കോള്


കോള്
“നീ പെട്ടെന്നൊന്ന് റെഡിയായിട്ട് ഇറങ്ങിയേ..ഒരു കോള് ഉണ്ട്..”


ജിബ്രാൻ അവന്റെ പുതിയ വണ്ടി ഡ്രൈവേയോട് ചേർത്തു നിർത്തി ചാടിയിറങ്ങി എന്നോട് പറഞ്ഞു.
ഞാനപ്പോൾ എച്ച് ഓ എ അഥവാ ഹൌസ് ഓണേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ് കിട്ടിയ വകയിൽ ഡ്രൈവേയിലെ കറുത്ത നിറം പവർ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്ത് ആകാശം മുട്ടാൻ വെമ്പി വളർന്നു കൊണ്ടിരിക്കുന്ന വയസ്സൻ ഓക്ക് മരത്തിന്റെ അടിവേരുകൾ വീടിന്റെ അടിത്തറ മാന്താൻ പാകത്തിൽ ഭൂമിക്കടിയിലൂടെ പാഞ്ഞു പോവുകയാണല്ലോ എന്ന ആശങ്കകളായിരുന്നു പവർ വാഷ് ചെയ്തു കൊണ്ടിരുന്ന എന്റെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നത്.
ആ ചിന്തകളെ മുറിച്ചു കൊണ്ടാണ് ജിബ്രാന്റെ വെളുത്ത ട്രക്ക് വീടിന് മുന്നിൽ വന്നു നിന്ന് അതിൽ നിന്നും ജിബ്രാന്റെ വലിയ ശരീരം ഇറങ്ങി വന്നു എന്നോട് ആജ്ഞാപിച്ചത്.


“ങ്ഹാ..ഇതാണോ നിന്റെ പുതിയ നായക്കുറുക്കൻ വണ്ടി..” പവർ വാഷ് മെഷീനിലെ മഞ്ഞ നോബ് ഓഫിലേക്ക് തിരിച്ചു വെച്ച് ഞാൻ ജിബ്രാനോട് ചോദിച്ചു.
“എന്നാ നെനക്കൊരു പുഞ്ഞം..ഇതേ ടൊയോട്ടായുടെ ട്യുൺഡ്രാ ഫുൾസൈസ് ട്രക്ക് ആണ്..” അവൻ മേനി നടിച്ചു കൊണ്ട് പറഞ്ഞു. “ആഹാ..നാട്ടീൽ ഞങ്ങളിതിനു പട്ടിക്കുറുക്കൻ എന്ന് വിളിക്കും, പട്ടീടെ തലയും കുറുക്കന്റെ ഉടലുമുള്ള ജീപ്പ് ലോറി..” ഞാനവനെ ഒന്നിളക്കാൻ വേണ്ടി തന്നെ പറഞ്ഞു.


“ആ..നിന്റെ നാട്ടീ ഈയിടയ്ക്കോ മറ്റോ അല്ലെ ഓട്ടോറിക്ഷ പോലും കണ്ടെത്തിയത്..നിങ്ങൾക്കങ്ങനൊക്കെ തോന്നും..നീ ചൊറിയാൻ നിക്കാതെ വരണൊണ്ടേ വാ..”- അവൻ അരിശം കയറി കയ്യിൽ കയറിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
“എന്താ കോള്..” ഞാൻ ചോദിച്ചു.


“കോളൊക്കെയുണ്ട്..നീ വരുന്നേ വാ..ഇല്ലേൽ ഞാൻ വേറെ ആരേലും പിടിക്കും..” അവൻ തിടുക്കം കൂട്ടി.
ഞാൻ പവർ വാഷ് മെഷീൻ ശ്രദ്ധാ പൂർവം കഴുകി, കയ്യിലും കാലിലും പറ്റിയ കറുത്ത മണ്ണ് പൈപ്പ് ചീറ്റിച്ചു വൃത്തിയാക്കി, ഗാരേജിലേക്ക് പവർ വാഷർ കയറ്റി വെച്ച്, വീടിനകത്തേക്കൊന്ന് കയറിയത് പോലെ പെട്ടെന്ന് ഉടുപ്പും ജീൻസും മാറി വെളിയിലേക്കിറങ്ങി.


പിന്നിൽ നിന്നും ഭാര്യ വിളിച്ചു ചോദിച്ചതിന്..”എന്തോ ഒരു കോളുണ്ട്..പോയേച്ചു പെട്ടെന്ന് വന്നേക്കാം ” എന്ന മറുപടി പറഞ്ഞു ജിബ്രാന്റെ പുത്തൻ ട്യുൺഡ്രാ ട്രക്കിലേക്ക് ചാടിക്കയറി.
ജിബ്രാൻ മൊബൈലിൽ മാപ്പ് എടുത്ത് ഒരഡ്രസ് കൊടുത്തു.


“പോണ വഴിക്കു ഒരാളെ പിക്ക് ചെയ്യണം..””ഇതെങ്ങോട്ടാ പോക്ക്..””നീ തിരക്ക് പിടിക്കാത് മകാ..സ്വല്പ വെയിറ്റ് മാഡി..””ഇതേതാ അഡ്രസ്..””ഇത് നമ്മടെ കുര്യച്ചൻ വെയിറ്റ് ചെയ്തു നിൽക്കുന്ന സ്ഥലമാണ്…അവിടെ ചെന്നിട്ട് ബാക്കി പറയാം. അത് വരെ നീ ബായ് മൂടി കുത്തുകോളി..”
അവന്റെ വണ്ടി ചെറിയ റോഡുകൾ പിന്നിട്ട് ഹൈവേയിലേക്ക് കയറി ചീറിപ്പാഞ്ഞു.
“എന്നാ സ്റ്റേബിളാ അല്ലേ..ഇതാണ് സായിപ്പന്മാർക്ക് ഈ വണ്ടിയോട് ഇത്ര പ്രിയം..” അവൻ പറഞ്ഞു.
ഹൈവേയിലൂടെ ഏഴെട്ട് മൈൽ ഓടിക്കാണണം..ഒരു വലിയ എക്സിറ്റ് എടുത്ത് വണ്ടി ഒരു ഷോപ്പിംഗ് ഏരിയയിലേക്ക് കടന്നു. “ഇവിടാണോ കുര്യച്ചൻ ..”-ഞാൻ ചോദിച്ചു.


“ആ..പുള്ളിക്കാരൻ ആ വാൾമാർട്ടിന്റെ പാർക്കിംഗിൽ കാണുമെന്നാണ് പറഞ്ഞത്..” ജിബ്രാൻ പറഞ്ഞു. ഞങൾ വണ്ടി പതുക്കെ..വാൾമാർട്ടിന്റെ പാർക്കിങ് ഏരിയയിലേക്ക് കയറ്റി. അവിടെ കുര്യച്ചൻ പളപളാ മിന്നുന്ന ഒരു കളർഫുൾ ഷർട്ടും ഇൻ ചെയ്ത പാന്റും ഇട്ട് സ്വതസിദ്ധമായ വെളുത്ത ചിരി മുഖത്ത് പൂശി നിൽപ്പുണ്ടായിരുന്നു.
“ഇനി നമുക്ക് കുര്യച്ചന്റെ ശകടത്തിൽ പോവാം..” “അതെന്താ നിന്റെ വണ്ടീൽ പോയാൽ..””ഇത് പുത്തനല്ലേ..റിസ്കാ..””റിസ്‌കോ..””ആ നീ മിണ്ടാതെ വണ്ടീന്നിറങ്ങി ആ പാട്ട വണ്ടീലൊട്ടു കയറു..”
കുര്യച്ചൻ വയറും തടവി ..ഇളിഭ്യന് ചിരിയുമായി നിൽക്കുകയാണ്. കുര്യച്ചന്റെ പിന്നിൽ ചാണക പച്ച നിറമുള്ള പഴഞ്ചൻ ലാൻഡ് റോവർ വാഗൻ. അയാളത്ത് പത്തിരുപത് കൊല്ലത്തിലധികമായി കൊണ്ട് നടക്കുന്ന വണ്ടിയാണെന്ന് ഞങ്ങൾക്കറിയാം.


“എന്നാ ഉണ്ട്..” കുര്യച്ചൻ കൈ തന്നു കൊണ്ട് സംസാരിച്ചു. “സുഖം കുര്യച്ചാ..”ഞാൻ പറഞ്ഞു. “ഇതെന്നാ വെളിയിൽ നിൽക്കുന്നേ..” ജിബ്രാൻ ചോദിച്ചു. “അതെന്നെടാ ഉവ്വേ..ഉച്ചക്കിച്ചിരി ചക്കപ്പഴം കഴിച്ചതാ..വയറ്റിൽ പിടിച്ചില്ല…” കുര്യച്ചൻ ചിരി വിതറിക്കൊണ്ട് പറഞ്ഞു.
“എവിടുന്ന് കിട്ടി ചക്ക..””മിയാമീൽ പെങ്ങൾ സിസ്റ്ററില്ലേ..പുള്ളിക്കാരീടെ മഠത്തിൽ പ്ലാവുണ്ട്..അവരിന്നലെ ഈ വഴി പോയപ്പോ, ഇറക്കി വെച്ചേച്ച് പോയതാ..” കുര്യച്ചൻ പറഞ്ഞു.
“ഓ..നമ്മക്കൊന്നും തരത്തില്ലാ..” ജിബ്രാൻ പരിഭവം പ്രകടിപ്പിച്ചു. “അതെന്റെടാ ഉവ്വേ..നീ പിണങ്ങാത്..തന്നേക്കാമെന്നേ..” അയാൾ ഒത്ത് തീർപ്പ് സ്വരത്തിലേക്കെത്തി..”


“നിങ്ങള് വണ്ടീലോട്ട് കയറു….” ജിബ്രാൻ ഉദ്വേഗം ബാക്കി വെച്ച് കൊണ്ട് പറഞ്ഞു.
ജിബ്രാനും, ഞാനും കുര്യച്ചനും വണ്ടിയിൽ കയറി. പഴഞ്ചൻ വാഗൻ അയാൾ കീ കൊടുത്തുണർത്തി. കഴുത്ത് പിന്നിലേക്ക് തിരിച്ചു പിൻ ജനാലയിലൂടെ വഴി തെളിഞ്ഞു കാണുമെന്നു ഉറപ്പു വരുത്തി അയാൾ വണ്ടി റിവേഴ്‌സ് ഗിയറിലേക്കിട്ടു.
*****


ഹൈവേയിൽ നിന്നും പുറത്തിറങ്ങി …ഞങ്ങളുടെ കാർ വിജനമായ ഒരു റോഡിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. റോഡിന്റെ പിന്നോക്കാവസ്ഥ..അവിടിവിടെയായി ചെറിയ കുഴികൾ..പഴകിയതും ചെറുതുമായ വീടുകൾ കാണപ്പെട്ട തെരുവുകൾ…നിറം മങ്ങിയതും, ജനാല ചില്ലുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചതും, തട്ടിയും മുട്ടിയും ഉരസലുകളും നിറഞ്ഞ പാടുകളുമുള്ള പഴയ കാറുകൾ നിരത്തുകളിൽ കടന്നു പോയി…ചില വീടുകളിൽ നിന്ന് കുട്ടികൾ അവരുടെ കളിയുടെ തുടർച്ചയിൽ റോഡികളിലേക്ക് അപ്രതീക്ഷിതമായി ഓടിയെത്തി…


“കറമ്പന്മാരുടെ ഏരിയായാണ്..അതാ ഇത്രേം ഡെവലപ്മെന്റ് ഇല്ലാത്തെ..” കുര്യച്ചൻ സ്റ്റിയറിംഗ് വീലിൽ കൈ പിടിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഞാനതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..


“നല്ല ഫ്രഷ് നെയ്മീൻ ആണേൽ..നൈസായിട്ട് സ്ലൈസ് ചെയ്യണം..എന്നിട്ട് കറിവേപ്പില..വെളുത്തുള്ളി..കുരുമുളക്..ചെറിയുള്ളി..പാകത്തിന് ഉപ്പ്, മഞ്ഞപ്പൊടി മുളക് പൊടി..ഒരു പൊടിക്ക് വെളിച്ചെണ്ണ..ഇതൊക്കെ ചേർത്ത് മസാല പുരട്ടി ഫ്രൈ ചെയ്തെടുക്കണം…എന്നിട്ട്, സവാള കുനുകുനാന്ന് അരിഞ്ഞു വെച്ചത് ആ മീൻ ഫ്രൈ ചെയ്തു വെച്ച എണ്ണയിൽ മൊരിച്ചെടുക്കണം. കൂടെ പാകത്തിന് പെരുഞ്ചീരകവും അനുബന്ധ മസാലകളും ചേർത്ത്..വേവിച്ചെടുത്ത്…ബിരിയാണി അരിയിൽ മിക്സ് ചെയ്തു..ദം ചെയ്ത് എടുത്താൽ നല്ല കിടിലൻ നെയ്‌മീൻ ബിരിയാണി റെഡി…തേങ്ങാ അരച്ച വിനാഗിരി ചമ്മന്തി കൂടി ഉണ്ടെങ്കിൽ ഉഷാർ..
ഞാൻ കിട്ടാൻ പോകുന്ന ഫ്രഷ് മീൻ എങ്ങനെ പാകം ചെയ്യണമെന്ന വിവരണത്തിന്റെ തിരക്കിൽ ആയിരുന്നു.


“അതിനു നെയ്മീൻ തന്നെ കിട്ടുമെന്ന് എന്താ ഉറപ്പ്..” ജിബ്രാൻ ചോദിച്ചു.

“ബോട്ട് ടീമിന്റെ അല്ലെ..അവരുടെ കയ്യിൽ നെയ്മീൻ ആണ് പതിവ്..ചിലപ്പോൾ കണമ്പ് കിട്ടും..” ഞാൻ പറഞ്ഞു.
“നല്ല..ചീപ്പ് ആയിരിക്കും..ഞാനാണേൽ ഗാരേജിൽ ഒരു ഫ്രീസർ വാങ്ങി വെച്ചിട്ടുണ്ട്..അത് മുതലാക്കും..” ജിബ്രാൻ കണക്കു കൂട്ടാൻ തുടങ്ങി..


“അയ്യോ..ഫ്രീസറിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്..ഇന്നാള് എന്റെ കൂടെ വർക്ക് ചെയ്യുന്ന ജിം ഇല്ലയോ ആ സായിപ്പ്. അങ്ങേരു ടെന്നിസിയിലെങ്ങാണ്ട് പോയി ഒരു മാനിനെ വെടി വെച്ച് കൊന്നു കൊണ്ട് വന്നു ഫ്രീസറിൽ കയറ്റി എന്നാണു പറഞ്ഞത്. പുള്ളിക്കവിടെ വലിയ ഫ്രീസർ ആണ്..അത് ഫുൾ ആയിട്ടും ബാക്കി മാനിറച്ചി ബാക്കി കിടപ്പായിരുന്നു..ഇതിപ്പോ എത്ര കിലോ മീൻ കാണും..”


“കഴിഞ്ഞ പ്രാവിശ്യം ഇത് പോലൊരു കോൾ ഒത്തപ്പോ ഏതാണ്ട് പത്തിരുപത് മീൻ ..അതും മുട്ടൻ സൈസിൽ ഉള്ളത് ഒണ്ടാരുന്നു..അത് വെച്ച് നോക്കിയാൽ..”


“ആളെണ്ണം ഏഴെണ്ണം ആവറേജ്..” ജിബ്രാൻ മുഴുമിപ്പിക്കുന്നതിന് മുന്നേ ഞാൻ പറഞ്ഞു.
“ഏഴെണ്ണം എന്ന് പറയുമ്പോൾ വലിയ മീൻ ആണ്..ഇവന്മാർ കടലിൽ പോയി പിടിച്ചോണ്ട് വരുന്ന സാധനം അല്ലെ..വലുതായിരിക്കും. കുറച്ചു വെട്ടി ഫ്രീസറിൽ കയറ്റാം..ബാക്കി അച്ചാറിടാൻ ഉണ്ടാവും..അതിനൊരു റെസിപ്പിയുണ്ട്.,.നല്ല വറ്റൽമുളക് ചെറുതീയിൽ വാട്ടി..”


“നീയിനി റെസിപ്പി പറഞ്ഞാൽ നിന്നെ ഞാൻ ചവിട്ടി കൂട്ടും..” വണ്ടി ഓരം ചേർത്ത് നിർത്താൻ ഒരുങ്ങി കുര്യച്ചൻ പറഞ്ഞു. ഒരു പഴയ ബസ് വെയിറ്റിങ് ഷെഡിന്റെ മറവിലേക്ക് വണ്ടി അയാൾ ഒതുക്കാൻ തുടങ്ങി.
“ഇതെന്നാ വണ്ടി ഒതുക്കുന്നേ..” ജിബ്രാൻ ചോദിച്ചു.


“എടാ ഉവ്വേ..എനിക്കൊന്ന് അപ്പിയിടണം..വല്ല ഗ്യാസ് സ്റ്റേഷനും ഉണ്ടോന്ന് നോക്കിയേ ” കുര്യച്ചൻ പറഞ്ഞു.
“ഇതെന്നാ അപ്പിയിടൽ മഹാമഹം ആണെന്റെ കുര്യാച്ച..” ഞാൻ ചെറുതായിട്ടൊന്നു ഇളക്കി നോക്കി.
“അതേ..ഞാൻ എന്റെ അപ്പിയല്ലേ ഇടുന്നത്..നിന്റെ അപ്പിയൊന്നും അല്ലല്ലോ നിനക്കിത്ര ദണ്ണം തോന്നാൻ..”
“കുര്യാച്ച ..ഡെസ്പ്പ് ആവാത്..ദേ ആ വളവ് തിരിഞ്ഞാലൊരു ഗ്യാസ് സ്റ്റേഷനുണ്ട്..മാപ്പ് കണ്ടില്ലേ…പോയി കാര്യം സാധിച്ചേച്ചു വാ..ഒള്ള ചക്കയും മാങ്ങയും അടിച്ചു കയറ്റിയിട്ട് ഓരോരോ പണിക്കിറങ്ങും..” ഞാൻ പകുതി ദേഷ്യത്തോടെയും പകുതി തമാശയോടെയും പറഞ്ഞു.


ബസ് വെയിറ്റിങ് ഷെഡ് പിന്നിട്ട്, വളവു തിരിഞ്ഞു പഴയ ഗ്യാസ് സ്റ്റേഷനിലേക്ക് വണ്ടി കയറി. രണ്ടു പമ്പുകൾ മാത്രമേ ആ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളു. തുരുമ്പിച്ച ബോർഡ്..പഴക്കമുള്ള ചെറിയ ഒരു കെട്ടിടം. അതിന്റെ ഉള്ളിലെ ടോയ്‌ലെറ്റ് അന്വേഷിച്ചു കുര്യച്ചൻ അകത്തേയ്ക്ക് കയറി.


“അല്ല ജിബ്രാനെ..നമ്മളീ ഓണംകേറാ മൂലയിൽ വന്നു എന്തിനാണ് മീൻ വാങ്ങുന്നത്. ” ഞാൻ ജിബ്രാനോട് ചോദിച്ചു.


“ഡാ ..അതെ..ഈ കുര്യച്ചന് ബീച്ചിനടുത്ത് ഗ്യാസ് സ്റ്റേഷൻ ഉള്ള കാര്യം നിനക്കറിയാമല്ലോ..അവിടെ വരുന്ന ഏതോ ഒരു സ്ഥിരം പറ്റുകാരൻ ബോട്ടുള്ള കക്ഷിയാണ്. അങ്ങേര് ഇടയ്ക്കിത് പോലെ ഫ്രഷ് മീൻ കിട്ടുമ്പോൾ കുര്യച്ചനെ വിളിച്ചു പറയും. ഇന്നെന്താ പറ്റിയത് എന്ന് വെച്ചാൽ അവന്റെ ബോട്ട് പൊഴിയുടെ ഇടയ്ക്ക് എവിടെയാ സ്റ്റക്ക് ആയി..അതിൽ നിറച്ചും മീൻ ആണ്..അവനത് നമ്മക്ക് വിൽക്കും..ലീഗലി ചെയ്യാൻ അവനു പറ്റില്ല. കാരണം അതിനുള്ള പെർമിറ്റ് അവനില്ല. ഇത് പോലൊരുത്തൻ മീൻ കൊടുത്തത് വാങ്ങാൻ പോയ കുര്യച്ചനെ പോലീസ് പിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്…അത് കൊണ്ടാണ് എന്റെ വണ്ടി എടുക്കാതെ ഞാൻ തന്ത്രത്തിൽ ഇങ്ങേരുടെ കൂടെ കൂടിയത്..എന്തേലും പറ്റിയാൽ അങ്ങേരു സിറ്റിസൺ അല്ലെ..നമ്മളൊക്കെ വിസയിൽ നിക്കുന്നത് കൊണ്ട് റിസ്ക് എടുക്കണ്ടല്ലോ..”


“എന്നാലും ഇത്രേം കഷ്ടപ്പെട്ട് എന്തിനാണ് ഫ്രഷ് മീൻ വാങ്ങുന്നത്..നമുക്ക് കുറച്ചു പഴയതാണേലും മീൻ കടയിൽ കിട്ടുമല്ലോ..”


“എടാ നീ നല്ല ഫ്രഷ് മീൻ കഴിച്ചിട്ടെത്ര കാലമായി..”


“ആ അത് ശരിയാ..”


പറഞ്ഞു കൊണ്ടിരിക്കെ കുര്യച്ചൻ തിരികെ വന്നു. ഞങ്ങളുടെ സഞ്ചാരം തുടർന്നു.
മെയിൻ റോഡ് വിട്ട് വണ്ടി വീതി കുറഞ്ഞ ഒരു പാതയിലേക്കിറങ്ങി. ആ വഴിയുടെ അറ്റത്ത് ഒരു ചതുപ്പു നിലമാണെന്ന് കുര്യച്ചൻ സൂചിപ്പിച്ചു. ചതുപ്പിനു അവസാനമാണ് കുര്യച്ചന്റെ സുഹൃത്തിന്റെ ബോട്ട് കുരുങ്ങിക്കിടക്കുന്ന പൊഴി.
വഴിയിൽ ചില സൂചനാ ബോർഡുകളിൽ ചീങ്കണ്ണികൾ കണ്ടേക്കാം എന്ന മുന്നറിയിപ്പുകൾ എഴുതി വെച്ചിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഒരാൾപ്പൊക്കത്തിൽ പുല്ലുകൾ ഇരുവശത്തും തിങ്ങി നിറഞ്ഞിരിക്കുന്നു.
ഞങ്ങൾക്ക് പിന്നിലായി ഒരു വെളുത്ത ട്രക്ക് മണ്ണ് പറപ്പിച്ചു കൊണ്ട് പാഞ്ഞു വരുന്നത് പെട്ടെന്നാണ് എന്റെ കണ്ണിൽ പെട്ടത്..


“ആരോ പുറകിലുണ്ട്..” ഞാൻ പെട്ടെന്ന് പറഞ്ഞു.


“ഈ ട്രക്ക് നമ്മളെ ഗ്യാസ് സ്റ്റേഷൻ മുതൽ ഫോളോ ചെയ്‌യുന്നുണ്ട് ..കുര്യച്ചാ വേഗം വിട്ടോ..എന്തോ പ്രശ്നമുണ്ട്..” ജിബ്രാൻ പെട്ടെന്നായിരിക്കും അത് ഓർത്തത്


“ചുമ്മാ പേടിപ്പിക്കാതെടാ ഉവ്വേ..ഇതവൻമാർ ആയിരിക്കും..” കുര്യച്ചൻ സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ചു കൊണ്ട് പറഞ്ഞു. “എവന്മാൻ ..”


“ഡാ ഉവ്വേ..നമ്മക്ക് മീൻ തരാമെന്നു പറഞ്ഞവന്മാരില്ലേ..അവന്മാർ..” പഴഞ്ചൻ വാഗൻ ചവിട്ടി നീക്കാൻ ശ്രമിച്ചു കൊണ്ട് കുര്യച്ചൻ മയപ്പെടുത്താൻ ശ്രമിച്ചു.


“അവരതിന് പൊഴിയിൽ ബോട്ടിൽ കുടുങ്ങി കിടക്കുകയല്ലേ…” എനിക്ക് ആധി കയറി. “എന്റെഡാ ഉവ്വേ..അതിനു എനിക്കറിയാമോ..അവന്മാർ ചിലപ്പോൾ കരയ്ക്ക് കയറിക്കാണും..”


മൺ റോഡിലൂടെ തനിക്കാവുന്നത്രയും വേഗത്തിൽ വണ്ടി പറപ്പിച്ചു കൊണ്ട് കുര്യച്ചൻ പറഞ്ഞു. അയാളുടെ മുഖത്ത് വിയർപ്പ് തുള്ളികൾ മുത്തുകൾ പോലെ നിറയാൻ തുടങ്ങി.


“എന്റെ പൊന്നു കുര്യച്ചാ..ഇതവന്മാരല്ല..അവന്മാരെന്തിനാ നമ്മളെ ഓടിക്കുന്നത്..ഇത് കണ്ടാൽ അറിയില്ലേ..നമ്മളെ അറ്റാക്ക് ചെയ്യാനുള്ള വരവാണ്..” ജിബ്രാൻ പേടി കൊണ്ട് വിറച്ചു.


വണ്ടി ഒരു വളവു തിരിഞ്ഞതും മുന്നിൽ ഒരു ചുവന്ന ട്രക്ക് പ്രത്യക്ഷപ്പെട്ടു.
കുര്യച്ചൻ പെട്ടെന്ന് ബ്രെയ്ക്കിൽ ആഞ്ഞു ചവിട്ടി. പിന്നിലെ ട്രക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞങ്ങൾക്ക് പിന്നിൽ വന്നു നിന്ന്. പുറകിൽ നിന്ന് പൊടിയുടെ ഒരു കൂടാരം ഞങ്ങളുടെ കാറിനെ മൂടി മുന്നോട്ട് കടന്നു നിന്നു.
പൊടിയൊന്ന് അടങ്ങിയപ്പോൾ ഞങ്ങൾക്ക് കാഴ്ചകൾ വ്യക്തമായി.


റോഡ് ക്രോസ് ചെയ്ത നിലയിൽ ഒരു ചുവന്ന ട്രക്ക് കിടപ്പുണ്ട്. മെക്സിക്കക്കാർ എന്ന് തോന്നിപ്പിക്കുന്ന ചിലർ ട്രക്കിലേക്ക് എന്തോ സാധനങ്ങൾ കയറ്റി വെയ്ക്കുന്ന ജോലിയിലാണ്.


പെട്ടെന്നു ഒന്ന് രണ്ടു വണ്ടികൾ വന്നു നിന്നതിന്റെ വെപ്രാളത്തിൽ അവരിലൊരാൾ മുൻ സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി. അയാളുടെ കയ്യിൽ ഒരു തോക്ക് ഉണ്ടായിരുന്നു.


അയാളത് ഉന്നം പിടിച്ചു ഞങ്ങളുടെ നേരെ വന്നു.
പിന്നിലെ ട്രക്ക് അനക്കമില്ലാതെ കിടക്കുകയാണ്.
ജിബ്രാൻ പതുക്കെ പിന്നിലേക്ക് നോക്കി..അതിൽ ഒരാൾ ഇരിപ്പുണ്ട്…
“ഇവന്മാർ കൊന്നു ഈ ചതുപ്പിൽ തള്ളിയാൽ ഒരുത്തനും അറിയില്ല ..” അവൻ വിറച്ചു കൊണ്ട് പറഞ്ഞു.
“നീ ഒന്ന് ചുമ്മാതിരിയെടാ..ഒന്നും ചെയ്യത്തില്ല…നമ്മൾ വഴി തെറ്റി വന്നതാന്നെന്ന് പറഞ്ഞാൽ മതി..” കുര്യച്ചൻ പറഞ്ഞു.
“കുര്യച്ചൻ പറ..കുര്യച്ചനെക്കണ്ടാൽ ഒരു മെക്സിക്കക്കാരന്റെ ലുക്കും ഉണ്ട്..” ഞാൻ പറഞ്ഞു. “അതിനെനിക്ക് സ്പാനിഷ് അറിയില്ലെടാ ഉവ്വേ..””നിങ്ങൾക്ക് ഇംഗ്ലീഷും അറിയില്ലല്ലോ…മലയാളത്തിൽ പറഞ്ഞാൽ മതി..എങ്ങേനെലും കാലു പിടിച്ചു തടി രക്ഷിക്കാം..” ഞാൻ പറഞ്ഞു.


” ഇല്ലെടാ നമ്മക്ക്..കൈ രണ്ടും പൊക്കി പുറത്തിറങ്ങി അളിയന്റെ കാലിൽ വീഴാം..ഇവന്മാർ ഏതോ കൊള്ള സംഘം ആണെന്ന് തോന്നുന്നു…” “കൊള്ളയല്ല..കള്ളക്കടത്ത് ആയിരിക്കും..”
“എന്നതായാലും അവന്മാരുടെ കയ്യിൽ തോക്ക് ഉണ്ട്..അനങ്ങണ്ട..വെടി കൊണ്ടാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..ജിബ്രാനെ പുറകിലത്തെ വണ്ടിയിലുള്ളവൻ പുറത്തിറങ്ങി..” കുര്യച്ചൻ റിയർവ്യൂ മിററിലേക്ക് ഉറ്റു നോക്കി കൊണ്ട് പറഞ്ഞു.
“അവന്റെ കയ്യിലും തോക്കുണ്ട്‌..കർത്താവേ..ഇത് പണിയാവുമോ..” ജിബ്രാൻ ആലില പോലെ വിറച്ചു. ഞങ്ങൾ മൂന്നു പേരുടെയും കഴുത്തുകൾ മരവിച്ചത് പോലെയായിരുന്നു. കണ്ണുകൾ റിയർവ്യൂ മിററിലേക്ക് മാത്രം കൂർപ്പിച്ചു വെച്ച മൂന്നു കഴുത്തുകൾ.


പൊടി പിടിച്ചു കാഴ്ച മങ്ങിയ പിന് ജനാലയുടെ പ്രതിബിംബത്തിലൂടെ ഞങ്ങൾക്ക് അവ്യക്തമായി ആ കാഴ്ച്ച കാണാം. പിന്നിലെ ട്രക്കിൽ നിന്നും ഒരു ആജാനുബാഹുവായ മനുഷ്യൻ പുറത്തേക്കിറങ്ങി. അയാളുടെ കയ്യിലും ഒരു തോക്ക് ഉണ്ടായിരുന്നു. അയാൾ ആ തോക്കും ചൂണ്ടി മുന്നോട്ട് വന്നു.


മുന്നിലെ ട്രക്കിൽ നിന്നും ഇറങ്ങിയ ആൾ..തോക്ക് ചൂണ്ടി തന്നെ നിൽക്കുകയാണ്.
“നമ്മക്ക് ഒന്ന് പുറത്തിറങ്ങി സംഭവം എക്സ്പ്ലൈൻ ചെയ്തു കൊടുത്താലോ..” ഞാൻ ചോദിച്ചു. “എടാ ഉവ്വേ ഇത് ഇന്ത്യ അല്ല..അമേരിക്കയാണ്..സെന്റി അടിച്ചാൽ വില്ലന്റെ മനസ്സ് അലിയാൻ ഇത് തെലുങ്ക് സിനിമയിലെ സീനും അല്ല..” ജിബ്രാൻ കഴുത്ത് തിരിക്കാതെ പറഞ്ഞു.


“എന്നാലും..ഇതിനൊരു അവസാനം വേണ്ടേ..ഞാൻ ഇറങ്ങാൻ പോകുന്നു..” എന്റെ കൈ വിരലുകൾ വലതു വശത്തെ വാതിൽ പിടിയിലേക്കമർന്നു. വാതിൽ തുറക്കുന്നതിനു മുന്നേ ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു പോകുന്നതായി ഞാൻ അറിഞ്ഞു. പിന്നിലെ ട്രക്കിൽ നിന്നും നടന്നു വരുന്ന തോക്കു ധാരി അയാളുടെ ആദ്യ വെടിയുണ്ട മുന്നിലെ ട്രക്കിൽ നിന്നും പുറത്തേക്കിറങ്ങിയ ആളുടെ നേരെ ആയിരുന്നു. ഒരൊറ്റ വെടിക്ക് അയാൾ മറഞ്ഞു വീണു.


“നയൻ വൺ വൺ വിളി…”കുര്യച്ചൻ വിറച്ചു വിറച്ചു പറഞ്ഞു. ജിബ്രാൻ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. പക്ഷെ മുഴുമിക്കുന്നതിനു മുന്നേ പിന്നിലെ ട്രക്കിൽ നിന്നിറങ്ങി വന്ന തോക്കു ധാരി ഞങ്ങളുടെ ജനൽ ചില്ലിൽ തട്ടി വിളിച്ചു.
മുന്നിലെ ട്രക്കിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നവർ ചതുപ്പിലേക്ക് എടുത്ത് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം.
കുര്യച്ചൻ വിൻഡോ ഗ്ളാസ് താഴ്ത്തി.


തോക്കും ഞങ്ങളും തമ്മിൽ ചെറിയ അകലം മാത്രം..
“സോറി വഴി തെറ്റി വന്നതാണ്..” കുര്യച്ചൻ മലയാളത്തിൽ പറഞ്ഞു. “നോ സ്പാനിഷ്..ഒൺലി ഇംഗ്ലീഷ്..” അയാൾ ഉറച്ച ശബ്ദത്തിൽ തിരികെ ആജ്ഞാപിച്ചു.


“ഞാൻ പറഞ്ഞില്ലേ..കുര്യച്ചനെക്കണ്ട് അയാൾ ഹിസ്പാനിക് ആണെന്ന് വിചാരിച്ചു ഫോളോ ചെയ്തു വന്നതാണ്..”ജിബ്രാൻ വിറച്ചു കൊണ്ട് പറഞ്ഞു. കിട്ടിയ ധൈര്യം സംരംഭിച്ചു ഞാൻ നടന്നതെല്ലാം അയാൾക്ക് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു കൊടുത്തു.


“എന്തിനാണ് ഈ വഴി വന്നത്..” അയാൾ ചോദിച്ചു. “മീൻ വാങ്ങാൻ വന്ന കാര്യം പറയണ്ട..” ജിബ്രാൻ സൂചിപ്പിച്ചു. പക്ഷെ സത്യം പറയുക എന്നൊരു വഴി മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു. ഞാൻ അയാളോട് സത്യം മുഴുവനും പറഞ്ഞു. അയാൾ ചിരിച്ചു..എന്നിട്ട് പറഞ്ഞു..ബോട്ട് കേടായി കിടന്നത് അപ്പുറത്തെ തിരിവിലെ ചതുപ്പിലാണ്..നിങ്ങൾക്ക് വഴി തെറ്റി. അയാൾ ഞങ്ങളോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു,പുറത്തിറങ്ങിയപ്പോഴാണ് ഞാൻ അയാളുടെ ട്രക്ക് ശ്രദ്ധിച്ചത്.

പോലീസിന്റെ സ്റ്റിക്കർ പതിച്ചിട്ടുണ്ട് ട്രക്കിൽ. അയാൾ സംശയം തോന്നി ഞങ്ങളെ പിന്തുടർന്നതാണത്രേ..
എന്തായാലും ഞങ്ങൾ വഴി അയാൾക്കൊരു ഡീൽ പൊളിക്കാൻ കഴിഞ്ഞു. അതിന്റെ സന്തോഷം കൊണ്ടായിരിക്കണം..അയാൾ വണ്ടി മുഴുവൻ പരിശോധിച്ച ശേഷം ഞങ്ങളോട് സ്ഥലം കാലിയാക്കിക്കൊള്ളാൻ ആവശ്യപ്പെട്ടു.


അയാളുടെ ട്രക്ക് ഒരു സൈഡിലേക്ക് ഒതുക്കി കിട്ടിയ ഗ്യാപ്പിൽ ഞങ്ങൾ കുര്യച്ചന്റെ വാഗൺ റിവേഴ്‌സ് ഗിയറിലിട്ട് പിന്നോട്ട് ഓടിച്ചു പോന്നു.
ഒതുക്കത്തിനൊരു സ്ഥലം കിട്ടിയപ്പോൾ വണ്ടി തിരിച്ചു മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോഴാണ് മൂന്നു പേരുടെയും ശ്വാസം നേരെ വീണത്.


മെയിൻ റോഡിലേക്ക് കയറിയതും..


“കഷ്ടിച്ച് രക്ഷപ്പെട്ടതാ..” കുര്യച്ചൻ ദീർഘ നിശ്വാസം വിട്ടു കൊണ്ട് പറഞ്ഞു. “അതേ..” ജിബ്രാൻ പറഞ്ഞു. “വല്ലാത്തൊരു കോള് ആയിപ്പോയി..” ഞാൻ കൂട്ടിച്ചേർത്തു.


നിരവധി പോലീസുകാറുകൾ തിരിവ് കടന്നു മൺപാതയിലേക്ക് കയറുന്നത് റിയർവ്യൂ മിററിലൂടെ ഞങ്ങൾക്ക് കാണാമായിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )