കുറ്റാന്വേക്ഷണം പുതിയ ദിശയിൽ – ദുരൂഹം അദ്ധ്യായം 6


കടലിനോട് ചേർന്ന് കിടക്കുന്ന കറുത്ത ടാറിട്ട റോഡ് ചെന്ന് ചേരുന്നത് ഒരു പഴയ ജുമാ മസ്ജിദിന്റെ മുന്നിലാണ്. പള്ളിക്ക് പിന്നിൽ ഒരു പൊന്തക്കാടുണ്ട്..അഞ്ചാറു കശുമാവും കമ്യൂണിസ്റ്റ് പച്ചകാടുകളും നിറഞ്ഞ ആരും ഗൗനിക്കാതെ കിടക്കുന്ന ഒരു പറമ്പ്. അതിന്റെ ഇടയിലൂടെ ഒരു മണ്ണിട്ട റോഡ് വലിയൊരു മാളികയിലേക്ക് പോകുന്നത് കാണാം. അതാണ് സമീർ സാഹിബിന്റെ വീട്. അവിടെ നിന്ന് നോക്കിയാൽ കാണുന്ന ഒരു മാവിൻതോപ്പിന്റെ ചുറ്റുമായി സമീർ സാഹിബിന്റെ കുടുംബക്കാരുണ്ട്…അഞ്ചാമത്തെ വീട് സമീറിന്റെ പിണങ്ങി കഴിയുന്ന ഭാര്യയുടേതാണ്. അവർ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല. 

മസ്ജിദിന്റെ മുന്നിൽ ഒരു ചെറിയ പെട്ടിക്കട. അവിടെ ഒരു ബീഡിയ്ക്ക് തീ കൊളുത്തി വിട്ടു, കാലു ചൊറിഞ്ഞു കൊണ്ട് പിള്ളേച്ചൻ കടയുടമയോട് കുശലം പറയുന്നുണ്ട്. 

“ഇവിടെങ്ങാണ്ടല്ല്യോ പഴയ ആ സിനിമാ നടൻ സമീറിന്റെ വീട്..” അയാൾ കടക്കാരനോട് ചോദിച്ചു. 

ബെന്നി കുറച്ചു മാറി അയാളെ നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. 

“ഓ ..ലോ ലേ കാണുന്ന ബംഗ്ളാവ്..ലത് തന്നാണ് ലവന്റെ വീട്..” കടക്കാരനെ ഒരു പ്രത്യേക സ്ളാംഗിൽ മറുപടി പറഞ്ഞു. 

പ്രമാണിമാരെ കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ കൊണ്ട് വിട്ട ശേഷം, പിള്ളേച്ചനും ബെന്നിയും കൂടി ഈ കേസിന്റെ പിന്നാലെ കൂടിയതാണ്. 

കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ മൂത്രപ്പുരയോട് ചേർന്നുള്ള ഒരു ചായക്കടയിലെ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നാണ് പിള്ളേച്ചനും ബെന്നിയും ഒരുമിക്കാനുള്ള ആ തീരുമാനം എടുത്തത്. 

ബെന്നി അങ്ങനെയാണ്…അയാൾക്കിഷ്ടപ്പെടുന്ന ഒരു കേസ് കണ്ടു കിട്ടിയാൽ പിന്നെ, അതിനൊരു ഉത്തരം കിട്ടുന്നത് വരെ അയാൾ ആ കേസിന്റെ പിന്നാലെ സഞ്ചരിക്കും. അയാളുടെ അലസഭാവവും, മുഷിഞ്ഞ വേഷവിധാനങ്ങളും മറ്റുള്ളവർക്ക് മുന്നിൽ അയാളൊരു ഗൗനിക്കേണ്ടവൻ അല്ല എന്ന ഇമേജ് ആണ് ഉണ്ടാക്കിയിരുന്നത്. അതയാൾക്കും അയാളുടെ ഇഷ്ട ജോലിക്കും ഒരു സഹായവുമായിരുന്നു. 

ബെന്നിയുടെ മുറി കണ്ടിട്ടുള്ളവർക്കറിയാം. 

അയാളുടെ മേശ വലിപ്പിലും ചുമരുകളിലുമെല്ലാം പത്ര കട്ടിംഗുകൾ ആണ്. ഓരോ ദിവസത്തെ പത്രങ്ങളിലും വന്നിരുന്ന കുറ്റകൃത്യങ്ങളെ അയാൾ കൃത്യമായി പിന്തുടർന്നിരുന്നു. പല കുറ്റകൃത്യങ്ങളുടെയും പൊരുൾ പോലീസ് കണ്ടെത്തുമ്പോഴേക്കും അയാൾക്കും ഉത്തരം ഉണ്ടാവുകയും പതിവാണ്. 

ചില കേസുകളിൽ അയാൾക്ക് തൃപ്തി വരുന്ന രീതിയിലാവില്ല പോലീസ് കേസന്വേഷണം അവസാനിപ്പിക്കതായിട്ട് പത്ര വാർത്തകൾ കാണുന്പോൾ മനസിലാവുക. അയാൾ അത്തരം കേസുകൾ തന്റേതായ രീതിയിൽ അന്വേഷണം നടത്തി മുഴുമിപ്പിക്കും. ശിക്ഷിക്കപ്പെടേണ്ട കുറ്റവാളികൾ ഉണ്ടെന്നു തോന്നിയാൽ പൊലീസിന് തെളിവുകൾ കൈമാറും. 

ബെന്നി തന്റെ രീതികളെല്ലാം പിള്ളേച്ചന് വിവരിച്ചു കൊടുത്തിരുന്നു. 

കൂട്ടത്തിൽ പിള്ളേച്ചനെ ഒന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ അദ്ദേഹം തന്റെ പോലീസ് സ്റ്റോറിയും പറഞ്ഞു.

കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ബെന്നി പറഞ്ഞു..”പിള്ളേച്ചൻ വിചാരിച്ചപോലല്ലോ..നിസാരക്കാരൻ അല്ലല്ലോ..”

“അതിപ്പോ എന്റെടാ ബെന്നീ…നമ്മുടെ ഈ ലുക്കൊക്കെ വെച്ച് ആളുകൾ പെട്ടന്നങ്ങു നിസ്സാരക്കാരനാക്കി കളയും..അത് മിക്കപ്പോഴും നമ്മക്ക് ഉപയോഗമാ…വിചാരിക്കാത്ത രീതിയിൽ കേസിലൊക്കെ പിടിച്ചു കയറാൻ സൗകര്യമാണെന്ന് ചുരുക്കം..”

“അത് ശരിയാ..നമ്മളെ മുന്നിലിരിക്കുന്നവൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു കിട്ടിയാൽ നമ്മൾ പാതി ജയിച്ചു എന്നൊരു ഫിലോസഫിയാണ് എന്റേത്..”

പിള്ളേച്ചന് എന്താണ് തോന്നുന്നത്..പഴയ പോലീസല്ലേ..

വെറും പോലീസല്ലാരുന്നു…കേസ് അന്വേഷണമൊക്കെയുണ്ടായിരുന്നു…

ആഹാ..അതറിയില്ലായിരുന്നു…

പിന്നെ, ആയിടയ്ക്കുള്ള ഒരു പ്രമാദമായ കൊലക്കേസ് അന്വേഷിച്ചു കണ്ടു പിടിച്ചത് പത്രത്തിലൊക്കെ വന്നതാണ്…

ഓഹോ..അതേത് കേസ്..

ചിങ്ങവനം മേരി കൊലക്കേസ്..

അറിയാം, മറ്റേ ഗൾഫുകാരന്റെ ഭാര്യയുടെ കൊട്ടേഷൻ…

അത് തന്നെ…പിന്നൊരു കേസിൽ പണികിട്ടി. അതിന്റെ പിന്നാലെ സസ്‌പെൻഷൻ കിട്ടി..സസ്‌പെൻഷൻ കാലത്ത് പറ്റിയ ഒരു കൈപ്പിഴ ..പിന്നെ തിരിച്ചു കയറാനൊത്തില്ല…

പിള്ളേച്ചൻ പോലീസ് ജോലിയിൽ ഉണ്ടായിരുന്ന പത്ത് പതിനഞ്ച് വര്ഷം മുന്നേയുള്ള ഒരു കാലം..

ബസ്സ് പിടിക്കാൻ നിൽക്കാതെ നടത്തമാണ് പതിവ്. പറമ്പുകളും പുഴയും കടന്നൊരു ചവിട്ടു പാതയിലൂടെ സ്റ്റേഷനിലെത്താനുള്ള വഴി പിള്ളേച്ചന് ഹൃദിസ്ഥമാണ്. 

വീട്ടിൽ നിന്നും ഇറങ്ങിയാൽ ഒരു മണ്ണ് റോഡ് ആണ്. കുറച്ചു നടന്നു കഴിഞ്ഞാൽ മെയിൻ റോട്ടിൽ നിന്നും ഡീ ടൂർ എടുത്ത് ചെറിയ ഒരു കൈത്തോട് കയറി ചെല്ലുന്നത് തടത്തിൽ ജോസേട്ടന്റെ വീടാണ്. അത് കഴിഞ്ഞാൽ തടത്തിലെ തന്നെ പീറ്ററേട്ടന്റെ വീട്. ഇവരുടെ വീടിനു മുകളിൽ ഷോട്ടർ വെട്ടിക്കളഞ്ഞ റബർ റീപ്ലാന്റ് ചെയ്ത തൈമരങ്ങൾക്ക് ഇടയിലൂടെ നടന്നു അടുത്ത പുരയിടം. ഒരു മുസ്‌ലിം കുടുംബമാണ് അവിടെ. പേര് അറിയില്ല. പറമ്പ് മുഴുവൻ ഇരുട്ടാണ്..വെളിച്ചം വീഴാൻ ഇട്ട കൊടുക്കാതെ തിങ്ങി നിൽക്കുന്ന വലിയ മരങ്ങൾ.

മരങ്ങൾക്കിടയിലൂടെ മണ്ണ് നടപ്പാത…ആളുകളുടെ ചവിട്ട് കൊണ്ട് ആ ഒറ്റയടിപ്പാത മിനുസം വന്നിരിക്കുന്നുണ്ട്. നടന്നു ചെന്നാൽ ഒരു ചെറിയ കിണർ. പായൽ പിടിച്ച വെട്ടുകല്ലുകൾ കൊണ്ട് അരികു കെട്ടിയത്.

കിണറിനോട് ചേർന്നൊരു പഴയ ഓടിട്ട വീട്. മണ്ണ് പൊതിഞ്ഞ തിണ്ണയുള്ള വീട്. വീടിന്റെ അടുക്കളയോട് ചേർന്ന് കുറെയധികം കൊക്കോ മരങ്ങൾ.

മുറ്റം ചാണകം കൊണ്ട് മെഴുകിയതാണ്. മുറ്റത്തിന്റെ അരികുകൾ മണ്ണുരുട്ടി വെച്ച് മെഴുകിയൊരുക്കിയിരിക്കുന്നതിന്റെ ഇടയിലൂടെ നടപ്പാത പുഴക്കരയിലേക്ക് നീളും.

അത് വഴിയാണ് സ്ഥിരം യാത്ര.

കൊക്കോ മരങ്ങളുടെ പൊഴിഞ്ഞ ഉണങ്ങിയ ഇലകൾക്ക് മേലെ കാൽ തെന്നിപ്പോകാതെ റിലേയിൽ നിന്നും മറ്റൊരിലയിലേക്ക് പറിച്ചു നട്ടു വേഗം നടന്നാൽ എത്തുന്നത് പുഴക്കരയിലേക്കാണ്.

