
ചില വൈകുന്നേരങ്ങളിൽ കടൽ തീരത്ത് പോയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്. തിരയും നുരയും കാലിൽ തൊടാനെത്താത്ത ദൂരത്ത് കാൻവാസ് കൊണ്ടുണ്ടാക്കിയ ചാരു കസേരയിൽ മണലിൽ കാലു പൂഴ്ത്തി തിരകളോരോന്നു ഒന്നിന് പുറകെ മറ്റൊന്നായി തീരത്ത് അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല.
വിരസമായ ദിവസങ്ങളിൽ വായിക്കാനായൊരു പുസ്തകം കൂടി കയ്യിൽ ഉണ്ടെങ്കിൽ ഏകാന്ത വാസിയായ എന്നെ സംബന്ധിച്ചിടത്തോളം സമയം കളയാൻ മറ്റൊന്നും വേണ്ട.
ചെറു നഗരത്തിലെ ഈ കടൽത്തീരത്ത് വരുന്നവരിൽ അധികം പേരും ടൂറിസ്റ്റുകളാണ്. തൊട്ടടുത്തുള്ള കോഫി ഷോപ്പിൽ നിന്ന് ചൂടുള്ളതും തണുത്തതുമായ പാനീയങ്ങളും കയ്യിൽ പിടിച്ചു അവർ തിരകൾക്കും മണൽത്തരികൾക്കും കൂടെ കളിച്ചുല്ലസിക്കും.
തിരകൾ തീരത്തേയ്ക്ക് ഓടിയെത്തുമ്പോൾ ജലം കാലിൽ തൊടാതിരിക്കുവാനായി ഓടിയകലുന്ന പേരറിയാത്ത ചെറിയ കിളികളും..സൂര്യനെ മറച്ചു കൊണ്ട് താഴ്ന്നു ചിറകടിച്ചു നിൽക്കുന്ന കടൽക്കാക്കകളും, ഊളിയിട്ട് മീൻ കൊത്തി പറന്നു പോകുന്ന വലിയ ചിറകുള്ള ആൽബ്രറ്റോസ് പക്ഷികളും ടൂറിസ്റ്റുകളുടെ ഉല്ലാസത്തിനോടൊപ്പം ചേരും.
പതിവ് പോലെ , കടൽക്കരയിൽ ഒരു പുസ്തകവും കയ്യിൽ പിടിച്ചു അലസമായി താളുകൾ മറച്ചു ഇരിക്കുകയായിരുന്നു ഞാൻ. കടൽ യാത്രക്കാരെ കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു അത്. പഴകി തുടങ്ങിയത്.
“കടൽയാത്രകരെക്കുറിച്ചുള്ള പുസ്തകങ്ങൾ രസകരമാണ് ” എന്റെ തൊട്ടടുത്തിരുന്നു കടൽക്കാഴ്ചകൾ കണ്ടിരുന്ന ഒരാൾ പെട്ടെന്ന് പറഞ്ഞു.
അങ്ങനെയൊരാൾ അവിടെയിരുന്ന് എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടത് അപ്രതീക്ഷിതമായാണ്..ആ നടുക്കത്തിൽ നിന്നുണർന്ന് ഒരു പുഞ്ചിരി പകരം കൊടുത്തു. അയാൾ തിരകൾക്ക് പിന്നാലെ കണ്ണ് പായിച്ചു കൊണ്ട് സംസാരത്തിലേക്ക് കടക്കുവാൻ ആരംഭിച്ചു. എനിക്കാണെങ്കിൽ അപരിചിതരോട് സംസാരിക്കുന്നത് പ്രിയമുള്ള കാര്യമല്ല..
കടൽയാത്രകളെക്കുറിച്ചുള്ള ഒരു വിജ്ഞാന ശേഖരം അയാളുടെ പക്കലുണ്ടെന്ന് തോന്നിപ്പിക്കുന്ന മട്ടിലായിരുന്നു അയാളുടെ വേഷവും, സംഭാഷണവും, ഭാവവും.
“നിങ്ങടെ വാസ്കോഡഗാമയുടെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്..” അയാൾ പറഞ്ഞു.
“ഇന്ത്യ കണ്ടെത്താൻ ഗാമയെപ്പോലെ അനേകം പേര് പുറപ്പെട്ടിറങ്ങിയ അതെ നഗരത്തിൽ നിന്ന്..
ചിലർ വഴി തെറ്റി..ദേ നമ്മളിപ്പോ ഇരിക്കുന്ന തീരത്ത് എത്തി. തങ്ങൾ എത്തിപ്പെട്ട സ്ഥലം ഇന്ത്യയാണ് എന്ന് കരുതി അവർ ഈ തീരത്തെ മലബാർ എന്ന് വിളിച്ചു കാണണം. “
അയാൾ തുടരുകയാണ്.
