ഈ സമീറിനെ കാണാൻ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വരാറുണ്ടായിരുന്നോ – ബെന്നി പെട്ടിക്കടക്കാരനോട് ചോദിച്ചു.
നിങ്ങള് സി ഐ ഡീസ് ആണോ…
ഏയ് അങ്ങനൊന്നുമില്ല…പുള്ളി..
ലയാള് തോനെ സി ഐഡി സിനിമേലൊക്കെ നടിച്ചു നടന്നയാൾ ആയ കൊണ്ട് ചോദിച്ചതാണ്..
അതെ..അതും ശരിയാണല്ലോ..ആരെങ്കിലുമൊക്കെ വരാറുണ്ടായിരുന്നോ..
ഇടയ്ക്കു ചിലരൊക്കെ കാറിലങ്ങോട്ട് പോകാറുണ്ട്..പിന്നെ പിന്നെയൊരു ചെറിയ പുള്ള സ്ഥിരം വന്നു പോകാറുണ്ട്..
പുള്ളയോ..
ങ്ങാ തെക്കുന്നെങ്ങാണ്ടോ ആണ്..അവൻ ഇടയ്ക്കു വരും. ..
എത്ര വയസ്സുണ്ടാകും..
പതിനഞ്ച് പതിനാറ്..
ബെന്നി തന്റെ പോക്കറ്റ് ഡയറിയിൽ കുറിച്ചു വെച്ചു.
അവർ രണ്ടു പേരും കുറച്ചു ദിവസം അവിടെ തങ്ങാൻ തന്നെ തീരുമാനിച്ചു. പെട്ടിക്കടക്കാരന്റെ കെയറോഫിൽ കടൽത്തീരത്തിനോട് ചേർന്ന് കിടക്കുന്ന ഒരു പഴയ ലോഡ്ജിൽ അവർ മുറി തരപ്പെടുത്തി.
ബെന്നിയെയും പിള്ളേച്ചനെയും വഹിച്ചു കൊണ്ട് വന്ന പഴയ ബുള്ളറ്റ് ലോഡ്ജിന്റെ മുറ്റത്ത് വെയിലൊതുങ്ങിയ ഓരത്ത് പാർക്ക് ചെയ്തു കിടക്കുന്നു..രണ്ടാം നിലയിൽ റോഡിനെ നോക്കിയിരിക്കുന്ന മുറികളിലൊന്നാണ് അവർക്ക് കിട്ടിയത്. പടിഞ്ഞാറ് ഭാഗത്തെ ജനൽ തുറന്നാൽ കടൽ കാണാം. വൈകുന്നേരങ്ങളിൽ കടലിൽ നിന്നും തണുത്ത കാറ്റ് മുറിയ്ക്കുള്ളിൽ അടിച്ചു കയറുമെന്നു ലോഡ്ജുടമ പറഞ്ഞു.
എനിക്ക് അത്ര കാറ്റ് ഇഷ്ടമില്ല – ബെന്നി പറഞ്ഞു..അതങ്ങ് അടഞ്ഞു കിടന്നോട്ടെ..
പിള്ളേച്ചനോ..
എനിക്കും.
അപ്പൊ അതാ അതിന്റെ ശരി.. ബെന്നി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഷുഗറിന്റെ അസുഖം ഉള്ളത് കൊണ്ട് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണം…അതിനോടിക്കയറാൻ പറ്റിയ ഒരു മൂത്രപ്പുര വേണം. പിള്ളേച്ചന് മിനിമം ഡിമാന്റ് അത് മാത്രമേയുള്ളൂ.
നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം..പെട്ടിക്കടക്കാരൻ വൈകുന്നേരം മുറിയിലേക്ക് വന്നു.
വിശദമായ ഒരു കേസന്വേക്ഷണത്തിന് ലോക്കൽ സപ്പോർട്ട് വേണമെന്ന് ബെന്നിയ്ക്കറിയാം. കൂടാതെ, ആശാൻ ഒരു സിഐഡി സിനിമകളുടെ ആരാധകൻ കൂടിയാണ്.
മലബാറിൽ ഷാപ്പ് കോൺഡ്രാക്റ്റർ ആയിരുന്നു. ചാരായ നിരോധനം വന്നു ഷാപ്പ് പൂട്ടിയപ്പോൾ തിരിച്ചു പോന്നതാണ്.
കുറെ നാളായിട്ട് ഇവിടെ.
സമീർ സാഹിബിന്റെ ദിന ചര്യകൾ എങ്ങനായിരുന്നു..
ബെന്നി ചോദിച്ചു..
അങ്ങേര് രാത്രികളുടെ രാജകുമാരൻ ആയിരുന്നു…- ആശാൻ പറഞ്ഞു
എന്ന് വെച്ചാൽ
പകലുറക്കവും രാത്രി ഉണർന്നിരിക്കലും ആയിരുന്നു പ്രധാന ഹോബി.
ഈ പയ്യൻ വരാറുണ്ട് എന്ന് പറഞ്ഞില്ലേ..അവൻ രാത്രിയിൽ ആണോ വരാറ് ..
അല്ലല്ല..അവൻ ഉച്ച കഴിയുമ്പോൾ വരും…ചോറും കൊണ്ടുള്ള വരവാണ്..പുള്ളിക്ക് ബ്രെക്ഫാസ്റ്റും ലഞ്ചും എല്ലാം ഒരുമിച്ചാണ്…ഉച്ചയ്ക്കൊരു ഒന്നര രണ്ടു മണിയാവുമ്പോൾ ആ പയ്യൻ വരും..അത് വരെ മൂപ്പിൽസ് കിടന്നുറക്കമാണ്..ലഞ്ച് കഴിച്ചിട്ട് പയ്യൻ തട്ടുമായി പോയിക്കഴിഞ്ഞാൽ പതിവ് നടത്തം.
മുറ്റത്തൂടെയും പറമ്പിൽ കൂടെയും കുറെ നേരം നടക്കും..
വരാന്തയിൽ ടേപ്പ് റിക്കോർഡിൽ അയാളുടെ തന്നെ സിനിമയിലെ ഏതെങ്കിലും പഴയ പാട്ട് പാടുന്നുണ്ടാവും..
“ലാലാക്കാം..ലാല്ലക്കം…ലല്ലക്കം ലല ലല്ലക്കം..
” അങ്ങനൊരു പാട്ട് ആണ് കൂടുതൽ പ്രാവിശ്യം കേട്ടിട്ടുള്ളത്..
മഹാരാജാ എക്സ്പ്രസ്..പുള്ളീടെ ഒരു ഹിറ്റ് സിനിമയായിരുന്നു – ബെന്നി പറഞ്ഞു.
എന്നിട്ട്..- പിള്ളേച്ചൻ പാട്ടിലേക്ക് പോകാനുള്ള ഒരുക്കം കട്ട് ചെയ്തുകൊണ്ട് ചോദിച്ചു..
നടത്തം കഴിഞ്ഞു കഴിയുമ്പോൾ പുള്ളി പിന്നേം തിരിച്ചു കയറിപ്പോകും..പുറത്തുള്ളവരോടോന്നും അത്ര നല്ല ബന്ധമല്ലായിരുന്നു അവസാനകാലത്തെ..മാസത്തിലൊന്നോ രണ്ടോ തവണ എന്റെ കടയിലൊട്ടൊന്നു വരും..സിഗാറും മുറുക്കും അല്ലറ ചില്ലറ സാധനങ്ങളുമൊക്കെ വാങ്ങി തിരിച്ചങ്ങോട്ട് പോകും. വല്ലപ്പോഴുമേ അങ്ങനൊക്കെ വരൂ…ആ മടയിൽ നിന്നും ആള് വെളീലോട്ട് ഇറങ്ങിക്കണ്ടത് വർഷത്തിൽ അഞ്ചോ ആറോ തവണ മാത്രമാ..
ഈയിരിപ്പ് തുടങ്ങിയിട്ട് എത്ര കാലമായി..
ഞാനൊരു മൂന്നാല് വര്ഷമായിട്ട് ഇങ്ങനാ കാണാറ്..
ബന്ധുക്കളാരെങ്കിലും സ്ഥിരം വരാറുണ്ടോ..
ഓ..ഒരുത്തനേം കയറ്റത്തില്ല..
ജുനൈദുമായിട്ടും, സമീറിന്റെ ഭാര്യയുമായിട്ടും എങ്ങനാ..
ജുനൈദിനെയൊന്നും പടിയ്ക്കകത്ത് കയറ്റത്തില്ല..പെണ്ണുമ്പിള്ളയെ ഇടയ്ക്ക് പുള്ളി വരുത്താറുണ്ട്..
വേറെ ആരും വരാറില്ലേ..
എന്റെ അറിവിൽ ഇല്ല..
ആശാൻ പൊയ്ക്കോളൂ ..എന്തെങ്കിലുമുണ്ടേൽ വിളിക്കാം…പിന്നെ, ആ ചെറുക്കൻ എവിടുത്തു കാരനാണെന്ന് അറിയാമോ..
ഞാൻ പറഞ്ഞില്ലേ തെക്കെങ്ങാണ്ട് ഉള്ളവനാ..
തെക്കെന്നു വെച്ചാൽ — ട്രിവാൻഡ്രം ആണോ..
അയ്യോ..അത്രയൊന്നും പോവേണ്ട…ഇവിടുന്നു ഒരഞ്ചാറ് കിലോമീറ്റർ തെക്ക്..
ശരി ആശാൻ പൊയ്ക്കോളൂ..
****
ആശാൻ മുറി വിട്ടു പോയിക്കഴിഞ്ഞു ബെന്നിയും പിള്ളേച്ചനും ഒന്ന് കൂടെ ഇരുന്നു..
മേശയിൽ അവരുടെ കുറിപ്പുകളും, നിഗമനങ്ങളും എഴുതിയ പത്രക്കടലാസുകളിൽ മുറിയിലെ ഫാനിൽ നിന്നുള്ള പൊടിക്കാറ്റ് തട്ടിക്കറങ്ങി നടന്നു…
ഒരു വട്ടം വരച്ചു നടുക്ക് സമീർ സാഹിബിന്റെ പേരെഴുതി ചുറ്റിലും അയാളുമായി ബന്ധമുള്ളവരുടെ പേരുകൾ കുറിച്ചു കൊണ്ടിരിക്കുകയാണ് ബെന്നി.
പിള്ളേച്ചന്റെ വക നിഗമനങ്ങൾ മറ്റൊരു പേജിൽ എഴുതി സൂക്ഷിക്കുന്നു.
സാഹിബിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ..
ഒന്ന് – ഗോമതിയും ഊട്ടിയുമായുള്ള ബന്ധം..
രണ്ടു – പുറത്തേക്കൊന്നും പോവാറില്ല എന്ന് പറയുമ്പോഴും ഗോമതിയെ കാണാൻ ഊട്ടിക്ക് ചെല്ലാറുണ്ട് എന്ന് അവരുടെ സെക്രട്ടറി പറഞ്ഞ മൊഴി.
മൂന്നു – ഉച്ചകഴിഞ്ഞുള്ള സ്ഥിര സന്ദർശകൻ – പയ്യൻ
നാല് – കാണാതായ ലിംഗം ..
സാഹിബിനോട് ശത്രുത ഉള്ളവർ ആരെങ്കിലും
ഒന്ന് – ബന്ധുക്കൾക്ക്…കാരണം സ്വത്തു വഹകൾ
രണ്ടു – ഭാര്യയ്ക്ക്
മൂന്ന് – ഗോമതി
നാല് – ഇതുവരെ പുറത്തു വരാത്ത ആരെങ്കിലും..
എന്ത് കൊണ്ട് സാഹിബിന്റെ ലിംഗം മുറിച്ചു കൊണ്ട് പോയി..
ഒന്ന് – പക
രണ്ടു – പഴയ എന്തെങ്കിലും വൈരാഗ്യം
മൂന്നു – ഡിസ്ട്രാക്ഷൻ..വഴി തിരിച്ചു വിടാൻ..
നാല് – അബദ്ധത്തിൽ സംഭവിച്ചത്..
ഇത്രയും എഴുതിക്കഴിഞ്ഞു, ബെന്നിയും പിള്ളേച്ചനും ഒന്ന് നെടുവീർപ്പിട്ടു.
നമുക്കവസാനം എഴുതിയത് എടുത്ത് പരിശോധിക്കാം…ബെന്നി പറഞ്ഞു.
എന്ത് കൊണ്ട് സാഹിബിന്റെ പെനിസ് മുറിച്ചു കൊണ്ട് പോയി ..
എന്ത് കൊണ്ട് സാഹിബിന്റെ ലിംഗം മുറിച്ചു കൊണ്ട് പോയി..
ഒന്ന് – പക
രണ്ടു – പഴയ എന്തെങ്കിലും വൈരാഗ്യം
മൂന്നു – ഡിസ്ട്രാക്ഷൻ..വഴി തിരിച്ചു വിടാൻ..
നാല് – അബദ്ധത്തിൽ സംഭവിച്ചത്..
പകയാണെങ്കിൽ ആർക്ക് എന്തിനു തോന്നി. മുൻപ് സാഹിബുമായിട്ടുണ്ടായ പ്രശ്നങ്ങൾ എന്തെങ്കിലും കൊണ്ട്..അത് കഴിഞ്ഞിട്ട് ഒരു ചോദ്യചിഹ്നമിട് പിള്ളേച്ചാ..എന്നിട്ടാ ഭിത്തിയിൽ കൊണ്ട് പോയി ഒട്ടിച്ചു വെയ്ക്ക്..
രണ്ടു – പിള്ളേച്ചൻ..അല്ല സമീർ സാഹിബ് ഇപ്പോഴത്തെ പത്രത്തിലൊക്കെ കാണുന്നത് പോലെ വല്ല മീറ്റു ഇടപാടിലും പെട്ടിട്ടുണ്ടോ..കാസ്റ്റിങ് കൗച്..അതിന്റെ പക..
മൂന്നു – ഗോമതിയമ്മാൾ നു സാഹിബുമായി എന്തെങ്കിലും പക ഉണ്ടോ…ഉണ്ടെങ്കിൽ തന്നെ ഒരാളുടെ വേണ്ടപ്പെട്ട ഒരു അവയവം മുറിച്ചോണ്ടു പോകാൻ മാത്രം ആ പക എങ്ങനെ വളർന്നു.
ഇനിയെന്തെങ്കിലും കാരണം പിള്ളേച്ചന് തോന്നുന്നുണ്ടോ..
“ഞാൻ ഒന്ന് മുള്ളിയേച്ചു വരാം..” പിള്ളേച്ചൻ സിഗരറ്റ് പാക്കറ്റും പിടിച്ചു മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങി.
ദുരൂഹതയ്ക്ക് പിന്നിലേക്ക് ഊഴ്ന്നിറങ്ങി ആലോചിച്ചു കൊണ്ട് ബെന്നി കട്ടിലിൽ കാൽ കയറ്റിവെച്ചു കിടന്നു…അടച്ചിട്ട ജനാലകൾ തള്ളിത്തുറന്നു ഉപ്പുമണമുള്ള കടൽക്കാറ്റ് മുറിയിലേക്ക് വീശിയടിച്ചു.
ബെന്നി കണ്ണുകൾ അടച്ചു മയക്കത്തിലേക്ക് വഴുതി വീണു. അയാൾ സ്വപ്നമുണർന്നത് ഒരു രംഗത്തിലേക്കായിരുന്നു…
(തുടരും)
നിയമപ്രകാരമുള്ള മുന്നറിയിപ്പ് – കോപ്പി റൈറ്റ് ഉള്ള കഥയാണ്. ഇതിൽ നിന്ന് ഭാഗങ്ങളോ മുഴുവനായോ മോഷ്ടിച്ചതായി കഥാകൃത്ത് അറിഞ്ഞാൽ..വെറുതെ പറയുകയല്ല. കീച്ചിക്കളയും..സോ ജാഗ്രതൈ.