മിക്കവാറും കാലൊപ്പമേ വെള്ളം കാണു. തേങ്ങ തൊണ്ടും, ഓലയും അഴകിയ മണം എപ്പോഴും അവിടെക്കാണും.

ഉരുളൻ കല്ലുകൾ മിനുസപ്പെട്ടു കിടക്കുന്ന പുഴയിലെ കലങ്ങിയ വെള്ളം ചവിട്ടി കയറി ചെന്നാൽ ഒരു കമുകിൻ തോട്ടമാണ്. ആൾ പാർപ്പില്ലാത്തത്.

ഒരാൾക്ക് നടക്കാൻ പാകമുള്ള ഒരു നടപ്പാത അവിടെയുമുണ്ട്.

തോട്ടത്തിലാകെ കമുകിൻ പാളകൾ പൊഴിഞ്ഞു കിടപ്പുണ്ടാവും.

കമുകിൻ തോട്ടം കഴിഞ്ഞാൽ ഒരു വലിയ പുരയിടമാണ്.

ഉയരമുള്ള തെങ്ങുകൾ നിറഞ്ഞത്. ചെറിയ തോടുകൾ അരികുകൾ നിൽക്കുന്ന വലിയ ഒരു തോട്ടം.

ആ പുരയിടത്തിന്റെ ഒത്ത നടുക്കൊരു പഴയ വീടുണ്ട്. പണിസാധനങ്ങളും തേങ്ങയും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വീട്.

വീടിനോട് ചേർന്നൊരു ചെറിയ ചായ്പ്. ചാരം പുരണ്ടുകിടക്കുന്ന ഒരടുപ്പ് ഉണ്ടവിടെ. പിന്നെ കുറെ കൊതുമ്പുകളും, വിറകും കൂട്ടിയിട്ടിരിക്കുന്നു. വക്കു പൊട്ടിയ കരി പുരണ്ട ഒരു കലം.

ഇതൊക്കെയാണ് അവിടത്തെ സ്ഥിരം പ്രോപ്പർട്ടീസ്.

..

ആ പറമ്പിന്റെ കെയർടേക്കർ ആയി വേലായുധൻ എന്നൊരാൾ ഉണ്ടായിരുന്നു. മുപ്പതോ മുപ്പത്തിരണ്ടോ പ്രായം. ആ പഴയ വീട്ടിൽ തന്നെയാണ് വേലായുധന്റെ താമസം.

ഒരു ദിവസം പെട്ടെന്ന് വേലായുധനെ കാണാതായി. ആദ്യമൊന്നും ആളുകൾ ശ്രദ്ധിച്ചില്ല.

തെങ്ങിന്തോപ്പിന്റെ ഉടമ ഹാജിയാർ ഒരാഴ്ചയായിട്ടും വേലായുധന്റെ വിവരമൊന്നും ഇല്ല എന്ന് പറഞ്ഞു അന്വേഷിച്ചു നടന്നപ്പോളാണ് ആളുകൾ വേലായുധന്റെ തിരോധാനം അറിയുന്നത് തന്നെ. ഒരു ചെവിയിൽ നിന്ന് മറ്റൊരു ചെവിയിലേക്ക് കയറിയിറങ്ങി കിണറടപ്പ് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വേലായുധൻ തിരോധാനം ചോദ്യചിഹ്നമായി നിറഞ്ഞു നിന്നു.

ആളുകൾ ബഹളം വെച്ചപ്പോൾ പോലീസ് വന്നു.

സംശയ മുനകൾ രണ്ടു പേർക്ക് നേരെ തിരിഞ്ഞു.

ജലജ – മുപ്പത് വയസ്.

ആമിന – നാല്പത്തിരണ്ടു വയസ്.

ആമിന പുരയിടം കഴിഞ്ഞുള്ള കശുമാവിൻ തോട്ടത്തിന്റെ നടുക്ക് താമസിക്കുന്ന സ്ത്രീയാണ്. വേലായുധനും ആമിനയും തമ്മിലെന്തൊ രഹസ്യ ബന്ധമുണ്ടായിരുന്നെന്ന് ചിലർ പറഞ്ഞു നടന്നു. ആമിനയുടെ കയ്യിൽ നിന്ന് കൈക്കലാക്കിയ സ്വർണ്ണ വള വേലായുധൻ കിണറടപ്പിലുള്ള ഗ്രാമീണ ബാങ്കിൽ പണയം വെച്ചെന്നും അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്ക് ജീവനക്കാരിയായ ജലജ വേലായുധൻ പണയം വെച്ചത് മൂക്കു പണ്ടം ആണെന്ന് പറഞ്ഞെന്നും അതിന്റെ പേരിൽ രണ്ടു പേരും തമ്മിൽ കശപിശ ഉണ്ടായെന്നും ചില ദൃക്‌സാക്ഷികൾ പോലീസിനെ അറിയിച്ചു.

ജലജയ്ക്കും വേലായുധനും തമ്മിൽ പരസ്പരം വൈരാഗ്യം ഉണ്ടായിരുന്നു എന്ന് പോലീസ് അന്വേക്ഷണത്തിൽ തെളിഞ്ഞു.

ആമിനയെയും ന്യായമായും വേലായുധന്റെ തിരോധാനത്തിൽ സംശയമുണ്ടെന്ന് നാട്ടു വാർത്തകളിൽ പാറി നടന്നു എന്ന് കൂടി പറയാതിരിക്കാൻ കഴിയില്ല.

ആമിനയും ജലജയും കൂടി വേലായുധനെ അപായപ്പെടുത്തി എന്ന് പോലീസിന്റെ ചില അന്വേക്ഷണങ്ങളുടെ ഭാഗമായി ബോധ്യപ്പെട്ടെങ്കിൽ കൂടിയും വേലായുധന്റെ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്തത് കൊണ്ട് കേസന്വേക്ഷണം എങ്ങുമെത്തിയില്ല.

ആമിനയും ജലജയും കുറച്ചു കാലം ജയിലിൽ കിടന്നും കോടതി കയറിയിറങ്ങിയും നടന്നെങ്കിലും ഒടുവിൽ തെളിവില്ലാതെ കേസ് തേഞ്ഞു മാഞ്ഞു പോയി. ഇതിനിടെ ആമിനയുടെ മൂത്ത മകൾ കൗമാരക്കാരിയായ സഫിയ ഒരു സുപ്രഭാതത്തിൽ കെട്ടി തൂങ്ങി മരിച്ചു. കശുമാവിൻ തോട്ടത്തിൽ…

വേലായുധന്റെ തിരോധാനം ദുരൂഹമായി …

കേസ് അന്വേക്ഷണം നടത്തിയിരുന്നത് പിള്ളേച്ചൻ ആയിരുന്നു..

കുറേക്കാലം പിള്ളേച്ചൻ വേലായുധൻ തിരോധാനത്തിന്റെ പിന്നാലെ നടന്നു..ഇതിനിടയിൽ ഒരു ചെറിയ കേസിൽ പെട്ട് സസ്പെൻഷനിലായി..

“കുടുക്കിയതാണ്..” പിള്ളേച്ചൻ പറഞ്ഞു..

ആ വിഷമത്തിൽ ഇരുന്ന സമയത്താണ് ഭാര്യ മരിക്കുന്നതും…ആഴ്ചകൾക്ക് ശേഷം മകൾ ആരുടെയോ കൂടെ ഒളിച്ചോടിപ്പോകുന്നതും. 

പിന്നെ, ഒറ്റയ്ക്കായപ്പോൾ..ജോലിക്ക് തിരികെ കയറാതെ പിള്ളേച്ചൻ നാട് വിട്ടു…

അങ്ങനെ കുറെ വർഷങ്ങൾക്ക് ശേഷം..കറങ്ങിത്തിരിഞ്ഞ് പിള്ളേച്ചൻ കോയമ്പത്തൂരെത്തി..

കോയമ്പത്തൂരെത്തിയ സ്ഥിതിക്ക് കണ്ണാശുപത്രിയിൽ കയറി ഒന്ന് പരിശോധിച്ചേക്കാമെന്നയാൾ തീരുമാനിച്ചു. 

ഹോസ്പിറ്റലിൽ നിന്നും അധികം ദൂരെ അല്ലാതെ ഒരിടത്ത് അയാൾ ഒരു ചെറിയ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു.

രാത്രി വൈകി സെക്കന്റ് ഷോ കണ്ടു ലോഡ്ജിലേക്ക് നടക്കുന്നതിനിടെ വഴിയിലൊരിടത്ത് അയാൾ തല ചുറ്റി വീണു കിടക്കുന്നത് കണ്ടത് ലോഡ്ജിലെ ബോയ്സിൽ ഒരാളാണ്.

അപ്പോൾ തന്നെ അവൻ അയാളെ താങ്ങിയെടുത്ത് തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ട് ചെന്നു. ഒരു മലയാളിയാണ് ആ ചെറിയ ക്ലിനിക്കിന്റെ ഉടമയും ഏക ഡോക്ടറും.

ഡോക്ടർ കൊണ്ട് വന്ന രോഗിയെ പരിശോധിച്ചു. വേണ്ട മരുന്നുകൾ നിർദേശിച്ചു. നേരം വെളുക്കുന്നത് വരെ അവിടെ കിടത്തുവാൻ ചട്ടം കെട്ടി.

പിള്ളേച്ചൻ ആ ചെറിയ ക്ലിനിക്കിലെ തുരുമ്പ് പിടിച്ചു തുടങ്ങിയ കട്ടിലിൽ കിടന്ന് അന്ന് രാത്രി വെളുപ്പിച്ചു.

രാവിലെ ഡോക്ടർ പതിവ് റൗണ്ടിസിന് വന്നപ്പോഴാണ് അയാൾ ഡോക്ടറെ കാണുന്നത്.

മലയാളികൾ ആയത് കൊണ്ട് തന്നെ അവർ ഒന്നും രണ്ടും കാര്യങ്ങൾ പറഞ്ഞടുത്തു.

ഡോക്ടർ തെക്കൻ ആണ്..പക്ഷെ സംസാരത്തിലെവിടെയോ ഒരു വടക്കൻ സലാംഗ്.

മുൻ പോലീസുകാരൻ ഒരു സൗകര്യം കിട്ടിയപ്പോൾ അത് സൂചിപ്പിച്ചു.

കുറച്ചു കാലം അരീക്കോട് അടുത്തൊരു ഗ്രാമത്തിൽ ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു..അതിന്റെ സ്വാധീനം ആണ്.

ഓഹോ..അരീക്കോട് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയി നല്ല പ്രായത്തിൽ താനും ഉണ്ടായിരുന്നല്ലോ.. പിള്ളേച്ചൻ മ്യൂച്ചൽ ഫ്രെണ്ട്സ് ആരെങ്കിലും കാണുമോ എന്നുള്ള ആശങ്കയിൽ ഡോക്ടറോട് വിശേഷങ്ങൾ തിരക്കി.

അതോടൊപ്പം തന്നെ ഡോക്ടറെ കണ്ടപ്പോൾ മുതൽ തോന്നിയ മറ്റെവിടെയോ കണ്ടു മറന്ന മുഖം എന്ന തോന്നലും അയാൾ പങ്കു വെച്ചു.

അവർ തമ്മിലുള്ള സംസാരം അവിടെ മുറിഞ്ഞു. ഡിസ്ചാർജ് വാങ്ങി പിള്ളേച്ചൻ ലോഡ്ജിലേക്ക് മടങ്ങി.

കണ്ണാശുപത്രിയിലെ പരിശോധന കഴിഞ്ഞിട്ടും പിള്ളേച്ചൻ ഒരു രാത്രി കൂടി ലോഡ്ജിൽ തങ്ങാൻ തീരുമാനിച്ചു.

പഴയ പോലീസുകാരൻ ആയത് കൊണ്ടാവണം, കണ്ടു മറന്ന ഒരു മുഖവും അതിന്റെ പിന്നിലെ ദുരൂഹതയും ഇഴപിരിച്ചെടുക്കാൻ അയാൾക്ക് അയാൾക്കൊരു ഉൾവിളി ഉണ്ടായത്.

കഥയിത്രയും പറഞ്ഞപ്പോഴേക്കും ബെന്നിക്ക് ആളെ പിടികിട്ടി…ബെന്നിയുടെ പത്ര കട്ടിംഗുകളിൽ ഒരു വാർത്ത അതായിരുന്നു..

“ഇരുപത് വര്ഷം മുൻപ് പോലീസിനെ കബളിപ്പിച്ചു കടന്നു കളഞ്ഞ പീഢനക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു…റിട്ടയർഡ് പോലീസുകാരൻ അയാൾ പണ്ട് അന്വേഷിച്ചിരുന്ന കേസിലെ പ്രതിയെ പിടികൂടിയതിനൊപ്പം ഇത് വരെ വെളിയിൽ വരാതിരുന്ന മറ്റൊരു കേസ് കൂടി തെളിയിച്ചിരിക്കുന്നു..”

“അമ്പട..കേമാ…അപ്പൊ ബെസ്റ്റ് കക്ഷിയാണ് കൂടെ പോന്നത്..ചുമ്മാതല്ല…ഈ കേസിലൊരു കൗതുകം കണ്ടത്..

ബെന്നി പിള്ളേച്ചനെ കെട്ടിപ്പിപ്പിടിച്ചു പറഞ്ഞു. പിള്ളേച്ചൻ അയാളുടെ നരച്ച കൊമ്പൻ മീശ നനയുന്ന പാകത്തിൽ കണ്ണീർ പൊഴിച്ചു..സന്തോഷക്കണ്ണീര്..

ആട്ടെ, പിള്ളേച്ചനെന്താ തോന്നുന്നത്…

അതിപ്പോ, ഇതൊരു പ്രത്യേക കേസാണ്…ഞാനിതു വരെ ഇങ്ങനൊരു കേസ് കേട്ടിട്ടില്ല..ഒരു ഫേമസ് സിനിമാ നടൻ..അയാൾ മരിച്ചു..കൊലപാതകമാണെന്ന സംശയം ആർക്കുമില്ല…പക്ഷെ അയാളുടെ ജനിറ്റൽസ് കാണ്മാനില്ല…ന്യായമായും ദുരൂഹതയുണ്ട്..

അത് തന്നെയാണ് എന്റെയും പോയിന്റ്..എന്തായിരിക്കും മോട്ടീവ്..

പ്രതികാരം..അല്ലെങ്കിൽ പക…

എങ്ങനെ..

ആള് ഭാര്യയുമായി പിണങ്ങി താമസിക്കുന്ന ഒരാൾ…സ്വഭാവശുദ്ധി വേണമെങ്കിൽ സംശയിക്കാം..

പത്തറുപത് വയസ് കഴിഞ്ഞ ആൾ അല്ലെ പിള്ളേച്ചാ..

പഴയ കേസുകെട്ടുകൾ വല്ലതും പ്രതികാരം തീർക്കാൻ വന്നതാണെങ്കിലോ…

ഞാനും ആ വഴിക്കാണ് ആലോചിച്ചത്..പക്ഷെ….

(തുടരും)
നിയമപ്രകാരമുള്ള മുന്നറിയിപ്പ് – കോപ്പി റൈറ്റ് ഉള്ള കഥയാണ്. ഇതിൽ നിന്ന് ഭാഗങ്ങളോ മുഴുവനായോ മോഷ്ടിച്ചതായി കഥാകൃത്ത് അറിഞ്ഞാൽ..വെറുതെ പറയുകയല്ല. കീച്ചിക്കളയും..സോ ജാഗ്രതൈ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )