കറുപ്പും വെളുപ്പുമുള്ള ഫ്രയിമുകൾ. നീള വാൽമിഴി വരച്ച ഒരു സുന്ദരി ഒരു തെരുവിലൂടെ നടന്നു നീങ്ങുകയാണ്. തെരുവ് വിളക്കുകൾ പിന്നിട്ട്..ഇരുളിലേക്ക് അവൾ നടന്നു കയറുന്നു. തൊട്ടടുത്ത റെയിൽ പാളത്തിലൂടെ ഒരു ഗുഡ്സ് ട്രെയിൻ വേഗം കുറച്ചു കടന്നു പോകുന്ന താളം നമുക്ക് കേൾക്കാം. ഒരു പഴയ മോഡൽ കാർ അവളെ കടന്നു വളവു തിരിഞ്ഞു പോകുന്നു. പെട്ടെന്ന് തെരുവ് വിളക്കുകൾ അണഞ്ഞു. ചുറ്റും ഇരുൾ പരന്നു..വിജനമായ തെരുവ്..ഇരുട്ട്..ഗുഡ്സ് ട്രെയിനിന്റെ മന്ദ താളം…അവളറിയാതെ അവളുടെ പിന്നിൽ ആരോ ഉണ്ട്..കാൽപ്പെരുമാറ്റം കേട്ടവൾ പെട്ടെന്ന് തിരിഞ്ഞു നിൽക്കുന്നു..ഒരു കറുത്ത ഗ്ലൗസ് ഇട്ട കൈകൾ അവളുടെ മുഖം മൂടി. ശ്വാസം കിട്ടാതെ പിടഞ്ഞവൾ അവിടെ മരിച്ചു വീഴുന്നു. പിറ്റേന്നത്തെ പ്രഭാതം…അതേ തെരുവ്.. അതേ മന്ദ വേഗത്തിൽ ഓടുന്ന ഗുഡ്സ് ട്രെയിൻ..തെരുവ് വിളക്കുകൾ തെളിഞ്ഞു കിടക്കുന്നു…വളവു തിരിഞ്ഞു പോകുന്ന ഒരു പഴയ മോഡൽ കാർ.
മരിച്ചു കിടക്കുന്ന യുവതിക്കരികിൽ ഇരിക്കുകയാണ് ഡിറ്റക്ടീവ്..നീളൻ കോട്ടും, കറുത്ത തൊപ്പിയും, കയ്യിൽ ഗ്ലൗസും..കാഴ്ചക്കാരന് മനസ്സിലാവും തലേന്ന് രാത്രിയിലെ കൊലപാതകത്തിന് പിന്നിലും ആ ഗ്ലൗസിട്ട ആൾ ആണെന്ന്..പക്ഷെ അയാൾ ഇവിടെ ഒരു അന്വേഷ ഉദ്യോഗസ്ഥനായിട്ടാണ് വന്നിരിക്കുന്നത്..അയാൾക്ക് സമീർ സാഹിബിന്റെ മുഖം…ഗൂഢമായ ഒരു പുഞ്ചിരിയോടെ അയാൾ കണ്ടു കൊണ്ടിരിക്കുന്നയാളുടെ നേർക്ക് നടന്നു വരുന്നുണ്ട്..”സാഹിബ്..സാഹിബ്..ഞാൻ സാഹിബിന്റെ ഒരാരാധകനാണ്…സാഹിബിന്റെ കേസിൽ എന്താണ് സംഭവിച്ചത്…” ബെന്നി ഉറക്കെ ചോദിക്കുന്നു..സാഹിബ് ചിരിക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല…ബെന്നിയുടെ തൊട്ടടുത്തെത്തി സാഹിബ്
അയാളുടെ ഗ്ലൗസ് ഇട്ട കൈകൾ മുഖത്ത് ചേർത്ത് വെച്ച് ബെന്നിയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നു…ബെന്നി ശ്വാസം കിട്ടാതെ കാലുകൾ ചലിപ്പിച്ചു…കണ്ണുകൾ മന്ദഗതിയിൽ തുറന്നു…അയാളുടെ സ്വപ്നം മുറിഞ്ഞയാൾ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അയാളുടെ മുഖത്ത് ഗ്ലൗസിട്ട കൈകൾ കൊണ്ടാരോ ശ്വാസം തടസപ്പെടുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിലാണ്. കറുത്ത ഗ്ലൗസും, കൂർത്ത മുഖവും, കറുത്ത തൊപ്പിയും ബെന്നിയ്ക്ക് കാണാം.
ബെന്നി ശ്വാസം കിട്ടാതെ പിടഞ്ഞു. പെട്ടെന്നാണ് പിള്ളേച്ചൻ മുറിയിലേക്ക് വന്നത്..സർവശക്തിയും ഉപയോഗിച്ച് അയാൾ കൊലപാതകിയെ ബെന്നിയിൽ നിന്ന് വേർപെടുത്തി. ബെന്നിയും, പിള്ളേച്ചനും കൂടി വലിയ ഒരു മല്പിടുത്തത്തിലൂടെ അയാളെ കീഴ്പെടുത്തി. കട്ടിലിന്റെ കാലിൽ ചേർത്തു കെട്ടി.
അവർക്ക് അയാളെ കണ്ടു പരിചയം ഇല്ല.
വൃദ്ധനാണ്..മെലിഞ്ഞ ഒരു വൃദ്ധൻ. എന്നാലും ആരോഗ്യമുണ്ട്.
” താനേതാ “ബെന്നി ചോദിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല…
പിള്ളേച്ചൻ എളിയിൽ നിന്ന് പാക്ക് വെട്ടുന്ന കത്തി വലിച്ചെടുത്ത് അയാളുടെ കഴുത്തിൽ ചേർത്തു വെച്ചു..
“സത്യം പറഞ്ഞോ..ഇല്ലേൽ തീർത്തു കളയും..” പിള്ളേച്ചൻ ഭീക്ഷണിപ്പെടുത്തി.
“അതൊന്നും വേണ്ട പിള്ളേച്ചാ..അതില്ലാതെ തന്നെ അയാൾ കാര്യം പറയും..താനെന്തിനാ എന്നെ കൊല്ലാൻ നോക്കിയത്..” ബെന്നി പിള്ളേച്ചനെ തടഞ്ഞു കൊണ്ട് കൊലപാതകിയോട് ചോദിച്ചു.
അയാൾ ഒന്നും മിണ്ടുന്നില്ല.
ബെന്നി അയാളുടെ കെട്ടഴിച്ചു. അയാളോട് പൊയ്ക്കോളാൻ പറഞ്ഞു.
അയാൾ പോകാതെ മുറിയിൽ തന്നെ നിന്നു..
ബെന്നി ചുവരിൽ ഒട്ടിച്ചു വെച്ചിരുന്ന പോസ്റ്ററുകളിലേക്ക് അയാൾ കണ്ണോടിച്ചു..
“സാഹിബിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ..” എന്ന പോസ്റ്ററിലെ നാലാമത്തെ പോയന്റ് “നാല് – കാണാതായ ലിംഗം ..” ചുറ്റും അയാൾ ഒരു വട്ടം വരച്ചു.
ബെന്നി അയാളെ സൂക്ഷിച്ചു നോക്കി. പിള്ളേച്ചനും.
മൽപ്പിടത്തത്തിന്റെ ക്ഷീണം പിള്ളേച്ചനെ അലട്ടുന്നുണ്ട്.
“താനെന്തിനാണ് ഈ പോയിന്റിന് ചുറ്റും വട്ടം വരച്ചത്..” ബെന്നി ചോദിച്ചു.
അയാൾ ചുണ്ടു കൂട്ടി ചിരിച്ചു.
എന്നിട്ട് ചോദിച്ചു.
“നിങ്ങൾ എന്തനാണ് ഇവിടെ ചുറ്റിക്കറങ്ങുന്നത്..”
“ഞങ്ങൾ ഒരാളെ അന്വേഷിച്ചു ഈ വഴി വന്നതാണ്..” പിള്ളേച്ചൻ പറഞ്ഞു.
“ഒരാളെ എന്ന് വെച്ചാൽ..”
“സമീർ എന്ന് പറഞ്ഞൊരു പഴയ സിനിമാ നടൻ ഇല്ലേ..അയാളെ..”
“അയാൾ മരിച്ചു പോയില്ലേ..”
“മരിച്ചു പോയി..പക്ഷെ അതിൽ ഇച്ചിരി ദുരൂഹതകൾ ഒക്കെയുണ്ടെന്ന് ഞങ്ങൾക്ക് തോന്നി..”
“അതൊരു സ്വാഭാവിക മരണമാണ്..”
“മരണം സ്വാഭാവികം ആയിരിക്കും..പക്ഷെ അസ്വാഭാവികമായ ചിലതൊക്കെ അതിലുണ്ട്…” പിള്ളേച്ചൻ കൂട്ടിച്ചേർത്തു.
“അസ്വാഭാവികമായ എന്ത്..” അയാൾ ചോദിച്ചു.
ഒരു രഹസ്യം പറയുന്നത്ര ശബ്ദം താഴ്ത്തി..അയാളുടെ ചെവിയോളമെത്തി പിള്ളേച്ചൻ പറഞ്ഞു..
“അതായത് …മരിച്ചു പോയ കക്ഷിയുടെ ചില വേണ്ടപ്പെട്ട ഭാഗങ്ങൾ ഡിസ് അപ്പിയർ ആണ്..കാണാതായിന്ന്..”
“എന്നാരു പറഞ്ഞു..”
“ബന്ധുക്കൾ..” ബെന്നി പറഞ്ഞു.
“ബന്ധുക്കൾ എന്ന് പറയുമ്പോൾ..ഭാര്യ ആണോ..”
“അല്ല…ഭാര്യയെ ഞങ്ങൾ ഇത് വരെ കണ്ടില്ല..”
“പിന്നെ ആരാണ് പറഞ്ഞത്..പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർ പറഞ്ഞോ..”
“ഡോക്ടറെയും ഞങ്ങൾ ഇത് വരെ കണ്ടിട്ടില്ല..”
“നിങ്ങൾ ആരായണെന്നാണ് പറഞ്ഞത്..”
“സോറി പരിചയപ്പെടുത്താൻ മറന്നു..ഞാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്..ബെന്നി..ഇതെന്റെ ഗൈഡും സഹായിയും..പിള്ളേച്ചൻ..”
“മരിച്ചയാളുടെ ഭാര്യയെ ചോദ്യം ചെയ്തിട്ടില്ല…പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്തിട്ടില്ല..എന്നിട്ട് നിഗമനങ്ങളും എഴുതി തൂക്കിയിട്ടിരിക്കുന്നു..നിങ്ങൾ എവിടുത്തെ ഡിറ്റക്ടീവ് ആണ് മനുഷ്യാ..” അയാൾ പുച്ഛത്തോടെ പറഞ്ഞു.
“ഇതൊക്കെ ചോദിക്കാൻ താങ്കൾ ആരാണ്..” ബെന്നി ചോദിച്ചു.
“നിങ്ങൾ പറയുന്നത് പോലെ..സമീർ സാഹിബിന്റെ പെനീസ് ഒന്നും കാണാതായിട്ടില്ല…”
“ഉണ്ടെന്നാണല്ലോ ഞങ്ങളോട് പറഞ്ഞത്..”
“ഭാര്യ പറഞ്ഞോ..”
“ഇല്ല..”
“ഡോക്ടർ പറഞ്ഞോ..”
“ഇല്ല..”
“പിന്നെ ആരാണ് പറഞ്ഞത്..”
“ബന്ധുക്കൾ..”
“പേരില്ലേ..”
“ഒരു ജുനൈദ്..പിന്നൊരു സുബൈർ…അവർ ഞങ്ങളെയും കൊണ്ട് ഊട്ടി വരെ പോയി..”
അയാൾ പൊട്ടിച്ചിരിച്ചു..ഉറക്കെ ഉറക്കെ ചിരിച്ചു.
“മണ്ടന്മാർ..”
“നിങ്ങൾ ആരാണ്..” ബെന്നി വീണ്ടും ചോദിച്ചു..
“ഒരാൾ..”
“എന്തിനാണ് എന്നെ കൊല്ലാൻ നോക്കിയത്..”
“പറയാം..ആദ്യം നിങ്ങൾ സമീർ സാഹിബിന്റെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറെ നാളെ തന്നെ കണ്ടെത്തണം…പിന്നെ ഭാര്യയേയും. “
“എന്നിട്ട്..”
“എന്നിട്ടെന്താണ് വേണ്ടത് എന്ന് ഞാൻ പറയാം. ഒരു പോയിന്റും വിട്ടു പോകാതെ ചോദിച്ചറിയണം..പിന്നെ, നമ്മൾ തമ്മിൽ കണ്ട കാര്യം ആരും അറിയരുത്. നിങ്ങൾ കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ സംഗതികൾ വള്ളി പുള്ളി വിടാതെ ഇവിടെ വന്നു പറഞ്ഞു തരണം..അത് വരെ ഞാൻ ഇവിടെ ഉണ്ടാവും..ഈ മുറിയിൽ..പറ്റിക്കാൻ നോക്കിയാൽ എവിടെ പോയി ഒളിച്ചാലും ഞാൻ കണ്ടു പിടിച്ചു കൊല്ലും..”
അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞു. രാവിലെ തന്നെ ബെന്നിയും പിള്ളേച്ചനും അയാൾ പറഞ്ഞത് അനുസരിച്ചു പുറത്തേക്കിറങ്ങി.
ബുള്ളറ്റിൽ പോകുമ്പോൾ ബെന്നി തലേന്നു കണ്ട സ്വപ്നം വിവരിച്ചു.
“ഞാൻ മൂത്രമൊഴിച്ചു വരുന്ന വഴി എന്നാൽ പിന്നെ നടന്നിട്ട് വരാമെന്ന് വിചാരിച്ചു പുറത്തോട്ടിറങ്ങി..ആ വഴി ബിവറേജസിലും കയറി തിരിച്ചു വന്നപ്പോൾ അയാൾ കൊല്ലാൻ ശ്രമിക്കുന്നതാണ് കണ്ടത്..” – പിള്ളേച്ചൻ ബുള്ളറ്റിന്റെ പിന്നിലിരുന്ന് വിവരിച്ചു.
“പിള്ളേച്ചാ..സമീർ സാഹിബിന്റെ ഒരു സിനിമയുണ്ട്..ആ കാലത്ത് ഇറങ്ങിയതിൽ വളരെ ഷോക്കിംഗ് ആയ ഒരു സിനിമയാണ്..അജ്ഞാതൻ എന്നാണ് പേര്..അത്ര ഹിറ്റ് ആയില്ല…ഒരു നഗരം..അവിടെ തുടർച്ചയായി സ്ത്രീകൾ കൊല്ലപ്പെടുന്നു. ഒരു സീരിയൽ കില്ലിംഗ് ആണെന്ന് സംശയമുണ്ടാവുമ്പോൾ പഴയ ഒരു ഡിറ്റക്ടീവിനെ പോലീസ് വിളിച്ചു കൊണ്ട് വരുന്നു. അയാൾ കേസന്വേക്ഷണവുമായി മുന്നോട്ട് പോകുന്പോൾ പൊലീസിലെ സമർത്ഥനായ ഒരു ഉദ്യോഗ്സഥൻ കണ്ടെത്തുന്നു ഡിറ്റക്ടീവ് ആണ് യഥാർത്ഥ കില്ലർ എന്ന്..ഒടുക്കം ഒരു ഷൂട്ട്ഔട്ടിൽ ഡിറ്റക്ടീവ് കൊല്ലപ്പെടുന്നു..സമീർ സാഹിബ് നായകൻ ആയി അഭിനയിച്ചിരുന്ന കാലത് വ്യത്യസ്തമായി വില്ലൻ വേഷം ചെയ്ത ഒരു സിനിമയാണത്..ആൾക്കാർക്ക് ഇഷ്ടമാവാത്തത് കൊണ്ട് ഹിറ്റ് ആയില്ല..ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ ആ സിനിമയിലെ രംഗങ്ങൾ ആയിരുന്നു..അതിൽ ഡിറ്റക്ടീവിന്റെ കള്ളക്കളികൾ മനസിലാക്കുന്ന പോലീസുകാരനെ കൊല്ലാൻ തുടങ്ങുമ്പോഴാണ് എന്നെ ഈ വന്നയാൾ കൊല്ലാൻ ശ്രമിക്കുന്നത്..ദുരൂഹത മുറുകുകയാണല്ലോ പിള്ളേച്ചാ..”
“ഇനി സമീർ സാഹിബ് മരിച്ചില്ലേ..”
“ഏയ് ..അത് നമ്മൾ ന്യൂസിലൊക്കെ കണ്ടതല്ലേ..”
(തുടരും)
നിയമപ്രകാരമുള്ള മുന്നറിയിപ്പ് – കോപ്പി റൈറ്റ് ഉള്ള കഥയാണ്. ഇതിൽ നിന്ന് ഭാഗങ്ങളോ മുഴുവനായോ മോഷ്ടിച്ചതായി കഥാകൃത്ത് അറിഞ്ഞാൽ..വെറുതെ പറയുകയല്ല. കീച്ചിക്കളയും..സോ ജാഗ്രതൈ.