർ ആയ ഉടനെ ട്രെയിൻ ഐഡി ഒബ്ജെക്റ്റ് കിൽഡ് ആവുന്നു. ” ഗോപി പറഞ്ഞു. 

സ്റ്റീവ് അവനെ നോക്കി. മറ്റെല്ലാവരും. 

“അപ്പോൾ സിഗ്നൽ ക്ലിയറൻസ് ക്ലാസ് ആണ് കില്ലർ..” 

“വൗ കില്ലറെ കിട്ടി..” പീറ്റർ ആർത്തു വിളിച്ചു. 

“സന്തോഷിക്കാറായില്ല..എന്തിനാണവൻ ഒബ്ജക്റ്റ് കിൽ ചെയ്തെത് എന്ന് നമുക്ക് മനസിലായിട്ടില്ല..” ചക് പറഞ്ഞു “അതറിഞ്ഞാലേ ഇത് ഫിക്സ് ചെയ്യാൻ പറ്റൂ..” 

ഗോപിയോടൊപ്പം ഇരുന്നു ചക്ക് കോഡ് ഡീബഗ് ചെയ്തു തുടങ്ങി. 

ഗോപി തന്റെ വിരലുകൾ ലാപ്ടോപ് സ്ക്രീനിലൂടെ ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

“ഇതാ ഇവിടെ വരെ ട്രെയിൻ ഐഡി ഒബ്ജെക്ടിനു ജീവൻ ഉണ്ട്..” ഗോപി പറഞ്ഞു. 

“നോക്ക്..ഇവിടെ ഇതാ ഒരു ഫൻക്ഷൻ ട്രയിൻ ഐഡി യെ കിൽ ചെയ്യുന്നുണ്ട്. ” ചക് പറഞ്ഞു. 

“ശരിക്കും കിൽ ചെയ്യുന്നതല്ല..അവിടെ വെച്ച് പ്രോഗ്രാം എക്സിറ്റ് ആവുന്നതാണ്..” ഗോപി കൂട്ടി ചേർത്തു..

എല്ലാവരുടെയും കണ്ണുകൾ ഗോപിയിലേക്കും ചക്കിലേക്കും വന്നു. 

“ഹിയർ ഈസ് ദി മദർ ഫക്കർ ” ചക് നിയന്ത്രണം വിട്ടു തെറി വിളിച്ചതും ജാനകി വിരലുകൾ ചെവിയിൽ തിരുകിയതും ഒരുമിച്ചായിരുന്നു. 

“ഓ ഐആം സൊ സോറി..” ചക് കണ്ണ് ചിമ്മി. 

ബോർഡ് റൂമിൽ നിന്നുള്ള ബഹളം കേട്ട് മൈക്ക് റൂമിലേക്ക് വന്നു. പിന്നാലെ അജയും മറ്റു മാനേജർമാരും അവിടെയ്ക്ക് വന്നെത്തി. 

“കില്ലറെ കിട്ടി..കില്ലറെ കിട്ടി ” പീറ്റർ ആവേശം കാണിച്ചു. 

സുധീറും, മാലിക്കും ലോഗ് ഫയലുകളിൽ നിന്നും ഇതിനോടകം ഗോപി കണ്ടെത്തിയ ഗ്യാപ്പ് വേർതിരിച്ചെടുത്തിരുന്നു. 

ഗോപി ലാപ്‌ടോപ്പിന് മുകളിൽ വിരലോടിച്ചു കൊണ്ട് മറ്റൊരു മൊഡ്യുളിലെ ഫയൽ ഓപ്പൺ ചെയ്തു. 

“കണ്ടോ..ദേ ഇവിടെ വെച്ചാണ് ഒബ്ജെക്റ്റ് നശിപ്പിക്കുന്നത്..” 

ചക്കും, ഗോപിയും, സ്റ്റീവും ചേർന്ന് കോഡ് ലൈനിലൂടെ കണ്ണോടിച്ചു. 

ട്രെയിൻ ഐഡി 7896 ആകുമ്പോൾ പ്രോഗ്രാം എക്സിറ്റ് ചെയ്യാനുള്ള ഒരു സെക്ഷനിൽ അവരുടെ കണ്ണുടക്കി. 

“ട്രെയിന് ഐഡി 7896 ആരോ ഹാർഡ് കോഡ് ചെയ്തിരിക്കുന്നു…” സ്റ്റീവ് പറഞ്ഞു. 

“അതെങ്ങനെ പറ്റും..സീരിയസ് ക്വാളിറ്റി ഇഷ്യു ആണ്..” പീറ്റർ എടുത്തു ചാടി പറഞ്ഞു. 

“നിങ്ങളാണത് ചെയ്തത്..ഫയലിന്റെ ഹിസ്റ്ററി നോക്ക്..” ചക് പറഞ്ഞു. 

എല്ലാവരും പീറ്ററിന്റെ മുഖത്തേക്ക് നോക്കി. 

പീറ്ററിന്‌ ഒരൂഹവും കിട്ടുന്നുണ്ടായിരുന്നില്ല. 

അയാൾ താടിക്ക് കയ്യും കൊടുത്ത് ലാപ്ടോപ്പിലേക്ക് കണ്ണ് പായിച്ചു. 

അയാൾക്കൊരു ഓർമ്മയും ഉണ്ടായിരുന്നില്ല. 

പ്രൊഡക്ടിൽ അങ്ങനെയൊരു ഹാർഡ് കൊഡഡ് നമ്പർ വരാൻ പാടുള്ളതല്ല. 

അങ്ങനെയുണ്ടായെങ്കിൽ തന്നെ അതെങ്ങനെ രണ്ടാമത് ഒരാളുടെ കണ്ണുകളെ കബളിപ്പിച്ചെങ്ങനെ പ്രൊഡക്ടിന്റെ ഭാഗമായി.
ആയ ദുരൂഹതയുടെ മൂടൽമഞ്ഞു കോൺഫറൻസ് റൂമിൽ മൂടിക്കിടന്നു.

അജയ്, എന്നെയും മൈക്കിനെയും കൂട്ടി മുറി വിട്ടിറങ്ങി. 

അജയുടെ മുറിയിലേക്കുള്ള യാത്രയ്ക്കിടെ എന്റെ ഫോൺ അടിച്ചു. വീട്ടിൽ നിന്ന് ഭാര്യയാണ്. 

ഫോണിലൂടെ മകന്റെ ശബ്ദം കേൾക്കാം. 

“അച്ഛാ..യെല്ലോ ട്രെയിൻ കിട്ടി..”

“ആഹാ കൊള്ളാലോ..എവിടെ ആയിരുന്നു..”

“എന്റെ പാന്റ്സ് പോക്കറ്റിൽ ഉണ്ടായിരുന്നു..അച്ഛാ..” 

“എന്താ..”

“എന്റെ റെഡ് കാർ എവിടെ..” 

അവൻ കരച്ചിൽ തുടങ്ങുന്നത് എനിക്ക് പശ്ചാത്തലത്തിൽ കേൾക്കാം. 

അജയുടേയും, മൈക്കിന്റെയും പിന്നാലെ മുറിയിലേക്ക് കയറുമ്പോൾ കാണാതായ ചുവന്ന കാറും, ഈ കുരുക്കിൽ നിന്ന് പീറ്ററിനെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നതുമായിരുന്നു എന്റെ ചിന്ത മുഴുവനും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )