സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും


ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു.

പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത് സെവൻസ് ഫുട്‍ബോൾ മാച്ചുകൾക്ക് റഫറിയായിട്ടും, കമന്ററി പറയുന്ന ആൾ ആയിട്ടും പോവുന്ന കക്ഷി ആയിരുന്നു. മാഷു ചുമ്മാ സംസാരിച്ചാൽ പോലും ചിലപ്പോൾ കമന്ററി കേൾക്കുന്ന ഇഫക്ടാണ്. സോഷ്യൽ സയൻസ് ആയിരുന്നു സാറിന്റെ വിഷയം. സാമൂഹ്യപാഠം. സാമൂഹ്യ പാഠം ക്ലാസിൽ സാർ ഇന്ത്യയെക്കുറിച്ചൊക്കെ ക്ലാസ് എടുത്ത് കഴിഞ്ഞാൽ നമ്മൾ ഓട്ടോമാറ്റിക്കലി..ഗോൾ ഗോൾ എന്ന് മനസ്സിൽ ആർപ്പു വിളിക്കും.

തനി ഫുടബോൾ ഭ്രാന്തനും അതിലുപരി ക്രിക്കറ്റ് വിരോധിയുമായ മാഷുടെ വിദ്യാർത്ഥി ആയി അഞ്ചിൽ പഠിച്ചത് കൊണ്ടാവണം..ക്രിക്കറ്റ് എന്ന് കേട്ടാൽ വലിയൊരു ആവേശം അന്നും ഇന്നും നഹീന്ന് പറഞ്ഞാൽ നഹി ആയിട്ടിരിക്കുന്നത്. എനിവെയ്‌സ്, മാഷുടെ ഹിന്ദി ക്ലാസ്സുകളുടെ ആവേശം അധികം കാലം മുന്നോട്ട് കൊണ്ട് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പ്രൊമോഷൻ കിട്ടി മാഷ് അരീക്കോട് ഗവണ്മെന്റ് ഹൈസ്‌കൂളിലേക്ക് അധ്യാപകനായി പടിയിറങ്ങി.

മാഷുടെ വിടവാങ്ങൽ പ്രസംഗം…കഥപറയുമ്പോൾ സിനിമയിലെ മമ്മൂക്കയുടെ പ്രസംഗം പോലെ കണ്ണു നനയിക്കുന്നതായിരുന്നു..കേൾവിക്കാരന്റെ വരണ്ടുണങ്ങിയ തൊണ്ടയിലൂടെ തീയുണ്ടകൾ പായിക്കുന്ന വാക്കുകളുടെ കാല്പന്തുകളി വിന്യാസം. ഞങ്ങൾക്ക് ഫുടബോൾ ആവേശവും, ഹിന്ദി ആവേശവും അതോടെ മിസ്സ് ആയി എന്ന് പറയുന്നതാവും ശരി.

ഹിന്ദി പഠിക്കാനില്ലാത്ത രണ്ടു മൂന്നാഴ്ച്ചകൾ ഞങ്ങളെ കടന്നു പോയി. ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ, സ്‌കൂൾ ഒരു കുന്നിന്റെ മുകളിൽ ആയിരുന്നു.
കുന്നു കയറി വരുമ്പോൾ ഒരു പരന്ന ഗ്രൗണ്ട് കാണും. ഗ്രൗണ്ടിന്റെ താഴ് വശം മുഴുവൻ കശുമാവുകളാണ്. മുകളിലേക്ക് സ്റ്റെപ്പ് കയറി ചെന്നാൽ അഞ്ചാം ക്‌ളാസും, ഏഴാം ക്ളാസുമുള്ള പുതിയ ബിൽഡിംഗ്.

അഞ്ചാം ക്ലാസ്സിലെ പൊട്ടിയ ജനാലകളുള്ള (ഞങ്ങൾ സിനിമ പ്രോജക്റ്റ് ചെയ്യാൻ വേണ്ടി സമർത്ഥമായി പൊട്ടിച്ചത് എന്ന് പറയണം – ആ കഥ അറിയണമെങ്കിൽ ഗോലിസോഡാ സിലിമാ കമ്പനി എന്ന കഥ വായിക്കണം..:) ) ക്ലാസ് റൂമിൽ മലയാളം പിരീഡിൽ ഇരിക്കുമ്പോഴാണ് ഗ്രൗണ്ടിൽ നിന്നുമുള്ള സ്റ്റെപ്പ് കയറി ഒരാൾ നടന്നു വരുന്നത് ഞങ്ങൾ കണ്ടത്.

പഴയ കാലത്തെ നടപ്പു രീതികൾ വെച്ച് എ ഇ ഓ ആണോ എന്ന് ന്യായമായും ഞങ്ങളിൽ ചിലർ സംശയിച്ചു കാണണം.
എനിവെയ്‌സ്..ആ സുമുഖനായ ചെറുപ്പക്കാരൻ ഞങ്ങളുടെ പുതിയ ഹിന്ദി ടീച്ചർ ആയ സെയ്ദ് സാർ ആയിരുന്നു.

സാറാണ് ഈ കഥയിലെ നായകൻ.

സെയ്ദ് സാർ തിരുവനന്തപുരംകാരനാണ്. സാറിന്റെ തിരുവനന്തപുരം സ്‌ലാംഗ് അതുകൊണ്ട് തന്നെ ഞങ്ങൾക്കൊക്കെ കൗതുകമുള്ള ഒരു സംഗതി ആയിരുന്നു.
എന്ത് ചോദിച്ചാലും..

“വോ തന്നേ..” എന്ന് സാർ ഉത്തരം തരും.

“തന്നെയല്ല സാറേ, ഭാര്യയും ഈ സ്‌കൂളിൽ തന്നാ പഠിപ്പിക്കുന്നേ..” എന്നൊരു ജോക്ക് മാത്തുക്കുട്ടി സാർ അടിച്ചതായി ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.
അന്നേ ഒരു മതേതര കാഴ്ച്ചപ്പാട് വെച്ച് പുലർത്തിയിരുന്ന ഈ കുറിപ്പെഴുത്തുകാരനെ മാത്തുക്കുട്ടി സാർ
“സർവ ജാതി” എന്നൊരു വിളിപ്പേര് ആയിരുന്നു ഉപയോഗിച്ചിരുന്നത്. പോരാത്തതിന് ..” അവനു ഒരുപാട് ചോദ്യങ്ങൾ ചോദിക്കും..ഭാവിയിൽ ഒരു സയന്റിസ്റ്റ് ആവാൻ ചാൻസുണ്ട്..” എന്ന് അച്ഛന് (അവർ ചൈൽഡ് ഹുഡ് ഫ്രെണ്ട്സ് ആയിരുന്നു) ഒരു ഫീഡ്ബാക് കൊടുത്തതും കൂടെ കൊണ്ട് മാത്തുക്കുട്ടി സാറിനെ എനിക്ക് പ്രത്യേകിച്ച് ഇഷ്ടമായിരുന്നു..സോറി…സോറി..പറഞ്ഞു പറഞ്ഞു മാറ്റർ സ്ലിപ്പ് ആയിപ്പോയി.

സെയ്ദ് സാർ സുമുഖനും സുന്ദരനും സർവോപരി രസികനും ആയിരുന്നു. നല്ല നർമ്മ പ്രിയൻ.
സാറിന്റെ ക്ലാസുകളിൽ ഞങ്ങൾക്ക് ചിരിക്കാൻ ഒരുപാടുള്ള വിഭവങ്ങൾ സാർ ഒരുക്കിത്തരും.

അഞ്ചാം ക്‌ളാസിനും ആറാം ക്ലാസ്സിനും ഇടയ്ക്കുള്ള ഒരു ചെറിയ ചായ്പു മുറിയുണ്ടായിരുന്നു. ആ മുറിയിൽ ആയിരുന്നു സാർ താമസിച്ചിരുന്നത്.
സാർ ജോയിൻ ചെയ്‌തു കഴിഞ്ഞുള്ള അഞ്ചാമത്തെയോ ആറാമത്തെയോ ഒരു വെള്ളിയാഴ്ച്ച.
ലാസ്റ്റ് പിരീഡ് പിടി ക്ലാസിനു മുന്നേയുള്ള ക്ലാസ്സ് സാറിന്റേത് ആയിരുന്നു.

അന്ന് സാർ പതിവിലും സുമുഖൻ ആയിരുന്നു. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് കൃത്യമായ അളവിൽ വെട്ടിയെടുത്ത രോമങ്ങൾ നിറഞ്ഞു നിന്ന മീശ. തൂവെള്ള മുഖം..പോളിഷ് മിനുക്കിയ കറുത്ത ലെതർ ഷൂ…തേച്ചു വടിപോലെ നിൽക്കുന്ന കറുത്ത പാന്റ്സ്..ഇൻ ചെയ്ത പുത്തൻ ഇളം കാക്കി കളർ ഷർട്ട്. ഷർട്ട് ഇൻ ചെയ്ത ഷൂസിട്ട ഒരു അദ്ധ്യാപകൻ അത് വരെ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. സ്റ്റൈലായിട്ട് സാധാരണ വരാറു പിടി ജോസഫ് സാർ ആണ്.

സെയ്ദ് സാർ പതിവ് പോലെ ഹിന്ദി പഠിപ്പിക്കലും സ്വന്തം അനുഭവങ്ങൾ ചേർത്തുള്ള കഥ പറച്ചിലുമായി ഫുൾ ഫോമിൽ ആണ്.

സാറിന്റെ കോമഡികളും കൗണ്ടറുകളും കേട്ട് പെൺകുട്ടികൾ ഉൾപ്പടെ ചിരിക്കുന്നത് എനിക്കത്ര സുഖിക്കുന്നുണ്ടായിരുന്നില്ല..കുശുമ്പ് എന്ന് വേണമെങ്കിൽ ഈ വികാരത്തെ വിശേഷിപ്പിക്കാം.

അങ്ങനെ സാർ വിവരിച്ചു വിവരിച്ചു മുന്നോട്ട് പോവുകയാണ്.
തിരുവനന്തപുരം നഗരത്തിൽ സാറിനുണ്ടായ എന്തോ അനുഭവമാണ് കഥാ പരിസരം.

സാർ ഹിന്ദി പഠിക്കാൻ തുടങ്ങിയ കാലമാണ്. കേൾക്കുന്നത് മുഴുവൻ ഹിന്ദിയാണ്. എന്ത് കണ്ടാലും ഹിന്ദി. അയയിൽ ഒരു തോർത്ത് തൂങ്ങി കിടക്കുന്നത് കണ്ടാലും പാവം ദേ ഒരു ഹിന്ദി അക്ഷരം തൂങ്ങിക്കിടക്കുന്നു എന്ന് തോന്നുമായിരുന്നു എന്ന് സാർ പറയുമ്പോൾ ക്‌ളാസിൽ വീണ്ടും ചിരി മുഴങ്ങും.
അങ്ങനെ ഹിന്ദി പാഠവും തലയിലേറ്റി നഗരത്തിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ബസ്സിനുള്ളിലെ തിരക്കിൽ മാസ്റ്റർ അറിയാതെ മുന്നിൽ നിന്നിരുന്ന ഒരു യുവതിയുടെ കാലിൽ ചവിട്ടി..

“ആ..” ആ സുന്ദരിയായ യുവതി പറഞ്ഞു. മാഷ് അറിയാതെ ഒന്ന് കൂടി ചവിട്ടി. ചവിട്ടുന്ന കാര്യം സാറിന് അറിയില്ല. കാരണം സാർ നല്ല പുത്തൻ ലെതർ ഷൂ ഇട്ടിട്ടുണ്ടല്ലോ..നോട് ദി പോയന്റ്.
യുവതി ഒന്ന് കൂടി “ആ” എന്ന് പറഞ്ഞു..ഇത്തവണ കുറച്ചു ഉച്ചത്തിൽ ആയിരുന്നു. എന്നിട്ട് തിരിഞ്ഞു സാറിനെ ഒന്ന് നോക്കി.

സാറിന്റെ ഹിന്ദി ബ്രെയിൻ വർക്ക് ചെയ്തത് ആ ഈക്വൽ റ്റു വാ എന്നായിരുന്നു.

ആ പെൺകുട്ടി ഇറങ്ങിയ സ്റ്റോപ്പിൽ, യാന്ത്രികമായി അദ്ദേഹവും ഇറങ്ങി.
ആ പെൺകുട്ടി നടന്ന വഴിയിലൂടെ അവരുടെ പിന്നാലെ കൂടി.
നടന്ന് നടന്ന് അവർ ആ യുവതിയുടെ വീടിന്റെ മുറ്റത്ത് എത്തി. യുവതി പിന്തിരിഞ്ഞു നോക്കാതെ അകത്തേക്ക് കയറിപ്പോയി…സെയ്ദ് സാർ പുറത്ത് കുറച്ചു നേരം കാത്തു നിന്നു..

മുറ്റത്തോട് ചേർന്ന് നിന്നുള്ള ഒരു മുറിയിൽ വെളിച്ചം തെളിഞ്ഞു.

വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം..
സാർ ഈ പറയുന്നതൊക്കെ എല്ലാവരും കണ്ണിമ വെട്ടാതെ കേട്ടു കൊണ്ടിരിക്കുകയാണ്. വികടസരസ്വതി കുറെ നേരമായി എന്റെ നാവിൽ കിടന്നു തത്തിക്കളിക്കുന്നുണ്ട്..എന്തെങ്കിലുമൊക്കെ ഒരു കൗണ്ടർ അടിച്ചു കയ്യടി വാങ്ങണം എന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു.

അധികം വൈകിയില്ല..അതിനുള്ള സാഹചര്യം ഒത്തു വന്നു.

സാർ വിവരണം തുടരുകയാണ്.

അകത്ത് നിന്നും വെള്ളം ഒഴുകുന്ന ശബ്ദം. നല്ല റോസാപ്പൂവിന്റെ മണമുള്ള സോപ്പ് ..അതാണവൾ തേച്ചു കുളിക്കുന്നത്..പട്ടന്മാര് ഒരുപാട് ഉള്ള ഏറിയ ആണ്..മഞ്ഞളും ചന്ദനവും അരച്ചു തേയ്ക്കുന്ന മണം എനിക്ക് കിട്ടി…സാർ പറഞ്ഞു.

ഇത്ര കൃത്യമായിട്ട് പറയാൻ സാർ കുളിക്കുന്നത് കണ്ടോ..എന്റെ നാവിൽ നിന്നും വികടസരസ്വതി പെട്ടെന്നങ്ങു പുറത്തേക്ക് ചാടി.
ക്ലാസിൽ പരിപൂർണ്ണ നിശബ്ദത…
എന്താ…സാർ തൊണ്ടയിടറി ചോദിച്ചു.
അല്ല..സോപ്പിന്റെയും മഞ്ഞളിന്റെയും ചന്ദനത്തിന്റെയും മണമൊക്കെ ഇത്രയും ക്രത്യമായിട്ട് പറയാൻ സാർ കുളിക്കുന്നത് നേരിട്ട് കണ്ടായിരുന്നോ എന്ന്…ഞാൻ വിട്ടു കൊടുക്കാതെ ചോദിച്ചു.

ബാക്കിയുള്ളവർക്കെല്ലാം ചിരി പൊട്ടി. അവർ തലതല്ലി ചിരിച്ചു…ചിലർ കൂവി വിളിച്ചു.
സാർ ക്ലാസ് നിർത്തി പെട്ടെന്ന് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

യുദ്ധം ജയിച്ച നായകനെപ്പോലെ..ഏതാണ്ട് കണ്ടപോലെയാ സാറിന്റെ പറച്ചിൽ..റോസാപ്പൂവിന്റെ മണമേ..ചുമ്മാ പുളു..
ഞാൻ പിന്നെയും പിന്നെയും വിളിച്ചു പറഞ്ഞു.

ചിരിയും കൂവലും മുറുകുന്നതിനിടെ പിരീഡ് വിടുന്നതിന്റെ നീട്ടയടിച്ചുള്ള ബെൽ മുഴങ്ങി. ഞങ്ങൾ കളിക്കാൻ വേണ്ടി ഗ്രൗണ്ടിലേക്ക് ഓടി.


രണ്ടു ദിവസം കഴിഞ്ഞു സ്‌കൂൾ തുറന്നു.

കഴിഞ്ഞയാഴ്ചത്തെ പാഠങ്ങൾക്ക് കൂടെ സംഭവങ്ങളും ഞങ്ങളിൽ പലരും മറന്നു തുടങ്ങി.

അന്നത്തെ ഹിന്ദി പിരീഡിൽ സെയ്ദ് സാർ വന്നില്ല..ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ ഞങ്ങൾ – ഞാനും ടോജോയും, സുബൈറും കൂടി അഞ്ചിനും ആറിനും ഇടയിലുള്ള കുടുസു മുറിക്ക് മുന്നിൽ പോയി നോക്കി…ഇല്ല..മുറി പൂട്ടിയിട്ടിരിക്കുന്നു.

പിറ്റേന്നത്തെ ഹിന്ദി ക്ലാസിലും സാർ വന്നില്ല. ക്ലാസിൽ പഠിപ്പിസ്റ്റുകളായ പെൺകുട്ടികൾ മുറുമുറുപ്പ് തുടങ്ങി.
ആകൂട്ടത്തിലൊരു ഗേൾഫ്രണ്ട് ഉള്ള റോബിൻ അവന്റെ ഗേൾഫ്രണ്ടുമായി സംസാരിച്ച ശേഷം എന്റെ അടുത്ത് വന്നു..കൂലങ്കുഷമായ ഒരു നോട്ടം കൊണ്ട് എന്നെ എരിച്ചു.

“നീയൊരുത്തൻ കാരണമാണ്..” അത്രയും പറഞ്ഞിട്ട് അവൻ ഇറങ്ങിപ്പോയി.
സുബൈറും ടോജോയും എന്നെ ആശ്വസിപ്പിച്ചു.

“എന്നാലും നീ അങ്ങനെ വിളിച്ചു കൂവണ്ടായിരുന്നു..” ഷിന്ടോ എന്റെ പക്ഷം ചാരി നിൽക്കുന്നു എന്ന ധ്വനി വരുത്തി നൈസായിട്ട് ഒന്ന് കുറ്റപ്പെടുത്തി.

മൂന്നാം നാൾ ഹിന്ദിക്ലാസിലും സെയ്ദ് സാറിനെ കണ്ടില്ല.

കുറ്റപ്പെടുത്തലുകൾ കൊണ്ട് ക്ലാസ് എന്നെപ്പൊതിഞ്ഞു. ആസ്ഥാനത്ത് കമന്റ് അടിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ വെറുത്തു തുടങ്ങി.

പക്ഷെ, മൂന്നാം നാൾ വൈകുന്നേരം..ഞെട്ടിക്കുന്ന ഒരു വാർത്ത ഞങ്ങളുടെ ക്ളാസിലേക്ക് പടർന്നെത്തി.
സുബൈർ ആണ് കൈക്കുമ്പിളിൽ നിന്ന് തുളുമ്പാതെ ആ വാർത്ത ക്‌ളാസിലെത്തിച്ചു പരന്നൊഴുക്കിയത്.

“സെയ്ദ് സാർ പോകുന്നു..”
“ആരാ പറഞ്ഞെ..” ഞാൻ ചോദിച്ചു.
“ദേ സ്റ്റാഫ് റൂമിന്റെ മുന്നിൽ ഉണ്ട്..ഞാൻ കണ്ടു..” അവൻ പറഞ്ഞു.

ഞാൻ ഓടി..ഓടിച്ചെന്ന് സാറിനോട് സോറി പറയണം.
ഓടിച്ചെന്നു ഞാൻ സാറിന്റെ മുന്നിൽ നിന്നു. എച്ച് എമ്മും മറ്റു അദ്ധ്യാപകരും സാറിനെ യാത്ര അയച്ചിട്ട് തിരിച്ചു കയറിപ്പോയ ഗ്യാപ്പിൽ ഞാൻ സാറിനെ കണ്ടു..

“സാറേ സോറി..” ഞാൻ വിതുമ്പിക്കൊണ്ട് പറഞ്ഞു.

സാർ ദൂരേയ്ക്ക് നോക്കി കുറച്ചു നേരം നിന്നു..ഉച്ചിയിൽ കൈവെച്ചു തൊണ്ടയിടറി ഇത്രയും പറഞ്ഞു ബാഗുമെടുത്ത് ഇറങ്ങിപ്പോയി.
“ചിലസമയത്തെങ്കിലും, നമുക്ക് മനസ്സിൽ തോന്നിയ കാര്യങ്ങൾ അങ്ങനെ തന്നെ വിളിച്ചു പറയരുത്..ഒന്നാലോചിക്കണം..എന്നിട്ടേ പറയാവു..”

ഷേവ് ചെയ്യാത്തത് കൊണ്ട് വളർന്നു തുടങ്ങിയ താടി രോമങ്ങളും, നിരാശകൊണ്ട് ഭാരം വെച്ച തലയും തൂക്കി ബാഗും ചുമലിലിട്ട് നടന്നു പോകുന്ന സാറിന്റെ മുഖം കുറേക്കാലം എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നു.


കാലം ഉരുണ്ടുരുണ്ട് പോയി. വർഷങ്ങൾക്ക് ശേഷം..ആദ്യമായിട്ട് തിരുവനന്തപുരത്ത് കുറേക്കാലം താമസിക്കാൻ അവസരം ഒത്തു വന്നു.
ഡിഗ്രി കാലത്ത് പ്രോജക്റ്റ് ചെയ്യാൻ എന്ന വ്യാജേനെ..സുഹൃത്തുക്കളോടോത്ത് മുറിഞ്ഞ പാലത്ത് ഒരു വാടക വീട്ടിൽ ആയിരുന്നു താമസം.

ഏറെക്കുറെ ആ കാലത്ത് തന്നെ ആയിരുന്നു സിനിമ ഒരു ഭ്രാന്ത് ആയിട്ടെന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയത്. രാവിലെ പത്രം എടുത്ത് നോക്കിയാൽ കലാഭവനിൽ ഏതെങ്കിലും ഫിലിം ഫെസ്റ്റിവൽ നടക്കുന്നുണ്ടോ എന്ന കാര്യം മനസിലാക്കാം എന്ന് പറഞ്ഞു തന്നത് ആഷിക്കേട്ടൻ ആയിരുന്നു.

അങ്ങനെ നോക്കിയപ്പോൾ ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ഒരു ഫിലിം ഫെസ്റ്റിവൽ നടക്കുന്ന കാര്യം കണ്ടു.
വഴുതക്കാട് ഇറങ്ങി കലാഭവനിൽ പോയി ഫെസ്റ്റിവൽ സിനിമകൾ കാണൽ പതിവായി.
അങ്ങനെ ഒരു സിനിമാ ദിവസം, മൊറോക്കയിൽ നിന്നൊരു സിനിമ പ്രദർശനത്തിന് വന്നു.

സിനിമയുടെ പേര് എനിക്ക് ഓർമ്മയില്ല. മരുഭൂമിയിൽ ഒരു സ്‌കൂളിൽ പഠിപ്പിക്കാൻ ഒരു അധ്യാപകൻ വരുന്നതും, അയാളെ ചുറ്റിപ്പറ്റി ചില പഴയ കഥകൾ ഇതൾ വിരിയുന്നതും..മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന അവധൂതരുടെ മിത്തുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ ഒരു മനോഹരമായ സിനിമയായിരുന്നു അത്.

ആദ്യ ഫ്രെയിം എനിക്കിപ്പോഴും ഓർമ്മയിലുണ്ട്.

മണൽക്കുന്നുകൾക്ക് നടുവിലൂടെ പോകുന്ന ഒരു പഴഞ്ചൻ മിനി ബസ്. അതിന്റെ ഏറ്റവും മുന്നിൽ ബോണറ്റിനോട് ചേർന്നുള്ള സീറ്റിൽ ഇരിക്കുന്നതാണ് നമ്മുടെ നായകനായ അദ്ധ്യാപകൻ. ഇടത് വശത്തെ ഗ്ലാസ്സിലൂടെയുള്ള മരുഭൂമി കാഴ്ചയാണ് ആദ്യ ഫ്രെയിം. പിന്നെ ഹെലിക്യാം ഷോട്ടിൽ മുകളിൽ നിന്ന് ബസ്സിന്റെ ഒരു വ്യൂ.

സിനിമ കഴിഞ്ഞു കലാഭവന്റെ കൈപ്പിടിയിൽ പിടിച്ചു നിന്ന് ഒരു ചായ കുടിച്ചു കൊണ്ട് അയവിറക്കുകയായിരുന്നു ഞാൻ. തൊട്ടപ്പുറത്ത് സംവിധായകൻ ലാൽ ജോസും, രഞ്ജൻ പ്രമോദും, എസ് കുമാറും ചായ ഊതിക്കുടിച്ചു നിൽക്കുന്നു. തൊട്ടു തലേ ദിവസമാണ് ലാൽ ജോസിനെക്കണ്ട്..രണ്ടാം ഭാവം ഇഷ്ടമായ കാര്യം പറഞ്ഞത്. ആ ഓർമ്മയിലായിരിക്കാം അദ്ദേഹം കണ്ടപ്പോൾ പുഞ്ചിരിച്ചു കാണിച്ചു. ഞാൻ തിരിച്ചും.

ചായ ഊതിക്കുടിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് ഏറെക്കുറെ എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരാൾ വന്നു.
“സൂപ്പർ സിനിമ അല്ലെ..”
അയാൾ പറഞ്ഞു.
“അതെ..”
“ഇതൊക്കെയാണ് സിനിമ..അല്ലാതെ നമ്മടെ നാടുവിട്ടു രാജാവാകുന്ന ടൈപ്പ് സിനിമകളൊന്നും അല്ല..”
“ശരിയാണ്..ഇങ്ങനെ വേണം കഥകൾ പറയാൻ..”
“സത്യം..ഇങ്ങനത്തെ കഥകളുണ്ടെങ്കിലേ സിനിമ എടുക്കാവൂ എന്നാണ് എന്റെ സ്വപ്നം തന്നെ..”
“ഇങ്ങനത്തെ ഒരു കഥ എന്റെ കയ്യിലുണ്ട്..” ഞാൻ പറഞ്ഞു.
“പറ ..കേൾക്കട്ടെ..എനിക്ക് കഥകൾ കേൾക്കുന്നത് ഇഷ്ടമാണ്..” അവൻ പറഞ്ഞു.
എനിക്ക് പെട്ടെന്ന് മനസിലേക്ക് വന്നത് സെയ്ദ് സാറിന്റെ കഥയാണ്. ഞാൻ വള്ളിപുള്ളി വിടാതെ പറഞ്ഞു.
“കഥ കൊള്ളാം..പക്ഷെ..എൻഡിംഗ് ..അത് ഒന്നൂടെ ഒന്ന് ശരിയാക്കാനുണ്ട്..അത് റെഡിയായാൽ നമ്മക്ക് എടുക്കാം. എന്റെ പേര് വിഷ്ണു..ഞാനിപ്പോ സീരിയൽ അസിസ്റ്റ് ചെയ്തോണ്ടിരിക്കുവാണ്..എനിക്കൊരു സിനിമ ചെയ്യണം..”
“നമുക്ക് ഈ കഥ ആലോചിച്ചാലോ..”
“ഉം..ഈ സെയ്ദ് സാർ എവിടെയാണ് എന്നാ പറഞ്ഞെ..”
“ഇവിടെവിടെയോ ആണ്..”
“നിങ്ങളീ പറഞ്ഞത് പോലൊരു കക്ഷിയെ എനിക്കറിയാം. എന്റെ വീടിന്റെ അടുത്താണ്..കണിയാപുരത്ത് നാളെ വേണേൽ നമുക്ക് പോയി നോക്കാം..”
“ശരി..” ഞാൻ തലകുലുക്കി സമ്മതിച്ചു.

പിറ്റേന്നത്തെ സിനിമകൾ കണ്ടു തീർത്ത്, അവസാന സെക്ഷന് കാത്ത് നിൽക്കാതെ ഞാനും വിഷ്ണുവും കൂടി കണിയാപുരത്തേക്ക് ബസ്സു പിടിച്ചു.


കണിയാപുരം ട്രാൻസ്‌പോർട് സ്റ്റാൻഡിനു ഓപ്പോസിറ്റ് ഒരു പള്ളിയുണ്ട്. അതിന്റെ പിന്നിൽ എവിടെയോ ആണ് വീട്. വിഷ്ണു പറഞ്ഞു.

ഞങ്ങൾ ബസ്സ് ഇറങ്ങി..ഒന്ന് രണ്ടു പേരോട് ലക്ഷണം പറഞ്ഞപ്പോൾ ഒരു ഓട്ടോക്കാരൻ വഴി തെറ്റാതെ ഒരു പഴയ വീടിന്റെ മുന്നിൽ കൊണ്ട് പോയിറക്കി.
“മലപ്പുറത്ത് ജോലി ഒണ്ടായിരുന്ന ഹിന്ദി വാധ്യാര് അല്ലെ..ഇതന്നെ വീട്..” ഇറക്കി പോവുമ്പോൾ അയാൾ പറഞ്ഞു.

ഇളം പച്ച പെയിന്റടിച്ച ഒരു പഴയ ഓടിട്ട വീടാണ്. രണ്ടു നില.
വീടിന്റെ വരാന്തയിൽ കാലും നീട്ടി ഇരിക്കുന്ന ആളാണ് സെയ്ദ് സാർ എന്ന് എനിക്ക് മനസ്സിലായി.

മുഖം ഷേവ് ചെയ്യാതെ താടി വളർന്നിരുന്നു. കണ്ണുകൾ കുഴിഞ്ഞെങ്കിലും സാറിന്റെ ഇളം തവിട്ടു നിറമുള്ള കൃഷ്ണമണികൾ തിളങ്ങുന്നുണ്ടായിരുന്നു.
സാറിനെ അവസാനം കണ്ടപ്പോൾ ഉണ്ടായിരുന്ന നിരാശയും സങ്കടവും കണ്ണിലും, മുഖത്തും രോമകൂപങ്ങളിലും ബാക്കി നിൽക്കുന്നതായി എനിക്ക് തോന്നി.

ഞാൻ പടികടന്നു അടുത്തോട്ടു ചെന്നു..

“സാർ..ഞാൻ മലപ്പുറത്ത് നിന്ന് വരികയാണ്. ചുണ്ടത്തും പൊയിൽ സ്‌കൂളിൽ ഞാൻ സാറിന്റെ സ്റ്റുഡന്റ് ആയിരുന്നു ” ഞാൻ പറഞ്ഞു.
സാറിന്റെ ഓർമ്മകൾ ഉണർന്നു എന്ന് തോന്നുന്നു. അദ്ദേഹം മുഖമുയർത്തി.
“സാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്..വിജയൻ മാഷുടെ മോൻ..സിജിത്..ഓർമ്മയുണ്ടോ..”
സാർ ചിരിച്ചു..
“വാ..” എന്ന് പറഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചു. “എന്ത് ചെയ്യുന്നു..”
“ഞാൻ ഇവിടെ വൈദ്യത ഭവനിൽ പ്രോജക്റ്റ് ചെയ്യാൻ വന്നതാണ്..സാർ ഇവിടുണ്ട് എന്ന് വിഷ്ണു പറഞ്ഞപ്പോൾ ഒന്ന് കാണാമെന്നു വിചാരിച്ചു..”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

സാർ വരാന്തയിലേക്ക് കയറിയിരിക്കാൻ വിളിച്ചു, പൊടി തട്ടി കസേര വലിച്ചിട്ടു തന്നു.

ഞങ്ങൾക്കിടയിൽ നിശബ്ദത വലിയൊരു കപ്പൽചാലുകൾക്ക് കുറുകെ കെട്ടിയ പാലം കണക്കെ ഉയർന്നു നിന്നു.
വലിയെ ഏതോ ഒരു കപ്പൽ കടന്നു പോയാൽ മന്ദഗതിയിൽ അത് കരകളെ ബന്ധിപ്പിക്കും. ഓർമ്മകളുടെ ബോഗികളും പേറി ഒരു വലിയ ട്രെയിൻ ഞങ്ങളുടെ രണ്ടു പേരുടെയും മനസിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

പൂരിപ്പിക്കേണ്ട ഭാഗങ്ങൾ പൂരിപ്പിക്കാതെ ഒരു ജീവിതവും പൂർത്തിയാവില്ല എന്ന തിരിച്ചറിവ് എനിക്ക് ആദ്യമുണ്ടാവുന്നത് അന്നാണ്….അല്ലെങ്കിൽ ഒരു ചായ ഊതിക്കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ അപ്രതീക്ഷതമായിട്ടുണ്ടായ ഒരു കഥപറച്ചിൽ സൗഹൃദം എന്നെ വളരെക്കാലമായിട്ട് അലട്ടി കൊണ്ടിരുന്ന കുറ്റബോധത്തിന്റെ മണ്കുടവും പേറി ആ വരാന്തയിൽ ഇരിക്കാൻ സാധിക്കുമായിരുന്നില്ലല്ലോ.

ഞാൻ സാറിന്റെ മുഖത്തേയ്ക്ക് നോക്കി…

ഒരു സിനിമയിലോ മറ്റോ ആയിരുന്നെങ്കിൽ കാലിൽ വീണ് മാപ്പ് ഇരക്കാമായിരുന്നു. പക്ഷെ ഇങ്ങനൊരു സീൻ യഥാർത്ഥ ജീവിതത്തിൽ എങ്ങനെ പെരുമാറണം എന്ന് എനിക്കറിയില്ലായിരുന്നു.

ഞാൻ തറയിലിട്ട ചുവപ്പ് റെഡ്ഓക്സൈഡ് സിമിന്റിന്റെ മിനുമിനുപ്പിലും ഇടയ്ക്കിടെ പൊട്ടിപ്പൊളിഞ്ഞു കാണപ്പെട്ട കറുത്ത കോൺക്രീറ്റിലും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു..

“സാർ..സാറിനന്ന് സ്‌കൂൾ വിട്ട് പോരേണ്ടി വന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട്..ഞാൻ കാരണമാണ്…എന്റെ തലതെറിച്ച നാവ് കാരണമാണ്..”
വിങ്ങലടക്കാൻ പാടുപെട്ട് ഞാൻ വിറച്ചു തുടങ്ങി..

“സിജിത്തേ..” സാർ വിളിച്ചു..
എന്നിട്ടു സ്വന്തം നെഞ്ചും തടവി ഒന്നും മിണ്ടാതെ ദൂരേയ്ക്ക് നോക്കിയിരുന്നു.
ഇതിനിടയിൽ സാറിന്റെ ഭാര്യ ചായ കൊണ്ടു തന്നത് എടുത്ത് കുടിക്കാൻ സാർ പുരികമനക്കികൊണ്ട് ആവശ്യപ്പെട്ടു.

എന്നിട്ട് കാഴ്ചയെ ദൂരേയ്ക്ക് പായിച്ചു കൊണ്ട് സാർ ചുണ്ടനക്കി.

“അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. സാധാരണ ഞാൻ വെള്ളിയാഴ്ചകളിൽ വൈകുന്നേരം വണ്ടി പിടിച്ചു എന്റെ ഒരു ഫ്രണ്ട് ഓമശ്ശേരിയിൽ ഉണ്ട്..അവന്റെ അടുത്ത് പോയി രണ്ടു ദിവസം തങ്ങി തിരിച്ചു വരാറാണ് പതിവ്..പക്ഷെ, അന്നത്തെ കലപില കൊണ്ട് മനസ്സ് വിഷമം കാരണം പോയില്ല. സ്‌കൂൾ അടച്ചു പിള്ളേരെല്ലാം പോയപ്പോൾ ഞാൻ ചുണ്ടത്ത് പൊയിൽ അങ്ങാടിയിലേക്കിറങ്ങി. അവിടെ അലവി എന്നൊരാൾക്ക് അന്ന് ചായപ്പീടിക ഉണ്ടായിരുന്നു. അവിടെ പോയിരുന്നു കുറച്ചു നേരം പത്രമൊക്കെ വായിച്ചിരുന്നു, ഒരു ചായയും കുടിച്ചു..ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി. കയ്യിൽ ഒരു പൊറോട്ട വാങ്ങി പഞ്ചസാരയിട്ട് ചുരുട്ടി പിടിച്ചിരുന്നു. അത് കഴിച്ചു കൊണ്ടായിരുന്നു നടപ്പ്. കുറെ ദൂരം നടന്നു അന്ന് ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന ജോസഫ് സാറിന്റെ പുരയിടം കഴിഞ്ഞാൽ ആൾപ്പാർപ്പില്ല..നിനക്കറിയാമല്ലോ.
അപ്പോഴേക്കും കൂരിരുട്ട് ആയിരുന്നു. ഞാനാണെങ്കിൽ ടോർച്ച് എടുക്കാനോ മെഴുകുതിരി കരുതാനോ മറന്നു പോയിരുന്നു. മാഷുടെ പുരയിടം കഴിഞ്ഞാൽ ഒരു കുളമാണ്. വാഴകൃഷിക്ക് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്നത്.
വാഴത്തോട്ടത്തിനു നടുവിലൂടെയുള്ള വഴി മുറിച്ചു കടന്നാൽ ഒരു തെങ്ങിൻ തോട്ടം..അവിടുന്ന് മേൽപ്പോട്ട് കുത്തനെയുള്ള കയറ്റം. ഒരു വശത്ത് ഇഞ്ചക്കാട്..ഇടത് വശം മുഴുവൻ കശുമാവിന്റെ തോട്ടമാണ്..നിനക്ക് അറിയുന്നതാണല്ലോ..”
“അതെ ” ഞാൻ പറഞ്ഞു.
സാർ നെഞ്ചിൽ കൈവിരൽ തിരുമ്മിക്കൊണ്ട് ഓർമ്മകളുടെ അടരുകൾ ഓരോന്നായി അടർത്തിയെടുക്കുകയാണ്.

“കുത്തനെ കയറ്റം കയറി പകുതിയെത്തിയപ്പോൾ എനിക്ക് വല്ലാതെ ദാഹിച്ചു. കിതപ്പും ദാഹവും കൊണ്ട് കുറച്ചു നേരം ഞാൻ അവിടെ നിന്നു..കിതപ്പകറ്റിയിട്ട് നടക്കാമെന്ന് വിചാരിച്ചാണ് നിന്നത്. തലയൊന്ന് വെട്ടിച്ചു നോക്കുമ്പോൾ ഇടത് വശത്തെ കശുമാവിൻ തോട്ടത്തിൽ ഒരു വെളിച്ചം.
ഞാൻ റോഡിൽ നിന്നും തിട്ടു കയറി തോട്ടത്തിലേക്ക് ചെന്നു..എന്താണെന്ന് അറിയണമല്ലോ..ഏഴെട്ട് ചുവട് പറങ്കി മാവുകൾക്ക് അപ്പുറത്ത് ഒരു വലിയ പ്ലാവുണ്ട്. അതിന്റെ ചുവട്ടിലാണ് ആ വെളിച്ചം കണ്ടത്. നീല നിറത്തിൽ..ഫ്ലൂറസെന്റ് ലൈറ്റ് പോലൊരു വെളിച്ചം. അതിങ്ങനെ ആ പ്ലാവിൻ ചുവടിനെ അലങ്കരിച്ചു വെച്ചിരിക്കുകയാണ്. ഞാൻ പതുക്കെ അടുത്തേക്ക് ചെന്നു.
എന്റെ കാലനക്കം കൊണ്ടാണോ എന്നറിയില്ല, ആ വെളിച്ചം ഒന്നനങ്ങി. പതുക്കെ പ്ലാവിന്റെ പിന്നിലൂടെ മുകളിലേക്ക് ഉയരാൻ തുടങ്ങി.
വെളിച്ചത്തിന്റെ തീവ്രത കൊണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചത് പോലെ ആയിരുന്നു. എന്നാലും ഞാൻ കൂടുതൽ കൂടുതൽ അടുത്തേക്ക് ചെന്നു..ആ വെളിച്ചം പ്ലാവിനോളം ഉയരത്തിലേക്ക് എത്തിയിരുന്നു അപ്പോഴേക്കും.
ഞാൻ കണ്ണു മിഴിച്ചു മുകളിലേക്ക് നോക്കി..പ്ലാവിന്റെ ഒത്ത മുകളിൽ നീല വെളിച്ചം പരന്നങ്ങനെ കിടക്കുന്നു..സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു വലിയ ഹെലികോപ്റ്റർ പോലുള്ള വസ്തുവാണ്..എന്താണ് അതെന്ന് ഇപ്പോഴും എനിക്ക് വിവരിക്കാൻ പറ്റില്ല…തളിക പോലെ..ചിറകോ, കാറ്റാടി ബ്‌ളേഡുകളോ ഇല്ലാത്ത ഒരു സംഭവം…ഞാൻ സൂക്ഷിച്ചു നോക്കി..അതിന്റെ മുകളിൽ അതിനെ മുടിയൊരു ചില്ലു കൂടാരം പോലൊരു മൂടി അതിനുണ്ടെന്നു എനിക്ക് മനസിലായി. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ..ആ ചില്ലു മൂടിയ്ക്ക് മുകളിലായി ഒരു മനുഷ്യ രൂപം വന്നെന്നെ കൈ വീശി കാണിച്ചു..ഞാൻ തിരിച്ചു കൈ വീശി. ആ രൂപം പൊടുന്നനെ അപ്രത്യക്ഷമായി…പക്ഷെ പേടകം..പ്രതീക്ഷിക്കാത്ത വേഗത്തിൽ പെട്ടെന്ന് മുകളിലേക്കുയർന്നു ആകാശത്തിലേക്ക് അപ്രത്യക്ഷമായി. അത്രയും വേഗത്തിൽ ഒരു വസ്തുവിന് സഞ്ചരിക്കാനാവുമെന്നു എനിക്ക് ഊഹിക്കാൻ പോലും കഴിയില്ലായിരുന്നു….നമ്മൾ..കണ്ടിട്ടില്ലേ…ഈ കാന്തം ഇരുമ്പിനെ ആകർഷിക്കുന്ന വേഗം..അതേപോലൊരു വേഗത്തിൽ ആ പേടകം കാന്തവലയത്തിൽ പെട്ട ലോഹത്തേപ്പോലെ ആകാശത്തിലേക്ക് പറന്നു പോയി..”

അത്രയും പറഞ്ഞു നിർത്തി സാർ ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചു.
എനിക്കും വിഷ്ണുവിനും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…ഞങ്ങൾ മുഖത്തോട് മുഖം നോക്കി.

“പ്ലാവിന്റെ മുകളിലെ നീല വെളിച്ചം മായുന്നത് വരെയേ എനിക്ക് ബോധം ബാക്കി നിന്നുള്ളൂ…പിറ്റേന്ന് സൂര്യനുദിച്ചു ഞാൻ കണ്ണ് തുറക്കുമ്പോൾ പ്ലാവിന്റെ ചുവട്ടിൽ കുറച്ചു നീല ശലഭങ്ങൾ പാറി നടക്കുന്നതല്ലാതെ തലേന്ന് രാത്രിയിലെ കാഴ്ചകളുടെ ബാക്കിയൊന്നും കിടപ്പിലായിരുന്നു..ഞാൻ എഴുന്നേറ്റ് വേച്ചു വേച്ചു സ്‌കൂളിലെ മുറിയിലേക്ക് ചെന്നു..വേഗം അവിടെ നിന്നിറങ്ങി എച്ച് എമ്മിന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു കാര്യം പറഞ്ഞു..വിചാരിച്ചത് പോലെ അദ്ദേഹം ചിരിച്ചു തള്ളി..വേറെയും ഒന്ന് രണ്ടു അധ്യാപകരെ കണ്ടു നടന്ന സംഭവങ്ങൾ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ചില നാട്ടുകാരോടും പോലീസിലും പറഞ്ഞു …അവരൊക്കെ എനിക്ക് ഭ്രാന്താണെന്നും, കഞ്ചാവ് വലിച്ചു നടക്കുന്നുണ്ടെന്നും പറഞ്ഞു വിശ്വാസത്തിലെടുത്തില്ല. ഒന്ന് രണ്ടു രക്ഷിതാക്കൾ വിവരം അറിഞ്ഞു ഡിപ്പാർട്മെന്റിൽ അടിയന്തരമായി ഇടപെടാനുള്ള പരാതി കൊടുത്തിരുന്നു അപ്പോഴേക്കും…ക്ലാസ്സിലെ കൂവലും, മതിഭ്രമവും, മായക്കാഴ്ച്ചകൾ കണ്ടു എന്ന വിവരണവുമെല്ലാം അവർ ലഹരി ഉപയോഗിക്കുന്നവർ എന്ന ഒറ്റക്കാരണത്തിലാണ് കൊണ്ട് കെട്ടിയത്…പ്രതീക്ഷിച്ച പോലെ പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി ഞാൻ കൊല്ലത്തേക്ക് പോന്നു…പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം വളന്ററി റിട്ടയർമെന്റ് എടുത്തു..അന്നത്തെ ആ സംഭവങ്ങൾ എനിക്ക് മറക്കാൻ പറ്റുന്നില്ലായിരുന്നു..ഇവിടെ വന്നിട്ടും ചിലരോടൊക്കെ പറഞ്ഞു..പത്രക്കാരോടും വി എസ് സി യിൽ ജോലി ചെയ്യുന്നവരോടും ഉൾപ്പടെ..അവരാരും വിശ്വസിച്ചില്ല…വട്ടാണെന്നു വിചാരിച്ചു കാണണം. അല്ലെങ്കിൽ കഞ്ചാവ്…തോന്നുന്നതൊന്നും ആരോടും പറയാൻ പറ്റാതെ മൗനം വിഴുങ്ങി ജീവിക്കുകയായിരുന്നു …നീ .. നീയെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്കണം…”

സാറിനോട് എന്ത് പറയണം എന്ന് എനിക്കന്നു അറിയില്ലായിരുന്നു.
ഒരു കഥയ്ക്കുള്ള ത്രെഡ് കളഞ്ഞു പോയ നിരാശയിലായിരുന്നു വിഷ്ണു.

“സുരഭി..ഇവർക്ക് ചവയ്ക്കാൻ എന്തെങ്കിലും കൊടുക്ക്‌..ചായ മാത്രം പോരല്ലോ..” – സാർ അകത്തേക്ക് വിളിച്ചു പറഞ്ഞു..

സാറിന്റെ ഭാര്യ കയ്യിൽ ഒരു പാത്രത്തിൽ പലഹാരങ്ങളുമായി വരാന്തയിലേക്ക് വന്നു.

“മഞ്ഞളും ചന്ദനവും റോസാപ്പൂ മണമുള്ള സോപ്പും..” ഞാൻ ഉറപ്പു വരുത്താൻ എന്ന വണ്ണം പറഞ്ഞു.
സെയ്ദ് സാർ ചിരിച്ചു. പതുക്കെ ആ ചിരി അദ്ദേഹത്തിന്റെ ഭാര്യയിലേക്ക് പടർന്നു.

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
തിരിച്ചുള്ള നടത്തത്തിനിടെ വിഷ്ണു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ചുമ്മാതല്ല ഈ പാർട്ടിയെ ഇവിടെ കഞ്ചാവ് എന്ന് വിളിക്കുന്നത്..അവൻ പറഞ്ഞു..ഈ കേട്ടതൊക്കെ നാട്ടുകാരോടും പറയുന്നുണ്ടാവും…

എനിക്കെന്തോ സാറിനെ വിശ്വസിക്കാനാണ് തോന്നിയത്..അത് കൊണ്ടാവും ഇരുപത് വര്ഷം കഴിഞ്ഞിട്ടും സാർ അന്ന് പറഞ്ഞതൊക്കെയും എന്റെ മനസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്നത്…!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )