കഥ ഇത് വരെ –
“ഒരു കഥയുണ്ട്..പഴയ ഗ്രീക്ക് പുരാണത്തിലുള്ളതാ..” – പിള്ളേച്ചൻ പറഞ്ഞു.
“ഉം..” ബെന്നി മൂളി..
“പണ്ട്..പണ്ടെന്നു വെച്ചാൽ പ്രപഞ്ചം ഉണ്ടാവുന്നതിന് മുന്നേ…ഫുൾ ഇരുട്ട് ആയിരുന്നു. ഇരുട്ടിനു പിന്നാലെ പ്രപഞ്ചം മുഴുവൻ ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്കെത്തി..”
“ഉവ്വ ” – ബെന്നി രസം കെടുത്താതെ പിള്ളേച്ചനെ പ്രോത്സാഹിപ്പിച്ചു.
“പ്രപഞ്ചം മുഴുവൻ ശൂന്യത നിറഞ്ഞു നിന്നു..അനന്തമായ ശൂന്യത…അന്തം വിട്ട പോലത്തെ ശൂന്യത..ശൂന്യതയ്ക്കും, കുഴപ്പങ്ങൾക്കും ഒടുവിൽ ഗയാ ജനിച്ചു..ഗ്രീക്കുകാരുടെ ഗയ ആണ് മ്മടെ ഭൂമി. ഭൂമി ദേവി..ഒരേയൊരു ദൈവമകൾ..ഭൂമിയുടെ വയറിൽ നിന്നും.. പിന്നെ കുന്നുകൾ ഉണ്ടായി..കയങ്ങളുണ്ടായി, വൻ കാടുകളുണ്ടായി, പുഴകളും, സമുദ്രങ്ങളും, പതയും നുരയും നിറഞ്ഞ തിരമാലകളുമുണ്ടായി…എന്നിട്ടും ഭൂമിയ്ക്കൊരു ശൂന്യത ആയിരുന്നു…ഒരേ ബോറടി…തുണയില്ലാത്ത ഒരു ഫീല്..ഭൂമി കണ്ണ് തുറന്നു ആകാശത്തെ നോക്കി..ഗ്രീക്കുകാര് ലെവനൊരു പേരിട്ടിട്ടുണ്ട്..യുറാനസ്..” പിള്ളേച്ചൻ തുടർന്നു
“അതൊരു പഴയ ഗ്രഹം അല്ലെ..” ജുനൈദ് കണ്ണു തിരുമ്മി ചോദിച്ചു.
“ഗ്രഹം നമ്മക്ക്..ഗ്രീക്കുകാർക്കതൊരു ദൈവമാണ്..ആകാശത്തിനെ സൂചിപ്പിക്കുന്നത്…ആകാശം ഭൂമിയെ നോക്കി കണ്ണിറക്കി. ഭൂമി പതുക്കെ ചിരിച്ചു. അവര് തമ്മിൽ മനസുടക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. ആകാശം ഭൂമിയിലേക്ക് കുതിച്ചു വീണു. അവർ അവിടെക്കിടന്നു സംഗമിച്ചു..” പിള്ളേച്ചൻ ഇരുട്ടിൽ നിന്ന് കണ്ണെടുക്കാതെ, സ്റ്റിയറിംഗ് വീലിൽ കൈമുറുക്കി..കൊമ്പൻ മീശകൾക്കിടയിലൂടെ ഒരു കള്ളച്ചിരി പാസാക്കികൊണ്ട് പറഞ്ഞു.
എല്ലാവരും വഷളൻ ചിരി ചിരിച്ചു.
“ആകാശവും ഭൂമിയും സംഗമിച്ചു ആദ്യം ഇറോസ് വന്നു..പിന്നീട് ഭൂമിയും ആകാശവും തുടർച്ചയായി സംഗമിച്ചു..ഒന്നും രണ്ടുമല്ല..ആയിരം ദിവസം തുടർച്ചയായി…ഭൂമിയിൽ പലവിധ ജീവ ജാലങ്ങളുണ്ടായി..പക്ഷെ എന്താകാര്യം…ഒരൊറ്റ ജീവജാലങ്ങൾക്കും ഭൂമിയ്ക്ക് പുറത്തേക്ക് ഉയരാൻ കഴിഞ്ഞില്ല…എന്താ കാരണം..ആകാശം ഭൂമിയെ പുതച്ചു കിടക്കുകയല്ലേ..ഭൂമിക്കുള്ളിൽ നിന്ന് ഏതെങ്കിലും ജീവൻ പുറത്തേക്ക് വന്നാൽ ആകാശം ക്രൂദ്ധനായി ഉള്ളിലേക്ക് ഓടിയ്ക്കും..ഭൂമിയ്ക്കുള്ളിൽ കിടന്നു സകല ജീവജാലങ്ങളും കുഴപ്പങ്ങളുണ്ടാക്കി തുടങ്ങി. അമ്മയായ ഭൂമിയ്ക്കും സഹിക്കുന്നതിന് അതിരുണ്ടായിരുന്നു…ആകാശത്തിൽ നിന്നും മോചനം നേടാൻ ഭൂമിയും ആഗ്രഹിച്ചു…എന്ത് ചെയ്യാൻ ആകാശം ഭൂമിയെ ഭ്രമിച്ചു പോയിരുന്നു. ഭൂമി തന്റെ മക്കളോട് സഹായം അഭ്യർത്ഥിച്ചു..ആരും ചെവി കൊണ്ടില്ല…ഒടുക്കം..ഏറ്റവും ഇളയ പുത്രൻ സഹായിക്കാമെന്നേറ്റു. അമ്മ ഭൂമി ഒരു അരിവാൾ ഉണ്ടാക്കി മകനെ ഏൽപ്പിച്ചു. ആകാശം തന്നെ പ്രാപിക്കാൻ വരുന്ന സമയത്ത് വേണ്ട പോലെ ഉപയോഗിച്ചോണം എന്ന് പറഞ്ഞാണ് അരിവാൾ മകന് കൈമാറിയത്..പതിവ് പോലെ..ആകാശം അന്നും ഭൂമിയെ പ്രാപിക്കാൻ വന്നു. പ്രപഞ്ചം മുഴുവൻ ഇരുൾ പരന്നു..ആകാശം മുഴുവൻ ആസക്തിയും ആവാഹിച്ചു കൊണ്ട് ഭൂമിയിലേക്ക് തന്റെ ലിംഗം ആഴ്ന്നിറക്കി.
വേദന കൊണ്ട് ഭൂമി അലറിക്കരഞ്ഞു. കരച്ചിൽ കേട്ട് ഇളയമകൻ അരിവാളുമായി ഭൂമിക്കടിയിലെ ഗുഹയിൽ നിന്നും പുറത്തേക്ക് വന്നു..ആകാശത്തിന്റെ ലിംഗം നോക്കി അരിവാൾ ചുഴറ്റി വീശി…
രക്തം ചിതറി..ആകാശം വേദന കൊണ്ട് പുളഞ്ഞു…ഭൂമിയെ പുണർന്നിരുന്ന കൈകൾ വിടുവിച്ചു ആകാശം ഉയർന്നു പൊങ്ങി…ദൂരെ മുകളിൽ ഭൂമിയെ നോക്കിയാൽ കാണുന്ന അകലത്തിൽ ..അതിനു ശേഷം ആകാശം ഭൂമിയെ പ്രാപിച്ചതേയില്ല. ഭൂമിയുടെ ഗർഭ പാത്രത്തിൽ വിങ്ങൽ കൊണ്ടിരുന്ന ജീവനുകളെല്ലാം വെളിയിൽ വന്നു. പുതുതായി കിട്ടിയ പ്രകാശത്തിൽ അവർ സന്തോഷിച്ചു…യുറാനസ് എന്ന ആകാശം ഗയ എന്ന ഭൂമിയെ പ്രണയിക്കുന്നത് അവസാനിപ്പിച്ചില്ല…ആകാശത്തിന്റെ പ്രണയവും വിരഹവുമാണ് മഴയായി ഭൂമിയിൽ പതിക്കുന്നത് എന്നാണ് ഗ്രീക്ക് ഐതീഹ്യം..” പിള്ളേച്ചൻ പറഞ്ഞവസാനിപ്പിച്ചു നെടുവീർപ്പിട്ടു..
“പ്രപഞ്ചത്തിലെ ആദ്യ ലിംഗ കഥ ” ബെന്നി വഷളൻ ചിരി ഉയർത്തി പറഞ്ഞു.
“വാട്സ്ആപ്പിൽ കിട്ടിയതായിരിക്കും..അല്ല്യോ..” ആയാൾ ചോദിച്ചു..
“അല്ലടാ ഉവ്വേ..ഞാൻ വായിച്ചുണ്ടാക്കിയതാ..” പിള്ളേച്ചൻ തലവെട്ടിച്ചു പറഞ്ഞു..
“ഈ പിള്ളേച്ചൻ അടിമുടി ദുരൂഹം ആണല്ലോ..” ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുന്നേ ബെന്നി കൂട്ടിച്ചേർത്തു.
ഇടയ്ക്കെവിടെയോ കാപ്പി കുടിക്കാൻ വണ്ടി നിർത്തിയത് ഒഴിച്ചാൽ കാറിൽ പിന്നീട് സംസാരങ്ങൾ ഒന്നും ഉണ്ടായില്ല.
മഞ്ഞ ബോർഡുള്ള, കറുത്ത അംബാസിഡർ, കോതമംഗലം, കൊല്ലം വഴി തിരുവനന്തപുരത്തേക്ക് ദുരൂഹതയുടെ പുകച്ചുരുളുകൾ ഉയർത്തി പാഞ്ഞു പോയി.
(തുടരും)
നിയമപ്രകാരമുള്ള മുന്നറിയിപ്പ് – കോപ്പി റൈറ്റ് ഉള്ള കഥയാണ്. ഇതിൽ നിന്ന് ഭാഗങ്ങളോ മുഴുവനായോ മോഷ്ടിച്ചതായി കഥാകൃത്ത് അറിഞ്ഞാൽ..വെറുതെ പറയുകയല്ല. കീച്ചിക്കളയും..സോ ജാഗ്രതൈ.