എന്റെ ചിന്ത മുഴുവനും അയാൾക്കെന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഗാമ കാലു കുത്തിയ നാട്ടിൽ നിന്നും വന്നവനാണ് എന്നെങ്ങനെ മനസ്സിലായി എന്നതായിരുന്നു.
അയാൾ സംസാരം തുടരുകയാണ്.
“ലിസ്ബണിൽ ഒരു ജീസസ് ഉണ്ട്..
ഗോവക്കാരൻ.
ജീസസ് ലീ.
കാത്തലിക് ആയ അമ്മയും ബ്രൂസ് ലീ യുടെ ഫാനായ അച്ഛനും ചേർന്ന് മകനിട്ട പേര് ആയിരുന്നു ജീസസ് ലീ.
അയാൾക്കൊരു നല്ല റെസ്റ്ററന്റ് ഉണ്ട് അവിടെ…ഉരുളക്കിഴങ്ങും, ചുവന്ന മുളകും ഇന്ത്യയിലെത്തിച്ച പോർച്ചുഗീസ്കാരന്..
കറുവപ്പട്ടയും മസാലയും, കുരുമുളകും ചേർത്ത രുചി തിരികെ നൽകി ഇന്ത്യക്കാരൻ..ഇന്ത്യൻ ഭക്ഷണം രുചിക്കുന്നത് അവിടെ വെച്ചാണ്..”
അയാളുടെ സംസാരം മുഴുവൻ ഞാൻ ശ്രദ്ധിച്ചു കേട്ടുകൊണ്ടേയിരുന്നു.
ഞങ്ങൾക്ക് പിന്നിൽ സൂര്യൻ ചുവന്ന രശ്മികൾ എയ്തു കൊണ്ട് പതിയെ നദിയിലേക്ക് താഴ്ന്നു തുടങ്ങിയിരുന്നു.
വലിയ ഒരു നദിയ്ക്ക് കുറുകെ കെട്ടിയ നീളൻ പാലം കടന്നു വേണം ടൂറിസ്റ്റുകൾക്ക് കടൽത്തീരത്തേക്ക് വരുവാൻ.
കൊടുങ്കാറ്റ് വീശുന്ന കാലങ്ങളിൽ നേരിയ സൂചന വരുമ്പോഴേ കടൽത്തീരത്തെ വീടുകളും, കടകളും, അവധിക്കാല ബംഗ്ളാവുകളും ഷട്ടറിട്ട് പൂട്ടി നീളൻ പാലം മുറിച്ചു കടന്നു ആളുകൾ വൻകരയിലെ സുരക്ഷിത താവളങ്ങളിലേക്ക് കുതിക്കും.
അതെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അയാൾ ചിരിച്ചു.
വലിയ ഒരു കാറ്റിനൊപ്പം എത്തിയതാണയാൾ ആ തീരത്ത് എന്ന് പറഞ്ഞത് എനിക്ക് മനസിലാക്കാൻ സാധിക്കുന്നതായിരുന്നില്ല.
ഇരുട്ടിലെ ആത്മാവുകളെ കുറിച്ചുള്ള ഒരു സംഭാഷണത്തിലേക്ക് അയാൾ മുന്നറിയിപ്പില്ലാതെ കയറി ചെന്നത് അപ്പോഴായിരുന്നു.
ഇരുൾ പരന്നാൽ ഭൂമിയിലെ ആത്മാവുകളെല്ലാം കടൽ തേടിയുള്ള യാത്രയിൽ ആയിരിക്കും – അയാൾ പറഞ്ഞു.
കടലിന്റെ ഒത്ത നടുക്കാണ് സ്വർഗം എന്ന് പറയുന്നയിടം. കപ്പലുകൾക്കോ, നാവികർക്കോ, വിമാനങ്ങൾക്കോ കടന്നു ചെല്ലാനാവാത്ത ഒരിടം. അവിടേക്കുള്ള ആത്മാക്കളുടെ യാത്രയ്ക്കിടെ വഴി തെറ്റി തീരത്ത് എത്തിപ്പെട്ടതാണ് താൻ എന്ന് അയാൾ പറഞ്ഞപ്പോൾ എന്റെ അസ്ഥിയിൽ തണുപ്പ് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു.
ഭൂമിയിലെ ഇരുളിനെക്കുറിച്ചും, ഇരുളിൽ ജീവിക്കുന്ന ആത്മാക്കളെപ്പറ്റിയും അയാൾ പറഞ്ഞു തുടങ്ങി.
മരിച്ചു കഴിഞ്ഞ മനുഷ്യരും മൃഗങ്ങളും ആത്മാക്കളും പ്രേതങ്ങളായി കടലിനുള്ളിലെ സ്വർഗത്തിലേക്കുള്ള യാത്രയിലായിരിക്കും…ആ യാത്രയ്ക്കിടെ ആത്മാക്കൾ മനുഷ്യർക്കോ ചരാചരങ്ങൾക്കോ ഒരു ജീവിത കാലത്തിനുള്ളിൽ മനസിലാക്കാൻ കഴിയാതെ പോയ സത്യങ്ങൾ മനസ്സിലാക്കും..പലതരം, രാത്രിസഞ്ചാരികളെക്കുറിച്ചുള്ള കഥകൾ പിന്നിട്ട് അയാൾ ഭൂതങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങി.
കടൽത്തീരത്ത് നിന്ന് ആളുകൾ ഒഴിഞ്ഞു പോയി തുടങ്ങിയിരുന്നു. തിരകൾക്ക് മേലെ ഒരു വെള്ളി നിഴൽ പോലെ പാതി വിരിഞ്ഞ ചന്ദ്രൻ നൃത്ത ചുവടുകൾ വെച്ച് നിന്നു..ഇരുട്ട് വീണു തുടങ്ങിയ മണൽപ്പരപ്പിൽ കാലുകൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ച വണ്ണം ഞാനിരുന്നു പോയി എന്ന് പറയുന്നതാവും സത്യം.
പണ്ട് പണ്ട് ഭൂമിയുടെ അവകാശികൾ ഭൂതങ്ങളായിരുന്നു. ഭൂമി അടക്കി വാഴാൻ വേണ്ടി ദൈവം സൃഷ്ടിച്ചത് ഭൂതങ്ങളെ ആയിരുന്നു. ഭൂമിയിൽ നിറയെ ശുദ്ധവായു നിറഞ്ഞു നിന്നിരുന്ന കാലം. പക്ഷികളും, പൂക്കളും, മഞ്ഞു തുള്ളികളും, വലിയ നീലത്തടാകങ്ങളും, വൻ മരങ്ങളും എല്ലാം ഭൂമിയെ സ്വർഗം പോലെ നിലനിർത്തി പോന്നിരുന്നു. ഭൂതങ്ങൾക്ക് ചിറകുകളും, പറക്കാനുള്ള കഴിവും ഉണ്ടായിരുന്നു.
മരണമില്ലാത്തവരായിരുന്നു ഭൂതങ്ങൾ…അവർ വലിയ മരങ്ങളുടെ ചില്ലകളിൽ ആരും ശല്യപ്പെടുത്താതെ ആർക്കും ശല്യമാകാതെ ജീവിച്ചു പോന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം.
ഭൂമിയാകെ പെട്ടെന്ന് ഇരുൾ പരന്നു..കിളികൾ പറന്നു കൂടണഞ്ഞു. മഞ്ഞു നിറഞ്ഞ സ്ഥലങ്ങൾ പെട്ടെന്ന് മരുഭൂമികളായി. മരുഭൂമികളായിരുന്നവ മഞ്ഞു മൂടിയ കരകളും.
ആകാശത്ത് നിറയെ നക്ഷത്രങ്ങൾ വെട്ടി തിളങ്ങി. ഭൂതങ്ങളെല്ലാം ആ കാഴ്ച കാണാൻ ഒരു വലിയ മൈതാനത്തേക്ക് ഇറങ്ങി വന്നു. അവർ ആകാശത്തിലേക്ക് നക്ഷത്രങ്ങളിലേക്ക് കണ്ണ് പായിച്ചു ഇമവെട്ടാതെ നോക്കി നിന്നു.
പെട്ടെന്ന്..
ആകാശത്തിലെ ഒരു കിളിവാതിൽ തുറന്നത് പോലെ, പെട്ടെന്ന് ഒരു ധൂമകേതു ഭൂമിയിലേക്ക് വന്നിടിച്ചു. ഭൂമിയാകെ വിറച്ചു. പൊടി പറന്നു..ഇരുൾ പരന്നു. വെളിച്ചം വന്നപ്പോൾ ഭൂതങ്ങൾ കണ്ടത് ഭൂമിയിൽ വന്നിറങ്ങിയ കുറെ വലിയ പേടകങ്ങളെ ആയിരുന്നു.
അതിൽ നിന്ന് രണ്ടു കാലിൽ നടക്കുന്ന ജീവികൾ പുറത്തിറങ്ങി. അവയ്ക്ക് ഭംഗിയുള്ള മുഖങ്ങൾ ഉണ്ടായിരുന്നു..പറക്കാൻ കഴിവില്ലാത്ത അവ പക്ഷെ രണ്ടു കാലുകളിൽ ഊന്നി നടക്കുന്ന കൂട്ടത്തിൽ ആയിരുന്നു.
നിങ്ങൾ സ്വർഗ്ഗലോകത്ത് നിന്ന് വന്ന ദേവകളാണോ..
ഭൂതങ്ങൾ അവരോട് ചോദിച്ചു.
അവർ പരിഹാസത്തോടെ ചിരിച്ചു.
ദേവതകളോ..സ്വർഗ്ഗമോ..ഹ ഹ ഹ..
എന്നിട്ട് അവർ സ്വയം പരിചയപ്പെടുത്തി ..
ഞങ്ങൾ മനുഷ്യരാണ്.
അന്ന് മുതൽ ഭൂതങ്ങൾക്ക് ഭൂമിയിലുള്ള അധികാരം നഷ്ടപ്പെട്ടു..പഴയകാലത്തെ കുറിച്ചും ഭൂമിയെക്കുറിച്ചും മനുഷ്യർ പുതിയ കഥകൾ പറഞ്ഞുണ്ടാക്കി.
ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ട അവർ മനുഷ്യരെ ഭയന്ന് ജീവിച്ചു.
മനുഷ്യർ ഉറങ്ങിക്കഴിഞ്ഞാൽ ഭൂതങ്ങൾ ശബ്ദമുണ്ടാക്കാതെ പുറത്തു വരും..മനുഷ്യരുടെ വീടുകളിൽ അവർ പോലും അറിയാതെ നിശബ്ദമായി അവർ ജീവിച്ചു പോന്നു.
അയാൾ പറഞ്ഞു നിർത്തി.
പൂർണ്ണ ചന്ദ്രനുദിക്കുന്ന രാവുകളിൽ …ഭൂതങ്ങൾ കടൽ തീരത്തേക്ക് യാത്ര തുടങ്ങും..അമ്പിളി നിലാവിനൊപ്പം തിരകളിൽ ചവിട്ടി കടലിനു നടുവിലുള്ള സ്വർഗം തേടി മനുഷ്യരുടെ ആത്മാക്കളായ പ്രേതങ്ങൾക്കൊപ്പം ഭൂതങ്ങളും സഞ്ചരിക്കും..പക്ഷെ ഒരിക്കലും അവർക്ക് വിജയിക്കാൻ കഴിയില്ല..നിലാവ് അസ്തമിക്കുന്നതിനു മുന്നേ..അവർ തിരികെ വീടുകളിലെത്തും.
ചില രാത്രി സമയങ്ങളിൽ ..നിഴലനക്കമായി…അജ്ഞാതമായ ഒരു ശ്വാസ ഗതിയായി..കാറ്റിന്റെ നെടുവീർപ്പായി മനുഷ്യർക്ക് പെട്ടെന്ന് തിരിച്ചറിയാത്തത്ര അരികിൽ അദൃശ്യരായി ഭൂതങ്ങൾ മനുഷ്യർക്കൊപ്പം ജീവിക്കുന്നുണ്ട്..
ഈ സത്യം അറിയാൻ പക്ഷെ എനിക്കൊരു ആത്മാവ് ആവേണ്ടി വന്നു.
അയാൾ പറഞ്ഞു നിർത്തിയത് എപ്പോഴാണെന്ന് എനിക്കറിയില്ല..കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു മയങ്ങിപ്പോയി.
കടൽക്കാറ്റിന്റെ തണുപ്പും ഉപ്പു രസവും മുഖത്തടിച്ചപ്പോൾ പെട്ടെന്ന് എഴുന്നേറ്റ് എന്റെ കാർ എടുത്ത് വേഗത്തിൽ നദി മുറിച്ചു കടന്നു വീട്ടിലേക്ക് പോരുകയായിരുന്നു.
വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ ചില കാൽപെരുമാറ്റങ്ങൾ എന്റെ വരവ് പ്രതീക്ഷിക്കാതെ ഇരുട്ടിലേക്ക് മറഞ്ഞത് എന്റെ തോന്നൽ ആവാം..ചുമരുകളിൽ എവിടെയോ കാറ്റിടറിയത് പോലൊരു ശബ്ദം കേട്ടുവോ..
പെട്ടെന്ന് തിരിച്ചറിയാനാവാത്ത ചില ശ്വാസഗതികൾ എനിക്ക് ചുറ്റും ഉയരുന്നുണ്ടോ…??