തൊമ്മിച്ചനും ഇട്ടിച്ചനും സുഹൃത്തുക്കളായിരുന്നു. ചൈൽഡ് ഹുഡ് ഫ്രെണ്ട്സ്.
വീട്ടിൽ മടിപിടിച്ചു ചുരുണ്ടു കൂടിയിരിക്കുന്നു എന്ന് ഭാര്യമാർ പഴി പറയുമ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങും. കുളക്കടവിലോ, പുഴയിറമ്പിലൊ കുത്തിയിരുന്ന് കഥയും പഴംപുരാണവും പറഞ്ഞു നേരം വെളുപ്പിക്കും.
ദാ ഇപ്പൊ വന്നേക്കാമേ എന്ന് പറഞ്ഞൊരു തൃസന്ധ്യക്ക് പുറത്തോട്ടിറങ്ങിയ രണ്ടു പേരെയും കാൺമാനില്ല എന്ന് പറഞ്ഞു ഭാര്യമാർ തലതല്ലി നിലവിളിച്ചതിന്റെ മൂച്ചിൽ നാട്ടുകാർ മുഴുവനും അരിച്ചു പെറുക്കി ഒടുവിൽ പരപരാ വെളുക്കുന്ന നേരത്ത് തോട്ടുവക്കിൽ കഥപറഞ്ഞിരിക്കുന്ന തൊമ്മിച്ചനെയും ഇട്ടിച്ചനെയും കണ്ടു പിടിച്ച കഥ നാട്ടിൽ പാട്ടായിരുന്നു. നിലാവ് വെട്ടിക്കളിക്കുന്ന തോട്ടിലെ മീനുകൾക്ക് കൊത്തി തിന്നാൻ കാലെറിഞ്ഞു കൊടുത്ത് തൊമ്മിച്ചനും, തൊട്ടടുത്തുള്ള കമുകിന്റെ തടിയിൽ ഇടം കാൽ എൽ ഷെയ്പ്പിൽ കുത്തി വെച്ച് കഥ രസം പിടിച്ചു പറഞ്ഞു ഇട്ടിച്ചനും നിൽക്കുന്ന കാഴ്ചയാണ്, ആളും പന്തവുമായി വന്നവർ കണ്ടത്.
കഥ പറച്ചിലിൽ ഹരം കൊള്ളുന്ന ഈ രണ്ടു ചെങ്ങാതിമാരും കൂടി ഒരു വേനൽക്കാലത്ത് മൊട്ടക്കുന്നിന്റെ മുകളിലെ ഏക്കറുകണക്കിന് വിസ്താരമുള്ള കശുമാവിൻ തോട്ടം പാട്ടത്തിനെടുത്തു.
ആ നാട്ടിലെ പ്രേതരൂപികളെല്ലാം പകലുറങ്ങുന്നത് മൊട്ടക്കുന്നിൽ ചെരുവിലെയും കശുമാവിൻ തോട്ടത്തിലെയും കുറ്റിക്കാടുകളിലും, പാമ്പിൻ മാളങ്ങളിലും, പാറ മടക്കുകളിലുമാണ്. ഓരോ മനുഷ്യർക്കും ജന്തുക്കൾക്കും ഇരട്ടപെറ്റപോലെ ഓരോരോ പ്രേതങ്ങൾ തുണയായുള്ള കാലമാണ്..ഉയിർ അറ്റു പോരുന്ന ആത്മാക്കളെ ഒരു ജന്മത്തിൽ നിന്നും മറു ജന്മത്തിലേക്ക് കടത്തിക്കൊടുക്കുന്നത് ഈ പ്രേതങ്ങളാണ്.. (ആ കഥകൾ പിന്നീട് പറയാം..).
പോരാത്തതിന് കുറുക്കനും, കരിമൂർഖനും, പലനൂറു കിളികളും, വല്ലപ്പോഴും വന്നു പോകുന്ന കരിമ്പുലിയും എല്ലാം കൊണ്ട് ഒരു വിധം മനുഷ്യരൊന്നും കടന്നു പോലും നോക്കാത്ത ആ തോട്ടം സുഹൃത്തുക്കൾ രണ്ടുപേരും പാട്ടത്തിനെടുത്തു എന്ന് കേട്ടപ്പോൾ ജനങ്ങൾ മൂക്കത്ത് വിരൽ വെച്ച് അതിശയപ്പെട്ടു.
അതൊന്നും വകവെയ്ക്കാതെ തൊമ്മിച്ചനും ഇട്ടിച്ചനും പരപരാ വെളുക്കുന്ന നേരത്തോ, വെയില് മങ്ങി തുടങ്ങുന്ന വൈകുന്നേരങ്ങളിലോ , പൊട്ടിയ ബക്കറ്റോ പ്ലാസ്റ്റിക് സഞ്ചികളോ കയ്യിലെടുത്ത് കശുമാവിൻ തോട്ടത്തിലേക്കിറങ്ങും. നിലത്തും, കരയിലകൾക്കിടയിലും, പാറമടക്കുകളും വീണു കിടക്കുന്ന മാമ്പഴങ്ങളെ സഞ്ചിയിലാക്കി ഏതെങ്കിലുമൊരു ഓരത്ത് കൂട്ടി വെയ്ക്കും. രണ്ടു പേരും കഥകളും പഴംപുരാണങ്ങളും പറഞ്ഞു കൊണ്ടായിരിക്കും ഈ പണികൾ മൊത്തം ചെയ്യുന്നത്.
അങ്ങനെയൊരു സുപ്രഭാതത്തിൽ ഇട്ടിച്ചനും തൊമ്മിച്ചനും കൂടി കശുമാവിൻ പഴങ്ങൾ ശേഖരിച്ചു, ഓരത്ത് കൂട്ടിയിട്ട്, ഒടുവിൽ പഴവും കശുവണ്ടിയും വേർതിരിച്ചെടുത്ത് കശുവണ്ടി ചാക്കിൽ കൂട്ടിയിട്ട് വിശ്രമിക്കാനിരുന്നു.
വിശന്നാൽ കഴിക്കാനായി പൊതികെട്ടി കൊണ്ടുവന്നിരുന്നത് അഴിച്ചു തൊട്ടടുത്ത പാറപ്പുറത്ത് വെച്ചിരുന്നു.
“നിന്റെ അപ്പനെങ്ങിനാ മരിച്ചത്”
വാഴയില ചീന്തിലേക്ക് വീട്ടില്‍ നിന്നും പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന കപ്പയും ബീഫ് ഉലത്തിയതു പകര്‍ന്നുകൊണ്ട് തൊമ്മിച്ചൻ ചോദിച്ചു..വേനല്‍ക്കാല സൂര്യന്‍ കശുമാവിന്‍ തലപ്പുകള്‍ക്കിടയിലൂടെ, ചുവന്നുതുടുത്ത കശുമാമ്പഴത്തെ തഴുകി മണ്ണിലേക്കിറ്റു വീഴുന്നുണ്ടായിരുന്നൂ..
നല്ല കരിമ്പാറപ്പുറത്തു പതിനേഴു ദിവസം ഉച്ചവെയില്‍ കൊള്ളിച്ചുണക്കിയെടുത്ത വാട്ടുകപ്പ പുഴുങ്ങി, തേങ്ങയും,ഉള്ളിയും,കാന്താരിമുളകും,വെളുത്തുള്ളിയും ചേര്‍ത്തരച്ചു ചേര്‍ത്ത് കുഴചെടുത്ത പുഴുക്ക് കൊതിയോടെ നോക്കി ഇട്ടിച്ചൻ പറഞ്ഞു..
“അതൊരു വലിയ കഥയാണളിയാ..”
ഇരിഞ്ഞിട്ട കശുമാമ്പഴങ്ങളില്‍ വച്ച കാലു വഴുതിപോവാതെ എടുത്തു ചമ്രം പടിഞ്ഞിരുന്നു തൊമ്മിച്ചൻ ഉത്സാഹം കൂട്ടി..
“നീ പറ..”
“അപ്പന്‍ ഒരു ദിവസം ഷാപ്പീന്ന് അന്തിക്കള്ളും അടിച്ച് നമ്മടെ കണക്കന്‍ മല കയറി വരുവായിരുന്നൂ..”
ചതച്ച വെളുത്തുള്ളിയും, ഇറച്ചിമസാലയും,നെയ്യില്‍ മൂപ്പിച്ച തേങ്ങാകൊത്തും ചേര്‍ത്തു ഉലത്തിയെടുത്ത ബീഫ് കറിയില്‍ നിന്നും സാമാന്യം വലിയ കഷ്ണം ഒരു നുള്ളു പുഴുക്കിന്റെ അകമ്പടിയോടെ വായിലേക്കിട്ട് തൊമ്മിച്ചൻ ചോദിച്ചു..
“എന്നിട്ട്??”
“നിനക്കറിയാലോ നല്ല കുത്തനെ ഉള്ള കേറ്റമല്ലയോ അത്..അപ്പനങ്ങിനെ കുറേ പാട്ടൊക്കെ പാടി, നാട്ടുവെളിച്ചത്തിന്റെ തിരി നിലാവെളിച്ചം കട്ടെടുക്കുന്നതു നോക്കി കയറ്റം കയറി മുന്നോട്ടു വരുമ്പോ..അതാ തൊട്ടു മുന്നില്‍ ഒരു ഉഗ്രന്‍ ഘടഘടിയന്‍ കാട്ടു പന്നി…”
ഭാവാഭിനയതോടേയും,കൈകാല്‍ കലാശങ്ങളോടെയും കൂടി ഇട്ടിച്ചൻ വിവരണം തുടര്‍ന്നു..തന്റെ മുന്നിലെ ഇലച്ചീന്തിലെ പുഴുക്കിനെ ഗൗനിക്കാതെ..
“എന്നാ പറയാനാ..ആ പന്നി അപ്പനെ തേറ്റക്കു കുത്താന്‍ വന്നൂ..അപ്പന്‍ ഓടി..റബ്ബര്‍ തോട്ടം മുറിച്ചു കടാന്നു..വളക്കുഴികള്‍ ചാടിക്കടന്ന്..”
വായില്‍ നിറച്ചു വച്ചിരിക്കുന്ന പുഴുക്കുരുള ഒരിറുക്ക് വെള്ളം കുടിച്ചൊതുക്കി തൊമ്മിച്ചൻ അക്ഷമനായി ചോദിച്ചു. മലമടക്കിലെ പൊന്തക്കാട്ടിൽ നിന്നും ഉറക്കം കളവു പോയ അരിശത്തിൽ ഒന്ന് രണ്ടു പ്രേതരൂപികൾ അവർക്കു പിന്നിൽ ഇലയനക്കം ഇല്ലാതെ പതിഞ്ഞിരുന്ന് കഥ കേൾക്കുന്നുണ്ടായിരുന്നു. അവരും ഒരു കാറ്റൂതിവിട്ടു കൊണ്ട് തൊമ്മിച്ചന്റെ ചോദ്യത്തിനൊപ്പം കൂടി..
“എന്നിട്ട് ???”
“എന്നിട്ടെന്നാ, അടുത്തെങ്ങും റബറല്ലാതെ വേറേ മരമൊന്നുമില്ലല്ലോ..അപ്പനോടി..പന്നി പുറകേയും..ഓടി ഓടി ഒടുക്കം ഒരു കൊച്ചു പ്ലാവിന്‍ തൈ..”
ശേഷിച്ച പുഴുക്കിന്‍ കൂനയില്‍ നിന്നും കുറേക്കൂടി വാരി തന്റെ ഇലച്ചീന്തിലേക്കിട്ട് തൊമ്മിച്ചൻ വീണ്ടും ചോദിച്ചു..
“എന്നിട്ട്???”
“കഷ്ടകാലം എന്നാല്ലാതെ എന്തു പറയാനാ..നല്ല ഊരുള്ള പന്നിയല്ലെ..അതു വന്നു പ്ലാന്തൈക്കിട്ടു കുത്തോടു കുത്തു..അപ്പന്‍ മുറുക്കെ പിടിച്ചിരുന്നു..ഒടുക്കം പിടുത്തം വിട്ട് നടുതല്ലി നിലത്തു വീണൂ..അങ്ങിനാ അപ്പന്‍ മരിച്ചെ..”
ശേഷിച്ച ഒരു നുള്ളു പുഴുക്കു മാത്രം കണ്ട് നെടുവീര്‍പ്പിട്ട് ഇട്ടിച്ചൻ ചോദിച്ചു..
“അല്ല..നിന്റെ അപ്പനും ഇങ്ങിനെ തന്നെയല്ലെ മരിച്ചത്..??? “
“അതെ..എന്നാ പറയാനാ..അപ്പനെ ഒരു പന്നി ഓടിച്ചു..അപ്പന്‍ ഓടിച്ചെന്നു ഒരു മരത്തേക്കേറി..മരത്തേന്നു പിടിവിട്ടു താഴെ വീണു..അപ്പന്‍ അതോടെ ക്ലോസ്..”
അവസാന പിടിപ്പുഴുക്കും ബീഫും വായിലേക്കിട്ട് തൊമ്മിച്ചൻ ഇലമടക്കി ദൂരേക്കെറിഞ്ഞു..രുചി നോക്കാന്‍ ഒരു നുള്ളു ഭക്ഷണം പോലും കിട്ടാത്ത ഇട്ടിച്ചൻ അതു നോക്കി നെടുവീര്‍പ്പിട്ടു…
കഥകേട്ടിരുന്ന പ്രേതരൂപികൾ അരിശം വന്നു ആകാശത്തേക്കൊരു നോട്ടം അയച്ചതിന്റെ ഫലമായി ഒരു വലിയ മിന്നൽ കുന്നിനു മേലെ വന്നു പതിച്ചു…ആകാശകാഴ്ചയിൽ കുറച്ചു കാലം ചാരം പിടിച്ചു കിടക്കാൻ പാകത്തിന് ..പുൽത്തകിടിയിൽ തീ പരന്നു.
പിഴിഞ്ഞെടുത്ത കശുവണ്ടി നിറച്ച ചാക്കുകൾ തോളിലിട്ട് ..പറഞ്ഞു തീർന്ന കഥയും കൊതിയും ബാക്കി പ്രേതങ്ങൾക്ക് വിട്ടു കൊടുത്ത് ഇട്ടിച്ചനും തൊമ്മിച്ചനും മലയിറങ്ങി.